Jump to content

ചുനക്കര രാമൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചുനക്കര രാമൻ കുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.

മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് ചുനക്കര രാമൻ കുട്ടി. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.[1] 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[2] 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടി നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.[3] ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം 2020 ആഗസ്റ്റ് 12 ന് രാത്രി 84 ആമത്തെ വയസിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശ്രുപത്രിയിൽവച്ച് അന്തരിച്ചു.[4]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര പഞ്ചായത്തിൽ കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1936 ജനുവരി 19നു രാമൻകുട്ടി ജനിച്ചു. ചുനക്കര ഹൈസ്കൂളിൽനിന്നും സ്കൂൾവിദ്യാഭ്യാസം നേടിയ ശേ-ഷം പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി.[5] [6] വാണിജ്യ വ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായി ജോലിനേടി. പരേതയായ കെ.വി. തങ്കമ്മയാണ് അദ്ദേഹത്തിന്റെ പത്നി. രേണുക, രാധിക, രാഗിണി എന്നിവർ അദ്ദേഹത്തിന്റെ മക്കളാണ്.

കലാ സാഹിത്യ ജീവിതം

[തിരുത്തുക]

ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പിന്നീട് നാടകരംഗത്ത് സജീവമായി. കൊല്ലം അസീസി, മലങ്കര തീയറ്റേഴ്സ്, നാഷണൽ തീയറ്റേഴസ്, കൊല്ലം ഗായത്രി, കേരള തീയറ്റേഴ്സ് എന്നീ നാടകസംഘങ്ങൾക്കായി ഗാനങ്ങൾ എഴുതി.[6] തിരുവനന്തപുരം മലയാള നാടകവേദി എന്ന പേരിൽ സ്വന്തം നാടകസമിതി തുടങ്ങി. 1977ൽ ആശ്രമം എന്ന സിനിമയിൽ (1978ൽ പുറത്തിറങ്ങിയത്) ഗാനങ്ങളെഴുതിയാണ് സിനിമാഗാന രചനാരംഗത്തേക്ക് ചുവടുവച്ചത്.[5] പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു തിര പിന്നെയും തിര എന്ന സിനിമയിലെ ഗാനങ്ങൾ ചുനക്കര രാമൻകുട്ടിയെ പ്രശസ്തനാക്കി. സംഗീത സംവിധായകൻ ശ്യാമുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ചിരുന്നു. 1984ൽ മാത്രം മുപ്പതിലധികം ഗാനങ്ങളാണ് വിവിധ സിനിമകൾക്കായി അദ്ദേഹം രചിച്ചത്.[5]

പുസ്തകങ്ങൾ

[തിരുത്തുക]

എന്റെ ഭാരതം, ബാപ്പുജി കരയുന്നു, മഹാഗണി, അഗ്നിസന്ധ്യ (2004), സ്നേഹാടനക്കിളികൾ എന്നിവയാണ് കവിതാസമാഹാരങ്ങൾ.[6]

പുരസ്കാരങ്ങൾ

[തിരുത്തുക]

നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം (2015) ലഭിച്ചു.[6]

പ്രസിദ്ധ ഗാനങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വെള്ളിനക്ഷത്രം ഇയർ ബൂക് 2010
  2. http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty
  3. http://www.m3db.com/chunakkara
  4. "ഹൃദയവനിയിലെ ആ ഗായക കവി യാത്രയായി; ചുനക്കര രാമൻകുട്ടിക്ക് വിട".
  5. 5.0 5.1 5.2 "ചുനക്കര രാമൻകുട്ടി അന്തരിച്ചു". മാതൃഭൂമി. 2020-08-13.{{cite news}}: CS1 maint: url-status (link)
  6. 6.0 6.1 6.2 6.3 "ഹൃദയവനിയിൽ പൂത്ത ദേവദാരു". ദേശാഭിമാനി. 2020-08-13.{{cite news}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ചുനക്കര_രാമൻകുട്ടി&oldid=3516921" എന്ന താളിൽനിന്ന് ശേഖരിച്ചത്