മഹാഭാരതേർ അഷ്ടാദശി
മഹാഭാരതേർ അഷ്ടാദശി(মহাভারতের অষ্টাদশী) [1] ബംഗാളി സാഹിത്യകാരനായ നൃസിംഗപ്രസാദ് ഭാദുരിയുടെ രചനയാണ്. 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ പുസ്തകത്തിനു ലഭിച്ചു. മഹാഭാരതകഥയിലെ ഇരുപതു സ്ത്രീ കഥാപാത്രങ്ങളെ പതിനെട്ട് അധ്യായങ്ങളിലായി രചയിതാവ് വിശ്ലേഷണവിധേയമാക്കുന്നു. മഹാഭാരതേർ ഛോയ് പ്രവീൺ, മഹാഭാരതേർ പ്രതിനായക്, എന്നിവയും ഭാദുരിയുടെ രചനകളാണ്.
പേരിന്റെ സാംഗത്യം
[തിരുത്തുക]മഹാഭാരതേർ അഷ്ടാദശി എന്നാൽ മഹാഭാരതത്തിലെ പതിനെട്ട്. തലക്കെട്ടിൽ പതിനെട്ട് എന്നുപയോഗിച്ചത് പ്രതീകാത്മകമായിട്ടാണെന്ന് ഭാദുരി മുഖവുരയിൽ പറയുന്നു. മഹാഭാരതത്തിൽ പതിനെട്ടിന് ഏറെ പ്രാധാന്യമുണ്ട്- എന്നാൽ ഭാദുരിയുടെ പതിനെട്ട് ഒരവസ്ഥയേയാണ് സൂചിപ്പിക്കുന്നത്. കൗമാരത്തിന്റെ ചാപല്യവും കൗതുകവും മുഴുവനായും വിട്ടുമാറിയിട്ടില്ലാത്ത താരുണ്യാവസ്ഥ. മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ യൗവനാവസ്ഥയിലെ മനോവ്യാപാരങ്ങളേയാണ് ഭാദുരി അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. കൗമാരകൗതുകമാണ് സത്യവതിയേയും കുന്തിയേയും വിവാഹപൂർവബന്ധത്തിലേക്ക് നയിച്ചത്. അതിന്റെ പ്രത്യാഘാതങ്ങളെ ഇരുവരും വെവ്വേറെ വിധത്തിലാണ് കൈകാര്യം ചെയ്തതെങ്കിലും.വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ സ്ത്രീകളെ, അവരുടെ കാമക്രോധമോഹനൈരാശ്യങ്ങളെ ചിത്രീകരിക്കാൻ മഹാഭാരതകഥ ശ്രമിച്ചിട്ടുണ്ടെന്ന് ഭാദുരി അഭിപ്രായപ്പെടുന്നു. വംശമാഹാത്മ്യം എന്നത് വെറും മിഥ്യയാണെന്നും മഹാഭാരതത്തിലേയും മറ്റു പുരാണങ്ങളിലേയും കഥകൾ ഇതിനു സാക്ഷ്യം വഹിക്കുന്നെന്നും ഭാദുരി പ്രസ്താവിക്കുന്നു. [2]
ഉള്ളടക്കം
[തിരുത്തുക]നാരായണമുനി തപോശക്തികൊണ്ടാണ് സ്വന്തം ഊരുവിൽ നിന്നു സർവാംഗസുന്ദരിയായ ഉർവശിയെ സൃഷ്ടിച്ചതെന്നു കവിസങ്കല്പം. പുരുഷന്മാർ, അവർ മുനിപുംഗവരോ, ദേവന്മാരോ, മർത്യരോ അസുരരോ ആരായിരുന്നാലും ഉർവശിയുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി. എന്നാൽ ഉർവശി ഋഷ്യശൃംഗന്റെ മാതാവും , കുരു വംശത്തിന്റെ ആദിജനനിയും, പരോക്ഷമായെങ്കിലും വസിഷ്ഠ-അഗസ്ത്യ മുനിമാരുടെ ജനനത്തിന് കാരണഭൂതയു മാണെന്ന ഉപകഥകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് ഭാദുരി പ്രസ്താവിക്കുന്നു [3].
വ്യാസഭാരതത്തിലെ ശകുന്തളയേയും കാളിദാസന്റെ ശകുന്തളയേയും പറ്റിയുള്ള താരതമ്യ പഠനമാണ് ഇത്. വ്യാസന്റെ ശകുന്തള, ലജ്ജാവതിയോ അബലയോ അല്ല. സ്വന്തം കാര്യം ധൈര്യപൂർവം പറയാനുള്ള തന്റേടം അവൾക്കുണ്ട്. ഗാന്ധർവവിഹാത്തിനു സമ്മതിക്കുമ്പോൾ തന്റെ പുത്രനെ ചക്രവർത്തിയാക്കണമെന്ന ആവശ്യം അവൾ മുന്നോട്ടു വെക്കുന്നുണ്ട്. വ്യാസന്റെ ശകുന്തളക്ക് സഖിമാരുടെ താങ്ങില്ല. തന്നേയും മകനേയും സ്വീകരിക്കാൻ വിസമ്മതിച്ച ദുഷ്യന്തന്റെ വംശമഹിമയെ ശകുന്തള അപഹസിക്കുന്നു. അർഹിക്കുന്നത് നേടിയെടുക്കാനുള്ള ശക്തി തന്റെ പുത്രനുണ്ടാവുമെന്ന് ശകുന്തള അഭിമാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. നേരെമറിച്ച് അബലയും ലോകപരിചയമില്ലാത്തവളുമായാണ് കാളിദാസൻ ശകുന്തളയെ ചിത്രീകരിക്കുന്നത്.
മഹാഭാരതത്തിലെ ആദിപർവത്തിലാണ് ദേവയാനിയുടെ കഥ. പലതുകൊണ്ടും ദേവയാനി വ്യത്യസ്തയായ കഥാപാത്രമാണെന്ന് ഭാദുരി പ്രസ്താവിക്കുന്നു.സാമാജികനിയമങ്ങൾക്ക് ദേവയാനി തെല്ലും വില കല്പിക്കുന്നില്ല. പിതാവിന്റെ പ്രിയശിഷ്യനായ കചനോടോ, പിന്നീട് ക്ഷത്രിയ രാജാവായ യയാതിയോടോ സ്വയമേവ വിവാഹാഭ്യർഥന നടത്തുന്നതിൽ അവൾക്കു സങ്കോചമില്ല. ദേവയാനിയുടെ അഹങ്കാരവും മര്യാദകെട്ട പെരുമാറ്റവും ദാസിയായ ശർമിഷ്ഠ ഒരു ഘട്ടം വരെ ഏറ്റു വാങ്ങി. പ്രതിഷ്ഠാനപുരത്തെ രാജാവ് യയാതി ദേവയാനിയെയാണ് യഥാരീതി വിവാഹം ചെയ്തത്. ശർമിഷ്ഠ വിധിപ്രകാരം യയാതിയുടെ ഭാര്യയായില്ലെങ്കിലും ആ ബന്ധത്തിൽ ജനിച്ച പുത്രനാണ് കിരീടാവകാശിയാവുന്നത്. അങ്ങനെ ദാസിയിൽ നിന്ന് രാജമാതാവ് എന്ന നിലയിലേക്ക് ഉയർന്നതോടെ ശർമിഷ്ട ഒരു തരത്തിൽ നോക്കിയാൽ ദേവയാനിയോട് തക്കതായ പ്രതികാരവും ചെയ്തു.[4]
ഏറെ കരുതലോടെ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ പോലും എങ്ങനെ പാളിപ്പോകുമെന്നതിന്റെ ദൃഷ്ടാന്തമാണ് സത്യവതി എന്ന് ഭാദുരി പ്രസ്താവിക്കുന്നു. വിവാഹത്തിനുമുമ്പുള്ള സന്താനലബ്ധി, മുക്കുവ യുവതിയായ സത്യവതിയുടെ പേരിന് കളങ്കം ചാർത്തുന്നില്ല. പരാശരമുനി പിതൃത്വം അംഗീകരിക്കയും പുത്രനെ തന്നോടൊപ്പം വിദ്യാഭ്യാസത്തിനായി കൊണ്ടു പോകയും ചെയ്തു. സത്യവതി ഒന്നേ ആവശ്യപ്പെട്ടുള്ളു- ശരീരത്തിന്റെ മത്സ്യഗന്ധം മാറിക്കിട്ടണം. മുനിയുടെ അനുഗ്രഹത്താൽ യോജനകളോളം പരക്കുന്ന കസ്തൂരിഗന്ധം അവളിൽ നിന്നു പ്രസരിച്ചു. ഹസ്തിനാപുരി രാജൻ ശാന്തനുവിനോടും സ്വപിതാവിലൂടെ അവൾ ഒന്നേ ആവശ്യപ്പെട്ടുള്ളു- തനിക്കു പിറക്കുന്ന പുത്രൻ കിരീടാവകാശിയാകണമെന്ന്[5]. പക്ഷെ തന്റെ രണ്ടു പുത്രന്മാരും അകാലമൃത്യുവടഞ്ഞപ്പോൾ വിധവകളായ പുത്രഭാര്യമാരുടെ ഇഷ്ടാനിഷ്ടങ്ങൾ ആരായാതെ അവരിൽ സന്താനോത്പാദനം നടത്താൻ വേദവ്യാസനെ വരുത്തി. അതിന്റെ ഫലവും സത്യവതി അനുഭവിച്ചറിഞ്ഞു[6].രാജകീയസുഖങ്ങൾ സത്യവതിയുടെ ദൗർബല്യമായിരുന്നെന്നും പാണ്ഡുവിന്റെ മരണശേഷം വ്യാസന്റെ നിർബന്ധം കൊണ്ടു മാത്രമാണ് വനവാസത്തിനു തയ്യാറായതെന്നും ഭാദുരി അനുമാനിക്കുന്നു[7].
ഉദ്യോഗ പർവത്തിൽ ഭീഷ്മനാണ് അംബയുടെ കഥ പറയുന്നത്. സ്വയംവരമണ്പത്തിൽ നിന്ന് സഹോദരിമാരോടൊപ്പം ഭീഷ്മനാൽ അപഹരിക്കപ്പെട്ടതുമുതൽ അംബയുടെ കഷ്ടകാലം ആരംഭിച്ചു. പുരുഷമേധാവിത്വം നിലനില്ക്കുന്ന സമാജത്തിൽ സ്ത്രീക്ക് നീതിലഭിക്കില്ലെന്നതിനാൽ അംബ സ്ത്രീത്വം തന്നെ ഉപേക്ഷിക്കാൻ തയ്യാറായി അംബയിൽ നിന്ന് ശിഖണ്ഡിയിലേക്കുള്ള പരിവർത്തനം ഒരു ലിംഗപരിവർത്തനം ആയിരുന്നില്ലെന്നും സ്ത്രീസഹജമായ സകലമാന സ്വഭാവങ്ങളും തിരസ്കരിക്കുക മാത്രമായിരുന്നെന്നും അതുകൊണ്ടാണ് നൈവ സ്ത്രീ ന പുമാനിഹ എന്ന് അംബ സ്വയം വിശേഷിപ്പിച്ചതെന്നും ഭാദുരി ചൂണ്ടിക്കാട്ടുന്നു.[8]
ഗാന്ധാരി എന്ന കഥാപാത്രത്തിന് മഹാഭാരതത്തിൽ മറ്റു പേരുകളില്ലെന്ന കാര്യം ഭാദുരി ചൂണ്ടിക്കാട്ടുന്നു. തന്റെ ഇഷ്ടാനിഷ്ടങ്ങളാരായാതെ കുലമഹിമ മാത്രം കണക്കിലെടുത്ത് തന്നെ ഒരന്ധന് വിവാഹം ചെയ്തു കൊടുക്കുന്നതിൽ പ്രതിഷേധിച്ചാവാം ഗാന്ധാരി വിവാഹനിശ്ചയം മുതൽ കണ്ണുകൾ കെട്ടാൻ തീരുമാനിച്ചതെന്ന് ഒരഭിപ്രായം ഭാദുരി മുന്നോട്ടു വെക്കുന്നുണ്ട്[9]. ധൃതരാഷ്ടരോടുള്ള അനുതാപവും പ്രതിബദ്ധതയും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ ഗാന്ധാരി മടിച്ചു.
കൗമാരകൗതുകം തനിക്കു നല്കിയ മകനെ പൊതുജനസമക്ഷം അംഗീകരിക്കാൻ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടും കുന്തി തയ്യാറാവാഞ്ഞതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ കാര്യകാരണങ്ങൾ ഭാദുരി വിലയിരുത്തുന്നു. ഒടുവിൽ വാനപ്രസ്ഥത്തിന്റെ അന്ത്യദശയിലാണ് കുന്തി വ്യാസനും മറ്റു കുടുംബാംഗങ്ങൾക്കും മുമ്പാകെ ഒരേറ്റു പറച്ചിൽ നടത്തുന്നത്.[10]
മഹാകാവ്യത്തിൽ അരികുവത്കരിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് മാദ്രി. മാദ്രി മഹത്ത്വം അവകാശപ്പെടുന്നില്ല. സ്വന്തം ശാരീരികമായി താൻ അതൃപ്തയാണെന്ന കാര്യം മറച്ചു വെക്കുന്നുമില്ല. അതുകൊണ്ടു തന്നേയാണ് പാണ്ഡുവിന്റെ മരണശേഷം ദേഹത്യാഗത്തിനു തയ്യാറാവുന്നത്. [11]
ഭീമനോടുള്ള അഭിനിവേശം പരസ്യമായി ഘോഷിച്ചവളാണ് ഹിഡിംബി. പുത്രൻ ജനിക്കുവരെ ഭീമനുമായുള്ള സഹവാസത്തിന് കുന്തി അനുമതി നല്കിയെങ്കിലും ഹിഡിംബയെ പുത്രവധുവായി ആചാരപ്രകാരം സ്വീകരിച്ചില്ലെന്ന യാഥാർഥ്യത്തെ ഭാദുരി വിശ്ലേഷണം ചെയ്യുന്നു.[12]
സൂതപുത്രനെ വരിക്കാൻ താൻ തയ്യാറല്ല എന്ന് സ്വയംവരസഭയിൽ ഉച്ചൈസ്തരം ഘോഷിച്ച ദ്രൗപദി എന്തുകൊണ്ട് അഞ്ചുപേരുടെ വധുവാകാൻ തയ്യാറായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഭാദുരി ശ്രമിക്കുന്നു. പുരുഷമോധാവിത്വ സമൂഹത്തിൽ സ്ത്രീയുടെ നിലയും വിലയും മാറിമറിഞ്ഞതിനെക്കുറിച്ച് വിചിന്തനം ചെയ്യുന്നു. [13]
ഉലൂപിയുമായി ഒരു രാത്രിയുടെ വേഴ്ചയും ചിത്രാംഗദയുമായി മൂന്നുവർഷത്തോളം നീണ്ടു നിന്ന ദാമ്പത്യവുമായിരുന്നു അർജുനന്റേത്. രണ്ടു സ്ത്രീകളും അർജുനനെ എന്നെന്നേയ്ക്കുമായി സ്വന്തമാക്കാൻ ശ്രമിച്ചില്ല. ഇത്തരമൊരു ബന്ധത്തിന്റെ സാമൂഹ്യനീതി ഭാദുരി ആരായുന്നു.
അർജുനൻ-സുഭദ്ര വിവാഹം കൃഷ്ണന്റെ രാഷ്ട്രീയകരുനീക്കങ്ങളുടെ ഭാഗമായിരുന്നേക്കാമെന്ന് ഭാദുരി അനുമാനിക്കുന്നു. [14]. മഹാകാവ്യത്തിലുടനീളം സുഭദ്ര അനുസരണശീലയും സൗമ്യവതിയുമായ കഥാപാത്രമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.[15]
സ്വന്തം വീട്ടുകാരെ ധിക്കരിച്ച് കൃഷ്ണനോട് പ്രണയമുണർത്തിക്കാൻ ധൈര്യം കാട്ടിയ രുക്മിണി, വിവാഹാനന്തരം പതിയെ ഒരിക്കലും ചോദ്യം ചെയ്യാത്ത, സംശയിക്കാത്ത അക്ഷരം പ്രതി അനുസരിക്കുന്ന പത്നിയായി മാറിയതിന്റെ കാര്യകാരണങ്ങളും സാധാരണ വിവാഹജീവിതത്തിൽ അതിന്റെ അനന്തരഫലങ്ങളും എന്തെന്ന് ഭാദുരി അന്വേഷിക്കുന്നു[16].
വിവാഹജീവിതത്തിൽ പങ്കാളികൾക്കിടയിൽ സൗഹൃദത്തിനുള്ള സ്ഥാനമാണ് ചർച്ചാവിഷയമാകുന്നത്.[17]
ബൃഹത്തായ മഹാഭാരതകാവ്യത്തിൽ സുദേഷ്ണയെന്ന കഥാപാത്രത്തിന് ഒട്ടും പ്രാധാന്യമില്ലെങ്കിലും അധികാരസ്ഥാനത്തിരിക്കുന്നവർ കീഴ്ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി ഭാദുരി വിശകലനം ചെയ്യുന്നു.[18]
വിവാഹം സന്താനലബ്ധിക്കു മാത്രമായുള്ള ഉപാധിയല്ലെന്നും സ്ത്രീക്കും പുരുഷനും ആനന്ദം നല്കുന്ന ശാരീരികവേഴ്ചയാണെന്നുമുള്ള ലോപമുദ്രയുടെ പ്രസ്താവനയെ ഭാദുരി വിലയിരുത്തുന്നു.[19]
അത്യന്തം വിചിത്രമായ മാധവിയുടെ കഥയിലൂടെ വ്യാസൻ എന്തു സന്ദേശമാണ് നല്കുന്നതെന്ന് അറിയാൻ ശ്രമിക്കുകയാണ് ഭാദുരി [20].
ഉത്തരയെന്ന സ്ത്രീ കഥാപാത്രം മഹാഭാരതകാവ്യത്തിലെ അവസാനത്തെ കണ്ണികളിലൊന്നാണ്. പുതിയൊരു തലമുറയുടെ ജനനി, പരീക്ഷിത്തിന്റെ മാതാവ് എന്ന നിലക്കു മാത്രമാണ് ഉത്തരയുടെ മൂല്യമെങ്കിലും ആ കഥാപാത്രത്തിന് അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഇന്നും പ്രസക്തമാണെന്ന് ഭാദുരി അഭിപ്രായപ്പെടുന്നു{ {sfn|Ashtadashi|p=740-823}}
അവലംബം
[തിരുത്തുക]- ↑ Nrisinghaprasad Bhaduri (2014). Mahabharater Ashtaadashi (3 ed.). Anand. ISBN 9789350402801.
- ↑ Ashtadashi, p. 11-12.
- ↑ Ashtadashi, p. 9-10.
- ↑ Ashtadashi, p. 97-98.
- ↑ Ashtadashi, p. 117, 121.
- ↑ Ashtadashi, p. 127-9.
- ↑ Ashtadashi, p. 131.
- ↑ Ashtadashi, p. 158.
- ↑ Ashtadashi, p. 169-170.
- ↑ Ashtadashi, p. 248-349.
- ↑ Ashtadashi, p. 366-370.
- ↑ Ashtadashi, p. 371-405.
- ↑ Ashtadashi, p. 406-563.
- ↑ Ashtadashi, p. 617-.
- ↑ Ashtadashi, p. 632.
- ↑ Ashtadashi, p. 633-654.
- ↑ Ashtadashi, p. 655-706.
- ↑ Ashtadashi, p. 707-724.
- ↑ Ashtadashi, p. 725-746.
- ↑ Ashtadashi, p. 747-779.