Jump to content

ശെമ്മങ്കുടി ശ്രീനിവാസ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശെമ്മങ്കുടി ശ്രീനിവാസ അയ്യർ
ശെമ്മങ്കുടി ശ്രീനിവാസയ്യർ
ജനനം(1908-07-25)ജൂലൈ 25, 1908
തിരുക്കൊടിക്കാവൽ , തമിഴ്നാട്
മരണംഒക്ടോബർ 31, 2003(2003-10-31) (പ്രായം 96)
ദേശീയത ഭാരതീയൻ
അറിയപ്പെടുന്നത്കർണാടക സംഗീതജ്ഞൻ

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായിരുന്നു ശെമ്മങ്കുടി ശ്രീനിവാസ അയ്യർ (തമിഴ്: செம்மங்குடி ஸ்ரீனிவாச ஐயர்) (ജൂലൈ 25,1908 - ഒക്ടോബർ 31,2003). 'ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.[1] തന്റെ ജീവിതത്തിന്റെ ഗണ്യമായൊരു കാലയളവ് കേരളത്തിൽ ചെലവഴിച്ച ശെമ്മങ്കുടി അയ്യർ സ്വാതി തിരുനാൾ കൃതികൾക്ക് ചിട്ടയും പ്രചാരവും നൽകുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാസ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]
  • 1908 ജനനം
  • 1926 അരങ്ങേറ്റം
  • 1928 തിരുവയ്യാർ സംഗീതോത്സവത്തിൽ കച്ചേരി
  • 1936 ശസ്ത്രക്രിയ
  • 1942 സ്വാതിതിരുനാൾ സംഗീത അക്കാദമി പ്രിൻസിപ്പൽ
  • 1947 സംഗീതകലാനിധി ബിരുദം
  • 1953 കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
  • 1957 ആകാശവാണിയിൽ
  • 1963 ജോലി രാജിവെച്ചു
  • 1968 പദ്മഭൂഷൺ
  • 1977 കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്
  • 1990 പദ്മവിഭൂഷൺ
  • 2003മരണം

അഷ്ടപദി ഗായകനായ രാധാകൃഷ്ണ അയ്യരുടെയും ധർമ്മസം‌വർധിനി അമ്മാളുടെയും മൂന്നാമത്തെ മകനായി തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽപ്പെട്ട തിരുക്കൊടിക്കാവൽ എന്ന സ്ഥലത്ത് ജനിച്ച ശ്രീനിവാസൻ നാലു വയസു വരെ അമ്മാവനും വയലിൻ വിദ്വാനുമായ തിരുക്കോഡിക്കാവൽ കൃഷ്ണ അയ്യരോടൊപ്പമായിരുന്നു താമസം. കൃഷ്ണ അയ്യരുടെ മരണത്തെത്തുടർന്ന് ശ്രീനിവാസൻ തിരുവാരൂർ ജില്ലയിൽപ്പെട്ട ശെമ്മങ്കുടിയിൽ മാതാപിതാക്കളോടൊപ്പം താമസമാക്കി. എട്ടാം വയസിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ അരങ്ങേറ്റം 18-ആം വയസിൽ കുംഭകോണത്തെ നാഗേശ്വര ക്ഷേത്രത്തിൽ വെച്ചായിരുന്നു. അതിനടുത്ത വർഷം (1927-ൽ), മദ്രാസിൽ നടന്ന ഇന്ത്യൻ സമ്മേളനത്തിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സംഗീത പരിപാടി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായിത്തീർന്നു. ഈ പരിപാടിയെ പുകഴ്ത്തിക്കൊണ്ടു വന്ന പത്രവാർത്തകളെത്തുടർന്ന് നിരവധി വേദികളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമനുജ അയ്യങ്കാർ തുടങ്ങിയ അതുല്യരുടെ പ്രോത്സാഹനങ്ങളും ശെമ്മങ്കുടിയുടെ വളർച്ചയെ ഏറെ സഹായിച്ചു.[2]

സ്വാതി തിരുനാൾ കൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതല വഹിക്കാനായത് ശെമ്മങ്കുടിയുടെ സംഗീതസപര്യയിലെ മറ്റൊരു വഴിത്തിരിവ് ആയിരുന്നു.[2] 1941 മുതൽ 1963 വരെയുള്ള കാലഘട്ടത്തിൽ തിരുവനന്തപുരത്തെ സ്വാതി തിരുനാൾ അക്കാദമിയിൽ പ്രവർത്തിച്ച അദ്ദേഹം അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനം വരെ അലങ്കരിച്ചു. അക്കാദമിയിൽ നിലവിലിരുന്ന മൂന്നു വർഷത്തെ ഗായക ഡിപ്ലോമ പാഠ്യപദ്ധതി പരിഷകരിച്ച് നാലു വർഷത്തെ 'ഗാനഭൂഷണം' പാഠ്യപദ്ധതിയാക്കുകയും തുടർവിദ്യാഭ്യാസത്തിന് രണ്ടു വർഷത്തെ 'വിദ്വാൻ' പാഠ്യപദ്ധതി ആരംഭിക്കുകയും ചെയ്തു. സംഗീതത്തിനു പുറമേ വീണ, വയലിൻ മുതലായവയുടെയും ക്ലാസുകൾക്കും തുടക്കമിട്ടു.

എം.എസ്. സുബ്ബലക്ഷ്മി, കെ.ജെ. യേശുദാസ്, നെയ്യാറ്റിൻ‌കര വാസുദേവൻ തുടങ്ങി പ്രശസ്തരായ സം‌ഗീതജ്ഞരുടെയും ഗായകരുടെയും ഒരു നിര തന്നെ ശിഷ്യരായുണ്ടായിരുന്ന സംഗീതലോകത്തിലെ ഈ അനശ്വര പ്രതിഭ തന്റെ 96-ആം വയസ്സിൽ ചെന്നൈയിൽ വെച്ച് അന്തരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

കേന്ദ്ര സർക്കാരിന്റെ പത്മഭൂഷൺ(1969) , പത്മവിഭൂഷൺ(1990) പുരസ്കാരങ്ങൾക്ക്[3] പുറമേ തമിഴ്നാട് സർക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്കാരം(1953) , മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാൻ(1981) തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്ക് ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ഫ്രന്റ്ലൈൻ നവംബർ 2003, ദ് ഹിന്ദു ഓൺലൈനിൽ നിന്ന്". Archived from the original on 2007-02-25. Retrieved 2010-08-28.
  2. 2.0 2.1 ജിമ്മി മാത്യു, കർണാടക സംഗീതം, എച്ച് & സി ബുക്സ്,തൃശൂർ, 2008 ഓഗസ്റ്റ്
  3. "ദ് ഹിന്ദു ഓൺലൈൻ വാർത്ത, നവംബർ 01,2003". Archived from the original on 2005-01-06. Retrieved 2010-08-28.