Jump to content

തലപ്പന്തുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങൾ അപൂർവ്വമായെങ്കിലും ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ കളിക്കാറുണ്ട്.[1]

തലപ്പന്ത് കളിക്കാനുപയോഗിക്കുന്ന ഓലപ്പന്ത്

കളിയുടെ രീതി

[തിരുത്തുക]

അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ചൊട്ടക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്ന് ഇടതു കൈയ്യിൽ നിന്ന് വലതു കൈയിലേക്ക് തട്ടിക്കൊടുത്ത് വലതു കൈ കൊണ്ട് തലക്ക് മുകളിലൂടെ തലമ്മ ഒന്ന് എന്ന് പറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റമ്പിലേക്കെറിയണം. സ്റ്റമ്പിൽ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തു വീഴുകയും ചെയ്താൽ സ്റ്റമ്പിന് നേരെ നിന്ന് എറിയാം.ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്ന് അടിക്കാം. പിന്നീട് താഴെ കാണൂന്ന ക്രമത്തിൽ 3 അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.

എറിയുന്ന വിധങ്ങൾ

[തിരുത്തുക]
  • തലമ
  • ഒറ്റ
  • ഇരട്ട
  • ഊര
  • കള്ളൻ
  • ചുണ്ടിറുക്കി
  • തൊഴുതുകളി
  • തപ്പോട്ടി
  • നിട്ട
  • പൊട്ടൻ

എന്നിങ്ങനെയാണ്.

ചില സ്ഥലങ്ങളിൽ തലമ, ഒറ്റ, പെട്ട, പിടിച്ചാൻ, തുടേത്താളം (താളം), കാലിൻകീഴ്, ഇണ്ടാ(ട്ട)ൻ, ചക്കരക്കൈ എന്നിങ്ങനെയാണ് അറിയപ്പെടുക. റബ്ബർ പന്ത് വ്യാപകമായതോടെ തലപ്പന്ത് കളിക്ക് റബ്ബർ പന്തും ഉപയോഗിക്കുന്നു. ക്രിക്കറ്റ് പോലെ നവീനരീതിയിലുള്ള കളികളുടെ പ്രചാരം പല നാടൻ കളികളും അപ്രത്യക്ഷമാകാൻ കാരണമായിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "തലപ്പന്തു കളി" (in Malayalam). Kerala Tourism.{{cite web}}: CS1 maint: unrecognized language (link)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തലപ്പന്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തലപ്പന്തുകളി&oldid=4117716" എന്ന താളിൽനിന്ന് ശേഖരിച്ചത്