കുന്തി
കുന്തി | |
---|---|
![]() പാണ്ഡുവിനോട് തനിക്ക് ലഭിച്ച വരത്തെ കുറിച്ച് പറയുന്ന കുന്തി | |
മറ്റു പേരുകൾ | പ്രിത |
ദേവനാഗരി | कुन्ती |
സംസ്കൃത ഉച്ചാരണം | Kuntī |
മലയാളം ലിപിയിൽ | പാണ്ഡു |
ഗ്രന്ഥം | വ്യാസമഹാഭാരതം |
ലിംഗം | സ്ത്രീ |
യുഗങ്ങൾ | ദ്വാപരയുഗം |
വംശാവലി | |
ജന്മനാമം | പ്രിത |
രക്ഷിതാക്കൾ | ശൂരസേനൻ (പിതാവ് ) ,കുന്തിഭോജൻ (വളർത്തച്ഛൻ ) മരിഷ (മാതാവ് ) |
ജീവിതപങ്കാളി | പാണ്ഡു |
കുട്ടികൾ | കർണ്ണൻ ( സൂര്യനിൽ നിന്ന് ) യുധിഷ്ഠിരൻ ( യമനിൽ നിന്ന് ) ഭീമൻ ( വായുവിൽ നിന്ന് ) അർജുനൻ ( ഇന്ദ്രനിൽ നിന്ന് ) |
ഗണം | മനുഷ്യൻ |
മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി(സംസ്കൃതം: कुंती). യാദവകുലത്തിലെ ശൂരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് പൃഥ. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി[1]. കുന്തീഭോജമഹാരാജാവ് മകളായി ദത്തെടുത്ത ശേഷമാണ് കുന്തിയെന്ന പേര് കിട്ടിയത്. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് വൈഷ്ണവന്മാർക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക് ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ് കർണ്ണൻ ജനിച്ചത്. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.

പിൽകാലത്ത് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന് ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക് ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച് മാദ്രിയും രണ്ടുപേർക്ക് ജന്മം നൽകി - നകുലനും സഹദേവനും.
ജീവിതം
[തിരുത്തുക]കുന്തിയുടെ ജീവിതം ദുഃഖസംപൂർണ്ണമായിരുന്നു . കന്യകയായിരിക്കുമ്പോൾ മുതൽ കുന്തിക്ക് പുത്രദുഃഖം അനുഭവിക്കേണ്ടി വന്നു . കർണ്ണൻ ജനിച്ച ശേഷം തേജസ്വിയായ ആ കുഞ്ഞിനെ ഒരു നോക്കു കാണുവാൻ മാത്രമേ കുന്തിക്കു സാധിച്ചുള്ളൂ . അവനെ ലാളിക്കുവാനും വളർത്തുവാനുമുള്ള ഭാഗ്യം സിദ്ധിച്ചത് തേരാളിയായ അതിരഥനും രാധാദേവിക്കും ആയിരുന്നു . സ്വർണ്ണവർണ്ണമായ ആജന്മ കവചകുണ്ഡലങ്ങൾ ധരിച്ചു വിളങ്ങിയിരുന്ന ആ ക്ഷത്രിയബാലന് സൂതനായി വളരേണ്ടി വന്നു . കുന്തി ഇതെല്ലാം ചാരന്മാരിലൂടെ അറിഞ്ഞികൊണ്ടിരുന്നെങ്കിലും അവൾക്കു ഒന്നും ചെയ്യാനായില്ല . സംഗതി പുറത്തായാൽ തന്റെ സല്പ്പേരിനും യശസ്സിനും കളങ്കമുണ്ടാകുമെന്നു കുന്തി ഭയന്നു .
യോദ്ധാക്കളുടെ അഭ്യാസക്കളരിയിൽ വച്ച് തന്റെ നാലാമത്തെ പുത്രനായ അർജ്ജുനനും പ്രഥമപുത്രനായ കർണ്ണനും പരസ്പരം കൊല്ലാൻ തയ്യാറെടുക്കുന്നത് കണ്ടു കുന്തി ദുഃഖം സഹിക്കവയ്യാതെ മോഹാലസ്യപ്പെട്ടു വീണു . കർണ്ണനെ പാണ്ഡവർ ജാതി പറഞ്ഞു അവഹേളിച്ചിട്ടും കുന്തിക്ക് അവന്റെ സത്യാവസ്ഥ വെളിപ്പെടുത്തുവാൻ തോന്നാത്തത് കർണ്ണന്റെ ജീവിതം കൂടുതൽ അവതാളത്തിലാക്കി .കുന്തി അപ്പോൾ ആ വേദിയിലുണ്ടായിരുന്നതുമാണ് . കർണ്ണൻ എന്നെന്നേക്കുമായി ദുഷ്ടനായ ദുര്യോധനൻറെ കെണിയിൽ പെട്ടുപോയി . കുന്തിക്ക് അതും കാണേണ്ടി വന്നു .
പാണ്ഡുവുമായി കുടുംബജീവിതമാരംഭിച്ച കുന്തിക്ക് ആ ബന്ധത്തെ തുടർന്നു കൊണ്ടുപോകാനുമായില്ല . പാണ്ഡു മുനിശാപത്താൽ നേരത്തേ മരണപ്പെട്ടു . പാണ്ഡുവിന്റെ മറ്റൊരു ഭാര്യയായ മാദ്രിയിൽ ജനിച്ച നകുലൻ സഹദേവൻ തുടങ്ങിയ ഇരട്ട കുട്ടികളേയും കുന്തിക്ക് തന്നെ വളർത്തേണ്ടതായി വന്നു . മാദ്രി രാജാവിനോടൊപ്പം മൃത്യു പൂകിയതാണ് കാരണം . അഞ്ചു മക്കളുമായി കുന്തി ഹസ്തിനാപുരിയിൽ ചെന്ന് കയറി . എന്നാൽ അവിടെവച്ചു ഭീമസേനൻ കൗരവരിൽ സ്പര്ധയുണ്ടാക്കിവച്ചു .അതുകാരണം കൗരവർ കുന്തിയേയും മക്കളെയും നിരന്തരം ദ്രോഹിച്ചു കൊണ്ടിരുന്നു . കൗരവരുടെ കുതന്ത്രങ്ങളാൽ പാണ്ഡവർക്ക് രാജയമുപേക്ഷിച്ചു വനവാസം ചെയ്യേണ്ടതായി വന്നു . വനത്തിൽ ഭിക്ഷാടനം ചെയ്തുകൊണ്ട് അവർ കഴിഞ്ഞു കൂടി . അതിനു ശേഷമാണ് പാഞ്ചാലീ സ്വയംവരത്തിൽ പാണ്ഡവർ പാഞ്ചാലിയെ നേടിയത് . രാജപുത്രിയുമായി രാജകൊട്ടാരത്തിൽ കഴിയേണ്ട പാണ്ഡവർ വനത്തിലെ കുടിലിൽ അന്തിയുറങ്ങി . തുടർന്ന് ദ്രുപദന്റെ ഇടപെടൽ കാരണം പാണ്ഡവർക്ക് രാജ്യം തിരികെ ലഭിച്ചെങ്കിലൂം , കൗരവരുടെയും ദുര്യോധനന്റെയും ചൂതാട്ടത്താൽ വീണ്ടും വനവാസികളാകേണ്ടി വന്നു . പന്ത്രണ്ടു കൊല്ലം വനവാസവും ഒരു കൊല്ലം അജ്ഞാതവാസവും പാണ്ഡവർ അനുഭവിക്കുന്നതിനും കുന്തി മൂകസാക്ഷിയാകേണ്ടി വന്നു . സ്വന്തം മക്കളുടെ ഭാഗ്യഹീനതയും ദുർവിധിയുമോർത്തു ആ മാതാവ് അത്യന്തം ദുഃഖിച്ചു .
അതിനുശേഷം നടന്ന കുരുക്ഷേത്രയുദ്ധത്തിൽ കൃഷ്ണന്റെ സഹായത്താൽ വല്ലപാടും പാണ്ഡവർ വിജയം നേടിയെങ്കിലും , കുന്തിക്ക് ദുഃഖം വർദ്ധിച്ചതേയുള്ളൂ . അതിനു കാരണവുമുണ്ട് . തന്റെ പ്രഥമ പുത്രനായ കർണ്ണൻ , അനുജനായ അർജ്ജുനന്റെ കരങ്ങളാൽ മരണമടഞ്ഞതാണ് കുന്തിയെ അത്യധികമായി ദുഃഖിപ്പിച്ചത് . അതോടെ ഗാന്ധാരിക്കു സമാനമായ പുത്രദുഃഖം കുന്തിക്കുമുണ്ടായി . രാജകൊട്ടാരത്തിൽ മക്കളുടെ ഐശ്വര്യം ഭുജിച്ചു സന്തോഷത്തോടെ വാഴുവാൻ കുന്തിക്കായില്ല . കർണ്ണനു വേണ്ടി കുന്തി ദിവസവും ശ്രാദ്ധകർമ്മങ്ങളും ദാനവും ചെയ്തുകൊണ്ട് മൗനമായി വസിച്ചു .
തുടർന്ന് ഭീമന്റെ ഭർസനം കൊണ്ട് മനസ്സിടിഞ്ഞു ഗാന്ധാരിയും ധൃതരാഷ്ട്രരും വനത്തിലേക്ക് പോകുമ്പോൾ അവർക്കു ഒപ്പം കുന്തിയും കൂടി . ആർക്കും കുന്തിയെ പിന്തിരിപ്പിക്കാനായില്ല . കർണ്ണൻ മരിച്ച ദുഃഖമായിരുന്നു കുന്തിയെ അതിനു പ്രേരിപ്പിച്ചത് . കർണ്ണന്റെ നാമം മറക്കരുതെന്നും , സഹദേവനെ നന്നായി നോക്കണമെന്നും ധർമ്മപുത്രരെ ചട്ടം കെട്ടിയിട്ട് കുന്തി വനത്തിലേക്ക് പോയി . അതിന്റെ മൂന്നാം വർഷം ഒരു കാട്ടുതീയിൽ പെട്ട് അവൾ ജ്യേഷ്ഠനായ ധൃതരാഷ്ട്രരോടും , ജ്യേഷ്ഠത്തിയായ ഗാന്ധാരിയോടുമൊപ്പം മരണമടഞ്ഞു . അതോടെ കുന്തിയുടെ നിർഭാഗ്യകരമായ ജീവിതം അവസാനിച്ചു .