Jump to content

പ്രകടന കലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു പ്രകടന കലയാണ് നൃത്തം.

ശബ്ദവും ശരീരവും ഉപയോഗിച്ച്, സാധാരണയായി ഒരു സദസ്സിനു മുമ്പിൽ അവതരിപ്പിക്കുന്ന കലകളാണ് പ്രകടനകലകൾ എന്ന് അറിയപ്പെടുന്നത്. ഇത് നിറങ്ങൾ, ക്യാൻവാസ് അല്ലെങ്കിൽ വിവിധ വസ്തുക്കൾ ഉപയോഗിച്ച് ഭൗതിക അല്ലെങ്കിൽ സ്റ്റാറ്റിക് കലാ സൃഷ്ടികൾ നിർമ്മിക്കുന്ന ദൃശ്യ കലകളിൽ നിന്ന് വ്യത്യസ്തമാണ്. തത്സമയം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന നിരവധി കലാരൂപങ്ങൾ പ്രകടന കലകളിൽ ഉൾപ്പെടുന്നു.

എല്ലാ മനുഷ്യ സംസ്കാരങ്ങളിലും നാടകം, സംഗീതം, നൃത്തം എന്നിവ പോലെയുള്ള പ്രകടനങ്ങൾ ഉണ്ട്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചരിത്രം തുടങ്ങുന്നത് ചരിത്രാതീതകാലം മുതൽക്കാണ്, അതേസമയം സർക്കസ് പോലെയുള്ള കഴിവുകൾ പുരാതന ഈജിപ്തിൽ വേരുകൾ ഉള്ള കലയാണ്. നിരവധി കലാപരിപാടികൾ പ്രൊഫഷണലായി അവതരിപ്പിക്കുന്നു, ഈ ഉദ്ദേശ്യത്തോടെ നിർമ്മിച്ച കെട്ടിടങ്ങളായ തിയേറ്ററുകളും ഓപ്പറ ഹൗസുകളും അല്ലാതെ ഉത്സവങ്ങളും ഓപ്പൺ എയർ സ്റ്റേജുകളും ഒക്കെ കലാപ്രകടനത്തിന്റെ വേദികളാണ്. അത് കൂടാതെ സർക്കസ്സുകൾ പോലുള്ളവ ടെന്റുകളിലും തെരുവിലും നടത്താറുണ്ട്.

ഒരു പ്രേക്ഷകന് മുമ്പുള്ള തത്സമയ പ്രകടനങ്ങൾ അല്ലാതെ ഓഡിയോ, വീഡിയോ റെക്കോർഡിംഗിന്റെ വികസനം പ്രകടന കലകളുടെ പ്രദർശനം കൂടുതൽ ആളുകളിൽ എത്തുന്നതിന് കാരണമായി.

പ്രകടന കലകളിലൂടെ പലപ്പോഴും ഒരാളുടെ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാറുണ്ട്.[1]

തരങ്ങൾ

[തിരുത്തുക]

നൃത്തം, സംഗീതം, ഓപ്പറ, നാടകം, സംഗീത നാടകം, ജാലവിദ്യ, മൈം, സ്പോകൺ വേഡ്, പാവകളി, എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള പ്രകടന കലകൾ ഉണ്ട്

യഥാർഥത്തിൽ സംഭവിച്ചതോ ഭാവനാസൃഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്ന പ്രകടന കലയുടെ ശാഖയാണ് രംഗകല അഥവാ തിയേറ്റർ. ഇതിൽ സംസാരം, ആംഗ്യം, സംഗീതം, നൃത്തം, ശബ്‌ദം, കാഴ്‌ച എന്നിവ സംയോജിപ്പിച്ച് പ്രേക്ഷകർക്ക് മുന്നിൽ കഥകൾ അവതരിപ്പിക്കുന്നു. ഈ ഘടകങ്ങളിൽ ഒന്നോ അതിലധികമോ കലകൾ അവതരിപ്പിക്കുന്നു. നാടകങ്ങൾ, മ്യൂസിക്കൽസ്, ഓപ്പറ, ബാലെ, മൈം, ക്ലാസിക്കൽ ഇന്ത്യൻ ഡാൻസ്, കബുക്കി, മമ്മേഴ്‌സ് നാടകങ്ങൾ, ഇംപ്രൂവ്‌സേഷണൽ തിയേറ്റർ, കോമഡി, പാന്റോമൈം എന്നിങ്ങനെ ഒരു പാട് കലകൾ തീയറ്റർ ആർട്ട് ആയി അവതരിപ്പിക്കാറുണ്ട്.

നൃത്തം

[തിരുത്തുക]
ഒരു ബാലെരിന എൻ പോയിന്റ്.

പ്രകടന കലയുടെ പശ്ചാത്തലത്തിൽ, നൃത്തം സാധാരണയായി താളാത്മകവും സംഗീതാത്മകവുമായ മനുഷ്യ ചലനത്തെ സൂചിപ്പിക്കുന്നു. നൃത്തത്തിന്റെ വിവിധ രൂപങ്ങളിൽ താളാത്മക ചലനം (നാടോടി നൃത്തം പോലുള്ളവ) മുതൽ ബാലെ പോലുള്ള കൃത്യമായ കണക്കുകളുള്ള വെർച്വോ ടെക്നിക്കുകൾ വരെയുണ്ട്.[2]

സംഗീതം

[തിരുത്തുക]

പിച്ച്, താളം, ലയം, ഭാവം എന്നിവ സംയോജിപ്പിച്ച് ശബ്‌ദം കൊണ്ട് സൃഷ്ടിക്കുന്ന ഒരു കലയാണ് സംഗീതം. വൈവിധ്യമാർന്ന ഉപകരണങ്ങളും ശൈലികളും ഉപയോഗിച്ച് ഇത് അവതരിപ്പിക്കാൻ കഴിയും. ശാസ്ത്രീയം, നാടോടി, ജാസ്, ഹിപ് ഹോപ്പ്, പോപ്പ്, റോക്ക് എന്നിങ്ങനെ സംഗീത ശാഖകൾ നിരവധിയുണ്ട്. ഒരു കലാരൂപമെന്ന നിലയിൽ, സംഗീതം തത്സമയമായോ അല്ലെങ്കിൽ റെക്കോർഡുചെയ്തോ അവതരിപ്പിക്കാം.

സ്വീഡിഷ് എൻസൈക്ലോപീഡിയ നോർഡിസ്ക് ഫാമിലിജെബോക്കിൽ ചിത്രീകരിച്ചിരിക്കുന്ന സോഫക്കിൾസ്.

നൃത്തത്തിൽ ശാരീരിക ചലനങ്ങൾ എന്ന പോലെ പാട്ടുകൾ വാക്കുകളുമായി സംയോജിക്കുന്നു. സംഗീതം നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നതിനാൽ അതിന് മനുഷ്യ പെരുമാറ്റരീതികളെ രൂപപ്പെടുത്താനുമുള്ള കഴിവുമുണ്ട്.[3]

ചരിത്രം

[തിരുത്തുക]

പാശ്ചാത്യ പ്രകടന കലകൾ

[തിരുത്തുക]

ബിസി ആറാം നൂറ്റാണ്ട് മുതൽ, കലയുടെ ക്ലാസിക്കൽ കാലഘട്ടം ഗ്രീസിൽ ആരംഭിച്ചു. സോഫക്കിൾസിനെപ്പോലുള്ള കവികൾ ഇത് അവതരിപ്പിച്ചു. ഈ കവികൾ നാടകങ്ങൾ എഴുതുകയും ചില സന്ദർഭങ്ങളിൽ അതിൽ നൃത്തം സംയോജിപ്പിക്കുകയും ചെയ്തു (യൂറിപ്പിഡിസ് കാണുക). കോമഡി വ്യാപകമാകുന്നത് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലാണ്.

എന്നിരുന്നാലും, എ.ഡി ആറാം നൂറ്റാണ്ടോടെ, അന്ധകാരയുഗം ആരംഭിച്ചതോടെ പാശ്ചാത്യ പ്രകടന കലകൾ ഏറെക്കുറെ അവസാനിച്ചു. ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ, പാശ്ചാത്യരാജ്യങ്ങളിലെ കലാപരിപാടികൾ മതപരമായ ചരിത്ര നിയമങ്ങളിലും ധാർമ്മിക നാടകങ്ങളിലും മാത്രമായി പരിമിതപ്പെട്ടിരുന്നു. വിശുദ്ധ ദിനങ്ങളും മറ്റ് പ്രധാന സംഭവങ്ങളും ആഘോഷിക്കുന്നതിനായി കത്തോലിക്കാസഭ സംഘടിപ്പിച്ചവ ആയിരുന്നു അവ.

നവോത്ഥാനം

[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ നവോത്ഥാനം ആരംഭിച്ച് യൂറോപ്പിലുടനീളം വ്യാപിച്ചതോടെ, മറ്റ് കലകളോടൊപ്പം പ്രകടന കലകളും പുനരുജ്ജീവിച്ചു.

കോമഡിയ ഡെൽ ആർട്ട് ട്രൂപ്പ് ഓൺ എ വാഗൺ- ജാൻ മിയൽ 1640

പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ, ഇംപ്രൂവ്‌സേഷന്റെ ഉപയോഗം അവതരിപ്പിച്ച കോമഡിയ ഡെൽ‌ ആർട്ടെ യൂറോപ്പിൽ പ്രചാരത്തിലായി. ഈ കാലയളവിൽ പ്രചാരം നേടിയ സംഗീതം, നൃത്തം, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചുള്ള എലിസബത്തൻ മസ്ക്, (ഒരുതരം നൃത്തസംഗീതനാടകം) പ്രൊഫഷണൽ നാടക കമ്പനികൾ ഇംഗ്ലണ്ടിൽ തുടങ്ങുന്നതിനും കാരണമായി ഭവിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വില്യം ഷേക്സ്പിയറുടെ നാടകങ്ങൾ ഈ പുതിയ പ്രൊഫഷണൽ പ്രകടനത്തിൽ നിന്ന് വികസിച്ചു.

1597-ൽ ആദ്യത്തെ ഓപ്പറയായ ഡാഫ്‌നെ അവതരിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടിലുടനീളം, യൂറോപ്പിലെ മിക്ക പ്രഭുക്കന്മാരുടെയും, ഒടുവിൽ യൂറോപ്പിലുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന ധാരാളം ആളുകളുടെയും തിരഞ്ഞെടുത്ത വിനോദം ആയി മാറി ഓപെറ.

കിഴക്കൻ പ്രകടന കലകൾ

[തിരുത്തുക]

മിഡിൽ ഈസ്റ്റ്

[തിരുത്തുക]

ബിസി 2000 മുതൽ പ്രചാരത്തിലുണ്ടായിരുന്ന പുരാതന ഈജിപ്തിലെ അഭിനിവേശ നാടകങ്ങളെ, ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യകാല നാടകങ്ങളായി കണക്കാക്കാം. നാടകവും മതവും തമ്മിലുള്ള ഒരു നീണ്ട ബന്ധത്തിന്റെ അറിയപ്പെടുന്ന തുടക്കത്തെ അടയാളപ്പെടുത്തിക്കൊണ്ട്, നാഗരികതയിലുടനീളമുള്ള ഉത്സവങ്ങളിൽ, വർഷം തോറും ഒസൈറിസ് ദേവന്റെ ഈ കഥ അവതരിപ്പിക്കപ്പെട്ടു.

പപ്പറ്റ് തിയറ്റർ (ഹാൻഡ്‌ പപ്പറ്റ്, ഷാഡോ നാടകങ്ങൾ, മരിയോനെറ്റ് എന്നിവ ഉൾപ്പെടുന്നു), മുസ്‌ലിം ചരിത്രത്തിൽ നിന്നുള്ള കഥകൾ തത്സമയം അവതരിപ്പിക്കുന്ന തസിയ എന്നറിയപ്പെടുന്ന നാടക രൂപം എന്നിവ മധ്യകാല ഇസ്ലാമിക ലോകത്തെ ഏറ്റവും ജനപ്രിയ നാടകരൂപങ്ങളായിരുന്നു. ഷിയ ഇസ്ലാമിക നാടകങ്ങൾ അലിയുടെ മക്കളായ ഹസൻ ഇബ്നു അലി, ഹുസൈൻ ഇബ്നു അലി എന്നിവരുടെ ഷഹീദിനെ (രക്തസാക്ഷിത്വം) ചുറ്റിപ്പറ്റിയാണ്. തത്സമയ മതേതര നാടകങ്ങൾ അഖ്രജ എന്നറിയപ്പെട്ടു. മധ്യകാല അഡാബ് സാഹിത്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അവ പാവകളേക്കാളും തസിയ തിയറ്ററുകളേക്കാളും കുറവായിരുന്നു.[4]

ഇറാനിൽ നാഗാലി (കഥപറച്ചിൽ), റു-ഹൌസി, സിയ-ബാസി, പാർഡെ-ഖാനി, മാരെക്കെ ഗിരി തുടങ്ങിയ നാടകങ്ങളുടെ മറ്റ് രൂപങ്ങളുണ്ട്.

ഇന്ത്യ

[തിരുത്തുക]

ബിസി രണ്ടാം സഹസ്രാബ്ദത്തിൽ തന്നെ, വേദ ജനതയുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ നാടോടി നാടകങ്ങളും മറ്റും കണ്ടെത്താൻ കഴിയും. പല ചരിത്രകാരന്മാരും, പ്രത്യേകിച്ച് ഡി ഡി കോസാമ്പി, ഡെബിപ്രസാദ് ചട്ടോപാധ്യായ, ആദ്യ രംഗാചാര്യ, തുടങ്ങിയവർ ഇന്തോ-ആര്യൻ ഗോത്രങ്ങൾക്കിടയിൽ ആചാരാനുഷ്ഠാനത്തിന്റെ വ്യാപനത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ഗോത്രത്തിലെ ചില അംഗങ്ങൾ മൃഗങ്ങളുടെ വേഷവും മറ്റുചിലർ വേട്ടക്കാരും എന്ന രീതിയിൽ അഭിനയിച്ചതായി രേഖപ്പെടുത്തുന്നു.

നാടകം, നൃത്തം, അഭിനയം, സംഗീതം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പ്രകടന കലകളെക്കുറിച്ചുള്ള സൈദ്ധാന്തിക ഗ്രന്ഥമായ നാട്യശാസ്ത്രം രചിച്ചതിലൂടെ പ്രശസ്തനായിരുന്നു ഭരത മുനി (ബിസി 5 മുതൽ 2 നൂറ്റാണ്ട് വരെ). ഭരതമുനി പലപ്പോഴും ഇന്ത്യൻ നാടകകലയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. നാടകത്തിന്റെ സാങ്കേതികത അല്ലെങ്കിൽ കലയെ ചിട്ടയായ രീതിയിൽ വികസിപ്പിക്കാനുള്ള ആദ്യ ശ്രമമായിരുന്നു അദ്ദേഹത്തിന്റെ നാട്യശാസ്ത്രം. ഒരു നാടകത്തിൽ എന്താണ് അവതരിപ്പിക്കേണ്ടതെന്ന് മാത്രമല്ല, എങ്ങനെ ചിത്രീകരിക്കണം എന്ന് നാട്യശാസ്ത്രം നമ്മോട് പറയുന്നു. ഭരത മുനി പറയുന്നതുപോലെ, നാടകം മനുഷ്യരുടെയും അവരുടെ പ്രവർത്തനങ്ങളുടെയും അനുകരണമാണ്.

ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അടിസ്ഥാനമാക്കി അവതരിപ്പിച്ച കലകൾ ഇന്ത്യയിൽ ഉത്ഭവിച്ച ആദ്യത്തെ അംഗീകൃത നാടകങ്ങളായി കണക്കാക്കാം. ഈ ഇതിഹാസങ്ങൾ ആദ്യകാല ഇന്ത്യൻ നാടക പ്രവർത്തകർക്ക് പ്രചോദനം ആയിട്ടുണ്ട്, ഇന്നും അത് തുടരുകയും ചെയ്യുന്നു. ബിസി രണ്ടാം നൂറ്റാണ്ടിലെ ഭാസയെപ്പോലുള്ള ഇന്ത്യൻ നാടക പ്രവർത്തകർ രാമായണത്തിലും മഹാഭാരതത്തിലും പ്രചോദനം ഉൾക്കൊണ്ട് നാടകങ്ങൾ എഴുതിയിരുന്നു.

ബി.സി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാളിദാസനെ, പുരാതന ഇന്ത്യയിലെ ഏറ്റവും പ്രശക്തനായ നാടകകൃത്ത് എന്ന് വിശേഷിപ്പിക്കാം. കാളിദാസൻ എഴുതിയ മൂന്ന് പ്രശസ്ത റൊമാന്റിക് നാടകങ്ങൾ മാളവികാഗ്നിമിത്രം, വിക്രമോർവശീയം, അഭിജ്ഞാനശാകുന്തളം എന്നിവയാണ്.

ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭവഭൂതിയാണ് പിന്നീടുള്ള വലിയ ഇന്ത്യൻ നാടകകൃത്ത്. മാലതി-മാധവ, മഹാവീരചരിത, ഉത്തര രാമചരിത എന്നീ മൂന്ന് നാടകങ്ങൾ അദ്ദേഹം രചിച്ചതായി പറയപ്പെടുന്നു. ശക്തനായ ഇന്ത്യൻ ചക്രവർത്തി ഹർഷവർദ്ധനൻ (606–648) രത്‌നാവലി, പ്രിയദർശിക, ബുദ്ധ നാടകമായ നാഗാനന്ദ എന്നീ നാടകങ്ങൽ രചിച്ചിട്ടുണ്ട്.

തെക്കേയിന്ത്യയിലും നിരവധി പ്രകടന കലാരൂപങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നു. കൂടിയാട്ടം, നങ്ങ്യാർകൂത്ത്, കഥകളി, ചാക്യാർക്കൂത്ത്, തിറയാട്ടം തുടങ്ങിയവ കേരളത്തിൽ പ്രചാരത്തിൽ ഉള്ളവയാണ്.

ക്രി.മു. 1500-ൽ ചൈനയിലെ ഷാങ് രാജവംശത്തിന്റെ നാടക വിനോദങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. അവയിൽ സംഗീതം, ക്ലോണിംഗ്, അക്രോബാറ്റിക് ഡിസ്പ്ലേകൾ എന്നിവ ഉൾപ്പെടുന്നു.

ടാങ് രാജവംശം ചിലപ്പോൾ "1000 വിനോദങ്ങളുടെ കാലഘട്ടം" എന്നറിയപ്പെടുന്നു. ഈ കാലഘട്ടത്തിൽ, ചക്രവർത്തി സുവാൻസോങ് ചിൽഡ്രൻ ഓഫ് പിയർ ഗാർഡൻ എന്ന പേരിൽ ഒരു അഭിനയ സ്കൂൾ രൂപീകരിച്ചിരുന്നു.

ഹാൻ രാജവംശകാലത്ത്, നിഴൽ പാവക്കൂത്ത് ആദ്യമായി ചൈനയിലെ ഒരു അംഗീകൃത നാടകരൂപമായി ഉയർന്നു. കന്റോണീസ് തെക്കൻ, പെക്കിംഗീസ് വടക്കൻ എന്നിങ്ങനെ നിഴൽ പാവക്കൂത്തുകളുടെ രണ്ട് വ്യത്യസ്ത രൂപങ്ങളുണ്ടായിരുന്നു. പാവകളെ അവതരിപ്പിക്കുന്ന രീതിയും, വടികൾ സ്ഥാപിക്കുന്നതും രണ്ട് ശൈലികളെയും വേർതിരിച്ചു. രണ്ട് സ്റ്റൈലുകളും പൊതുവെ മികച്ച സാഹസികതയെയും ഫാന്റസിയെയും ചിത്രീകരിക്കുന്ന നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. അതുപോലെ രാഷ്ട്രീയ പ്രചാരണത്തിനായി വളരെ ലളിതമായി ഈ നാടകവേദി ഉപയോഗിച്ചിരുന്നു. കന്റോണീസ് ഷാഡോ പാവകളാണ് രണ്ടിൽ വലുത്. കട്ടിയുള്ള തുകൽ ഉപയോഗിച്ചാണ് അവ നിർമ്മിച്ചത്, അത് കൂടുതൽ നിഴലുകൾ സൃഷ്ടിച്ചു. പ്രതീകാത്മക നിറവും പ്രചാരത്തിൽ ഉണ്ടായിരുന്നു. ഒരു കറുത്ത മുഖം സത്യസന്ധതയെ പ്രതിനിധീകരിക്കുന്നു, ചുവപ്പ് നിറം ധൈര്യത്തെയും. കന്റോണീസ് പാവകളെ നിയന്ത്രിക്കാൻ ഉപയോഗിച്ച തണ്ടുകൾ പാവകളുടെ തലയിൽ ലംബമായി ഘടിപ്പിച്ചിരുന്നു. അങ്ങനെ, നിഴൽ സൃഷ്ടിക്കുമ്പോൾ അവ പ്രേക്ഷകർക്ക് കാണാൻ കഴിയില്ല. പെക്കിംഗീസ് പാവകൾ അതിലോലവും ചെറുതുമായിരുന്നു. സാധാരണയായി കഴുതയുടെ വയറ്റിൽ നിന്ന് എടുക്കുന്ന നേർത്ത, അർദ്ധസുതാര്യമായ തുകൽ കൊണ്ടാണ് അവ സൃഷ്ടിക്കപ്പെട്ടത്. അവയിൽ ചടുലമായ പെയിന്റുകളാൽ വരച്ചിരുന്നു, അതിനാൽ അവ ഉപയോഗിച്ച് വർണ്ണാഭമായ നിഴൽ വീഴ്ത്താൻ കഴിഞ്ഞിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഗവൺമെന്റിന്റെ ഉപകരണമാകുന്നതിനുമുമ്പ് നിഴൽ പാവക്കൂത്ത് കലാപരമായ വികസനത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തിയതായി പറയപ്പെടുന്നു.

സോങ് രാജവംശത്തിൽ, അക്രോബാറ്റിക്സും സംഗീതവും ഉൾപ്പെടുന്ന നിരവധി ജനപ്രിയ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു. ഇവ യുവാൻ രാജവംശത്തിൽ നാലോ അഞ്ചോ ആക്റ്റ് ഘടനയുള്ള കൂടുതൽ സങ്കീർണ്ണമായ രൂപത്തിലേക്ക് വികസിച്ചു. യുവാൻ നാടകം ചൈനയിലുടനീളം വ്യാപിക്കുകയും നിരവധി പ്രാദേശിക രൂപങ്ങളിലേക്ക് വൈവിധ്യവത്കരിക്കുകയും ചെയ്തു, അവയിൽ ഏറ്റവും മികച്ചത് ബീജിംഗ് ഓപ്പറയാണ്, അത് ഇന്നും പ്രചാരത്തിലുണ്ട്.

തായ് ലാൻഡ്

[തിരുത്തുക]
ഹനുമാൻ തന്റെ രഥത്തിൽ, ബാങ്കോക്കിലെ വാട്ട് ഫ്രാ കെയ്‌വിലെ രാമകീനിൽ നിന്നുള്ള ഒരു രംഗം

തായ്‌ലൻഡിൽ, ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി മധ്യകാലഘട്ടം മുതൽ സ്റ്റേജ് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. പ്രത്യേകിച്ചും, ഇന്ത്യൻ രാമായണത്തിന്റെ പതിപ്പായ, തായ്‌ലാൻഡിന്റെ ദേശീയ ഇതിഹാസമായ രാമകീന്റെ നാടക പതിപ്പ് ഇന്നും തായ്‌ലൻഡിൽ പ്രചാരത്തിലുണ്ട്.

കംബോഡിയ

[തിരുത്തുക]

കംബോഡിയയിൽ, എ.ഡി ആറാം നൂറ്റാണ്ടിലെ ലിഖിതങ്ങൾ ഒരു പ്രാദേശിക ക്ഷേത്രത്തിലെ നർത്തകരുടെ തെളിവുകളും മതപരമായ നാടകങ്ങൾക്ക് പാവകളെ ഉപയോഗിച്ചതും സൂചിപ്പിക്കുന്നുണ്ട്. പുരാതന തലസ്ഥാനമായ അങ്കോർ വാട്ടിൽ, ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം എന്നിവയിൽ നിന്നുള്ള കഥകൾ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും ചുവരുകളിൽ കൊത്തിവച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ബോറോബുദൂരിലും സമാനമായവ കാണാം.

പരാമർശങ്ങൾ

[തിരുത്തുക]
  1. Oliver, Sophie Anne (February 2010). "Trauma, Bodies, and Performance Art: Towards an Embodied Ethics of Seeing". Continuum. 24: 119–129. doi:10.1080/10304310903362775.
  2. Mackrell, Judith. "Dance". Encyclopædia Britannica. Retrieved 11 March 2015.
  3. Epperson, Gordan (11 April 2016). "music". Encyclopædia Britannica, Inc.
  4. Moreh, Shmuel (1986), "Live Theater in Medieval Islam", in David Ayalon, Moshe Sharon (ed.), Studies in Islamic History and Civilization, Brill Publishers, pp. 565–601, ISBN 978-965-264-014-7 {{citation}}: Check |editor-first= value (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രകടന_കലകൾ&oldid=3638017" എന്ന താളിൽനിന്ന് ശേഖരിച്ചത്