Jump to content

ബി. ശശികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി. ശശികുമാർ
ബി. ശശികുമാർ, ഒരു കച്ചേരിയ്ക്കിടയിൽ
പശ്ചാത്തല വിവരങ്ങൾ
ജനനം(1949-04-27)ഏപ്രിൽ 27, 1949
ഉത്ഭവംഇന്ത്യ
മരണംനവംബർ 25, 2023(2023-11-25) (പ്രായം 74)
വിഭാഗങ്ങൾകർണാടക സംഗീതം
തൊഴിൽ(കൾ)വയലിനിസ്റ്റ്, കർണാടക സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)വയലിൻ
വർഷങ്ങളായി സജീവം1967-2023
വെബ്സൈറ്റ്www.bsasikumar.com

കേരളത്തിൽ നിന്നുള്ള കർണ്ണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായിരുന്നു ബി. ശശികുമാർ (27 ഏപ്രിൽ 1949 -25 നവംബർ 2023). തിരുവല്ല സ്വദേശിയായിരുന്ന ശശികുമാർ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഒരു വാഗ്ഗേയകാരൻ കൂടിയായിരുന്ന അദ്ദേഹം നിരവധി കർണാടകസംഗീതകൃതികൾ രചിച്ചിട്ടുമുണ്ട്. 2023 നവംബർ 25-ന് രാത്രി ഏഴരയോടെ തിരുവനന്തപുരത്തെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ജീവിതരേഖ

[തിരുത്തുക]

1949 ഏപ്രിൽ 27-ന് മേടമാസത്തിലെ രേവതി നക്ഷത്രത്തിൽ തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാനായിരുന്ന കൊച്ചുകുട്ടപ്പൻ എന്ന എം.കെ. ഭാസ്കരപണിക്കരുടെയും ജി. സരോജിനിയമ്മയുടെയും മകനായി തിരുവല്ലയിൽ ജനിച്ചു. ഭാസ്കരപണിക്കർ-സരോജിനിയമ്മ ദമ്പതികളുടെ അഞ്ചുമക്കളിൽ മൂത്തയാളായിരുന്നു ശശികുമാർ. ശാന്തകുമാരി, ഗിരിജാകുമാരി, ശ്രീകുമാരി, സതീഷ്കുമാർ എന്നിവരാണ് സഹോദരങ്ങൾ. തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിൽ നാദസ്വരവിദ്വാനായിരുന്ന അച്ഛന്റെ സൗകര്യാർത്ഥം വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം താമസം തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി. തിരുവനന്തപുരത്തെ സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും ചാലക്കുടി നാരായണസ്വാമിയുടെ മേൽ നോട്ടത്തിൽ പാസായി. സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് 1971-ൽ തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി (വയലിൻ) ചേർന്നു. സമീപകാലത്തെ മഹാന്മാരായ എല്ലാ സംഗീജ്ഞർക്കുമൊപ്പം കച്ചേരിക്ക് ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്. ചെമ്പൈ, ശെമ്മങ്കുടി, ഡി.കെ. ജയരാമൻ, ഡി.കെ. പട്ടമ്മാൾ, എം.ഡി. രാമനാഥൻ, കെ.വി. നാരായണസ്വാമി, ആലത്തൂർ ബ്രദേഴ്സ്, ശീർകാഴി ഗോവിന്ദരാജൻ, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണൻ, മധുരൈ. ടി.എൻ. ശേഷഗോപാലൻ, ടി.കെ. ഗോവിന്ദറാവു, കെ.ജെ. യേശുദാസ്, എൻ. രമണി (ഫ്ലൂട്ട്), എസ്. ബാലചന്ദർ, ചിട്ടിബാബു (വീണ) എന്നിവരോടൊപ്പം  കച്ചേരിയും പണ്ഡിറ്റ് ജസ്‌രാജ്, എം.ബാലമുരളീകൃഷ്ണ എന്നിവരോടൊപ്പം ജുഗൽബന്ദിയും  നടത്തിയിട്ടുണ്ട്.

സംഗീതം

[തിരുത്തുക]

ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ ധാരാളം സംഗീത കച്ചേരികൾക്കും സംഗീത പരിപാടികൾക്കും  വയലിൻ വായിച്ചിട്ടുണ്ട്. "നാദോപാസന", "സപ്തസ്വരങ്ങളിൽ", "ലയിച്ച മഹാനുഭാവൻ" (ത്യാഗരാജ സ്വാമികളെക്കുറിച്ച്), "ഗണേഷ പ്രഭാവം" (മുത്തു സ്വാമി ദീക്ഷിതരെക്കുറിച്ച്), "സ്വാതി പ്രണാമം", "ഭാവയാമി രഘുരാമം" (മഹാരാജാ സ്വാതി തിരുനാളിനെക്കുറിച്ച്) തുടങ്ങി നിരവധി സംഗീത ഫീച്ചറുകൾ ചെയ്തിട്ടുണ്ട്. "നവരത്നകൃതിമഹിമ" എന്ന പത്ത് ഭാഗം വരുന്ന ഒരു പരമ്പര നവരത്ന കൃതികളെക്കുറിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീത ഫീച്ചറുകളായ ഗുരു സാക്ഷാത് പരബ്രഹ്മ, മാധവമാനവം, കാവേരി, സംഘഗാനം, കർണ്ണകി എന്നിവ ആകാശവാണിയുടെ ദേശീയ സംഗീത പുരസ്കാരങ്ങൾക്കർഹമായിട്ടുണ്ട്. ധാരാളം ലളിതഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്.  

വലിയ ശിഷ്യസമ്പത്തിനുടമയാണ് ശശികുമാർ. അന്തരിച്ച വയലിൻ വിദഗ്ദ്ധനും ശശികുമാറിന്റെ അനന്തരവനുമായ ബാലഭാസ്കർ, ഗായകരായ ജി. വേണുഗോപാൽ, കാവാലം ശ്രീകുമാർ, കല്ലറ ഗോപൻ, വിധു പ്രതാപ്, വയലിൻ വിദഗ്ദ്ധൻ ആറ്റുകാൽ ബാലസുബ്രമണ്യം, ഡോ. രാജ്കുമാർ (ഫ്ലൂട്ട്) തുടങ്ങിയവർ അവരിൽ ചിലരാണ്.  വാദ്യതരംഗം എന്ന പേരിൽ  കമ്പി, തന്ത്രി, സുഷിര വാദ്യങ്ങളുടെ ഒരു കർണാടക സിംഫണിയും അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. ഭക്തിഗീതങ്ങളുൾപ്പെടെ നിരവധി കാസറ്റുകളും സി.ഡി.കളും പുറത്തിറക്കിയിട്ടുണ്ട്. ചന്ദ്രപോതർ എന്ന പേരിൽ, മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ നൂറിലധികം കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. ചതുരംഗം എന്ന പേരിൽ പുതിയ താളങ്ങളും അവതരിപ്പിച്ചു. 

മറ്റു പ്രധാന അവതരണങ്ങൾ:

  • "തമസോമാ ജ്യോതിർഗമയ" - സൂര്യ കൃഷ്ണമൂർത്തി  - ഭക്തി ഗാനങ്ങൾ (തമിഴ്) - "ശൃംഗേരി -എം. ബാലമുരളീകൃഷ്ണ, ബി. അരുന്ധതി
  • ""ഡി.പി.ഇ.പി. കുട്ടികളുടെ പാട്ടുകൾ""
  • "ആയുർവേദ" - ദൂരദർശൻ
  • "ആറ്റുകാൽ സുപ്രഭാതം" - ഭാവനാ രാധാകൃഷ്ണൻ
  • ""ശിവായ നമഃ"" -ശിവഭക്തിഗാനങ്ങൾ, വിവിധ ഗായകരുടെ ശബ്ദത്തിൽ
  • "കൃഷ്ണാഷ്ടമി", "മഹാനവമി" - ദൂരദർശൻ നാഷണൽ നെറ്റ്‍വർക്ക്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സംഗീത നാടക അക്കാദമി അവാർഡ് - 2008
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് - 2002
  • സിന്ധൂരം സാംസ്കാരിക പുരസ്കാരം-1999

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബി._ശശികുമാർ&oldid=4287151" എന്ന താളിൽനിന്ന് ശേഖരിച്ചത്