Jump to content

ധാക്ക തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധാക്ക തുറമുഖം
ঢাকা সদরঘাট
ധാക്കാ തുറമുഖം
Location
രാജ്യം  ബംഗ്ലാദേശ്
സ്ഥാനം ധാക്ക
Details
പ്രവർത്തനം തുടങ്ങിയത് 17-ആം നൂറ്റാണ്ട്
ഉടമസ്ഥൻ ബംഗ്ലാദേശ് ഉൾനാടൻ ജലഗതാഗത അതോറിറ്റി
തുറമുഖം തരം നദീ തുറമുഖം

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ ബുരിഗംഗ നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന തുറമുഖമാണ് ധാക്ക തുറമുഖം. ധാക്കാ നഗരത്തിന്റെ തെക്കുഭാഗത്തായാണ് തുറമുഖം സ്ഥിതിചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലെ ഏറ്റവും ജനത്തിരക്കേറിയ തുറമുഖമാണിത്. രാജ്യത്തെ മിക്ക ജില്ലകളും ഈ തുറമുഖത്തെ ആശ്രയിക്കുന്നുണ്ട്. ബരിസാൽ, ചാന്ദ്പൂർ, നാരായൺ ഗഞ്ച്, ധാക്ക എന്നീ തുറമുഖങ്ങളിലൂടെ 2013-14 കാലഘട്ടത്തിൽ ഏകദേശം 22 ദശലക്ഷം ആളുകളും 53 ദശലക്ഷം ടൺ ചരക്കും കടന്നുപോയതായി കണക്കാക്കുന്നു.[1] 2013-ൽ ധാക്കയിൽ നിന്ന് 20 കിലോമീറ്റർ അകലെയായി ഒരു കണ്ടെയ്നർ ടെർമിനൽ സ്ഥാപിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]
19-ആം നൂറ്റാണ്ടിലെ ധാക്കാ തുറമുഖം

മുഗൾ സാമ്രാജ്യകാലം മുതൽക്കേ ധാക്കാ തുറമുഖം പ്രവർത്തിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 17-ആം നൂറ്റാണ്ടിൽ തുറമുഖത്തിനു സമീപം മുഗൾ വൈസ്രോയിക്കായി ഒരു കോട്ട നിർമ്മിച്ചിരുന്നു. ബംഗാളിലെ തന്ത്രപ്രധാനമായ സ്ഥാനത്തു സ്ഥിതിചെയ്യുന്നതിനാൽ അർമേനിയക്കാർ, പോർച്ചുഗീസുകാർ, ഫ്രഞ്ചുകാർ, ഡച്ചുകാർ, ബ്രിട്ടീഷുകാർ എന്നിവർ ധാക്ക തുറമുഖത്തെ ആശ്രയിച്ചിരുന്നു. തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിച്ചതോടെ ബുരിഗംഗാ തീരത്ത് രാജമന്ദിരങ്ങളും ഭക്ഷണശാലകളും ബസാറുകളും നിർമ്മിക്കപ്പെട്ടു.[2] പരുത്തി, പട്ട്, ചണം, അരി എന്നിവ ഈ തുറമുഖത്തിലൂടെ വൻതോതിൽ കയറ്റുമതി ചെയ്തിരുന്നു. ഒരു കാലത്ത് ധാക്കാ തുറമുഖത്തെ 'കിഴക്കിന്റെ വെനീസ്' എന്നു വിശേഷിപ്പിച്ചിരുന്നു.[3]

ബ്രിട്ടീഷ് ഭരണകാലത്ത് തുറമുഖത്തോടു ചേർന്ന് ബുരിഗംഗ നദീമുഖത്ത് മജിസ്ട്രേറ്റിന്റെയും കളക്ടറുടെയും ഔദ്യോഗിക വസതികളുണ്ടായിരുന്നു. നദീതീരത്തുള്ള കൊട്ടാരങ്ങളും മറ്റും സന്ദർശിക്കുവാൻ ഇന്ത്യയുടെ വൈസ്രോയ് കൊൽക്കത്തയിൽ നിന്നും ധാക്കയിലേക്ക് കപ്പലിൽ സഞ്ചരിച്ചിരുന്നു. യൂറോപ്യൻമാരുടെ കാലത്ത് ഒരു പ്രധാന കേന്ദ്രമായിരുന്നു ധാക്കാ തുറമുഖം.[4] ബംഗാളിലെ ഭരണാധികാരികൾ ഇവിടെ അഹ്സാൻ മൻസിൽ, റൂപ്‌ലാൽ ഹൗസ്, വൈസ് ഘട്ട്, സദർ ഘട്ട്, നോർത്ത് ബ്രൂക്ക് ഹാൾ ഘട്ട് എന്നീ കൊട്ടാരങ്ങൾ നിർമ്മിച്ചു.[5] ആവി എഞ്ചിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബോട്ടുകൾ പണ്ടുകാലം മുതൽക്കേ ഇവിടുത്തെ ആകർഷണമാണ്.

ബുരിഗംഗ നദിയിലൂടെ പോകുന്ന കപ്പലുകൾ

ബക്ക്‌ലാന്റ് ബണ്ട്

[തിരുത്തുക]

1864-ൽ ധാക്ക സിറ്റി കമ്മീഷണറായിരുന്ന സി.ടി. ബക്ലാന്റ് ബുരിഗംഗാ നദിക്കു കുറുകെ നിർമ്മിച്ച തടയണയാണ് ബക്ക്ലാന്റ് ബണ്ട്. ധാക്കയെ വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷിക്കുക, നദിയുടെ ഒഴുക്ക് നിയന്ത്രിക്കുക, തുറമുഖത്തു ചെളി അടിയുന്നതു തടയുക, യാത്രികർക്കും ചരക്കുനീക്കത്തിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ. തടയണയുടെ നിർമ്മാണത്തിനായി നവാബ് ഖ്വാജാ അബ്ദുൾ ഘാനി, കാളി നാരായൺ റോയി, ഭവാലിലെ സമീന്ദർ എന്നിവരോടൊപ്പം നാട്ടിലെ പ്രമാണിമാരും ധനസഹായം നൽകി.[5]

സദർ ഘട്ട്

[തിരുത്തുക]
സദർ ഘട്ട്

ഇടത്തരം വള്ളങ്ങൾക്കും കപ്പലുകൾക്കും എത്തിച്ചേരുവാനായി ധാക്ക തുറമുഖത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രധാന കടവാണ് സദർ ഘട്ട്. അഹ്സൽ മൻസിലിന്റെ ഇടതുവശത്താണ് ഇതു സ്ഥിതിചെയ്യുന്നത്. ബക്ക്‌ലാന്റ് ബണ്ടിലെ പ്രധാന ഭാഗം കൂടിയായ സദർ ഘട്ടിൽ നിന്നും ബംഗ്ലാദേശിലെ ദക്ഷിണ ജില്ലകളിലേക്കുള്ള നൂറുകണക്കിനു ബോട്ടുകൾ പുറപ്പെടുന്നുണ്ട്. ഖുൽന പോലുള്ള നഗരങ്ങളിലേക്കുള്ള സ്റ്റീം ബോട്ട് ടെർമിനലും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. സദർ ഘട്ടിനെ ധാക്ക നഗരത്തിലെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് ബുരിഗംഗ നദിക്കു സമാന്തരമായി കടന്നുപോകുന്നുണ്ട്. റോഡിനിരുവശവും പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കമ്പോളങ്ങൾ ഉൾപ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങളുണ്ട്.

ധാക്കാ തുറമുഖത്തിനു സമീപമുള്ള ഉൾനാടൻ കണ്ടെയ്നർ ടെർമിനലാണ് പനാഗൺ തുറമുഖം. ഇതുവഴി ഓരോവർഷവും വൻതോതിലുള്ള ചരക്കുകൈമാറ്റം നടക്കുന്നുണ്ട്. ധാക്കയിൽ നിന്നും ചിറ്റഗോങ്, മോംഗ്ല, കൊൽക്കത്ത എന്നീ തുറമുഖങ്ങളിലേക്കു പുറപ്പെടുന്നതിനുള്ള കപ്പൽ ടെർമിനലുണ്ട്. പനാഗൺ ടെർമിനലിനെ ഉൾപ്പെടുത്തിക്കൊണ്ട് തായ്‌ലാന്റ്, ചൈന എന്നീ രാജ്യങ്ങളുമായി ബംഗ്ലാദേശിന്റെ തീരദേശ കപ്പൽ ഗതാഗത കരാറുകൾ നിലവിലുണ്ട്.

വെല്ലുവിളികൾ

[തിരുത്തുക]

നിരന്തരം മലിനീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ബുരിഗംഗ നദി ധാക്ക തുറമുഖത്തിലെ ആളുകളുടെ ആരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുന്നു. ഒരുകാലത്ത് ബംഗ്ലാദേശി തലസ്ഥാനമായ ധാക്കയുടെ ജീവരേഖയായിരുന്ന ബുരിഗംഗ നദി ഇന്ന് രാജ്യത്തെ ഏറ്റവും മലിനമാക്കപ്പെട്ട നദികളിലൊന്നാണ്. വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യവും മനുഷ്യ വിസർജ്ജ്യവും മറ്റും ഈ നദിയിലേക്ക് അനിയന്ത്രിതമായി തള്ളുന്നതാണ് മലിനീകരണത്തിനു പ്രധാന കാരണം.[6] സർക്കാരിന്റെ ഇടപെടൽ മൂലം 2016-17 കാലഘട്ടത്തിൽ നദീജലത്തിന്റെ നിലവാരം അൽപ്പം മെച്ചപ്പെട്ടിട്ടുണ്ട്.[7]

അവലംബം

[തിരുത്തുക]
  1. "World Bank to give Bangladesh $360m for waterway project | Independent". Theindependentbd.com. 2016-05-29. Retrieved 2017-07-23.
  2. 15:55 PM (2015-09-09). "Dhaka | Saving Old Dhaka's Landmarks | The Caravan - A Journal of Politics and Culture". Web.archive.org. Archived from the original on 2015-09-09. Retrieved 2017-07-23.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: numeric names: authors list (link)
  3. Michael Hough (2004). Cities and Natural Process: A Basis for Sustainability. Psychology Press. p. 57. ISBN 978-0-415-29854-4.
  4. "Sadarghat - Banglapedia". En.banglapedia.org. 2015-03-18. Retrieved 2017-07-23.
  5. 5.0 5.1 "Buckland Bund - Banglapedia". En.banglapedia.org. 2015-02-23. Retrieved 2017-07-23.
  6. Reuters Editorial (2009-05-17). "Bangladesh river pollution threatens millions". Reuters. Retrieved 2017-07-23. {{cite web}}: |author= has generic name (help)
  7. "Water pollution: Buriganga shows signs of improvement". Thedailystar.net. Retrieved 2017-07-23.
"https://ml.wikipedia.org/w/index.php?title=ധാക്ക_തുറമുഖം&oldid=3776656" എന്ന താളിൽനിന്ന് ശേഖരിച്ചത്