Jump to content

ബാദൽ ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാദൽ ഗുപ്ത
বাদল গুপ্ত
ജനനം1912
മരണം8 December 1930
മരണ കാരണംപൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമണം

ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമാണ് ബാദൽ ഗുപ്ത (1912–1930). ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇദ്ദേഹം ചില വിപ്ലവപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 1930 ഡിസംബർ 8-ന് കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് വിപ്ലവകാരികളിൽ ഒരാൾ ബാദൽ ഗുപ്തയായിരുന്നു. റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമണത്തിനു ശേഷം പോലീസിനു മുമ്പിൽ കീഴടങ്ങാൻ തയ്യാറാകാതിരുന്ന ബാദൽ പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു.

ആദ്യകാല പ്രവർത്തനങ്ങൾ

[തിരുത്തുക]

ധാക്കയിലെ ബിക്രംപൂർ ഭാഗത്തുള്ള ഷിമൂലിയ ഗ്രാമത്തിലാണ് ബാദൽ ഗുപ്തയുടെ ജനനം. ഈ ഗ്രാമം ഇപ്പോൾ ബംഗ്ലാദേശിലെ മുൻഷിഗൻ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.[1] നികുഞ്ജ സെൻ എന്ന വിപ്ലവകാരിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ ബാദൽ ഗുപ്ത വൈകാതെ തന്നെ ബംഗാൾ വോളന്റിയേഴ്സ് എന്ന വിപ്ലവ സംഘടനയിൽ ചേർന്നു. ബാദലിന്റെ അമ്മാവൻമാരായ ധരണി നാഥ് ഗുപ്ത, നാഗേന്ദ്രനാഥ് ഗുപ്ത എന്നിവരും വിപ്ലവകാരികളായിരുന്നു. ഇവർ അലിപ്പൂർ ഗൂഢാലേചന കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് അരബിന്ദഘോഷിനോടൊപ്പം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

റൈറ്റേഴ്സ് ബിൽഡിംഗിലെ യുദ്ധം

[തിരുത്തുക]

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിപ്ലവങ്ങൾ ശക്തമായിരുന്ന കാലത്ത് കേണൽ എൻ.എസ്. സിംപ്സൺ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ചുകൊണ്ട് ബംഗാൾ വോളന്റിയേഴ്സ് എന്ന സംഘടന ചില വിപ്ലവ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. ജയിലിലെ തടവുകാരെ ക്രൂരമായി ഉപദ്രവിച്ചിരുന്ന സിംപ്സണെ വധിക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആസ്ഥാന മന്ദിരമായിരുന്ന കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ പദ്ധതി.

1930 ഡിസംബർ 8-ന് ബാഡൽ ഗുപ്തയും ബിനോയ് ബസുവും ദിനേശ് ഗുപ്തയും യൂറോപ്യൻമാരുടെ വേഷത്തിൽ റൈറ്റേഴ്സ് ബിൽഡിംഗിൽ പ്രവേശിക്കുകയും സിംപ്സണെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. അതോടെ അവിടെയുണ്ടായിരുന്ന പോലീസുകാർ ആക്രമണകാരികൾക്കു നേരെ വെടിയുതിർക്കുവാൻ തുടങ്ങി. ആക്രമണത്തിനു ശേഷം ചില പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. പോലീസിന്റെ പിടിയിലകപ്പെടുമെന്ന ഘട്ടമെത്തിയപ്പോൾ മൂന്ന് വിപ്ലവകാരികളും ആത്മഹത്യക്കു ശ്രമിച്ചു. ദിനേഷും ബിനോയിയും പരസ്പരം വെടിവച്ചു മരിക്കുവാൻ ശ്രമിച്ചു. പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ബാദൽ ഗുപ്ത തൽക്ഷണം തന്നെ മരണമടഞ്ഞു.

പ്രാധാന്യം

[തിരുത്തുക]
റൈറ്റേഴ്സ് ബിൽഡിംഗിലുള്ള സ്മാരകശില

ബിനോയ്, ബാദൽ, ദിനേഷ് എന്നീ വിപ്ലവകാരികളുടെ ധീരമായ പോരാട്ടം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള വിപ്ലവപ്രവർത്തനങ്ങൾക്കു പ്രചോദനം നൽകി. റൈറ്റേഴ്സ് ബിൽഡിംഗ് നിലനിന്നിരുന്ന ഡെൽഹൗസി സ്ക്വയർ എന്ന സ്ഥലത്തിന്റെ പേര് ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ബി.ബി.ഡി. ബാഗ് എന്നു പുനർനാമകരണം ചെയ്തു. മൂന്ന് വിപ്ലവകാരികളുടെയും പേരിന്റെ ആദ്യാക്ഷരങ്ങളാണ് സ്ഥലനാമമായി സ്വീകരിച്ചിരിക്കുന്നത്. റൈറ്റേഴ്സ് ബിൽഡിംഗ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ശിലാഫലകം ഈ മന്ദിരത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Mohanta, Sambaru Chandra (2012). "Gupta, Badal". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.

പുസ്തകങ്ങൾ

[തിരുത്തുക]
  • Hemendranath Dasgupta, Bharater Biplab Kahini, II & III, Calcutta, 1948;
  • Ramesh Chandra Majumdar, History of the Freedom Movement in India, III, Calcutta 1963;
  • Ganganarayan Chandra, Abismaraniya, Calcutta, 1966.
"https://ml.wikipedia.org/w/index.php?title=ബാദൽ_ഗുപ്ത&oldid=2872059" എന്ന താളിൽനിന്ന് ശേഖരിച്ചത്