പഴുക്കാമറ്റം ഭഗവതി ക്ഷേത്രം
ചേലാമറ്റം എന്ന ഗ്രാമത്തിന്റെ തെക്ക്-കിഴക്കേ ഭാഗത്തായാണ് ഏകദേശം 1000 വർഷത്തിനുമേൽ പഴക്കം കരുതുന്ന ഈ ക്ഷേത്ര സമുച്ചയം. ഒന്നിലധികം ഭദ്രകാളി പ്രതിഷ്ഠ ഉണ്ടെന്നതാണ് ഈ ക്ഷേത്രത്തെ വിശിഷ്ടമാക്കുന്നത്. തുല്യ പ്രാധാന്യത്തോടെ മഹാവിഷ്ണുവും ഉപദേവതകളായി ശ്രീ ധർമ ശാസ്താവ്, സർപ്പങ്ങൾ എന്നിവയും പഞ്ചമുർത്തി, രക്ഷസ്സ് തുടങ്ങിയവയും ആചരിച്ചു വരുന്നു. മീന മാസത്തിലെ ഭരണി നക്ഷത്രത്തിനാണ് ഇവിടെ പ്രാധാന്യം.
ചരിത്രം
[തിരുത്തുക]പഴുക്ക എന്ന് പേരായ ഒരു പുലയ സ്ത്രീ ഒരിക്കൽ പുല്ലറുക്കാനായി തൊട്ടടുത്തുള്ള ഞരളക്കാവ് എന്നാ കാവിനുള്ളിൽ കയറി എന്നും അവിടെ വച്ച് അരിവാൾ ഒരു കല്ലിൽ തട്ടിയപ്പോൾ രക്തം വമിച്ചു എന്നും പറയപ്പെടുന്നു. തുടർന്ന് ഭയചകിതയായ ഈ സ്ത്രീ ഈ വിവരം മേൽപ്പറഞ്ഞ ഇല്ലക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന ദേവപ്രശ്ന വിധി പ്രകാരം, ഒരു തറ പണിത് അവിടെത്തന്നെ വച്ചായിരുന്നു പൂജ. എന്നാൽ കാലക്രമേണ ഇന്ന് കാണുന്ന പ്രദേശത്തേക്ക് മാറ്റി ഒരു ചെറിയ ക്ഷേത്രം നിർമിച്ച് ഭഗവതിയെ അവിടെ പ്രതിഷ്ടിച്ചു. അന്ന് ദേവ ചൈതന്യം ആദ്യമായി അറിഞ്ഞത് ഈ സ്ത്രീ ആയതുകൊണ്ടാണ് ക്ഷേത്രത്തിനു പഴുക്കാമറ്റം എന്ന പേര് സിദ്ധിച്ചത്. കാലങ്ങൾക്ക് മുൻപ് നാടുവാഴിത്തം നിലവിലുണ്ടായിരുന്ന വല്ലം ദേശത്ത് 32 -ൽ അധികം വരുന്ന തദ്ദേശീയരായ ബ്രാഹ്മണ സമൂഹം ആചരിച്ചു വന്നിരുന്ന ദേശ ദേവതയായാണ് ഈ ക്ഷേത്രം കരുതപ്പെടുന്നത്. എന്നാൽ ദേശത്തെ ഭരണവ്യവസ്ഥയിൽ അസംതൃപ്തരായ ബ്രാഹ്മണർ അവിടം വിട്ടു പോകാൻ നിർബന്ധിതരായപ്പോൾ കാലക്രമേണ ക്ഷേത്രവും മറ്റ് അനുബന്ധ സ്വത്തുക്കളും ഇവിടത്തെ ബ്രാഹ്മണനാൽ സംബന്ധം ചെയ്യപ്പെട്ട നായർ തറവാടായ അറയ്ക്കൽ തറവാട്ടിലെ വലിയമ്മക്ക് വന്നു ചേർന്നു. തുടർന്ന് ഇങ്ങോട്ട് ഇപ്പറഞ്ഞ കുടുംബക്കാരാണ് ക്ഷേത്ര മേൽനോട്ടം നടത്തി വരുന്നത്. ഇവിടത്തെ മറ്റൊരു പ്രധാന പ്രതിഷ്ഠ ശ്രീ മഹാവിഷ്ണുവാണ്. ഒരുകാലത്ത് ഈ ക്ഷേത്ര സന്നിധിയോട് ഏകദേശം 250 മീറ്റർ മാറി സ്ഥിതി ചെയ്തിരുന്ന അതി പ്രൌഡമായി നിലനിന്നിരുന്ന ഒരു ക്ഷേത്രമായിരുന്നു ഇത്. എന്നാൽ ചില സാമൂഹ്യ വിരുദ്ധരാൽ അഗ്നിക്കിരയായതുമായ ഒരു വൈഷ്ണവ ക്ഷേത്രത്തിലെ ചൈതന്യമാണ് ഇന്ന് പഴുക്കാമറ്റത്ത് ആചരിച്ചു വരുന്നത്. ഒരുകാലത്ത് 500 പറ കണ്ടവും 25-ഓളം ഏക്കർ ഭൂമിയും ക്ഷേത്രത്തിനു ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ എല്ലാം ക്ഷയിച്ച് ഇന്ന് കാണുന്ന 4 ഏക്കർ ഭൂമിയായി ചുരുങ്ങി. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി സർപ്പം മിഥുന രാശിയിലാണ് ഇവിടെ കുടികൊള്ളുന്നത്. എല്ലാ വർഷവും ദേവിക്ക് കല്ലമ്പലം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് താലവും വർഷാ വർഷം കൃത്യമായി മുടിയേറ്റും നടത്തപ്പെടുന്നു.
വഴിപാടുകൾ
[തിരുത്തുക]ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിൽ വരുന്ന ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ : മുടിയേറ്റ്, കളമെഴുത്തും പാട്ടും, നൂറും പാലും, തുടങ്ങിയവയാണ്. എല്ലാ വർഷവും ഉത്സവത്തോടനുബന്ധിച്ചു ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും നവരാത്രി കാലത്ത് ദേവി നവാഹവും സർവൈശ്വര്യ പൂജകളും നടത്തിവരുന്നു. ശിവരാത്രി നാളായ തിരുവാതിര നാളിൽ എല്ലാ പൌരാണിക ചിട്ടയോടും കൂടി ഇവിടെ സ്ത്രീകൾ നൊയമ്പ് നോക്കുന്നു. എല്ലാ രാമായണ മാസത്തിലും ക്ഷേത്ര ഉപദേശക സമിതിയുടെ സഹായത്തോടെ സൌജന്യ മെഡിക്കൽ ക്യാമ്പ് മുതലായ സേവനങ്ങളും ഇവിടെ നടക്കാറുണ്ട്. ദക്ഷിണകാശി എന്ന് നാമധേയമുള്ള ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഈ ക്ഷേത്ര സങ്കേതത്തിന്റെ പടിഞ്ഞാറുമാറി 1.5 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.