Jump to content

നെയ്യാറ്റിൻകര കോമളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം (ജീവിതകാലം: 1928-2024). പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം അഞ്ചുചിത്രങ്ങളിൽ മാത്രം അഭിനിയിച്ചതിനുശേഷം അവർ അഭിനയരംഗം വിട്ടൊഴിഞ്ഞു. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ്  കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ആത്മശാന്തി, സന്ദേഹി, ന്യൂസ്പേപ്പർബോയ് തുടങ്ങി ഏതാനും  ചിത്രങ്ങളിൽ അവർ  വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിൻറെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളിൽ അഭിനയിച്ചതോടെ അവർ  കൂടതൽ അറിയപ്പെട്ടു. അബ്ദുൾഖാദർ എന്ന പേരിൽ പ്രേം നസീർ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയിൽവച്ച് ചിത്രീകരിച്ച ആത്മശാന്തിയിൽ മിസ്‌ കുമാരിയൊടൊപ്പമാണ് അവർ അഭിനയിച്ചത്. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ്പേപ്പർ ബോയ് ഏറെ ജനശ്രദ്ധനേടിയ സിനിമയായിരുന്നു.[1][2][3]

ആദ്യകാലം

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻ‌കരയിൽ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന പങ്കജാക്ഷ‌മേനോൻ, അദ്ധ്യാപികയായിരുന്ന കുഞ്ഞിയമ്മ എന്നിവരുടെ ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായി കോമള മോനോൻ ജനിച്ചു. കോമളത്തിനു് അഞ്ചു വയസ് പ്രായമുള്ളപ്പോൾ അവരുടെ പിതാവ് മരണമടഞ്ഞു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിലാണ് അവർ വളർന്നത്. നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ പഠനം നടത്തിയ അവർ അവിടെനിന്ന് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന കാലത്താണ് തീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന  സഹോദരീ ഭർത്താവ് കൈയ്യാലം കൃഷ്ണൻ നായർ വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നത്.  ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് ബന്ധുക്കളിൽ നിന്ന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നതോടെ താൽക്കാലികമായി ഈ ശ്രമം ഉപേക്ഷിച്ചു. താമസിയാതെ കാട് പ്രമേയമാക്കിയുള്ള 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ഇക്കാലത്ത് ലഭിച്ചു. കടുത്ത എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ഈ ചിത്രത്തിൽ അവർ അഭിനയിച്ചു. രണ്ടാമതായി അഭിനയിച്ച ചിത്രമായ ആത്മശാന്തിയിൽ അവർ നായികയുടെ അനുജത്തിയുടെ വേഷം ചെയ്തു. പിന്നീട് പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചു. എഫ്. നാഗൂർ തമിഴ്, തെലുങ്ക്, മലയാള ഭാഷകളിലായി സംവിധാനം ചെയ്ത ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അവർ വേഷമിട്ടു. ഇക്കാലത്ത്  മെരിലാന്റ് അടക്കമുള്ള വിവിധ സിനിമാനിർമ്മാണ കമ്പനികൾ അവരുടെ സിനിമകളിൽ അഭിനയിക്കുവാനുള്ള ക്ഷണവുമായി എത്തി. മെരിലാൻഡിൽ ചിത്രീകരിച്ച ഭക്തവിജയ എന്ന ചിത്രത്തിലേക്ക്‌ ക്ഷണം ലഭിച്ചുവെങ്കിലും അതിൽ അഭിനയിക്കാൻ സാധിച്ചില്ല. സമൂഹത്തിൽ നിന്നും, സ്വന്തം ബന്ധുക്കളിൽനിന്നും തുടരെ ഉണ്ടായ കടുത്ത എതിർപ്പുകളെ പിന്നീട് അതിജീവിക്കാൻ കഴിയാതെവന്നതോടെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ അവർ അഭിനയരംഗത്തോട് വിടപറഞ്ഞു. ഏറെക്കാലങ്ങൾക്കുശേഷം അഭിനയരംഗത്തേക്ക് ഒരു തിരിച്ചുവരവിനു ശ്രമിച്ച അവർ ‘ആരാധന’, ‘ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ’ തുടങ്ങി ഏതാനും  ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമകൾ

[തിരുത്തുക]
വർഷം ചിത്രം കഥാപാത്രം സംവിധാനം ഭാഷ കുറിപ്പ്
1951 വനമാല ജി. വിശ്വനാഥ് മലയാളം ആദ്യചിത്രം
1952 ആത്മശാന്തി ജോസഫ് തളിയത്ത്
1952 മരുമകൾ എസ്. കെ. ചാരി
1954 സന്ദേഹി എഫ് നാഗൂർ
1955 ന്യൂസ് പേപ്പർ ബോയ് പി. രാമദാസ്
1977 ആരാധന മധു
1985 ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ സ്റ്റാൻലി ജോസ്

അവലംബം

[തിരുത്തുക]
  1. നെയ്യാറ്റിൻകര കോമളം അന്തരിച്ചു
  2. പ്രേം നസീറിന്റെ ആദ്യ നായിക അന്തരിച്ചു
  3. നെയ്യാറ്റിൻകര കോമളം വിടവാങ്ങി
"https://ml.wikipedia.org/w/index.php?title=നെയ്യാറ്റിൻകര_കോമളം&oldid=4120466" എന്ന താളിൽനിന്ന് ശേഖരിച്ചത്