Jump to content

താരാബെൻ പ്രേംചന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താരാബെൻ പ്രേംചന്ദ്, 1936 ൽ

താരാബെൻ പ്രേംചന്ദ് ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകയും വോട്ടവകാശവാദിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകയുമായിരുന്നു.[1] ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിൽ അംഗമായിരുന്ന അവർ ഇന്ത്യയിലെ സാർവത്രിക വോട്ടവകാശത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു റിപ്പോർട്ട് തയ്യാറാക്കിയ ഒരു കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു. വ്യവസായി മനേക്‌ലാൽ പ്രേംചന്ദിനെയാണ് അവർ വിവാഹം കഴിച്ചത്.[1]

ഇന്ത്യയിലെ വോട്ടവകാശ പ്രസ്ഥാനത്തിൽ പ്രേംചന്ദ് സജീവമായിരുന്നു. രാജ്കുമാരി അമൃത് കൗർ, നല്ലമുത്തു രാമമൂർത്തി, ലക്ഷ്മി മേനോൻ എന്നിവരോടൊപ്പം അവർ സാർവത്രിക വോട്ടവകാശത്തിനായി പരസ്യമായി വാദിക്കുകയും ലോത്തിയൻ ലോർഡ്, സൈമൺ കമ്മീഷൻ എന്നിവർക്ക് സ്ത്രീകൾക്ക് വോട്ട് അനുവദിക്കുന്ന വിഷയത്തിൽ നിവേദനങ്ങൾ നൽകുകയും ചെയ്തു.[2] ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിലെ അംഗം കൂടിയായിരുന്ന അവർ, 1931-ൽ, ഇന്ത്യയിലെ സാർവത്രിക ഫ്രാഞ്ചൈസിയെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിനായി കോൺഫറൻസ് രൂപീകരിച്ച ഒരു കമ്മിറ്റിയിൽ നിയമിക്കപ്പെട്ടു. ഹൻസ മേത്ത, മാർഗരറ്റ് കസിൻസ്, ഫൈസ് ത്യാബ്ജി, ഹില്ല റസ്തോംജി ഫർദൂൻജി, ഷരീഫ ഹമീദ് അലി, മാലിനി സുഖ്താങ്കർ, ലക്ഷ്മിഭായി രാജ്‌വാഡെ എന്നിവരുമായി ചേർന്ന് അവർ സാർവത്രിക വേട്ടവകാശം ആവശ്യപ്പെടുകയും ലിംഗഭേദത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഉള്ള പ്രത്യേക വോട്ടവകാശം എതിർക്കുകയും ചെയ്യുന്ന റിപ്പോർട്ട് തയ്യാറാക്കി രണ്ടാം വട്ടമേശ സമ്മേളനത്തിൽ സമർപ്പിച്ചു.[3]

അനാഥരും നിരാലംബരുമായ കുട്ടികൾക്ക് പരിചരണം നൽകുന്ന ഹിന്ദു മത സ്ഥാപനമായ ശ്രദ്ധാനന്ദ് ആശ്രമത്തിന്റെ പ്രവർത്തനങ്ങളുമായി പ്രേംചന്ദ് അടുത്തുചേർന്നിരുന്നു.[1] 1934-ൽ, സറീന കുറിംബോയ്, വിജയലക്ഷ്മി പണ്ഡിറ്റ്, ലേഡി തനുമതി ഗിരിജാപ്രസാദ്, അനസൂയാബെൻ രാംനിക്ലാൽ പരീഖ് എന്നിവരോടൊപ്പം ജ്യോതി സംഘത്തിന്റെ ട്രസ്റ്റിയായി നിയമിക്കപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസവും പരിശീലനവും തൊഴിലും നൽകുന്നതിനായി മഹാത്മാഗാന്ധിയുടെ പിന്തുണയോടെ സ്ഥാപിതമായ ഒരു സംഘടനയാണ് ജ്യോതി സംഘം. [4] ജൈന മതത്തിൽപ്പെട്ട സ്ത്രീകളുടെ സംഘടനയായ ജൈന മഹിളാ പരിഷത്തിന്റെ പ്രസിഡന്റായിരുന്ന അവർ, സമത്വ തത്വങ്ങളെ അടിസ്ഥാനമാക്കി സംഘടനയ്ക്ക് വേണ്ടി ഒരു ഭരണഘടന തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1938-ൽ, ഇന്ത്യയിലെ ഗോഹത്യയെക്കുറിച്ചുള്ള വീക്ഷണങ്ങൾക്കനുസൃതമായി, മതപരമായ കാരണങ്ങളാൽ ഉത്തർപ്രദേശിലെ കന്നുകാലികൾക്കുള്ള അറവുശാലകൾ അടച്ചുപൂട്ടണമെന്ന് അവർ പരസ്യമായി പ്രചാരണം നടത്തി.[5]

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 Verma, Amrit (1976). Indian Women Through The Ages. Great Indian Publishers. p. 182.
  2. Kaushik, Vijay Kumari (1998). Women's Rights and World Development (in ഇംഗ്ലീഷ്). Sarup & Sons. p. 302. ISBN 978-81-7625-015-3.
  3. Basu, Aparna (2017-07-27). "Women's Struggle for the Vote: 1917-1937". Indian Historical Review (in ഇംഗ്ലീഷ്). 35: 128–143. doi:10.1177/037698360803500106.
  4. Basu, Aparna (1995). "A Nationalist Feminist: Mridula Sarabhai (1911-1974)*". Indian Journal of Gender Studies. 2:1: 7. doi:10.1177/097152159500200101.
  5. "Cow Slaughter in Holy Places". The Times of India. 16 September 1938. ProQuest 325639083.
"https://ml.wikipedia.org/w/index.php?title=താരാബെൻ_പ്രേംചന്ദ്&oldid=3981084" എന്ന താളിൽനിന്ന് ശേഖരിച്ചത്