Jump to content

പ്രാചീന ലോകാത്ഭുതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ (ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ നിന്ന് താഴേക്ക്): ഗിസയിലെ ഗ്രേറ്റ് പിരമിഡ് , ബാബിലോണിലെ ഹാംഗിംഗ് ഗാർഡൻസ് , ആർട്ടെമിസ് ക്ഷേത്രം, ഒളിമ്പിയയിലെ സിയൂസിന്റെ പ്രതിമ, ഹാലികർനാസസിലെ ശവകുടീരം , റോഡ്‌സിന്റെ കൊളോസസ്, ലൈറ്റ്ഹൗസ് അലക്സാണ്ട്രിയ

പുരാതന ലോകാത്ഭുതങ്ങൾ

[തിരുത്തുക]

ഗിസയിലെ പിരമിഡ്

[തിരുത്തുക]
ഗിസയിലെ പിരമിഡ്

ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ് ഒന്നാമത്തെ അത്ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകൾക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്റ്റിലേതാണ് യഥാർഥ പിരമിഡുകൾ. മെസപ്പൊട്ടേമിയ, മെക്സിക്കോ, മധ്യ അമേരിക്കയിലെ മായ എന്നിവിടങ്ങളിലെ രാജവംശങ്ങൾ, സമാന മാതൃകയിൽ നിർമിച്ച സൂച്യഗ്രസ്തംഭങ്ങളെയും പിരമിഡുകൾ എന്നു വിളിക്കാറുണ്ട്. ഈജിപ്റ്റിലെ പിരമിഡുകൾ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി. സി. 2680-2563) കാലത്തു മാസ്തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കംചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്സാൻഡ്രിയയ്ക്ക് 161 കി. മീ. തെക്ക് സുമാർ 5.25 ഹെക്റ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ അധാരത്തിന് 230.43 മീറ്റർ വിതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീറ്റർ ഉയരമുള്ള പിരമിഡ് 1,00,000 തൊഴിലാളികൾ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു.[1]

ബാബിലോണിലെ തൂക്കുപൂന്തോട്ടം

[തിരുത്തുക]
ബാബിലോണിലെ തൂക്കുപൂന്തോട്ടം 20-ം നൂറ്റാണ്ടിലെ രചന

തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബൂഖദ്നേസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോരുന്നു.[2]

എഫേസസ്സിലെ ഡയാന (ആർട്ടിമീസ്) ക്ഷേത്രം

[തിരുത്തുക]
ഡയാനാ ക്ഷേത്രത്തിന്റെ മാതൃക

ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ബി. സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് '''ആർട്ടെമിസ്സ് ക്ഷേത്രം'''. സുമാർ 104.24 മീറ്റർ നീളവും 49.98 മീറ്റർ വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീറ്റർ ഉയരമുള്ള 127 വൻ ശിലാസ്തംഭങ്ങൽ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി. സി. 356-ൽ തീ പിടിച്ചശേഷം പുനർനിർമിതമായി. എ. ഡി. 262-ൽ ഗോത്തുകൾ ഇതിനെ നശിപ്പിച്ചു.[3]

ഒളിമ്പിയയിലെ സിയൂസ് പ്രതിമ

[തിരുത്തുക]
ഒളിമ്പിയയിലെ സീയൂസിന്റെ പ്രതിമ

ഗ്രീക്കു ശില്പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇരിക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്. സുമാർ 12.19 മീറ്റർ ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി. സി. 462-ൽ നിർമ്മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്ഷോപ്പു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ കാലഗണനയിൽ സുമാർ ബി. സി. 430 നോടടുത്ത് നിർമ്മിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ. ഡി. 426 ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന തീപ്പിടുത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു.[4]

ഹെലിക്കർനാസസ്സിലെ സ്മാരകസ്തംഭം

[തിരുത്തുക]
ഹെലിക്കർനാസസ്സിലെ സ്മാരകസ്തംഭം

തന്റെ സോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (ബി.സി. 353) സ്മരണയ്ക്കായി ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ച സ്മാരകമാണിത്. പിത്തിസ് (പിത്തിയോസ്) എന്ന ശില്പിയും നാലു പ്രമുഖ ഗ്രീക്ക് കൊത്തുപണിക്കാരായ സ്കോപാസ്, ബ്രിയാക്സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിൾ പ്രതിമയ്ക്ക് 42.67 മീറ്റർ ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് ഭൂചനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു.[5]

റോഡ്സിലെ കൊലോസസ്

[തിരുത്തുക]
റോഡ്സിലെ കൊലോസസ്

ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽ നിന്നും ബി. സി. 305-304-ൽ റോഡ്സ് സ്വതന്ത്രമായി. ഇതിന്റെ സ്മരണ നിലനിറുത്തുവാൻ പണി കഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കല പ്രതിമ. ലിൻഡസിലെ ചാറസ് ആണ് നിർമാതാവ്. പണിപൂർത്തിയാവുന്നതിന് പന്ത്രണ്ടു വർഷമെടുത്തു (292-280). ബി. സി. 225- ലെ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ. ഡി. 653 വരെ സം‌‌രക്ഷിച്ചു. ആയിടയ്ക്കു റൊഡ്സ് ആക്രമിച്ച അറബികൾ ഇതിനെ കഷണങ്ങളാക്കി വിറ്റു. 900 ത്തിലേറെ ഒട്ടകങ്ങൾക്കു വഹിക്കുവാൻ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്ക്ക് ഉണ്ടായിരുന്നു.[6]

അലക്സാസാൻഡ്രിയയിലെ ഫാരോസ് (ദ്വീപസ്തംഭം)

[തിരുത്തുക]

ഈജിപ്റ്റിലെ ഫാരോസ് ദ്വീപിൽ അലക്സാഡ്രിയ തുറമുഖ കവാടത്തിൽ ടോളമി II ന്റെ ഭരണകാലത്തു നിർമിച്ചു (ബി. സി. 280). നൈദസ്സിലെ സൊസ്‌‌റ്റ്റാറ്റസ് ആയിരുന്നു ഇതിന്റെ ശില്പി. ഇതിന് സുമാർ 134.11 മീറ്റർ ഉയരം ഉണ്ടായിരുന്നു. മുന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം മധ്യത്തിലേത് അഷ്ടഭുജം മുകളിലത്തേത് ഗോളസ്തംബാകൃതി (cylindrical). അതിനു മുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകൾക്കു മാർഗസൂചകമായി ദ്വീപസ്തഭം നിർമിച്ചിരുന്നു. എ. ഡി. 955 നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകൾ സംഭവിച്ചു. 14-ം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്തു. 1477-ൽ സുൽത്താൻ ക്വെയ്ത്ബേ ഇതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു കോട്ട നിർമിച്ചു.[7]

'അലക്സാഡ്രിയൻ കാലഘട്ടത്തിൽ കണക്കാക്കപ്പെട്ടിരുന്ന ലോകാത്ഭുതങ്ങളാണ് പട്ടികയിൽ'‍:-

അത്ഭുതം സ്ഥിതിചെയ്യുന്ന സ്ഥലം നിർമ്മിക്കപ്പെട്ട കാലഘട്ടം ചരിത്രം പ്രത്യേകതകൾ
ഗിസയിലെ പിരമിഡ് പ്രാചീന ഈജിപ്റ്റിൽ നൈൽ നദിയുടെ കരയിൽ ബി.സി.26-ആം നൂറ്റാണ്ട് ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടങ്ങള് അടക്കം ചെയ്തിരിക്കുന്ന സ്ഥലം‌ 5.5 ഹെക്ടര്‌ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന 146.9 മീറ്റർ ഉയരമുള്ള പിരമിഡ്
തൂങ്ങുന്ന പൂന്തോട്ടം ബാബിലോണിയ ബി.സി.605-562 ബാബിലോണിയറ്യിലെ നെബ്കദ്നെസര് രണ്ടാമന് ചക്രവർത്തി പ്രിയതമയുടെ സ്മരണാർത്ഥം നിർമ്മിച്ചത്.ബി.സി.ഒന്നാം നൂറ്റാണ്ടില് ഒരു ഭൂകമ്പത്തില് നശിച്ചു. 22-മീറ്ര് വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിയ്ക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തിലൽ തൂങ്ങി നിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു.
സിയൂസിന്റെ പ്രതിമ പ്രാചീന ഗ്രീസിലെ ഒളിമ്പിയ 466 BC-456 BC(ക്ഷേത്രം) 435 BC(പ്രതിമ) ഫിദിയാസ് എന്ന ഗ്രീക്ക് ശില്പി നിർമ്മിച്ച സീയൂസ് ദേവന്റെ പ്രതിമ.എ.ഡി. 5-ആം നൂറ്റാണ്ടിലെ ഭൂകമ്പത്തിൽ നശിച്ചു എന്ന് വിശ്വസിയ്ക്കുന്നു. 12.19 മീറ്റർ നീളമുള്ള മാർബിൾ പ്രതിമയുടെ ഒരു കൈയിൽ വിജയദണ്ഡും മറു കൈയിൽ കഴുകന്റെ രൂപവും ഉണ്ട്.സ്വർണം, ദന്തം എന്നിവ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു.
എഫീസസ്സിലെ ഡയാനാക്ഷേത്രം പ്രാചീന ഗ്രീസിലെ ലിഡിയ 550 ബി.സി. ലിഡിയയിലെ ക്രോസസ്സ് രാജാവ് നിർമ്മിച്ച ഡയാന ക്ഷേത്രം.ബി.സി.356-ല് നശിപ്പിക്കപ്പെട്ട ക്ഷേത്രം അലക്സാണ്ടർ ചക്രവർത്തി പുനരുദ്ധരിച്ചു.എ.ഡി.409-ല് ഗോത്ത് വർഗ്ഗക്കാർ തീ വച്ചു നശ്പ്പിച്ചു. 10424 മീറ്ര് നീളവും 49.98 മീറ്റർ വീതിയും 18.23 മീറ്റര് ഉയരവും ഉള്ള ശിലാക്ഷേത്രം.120 ശിലാസ്തംഭങ്ങളാൽ അലങ്കരിച്ചിരുന്നു.
ഹെലിക്കനാർസ്സിലെ സ്മാരകസ്തംഭം സെല്യൂസിഡ് സാമ്രാജ്യം, പ്രാചീന ഗ്രീസ് 351 ബി.സി. ബി.സി.353ലൽ നിര്യാതനായ കാരിയായിലെ മാസോലസ് രാജാവിന്റെ സ്മരണാർത്ഥം പത്നി ആർതമേസിയ നിർമ്മിച്ച സ്മാരകം.പിത്തിയോസ് ആയിരുന്നു ശില്പി.എ.ഡി 1494 -ലെ ഭൂകമ്പത്തിൽ തകർന്നു. 45മീറ്ർ ഉയരമുള്ള ത്രികോണസ്തംഭാകൃതിയിലുള്ള സ്മാരകത്തിന്റെ നാലു മുഖങ്ങളും പ്രതിമകളും കൊത്തുപണികളും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു.
റോഡ്സിലെ കൊളോസ് ഗ്രീസ് ബി.സി.292-ബി.സി.280 ബി.സി. 305-ൽ റോഡ്സ് സ്വതന്ത്രരാജ്യമായതിന്റെ ഓർമ്മയ്ക്കായി ലിൻഡസിലെ ചാറസ് രാജാവ് നിർമ്മിച്ച വെങ്കലപ്രതിമ.എ.ഡി.653-ല് വെങ്കലത്തിനായി അറബികൾ നശിപ്പിച്ചു. ഹീലിയോസ് എന്ന സൂര്യദേവന്റെ 35 മീറ്റർ ഉയരമുള്ള ഭീമാകാരമായ വെങ്കലപ്രതിമ.
ഫാരോസ് ദീപസ്തംഭം ഫാരോസ് ദ്വീപ്,അലക്സാണ്ട്രിയ 280 ബി.സി ടോളമി രണ്ടാമന്റെ കാലത്ത് അലക്സാണ്ട്രിയയിലെ തുറമുഖകവാടത്തില് പണികഴിപ്പിച്ച ദീപസ്തംഭം.സൊസ്ട്രാറ്റസ് ആയിരുന്നു ശില്പി. എ.ഡി 14-ആം നൂറ്റാണ്ടിൽ ഭൂചലനത്തിലൽ നശിച്ചു. 134.11 മീറ്റർ നീളമുള്ള സ്തംഭത്തിന്റെ മുകളറ്റം സർപ്പിളാകൃതിയിലുള്ള പടികളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. http://en.wikipedia.org/wiki/Great_Pyramid_of_Giza Great Pyramid of Giza
  2. http://en.wikipedia.org/wiki/Hanging_Gardens_of_Babylon Hanging Gardens of Babylon
  3. http://en.wikipedia.org/wiki/Temple_of_Artemis Temple of Artemis
  4. http://en.wikipedia.org/wiki/Statue_of_Zeus_at_Olympia Statue of Zeus at Olympia
  5. http://en.wikipedia.org/wiki/Mausoleum_of_Halicarnassus Mausoleum of Halicarnassus
  6. http://en.wikipedia.org/wiki/Colossus_of_Rhodes Colossus of Rhodes
  7. http://en.wikipedia.org/wiki/Lighthouse_of_Alexandria Lighthouse of Alexandria
"https://ml.wikipedia.org/w/index.php?title=പ്രാചീന_ലോകാത്ഭുതങ്ങൾ&oldid=3943046" എന്ന താളിൽനിന്ന് ശേഖരിച്ചത്