ദ ക്രോണിക്കിൾസ് ഓഫ് നർനിയ
രചയിതാവ് | ക്ലൈവ് സ്റ്റേപ്പിൾസ് ലൂയിസ് |
---|---|
ഭാഷ | ഇംഗ്ലീഷ് |
വിഭാഗം | ഫാന്റസി ബാലസാഹിത്യം |
പ്രസാധകർ | ഹാർപർ ട്രോഫി |
വിതരണ രീതി | അച്ചടി (ഹാർഡ്ബായ്ക്കും പേപ്പർബായ്ക്കും) |
സി.എസ്. ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഏഴ് നോവലുകളടങ്ങുന്ന ഒരു ഫാന്റസി പുസ്തക പരമ്പരയാണ് ദ ക്രോണിക്കിൾസ് ഓഫ് നർനിയ. ബാലസാഹിത്യത്തിലെ ഒരു ക്ലാസിക്ക് ആയി ഈ പരമ്പര കണക്കാക്കപ്പെടുന്നു. സി.എസ് ലൂയിസിന്റെ ഏറ്റവും പ്രശസ്തമായ കൃതിയും ഇതുതന്നെ. 41 ഭാഷകളിലായി ഇതിന്റെ 10 കോടിയിലധികം പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 1949 മുതൽ 1954 വരെയുള്ള കാലയളവിലാണ് ലൂയിസ് ഈ നോവലുകൾ രചിച്ചത്. പോളിൻ ബെയിൻസ് ആണ് ഇതിനായി ചിത്രരചന നടത്തിയത്. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പലതവണ പൂർണമായോ ഭാഗങ്ങളായോ റേഡിയോ, ടെലിവിഷൻ, നാടകം, ചലച്ചിത്രം എന്നീ രൂപങ്ങളിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക്, റോമൻ ഐതിഹ്യങ്ങളിൽ നിന്നും ബ്രിട്ടീഷ്, ഐറിഷ് മുത്തശ്ശിക്കഥകളിൽ നിന്നുമുള്ള പല കഥാപാത്രങ്ങളേയും ആശയങ്ങളേയും ഈ പരമ്പരയിൽ ഉപയോഗിച്ചിട്ടുണ്ട്.
മൃഗങ്ങൾ സംസാരിക്കുന്നതും ജാലവിദ്യ മന്ത്രവിദ്യ സർവസാധരണമായതും തിന്മക്കെതിരെ നന്മയുടെ പോരാട്ടം നടക്കുന്നതുമായ നർനിയ എന്ന സാങ്കൽപിക ലോകത്തിന്റെ ചരിത്രത്തെ വളരെയേറെ സ്വാധീനിച്ച ചില കുട്ടികളുടെ സാഹസ കഥകളാണ് ഈ നോവലുകളിൽ പ്രതിപാദിക്കുന്നത്.