മേല്പുത്തൂർ നാരായണ ഭട്ടതിരി
പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേൽപുത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559/60, മരണം - 1645/46). അക്കാലത്തെ മഹാപണ്ഡിതനായിരുന്ന തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപുത്തൂർ നാരായണ ഭട്ടതിരി മാധവന്റെ ജ്യോതിശാസ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയാ സർവ്വസ്വം ആണ്. മേൽപുത്തൂർ, നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.
ജനനം
[തിരുത്തുക]കൊല്ലവർഷം 735 (ക്രിസ്തുവർഷം 1559-'60) മേൽപുത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു. [1] പൊന്നാനി താലൂക്കിൽ തിരുനാവായ റെയിൽവേസ്റ്റേഷനടുത്തായി (പഴയ പേര് എടക്കുളം) ഇന്ന് സ്ഥിതിചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേൽപ്പുത്തൂർ ഇല്ലം. തിരുനാവായ നാവാമുകുന്ദക്ഷേത്രം ഇതിനടുത്താണ്. നാരായണഭട്ടതിരിയുടെ അച്ഛൻ മാതൃദത്തഭട്ടതിരിയായിരുന്നു. മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായ തിരുനാവായക്ക് അടുത്താണ് മേൽപ്പുത്തൂർ ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഡിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരുകേട്ട പയ്യൂരില്ലം ആയിരുന്നു.[2]. അദ്ദേഹത്തിന് ദാമോദരൻ എന്നൊരു ജ്യേഷ്ഠനും മാതൃദത്തൻ രണ്ടാമൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണുന്നു.
ബാല്യം, ജീവിതം
[തിരുത്തുക]ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മീമാംസാദി വിദ്യ അഭ്യസിച്ചു.[3] പിന്നീട് മാധവൻ എന്ന ഗുരുനാഥനിൽനിന്ന് ഋഗ്വേദവും [4] ജ്യേഷ്ഠനായ ദാമോദനിൽ നിന്ന് തർക്കശാസ്ത്രവും[5]അച്യുതപ്പിഷാരടിയിൽ നിന്ന് തർക്ക ശാസ്ത്രവും [6] പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.[7]. പിന്നീട് ജ്യേഷ്ഠനുമായി പിണങ്ങിയോ എന്നു സംശയിക്കതക്കതാണ് നാരായണീയത്തിലെ പ്രസ്താവം (ഭ്രാതാ മേ വന്ധ്യശീകീ ഭജതികിൽ വിഷ്ണുമിത്ഥം ...) [8] 16-ആം വയസ്സിൽ അദ്ദേഹം ഒരു പണ്ഡിതനായി.
നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തരവളെ പത്നിയായി സ്വീകരിച്ചത്. അദ്ദേഹം "മൂസ്സ്' മൂത്തമകൻ അല്ലാത്തതിനാലാണെന്നില്ല. എന്നാൽ മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി എന്ന ഉള്ളൂരിന്റെ പ്രസ്താവന [9] പുനരാലോചിക്കപ്പെടേണ്ടതാണ് [10] അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൾക്കൊള്ളുന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയരചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന് 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
നാരായണീയം
[തിരുത്തുക]നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1586-ൽ ആണ് എഴുതപ്പെട്ടത്.
ഐതിഹ്യം
[തിരുത്തുക]വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പുത്തൂരിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേൽപുത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത്. അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നും ഗുരുവായൂരമ്പലത്തിൽ പോയി ഭജനമിരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവസവും ഉണ്ടാക്കിച്ചൊല്ലി 1587-ൽ 1000-ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. [11] തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 763 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
പൂർവ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഡിതനും വക്താവുമായിരുന്നു അദ്ദേഹം. ഈ മേഖലകളിൽ നിരവധി പണ്ഡിതസദസ്സുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രേവതി പട്ടത്താനം അടക്കമുള്ള വേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. എന്നാൽ, ഒരിയ്ക്കൽ മാത്രമേ പട്ടത്താനത്തിൽ അദ്ദേഹം വിജയിച്ചിട്ടുള്ളൂ. പിന്നീട് നാരായണീയരചനയിലൂടെ കൂടുതൽ പ്രശസ്തനായ മേൽപ്പുത്തൂർ, സാമൂതിരിയുടെ സദസ്യനായും മാറി. സാമൂതിരിയെക്കൂടാതെ കൊച്ചി, ചെമ്പകശ്ശേരി രാജാക്കന്മാരുടെയും സദസ്യനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ താമസിയ്ക്കുന്ന കാലത്ത് അദ്ദേഹം പ്രക്രിയാ സർവസ്വം എന്ന അതിവിശേഷപ്പെട്ട വ്യാകരണഗ്രന്ഥം രചിച്ചിട്ടുണ്ട്. അവസാനം, ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെ, പൊന്നാനി താലൂക്കിൽ പെട്ട മൂക്കുതലയിൽ സ്ഥിരതാമസമാക്കിയ മേൽപ്പുത്തൂർ, അവിടെയുള്ള രണ്ട് ഭഗവതിക്ഷേത്രങ്ങളെക്കുറിച്ച് നിരവധി സ്തുതിഗീതങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും പ്രധാനം, ദേവിയുടെ പാദങ്ങളെ മാത്രം സ്തുതിയ്ക്കുന്ന എഴുപത് ശ്ലോകങ്ങൾ അടങ്ങിയ ശ്രീപാദസപ്തതി എന്ന കൃതിയാണ്. നാരായണീയത്തോളം തന്നെ പ്രശസ്തമായ ഈ കൃതി അദ്ദേഹം രചിച്ചത് 70-ആമത്തെ വയസ്സിലാണെന്ന് പറയപ്പെടുന്നു. പിന്നീട് കുറഞ്ഞത് 86 വയസ്സുവരെയെങ്കിലും ജീവിച്ച അദ്ദേഹം, മൂക്കുതലയിൽ വച്ചുതന്നെ അന്തരിച്ചു. അനായാസമരണമായിരുന്നു അദ്ദേഹത്തിന്.
മേൽപുത്തൂർ ദിനം
[തിരുത്തുക]എല്ലാ വർഷവും നവംബർ 24-ന് (വൃശ്ചികം എട്ട്) മേൽപുത്തൂർ ദിനമായി ആചരിക്കുന്നു.[12]
ചില കൃതികൾ
[തിരുത്തുക]- നാരായണീയം [13]
- പ്രക്രിയാ സർവ്വസ്വം
- അപാണിനീയ പ്രമാണ്യ സാധനം
- ധാതുകാവ്യം
- മാനമേയോദയം
- തന്ത്രവാർത്തിക നിബന്ധനം
- ശ്രീപാദസപ്തതി
- മാടരാജപ്രശസ്തി
- ശൈലാബ്ധീശ്വര പ്രശസ്തി
- ഗുരുവായൂർപുരേശസ്തോത്രം
- പാഞ്ചാലീ സ്വയം വരം
- പാർവ്വതീ സ്വയംവരം
- കിരാതം പ്രബദ്ധം
- സ്യമന്തകം പ്രബദ്ധം
- ഭഗവത്ദൂത് പ്രബദ്ധം
- രാജസൂയം പ്രബദ്ധം
ഇതും കാണുക
[തിരുത്തുക]പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഗുരുവായൂർ ദേവസ്വം Archived 2009-09-13 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ മംഗളോദയം വാല്യം 5 പേജ് 265-66
- ↑ മേൽപുത്തൂരിന്റെ വ്യാകരണപ്രതിഭ-എൻ വി കൃഷ്ണവാരിയർ, ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരണം പേജ് 3
- ↑ (മീമാംസാദി സ്വതാതാത്)
- ↑ (നിഗമമവികലം മാധവാചാര്യവര്യാത്)
- ↑ (തർക്കം ദാമോദരാര്യാത്)
- ↑ (പദപദവീം അച്ചുതാചാര്യവര്യാത്)
- ↑ (ന്യായഖണ്ഡം)
- ↑ (നാരായണീയം 92-4)
- ↑ കേ സാ ച വല്യം 2 386
- ↑ (കൃഷ്ണവാരിയർ പേജ് 5)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-13. Retrieved 2007-01-13.
- ↑ calendar 2019. "കേരള സർക്കാർ കലണ്ടർ". kerala government. Archived from the original on 2019-11-02.
{{cite journal}}
: CS1 maint: numeric names: authors list (link) - ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.