Jump to content

ഗുരുവായൂരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുവായൂരപ്പൻ
ആദിനാരായണൻ/മഹാവിഷ്ണു
ഗുരുവായൂരപ്പന്റെ ഒരു എണ്ണച്ഛായാചിത്രം - രാജശേഖരൻ പരമേശ്വരൻ വരച്ചത്
സംസ്കൃതംGuruvāyūrappan
മലയാളംഗുരുവായൂരപ്പൻ
പദവിആദിനാരായണൻ(മഹാവിഷ്‌ണു)/ശ്രീകൃഷ്ണൻ
നിവാസംവൈകുണ്ഠം, ഗുരുവായൂർ
ഗ്രഹംഭൂമി
മന്ത്രംഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ
ആയുധങ്ങൾസുദർശന ചക്രം, പാഞ്ചജന്യം, കൗമോദകി (ഗദ), താമര
ജീവിത പങ്കാളിലക്ഷ്മി
വാഹനംഗരുഡൻ

തെക്കേ ഇന്ത്യയിൽ, പ്രധാനമായും കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ മഹാവിഷ്ണുവിന്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണനാണ്. അതിൽ തന്നെ ഉണ്ണിക്കണ്ണനായാണ് ഭൂരിഭാഗം ഭക്തരും ഗുരുവായൂരപ്പനെ കാണുന്നത്. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ഭഗവാന്, ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. ഗുരുവായൂരപ്പനും, അയ്യപ്പനും, ഭഗവതിയും, നാഗദൈവങ്ങളും കേരളീയ ഹൈന്ദവാരാധനയുടെ കേന്ദ്രബിന്ദുക്കളായി കണക്കാക്കപ്പെടുന്നു.

പ്രതിഷ്ഠ

[തിരുത്തുക]

'പാതാളാഞ്ജനം' എന്ന അപൂർവ്വയിനം ശിലയിൽ തീർത്ത അതിമനോഹരമായ വിഗ്രഹമാണ് ഗുരുവായൂരപ്പന്റേത്. ഏകദേശം നാലടി ഉയരം ഉണ്ട് വിഗ്രഹത്തിന്. നാലു കൈകൾ ഉള്ള വിഗ്രഹത്തിൻ്റെ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ വലതുകയ്യിൽ താമരയും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി എന്ന ഗദയും പിടിച്ചിരിയ്ക്കുന്നു. ചില ചിത്രങ്ങളിൽ ശ്രീകൃഷ്ണസങ്കല്പത്തിൽ ഓടക്കുഴലും കാണാം. കൂടാതെ, വനമാലയും ശ്രീവത്സവും കൗസ്തുഭവും ഗോപിക്കുറിയും പീതാംബരവുമെല്ലാം വിഗ്രഹത്തിൽ ചാർത്തിവരുന്നുണ്ട്. സാധാരണ വിഷ്ണുവിഗ്രഹങ്ങളുടേതുപോലെ നിൽക്കുന്ന രൂപത്തിലാണ് ഗുരുവായൂരിലെ വിഗ്രഹവും. കിഴക്കോട്ട് ദർശനം നൽകിയാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

തന്ത്രശാസ്ത്രപ്രകാരം, വിഷ്ണുവിഗ്രഹത്തിന് 24 രൂപഭേദങ്ങളുണ്ട്. അവയിൽ 12 എണ്ണം അതിപ്രധാനമാണ്. കാഴ്ചയിൽ ഈ 24 പേരും ഒരേപോലെ തോന്നുമെങ്കിലും രൂപഭേദങ്ങളനുസരിച്ച് ശംഖചക്രഗദാപത്മങ്ങൾ കാണപ്പെടുന്ന കൈകൾക്ക് വ്യത്യാസമുണ്ടാകും. പുറകിലെ വലതുകയ്യിൽ ചക്രം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുന്നിലെ ഇടതുകയ്യിൽ ഗദ, മുന്നിലെ വലതുകയ്യിൽ താമര എന്നിങ്ങനെ കാണപ്പെടുന്ന വിഷ്ണുവിഗ്രഹരൂപത്തിന് ജനാർദ്ദനൻ എന്നാണ് പേര്. ഗുരുവായൂരടക്കം കേരളത്തിലെ ഭൂരിപക്ഷം വൈഷ്ണവദേവാലയങ്ങളിലും ഈ രൂപത്തിലാണ് വിഗ്രഹമുള്ളത്.

പാതാളാഞ്ജനശിലയിൽ തീർത്ത മൂലവിഗ്രഹം കൂടാതെ വേറെയും രണ്ട് വിഗ്രഹങ്ങൾ ഗുരുവായൂർ ശ്രീലകത്തുണ്ട്. അവയിൽ വലതുവശത്തുള്ളത് പഞ്ചലോഹത്തിൽ തീർത്ത ആറാട്ടുതിടമ്പും ഇടതുവശത്തുള്ളത് സ്വർണ്ണത്തിൽ തീർത്ത ശീവേലിത്തിടമ്പുമാണ്. ആദ്യത്തെ വിഗ്രഹം, ഇന്നത്തെ ആലപ്പുഴ ജില്ലയിൽ പെട്ട മാന്നാർ എന്ന സ്ഥലത്തുവച്ച് പണികഴിപ്പിയ്ക്കപ്പെട്ട, അല്പം രൗദ്രഭാവത്തോടുകൂടിയ മഹാവിഷ്ണുരൂപമാണ്. ഇതിന് ഏകദേശം ഒരടി ഉയരം വരും. വർഷത്തിലൊരിയ്ക്കൽ ആറാട്ടുദിവസം മാത്രമേ ഇത് എഴുന്നള്ളിയ്ക്കാറുള്ളൂ. രണ്ടാമത്തെ വിഗ്രഹം, മുമ്പുണ്ടായിരുന്ന തിടമ്പിന് കേടുവന്നതിനെത്തുടർന്ന് 1975-ൽ പണികഴിപ്പിച്ചതാണ്. കൊടുങ്ങല്ലൂർ സ്വദേശിയായിരുന്ന വേലപ്പൻ ആചാരിയും പുത്രനായ കുട്ടൻ ആചാരിയും ചേർന്നാണ് ഈ തിടമ്പ് പണികഴിപ്പിച്ചത്. നിത്യശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കുന്നത് ഈ വിഗ്രഹമാണ്.

കേരളത്തിലെ എല്ലാ ഹൈന്ദവഭവനങ്ങളിലും ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ കാണാം. അവയിലധികവും ഗുരുവായൂരിലെ വിഗ്രഹത്തിന്റെ രൂപത്തിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെങ്കിലും അപൂർവ്വം ചിലതിൽ ഉണ്ണിക്കണ്ണന്റെ രൂപത്തിലും വരച്ചുകാട്ടാറുണ്ട്. ഈ രൂപത്തിലുള്ള ചിത്രങ്ങളിൽ ഭഗവാൻ, ചുവന്ന പട്ടുകോണകം ചാർത്തി വലതുകയ്യിൽ വെണ്ണയും ഇടതുകയ്യിൽ ഓടക്കുഴലും പിടിച്ച രൂപത്തിലാണ് കാണപ്പെടുന്നത്. ഗുരുവായൂരപ്പന്റെ ഉഷഃപൂജ സമയത്തെ ദർശനരൂപമാണിത്. ഭഗവാന് ചാർത്തിയ കോണകം, ഭക്തർക്ക് പ്രസാദമായി നൽകാറുണ്ട്. ഉഷഃപൂജയ്ക്കുള്ള ഈ രൂപം കൂടാതെ പന്തീരടിപൂജയ്ക്കും ഉച്ചപ്പൂജയ്ക്കുമായി വേറെയും രണ്ട് അലങ്കാരങ്ങളുണ്ട്. അവയിൽ, ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം ഓരോ ദിവസവും ഓരോ രൂപത്തിലാണ്. സാധാരണയായി ശ്രീകൃഷ്ണരൂപങ്ങളിൽ, അവയിൽത്തന്നെ ഉണ്ണിക്കണ്ണന്റെ രൂപങ്ങളിൽ തന്നെയാണ് അലങ്കാരമുണ്ടാകാറുള്ളതെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ മഹാവിഷ്ണുവിന്റെ മറ്റുള്ള അവതാരങ്ങളായും അത്യപൂർവ്വമായി മറ്റുള്ള വൈഷ്ണവക്ഷേത്രങ്ങളിലെ മൂർത്തികളായും ഗുരുവായൂരപ്പനെ അലങ്കരിയ്ക്കാറുണ്ട്. കൂടാതെ, യഥാരൂപത്തിൽ തന്നെ ഭഗവാനെ അലങ്കരിച്ചുവരാറുണ്ട്. ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജയ്ക്കുള്ള അലങ്കാരം അതിവിശേഷമാണ്.

ഉച്ചപ്പൂജ അലങ്കാരവർണ്ണന

[തിരുത്തുക]

2020 സെപ്റ്റംബർ മാസത്തിൽ ഗുരുവായൂരപ്പന് ദിവസേന ഉച്ചപ്പൂജ കഴിഞ്ഞുള്ള കളഭച്ചാർത്തിന്റെ വിശദമായ ഒരു വർണ്ണന ആരംഭിയ്ക്കുകയുണ്ടായി. ക്ഷേത്രം കീഴ്ശാന്തിയും ദീർഘകാലമായി ഉച്ചപ്പൂജ തൊഴുതുവരുന്ന വ്യക്തിയുമായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഇത് തുടങ്ങിയത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സുധ എന്ന സ്ത്രീയ്ക്ക് കേൾക്കാനായി തുടങ്ങിയ ഈ ശ്രമം, പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വൻ ജനപ്രീതി പിടിച്ചുപറ്റുകയായിരുന്നു. കോവിഡ്-19 മഹാമാരി മൂലം ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിയ്ക്കാതിരുന്ന ഭക്തർ, തങ്ങൾക്ക് ലഭിച്ച ഒരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആദ്യകാലത്ത് വിവിധ യൂട്യൂബ് ചാനലുകളിൽ ലഭ്യമായിരുന്ന അലങ്കാരവർണ്ണന, 2021 ഒക്ടോബർ 28-ന് പൂർണ്ണമായും ദേവസ്വത്തിന് കീഴിലായി.

ഗുരുവായൂരപ്പന്റെ ഐതിഹ്യകഥകൾ

[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രവുമായും ഗുരുവായൂരപ്പനുമായും ബന്ധപ്പെട്ട് നിരവധി ഐതിഹ്യകഥകളാണുള്ളത്. അവയിൽ പലതും ഇന്നും പ്രസിദ്ധമാണ്. അത്തരത്തിലുള്ള ചില കഥകളാണ് ഇവിടെ ചേർക്കുന്നത്.

ക്ഷേത്രോത്പത്തിയും ജനമേജയന്റെ കുഷ്ഠരോഗവും

[തിരുത്തുക]

ശ്രീ നാരദപുരാണത്തിലേതെന്ന് ചിലർ പറയുന്നതും, എന്നാൽ അതിലില്ലാത്തതുമായ ഗുരുപവനപുര മാഹാത്മ്യം എന്ന കഥയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. അതിൽ പറയുന്ന കഥ ഇങ്ങനെ പോകുന്നു: കുരുവംശത്തിലെ പിന്മുറക്കാരനും, അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയൻ, തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ 'സർപ്പസത്രം' എന്ന ഉഗ്രയാഗം നടത്തി. നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി. എന്നാൽ, അമൃത് കുടിച്ചവനായതിനാൽ, തക്ഷകൻ മാത്രം ചത്തില്ല. ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു. രോഗവിമുക്തിയ്ക്കായി ഒരുപാട് വഴികൾ അദ്ദേഹം നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരുദിവസം അത്രിമഹർഷിയുടെ പുത്രനായ ആത്രേയമഹർഷി വരികയും രോഗവിമുക്തിയ്ക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിയ്ക്കണമെന്ന് ഉപദേശിയ്ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു. ആ കഥ ഇങ്ങനെ:

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ ബ്രഹ്മാവ് സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കേ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള വഴിയൊരുക്കിത്തരണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, പാതാളാഞ്ജനശിലയിൽ തന്റേതുതന്നെയായ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്, പിന്നീട് സന്താനഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന് സുതപസ്സിനും പ്രശ്നിയ്ക്കും മുന്നിൽ അവസാനം ഭഗവാൻ പ്രത്യക്ഷപ്പെടുകയും, താൻ തന്നെ മൂന്നുജന്മങ്ങളിൽ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നുജന്മങ്ങളിലും വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു.[1] അതനുസരിച്ച് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി 'പ്രശ്നിഗർഭൻ' എന്ന പേരിൽ അവതരിച്ചു. പ്രശ്നിഗർഭൻ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ ധ്രുവനുവേണ്ടി പുതിയൊരു ലോകം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു. ത്രേതായുഗത്തിലെ അടുത്ത ജന്മത്തിൽ സുതപസ്സ്, കശ്യപനായും പ്രശ്നി അദിതിയായും പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടേ പുത്രനായി 'വാമനൻ' എന്ന പേരിൽ അവതരിച്ചു. പിന്നീട്, ദ്വാപരയുഗത്തിലെ അവസാനജന്മത്തിൽ സുതപസ്സ് വസുദേവരായും പ്രശ്നി ദേവകിയായും പുനർജനിച്ചപ്പോൾ ഭഗവാൻ വീണ്ടും അവരുടെ എട്ടാമത്തെ പുത്രനായി 'കൃഷ്ണൻ' എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് ഭഗവദ്നിർമ്മിതമായ ഭഗവദ്വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.[2]

മാതാപിതാക്കൾ നിത്യപൂജ നടത്തിവന്നിരുന്ന ഈ വിഗ്രഹം, അവരുടെ കാലശേഷം ശ്രീകൃഷ്ണഭഗവാന്റെ കയ്യിൽ തന്നെയെത്തി. തന്റെ പുതിയ വാസസ്ഥാനമായ ദ്വാരകയിലേയ്ക്ക് വിഗ്രഹം കൊണ്ടുപോയ ഭഗവാൻ, അവിടെ ഒരു ക്ഷേത്രം പണിയുകയും വിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. വൈഷ്ണവവാതാരമായ ഭഗവാൻ, എന്നും രാവിലെ പത്നിമാരായ രുക്മിണി-സത്യഭാമ ദേവിമാർക്കൊപ്പം ക്ഷേത്രത്തിലെത്തി പൂജ നടത്തുമായിരുന്നു. ഒടുവിൽ, ദ്വാപരയുഗത്തിന്റെ അവസാനമായി. ഭഗവാന് തന്റെ യഥാർത്ഥ വാസസ്ഥാനമായ വൈകുണ്ഠത്തിലേയ്ക്ക് മടങ്ങാനുള്ള സമയമായി. വൈകുണ്ഠാരോഹണത്തിന് തൊട്ടുമുമ്പ്, തന്റെ സുഹൃത്തും ശിഷ്യനും ഭക്തനുമായ ഉദ്ധവരെ ഭഗവാൻ വിളിച്ചുവരുത്തുകയും അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തു.

ഭഗവാൻ പറഞ്ഞതുപോലെ അന്നേയ്ക്ക് ഏഴാം നാൾ ദ്വാരകയിൽ വലിയൊരു സമുദ്രപ്രളയമുണ്ടായി. ദേവശില്പിയായ വിശ്വകർമ്മാവ് നിർമ്മിച്ചതും മനോഹരമായ കൊട്ടാരങ്ങളോടും പൂന്തോട്ടങ്ങളോടും കൂടിയതായിരുന്ന ദ്വാരക, അതിൽ പൂർണ്ണമായും നശിച്ചുപോയി. ദ്വാരകയിലെ പർവ്വതങ്ങളുടെ അടിവാരങ്ങൾ വരെ വെള്ളം കയറി. ഉദ്ധവർ ഇതിനോടകം തപസ്സിനായി ബദരീകാശ്രമത്തിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പോകും മുമ്പ് അദ്ദേഹം ദേവഗുരുവായ ബൃഹസ്പതിയെ വിളിയ്ക്കുകയും വിഗ്രഹത്തെപ്പറ്റി ബോധിപ്പിയ്ക്കുകയും ചെയ്തു. ബൃഹസ്പതി ദ്വാരകയിലെത്തുമ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. പക്ഷേ, തൊട്ടുപിന്നാലെ അദ്ദേഹം ആ കാഴ്ച കണ്ടു: മൂന്നുജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം, മഹാപ്രളയത്തെ അതിജീവിച്ച് ഉപ്പുവെള്ളത്തിൽ ഒഴുകിനടക്കുന്നു! പക്ഷേ, മഹാപ്രളയം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തുവരെ പോകാൻ കഴിഞ്ഞില്ല. ബൃഹസ്പതി, തന്റ് ശിഷ്യനായ വായുദേവനെ വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ വരുണന്റെ സഹായത്തോടെ തിരമാലകളുടെ ദിശ മാറ്റി വിഗ്രഹം തന്റെ ഗുരുവിനടുത്തെത്തിയ്ക്കുകയും ചെയ്തു. തുടർന്ന് വിഗ്രഹവുമായി പുറപ്പെടാൻ ബൃഹസ്പതിയും വായുദേവനും നോക്കുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്: എവിടെ പ്രതിഷ്ഠിയ്ക്കണം? ആ സമയത്ത്, വിഗ്രഹം ഭാർഗ്ഗവക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്ന് ഒരു അശരീരിയുണ്ടായി. അതനുസരിച്ച് ബൃഹസ്പതിയും വായുദേവനും ആകാശമാർഗ്ഗം ഭാർഗ്ഗവക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്, കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം കണ്ടു. സ്വച്ഛസുന്ദരമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തി. ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് ബൃഹസ്പതിയ്ക്കും വായുദേവന്നും തോന്നി. അപ്പോൾത്തന്നെ, അവർ ഒരു കാഴ്ച കണ്ടു. ലോകമാതാപിതാക്കളായ ശിവഭഗവാനും പാർവ്വതീദേവിയും ആനന്ദതാണ്ഡവമാടുന്നു! ഈ കാഴ്ച കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. ഒട്ടും പ്രതീക്ഷിയ്ക്കാത്ത സ്ഥലത്ത് ശിവനെ കണ്ടതിന്റെ കാരണം അന്വേഷിച്ച ദേവഗുരുവിനോട് താൻ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നുവെന്ന് ശിവൻ പറഞ്ഞു. തുടർന്ന്, പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലത്തിന്റെ മാഹാത്മ്യവും അദ്ദേഹം ബൃഹസ്പതിയ്ക്ക് വിവരിച്ചുകൊടുത്തു:

ഇത്രയും കേട്ടതോടെ ബൃഹസ്പതിയ്ക്കും വായുദേവന്നും സന്തോഷമായി. ബൃഹസ്പതി, ഉടനെ ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തി. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലമാകെ നോക്കിക്കണ്ട വിശ്വകർമ്മാവ്, അവിടെ എല്ലാ വാസ്തുശാസ്ത്ര നിബന്ധനകളുമനുസരിച്ച് മനോഹരമായ ഒരു ക്ഷേത്രം പണിതു. വിഷ്ണുഭഗവാനാൽ തന്നെ നിർമ്മിതമായതും, വൈഷ്ണവവാതാരമായ ശ്രീകൃഷ്ണഭഗവാനാൽ ആരാധിയ്ക്കപ്പെട്ടതുമായ പുണ്യവിഗ്രഹം, ബൃഹസ്പതിയും വായുദേവനും അവിടെ എല്ലാ ആചാരവിധികളോടുകൂടി പ്രതിഷ്ഠിച്ചു. ശിവഭഗവാൻ വിഗ്രഹത്തിന് ആദ്യപൂജ നടത്തി. പാർവ്വതീദേവി നിവേദ്യമുണ്ടാക്കി സമർപ്പിച്ചു. ഇന്ദ്രാദിദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. തുംബുരു-നാരദമഹർഷിമാരും യക്ഷ-കിന്നര-ഗന്ധർവ്വാദികളും സ്തുതിഗീതങ്ങൾ പാടി. ഗുരുവും വായുവും ഒരുമിച്ച് ഭഗവദ്വിഗ്രഹം പ്രതിഷ്ഠിച്ച പുണ്യഭൂമിയ്ക്ക് ഗുരുവായൂർ എന്നും അവർ പ്രതിഷ്ഠിച്ച ഭഗവാന് 'ഗുരുവായൂരപ്പൻ' എന്നും പേരുകൾ വന്നു. ഈ മംഗളമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പാർവ്വതീപരമേശ്വരന്മാർ, രുദ്രതീർത്ഥം എന്നുപേരുള്ള സ്ഥലത്തെ വലിയ തടാകത്തിന്റെ മറുകരയിലുള്ള മമ്മിയൂരിൽ ശക്തിപഞ്ചാക്ഷരീധ്യാനഭാവത്തിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് അവിടെയും തൊഴുതാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ. വൈകുണ്ഠത്തിലേതുപോലെ ഇവിടെയും ഭഗവാൻ പൂർണ്ണചൈതന്യത്തിൽ കുടികൊള്ളുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നതിനാൽ ഇവിടം ഭൂലോക വൈകുണ്ഠം എന്നും അറിയപ്പെടുന്നു.

ഇത്രയും കേട്ടപ്പോൾ ജനമേജയൻ കുടുംബസമേതം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. ഒരു വർഷക്കാലം അദ്ദേഹം അവിടെ ഭജനമിരുന്നു. പറ്റുന്ന അവസരങ്ങളിൽ അദ്ദേഹം മമ്മിയൂരിലെ ശിവക്ഷേത്രത്തിലും ദർശനം നടത്തി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയും ഒരു വർഷം തികയുന്നതിന്റെ തലേന്ന് രാത്രി അദ്ദേഹത്തിന് ഭഗവദ്ദർശനമുണ്ടാകുകയും അതോടെ രോഗം പൂർണ്ണമായും ഭേദമാകുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് അരോഗദൃഢഗാത്രനായി ഒരുപാടുകാലം ജീവിച്ചു.

പാണ്ഡ്യരാജാവിന്റെ കഥ

[തിരുത്തുക]

ഗുരുവായൂരുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്ന മറ്റൊരു കഥയാണ് ഒരു പാണ്ഡ്യരാജാവിന്റേത്. ഈ രാജാവ്, ഒരു ദിവസം തന്റെ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ജ്യോത്സ്യരെ വിളിച്ചുകൊണ്ടുവരികയും അദ്ദേഹത്തിന് തന്റെ ജാതകം കാണിച്ചുകൊടുക്കുകയും ചെയ്തു. രാജാവിന്റെ ജാതകം ഗണിച്ചുനോക്കിയ ജ്യോത്സ്യർ അദ്ദേഹം ഏതാനും ദിവസങ്ങൾക്കകം പാമ്പുകടിയേറ്റ് മരിയ്ക്കും എന്ന് വിധിയെഴുതി. ഇതറിഞ്ഞ് കുപിതനായ രാജാവ് ജ്യോത്സ്യരെ ജയിലിലടയ്ക്കാൻ തീരുമാനിച്ചെങ്കിലും മന്ത്രിമാർ അദ്ദേഹത്തെ തടഞ്ഞു. തുടർന്ന്, അപമൃത്യുവടയാനാണോ തന്റെ വിധി എന്നാലോചിച്ച് രാജാവ് ചിന്താധീനനായിരിയ്ക്കേ സദസ്സിലുണ്ടായിരുന്ന ഒരു നമ്പൂതിരി പാപപരിഹാരത്തിന് ഗുരുവായൂരിൽ പോകണമെന്നും അവിടെ വച്ച് മരിച്ചാൽത്തന്നെയും മോക്ഷം കിട്ടുമെന്നും നിർദ്ദേശിച്ചു. അതനുസരിച്ച് രാജാവും കുടുംബാംഗങ്ങളും നമ്പൂതിരിയും ജ്യോത്സ്യരും ഒരുമിച്ച് ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു.

ഗുരുവായൂരിലെത്തിയ രാജാവ്, തന്റെ മരണം പ്രവചിച്ച ദിവസം വരെയും ഭജനമിരിയ്ക്കാൻ തീരുമാനിച്ചു. അതനുസരിച്ചുള്ള എല്ലാ ചിട്ടകളും അദ്ദേഹം പാലിച്ചുപോന്നു. ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം രാവിലെ ഉണർന്നുനോക്കിയ രാജാവ്, താൻ ജീവിച്ചിരിയ്ക്കുന്നതായി മനസ്സിലാക്കി. ജ്യോത്സ്യർ മരണം പ്രവചിച്ചതിന്റെ പിറ്റേദിവസമായിരുന്നു അത്! ഒരേസമയം സന്തോഷവും കോപവും തോന്നിയ രാജാവ്, ജ്യോത്സ്യരുടെ അടുത്ത് പോകുകയും അദ്ദേഹത്തെ ശാസിയ്ക്കുകയും ചെയ്തു. തലേന്നുരാത്രി താൻ ഒരു പാമ്പിനെ കണ്ടതുപോലുമില്ല എന്നായിരുന്നു രാജാവിന്റെ വാദം. അപ്പോൾ ജ്യോത്സ്യർ രാജാവിന്റെ കാലിലേയ്ക്ക് നോക്കുകയും അവിടെയുള്ള ഒരു പാട് കാണിച്ചുകൊടുക്കുകയും ചെയ്തു. അത് പാമ്പുകടിച്ച പാടായിരുന്നു! ഭഗവദ്കാരുണ്യം കൊണ്ടുമാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ രാജാവ്, അപ്പോൾ ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പുനരുദ്ധരിയ്ക്കുന്നതിന് നിർദ്ദേശം നൽകുകയും തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയാണെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ക്ഷേത്രം, സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നവരത്നങ്ങൾ കൊണ്ടും പുതുക്കിപ്പണിയുകയും ശ്രീകോവിലിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരച്ചുചേർക്കുകയും ചെയ്തു. തന്റെ സമ്പത്ത് മുഴുവൻ ഗുരുവായൂരപ്പന് ദാനം ചെയ്ത അദ്ദേഹം, ശിഷ്ടകാലം തികഞ്ഞ ഗുരുവായൂരപ്പഭക്തനായി ജീവിച്ചുപോന്നു.[4]

ശങ്കരാചാര്യരുടെ വീഴ്ച

[തിരുത്തുക]

ഗുരുവായൂരപ്പന്റെ കഥകളിൽ സവിശേഷപ്രാധാന്യത്തോടെ പറഞ്ഞുകേൾക്കാറുള്ളതാണ് അദ്വൈത സിദ്ധാന്തത്തിന്റെ മുഖ്യപ്രയോക്താവായ ശങ്കരാചാര്യർക്ക് സംഭവിച്ച വീഴ്ച. ഒരു ഏകാദശിനാളിലാണ് ആ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ആ കഥ ഇങ്ങനെയാണ്:

ഒരുപാട് യോഗസിദ്ധികൾ സ്വന്തമായുണ്ടായിരുന്ന ശങ്കരാചാര്യർക്ക് ആകാശമാർഗ്ഗം സഞ്ചരിയ്ക്കാനുള്ള കഴിവുമുണ്ടായിരുന്നു. അദ്ദേഹം അത്തരത്തിൽ കാലടിയിൽ നിന്ന് ശൃംഗേരിയിലേയ്ക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അത് സംഭവിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന് മുകളിലൂടെയായിരുന്നു യാത്ര. ആകാശത്തുനിന്ന് ശങ്കരാചാര്യർ ക്ഷേത്രം കണ്ടെങ്കിലും അവിടെയിറങ്ങാനോ ഭഗവാനെ തൊഴാനോ അദ്ദേഹം ശ്രമിച്ചില്ല. ശ്രീകോവിലിന്റെ മുകളിലുള്ള ഭാഗം പിന്നിട്ട ഉടനെ ശങ്കരാചാര്യർ ഒറ്റ വീഴ്ച! അദ്ദേഹം നേരെ ചെന്നുവീണത് ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ്. ക്ഷേത്രത്തിൽ അപ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി വടക്കേ നടയിലെത്തിയപ്പോൾ എഴുന്നള്ളിപ്പിന്റെ നേരെ മുന്നിൽ വച്ചാണ് ശങ്കരാചാര്യർ ചെന്നുവീണത്. ആളുകൾ പരിഭ്രാന്തരായി ഓടിക്കൂടി. ശങ്കരാചാര്യർക്ക് ബോധമുണ്ടായിരുന്നില്ല. എന്നാൽ, ശരീരത്തിലെവിടെയും പരുക്കുകളും കണ്ടില്ല. ശാന്തിക്കാർ വന്ന് പുണ്യതീർത്ഥം മുഖത്ത് തെളിച്ചതും ബോധം വീണ്ടെടുത്ത ശങ്കരാചാര്യർ, ഗുരുവായൂരപ്പന്റെ നടയിൽ പോയി സാഷ്ടാംഗം പ്രണമിയ്ക്കുകയും സമസ്താപരാധം ഏറ്റുപറയുകയും ചെയ്തു. കുറച്ചുദിവസം കൂടി ക്ഷേത്രത്തിൽ തന്നെ കഴിച്ചുകൂട്ടിയ അദ്ദേഹം, ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും പുനഃക്രമീകരിയ്ക്കുകയും, ഗുരുവായൂരപ്പനെ സ്തുതിച്ച് ഗോവിന്ദാഷ്ടകം എന്ന കൃതി രചിയ്ക്കുകയും ചെയ്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതും അദ്ദേഹമാണ്.

നെന്മിനി ഉണ്ണി

[തിരുത്തുക]

ഗുരുവായൂരിൽ തന്നെയുള്ള ഒരു ബ്രാഹ്മണകുടുംബമാണ് നെന്മിനി മന. ഈ കുടുംബത്തിൽ പെട്ടവർ ഇന്നും ഗുരുവായൂരിലുണ്ട്. ഈ കുടുംബത്തിന്റെ വകയായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ലോഡ്ജും ഹോട്ടലുമടക്കമുള്ള സൗകര്യങ്ങളുണ്ട്. എല്ലാ വർഷവും വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള സപ്തമി വിളക്ക് സ്പോൺസർ ചെയ്യുന്നത് ഈ കുടുംബമാണ്. ഇവിടത്തെ പൂർവ്വികനായിരുന്ന ഒരു ഉണ്ണി നമ്പൂതിരിയുടെ കഥയാണ് ഇവിടെ കാണിയ്ക്കുന്നത്.

നെന്മിനി മനയിലെ അച്ഛൻ നമ്പൂതിരിയായിരുന്നു ഒരിയ്ക്കൽ ഗുരുവായൂരിലെ മേൽശാന്തി. ഒരു ദിവസം, അദ്ദേഹത്തിന് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകേണ്ടിവന്നു. സഹായിയായ കീഴ്ശാന്തിയും അന്ന് ക്ഷേത്രത്തിലുണ്ടായിരുന്നില്ല. ഭഗവാന്റെ പൂജ മുടങ്ങുമല്ലോ എന്നാലോചിച്ച് വിഷമിച്ച മേൽശാന്തി, ഒടുവിൽ തന്റെ മകനായ ഉണ്ണിനമ്പൂതിരിയെ പൂജയേല്പിയ്ക്കാൻ തീരുമാനിച്ചു. പോകും മുമ്പ് മേൽശാന്തി, ഉണ്ണിനമ്പൂതിരിയ്ക്ക് പൂജാവിധികളെല്ലാം പറഞ്ഞുകൊടുത്തു. ശ്രീകോവിലിനകത്ത് കയറിയ ഉണ്ണി, മലരുനിവേദ്യവും ഉഷഃപൂജയുമെല്ലാം വിധിപോലെ ചെയ്തു. അപ്പോഴാണ് ഉണ്ണി അത് ശ്രദ്ധിച്ചത്: നിവേദ്യച്ചോറ് മുഴുവൻ അതുപോലെത്തന്നെയിരിയ്ക്കുന്നു! ഉണ്ണി ആശങ്കാകുലനായി. തന്റെ പൂജ പിഴച്ചോ? ഭഗവാൻ നിവേദ്യം നേരിട്ടുണ്ണും എന്നായിരുന്നു അവന്റെ വിചാരം. പിന്നീട് അടുത്തുള്ള ഒരു സ്ഥലത്തുനിന്ന് ഉപ്പുമാങ്ങയും സംഭാരവും കൊണ്ടുവരികയും അവ ചോറിന്റെ കൂടെ കൂട്ടിക്കുഴച്ചുവയ്ക്കുകയും ചെയ്തു. പക്ഷേ, യാതൊരു ഫലവും കണ്ടില്ല. ഉണ്ണി പൊട്ടിക്കരയാൻ തുടങ്ങി. അവന്റെ കണ്ണീർ കേട്ട ഉണ്ണിക്കണ്ണൻ, ഒടുവിൽ അവനുമുന്നിൽ പ്രത്യക്ഷപ്പെടുകയും ഉണ്ണിയുടെ കയ്യിൽ നിന്ന് ചോറുമുഴുവൻ വാങ്ങിക്കഴിയ്ക്കുകയും ചെയ്തു. ഏറെ സന്തോഷിച്ചുപോയ ഉണ്ണി, പക്ഷേ നടതുറക്കാനുള്ള സമയം കഴിഞ്ഞതറിഞ്ഞില്ല.

സമയം കഴിഞ്ഞിട്ടും നടതുറക്കാത്തതിൽ ക്ഷേത്രത്തിലെ കഴകക്കാരായ വാര്യരും മാരാരും ആശങ്ക പ്രകടിപ്പിച്ചു. ഉണ്ണിയ്ക്ക് വല്ലതും സംഭവിച്ചോ എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ, തൊട്ടുപിന്നാലെ ഒഴിഞ്ഞ പൂജാപാത്രങ്ങളുമായി ഉണ്ണി പുറത്തെത്തി. പാത്രങ്ങൾ ഒഴിഞ്ഞിരിയ്ക്കുന്നത് കണ്ട വാര്യർ തനിയ്ക്ക് അവകാശപ്പെട്ട നിവേദ്യച്ചോറ് മുഴുവൻ ഉണ്ണി ഉണ്ടുതീർത്തു എന്ന് വിചാരിച്ചു. അയാൾ അവനെ വിളിച്ചുകൊണ്ടുപോകുകയും കയ്യിലുണ്ടായിരുന്ന വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. താനല്ല, ഭഗവാനാണ് എല്ലാം കഴിച്ചതെന്ന് ഉണ്ണി ഒരുപാടു തവണ പറഞ്ഞെങ്കിലും വാര്യർ അത് അംഗീകരിച്ചില്ല. ഒരുപാട് തവണ അയാൾ ഉണ്ണിയെ തല്ലി. ഇതിനിടയിൽ മേൽശാന്തി മടങ്ങിയെത്തി. വാര്യരിൽ നിന്ന് വിവരമറിഞ്ഞ അദ്ദേഹവും ഉണ്ണിയെ ഒരുപാട് തല്ലി. അങ്ങനെയിരിയ്ക്കുമ്പോഴാണ് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി മുഴങ്ങിയത്. ഉണ്ണി പറഞ്ഞത് ശരിയാണെന്നും അതിനാൽ തല്ലേണ്ടത് തന്നെയാണെന്നുമായിരുന്നു ആ അശരീരി. കുറ്റബോധം താങ്ങാനാകാതെ മേൽശാന്തിയും വാര്യരും ശ്രീകോവിലിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു.

നാരായണീയത്തിന്റെ ഉദ്ഭവം

[തിരുത്തുക]

ശ്രീമദ്ഭാഗവതത്തെ ആസ്പദമാക്കി രചിച്ച പ്രസിദ്ധമായൊരു സംസ്കൃതകാവ്യമാണ് 'നാരായണീയം'. പണ്ഡിതശ്രേഷ്ഠനായ മേല്പുത്തൂർ നാരായണ ഭട്ടതിരിയാണ് ഈ മഹാകാവ്യം രചിച്ചത്. പന്ത്രണ്ട് സ്കന്ധങ്ങളും പതിനായിരം ശ്ലോകങ്ങളുമടങ്ങിയ ഭാഗവതകാവ്യത്തെ, വെറും നൂറു ദശകങ്ങളിലും ആയിരം ശ്ലോകങ്ങളിലുമൊതുക്കിയ നാരായണീയം, ഭാഗവതത്തിൽ നിന്ന് വ്യത്യസ്തമായി കവി ഭഗവാനോട് സംവദിയ്ക്കുന്ന രീതിയിലാണ് രചിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള ഈ കാവ്യം ഉദ്ഭവിയ്ക്കാൻ കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ:

1560-ൽ ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരുനാവായയ്ക്കടുത്തുള്ള ചന്ദനക്കാവിലെ പണ്ഡിതകുടുംബമായ മേല്പുത്തൂർ ഇല്ലത്ത് ജനിച്ച നാരായണഭട്ടതിരി, മഹാപണ്ഡിതനായിരുന്ന അച്ഛൻ മാതൃദത്തഭട്ടതിരിയിൽ നിന്ന് മീമാംസയും മാധവൻ എന്ന ഗുരുവിൽ നിന്ന് ഋഗ്വേദവും ജ്യേഷ്ഠൻ ദാമോദരഭട്ടതിരിയിൽ നിന്ന് തർക്കശാസ്ത്രവും പഠിച്ചെടുത്തശേഷം, തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ കീഴിൽ ഉപരിപഠനം നടക്കുന്ന കാലത്താണ് നാരായണീയത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ നടന്നത്. ഗുരുതരമായ വാതരോഗം ബാധിച്ച അച്യുതപ്പിഷാരടിയെ മേല്പുത്തൂർ നല്ല രീതിയിൽ ശുശ്രൂഷിച്ചുപോന്നു. ഒടുവിൽ ഗുരുനാഥന്റെ അസുഖം മാറുകയും, അതേസമയം മേല്പുത്തൂരിന് അസുഖസൂചനകൾ തുടങ്ങുകയും ചെയ്തു. ഗുരുവിൽ നിന്ന് മേല്പുത്തൂർ അസുഖം ഇരന്നുവാങ്ങി എന്നാണ് കഥ. വാതരോഗം മാറാൻ നിരവധി ചികിത്സാരീതികൾ ചെയ്തുനോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ, സാക്ഷാൽ ധന്വന്തരിമൂർത്തിയായ ഗുരുവായൂരപ്പൻ തന്നെ ശരണം എന്ന് വിചാരിച്ച മേല്പുത്തൂർ, 1587 ഓഗസ്റ്റ് 27-ന് (കൊല്ലവർഷം 763 ചിങ്ങം 16), ചിങ്ങമാസത്തിലെ തിരുവോണം നാളിൽ, മാതാപിതാക്കൾക്കും അനുജനും കവിയുമായ ചെറിയ മാതൃദത്തഭട്ടതിരിയ്ക്കും ചില സഹായികൾക്കുമൊപ്പം ഗുരുവായൂരിലേയ്ക്ക് പുറപ്പെട്ടു. അമ്മാത്തായ പയ്യൂരില്ലമടക്കം പല സ്ഥലങ്ങളിലും തങ്ങിയ ശേഷം മൂന്നാം നാൾ അവർ ഗുരുവായൂരിലെത്തി.

ഗുരുവായൂരിലെത്തിയതും ഭഗവാനെ സ്തുതിച്ച് ഒരു കവിതയെഴുതണമെന്ന് മേല്പുത്തൂരിന് തോന്നി. പക്ഷേ, എവിടെനിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നൊന്നും അദ്ദേഹത്തിന് പിടികിട്ടിയില്ല. ഉറ്റ സുഹൃത്തും, മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്തെഴുത്തച്ഛനെത്തന്നെ സമീപിയ്ക്കാമെന്ന് വിചാരിച്ച മേല്പുത്തൂർ, തന്റെ സഹായികളെ തൃക്കണ്ടിയൂരിലേയ്ക്ക് വിട്ടു.

സഹായികൾ തൃക്കണ്ടിയൂരിലെ എഴുത്തച്ഛന്റെ വീട്ടിലെത്തുമ്പോൾ, അദ്ദേഹം തന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ വരികൾ ചൊല്ലി ചാരുകസേരയിലിരിയ്ക്കുകയായിരുന്നു. സഹായികൾ എഴുത്തച്ഛനോട് ആഗമനോദ്ദേശ്യം പറഞ്ഞപ്പോൾ മേല്പുത്തൂരിനോട് താൻ 'മത്സ്യം തൊട്ടുകൂട്ടാൻ പറഞ്ഞതായി' അറിയിയ്ക്കാൻ അദ്ദേഹം പറഞ്ഞു. ഗുരുവായൂർ മടങ്ങിയെത്തിയ സഹായികൾ മേല്പുത്തൂരിനോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷിയ്ക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ സഹായികളും സ്തബ്ധരായിപ്പോയി. മത്സ്യം തൊട്ടുള്ള വൈഷ്ണവാവതാരങ്ങളെ സ്തുതിച്ച് കീർത്തനമെഴുതുക എന്നായിരുന്നു എഴുത്തച്ഛൻ പറഞ്ഞതിന്റെ അന്തരാർത്ഥം എന്ന് മേല്പുത്തൂർ അവർക്ക് പറഞ്ഞുകൊടുത്തു. അങ്ങനെയാണ് സാന്ദ്രാനന്ദാവബോധാത്മകമനുപമിതം... എന്ന് തുടങ്ങുന്ന നാരായണീയത്തിന്റെ ആദ്യദശകം പിറന്നത്. തുടർന്ന്, ഓരോ ദിവസവും ഓരോ ദശകം എന്ന കണക്കിൽ നൂറുദിവസം കൊണ്ട് നൂറുദശകം പൂർത്തിയാക്കി. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവന്നു. ഒടുവിൽ, നൂറാം ദിവസം അദ്ദേഹം നാരായണീയരചന പൂർത്തിയാക്കുകയും അദ്ദേഹത്തിന് വേണുഗോപാലരൂപത്തിൽ ഗുരുവായൂരപ്പന്റെ ദർശനമുണ്ടാകുകയും അതോടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു.

ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കേ വാതിൽമാടത്തിലെ കിഴക്കേ അറ്റത്തെ തൂണിലിരുന്നാണ് മേല്പുത്തൂർ നാരായണീയം രചിച്ചത്. വാതരോഗം വന്ന് ശരീരം മുഴുവൻ തളർന്നുപോയ മേല്പുത്തൂർ ഓരോ ശ്ലോകങ്ങൾ എഴുതുകയും അനുജൻ അവ പകർത്തിയെടുക്കുകയുമായിരുന്നു എന്നാണ് കഥ. നാരായണീയരചനയോടുകൂടി ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം, പിന്നീട് കുറഞ്ഞത് 86 വയസ്സുവരെയെങ്കിലും ജീവിച്ചിരുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹം കൊച്ചി, അമ്പലപ്പുഴ, കോഴിക്കോട്, മൂക്കുതല തുടങ്ങിയ സ്ഥലങ്ങളിലായി ജീവിച്ചുപോരുകയും, അവിടങ്ങളിലെല്ലാം പ്രശസ്തനാകുകയും ചെയ്തു. പ്രക്രിയാ സർവ്വസ്വം, ശ്രീപാദ സപ്തതി, ഒരുപാട് ചമ്പുക്കൾ, പ്രശസ്തികൾ തുടങ്ങി വേറെയും ചില കൃതികൾ ഇക്കാലത്ത് അദ്ദേഹം രചിച്ചുപോയിട്ടുണ്ട്. മൂക്കുതലയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. അനായാസമരണമായിരുന്നു അദ്ദേഹത്തിന്.

ജ്ഞാനപ്പാനയുടെ ഉദ്ഭവം

[തിരുത്തുക]

മേല്പുത്തൂരിന്റെ സമകാലികനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മറ്റൊരു കവിയായിരുന്നു പൂന്താനം നമ്പൂതിരി. ഇന്നത്തെ മലപ്പുറം ജില്ലയിൽ തന്നെയുള്ള പെരിന്തൽമണ്ണയ്ക്കടുത്ത് കീഴാറ്റൂരിലായിരുന്നു അദ്ദേഹത്തിന്റെ ഇല്ലം. മേല്പുത്തൂരിൽ നിന്ന് വ്യത്യസ്തമായി സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമില്ലായിരുന്ന പൂന്താനം, മലയാളത്തിലാണ് കവിതകൾ രചിച്ചിരുന്നത്. തന്മൂലം സംസ്കൃതപണ്ഡിതന്മാർ അദ്ദേഹത്തെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. മലയാളത്തിലെ ഭഗവദ്ഗീത എന്നറിയപ്പെടുന്ന ' ജ്ഞാനപ്പാനയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ കൃതി എഴുതാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഏറെക്കാലം സന്താനഭാഗ്യമില്ലാതെ വിഷമിച്ചിരുന്ന പൂന്താനം, അതിനായി 'സന്താനഗോപാലം പാന' എന്ന കൃതി രചിച്ചു. അതിനെത്തുടർന്ന് അദ്ദേഹത്തിന് ഒരു മകനുണ്ടായി. എന്നാൽ, ചോറൂണിന്റെ ദിവസം അവൻ അഴിച്ചിട്ട വസ്ത്രങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ചു. ഇതിലുണ്ടായ വിഷമമാണ് ജ്ഞാനപ്പാനയുടെ ഉദ്ഭവത്തിലേയ്ക്ക് നയിച്ചത്. നാമജപത്തിന്റെയും ഭക്തിയുടെയും പ്രാധാന്യം അറിയിയ്ക്കുന്നതിനോടൊപ്പം കടുത്ത സാമൂഹ്യവിമർശനവും ഉൾക്കൊണ്ട ഈ കൃതിയ്ക്ക്, കേരളീയസമൂഹത്തിൽ ലഭിച്ച സ്വാധീനം വലുതാണ്.

തുടങ്ങിയ വരികൾ വേദാന്തചിന്തയുടെയും സാമൂഹ്യവിമർശനത്തിന്റെയും ഉദാഹരണങ്ങളാകുമ്പോൾ ആദ്യഭാഗവും അവസാനഭാഗവും തികഞ്ഞ ഭക്തിയുടെ പ്രതീകങ്ങളായി മാറുകയാണ്. കലികാലത്ത് ഭക്തർക്ക് മോക്ഷത്തിനുള്ള ഏക ഉപാധി നാമപജമാണെന്ന് പൂന്താനം ഇതിലൂടെ സ്ഥാപിയ്ക്കുന്നു.

എന്ന വാക്യം, അദ്ദേഹത്തിന്റെ ഭഗവദ്ഭക്തിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.[5]

വാർദ്ധക്യത്തിൽ വസൂരിരോഗം വന്ന് തളർന്നുപോയ പൂന്താനം അത് ഭേദമാകാൻ തന്റെ നാട്ടിലുള്ള തിരുമാന്ധാംകുന്നിലമ്മയെ സ്തുതിച്ച് രചിച്ച ഘനസംഘം എന്ന സ്തോത്രവും വളരെ പ്രസിദ്ധമാണ്. 1964-ൽ പുറത്തിറങ്ങിയ ഓമനക്കുട്ടൻ എന്ന ചിത്രത്തിലുപയോഗിച്ച കണികാണും നേരം രചിച്ചതും അദ്ദേഹമാണ്. നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന അതിപ്രസിദ്ധമായ ശിവസ്തുതിയും അദ്ദേഹത്തിന്റേതാണ്. ഇവ കൂടാതെ വേറെയും കൃതികൾ രചിച്ച അദ്ദേഹം, ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഐതിഹ്യകഥകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. 93-ആം വയസ്സിൽ അദ്ദേഹം ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് പറയപ്പെടുന്നത്.

ഭക്തിയും വിഭക്തിയും

[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊരു ഐതിഹ്യകഥയാണ് ഭക്തിയും വിഭക്തിയും. മേല്പുത്തൂരും പൂന്താനവുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. സംസ്കൃതപണ്ഡിതന്മാർക്ക് അക്കാലത്ത് മലയാളകവികളോടും മലയാളകൃതികളോടുണ്ടായിരുന്ന പുച്ഛവും അവയിലെ ഭഗവാന്റെ നിലപാടുമാണ് ഈ കഥയിലെ പ്രമേയം. കഥ ഇങ്ങനെയാണ്:

വാതരോഗം ബാധിച്ച് ഗുരുവായൂരിൽ മേല്പുത്തൂർ ഭജനമിരിയ്ക്കുന്ന കാലത്തുതന്നെ പൂന്താനവും ഭജനമിരിയ്ക്കാനുണ്ടായിരുന്നു. ഒരു ദിവസം, പൂന്താനം താൻ രചിച്ച സന്താനഗോപാലം പാന മേല്പുത്തൂരിന് കാണിച്ചുകൊടുക്കാൻ ചെന്നു. എന്നാൽ, സംസ്കൃതപണ്ഡിതനായിരുന്ന മേല്പുത്തൂർ, ആ ആവശ്യം നിരസിച്ചു. ഇത് പൂന്താനത്തെ അത്യധികം ദുഃഖിതനാക്കി. അന്നുരാത്രി, മേല്പുത്തൂരിന് വാതരോഗം വീണ്ടും മൂർച്ഛിച്ചു. അല്പസമയം അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ബോധം വന്നപ്പോൾ അദ്ദേഹത്തിന് ഭഗവാന്റെ ഒരു ദർശനമുണ്ടായി. ഭഗവാൻ പറഞ്ഞു:

ഇതനുസരിച്ച് പിറ്റേന്ന് രാവിലെ മേല്പുത്തൂർ, ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ നാലമ്പലത്തിലിരുന്ന് അന്നത്തെ ദശകവും പൂർത്തിയാക്കിയ ശേഷം പൂന്താനത്തിനടുത്ത് പോകുകയും അദ്ദേഹത്തോട് മാപ്പുപറഞ്ഞ് ജ്ഞാനപ്പാന വായിച്ച് വിലയിരുത്തുകയും പൂന്താനത്തെ മുഗ്ദകണ്ഠം പ്രശംസിയ്ക്കുകയും ചെയ്തു.[6]

'പദ്മനാഭോ മരപ്രഭു'

[തിരുത്തുക]

ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സംസ്കൃതത്തിൽ പൂന്താനത്തിനുണ്ടായിരുന്ന പ്രാവീണ്യക്കുറവും അതുമൂലം അദ്ദേഹം നേരിട്ട അപമാനങ്ങളും അവയിലുള്ള ഭഗവാന്റെ പ്രതികരണവും അടങ്ങിയതാണ് ഈ കഥ. അതിങ്ങനെ:

സംസ്കൃതത്തിൽ വലിയ പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും പൂന്താനം നിത്യേന ക്ഷേത്രനടയിൽ വന്ന് വിഷ്ണു സഹസ്രനാമം വ്യാഖ്യാനം ചെയ്യുമായിരുന്നു. അപ്പപ്പോൾ വായയിൽ വരുന്ന രീതിയിലാണ് അദ്ദേഹം വ്യാഖ്യാനം കൊടുത്തിരുന്നത്. ഒരിയ്ക്കൽ, അത്തരത്തിൽ അദ്ദേഹം വിഷ്ണു സഹസ്രനാമത്തിലെ 'പദ്മനാഭോऽമരപ്രഭു' എന്ന ഭാഗം 'പദ്മനാഭോ മരപ്രഭു' എന്ന് തെറ്റായി ഉച്ചരിച്ച് അതിന് വ്യാഖ്യാനം കൊടുക്കുകയായിരുന്നു. അപ്പോൾ, സമീപത്തുണ്ടായിരുന്ന വേദപണ്ഡിതന്മാരായ ചില ബ്രാഹ്മണർ പൂന്താനത്തെ അപഹസിച്ചു. ഈ സമയത്ത് അദ്ദേഹം മരപ്രഭു ആരാണെന്ന് വിചാരിച്ച് ചിന്താധീനനായി. അപ്പോൾ, മരപ്രഭുവും താൻ തന്നെയാണെന്ന് അറിയിച്ചുകൊണ്ട് ശ്രീലകത്തുനിന്ന് ഒരു അശരീരി മുഴങ്ങി. ഇത് കേട്ടതും പണ്ഡിതസമൂഹം ലജ്ജിച്ച് തലതാഴ്ത്തി. [7]

ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഗുരുവായൂർ തെക്കേ നടയിലെ ശ്രീവത്സം വി.ഐ.പി. റസ്റ്റ് ഹൗസ് വളപ്പിൽ മരപ്രഭുവിന്റെ അതിഭീമാകാരമായ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. കളിമണ്ണിൽ തീർത്ത ഈ ശില്പം, അത്തരത്തിലുള്ള ഏറ്റവും വലിയ ശില്പമാണ്. 1995-ലാണ് ഈ ശില്പം സ്ഥാപിച്ചത്. പ്രശസ്ത ശില്പി ആലുവ പി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ 1200 പേർ ചേർന്ന് മൂന്നുമാസം കഠിനവ്രതമെടുത്താണ് ഈ ശില്പം നിർമ്മിച്ചെടുത്തത്.[8] ഗുരുവായൂരപ്പന്റെ പരമഭക്തനും മുൻ കേരള മുഖ്യമന്ത്രിയും ആ സമയത്തെ കേന്ദ്ര വ്യവസായമന്ത്രിയുമായിരുന്ന കെ. കരുണാകരനാണ് ഇത് ഉദ്ഘാടനം ചെയ്തത്. കളിമണ്ണിനോടൊപ്പം ഔഷധമൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ജാപ്പനീസ് നിർമ്മാണശൈലിയാണ് ഇതിന് അവലംബിച്ചെടുത്തത്. കണ്ണടച്ചുനിൽക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ മുഖവും, ചേർന്നുനിൽക്കുന്ന മരത്തടിയുമാണ് ഈ ശില്പത്തിലുള്ളത്. 2008-ൽ ഈ ശില്പത്തോടുചേർന്ന് ഏതാനും ദിവ്യാത്മാക്കളുടെ രൂപങ്ങളും, 2011-ൽ പ്രഭാമണ്ഡലവും ചാർത്തുകയുണ്ടായി. ചുരുങ്ങിയ കാലം കൊണ്ടാണ് മരപ്രഭു ശില്പം ഗുരുവായൂരിലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുപറ്റിയത്. ഇപ്പോൾ ഇതിന്റെ ചെറുപതിപ്പുകളും നിർമ്മാണത്തിലുണ്ട്.[9] ഇവയുടെ ശില്പിയും പി.വി. രാമചന്ദ്രനാണ്.

ഭാഗതപ്രിയനായ കൊട്ടിയൂരപ്പൻ

[തിരുത്തുക]

ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. ഗുരുവായൂരുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഗുരുവായൂരപ്പൻ പൂന്താനത്തെ ധാരാളമായി അനുഗ്രഹിച്ചതായി കഥകളുള്ളതിനാൽ ഇതും ആ ഗണത്തിൽ പെടുത്താം. ഉത്തരകേരളത്തിലെ പ്രസിദ്ധ മഹാക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രവുമായും അവിടത്തെ ദേവനായ പരമശിവനുമായാണ് ഈ കഥയ്ക്ക് നേരിട്ട് ബന്ധമുള്ളത്. പൂന്താനത്തിന്റെ ഭാഗവതപാരായണം എങ്ങനെ കൊട്ടിയൂരപ്പനെ പ്രസന്നനാക്കി എന്ന് ഈ കഥയിൽ കാണാം.

ഒരിയ്ക്കൽ, ഒരു വൈശാഖകാലത്ത് പൂന്താനം കൊട്ടിയൂരിൽ ദർശനത്തിനെത്തി. ബാവലിപ്പുഴയിൽ കുളിച്ച് അക്കരെയും ഇക്കരെയുമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം, വലിയൊരു സദസ്സിനെ സാക്ഷിയാക്കി തന്റെ ഭാഗവതപാരായണം തുടങ്ങി. ഭാഗവതത്തിലെ അതിപ്രധാനമായ ദശമസ്കന്ധത്തിലെ അറുപതാം അദ്ധ്യായമായ 'കർഹിചിദദ്ധ്യായ'മാണ് അദ്ദേഹത്തിന് അന്ന് വായിയ്ക്കാനുണ്ടായിരുന്നത്. പ്രസ്തുത അദ്ധ്യായത്തിലെ 'കർഹി ചിത് സുഖമാസീനം' എന്നു തുടങ്ങുന്ന ശ്ലോകം കാരണമാണ് അദ്ധ്യായത്തിന് ഇങ്ങനെയൊരു പേരുതന്നെ വന്നത്. പൂന്താനത്തിന്റെ ഭാഗവതപാരായണം കേട്ട സദസ്യർ, അദ്ദേഹത്തെ വാനോളം പുകഴ്ത്തി. തുടർന്ന്, താൻ വായിച്ചുതീർന്ന ഭാഗം അദ്ദേഹം മയിൽപ്പീലി വച്ച് അടച്ചു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം കഴിച്ച് പൂന്താനം ഗ്രന്ഥം തുറന്നുനോക്കുമ്പോൾ മയിൽപ്പീലി കർഹിചിദദ്ധ്യായത്തിന്റെ തുടക്കത്തിൽ തന്നെ നിൽക്കുന്നു! തന്റെ ഓർമ്മക്കുറവായിരിയ്ക്കും കാരണമെന്ന് വിചാരിച്ച അദ്ദേഹം, അന്നും അതേ അദ്ധ്യായം തന്നെ വായിച്ചു. രണ്ടുമൂന്നുദിവസങ്ങളിൽ ഇത് ആവർത്തിച്ചപ്പോൾ ഇത് ഭഗവാന്റെ ലീലയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അന്നും ഭാഗവതം വായിച്ച ശേഷം സന്തോഷത്തോടെ അദ്ദേഹം കൊട്ടിയൂർ വിട്ടു. അപ്പോഴാണ് തന്റെ ഭാഗവതഗ്രന്ഥം എടുക്കാൻ മറന്നുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹം തിരിച്ച് കൊട്ടിയൂരിലേയ്ക്ക് പുറപ്പെട്ടെങ്കിലും അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. അദ്ദേഹം വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ കണ്ട കാഴ്ച അതിശയകരമായിരുന്നു: ശിവഭഗവാൻ പാർവ്വതീദേവിയ്ക്ക് ഭാഗവതത്തിലെ കർഹിചിദദ്ധ്യായം വായിച്ചുകൊടുക്കുന്നു! അത് സശ്രദ്ധം കേട്ടുകൊണ്ടിരുന്ന ദേവി, ഭഗവാന്റെ വായന നന്നായെങ്കിലും പൂന്താനം വായിച്ചുകേൾക്കാനാണ് കൂടുതൽ രസകരമെന്ന് പറയുകയുണ്ടായി! പൂന്താനം പുറത്തുണ്ടെന്ന വിവരമറിഞ്ഞ ഭഗവാനും ദേവിയും, അദ്ദേഹത്തിന് ദർശനം നൽകുകയും, ഭാഗവതഗ്രന്ഥം തങ്ങളുടെ മറ്റൊരു വാസകേന്ദ്രമായ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മണ്ഡപത്തിന്റെ ഉത്തരത്തിലുണ്ടെന്ന് പൂന്താനത്തെ അറിയിയ്ക്കുകയും ചെയ്തു. അതനുസരിച്ച് പൂന്താനം, ഒരുപാടുദൂരം സഞ്ചരിച്ച് തൃശ്ശൂരിലെത്തുകയും വടക്കുന്നാഥനെയും ഉപദേവതകളെയും തൊഴുതശേഷം മണ്ഡപത്തിലെത്തി അതിന്റെ ഉത്തരത്തിൽ നിന്ന് ഗ്രന്ഥം തിരിച്ചെടുക്കുകയും ചെയ്തു.

ഗുരുവായൂരപ്പൻ മങ്ങാട്ടച്ചനായി

[തിരുത്തുക]

ഇതും പൂന്താനവുമായി ബന്ധപ്പെട്ട കഥയാണ്. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചന്റെ രൂപത്തിൽ വന്ന് ഗുരുവായൂരപ്പൻ പൂന്താനത്തെ രക്ഷിച്ചതാണ് ഈ കഥയിലെ ഉള്ളടക്കം. തന്റെ ഭക്തരെ രക്ഷിയ്ക്കാൻ ഭഗവാൻ ഏതു രൂപത്തിലും വരും എന്ന വിശ്വാസത്തിന്റെ തെളിവായി ഭക്തർ ഇതിന്റെ കണ്ടുവരുന്നു. കഥ ഇങ്ങനെയാണ്:

ഒരിയ്ക്കൽ പൂന്താനം, കീഴാറ്റൂരിലുള്ള ഇല്ലത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു. നേരം അർദ്ധരാത്രിയായിരുന്നു. ചുറ്റും കൂരിരുട്ട്. എങ്ങും കനത്ത നിശ്ശബ്ദത. തീർത്തും വിജനമായ പ്രദേശത്തുകൂടിയാണ് അദ്ദേഹം കടന്നുപോകുന്നുണ്ടായിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒരു സംഘം അക്രമികൾ തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ പൂന്താനത്തോട് വൻ തുക ആവശ്യപ്പെട്ടു. തന്റെ കയ്യിൽ ഒരു ഭാഗവതഗ്രന്ഥം മാത്രമാണുള്ളതെന്നും അത് തരാൻ തനിയ്ക്കാകില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അക്രമികളിലൊരുത്തൻ അദ്ദേഹത്തിന്റെ തോളിലെ ഭാണ്ഡം പിടിച്ചുവലിയ്ക്കുകയും, മറ്റൊരുത്തൻ അദ്ദേഹത്തെ വടിയെടുത്ത് അടിയ്ക്കുകയും ചെയ്തു. വേദന താങ്ങാനാകത്തെ പൂന്താനം, ഇഷ്ടദേവനെ ഉറക്കെ വിളിച്ചു.

അപ്പോൾ ദൂരെനിന്ന് ഒരു കുതിരയുടെ കുളമ്പടിശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ നിമിഷം കഴിയുംതോറും അത് അടുത്തെത്താൻ തുടങ്ങി. സാമൂതിരിയുടെ സൈന്യാധിപനായ മങ്ങാട്ടച്ചനായിരുന്നു കുതിരപ്പുറത്ത്. മങ്ങാട്ടച്ചൻ, തന്റെ കയ്യിലെ വാളെടുത്ത് അക്രമികൾക്കുനേരെ ആഞ്ഞുവീശുകയും അവർ പേടിച്ചോടുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ച മങ്ങാട്ടച്ചന് പൂന്താനം തന്റെ കയ്യിലെ മോതിരം ഊരി സമ്മാനിയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് വാങ്ങാൻ തയ്യാറായില്ല. ഒടുവിൽ പൂന്താനത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങുകയായിരുന്നു. മോതിരവും വാങ്ങിച്ച മങ്ങാട്ടച്ചൻ, ഉടനെ സ്ഥലം വിട്ടു. മനസ്സുനിറയെ സന്തോഷത്തോടെ പൂന്താനം യാത്ര തുടർന്നു.

നേരം ഏഴരവെളുപ്പായി. ഗുരുവായൂർ ക്ഷേത്രനട തുറക്കാനുള്ള സമയമായി. മേല്പുത്തൂരടക്കമുള്ള ഭക്തോത്തമന്മാർ, ഭഗവാന്റെ നിർമ്മാല്യം കണ്ടുതൊഴാൻ പുറത്ത് വരിയായി നിൽക്കുന്നുണ്ടായിരുന്നു. മേൽശാന്തി എഴുന്നേറ്റ് കുളികഴിഞ്ഞുവന്ന് ശ്രീകോവിലിന്റെ വാതിൽ തുറക്കാൻ കഠിനപ്രയത്നം തുടങ്ങി. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കുന്നില്ല! അപ്പോഴാണ്, 'കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ!' എന്ന വിളിയോടെ പൂന്താനം ക്ഷേത്രനടയിലെത്തിയത്. തൊട്ടുപിന്നാലെ, മേൽശാന്തിയ്ക്ക് നടതുറക്കാൻ സാധിയ്ക്കുകയും ചെയ്തു! ക്ഷേത്രക്കുളത്തിൽ കുളിച്ച് ഭഗവാന്റെ നിർമ്മാല്യം തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിനടുത്തെത്തിയ പൂന്താനത്തെ മേൽശാന്തി വിളിയ്ക്കുകയും, അദ്ദേഹത്തിന് ഒരു മോതിരം സമ്മാനിയ്ക്കുകയും ചെയ്തു. പൂന്താനം മോതിരം പരിശോധിച്ചുനോക്കിയപ്പോൾ ഞെട്ടിപ്പോയി. അത് അദ്ദേഹത്തിന്റെ തന്നെ മോതിരമായിരുന്നു! ഇതിനെക്കുറിച്ച് പൂന്താനം മേൽശാന്തിയോട് ചോദിച്ചപ്പോൾ തനിയ്ക്ക് ഭഗവാന്റെ സ്വപ്നദർശനമുണ്ടായെന്നും, ഭക്തനായ പൂന്താനത്തിന് മോതിരം തിരിച്ചുകൊടുക്കണമെന്ന് അതിൽ ഭഗവാൻ പറഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ജീവൻ രക്ഷിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ പൂന്താനം, ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു.

വില്വമംഗലം സ്വാമിയാരും കുറൂരമ്മയും

[തിരുത്തുക]

ഗുരുവായൂരപ്പന്റെ കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ കഴിയാത്ത സാന്നിദ്ധ്യങ്ങളാണ് ഭക്തസന്ന്യാസിയായിരുന്ന വില്വമംഗലം സ്വാമിയാരും കുറൂരമ്മയും. മേല്പുത്തൂരിന്റെയും പൂന്താനത്തിന്റെയും സമകാലികരായിരുന്നു ഇവരെന്നാണ് കേൾവി. ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാർ, പക്ഷേ എല്ലാ ദേവതകളെയും ഭജിച്ചിരുന്നു. കേരളത്തിലെ ഒരുപാട് മഹാക്ഷേത്രങ്ങളുടെ പിറവിയുടെ കാരണക്കാരനും അദ്ദേഹമാണ്. ഏത് ക്ഷേത്രത്തിൽ പോയാലും അവിടത്തെ മൂർത്തിയെ നേരിട്ടുകാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുറൂരമ്മയാകട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു അന്തർജനമായിരുന്നു. ഗുരുവായൂർ സ്ഥിതിചെയ്യുന്ന തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള അടാട്ട് എന്ന സ്ഥലത്തെ കുറൂരില്ലത്തെ അമ്മയായിരുന്നതുകൊണ്ടാണ് ഇവരെ കുറൂരമ്മ എന്ന് വിളിച്ചുപോയിരുന്നത്. അവരുടെ കഥയാണ് ഇവിടെ പ്രധാനമായും പറയാനുള്ളത്.

പുറയന്നൂർ ഇല്ലത്തെ ഗൗരി അന്തർജനമാണ് പിൽക്കാലത്ത് കുറൂരമ്മ എന്ന പേരിൽ പ്രസിദ്ധയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തിലുണ്ടായിരുന്ന ആചാരമനുസരിച്ച് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ വേളി കഴിപ്പിയ്ക്കുകയായിരുന്നു. കുറൂരില്ലത്തെ വലിയ നമ്പൂതിരിയാണ് അന്തർജനത്തെ വേളി കഴിച്ചുകൊണ്ടുവന്ന് ഇല്ലത്ത് കുടിയിരുത്തിയത്. നിർഭാഗ്യവശാൽ അധികകാലം കഴിയും മുമ്പ് അദ്ദേഹം അന്തരിച്ചു. തികഞ്ഞ കൃഷ്ണഭക്തയായിരുന്ന അന്തർജനം, തന്റെ ദുഃഖങ്ങളെല്ലാം കൃഷ്ണപാദങ്ങളിൽ സമർപ്പിച്ച് ദിനങ്ങൾ കഴിച്ചുകൂട്ടി.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ഇല്ലത്ത് പണിക്കാരനായി ഒരു ഉണ്ണി കടന്നുവന്നു. കുറൂരമ്മ അവനെ പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും തന്റെ കൂടെത്തന്നെ താമസിപ്പിയ്ക്കുകയും ചെയ്തു. അമ്മയ്ക്കുവേണ്ട എല്ലാ കാര്യങ്ങളും ഉണ്ണി തന്നെ ചെയ്തുവച്ചു. എന്നാൽ, ചില സമയങ്ങളിൽ അവൻ വികൃതികൾ കാണിയ്ക്കുകയും കുറൂരമ്മ അവനെ അടിയ്ക്കുകയും ചെയ്തു. ഒരു ദിവസം, ഇല്ലത്ത് കൃഷ്ണപൂജ നടത്തുന്നതിനിടയിൽ ഉണ്ണി ചില വികൃതികൾ കാണിയ്ക്കുകയുണ്ടായി. അപ്പോൾ കുറൂരമ്മ അവനെ അടിയ്ക്കുകയും കരി നിറച്ച ഒരു കലത്തിൽ വച്ച് അടയ്ക്കുകയും ചെയ്തു. ഇതേ സമയം, തന്റെ മഠത്തിൽ സ്വാമിയാരും കൃഷ്ണപൂജ നടത്തുകയായിരുന്നു. ഭഗവാൻ വരാൻ വൈകുന്നതായി ശ്രദ്ധിച്ച സ്വാമിയാർ ഇതെന്ത് മറിമായമെന്നറിയാതെ ചിന്തിച്ചിരുന്നു. ഒടുവിൽ, ദേഹമാസകലം കരിയുമായി ഭഗവാൻ സ്വാമിയാർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടു. വികൃതി കാണിച്ചതിന് കുറൂരമ്മ തന്നെ കലത്തിലടച്ചതാണ് താൻ വരാൻ വൈകിയതിന് കാരണമെന്ന് ഭഗവാൻ പറഞ്ഞു. കുറൂരമ്മ നിസ്സാരക്കാരിയല്ലെന്ന് സ്വാമിയാർക്ക് തോന്നി. താൻ ഉടനെ കുറൂരില്ലത്ത് പൂജയ്ക്ക് വരുന്നുണ്ടെന്ന് കുറൂരമ്മയോട് പറയാൻ അദ്ദേഹം ഭഗവാനോട് അഭ്യർത്ഥിച്ചു.

ഇതിനിടയിൽ, അടുത്തുതന്നെയുള്ള മറ്റൊരു ഇല്ലമായ ചെമ്മങ്ങാട്ട് ഇല്ലത്തെ നമ്പൂതിരിയും ഇക്കാര്യമറിയുകയുണ്ടായി. അദ്ദേഹവും സ്വാമിയാരെ തന്റെ ഇല്ലത്തെ പൂജയ്ക്ക് വിളിച്ചു. ഇത് കുറൂരമ്മയോടുണ്ടായിരുന്ന അസൂയ കൊണ്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കാരണം, വില്വമംഗലം സ്വാമിയാർ ഒരു ഇല്ലത്ത് പൂജ നടത്താൻ വരുന്നത് അക്കാലത്ത് വലിയൊരു അംഗീകാരമായി കണക്കാക്കപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ രണ്ട് പൂജകളും പറഞ്ഞുവച്ചിരുന്നത് ഒരേ ദിവസമാണ്. എന്തു ചെയ്യണമെന്നറിയാതെ സ്വാമിയാർ വിഷമിച്ചു. അവസാനം, ചെമ്മങ്ങാട്ടേയ്ക്കുതന്നെ പോകാം എന്നായി അദ്ദേഹത്തിന്റെ തീരുമാനം. അതനുസരിച്ച് അന്നേദിവസം പ്രഭാതകൃത്യങ്ങളെല്ലാം വേഗം കഴിച്ച് സ്വാമിയാർ ചെമ്മങ്ങാട്ടേയ്ക്ക് പുറപ്പെട്ടു. വില്വമംഗലം സ്വാമിയാർ, ശങ്കരാചാര്യ പരമ്പരയിൽ പെട്ട സന്ന്യാസിയായതിനാൽ യാത്ര പുറപ്പെടും മുമ്പ് ശംഖനാദം മുഴക്കണമെന്ന് ചിട്ടയുണ്ട്. അതനുസരിച്ച് മഠത്തിലെ പരിചാരകർ ശംഖൂതാൻ ശ്രമിച്ചു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ശംഖിൽ നിന്ന് ശബ്ദം വന്നില്ല. ഇതെന്ത് മറിമായം എന്നറിയാതെ പരിചാരകർ അമ്പരന്നുനിന്നപ്പോൾ താൻ കുറൂരില്ലത്തേയ്ക്ക് പോകണമെന്നാണ് ഭഗവാന്റെ ആഗ്രഹമെന്നായിരുന്നു സ്വാമിയാരുടെ മറുപടി. അതനുസരിച്ച് യാത്ര കുറൂരില്ലത്തേയ്ക്ക് മാറ്റാൻ സ്വാമിയാർ തീരുമാനിച്ചു.

ഈ സമയം, കുറൂരമ്മ സ്വാമിയാരുടെ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഉണ്ണിയും ഇല്ലത്തെ പരിചാരികയും അവരെ സഹായിച്ചു. പൂജാപുഷ്പങ്ങളും നിവേദ്യങ്ങളും ആവണപ്പലകയുമെല്ലാം തയ്യാറാക്കിവച്ചു. സ്വാമിയാർ ഇല്ലത്തെത്തിയതും കുറൂരമ്മ അദ്ദേഹത്തെ കാലുകഴുകി സ്വീകരിയ്ക്കുകയും പൂജാമുറിയിലേയ്ക്ക് ആനയിയ്ക്കുകയും ചെയ്തു. തന്റെ ഇഷ്ടദേവന്റെ വിഗ്രഹം കണ്ട സ്വാമിയാർ ധ്യാനനിമഗ്നനായി. അദ്ദേഹം അടുത്തുണ്ടായിരുന്ന പൂക്കളിലോരോന്നായി ഭഗവദ്പാദങ്ങളിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, അവ വിഗ്രഹത്തിനുപകരം ചെന്നുവീണത് ഉണ്ണിയുടെ പാദങ്ങളിലാണ്! സ്തബ്ധനായ സ്വാമിയാർ, കുറൂരമ്മയുടെ പാദങ്ങളിൽ വീണ് നമസ്കരിച്ചു. താൻ പൂജയും ധ്യാനവും കൊണ്ട് നേടിയ ഭാഗ്യം കുറൂരമ്മ വെറും നിഷ്കളങ്കഭക്തി കൊണ്ട് നേടി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഉണ്ണിയായി തന്റെ കൂടെക്കൂടിയത് തന്റെ ഇഷ്ടദേവനാണെന്ന് മനസ്സിലാക്കിയ കുറൂരമ്മ, ഉണ്ണിയുടെ പാദങ്ങൾ തൊട്ട് നമസ്കരിച്ചു. പിന്നീടും തികഞ്ഞ ഭക്തയായിത്തന്നെ ജീവിച്ച അവർ, 93-ആം വയസ്സിൽ ഉടലോടെ വൈകുണ്ഠലോകം പൂകി എന്നാണ് വിശ്വാസം.

മഞ്ജുള

[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു ആൽമരത്തിന്റെ തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു. അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. മഞ്ജുളയെ മുൻപരിചയമുണ്ടായിരുന്ന അദ്ദേഹം, ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു. ആദ്യം മഞ്ജുള ഒന്ന് ഞെട്ടിയെങ്കിലും അവൾ പൂന്താനത്തെ അനുസരിയ്ക്കുക തന്നെ ചെയ്തു.

പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. മേല്പുത്തൂരും പൂന്താനവും വില്വമംഗലവുമടക്കമുള്ള ഭക്തോത്തമന്മാർ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പരിഭ്രാന്തനായ മേൽശാന്തി പുറത്തുവന്ന് ഭഗവാന്റെ വാകച്ചാർത്തും അഭിഷേകവും മുടങ്ങിയതായി അറിയിച്ചു. ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. ഈ സമയം, വിഗ്രഹത്തിൽ നിന്ന് മാല ഊരിപ്പോകുകയും ചെയ്തു! തന്റെ ഭക്തയുടെ ഭക്തിയിൽ ഭഗവാൻ പ്രസാദിച്ചു എന്നായിരുന്നു പൂന്താനത്തിന്റെ വിശദീകരണം.

പോകുന്ന വഴിയിൽ മഞ്ജുള വിശ്രമിച്ചതും, അവൾ മാലചാർത്തിയ കല്ല് സ്ഥിതിചെയ്തിരുന്നതുമായ ആൽമരം, ഇപ്പോൾ 'മഞ്ജുളാൽ' എന്ന പേരിൽ അറിയപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും നഗരസഭാ കാര്യാലയത്തിന്റെയും ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ ഗരുഡന്റെ ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു പരുന്തിന്റെ രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്.

കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവം

[തിരുത്തുക]

കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടത്തെക്കുറിച്ച് പരാമർശിയ്ക്കാതെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കഥകൾ പൂർത്തിയാക്കാൻ സാധിയ്ക്കില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ, ശ്രീകൃഷ്ണഭഗവാന്റെ ജീവിതം ആസ്പദമാക്കി രചിച്ച 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തിൽ നിന്നാണ് കൃഷ്ണനാട്ടം ഉദ്ഭവിച്ചത്. കേരളത്തിന്റെ മുഖമുദ്രയായ കഥകളിയുടെ ആദ്യരൂപങ്ങളിലൊന്നാണ് കൃഷ്ണനാട്ടം. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവത്തിന് കാരണമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കോഴിക്കോട് സ്വദേശിയായിരുന്നെങ്കിലും മാനവേദൻ രാജ കൂടുതൽ കാലവും ചെലവഴിച്ചത് ഗുരുവായൂരിൽ തന്നെയാണ്. അക്കാലത്തൊരിയ്ക്കൽ അദ്ദേഹം വില്വമംഗലം സ്വാമിയാരെ കാണുകയുണ്ടായി. ദിവ്യദൃഷ്ടി കൊണ്ട് ഭഗവാനെ നിത്യവും കാണാൻ കഴിവുണ്ടായിരുന്ന സ്വാമിയാരോട്, തനിയ്ക്കും അതിനുള്ള ഭാഗ്യമുണ്ടാക്കണമെന്ന് മാനവേദൻ ആവശ്യപ്പെട്ടു. എന്നാൽ, ഭഗവാന്റെ അനുവാദമില്ലാതെ അത് സാധിയ്ക്കില്ലെന്നായിരുന്നു സ്വാമിയാരുടെ മറുപടി. പിറ്റേന്ന് രാവിലെ വീണ്ടും മാനവേദനെ കണ്ടപ്പോൾ ഭഗവാൻ അതിനുള്ള അനുവാദം നൽകിയെന്നും, എന്നാൽ ഒരിയ്ക്കലേ സാധിയ്ക്കൂ എന്നും സ്വാമിയാർ പറഞ്ഞു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കൂത്തമ്പലമുണ്ടായിരുന്നില്ല. തദ്സ്ഥാനത്ത് ഒരു ഇലഞ്ഞിമരമാണ് ഉണ്ടായിരുന്നത്. സ്വാമിയാർ ഒന്ന് കാണിച്ചുകൊടുത്തതും അവിടെ ഓടക്കുഴലൂതിനിൽക്കുന്ന ഭഗവാനെ മാനവേദന് കാണാനിടയായി. തന്റെ ജന്മം സഫലമായതായി മനസ്സിലാക്കിയ അദ്ദേഹം ഓടിച്ചെന്ന് ഭഗവാനെ ആലിംഗനം ചെയ്യാൻ ശ്രമിച്ചെങ്കിലും ഭഗവാൻ അപ്പോഴേയ്ക്കും അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. എന്നാൽ, തന്റെ ഭക്തന് ദർശനത്തിന്റെ ഓർമ്മയ്ക്കായി ഒരു മയിൽപ്പീലി സമ്മാനിച്ചാണ് ഭഗവാൻ സ്ഥലം വിട്ടത്! അങ്ങനെ കിട്ടിയ മയിൽപ്പീലി ഉപയോഗിച്ചാണ് മാനവേദൻ കൃഷ്ണനാട്ടത്തിലെ കിരീടം സൃഷ്ടിച്ചെടുത്തത്. തനിയ്ക്ക് ദർശനം കിട്ടിയ ഇലഞ്ഞിമരത്തിന്റെ തടികൊണ്ട് ഒരു കൃഷ്ണവിഗ്രഹം സൃഷ്ടിച്ച അദ്ദേഹം, അതിന്റെ അഭിസംബോധന ചെയ്തുകൊണ്ടാണ് കൃഷ്ണഗീതി രചിച്ചത്. കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങളും ആ ഇലഞ്ഞിമരം കൊണ്ടുതന്നെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തത്. ജയദേവരുടെ ഗീതഗോവിന്ദത്തെയാണ് കൃഷ്ണഗീതിയ്ക്ക് അദ്ദേഹം മാതൃകയാക്കിയത്. തുടർന്ന്, ഒരു തുലാം 30-ന് അദ്ദേഹം തന്റെ കൃതി ഗുരുവായൂരപ്പനുമുന്നിൽ സമർപ്പിച്ചു. ആ ദിവസം ഇന്ന് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു.

ചേലേപ്പറമ്പിന്റെ കഥ

[തിരുത്തുക]

ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച അജാമിളൻ എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. ഒരു കവിയും, പ്രാസംഗികനുമൊക്കെയായിരുന്നിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ:

ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി.

കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു:

ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.

ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അത്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി ഈ ശ്ലോകം ജപിച്ചു:

അബ്ദാർധേന ഹരിം പ്രസന്നമകരോദൗത്താനപാദിശ്ശിശുഃ സപ്താഹേന നൃപഃ പരീക്ഷിദബലാ യാമാർദ്ധതഃ പിംഗലാ ഖട്വാംഗോ ഘടികാദ്വയേന നവതിപ്രായോഽപി തന്ന വ്യഥേ, തം കാരുണ്യനിധിം പ്രപദ്യ ശരണം ശേഷായുഷാ തോഷയേ.
അർത്ഥം: ഉത്താനപാദപുത്രനായ ധ്രുവൻ അരവർഷം കൊണ്ട് (ആറുമാസംകൊണ്ട്) അങ്ങയെ പ്രസന്നനാക്കി. പരീക്ഷിത് മഹാരാജാവ് സപ്താഹം (ഒരാഴ്ച) കൊണ്ടും പിംഗലാ അരയാമം കൊണ്ടും രണ്ട് മണിക്കൂർകൊണ്ട് ഖട്വാംഗനും അങ്ങയെ പ്രസന്നനാക്കി. എന്നാൽ തൊണ്ണൂറുവയസ്സായിട്ടും എനിയ്ക്ക് അങ്ങയെ പ്രസാദിപ്പിയ്ക്കാൻ സാധിച്ചില്ല. അല്ലയോ ഗുരുവായൂരപ്പാ, അര നാഴിക മാത്രം ബാക്കിയുള്ള ഈ ആയുസ്സിനാലിതാ ഞാൻ അങ്ങയെ സന്തോഷിപ്പിയ്ക്കുന്നു.

ഇത്രയും ചൊല്ലിയ ശേഷം ചേലേപ്പറമ്പ് മണ്ഡപത്തിൽ സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം. . .

കിട്ടയുടെ ഇളനീർ

[തിരുത്തുക]

കേരളീയ ക്ഷേത്രങ്ങളിൽ ആറാട്ടിനോടനുബന്ധിച്ച് ഉത്സവവിഗ്രഹത്തിൽ ഇളനീരഭിഷേകം നടത്തുന്നത് ഒരു ആചാരമാണ്. ആറാട്ടുകടവിൽ വിഗ്രഹമെത്തിച്ച് തന്ത്രിയുടെ നേതൃത്വത്തിൽ തീർത്ഥാവാഹനം നടത്തിയശേഷം വിഗ്രഹത്തിൽ ഇളനീർ കൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷമാണ് ആറാട്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറാട്ടിനോടനുബന്ധിച്ച് അഭിഷേകത്തിനുള്ള ഇളനീർ കൊണ്ടുവരുന്നത് ഗുരുവായൂരിനടുത്ത് ഇരിങ്ങപ്പുറത്തുള്ള തമ്പ്രാൻപടി കുടുംബക്കാരാണ്. ഈഴവസമുദായത്തിൽ പെട്ട ഇവർക്ക് ഈ അവകാശം ലഭിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്. അതിങ്ങനെ:

ഏറെ വർഷങ്ങൾക്കുമുമ്പ് നടന്ന കഥയാണിത്. അന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഈഴവരടക്കമുള്ള 'താഴ്ന്ന' ജാതിക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്തുകൂടെ നടക്കാൻ പോലും അവർക്ക് അധികാരമുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ വരെയേ അവർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അവിടെയുള്ള ഒരു പ്രത്യേക സ്ഥാനത്തിന് 'തീയരമ്പലം' എന്ന പേരിട്ടുവന്നിരുന്നു. എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ദർശനത്തിനുള്ള അനുമതി ലഭിച്ചശേഷം അത് പൊളിച്ചുമാറ്റി. എങ്കിലും ഇന്നും അതിന്റെ സ്മരണയ്ക്കായി ഒരു കൽവിളക്ക് അവിടെ കാണാം. 2022-ൽ ഈ വിളക്ക് പൂർണ്ണമായും സ്വർണ്ണം പൂശുകയുണ്ടായി. ചാവക്കാട് താലൂക്ക് എസ്.എൻ.ഡി.പി. യൂണിയൻ വകയാണ് ഇത് നവീകരിച്ചത്. ഈ കഥ നടക്കുന്ന കാലത്ത് മേല്പറഞ്ഞ കുടുംബത്തിലെ കാരണവർ കിട്ടയെന്ന് പേരുള്ള ഒരു കള്ളുചെത്തുകാരനായിരുന്നു. ഭാര്യയും മക്കളുമടക്കമുള്ള വലിയൊരു കുടുംബത്തിന്റെ ഉടമയായിരുന്ന കിട്ട, കള്ളുചെത്തിക്കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം നടത്തിപ്പോന്നിരുന്നത്. ദിവസവും ഒരു നൂറു തെങ്ങിൽ കയറി അയാൾ ചെത്തുമായിരുന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന കിട്ട, തനിയ്ക്ക് ഗുരുവായൂർ ദർശനത്തിന് അർഹതയില്ലാത്തതിൽ അഗാധമായി ദുഃഖിച്ചിരുന്നു.

അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഉച്ചയ്ക്ക്, ആറടിയിലധികം ഉയരത്തോടും കറുത്ത് സുന്ദരമായ ശരീരത്തോടുംകൂടി ഒരു യുവാവ് കിട്ടയുടെ വീട്ടിലേയ്ക്ക് കടന്നുവന്നു. ദാഹിച്ചവശനായ ആ യുവാവ് കിട്ടയെ കാണുകയും തനിയ്ക്ക് ഇളനീർ വേണമെന്നും താൻ അല്പം ധൃതിയിലാണെന്നും ഉടനെ ആറാട്ടുകടവിൽ എത്തിയ്ക്കണമെന്നും താൻ അവിടെയുണ്ടാകുമെന്നും അറിയിച്ചു. ആ യുവാവ് സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെയായിരുന്നു! തുടർന്ന് കിട്ട, അടുത്തുള്ള തെങ്ങിൽ കയറി അല്പം ഇളനീർ വെട്ടിക്കൊണ്ടുവരികയും, വിവരങ്ങളെല്ലാം തന്റെ ജന്മിയോട് പറഞ്ഞശേഷം അദ്ദേഹത്തെ ഏല്പിയ്ക്കുകയും ചെയ്തു.

ഗുരുവായൂരപ്പന്റെ ആറാട്ടുദിവസമായിരുന്നു അന്ന്. കിട്ടയുടെ വാക്കുകൾ കേട്ട ജന്മി, ഉടനെത്തന്നെ ഇളനീരുമായി രുദ്രതീർത്ഥത്തിലെ ആറാട്ടുകടവിലേയ്ക്ക് തിരിച്ചു. കിട്ട മഞ്ജുളാൽത്തറ വരെ അദ്ദേഹത്തെ അനുഗമിച്ചു. ഈ സമയത്ത് തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും ഒരു അരുളപ്പാടുണ്ടായി. കിട്ട ഇളനീരുമായി മഞ്ജുളാൽത്തറയിലുണ്ടെന്നും ഉടനെ അവിടെ വന്ന് സ്വീകരിയ്ക്കണമെന്നുമായിരുന്നു അത്. തുടർന്ന് ഇരുവരും മഞ്ജുളാൽത്തറയിലെത്തുകയും കിട്ടയിൽ നിന്ന് ഇളനീർ വാങ്ങുകയും ചെയ്തു. ആ ഇളനീർ കൊണ്ടാണ് ഭഗവാന് അഭിഷേകം നടത്തിയത്. തുടർന്ന് എല്ലാ വർഷവും കിട്ടയുടെ കുടുംബത്തിനായിരിയ്ക്കും ഇളനീർ കൊണ്ടുവരാൻ അവകാശമെന്ന് തന്ത്രി പ്രഖ്യാപിച്ചു. അങ്ങനെയാണ് തമ്പ്രാൻപടി കുടുംബക്കാർക്ക് ഇളനീർ കൊണ്ടുവരാനുള്ള അവകാശം ലഭിച്ചത്. ഇപ്പോൾ കുടുംബം അതിസമ്പന്നമാണ്. എങ്കിലും പരമ്പരാഗതമായ അവകാശം കുടുംബാംഗങ്ങൾ ഭംഗിയായി നിറവേറ്റിപ്പോരുന്നു.

ഗുരുവായൂരപ്പൻ ചോദിച്ചുവാങ്ങിയ ഓണക്കോടി

[തിരുത്തുക]

ഗുരുവായൂരിൽ തന്നെയുള്ള പ്രസിദ്ധമായ ഒരു ബ്രാഹ്മണകുടുംബമാണ് മല്ലിശ്ശേരി മന. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരാണ് ഈ കുടുംബത്തിലുള്ളവർ. ഒരുകാലത്ത് നാടുവാഴിസ്ഥാനം അലങ്കരിച്ചിരുന്ന ഈ കുടുംബത്തിന് ഗുരുവായൂരപ്പന്റെ പിതൃസ്ഥാനമാണ് കല്പിച്ചുപോരുന്നത്. തന്മൂലം, ഇവർ ശ്രീലകത്ത് കയറി പൂജകൾ നടത്താറില്ല. ഈ കുടുംബത്തിലെ ഒരു കാരണവർക്ക് ഭഗവാൻ ദർശനം നൽകിയ കഥയാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത്. അതിങ്ങനെ:

മല്ലിശ്ശേരി മനയിലെ കാരണവരായിരുന്ന കൃഷ്ണൻ നമ്പൂതിരിയ്ക്ക് പ്രായമേറെച്ചെന്നിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ഏറെ ദുഃഖിച്ച അദ്ദേഹം സുഹൃത്തായ ഒരു ജ്യോത്സ്യരെ കാണാനിടയായി. അതിസമ്പന്നാണെങ്കിലും നമ്പൂതിരി ദാനധർമ്മങ്ങളൊന്നും നടത്താത്തതാണ് സന്താനങ്ങളില്ലാത്തതിന് കാരണമെന്ന് ജ്യോത്സ്യർ കണ്ടെത്തി. ഇതെത്തുടർന്ന് നമ്പൂതിരി, ഗുരുവായൂർ ക്ഷേത്രപരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കുട്ടികൾക്കും മറ്റും ധാരാളം ദാനധർമ്മങ്ങൾ നടത്താൻ തുടങ്ങി. അധികം കാലം കഴിയും മുമ്പ് അദ്ദേഹത്തിന്റെ സഹധർമ്മിണിയായ അന്തർജനം ഗർഭിണിയായി. ഈ വിവരമറിഞ്ഞ് സന്തോഷവാനായ നമ്പൂതിരി, ഗുരുവായൂരപ്പന് വിശേഷാൽ വഴിപാടുകൾ കഴിച്ചു. തന്റെ വംശം നിലനിൽക്കുന്നതിനായി ഒരു പുത്രൻ തന്നെ ജനിയ്ക്കണമെന്ന് ആഗ്രഹിച്ച നമ്പൂതിരി, അവന് തന്റെയും ഭഗവാന്റെയും പേര് (കൃഷ്ണൻ) തന്നെ ഇടാമെന്നും ഇനിയുള്ള ഓരോ തലമുറയിലും ആദ്യത്തെ പുരുഷസന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിടണമെന്നും തീരുമാനിച്ചു. മാസങ്ങൾ കടന്നുപോയി. ചിങ്ങമാസത്തിലെ തിരുവോണം നാളിൽ അന്തർജനം ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. സന്തോഷവാനായ നമ്പൂതിരി, അവന് കൃഷ്ണൻ എന്നുതന്നെ പേരിട്ടു.

ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ കളിചിരികളും തമാശകളും മല്ലിശ്ശേരി മനയെ സന്തോഷത്തിലാറാടിച്ചു. മാതാപിതാക്കൾക്ക് പ്രിയപ്പെട്ട സന്തതിയായിത്തന്നെ അവൻ വളർന്നുവന്നു. അങ്ങനെയിരിയ്ക്കേ അവന് ബ്രാഹ്മണാചാരപ്രകാരം ഉപനയനത്തിനുള്ള സമയമായി. ചിങ്ങമാസത്തിൽ അവന്റെ പിറന്നാളിനോടടുത്താണ് ഉപനയനത്തിനുള്ള സമയം നിശ്ചയിച്ചത്. ആ സമയത്ത് നമ്പൂതിരി, അവിടെയുള്ള എല്ലാ കുട്ടികൾക്കുമായി ഓണക്കോടി വാങ്ങിച്ചുകൂട്ടിയതിനൊപ്പം തന്റെ ഉണ്ണിയ്ക്കും ഒരെണ്ണം വാങ്ങിയ്ക്കുകയും മറ്റുള്ള മുണ്ടുകൾ അതാത് കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ചുവരുന്നതിനിടയിൽ കാഴ്ചയിൽ അതീവസുന്ദരനായ ഒരു ബാലനെ അദ്ദേഹം കാണാനിടയായി. ഏകദേശം ഉണ്ണി നമ്പൂതിരിയുടെ അതേ പ്രായം തന്നെ തോന്നിയ്ക്കുന്ന അവൻ തനിയ്ക്കും ഒരു മുണ്ടുവേണമെന്ന് നമ്പൂതിരിയോട് ആവശ്യപ്പെട്ടു. മുണ്ടെല്ലാം താൻ കൊടുത്തുകഴിഞ്ഞെന്നും ഇനിയുള്ളത് തന്റെ ഉണ്ണിയ്ക്കാണെന്നും നമ്പൂതിരി മറുപടി പറഞ്ഞു. എന്നാൽ ആ മുണ്ട് തനിയ്ക്കുതന്നെ വേണമെന്ന ബാലന്റെ ആവശ്യം സഹിയ്ക്കാൻ കഴിയാതായപ്പോൾ അവന് മുണ്ടു കൊടുക്കാൻ തന്നെ നമ്പൂതിരി തീരുമാനിച്ചു.

പിറ്റേദിവസം ഗുരുവായൂർ ക്ഷേത്രനട തുറന്നപ്പോൾ നമ്പൂതിരി അടക്കമുള്ള നിരവധി ഭക്തർ ദർശനത്തിനെത്തി. മേൽശാന്തി നടതുറന്ന് പൂജ തുടങ്ങിയപ്പോൾ ഭഗവാന്റെ കയ്യിലൊരു മുണ്ട്! ഈ സംഭവം കണ്ടെത്തിയ മല്ലിശ്ശേരി നമ്പൂതിരി സ്തബ്ധനായി. തന്റെ മുന്നിൽ വന്ന് ഓണക്കോടി ചോദിച്ചത് ഭഗവാൻ തന്നെയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ആ നടയിൽ വീണ് സാഷ്ടാംഗം പ്രണമിച്ചു. പിന്നീട് അധികകാലം അദ്ദേഹം ജീവിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹം നിശ്ചയിച്ചുവച്ചതുപ്രകാരം ഇന്നും മല്ലിശ്ശേരിയിലെ ഓരോ തലമുറയിലും ആദ്യ സന്തതിയ്ക്ക് കൃഷ്ണൻ എന്നുതന്നെ പേരിട്ടുവരുന്നു.

തേങ്ങയ്ക്ക് മുളച്ച കൊമ്പ്

[തിരുത്തുക]

ഗുരുവായൂരപ്പന്റെ അത്ഭുതകഥകളിലെ മറ്റൊരു സാന്നിദ്ധ്യമാണ് കൊമ്പുമുളച്ച ഒരു തേങ്ങ. തന്റെ ഭക്തനും നാളികേരകർഷകനുമായ ഒരു ഗൃഹനാഥന്റെ വാക്കുകൾ ഭഗവാൻ സഫലമാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്നതും ഇപ്പോൾ ദേവസ്വം വക മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിരിയ്ക്കുന്നതുമായ ഈ തേങ്ങയുടെ വരവിന് പിന്നിലും രസകരമായ ഒരു ഐതിഹ്യകഥ പറഞ്ഞുകേൾക്കുന്നുണ്ട്. അതിങ്ങനെ:

ഒരിയ്ക്കൽ, മമ്മിയൂർ ദേശത്തെ ഒരു ഗൃഹനാഥൻ തന്റെ വീട്ടിൽ ഒരുപാട് തെങ്ങിൻതൈകൾ നട്ടു. കാലപ്രവാഹത്തിൽ അവ വളർന്ന് വലിയ തെങ്ങുകളാകുകയും അവയിൽ തേങ്ങകളുണ്ടാകുകയും ചെയ്തു. ആദ്യമായുണ്ടായ തേങ്ങാക്കുല ഗൃഹനാഥൻ ഗുരുവായൂരപ്പന് സമർപ്പിയ്ക്കാൻ തീരുമാനിച്ചു. അങ്ങനെയിരിയ്ക്കേ ഈ തേങ്ങാക്കുല സ്ഥലത്തെ ഒരു ജന്മിയുടെ ദൃഷ്ടിയിൽ പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിയ്ക്ക് വേണമെന്ന് അയാൾ ഗൃഹനാഥനോട് പറഞ്ഞു. അത് സാദ്ധ്യമല്ലെന്ന് ഗൃഹനാഥൻ തിരിച്ചും. അപ്പോൾ തേങ്ങയ്ക്കെന്താ കൊമ്പുണ്ടോ എന്ന് ജന്മി ചോദിയ്ക്കുകയും അതിന് മറുപടിയായി ഭഗവാൻ വിചാരിച്ചാൽ അതും അതിനപ്പുറവും സംഭവിയ്ക്കുമെന്ന് ഗൃഹനാഥൻ പറയുകയും ചെയ്തു. അത്യദ്ഭുതം! ആ കുലയിലെ ഓരോ തേങ്ങയ്ക്കും കൊമ്പുമുളച്ചുതുടങ്ങി! തുടർന്ന് ജന്മിയും ഗൃഹനാഥനും ചേർന്ന് ആ തേങ്ങാക്കുല ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് വരുന്ന ഭക്തരുടെ ഏറ്റവും വലിയ ആകർഷണമായിരുനു ഈ തേങ്ങ. ഒരുപാടുകാലം കിഴക്കേ ഗോപുരത്തിൽ കെട്ടിത്തൂക്കിയിരുന്ന ഈ തേങ്ങ ഐശ്വര്യചിഹ്നമായി കണക്കാക്കപ്പെട്ടുവന്നിരുന്നു. പിൽക്കാലത്ത്, ക്ഷേത്രത്തിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി അത് അവിടെനിന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ ദേവസ്വം മ്യൂസിയത്തിലാണ് ഈ തേങ്ങയുള്ളത്. നിരവധി ആളുകളാണ് ഇത് കേട്ടറിഞ്ഞ് ഇവിടേയ്ക്ക് വരുന്നത്.

ഗുരുവായൂരപ്പനും അമ്പലപ്പുഴ ശ്രീകൃഷ്ണനും

[തിരുത്തുക]

മൈസൂരു കടുവ എന്ന പേരിൽ പ്രസിദ്ധനായ ടിപ്പു സുൽത്താൻ മലബാറിൽ നടത്തിയ പടയോട്ടത്തിന്റെ സമയത്ത് ഗുരുവായൂരിന് വടക്ക് സ്ഥിതിചെയ്യുന്ന ഒരുപാട് പ്രസിദ്ധ ക്ഷേത്രങ്ങൾ (ഉദാ: തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, കടലായി ശ്രീകൃഷ്ണക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, കോഴിക്കോട് തളി മഹാക്ഷേത്രം) തകർക്കപ്പെടുകയുണ്ടായി. അവയിൽ പലതും പിൽക്കാലത്ത് പുനർനിർമ്മിയ്ക്കപ്പെട്ടെങ്കിലും ചിലതിൽ ഇന്നും പടയോട്ടത്തിന്റെ പാടുകൾ കാണാം. ഗുരുവായൂർ ക്ഷേത്രവും ടിപ്പുവിന്റെ പടയാളികൾ തകർത്തുകളയുമോ എന്ന ആശങ്ക നാട്ടുകാരായ ഭക്തരിൽ ഉണർന്നുവന്നു. ക്ഷേത്രം തകർക്കപ്പെട്ടാലും കുഴപ്പമില്ല, പാതാളാഞ്ജനശിലയിൽ തീർത്ത വിഗ്രഹം തകർക്കപ്പെട്ടാൽ അതുപോലൊരു വിഗ്രഹം പിന്നീടുണ്ടാക്കിയെടുക്കാൻ പാടാണ് എന്ന് മനസ്സിലാക്കിയ ഭക്തർ, ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിപ്പാടിനെയും തന്ത്രി, ഓതിയ്ക്കന്മാർ, ശാന്തിക്കാർ, കഴകക്കാർ തുടങ്ങിയവരെയും വിവരമറിയിച്ചു. അപകടം മനസ്സിലാക്കിയ അവർ സുരക്ഷിതമായ ഒരു സ്ഥാനം അന്വേഷിച്ചുനടന്നപ്പോൾ കണ്ടെത്തിയത്, കേരളത്തിലെ മറ്റൊരു പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ അമ്പലപ്പുഴ ക്ഷേത്രമാണ്. അമ്പലപ്പുഴ അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അതിനാൽ, അങ്ങോട്ട് വിഗ്രഹം കൊണ്ടുപോകുന്നതിന് തിരുവിതാംകൂർ രാജാവിന്റെ അനുമതി വേണമായിരുന്നു. ധർമ്മരാജ എന്ന പേരിൽ പ്രസിദ്ധനായ കാർത്തിക തിരുനാൾ രാമവർമ്മയായിരുന്നു അപ്പോഴത്തെ തിരുവിതാംകൂർ രാജാവ്. അമ്പലപ്പുഴയിലേയ്ക്ക് വിഗ്രഹം കൊണ്ടുവരുന്നതിന് അദ്ദേഹം തന്ത്രിയ്ക്കും ഊരാളന്മാർക്കും പൂർണ്ണ അനുമതി നൽകി. തുടർന്ന് ഘോഷയാത്രയായി വിഗ്രഹം അമ്പലപ്പുഴയിലെത്തിച്ചു. അവിടെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പഴയ ചെമ്പകശ്ശേരി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണിത് ഗുരുവായൂരപ്പനെ അവിടെ താത്കാലികമായി കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. പിന്നീട് കുറച്ചുകാലം മാവേലിക്കരയിലെ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലും ഗുരുവായൂരപ്പനെ കുടിയിരുത്തി. അതിനുശേഷമാണ് വീണ്ടും ഗുരുവായൂരിലേയ്ക്ക് വിഗ്രഹം കൊണ്ടുവന്നത്. ഇതിനിടയിൽ സമീപത്തുള്ള പല ക്ഷേത്രങ്ങളും തകർത്തശേഷം ഗുരുവായൂർ ക്ഷേത്രം ആക്രമിയ്ക്കാൻ വന്ന ടിപ്പുവിന്, ചില ദുർനിമിത്തങ്ങൾ മൂലം ആ പദ്ധതി ഉപേക്ഷിയ്ക്കേണ്ടി വരികയും, പിന്നീട് അദ്ദേഹം ഗുരുവായൂരപ്പന് ചില സമർപ്പണങ്ങൾ നടത്തുകയും ചെയ്യുകയുണ്ടായി.

ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ടിരുന്ന കാലത്തുണ്ടായ രസകരമായ ചില സംഭവങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധകൃതിയായ ഐതിഹ്യമാലയിൽ കുറിച്ചിട്ടുണ്ട്. ചില ഈശ്വരന്മാരുടെ പിണക്കം എന്ന പേരിലുള്ള ലേഖനത്തിലാണ് അദ്ദേഹം ഒരേ ഈശ്വരന്റെ രൂപഭാവങ്ങളായ ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃഷ്ണനും തമ്മിൽ നടന്നതായി പറയപ്പെടുന്ന വഴക്കിന്റെ കഥ വിവരിയ്ക്കുന്നത്. ആ കഥ ഇങ്ങനെ പോകുന്നു: ഗുരുവായൂരപ്പന്റെ നമസ്കാരസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങൾ മറ്റുള്ള പാത്രങ്ങളിലേയ്ക്ക് മാറ്റുന്ന പതിവില്ല. എന്നാലും സാധാരണയായി അവയ്ക്ക് ക്ലാവുചുവ പിടിയ്ക്കാറുമില്ല. എന്നാൽ, അമ്പലപ്പുഴയിൽ ഭഗവാൻ കുടികൊണ്ട സമയത്ത് സദ്യയ്ക്കുണ്ടാക്കുന്ന കാളൻ മുതലായ കറികളിൽ ക്ലാവുചുവ ഉണ്ടാകുക പതിവായി. ഇത് ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴ കൃഷ്ണൻ ചെയ്തതാണെന്ന് ഭക്തർ പറഞ്ഞുപരത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അമ്പലപ്പുഴയിലെ പ്രസിദ്ധമായ പാൽപ്പായസനിവേദ്യത്തിൽ അട്ടയും പാറ്റയും കൊതുകും മറ്റും ചത്തുവീഴുന്ന സ്ഥിതിയും കാണാനിടയായി. ഇത് ഗുരുവായൂരപ്പന്റെ പ്രതികാരമായും വ്യഖ്യാനിയ്ക്കപ്പെട്ടു. ഗുരുവായൂരപ്പനെ മാവേലിക്കരയിലേയ്ക്ക് മാറ്റുന്നതുവരെ ഇത്തരം പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു.

എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ കുടികൊണ്ട കാലം ഇരുക്ഷേത്രങ്ങൾക്കും കൂടുതൽ പ്രശസ്തിയുണ്ടാക്കി. പുതിയ ചില സങ്കല്പങ്ങൾ ഇരുക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പിറവിയെടുക്കുന്നതിന് ഇത് വഴിതെളിച്ചു. അമ്പലപ്പുഴയിൽ ഉച്ചപ്പൂജയ്ക്ക് പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കുമുകളിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. തന്മൂലം ഗുരുവായൂരിൽ ഉച്ചപ്പൂജ അമ്പലപ്പുഴയിലെ ഉച്ചപ്പൂജയ്ക്ക് മുമ്പ് അവസാനിപ്പിയ്ക്കുകയും അതുകഴിഞ്ഞ ഉടനെ നടയടയ്ക്കുകയും ചെയ്യുന്നു. ഗുരുവായൂരിലെ ഉച്ചശീവേലി വൈകീട്ട് നടതുറന്ന ശേഷമാണ് നടത്തുന്നത്. മറ്റൊരു ക്ഷേത്രത്തിലും ഈ പ്രത്യേകതയില്ല.

ചെമ്പൈയുടെ കഥ

[തിരുത്തുക]

കർണ്ണാടകസംഗീതചക്രവർത്തിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുമായും ഗുരുവായൂർ ക്ഷേത്രത്തിന് അടുത്ത ബന്ധമുണ്ട്. കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, സംഗീതലോകത്ത് തനിയ്ക്ക് ലഭിച്ച സംഭാവനകളെല്ലാം ഗുരുവായൂരപ്പന് സമർപ്പിയ്ക്കുകയും തനിയ്ക്ക് ലഭിച്ച പൈസ കൊണ്ട് ഭഗവാന് നിരവധി തവണ ഉദയാസ്തമനപൂജ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശിക്കാലത്ത് ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ടെങ്കിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെട്ടപ്പോഴുള്ള കഥയാണ് കൂടുതൽ പ്രസിദ്ധം. അതിങ്ങനെ:

1952-ലെ ഗുരുവായൂർ ഏകാദശിനാളിൽ പതിവിനുവിപരീതമായി കോഴിക്കോട്ടെ സാമൂതിരി കോവിലകത്തായിരുന്നു ചെമ്പൈയ്ക്ക് കച്ചേരി. പറഞ്ഞതനുസരിച്ച് അദ്ദേഹം കച്ചേരിയ്ക്കായി കോവിലകത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നാവിൽ നിന്ന് ശബ്ദം പുറത്തുവന്നില്ല. ഇതിൽ ദുഃഖിതനായ അദ്ദേഹം പിന്നീട് ഗുരുവായൂരിലെത്തുകയും ശ്രീകോവിലിനുമുന്നിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആ സമയത്ത്, വൈദ്യകുലപതി വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി ക്ഷേത്രദർശനം നടത്തുന്നുണ്ടായിരുന്നു. ചെമ്പൈയുടെ വിഷമാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം, ചെമ്പൈയെ പൂമുള്ളി മനയിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ വച്ച് പത്തുദിവസം വിശദമായി ചികിത്സിയ്ക്കുകയും ചെയ്തു. ഒരു പ്രത്യേകതരം പൊടി പാലിൽ കലക്കി നൽകിയാണ് വൈദ്യമഠം ചെമ്പൈയെ ചികിത്സിച്ചത്. തദ്ഫലമായി ചെമ്പൈയ്ക്ക് ശബ്ദം തിരിച്ചുകിട്ടുകയും, അദ്ദേഹം വൈദ്യമഠത്തിൽ ഒരു കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് മരണം വരെ അദ്ദേഹത്തിന് ഒരിയ്ക്കലും ശബ്ദം നഷ്ടപ്പെടേണ്ട സാഹചര്യമുണ്ടായില്ല.

1896 ഓഗസ്റ്റ് 28-ന് പാലക്കാട് ജില്ലയിലെ കോട്ടായിയ്ക്കടുത്ത് ചെമ്പൈ ഗ്രാമത്തിൽ, സംഗീതജ്ഞനായിരുന്ന അനന്തരാമഭാഗവതരുടെയും പാർവ്വതിയമ്മാളുടെയും മൂത്ത മകനായി ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ ജനിച്ച വൈദ്യനാഥ ഭാഗവതർ, ചെറുപ്പത്തിലേ പിതാവിൽ നിന്ന് സംഗീതം അഭ്യസിച്ചു. എട്ടാമത്തെ വയസ്സിൽ, വെള്ളിനേഴി കാന്തള്ളൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വച്ച് അരങ്ങേറ്റം കുറിച്ച അദ്ദേഹം, ചെറുപ്പത്തിലേ വൈക്കം, ഗുരുവായൂർ, തൃപ്പൂണിത്തുറ, കൊല്ലൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ കച്ചേരി അവതരിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം വയലിൻ വായിയ്ക്കാനും പഠിച്ചു. ഇക്കാലത്തുതന്നെ അദ്ദേഹം നാട്ടിൽ വച്ച് കുട്ടികളെ സംഗീതം അഭ്യസിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു.

ആദ്യകാലത്ത് അനുജനായിരുന്ന സുബ്രഹ്മണ്യഭാഗവതർക്കൊപ്പമാണ് ചെമ്പൈ കച്ചേരികൾ അവതരിപ്പിച്ചുവന്നത്. വയലിൻ വിദ്വാൻ കൂടിയായിരുന്ന അച്ഛൻ അനന്തരാമഭാഗവതർ വയലിനിലും തദ്ദേശീയരായ സംഗീതജ്ഞർ മൃദംഗത്തിലും അകമ്പടി സേവിച്ചാണ് ഈ കച്ചേരികൾ നടന്നുപോയിരുന്നത്. പിന്നീട് അദ്ദേഹം ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ഒറ്റയ്ക്ക് കച്ചേരികൾ അവതരിപ്പിയ്ക്കാൻ തുടങ്ങുകയും ചെയ്തു. കർണാടകസംഗീതത്തിലെ അതികായനാകാൻ അദ്ദേഹത്തിന് അധികകാലം വേണ്ടിവന്നില്ല. അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ തുടങ്ങിയ അക്കാലത്തെ മഹാരഥന്മാരുടെ നിരയിലേയ്ക്ക് പതുക്കെ ചെമ്പൈയും ഉയർന്നുവന്നു. നിരവധി പ്രശസ്ത വാദ്യകലാകാരന്മാർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി സേവിച്ചുതുടങ്ങി. വയലിനിലും പ്രാവീണ്യം നേടിയ അദ്ദേഹം, ചില സംഗീതജ്ഞർക്ക് വയലിനിലും അകമ്പടി സേവിച്ചു. 1913 മുതൽ 1927 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചു. 1913-ൽ തമിഴ്നാട്ടിലെ കരൂരിൽ പെത്താച്ചി ചെട്ടിയാർ എന്ന പ്രമാണി നടത്തിയ സംഗീതോത്സവത്തിലെ കച്ചേരി, 1915-ൽ പുതുച്ചേരിയിൽ ഒരു വിവാഹത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി, 1916-ൽ പാലക്കാട്ടു വച്ച് നടത്തിയ രാമനവമി സംഗീതോത്സവം, 1927-ൽ മദ്രാസ് സംഗീത അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കച്ചേരി തുടങ്ങിയവ അതിൽ പ്രധാനമാണ്.

സ്വന്തമായി കൃതികൾ രചിച്ചിട്ടില്ലെങ്കിലും നിരവധി പ്രശസ്ത വാഗ്ഗേയകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുന്നതിൽ ചെമ്പൈ എപ്പോഴും ശ്രദ്ധിച്ചു. ലളിതാദാസൻ എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന ടി.ജി. കൃഷ്ണയ്യർ, മീനാക്ഷീസുതൻ എന്ന തൂലികാനാമത്തിൽ കൃതികൾ രചിച്ചുവന്നിരുന്ന ബെംഗളൂരു നാഗരാജൻ എന്നിവർ അവരിൽ പ്രധാനികളാണ്. ലളിതാദാസൻ ഹംസാനന്ദി രാഗത്തിലും രൂപകതാളത്തിലും ചിട്ടപ്പെടുത്തിയ പാവന ഗുരുപവനപുരാധീശമാശ്രയേ എന്ന കൃതി, കർണാടകസംഗീതത്തിൽ ഗുരുവായൂരപ്പനെക്കുറിച്ച് രചിയ്ക്കപ്പെട്ട അപൂർവ്വം കൃതികളിൽ പ്രഥമസ്ഥാനം വഹിയ്ക്കുന്നു. ഈ കൃതി ചെമ്പൈ സ്ഥിരമായി കച്ചേരികളിൽ പാടുന്നത് വഴി പ്രസിദ്ധി നേടുകയും, അതുവഴി നിരവധി ഭക്തരെ ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ആകർഷിയ്ക്കുകയും ചെയ്തു. മീനാക്ഷീസുതൻ നാട്ട രാഗത്തിലും ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ രക്ഷമാം ശരണാഗതം എന്ന കൃതി, അദ്ദേഹത്തിന് ശബ്ദം തിരിച്ചുകിട്ടിയ ശേഷം ഗുരുവായൂരപ്പന് സമ്മാനമായി സമർപ്പിച്ചു. ആദ്യകാലത്ത് മലയാളകൃതികൾ പാടുന്നതിൽ ഉപേക്ഷ കാണിച്ചിരുന്ന ചെമ്പൈ, പിന്നീട് ഒരു സുഹൃത്തിന്റെ ആവശ്യമനുസരിച്ച് ഇരയിമ്മൻ തമ്പിയുടെ കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ എന്ന കീർത്തനം പാടാൻ തുടങ്ങുകയും, പതുക്കെ ആ കൃതിയ്ക്കും പ്രചാരം ലഭിയ്ക്കുകയും ചെയ്തു. ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ കൃതി, അദ്ദേഹം യദുകുല കാംബോജി രാഗത്തിൽ പുതുതായി ചിട്ടപ്പെടുത്തിയാണ് അവതരിപ്പിച്ചത്. ഇത് പിന്നീട് അദ്ദേഹത്തിന്റെ മുഖമുദ്രയായി മാറി. വാതാപി ഗണപതിം ഭജേഹം, ശിവ ശിവ ശിവ എനരാദ, ക്ഷീരസാഗര തുടങ്ങിയ കൃതികളും അദ്ദേഹത്തിന്റെ ആലാപനശൈലിയിൽ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി.

കുട്ടിക്കാലം മുതലേ തികഞ്ഞ ഗുരുവായൂരപ്പഭക്തനായിരുന്ന ചെമ്പൈ, തന്റെ ജീവിതത്തിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണക്കാരൻ ഗുരുവായൂരപ്പനാണെന്ന് അന്ത്യം വരെ വിശ്വസിച്ചുവന്നു. 1907-ലെ ഗുരുവായൂർ ഏകാദശിനാളിലാണ് അദ്ദേഹം ആദ്യമായി ഗുരുവായൂരിലെത്തുന്നത്. അന്ന് അനുജന്നും അച്ഛന്നുമൊപ്പം നടത്തിയ കച്ചേരിയ്ക്കുശേഷം മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് ഏതാനും പോലീസുകാർ അദ്ദേഹത്തിന് മുന്നിലെത്തി. ഒരുനിമിഷം സ്തബ്ധരായിപ്പോയ ചെമ്പൈയോട് അവർ അടുത്ത കച്ചേരിയ്ക്ക് ക്ഷണിയ്ക്കുകയാണുണ്ടായത്. ഈ സംഭവത്തിനുശേഷം എല്ലാ വർഷവും ഏകാദശിനാളിൽ ഗുരുവായൂരിൽ വന്ന് കച്ചേരി നടത്തിപ്പോകുന്നത് അദ്ദേഹം പതിവാക്കി. ഒരിയ്ക്കലും പണം കൂട്ടിവയ്ക്കാൻ ഇഷ്ടപ്പെടാതിരുന്ന ചെമ്പൈ, തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ഗുരുവായൂരപ്പന് ഉദയാസ്തമനപൂജ നടത്താൻ ഉപയോഗിച്ചു. ബാക്കി വന്ന പണം കൊണ്ട് നിരവധി ജനക്ഷേമപ്രവർത്തനങ്ങളും അദ്ദേഹം നടത്തി. ജാതീയവും മതപരവുമായ പല വിലക്കുകളെയും മറികടന്ന് പ്രശസ്തരും അപ്രശസ്തരുമായ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കെ. ജെ. യേശുദാസ്, ടി. വി. ഗോപാലകൃഷ്ണൻ, പി. ലീല, ജയവിജയന്മാർ, മണ്ണൂർ രാജകുമാരനുണ്ണി, ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാട്, പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. നിരവധി പ്രശസ്തർ അദ്ദേഹത്തിന്റെ കച്ചേരികൾക്ക് അകമ്പടി വായിച്ചിട്ടുണ്ടെങ്കിലും വയലിനിൽ മൈസൂർ ചൗഡയ്യയും മൃദംഗത്തിൽ പാലക്കാട് മണി അയ്യരുമാണ് അദ്ദേഹത്തിന്റെ കച്ചേരികളിൽ ഏറ്റവും കൂടുതൽ അകമ്പടി സേവിച്ചത്. മൂവരുമൊന്നിച്ചുള്ള കച്ചേരികൾ വളരെയധികം ജനപ്രീതി പിടിച്ചുപറ്റി.

നിരവധി പുരസ്കാരങ്ങൾ ചെമ്പൈയെ തേടിയെത്തിയിട്ടുണ്ട്. മദ്രാസ് മ്യൂസിക്ക് അക്കാദമിയിൽ നിന്നു ലഭിച്ച സംഗീത കലാനിധി (1951), കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1958), മദ്രാസ് ഫൈൻ ആർട്സ് സൊസൈറ്റിയിൽ നിന്നു ലഭിച്ച സംഗീതകലാ ശിഖാമണി (1964), കേരള കലാമണ്ഡലം വക സുവർണമുദ്ര (1965), ഭാരത സർക്കാർ വക പദ്മഭൂഷൺ (1973) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവ കൂടാതെ, 1935-ൽ അക്കാലത്തെ പ്രസിദ്ധ ആത്മീയാചാര്യനായിരുന്ന സ്വാമി ശിവാനന്ദയിൽ നിന്ന് സംഗീത സമ്രാട്ട്, 1937-ൽ മൈസൂർ മഹാരാജാവിൽ നിന്ന് വിശേഷാൽ അംഗീകാരം, 1940-ൽ പ്രസിദ്ധ സംഗീതജ്ഞനും വാഗ്ഗേയകാരനുമായിരുന്ന മുത്തയ്യാ ഭാഗവതരിൽ നിന്ന് ഗായനഗന്ധർവ്വൻ, കൊച്ചി, ബറോഡ, വിജയനഗരം, ബൊബ്ബിലി, ജയ്പൂർ എന്നീ നാട്ടുരാജ്യങ്ങളിൽ നിന്നുള്ള വിശേഷാൽ ബഹുമതികൾ തുടങ്ങിയവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഗുരുവായൂർ കൂടാതെ ജന്മനാട്ടിലെ പാർത്ഥസാരഥിക്ഷേത്രം, ഒറ്റപ്പാലത്തെ പൂഴിക്കുന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലും ചെമ്പൈ നിത്യേന കച്ചേരികൾ അവതരിപ്പിച്ചുപോന്നിരുന്നു. എത്ര തിരക്കുണ്ടായാലും ചെമ്പൈ പാർത്ഥസാരഥിക്ഷേത്രത്തിൽ കുംഭമാസത്തിലെ വെളുത്ത ഏകാദശി ആഘോഷം കൂടാൻ അദ്ദേഹം സ്ഥിരമായി വരുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല വേദികളിലൊന്നായിരുന്ന പൂഴിക്കുന്ന് ക്ഷേത്രത്തിൽ നവരാത്രിയുടെ ആദ്യദിവസം നടക്കുന്ന കച്ചേരിയും അദ്ദേഹം ആജീവനാന്തം മുടക്കം കൂടാതെ നടത്തിപ്പോന്നു. അത്തരത്തിലൊരു ദിവസം തന്നെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതും. 1974 ഒക്ടോബർ 16-ന് നവരാത്രിയുടെ ആദ്യദിവസം പതിവുപോലെ അദ്ദേഹം പൂഴിക്കുന്ന് ക്ഷേത്രത്തിലെത്തിച്ചേരുകയും ഏകദേശം മൂന്ന് മണിക്കൂർ നേരം തുടർച്ചയായി കച്ചേരി അവതരിപ്പിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃതികളെല്ലാം അന്ന് അദ്ദേഹം പാടി. അവയിൽ അവസാനം പാടിയത് കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ എന്ന കൃതിയാണ്. കച്ചേരി അവസാനിപ്പിച്ചശേഷം പൂഴിക്കുന്ന് ക്ഷേത്രത്തിൽ തൊഴുത അദ്ദേഹം, നടയിൽ നിന്ന് പൊട്ടിക്കരയുകയും 78 വയസ്സുള്ള തന്നെ തിരിച്ചെടുത്തുകൂടേ എന്ന് ഭഗവാനോട് ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു മാരാർ, ചെമ്പൈ 120 വയസ്സുവരെ ജീവിയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അത്രയൊന്നും തനിയ്ക്ക് വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന്, ശിഷ്യനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിച്ചേർന്ന അദ്ദേഹം, അവിടെവച്ച് അല്പസമയം ശിഷ്യനോട് സംസാരിയ്ക്കുകയും തുടർന്ന് സന്ധ്യാവന്ദനം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ ശിഷ്യനായ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ നാഡീസ്പന്ദനം പരിശോധിച്ചുനോക്കി മരണം സ്ഥിരീകരിച്ചു. അങ്ങനെ ആ മഹാസംഗീതജ്ഞൻ ഗുരുവായൂരപ്പനിൽ ലയിച്ചുചേർന്നു. ജന്മനാടായ ചെമ്പൈ ഗ്രാമത്തിൽ തന്നെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു.

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളിൽ ഒരിയ്ക്കലും ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമാണ് ഗജരാജൻ ഗുരുവായൂർ കേശവന്റേത്. നീണ്ട 55 വർഷം ഗുരുവായൂർ ദേവസ്വത്തെ സേവിച്ച ഈ ഗജവീരൻ ഗുരുവായൂരപ്പന്റെ ഭക്തരിൽ തന്നെ പ്രമുഖസ്ഥാനം അലങ്കരിയ്ക്കുന്നുണ്ട്. ഒരു ആന ചരിഞ്ഞ ശേഷം അതിന്റെ ജീവിതം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ഒരു ആനയുടെ ചരമവാർഷികം എല്ലാ വർഷവും ആചരിച്ചുവരുന്നതും അങ്ങനെത്തന്നെ. ഇങ്ങനെ ജീവിച്ചിരുന്ന കാലത്തും ചരിഞ്ഞശേഷവും അത്ഭുതകഥാപാത്രമായി നിറഞ്ഞുനിൽക്കുന്ന കേശവൻ ഗുരുവായൂരിൽ എത്തിച്ചേരാനുണ്ടായ കാരണം ഇങ്ങനെയാണ്:

ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ തേക്കുമരക്കാടുകൾ നിറഞ്ഞുനിൽക്കുന്ന നിലമ്പൂരിലാണ് കേശവൻ പിറന്നുവീണത്. എട്ടാം വയസ്സിൽ വാരിക്കുഴിയിൽ വീണ കേശവനെ സാമൂതിരി കുടുംബത്തിന്റെ ശാഖകളിലൊന്നായ നിലമ്പൂർ കോവിലകം ഏറ്റെടുക്കുകയായിരുന്നു. നിലമ്പൂർ കോവിലകത്തെ രണ്ടാമത്തെ കുട്ടിക്കൊമ്പനായിരുന്നു കേശവൻ. കോവിലകത്തെത്തിയ കേശവൻ അവിടെ കൂട്ടാനയ്ക്കൊപ്പം സുഖമായി കളിച്ചുവളർന്നു. അവന്റെ കളിചിരികളും തമാശകളും കോവിലകത്തുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. കോവിലകത്തെ കുട്ടികൾ കേശവനോടൊപ്പം കളിയ്ക്കുന്നതും പതിവായിരുന്നു. ഒരിയ്ക്കൽ പോലും ആരെയും ദ്രോഹിയ്ക്കാതെ നിന്ന അവൻ നാട്ടുകാർക്കും വളരെ പ്രിയങ്കരനായി മാറി.

അങ്ങനെയിരിയ്ക്കേയാണ് മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഭാഗമായി നിരവധി ആപത്തുകൾ കോവിലകത്തുള്ളവർക്ക് നേരിടേണ്ടിവന്നു. ഇതിനെത്തുടർന്ന് കോവിലകത്തെ വലിയ തമ്പുരാനും തമ്പുരാട്ടിയും കുടുംബവും സ്വത്തുക്കളുടെ ഉത്തരവാദിത്തം മുഴുവൻ കാര്യസ്ഥനായ പണിയ്ക്കരെ ഏല്പിച്ച് തൃശ്ശൂരിലേയ്ക്ക് താമസം മാറി. എന്നാൽ കലാപകാരികൾ പണിയ്ക്കരെ വധിച്ചതോടെ പ്രശ്നങ്ങൾ ആകെ ഗുരുതരമായി. തന്റെ സ്വത്തുക്കൾ നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഭയപ്പെട്ട തമ്പുരാൻ, പൂജാമുറിയിൽ കയറി ഗുരുവായൂരപ്പനെ വിളിച്ചുപ്രാർത്ഥിയ്ക്കാൻ തുടങ്ങി. തന്റെ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റാതെ കാത്താൽ തന്റെ ആനകളിലൊരെണ്ണത്തിന്റെ താൻ നടയ്ക്കുവയ്ക്കുമെന്ന് അദ്ദേഹം നേർച്ച നേർന്നു. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾക്ക് യാതൊരു കുഴപ്പവും പറ്റിയില്ലെന്ന വിവരം തമ്പുരാൻ അറിയാനിടവരികയും തുടർന്ന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്താൻ തീരുമാനിയ്ക്കുകയും ചെയ്തു. അങ്ങനെ 1922 ജനുവരി നാലിന് കേശവനെ ഗുരുവായൂരപ്പനുമുന്നിൽ നടയ്ക്കിരുത്തി.

കേശവൻ ക്ഷേത്രത്തിലെത്തുന്ന കാലത്ത് ഗുരുവായൂരിൽ ആനകളുടെ എണ്ണം വളരെക്കുറവായിരുന്നു. അവരിൽ ഏറ്റവും പ്രധാനിയായിരുന്നത് പദ്മനാഭൻ എന്ന ഗജവീരനാണ്. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന ഗജവീരന്മാരിൽ തലയെടുപ്പുകൊണ്ടും ആകാരഭംഗി കൊണ്ടുമെല്ലാം മുൻപന്തിയിലുണ്ടായിരുന്നത് പദ്മനാഭനായിരുന്നു. തൃശ്ശൂർ പൂരമടക്കം കേരളത്തിലെ ഭൂരിപക്ഷം ഉത്സവങ്ങളിലും അവനായിരുന്നു താരം. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മ അവന് ചാർത്തിയ വീരശൃംഖല ഇന്നും ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലത്തിൽ ചാർത്തിയിട്ടുണ്ട്. നിത്യവും രണ്ടുശീവേലികൾക്ക്[a] ഭഗവാനെ എഴുന്നള്ളിച്ചിരുന്നതും പദ്മനാഭന്റെ പുറത്താണ്. കേശവൻ ഗുരുവായൂരിലെത്തിയ ശേഷം പലപ്പോഴായി അവന് പദ്മനാഭന്റെ എഴുന്നള്ളത്ത് കാണാനിടവരികയും അതിന്റെ സ്വഭാവസവിശേഷകൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെ അവൻ പദ്മാഭന്റെ നിലയിലേയ്ക്ക് ഉയരുകയും ഒടുവിൽ പദ്മനാഭനെ കടത്തിവെട്ടുകയും ചെതു.

1934-ൽ പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വേലയ്ക്കിടയിലുണ്ടായ ഒരു അപകടത്തിൽ പദ്മനാഭൻ ചരിഞ്ഞതോടെ കേശവയുഗം ആരംഭിച്ചു. കേശവന്റെ പല സ്വഭാവസവിശേഷതകളും അവനെ പതുക്കെ ജനപ്രിയനാക്കി മാറ്റി. കേരളത്തിലെ പലയിടത്തെ ഉത്സവങ്ങളിലും അവൻ പങ്കെടുക്കാൻ തുടങ്ങി. എന്നാൽ എവിടെപ്പോയാലും തിടമ്പ് തന്റെ തലയിൽ തന്നെ വേണമെന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. ഒരിയ്ക്കൽ, കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് പറ്റാനയ്ക്ക് കേശവനെക്കാൾ ഒരല്പം ഉയരം കൂടിയ സാഹചര്യം വന്നപ്പോൾ തിടമ്പു വച്ച് അളന്നുനോക്കാൻ അധികാരികൾ തീരുമാനിച്ചു. തിടമ്പുവച്ചപ്പോൾ കേശവന്റെ തലയെടുപ്പ് അപാരമായിരുന്നു. തൃശ്ശൂർ പൂരത്തിനും കേശവൻ പങ്കെടുക്കുന്നത് പതിവായി. പാറമേക്കാവ്, തിരുവമ്പാടി എന്നീ ഇരുവിഭാഗങ്ങൾക്കുവേണ്ടിയും അവൻ തിടമ്പേറ്റിയിട്ടുണ്ട്.

കേശവന് രണ്ട് പാപ്പാന്മാരാണുണ്ടായിരുന്നത് - അച്യുതൻ നായരും മാണി നായരും. മാണിനായർ അസാമാന്യമായ ഉയരവും വണ്ണവുമുള്ള ശരീരത്തിനുടമയായിരുന്നെങ്കിൽ അച്യുതൻ നായർ മെലിഞ്ഞ് ശുഷ്കിച്ച ശരീരത്തിനുടമയായിരുന്നു. ഇവരുടെ സ്വഭാവത്തിലും വ്യത്യാസമുണ്ടായിരുന്നു. മാണി നായർ കേശവനെ ഭയപ്പെടുത്തി അനുസരിപ്പിയ്ക്കുന്ന പ്രകൃതക്കാരനായിരുന്നെങ്കിൽ അച്യുതൻ നായർ അവനെ ഒരു മകനെപ്പോലെയാണ് കണ്ടത്. സ്നേഹസമ്പന്നനായിരുന്ന അച്യുതൻ നായർ, ചിലപ്പോൾ കുറുമ്പുകാണിച്ചതിന് അടിച്ചാലും അതൊന്നും സാരമില്ല മകനേ എന്നുപറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കുമായിരുന്നു. ജീവിതാന്ത്യം വരെ അദ്ദേഹം കേശവനെ നോക്കിനടന്നു. ആദ്യകാലത്ത് മദപ്പാടുകാലത്ത് കാട്ടുന്ന ചില വിക്രിയകൾ കാരണം കേശവന് ഭ്രാന്തൻ കേശവൻ എന്നൊരു അപരനാമമുണ്ടായിരുന്നു. അക്കാലത്ത് ഈ രണ്ടുപാപ്പാന്മാരും ചേർന്ന് കേശവനെ നല്ലപോലെ നോക്കി. കേശവന്റെ ഭ്രാന്ത് മാറുന്നതായി വിധിപ്രകാരം അവനെ 41 ദിവസം ഭജനമിരുത്തുകയും ഭഗവാന് നേദിച്ച വെണ്ണ ജപിച്ചുനൽകുകയും ചെയ്തതോടെ കേശവന്റെ മനസ്സുമാറി. പിന്നീട് അവൻ കേരളീയ ഗജപ്രേമികളുടെ ഇഷ്ടതാരമായി മാറി.

ഗജലക്ഷണശാസ്ത്രപ്രകാരമുള്ള പല യോഗ്യതകളും കേശവന്നുണ്ടായിരുന്നു. പതിനൊന്നരയടിയായിരുന്നു അവന്റെ ഉയരം. കൊമ്പിന്റെ കടവായിൽ നിന്നു പുറത്തേയ്ക്കുള്ള ദൂരം നാലരയടി. അപൂർവങ്ങളിൽ അപൂർവമായി കാണുന്ന ലക്ഷണമൊത്ത, നിരയൊത്ത 20 വെള്ള നഖങ്ങൾ. ഇതിനെല്ലാം പുറമേ അപൂർവ്വതയുള്ള അനേകം സ്വഭാവസവിശേഷതകളും. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുണ്ടായിരുന്ന കേശവൻ, തന്നെ ആവശ്യമുള്ള ചടങ്ങിന് മുമ്പ് ഒരുങ്ങിനിൽക്കുമായിരുന്നു. മദപ്പാടുകാലത്ത് ചില വേലത്തരങ്ങൾ കാണിയ്ക്കുന്ന കേശവൻ ഇടഞ്ഞോടിയാൽ പിന്നെ എത്ര ദൂരെയുള്ള സ്ഥലത്തായാലും ഗുരുവായൂരിൽ ചെന്നേ നിൽക്കുമായിരുന്നുള്ളൂ. ഒരിയ്ക്കൽ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിയ്ക്കുന്ന സമയത്ത് മദമിളകി തേക്കിൻകാട് മൈതാനം ചുറ്റി വടക്കുന്നാഥനെ പ്രദക്ഷിണം വച്ചശേഷമാണ് കേശവൻ സ്ഥലം വിട്ടത്. ജില്ലാ കളക്ടറും ഡി.എമ്മും അടക്കമുള്ള പല ഉദ്യോഗസ്ഥരും ഇടപെട്ടിട്ടും മയക്കുവെടി വയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ ചെർപ്പുളശ്ശേരി സ്വദേശിയായ അമ്പാടിയിൽ കൃഷ്ണൻ നായർ എന്നൊരാൾ ഓടിവന്ന് കേശവനെ തളച്ചുവെന്നാണ് കഥ. മറ്റൊരിയ്ക്കൽ, തൃശ്ശൂരിന് തെക്കുള്ള കൂർക്കഞ്ചേരി ക്ഷേത്രത്തിലെ തൈപ്പൂയത്തിന് എഴുന്നള്ളിയ്ക്കാൻ കൊണ്ടുപോകുന്ന വഴിയിൽ, തൃശ്ശൂരിൽ നിന്ന് ആറുകിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്ന പുഴയ്ക്കൽ എന്ന സ്ഥലത്തുവച്ച് പെട്ടെന്ന് തിരിഞ്ഞുനടന്നതും രസകരമായ ഒരു സംഭവമാണ്. തന്റെ ജീവിതകാലത്ത് ഒരാളെ പോലും അവൻ കൊന്നിട്ടില്ല. ഒരിയ്ക്കൽ ഉച്ചതിരിഞ്ഞ സമയത്ത് മദമിളകിയ അവൻ, വഴിയിൽ വച്ച് ഏതാനും സ്കൂൾ കുട്ടികളെ കണ്ടപ്പോൾ അവരെ ഉപദ്രവിയ്ക്കാതെ നടന്നുപോയത് അതിനൊരു ഉദാഹരണമാണ്. മറ്റൊരിയ്ക്കൽ മദമിളകിയപ്പോൾ ഇടുങ്ങിയ വഴിയിലൂടെ ഓടിയ അവൻ, വഴിയിൽ കണ്ട കാലുകളില്ലാത്ത ഒരു രോഗിയെ ചവിട്ടാതെ കടന്നുപോയത് മറ്റൊരു ഉദാഹരണം. സമയത്ത് ശീവേലിയ്ക്ക് തിടമ്പെഴുന്നള്ളിയ്ക്കാനും ഇറക്കാനുമല്ലാതെ ഒരിയ്ക്കലും അവൻ മുൻകാലുകൾ താഴ്ത്തിക്കൊടുത്തിട്ടില്ല. തിടമ്പേറ്റുന്നയാൾ മാത്രമേ തന്റെ മുന്നിലൂടെ കയറാവൂ എന്ന നിർബന്ധവും അവന്നുണ്ടായിരുന്നു. തിടമ്പേറ്റിക്കഴിഞ്ഞാൽ അത് തലയിൽ നിന്ന് മാറ്റുന്നതുവരെ അവൻ തലയുയർത്തിത്തന്നെ നിൽക്കുമായിരുന്നു.

ഗുരുവായൂരപ്പന്റെ വിശേഷ ഉത്സവങ്ങൾക്കും കേശവന്റെ പുറത്ത് കയറ്റിയാണ് എഴുന്നള്ളത്തുകൾ നടന്നുവന്നിരുന്നത്. കുംഭമാസത്തിലെ പൂയം നാൾ തൊട്ട് പത്തുദിവസം നടക്കുന്ന കൊടിയേറ്റുത്സവം, വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി, ശ്രീകൃഷ്ണാവതാരദിനമായ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി എന്നീ അവസരങ്ങളിൽ കേശവന്റെ പുറത്താണ് എഴുന്നള്ളിച്ചിരുന്നത്. ഗുരുവായൂരിലെ പല സുപ്രധാന സംഭവങ്ങളിലും അവന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1952-ൽ ഗുരുവായൂരിൽ ഇന്നുള്ള സ്വർണ്ണക്കൊടിമരത്തിനുള്ള തടി വെട്ടിക്കൊണ്ടുവന്നത് കേശവനാണ്. ആദ്യകാലത്ത് ക്ഷേത്രം തെക്കുഭാഗത്തുണ്ടായിരുന്ന കോവിലകപ്പറമ്പിൽ (ഇപ്പോൾ ദേവസ്വം വക പാഞ്ചജന്യം, ശ്രീവത്സം റെസ്റ്റ് ഹൗസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്) സ്ഥലക്കുറവ് അനുഭപ്പെട്ടതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന പുന്നത്തൂർ കോട്ടയിലേയ്ക്ക് 1975 ജൂൺ 25-ന് ആനകളെ മാറ്റുന്നതിന്റെ ഭാഗമായി നടത്തിയ ഗജരാജയാത്രയെ നയിച്ചതും കേശവനാണ്. പ്രായാധിക്യം വകവയ്ക്കാതെയുള്ള ആ യാത്ര പലരുടെയും മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു. കേശവൻ ഗുരുവായൂർ ക്ഷേത്രത്തിന് നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫമായി 1972-ൽ ഗുരുവായൂർ ദേവസ്വം അവനെ ഗജരാജപട്ടം നൽകി ആദരിച്ചു. കേശവന്റെ സേവനത്തിന്റെ 50-ആം വാർഷികം പ്രമാണിച്ചാണ് അവന് ഈ വിശേഷാൽ ബഹുമതി ലഭിച്ചത്. അപ്പോൾ തന്നെയായിരുന്നു കേശവന്റെ ഷഷ്ടിപൂർത്തി ആഘോഷവും. ഇവയോടനുബന്ധിച്ച് ദേവസ്വം വകയായുള്ള എല്ലാ ആനകൾക്കും വിശേഷാൽ സദ്യ നൽകിയതും ശ്രദ്ധേയമായ ഒരു സംഭവമാണ്.

ജീവിതത്തിന്റെ അവസാനകാലത്ത് കേശവൻ വിവിധ രോഗങ്ങളുമായി ബുദ്ധിമുട്ടി. 1976 നവംബർ 30-ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള നവമി വിളക്ക് നടക്കുന്ന സമയമായിരുന്നു. കേശവന്റെ പുറത്താണ് അപ്പോഴും തിടമ്പേറ്റിയിരുന്നത്. രാത്രി ഏകദേശം പതിനൊന്നുമണി കഴിഞ്ഞപ്പോൾ പെട്ടെന്ന് കേശവന് ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ആനപ്പുറത്തുണ്ടായിരുന്നവർ ആശങ്കാകുലരായി താഴെയിറങ്ങി. തിടമ്പ് പറ്റാനയായിരുന്ന കുട്ടികൃഷ്ണന് നൽകിയശേഷം അവസാനമായി ഗുരുവായൂരപ്പനെ തൊഴുതുകൊണ്ട് കേശവൻ ക്ഷേത്രത്തിന് തെക്കുഭാഗത്തെ പറമ്പിലേയ്ക്ക് പുറപ്പെട്ടു. ക്ഷേത്രത്തിലെ കൊടിമരത്തിലേയ്ക്ക് അഭിമുഖമായി പാപ്പാന്മാർ അവനെ കെട്ടിനിർത്തി. തുടർന്നുവന്ന രണ്ടുദിവസം കടുത്ത ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് അവൻ കഴിച്ചുകൂട്ടിയത്. വിദഗ്ദ്ധരായ ആനഡോക്ടർമാർ മുഴുവൻ കേശവന്റെ രോഗവിവരമറിഞ്ഞ് അവനെ ചികിത്സിയ്ക്കാനെത്തി. എന്നാൽ എല്ലാ ചികിത്സകളും നിഷ്ഫലമാക്കിക്കൊണ്ട് കേശവന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളായിക്കൊണ്ടിരുന്നു. ഡിസംബർ 2 വ്യാഴാഴ്ച. പുണ്യദിനമായ ഗുരുവായൂർ ഏകാദശിയായിരുന്നു അന്ന്. പുലർച്ചെ മൂന്നുമണിയായപ്പോൾ കൊടിമരത്തിന്റെ ഭാഗത്തേയ്ക്ക് നമസ്കരിച്ചുകിടന്നുകൊണ്ട് കേശവൻ അന്ത്യശ്വാസം വലിച്ചു. കേശവൻ ചരിഞ്ഞ വിവരമറിയിച്ചുകൊണ്ട് ക്ഷേത്രത്തിൽ കൂട്ടമണി മുഴങ്ങി. കേശവൻ മരിച്ചു എന്നാണ് നാട്ടുകാർ വിവരമറിയിച്ചത്. ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പല പരിപാടികളും കേശവന്റെ മരണത്തെത്തുടർന്ന് റദ്ദാക്കി. അങ്ങനെ ചടങ്ങുമാത്രമാക്കി ആ ഏകാദശി കടന്നുപോയി. കേരളം മുഴുവൻ കേശവന് അന്ത്യാഞ്ജലി അർപ്പിയ്ക്കാൻ കോവിലകപ്പറമ്പിലേയ്ക്ക് ഒഴുകിയെത്തി. വൈകീട്ട് ആറുമണിയ്ക്ക് വടക്കാഞ്ചേരിയ്ക്കടുത്തുള്ള അകമലയിലേയ്ക്ക് കൊണ്ടുപോയ കേശവന്റെ മൃതദേഹം അവിടെ വച്ച് ആചാരവിധികളോടെ സംസ്കരിച്ചു. പതിവിനുവിപരീതമായി അവനെ ദഹിപ്പിയ്ക്കുകയാണ് ചെയ്തതെന്നത് ശ്രദ്ധേയമാണ്. രാജ്യമെമ്പാടുമുള്ള പത്രങ്ങളിൽ അവന്റെ മരണവാർത്ത അടിച്ചുവന്നു.

കേശവൻ ചരിഞ്ഞശേഷം 1977-ൽ അവന്റെ ജീവിതകഥ ആസ്പദമാക്കി ഗുരുവായൂർ കേശവൻ എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങി. ഭരതൻ സംവിധാനം ചെയ്ത ഈ ചലച്ചിത്രത്തിൽ കേശവനെ അവതരിപ്പിച്ചത് നായരമ്പലം ശിവജി എന്ന ആനയാണ്. എം.ജി. സോമൻ, ജയഭാരതി, അടൂർ ഭാസി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം ബോക്സ് ഓഫീസിൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ലെങ്കിലും പി. ഭാസ്കരൻ-ജി. ദേവരാജൻ ടീം ഒരുക്കിയ ഇതിലെ ഗാനങ്ങൾ സൂപ്പർഹിറ്റുകളായി. നവകാഭിഷേകം കഴിഞ്ഞു, ഉഷാകിരണങ്ങൾ പുൽകിപ്പുൽകി, ഇന്നെനിയ്ക്ക് പൊട്ടുകുത്താൻ, ധിംതതക്ക കൊടുമല ഗണപതി, മാരിമുകിലിൻ കേളിക്കയ്യിൽ തുടങ്ങിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ജനപ്രിയമായി തുടരുന്നു. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, പി. ലീല, പി. മാധുരി എന്നിവരാണ് ഇവ ആലപിച്ചത്. 2007-ൽ കേശവന്റെ ജീവിതം ഒരു സീരിയലുമാക്കി മാറ്റി. സൂര്യ ടി.വി.യിൽ സംപ്രേഷണം ചെയ്ത ഈ സീരിയലിൽ കേശവനായി അഭിനയിച്ചത് ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നവരിൽ ഏറ്റവും ഉയരം കൂടിയ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. കേശവൻ ചരിഞ്ഞ സ്ഥാനത്ത് അവന്റെ ഒരു പൂർണ്ണകായ പ്രതിമ ഗുരുവായൂർ ദേവസ്വം പണികഴിപ്പിച്ചിട്ടുണ്ട്. 1982-ൽ കേശവന്റെ ആറാം ചരമവാർഷികദിനത്തിലാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്തത്. തുടർന്നുവന്ന എല്ലാ ഏകാദശിക്കാലത്തും ചരമദിനമായ ഏകാദശിയുടെ തലേന്ന് ദേവസ്വം വകയായുള്ള ആനകളെ കേശവന്റെ പ്രതിമ വരെ എഴുന്നള്ളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് നടന്നുവരുന്നുണ്ട്. ഗുരുവായൂർ റെയിൽവേ സ്റ്റേഷന്നടുത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നുതുടങ്ങുന്ന ഈ യാത്ര റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രവും പിന്നിട്ടാണ് കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തുക. അകമ്പടിയായി നാദസ്വരവുമുണ്ടാകും. ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന കൊമ്പനാണ് കേശവന്റെ ചിത്രം ഏറ്റുന്നതും അവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നതും. മറ്റുള്ള ആനകൾ കൊമ്പുകളുയർത്തി പ്രണാമമർപ്പിയ്ക്കും. അങ്ങനെ ഇന്നും ഓർമ്മകളിൽ മായാതെ കേശവൻ നിൽക്കുന്നു.

ഗുരുവായൂരപ്പന്റെ ഒരു ദിവസം

[തിരുത്തുക]

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കൂടാതെ, നിത്യേന മൂന്ന് അലങ്കാരങ്ങളും രണ്ട് അഭിഷേകങ്ങളും പതിവുണ്ട്.

രാവിലെയുള്ള പൂജാക്രമങ്ങൾ

[തിരുത്തുക]

പുലർച്ചെ രണ്ടുമണിയ്ക്കാണ് ഗുരുവായൂരിൽ ഒരു ദിവസം തുടങ്ങുന്നത്. ഈ സമയത്താണ് മേൽശാന്തിയും സഹായികളും എഴുന്നേറ്റ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ രുദ്രതീർത്ഥക്കുളത്തിൽ കുളിയ്ക്കാൻ പുറപ്പെടുന്നത്. അതിനുശേഷം വടക്കേ വാതിലിലൂടെ കടക്കുന്ന മേൽശാന്തി, അകത്തുകയറി വിളക്കുകൾ കൊളുത്താൻ തുടങ്ങും. അതിനുശേഷം, രണ്ടരയോടെ ഭഗവാനെ ഏഴുതവണയുള്ള ശംഖനാദത്തോടെയും തവിൽ, നാദസ്വരം തുടങ്ങിയ വാദ്യോപകരണങ്ങളോടെയും പള്ളിയുണർത്തുന്നു. ഈ സമയത്തുതന്നെ, ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ പിന്നണിഗായികയും അടിയുറച്ച ഗുരുവായൂരപ്പഭക്തയുമായിരുന്ന പി. ലീലയുടെ ശബ്ദത്തിൽ നാരായണീയം കേൾക്കാൻ സാധിയ്ക്കും. ഇതിനുശേഷം മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് ഇരുപതുമിനിറ്റ് നിർമ്മാല്യദർശനമാണ്. നിർമ്മാല്യദർശനം കഴിഞ്ഞാൽ അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. ആദ്യം എള്ളെണ്ണ കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം നടത്തുന്നു. തുടർന്നാണ് പ്രസിദ്ധമായ വാകച്ചാർത്ത്. നെന്മേനിവാകയുടെ പൊടി ഉപയോഗിച്ച് ഭഗവദ്വിഗ്രഹത്തിൽ നടത്തുന്ന അഭിഷേകമാണ് വാകച്ചാർത്ത് എന്നറിയപ്പെടുന്നത്. എല്ലാ ക്ഷേത്രങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ടെങ്കിലും ഇത് അതിവിശേഷമായി നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് ഗുരുവായൂരാണ്. വാകച്ചാർത്തിനുശേഷം ശംഖാഭിഷേകവും തുടർന്ന് സുവർണ്ണകലശത്തിലെ ജലം കൊണ്ടുള്ള അഭിഷേകവും നടത്തുന്നു. പിന്നീട് ബാലഗോപാലരൂപത്തിൽ അലങ്കാരവും തുടർന്ന് മലർ നിവേദ്യവും നടക്കുന്നു. അപ്പോഴേയ്ക്കും സമയം നാലേകാലാകും. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ധാരാളം ശർക്കര ചേർത്തുണ്ടാക്കിയ നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഈ സമയത്തെ നിവേദ്യങ്ങൾ. നാലരയോടെ ഉഷഃപൂജ കഴിയുന്നു. തുടർന്ന് അഞ്ചേമുക്കാൽ വരെ ദർശനസമയമാണ്.

അഞ്ചേമുക്കാലിന് എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങുന്നു. സൂര്യകിരണങ്ങളെ എതിരേറ്റുകൊണ്ടുള്ള പൂജയായതുകൊണ്ടാണ് ഇതിന് എതിരേറ്റുപൂജ എന്ന് പറയുന്നത്. ഈ സമയത്ത് ക്ഷേത്രം വാതിൽമാടത്തിൽ പ്രത്യേകമായി അലങ്കരിച്ച സ്ഥലത്ത് ഗണപതിഹോമം തുടങ്ങുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നാണ് പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തുതന്നെ ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ എന്നിവർക്കും, ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽദൈവമായ ഇടത്തരികത്തുകാവ് ദുർഗ്ഗാഭഗവതിയ്ക്കും നിവേദ്യം സമർപ്പിയ്ക്കുന്നു. ഗണപതിയ്ക്കും അയ്യപ്പന്നും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ എല്ലാവർക്കും വീതിയ്ക്കുന്നു. സൂര്യോദയത്തിനുശേഷം രാവിലെ ഏഴുമണിയോടെ എതിരേറ്റുപൂജ സമാപിയ്ക്കുന്നു. തുടർന്ന് ഇരുപതുമിനിറ്റ് നേരം ദർശനം.

7:20-ന് ഉഷഃശീവേലി ആരംഭിയ്ക്കുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്നതാണ് ശീവേലിയുടെ സങ്കല്പം. 'ശ്രീബലി' എന്ന സംസ്കൃതപദമാണ് 'ശീവേലി'യായി പരിണമിച്ചത്. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവും ശീവേലിവിഗ്രഹവുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. തുടർന്ന് നാലമ്പലത്തിനകത്തുള്ള ബലിക്കല്ലുകളിൽ ഓരോന്നായി ബലിതൂകുന്നു. തുടർന്ന് നാലമ്പലത്തിന് പുറത്തെത്തുമ്പോൾ ശീവേലിവിഗ്രഹവുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വിഗ്രഹമേറ്റുന്ന കീഴ്ശാന്തി ശാന്തിയേറ്റ നമ്പൂതിരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. വാദ്യമേളങ്ങളുടെയും ഭക്തരുടെ നാമജപത്തിന്റെയും അകമ്പടിയോടെ നാലമ്പലത്തിനുചുറ്റും മൂന്ന് പ്രദക്ഷിണം വയ്ക്കുന്നു. ഈ സമയത്ത് മേൽശാന്തി നാലമ്പലത്തിനുപുറത്തുള്ള ബലിക്കല്ലുകളിലും ബലിതൂകുന്നു. ഒടുവിൽ വലിയ ബലിക്കല്ലിലും ബലിതൂകിയ ശേഷം ശീവേലിവിഗ്രഹവുമായി കീഴ്ശാന്തിയും പിന്നാലെ മേൽശാന്തിയും ശ്രീലകത്ത് കയറുന്നു.

ശീവേലി കഴിഞ്ഞാൽ വിഗ്രഹത്തിൽ രുദ്രതീർത്ഥക്കുളത്തിൽ നിന്നെടുക്കുന്ന ജലം കൊണ്ടും പിന്നീട് ഇളനീർ, പാൽ എന്നിവ കൊണ്ടും അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ ജലം നിറച്ച് അവ മന്ത്രപുരസ്സരം പൂജിച്ചശേഷം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു. ഇതാണ് നവകാഭിഷേകം. നിത്യനവകം നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. ഈ സമയം അകമ്പടിയായി നാലമ്പലത്തിനകത്ത് ചെണ്ടയിൽ വലംതല കൊട്ടുന്നുണ്ടാകും. നവകാഭിഷേകത്തിനുശേഷം ബാലഗോപാലരൂപത്തിൽ വിഗ്രഹത്തിന് കളഭാലങ്കാരം നടത്തുന്നു. പിന്നീടാണ് പന്തീരടിപൂജ തുടങ്ങുന്നത്. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പൂജയ്ക്ക് ഈ പേരുവന്നത്. രാവിലെ എട്ടുമണിയ്ക്കാണ് ഇത് തുടങ്ങുന്നത്. ഈ കർമ്മങ്ങൾ നടത്തുന്നത്, ഓതിയ്ക്കന്മാർ എന്നറിയപ്പെടുന്ന സഹതന്ത്രിമാരാണ്. പന്തീരടിപൂജ കഴിഞ്ഞാൽ പ്രസാദ ഊട്ട് തുടങ്ങും.

പതിനൊന്നര മണിയ്ക്ക് ഉച്ചപ്പൂജ തുടങ്ങുന്നു. ഇത് നടയടച്ചുകൊണ്ടുള്ള പൂജയാണ്. ഗുരുവായൂരപ്പന്നും ഉപദേവതകൾക്കും ഈ സമയത്ത് ഒരുപോലെ നിവേദ്യം സമർപ്പിയ്ക്കുന്നു. സാധാരണയായി മേൽശാന്തി നടത്തുന്ന ഈ പൂജ, എന്നാൽ ഉദയാസ്തമനപൂജ, മണ്ഡലകാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കലശം, തൃപ്പുത്തരി എന്നീ അവസരങ്ങളിൽ തന്ത്രിയും നടത്തുന്നു. ഈ സമയത്ത് ക്ഷേത്രത്തിലെ സോപാനഗായകൻ ഇടയ്ക്ക കൊട്ടി അഷ്ടപദി ആലപിയ്ക്കുന്നു. പതിനാറുകൂട്ടം വിഭവങ്ങളടങ്ങിയതാണ് ഉച്ചപ്പൂജാനിവേദ്യം. ഇവയിൽ ഇടിച്ചുപിഴിഞ്ഞ പായസമാണ് പ്രധാനം. കൂടാതെ വെള്ളി ഉരുളിയിൽ വെള്ളനിവേദ്യവും സ്വർണ്ണം, വെള്ളി പാത്രങ്ങളിലായി നാലുകറികൾ, പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവയും ഭക്തരുടെ സമർപ്പണങ്ങളായി പാൽപ്പായസം, ത്രിമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവയും ഉണ്ടാകും. ഈ സമയത്തുതന്നെ തിടപ്പള്ളിയിൽ ഒരു ബ്രാഹ്മണനെ ദേവപ്രതിനിധിയായി സങ്കല്പിച്ച് മേൽപ്പറഞ്ഞ വിഭവങ്ങൾ കൊണ്ട് സദ്യയൊരുക്കി ഊട്ടുന്നുണ്ടാകും. ഉച്ചപ്പൂജ കഴിഞ്ഞാൽ മേൽശാന്തി/ഓതിയ്ക്കൻ തനിയ്ക്ക് ഇഷ്ടമുള്ള രൂപത്തിൽ ഭഗവാനെ പുനരലങ്കരിയ്ക്കുന്നു. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ടുള്ള പൂജാക്രമങ്ങൾ

[തിരുത്തുക]

വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സാധാരണയായി ഉച്ചപ്പൂജ കഴിഞ്ഞ ഉടനെ നടത്താറുള്ള ശീവേലി ഇവിടെ വൈകീട്ട് നടതുറന്നശേഷമാണ് നടത്തുന്നത്. ഇത് ഗുരുവായൂരിൽ മാത്രമുള്ള പ്രത്യേകതയാണ്. ഉച്ചപ്പൂജ കഴിഞ്ഞാൽ ഗുരുവായൂരപ്പൻ അമ്പലപ്പുഴയിൽ പോയി പാൽപ്പായസം കഴിയ്ക്കുന്നു എന്ന വിശ്വാസമാണ് ഇതിനുപുറകിൽ. ഉഷഃശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് നടയടച്ച് ദീപാരാധന നടത്തുന്നു. ആ സമയം നാലമ്പലത്തിനകത്തും പുറത്തുമുള്ള വിളക്കുകളും ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതമാകുന്നു. സായംസന്ധ്യയിൽ സ്വർണ്ണപ്രഭയിൽ കുളിച്ചുനിൽക്കുന്ന ക്ഷേത്രം മനോഹരമായ കാഴ്ചയാണ്. ഈ സമയം തവിലിന്റെ അകമ്പടിയോടെ നാദസ്വരം വായിയ്ക്കുന്നു. ഭക്തർ നാരായണനാമം ജപിച്ച് നടതുറക്കുന്നതും കാത്തുനിൽക്കുന്നു. തുടർന്ന് ദീപാരാധനയ്ക്കുള്ള വിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നടതുറക്കുകയും ഭഗവദ്വിഗ്രഹത്തിൽ കർപ്പൂരം കൊണ്ട് ആരതിയുഴിയുകയും തുടർന്ന് പുറത്തിറങ്ങി ഭക്തരെക്കൊണ്ട് ഉഴിയ്ക്കുകയും ചെയ്യുന്നു.

ഏഴര മണിയ്ക്ക് അത്താഴപ്പൂജ തുടങ്ങുന്നു. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. കൂടാതെ വെള്ളനിവേദ്യം, അവിൽ കുഴച്ചത്, കദളിപ്പഴം എന്നിവയുമുണ്ടാകും. എട്ടേകാൽ വരെയാണ് അത്താഴപ്പൂജയുടെ സമയം. എട്ടേകാലിന് നടതുറന്നുകഴിഞ്ഞാൽ എട്ടേമുക്കാലിന് അത്താഴശ്ശീവേലി തുടങ്ങുന്നു. രാവിലെയും വൈകീട്ടുമുള്ള ശീവേലികളുടെ അതേ ചടങ്ങുകളാണ് അത്താഴശ്ശീവേലിയ്ക്കുമെങ്കിലും രണ്ടാമത്തെ പ്രദക്ഷിണം ഇടയ്ക്കയും നാദസ്വരവും ഉപയോഗിച്ചുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. മൂന്നുശീവേലികൾക്കും ആനയെഴുന്നള്ളിപ്പുള്ള ഏക ക്ഷേത്രമാണ് ഗുരുവായൂർ. ശീവേലി കഴിഞ്ഞാൽ അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ തൃപ്പുക തുടങ്ങും. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിനകം പുകയ്ക്കുന്ന ചടങ്ങാണ് തൃപ്പുക. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുണ്ടാക്കുന്ന നവഗന്ധചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിയ്ക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേയ്ക്ക് പ്രവേശിയ്ക്കുന്നു. തൃപ്പുക കഴിഞ്ഞാൽ ക്ഷേത്രത്തിലെ കഴകക്കാരനായ വാര്യർ, അന്നത്തെ വരവുചെലവുകണക്കുകൾ എഴുതിയ ഓല വായിച്ചശേഷം തൃപ്പടിയിൽ സമർപ്പിയ്ക്കുന്നു. തുടർന്ന് ശാന്തിയേറ്റ നമ്പൂതിരി പുറത്തിറങ്ങി, മേൽശാന്തിയുടെ ഉത്തരവാദിത്തത്തിൽ നടയടച്ചുപൂട്ടുന്നു. അപ്പോൾ സമയം രാത്രി ഒമ്പതേകാലായിട്ടുണ്ടാകും. അങ്ങനെ ഗുരുവായൂരിലെ ഒരു ദിവസം പൂർത്തിയാകുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങൾ മാത്രമാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങൾ, ഗ്രഹണം നടക്കുന്ന ദിവസങ്ങൾ, ഉദയാസ്തമനപൂജ എന്നീ അവസരങ്ങളിൽ പൂജാക്രമങ്ങൾക്ക് മാറ്റമുണ്ടാകും. ഉദയാസ്തമനപൂജയ്ക്ക് ഇരുപത്തിയൊന്ന് പൂജകളാണുണ്ടാകുക. അന്ന് നടയടയ്ക്കുമ്പോൾ അർദ്ധരാത്രിയാകും. ചുറ്റുവിളക്കുള്ള ദിവസം അതുകഴിഞ്ഞേ തൃപ്പുകയുണ്ടാകാറുള്ളൂ. ചൊവ്വാഴ്ചകളും പരിശീലനകാലവുമൊഴിച്ചുള്ള ദിവസങ്ങളിൽ നടയടച്ചുകഴിഞ്ഞാൽ കൃഷ്ണനാട്ടം കളി പതിവുണ്ടാകും.

തന്ത്രി, മേൽശാന്തി, ഓതിയ്ക്കന്മാർ, കീഴ്ശാന്തിമാർ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്ത് പെരുമ്പടപ്പിലുള്ള പുഴക്കര ചേന്നാസ് മനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. ആദ്യം ഗുരുവായൂരിനടുത്തുതന്നെയുള്ള എളവള്ളിയിലെ വടക്കേ പുലിയന്നൂർ മനയ്ക്കായിരുന്ന തന്ത്രാധികാരം, സാമൂതിരി ഗുരുവായൂർ പിടിച്ചെടുത്തപ്പോൾ സദസ്യനായ ചേന്നാസ് നമ്പൂതിരിപ്പാടിന് സമ്മാനിച്ചു എന്നാണ് കഥ. ഈ കുടുംബത്തിലെ പൂർവ്വികനായിരുന്ന ചേന്നാസ് രവിനാരായണൻ നമ്പൂതിരിപ്പാടാണ് കേരളീയ ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങൾക്ക് ആധാരമായ തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. ഇന്ന് കേരളീയ ക്ഷേത്രങ്ങളിൽ മുഴുവൻ പൂജാക്രമത്തിന് ഉപയോഗിയ്ക്കുന്ന തന്ത്രസമുച്ചയത്തിന്റെ ആദ്യ പരീക്ഷണശാല ഗുരുവായൂർ ക്ഷേത്രമായിരുന്നു എന്നത് ചരിത്രവസ്തുതയാണ്.

പഴയത്ത്, മുന്നൂലം, പൊട്ടക്കുഴി, കക്കാട് എന്നീ നാല് ഇല്ലക്കാരാണ് സഹതന്ത്രിമാരായ ഓതിയ്ക്കന്മാർ. ഐതിഹ്യമനുസരിച്ച് ഇവർക്ക് ഈ അധികാരം നൽകിയത് ശങ്കരാചാര്യരാണ്. ഈ കുടുംബക്കാർക്ക് മേൽശാന്തിയാകാനും അവസരമുണ്ട്. നിത്യേനയുള്ള നവകാഭിഷേകവും പന്തീരടിപൂജയും ഉദയാസ്തമനപൂജയ്ക്കുള്ള പ്രത്യേകപൂജകളും ഇവരുടെ അവകാശമാണ്. തന്ത്രിയും മേൽശാന്തിയുമില്ലാത്ത അവസരങ്ങളിൽ അവരുടെ ചുമതലകൾ വഹിയ്ക്കുന്നതും ഓതിയ്ക്കന്മാരാണ്. പണ്ടുകാലത്ത് നിരവധി ക്ഷേത്രങ്ങളിൽ നിലവിലുണ്ടായിരുന്ന ഈ പദവി, ഇന്ന് നിലനിൽക്കുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രമാണ്.

ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തി, പുറപ്പെടാശാന്തി എന്ന ഗണത്തിൽ പെടുന്നു. പുറപ്പെടാശാന്തി പദവി നിലനിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. പഴയ കേരളത്തിലെ ശുകപുരം, പെരുവനം ഗ്രാമക്കാരും ആഭിജാത്യം, അഗ്നിഹോത്രം, ഭട്ടവൃത്തി എന്നിവയിലൊന്നുള്ളവരുമായ നമ്പൂതിരിമാരാണ് മേൽശാന്തിമാരാകുക. എന്നാൽ മേൽശാന്തി പദവി ദേവസ്വം നിയമനമാണ്. ആറുമാസമാണ് മേൽശാന്തിയുടെ കാലാവധി. ആ കാലയളവിൽ മേൽശാന്തി ക്ഷേത്രമതിലകം വിട്ട് പുറത്തുപോകാൻ പാടില്ല. ബ്രഹ്മചര്യം കർശനമാണ്. മേൽശാന്തിയ്ക്ക് താമസിയ്ക്കാനായി ഒരു പ്രത്യേക മുറി ക്ഷേത്രത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്തുള്ള പത്തായപ്പുര മാളികയുടെ മുകളിലൊരുക്കിയിട്ടുണ്ട്.

ഗുരുവായൂരിൽ തന്നെയുള്ള മേച്ചേരി, നാകേരി, മഞ്ചിറ, കൊടയ്ക്കാട്, മേലേടം, മൂത്തേടം, ചെറുതയ്യൂർ, കീഴേടം, തേലമ്പറ്റ, വേങ്ങേരി, തിരുവാലൂർ, അക്കാരപ്പള്ളി, മുളമംഗലം എന്നീ പതിമ്മൂന്ന് ഇല്ലക്കാരാണ് ക്ഷേത്രത്തിലെ കീഴ്ശാന്തിമാർ. ഇവരുടെ മൂലസ്ഥാനം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്തുള്ള കാരശ്ശേരിയിലായിരുന്നു. ഇവരെയും സാമൂതിരി കൊണ്ടുവന്നിരുത്തിയതാണ്. ഈ പതിമ്മൂന്ന് ഇല്ലക്കാരിൽ നിന്ന്, ആറുമാസം ഈരണ്ടുപേർ വച്ചാണ് മേൽശാന്തിയെ സഹായിയ്ക്കാനായി കൂടുന്നത്. അവരിലൊരാൾ ശീവേലിയ്ക്ക് ഭഗവാന്റെ തിടമ്പെടുക്കാനും മറ്റുള്ളവർ ചന്ദനം അരയ്ക്കാനും നിവേദ്യം പാചകം ചെയ്യാനും ഉപദേവതകൾക്ക് പൂജകൾ കഴിയ്ക്കാനും കൂടുന്നു. എന്നാൽ, ഇവർക്ക് ശ്രീകോവിലിൽ കയറാൻ അവകാശമുണ്ടെങ്കിലും വിഗ്രഹത്തെ സ്പർശിയ്ക്കാനോ ഭഗവാന് പൂജകൾ കഴിയ്ക്കാനോ അവകാശമില്ല.

ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ

[തിരുത്തുക]

ഉദയാസ്തമനപൂജ

[തിരുത്തുക]

ഗുരുവായൂരപ്പന്റെ വഴിപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉദയാസ്തമനപൂജ. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഉദയം മുതൽ അസ്തമയം വരെ നീണ്ടുനിൽക്കുന്ന പൂജയാണിത്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടാണിതെങ്കിലും ഗുരുവായൂരിലാണ് ഈ വഴിപാടിന് ഏറ്റവും പ്രാധാന്യമുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജ നടക്കുന്ന ക്ഷേത്രം ഗുരുവായൂരാണ്. തന്മൂലം ഈ വഴിപാട് നടന്നുകിട്ടാൻ ദീർഘകാലം കാത്തിരിയ്ക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇതിനിടയിൽ, വഴിപാടുകാരൻ (കാരി) മരിച്ചുപോയെന്നും വരാം. പലപ്പോഴും ബുക്കിങ് ഉണ്ടാകാറുമില്ല. നിലവിൽ 2045 വരെയുള്ള വഴിപാടുകൾ ബുക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം ഒരു പൂജയേ നടത്താറുള്ളൂ.

ഇരുപത്തിയൊന്ന് പൂജകളാണ് ഉദയാസ്തമനപൂജയുള്ള ദിവസം ഗുരുവായൂർ ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ഇവയ്ക്കുള്ള നിവേദ്യങ്ങളും ചന്ദനവും തീർത്ഥവുമടക്കമുള്ള പ്രസാദങ്ങളും വഴിപാടുകാരന്റെ/കാരിയുടെ കുടുംബാംഗങ്ങൾക്കാണ്. പൂജയ്ക്കായി ഓരോ സമയവും അകത്തുപോകാൻ ദേവസ്വം ഒരു സഹായിയെയും അയച്ചുതരും. പൂജയുടെ തലേദിവസം വൈകീട്ട് ഗണപതിപൂജയോടെയാണ് ചടങ്ങുകളുടെ ആരംഭം. തുടർന്ന് ക്ഷേത്രത്തിലെ പൂജയ്ക്ക് നെല്ലുകുത്തി അരിയുണ്ടാക്കുന്ന കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീയ്ക്ക് യഥാശക്തി ദക്ഷിണ സമർപ്പിയ്ക്കുന്നു. അടുത്ത പൂജയ്ക്കും അവരുണ്ടാകണേ എന്നൊരു പ്രാർത്ഥന മാത്രമാണ് ഈ സമയത്ത് ഭക്തർക്കുണ്ടാകുക. പിറ്റേന്നത്തെ പൂജയ്ക്ക് അരിയളക്കുന്ന ചടങ്ങുണ്ടാകും. അതിന് വഴിപാടുകാരന്റെ/കാരിയുടെ കുടുംബം ഹാജരാകണം. വഴിപാട് നടത്തുന്ന കുടുംബത്തിന് ക്ഷേത്രം തെക്കേ നടയിലെ പാഞ്ചജന്യം റസ്റ്റ് ഹൗസിൽ താമസവും ഭക്ഷണവും ഉറപ്പാക്കുന്നു. പൂജാദിവസം രാവിലെ നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള എല്ലാ ചടങ്ങുകളും പ്രസ്തുത കുടുംബം വകയാണ്. ഇരുപത്തിയൊന്ന് പൂജകൾക്കും കുടുംബക്കാർ ഓരോരുത്തരായി പോയിത്തൊഴുതുവരുന്നു. ഈയവസരങ്ങളിൽ വിഐപികൾക്ക് കൊടുക്കുന്ന എല്ലാ പരിഗണനകളും അവർക്കുണ്ടാകും. മറ്റു ഭക്തരെപ്പോലെ വരിനിൽക്കേണ്ട ആവശ്യമില്ല. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനവും അവർക്ക് നേരിട്ട് അനുവദിച്ചുകൊടുക്കും. ഭഗവാന് നേദിച്ച അപ്പം, പായസം, കദളിപ്പഴം, പഞ്ചസാര തുടങ്ങിയവയും മുഖത്ത് ചാർത്തിയ ചന്ദനം, കളഭം മുതലായവയും അഭിഷേകം ചെയ്ത തീർത്ഥജലവും എണ്ണയും പാദങ്ങളിലർച്ചിച്ച പൂക്കളുമെല്ലാം അവർക്കാണ്. ഉച്ചയ്ക്കുള്ള പ്രസാദ ഊട്ടിന്റെയും സന്ധ്യയ്ക്കുള്ള ചുറ്റുവിളക്കിന്റെയും പ്രധാന അവകാശികളും അവർ തന്നെ. ചുരുക്കത്തിൽ അന്നത്തെ ദിവസം മുഴുവൻ ഭക്തരുടെ വകയാകുന്നു.

ഏറെക്കാലമായി നിലവിലുണ്ടായിരുന്ന വഴിപാടാണെങ്കിലും കർണാടക സംഗീത സമ്രാട്ടായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് പ്രചാരമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്. തന്റെ സുദീർഘമായ സംഗീതജീവിതത്തിൽ താൻ സമ്പാദിച്ചുകൂട്ടിയതെല്ലാം ഗുരുവായൂരപ്പന് സമർപ്പിച്ച അദ്ദേഹം, തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനെട്ടുവർഷം ആ സമ്പാദ്യം കൊണ്ട് ഉദയാസ്തമനപൂജ നടത്തിപ്പോന്നു. കുറഞ്ഞത് നൂറ് ഉദയാസ്തമനപൂജകളെങ്കിലും അദ്ദേഹം ജീവിതത്തിൽ കഴിച്ചിട്ടുണ്ടാകണമെന്ന് പറയപ്പെടുന്നു.

കൃഷ്ണനാട്ടം

[തിരുത്തുക]

കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കൃഷ്ണനാട്ടം, ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രാജ രചിച്ച 'കൃഷ്ണഗീതി' എന്ന കാവ്യത്തെ ആസ്പദമാക്കി നിർമ്മിച്ചെടുത്ത കലാരൂപമാണിത്. ശ്രീകൃഷ്ണഭഗവാന്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ജീവിതം എട്ടുകഥകളാക്കിത്തിരിച്ചാണ് കൃഷ്ണനാട്ടം അവതരിപ്പിയ്ക്കപ്പെടുന്നത്. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, സ്വർഗ്ഗാരോഹണം എന്നിവയാണ് ആ എട്ടുകഥകൾ. ഇവ അതത് ക്രമത്തിൽ ആടിപ്പോരുന്നു. എന്നാൽ, ദുഃഖപര്യവസായിയായ കഥയായതിനാൽ സ്വർഗ്ഗാരോഹണം കഴിഞ്ഞ് വീണ്ടും അവതാരം കളിയ്ക്കുന്നു.[10] കൃഷ്ണനാട്ടത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കൊട്ടാരക്കരത്തമ്പുരാൻ, പിൽക്കാലത്ത് ശ്രീരാമഭഗവാന്റെ ജീവിതം ആസ്പദമാക്കി രാമനാട്ടം സൃഷ്ടിച്ചെടുത്തു. പിന്നീട് കോട്ടയം കേരളവർമ്മത്തമ്പുരാൻ രാമനാട്ടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോഴാണ് ഇന്നത്തെ കഥകളി പിറവിയെടുത്തത്. കൂടിയാട്ടത്തിലെ വേഷങ്ങൾ മാതൃകയാക്കിയാണ് ഈ മൂന്ന് കലാരൂപങ്ങളിലെയും വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെങ്കിലും അവയിൽ ചെറിയ വ്യത്യാസങ്ങളും കാണാം. ഗുരുവായൂരിലെ അവതരണരീതിയ്ക്ക് കഥകളിയോടാണ് കൂടുതൽ സാദൃശ്യം. വില്വമംഗലം സ്വാമിയാരാണ് കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

കൃഷ്ണനാട്ടത്തിലെ ചടങ്ങുകൾ പലതും കഥകളിയിലേതുപോലെയാണ്. പുറപ്പാട്, കേളി തുടങ്ങിയ ചടങ്ങുകൾ കഥകളിയിലുമുണ്ട്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് കൃഷ്ണനാട്ടത്തിലെ വാദ്യങ്ങൾ. രണ്ട് പിൻപാട്ടുകാരാണ് കൃഷ്ണനാട്ടത്തിനുണ്ടാകുക. കൃഷ്ണനാട്ടത്തിലെ കിരീടാലങ്കാരവും കഥകളി സ്വീകരിച്ചതാണ്. കഥകളി പോലെ നിലവിളക്കിനെ സാക്ഷിനിർത്തിയാണ് കൃഷ്ണനാട്ടവും കളിയ്ക്കുന്നത്. എന്നാൽ, ധാരാളം വ്യത്യാസങ്ങളും ഈ കലാരൂപങ്ങൾ തമ്മിലുണ്ട്. കഥകളിയിൽ കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാടെങ്കിൽ കൃഷ്ണനാട്ടത്തിൽ സ്ത്രീവേഷങ്ങളെ വച്ച് നടത്തുന്ന ഒരു ചടങ്ങ് മാത്രമാണ് പുറപ്പാട്. കഥകളിയിൽ സാധാരണയായി അഭിനേതാക്കൾ നിലവിളക്കിനുമുന്നിൽ പോകാറില്ല. എന്നാൽ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും തമ്മിലും കൃഷ്ണനും മല്ലന്മാരും തമ്മിലുമുള്ള യുദ്ധരംഗങ്ങളിൽ വിളക്കിന്റെ മുന്നിൽ വന്നാണ് നൃത്തം. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ പദം ആവർത്തിച്ച് പാടാറില്ല. ആവർത്തിച്ചുള്ള അഭിനയം ആവശ്യമില്ലാത്തതിനാലാണിത്. കഥകളിയിൽ നിന്ന് വ്യത്യസ്തമായി കൃഷ്ണനാട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾക്കും ചുട്ടിയുണ്ട്. കഥകളിയിൽ അഭിനേതാക്കളുടെ വശങ്ങളിലാണ് പാട്ടുകാരും വാദ്യക്കാരുമുണ്ടാകുകയെങ്കിൽ കൃഷ്ണനാട്ടത്തിൽ പുറകിലാണ്. ഇത് അഭിനേതാക്കൾക്ക് നൃത്തത്തിന് കൂടുതൽ സൗകര്യമൊരുക്കാനാണ്. സാമവേദാലാപനത്തെയും ചാക്യാരുടെ സ്വരിയ്ക്കലിനെയും ആസ്പദമാക്കിയാണ് കൃഷ്ണനാട്ടത്തിലെ സംഗീതം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. എന്നാൽ, ഗുരുവായൂരിൽ കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. ഇത് ഒരേ സമയം പ്രശംസയും വിമർശനവും ഏറ്റുവാങ്ങി.

രാത്രി ക്ഷേത്രനട അടച്ചശേഷം വടക്കേ നടപ്പുരയിൽ വച്ചാണ് കൃഷ്ണനാട്ടം നടത്തുന്നത്. ചൊവ്വാഴ്ചയും പരിശീലനകാലവുമൊഴിച്ചുള്ള എല്ലാ ദിവസവും ഇതുണ്ടാകാറുണ്ട്. എട്ട് കഥകളിൽ ഏതെങ്കിലുമൊന്നാണ് ഓരോ ദിവസം കളിയ്ക്കുന്നത്. ഓരോ കഥയ്ക്കും അതിന്റേതായ ഫലവും പറയുന്നുണ്ട്. അതനുസരിച്ച് അവതാരം കഥ സദ്സന്താനലബ്ധിയ്ക്കും, കാളിയമർദ്ദനം വിഷബാധാശമനത്തിനും, രാസക്രീഡ കന്യകമാരുടെ ശ്രേയസ്സിനും നല്ല ദാമ്പത്യത്തിനും, കംസവധം ശത്രുനാശത്തിനും, സ്വയംവരം വിവാഹത്തിനും വിദ്യാഭ്യാസപൂർത്തിയ്ക്കും അപവാദശമനത്തിനും, ബാണയുദ്ധം ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും ദേവപ്രീതിയ്ക്കും, വിവിദവധം കാർഷിക-വാണിജ്യ മേഖലകളിലെ അഭിവൃദ്ധിയ്ക്കും ദാരിദ്ര്യശമനത്തിനും, സ്വർഗ്ഗാരോഹണം മോക്ഷപ്രാപ്തിയ്ക്കുമാണ് നടത്തുന്നത്. സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരവും ബുക്ക് ചെയ്യണമെന്നാണ് ചിട്ട. വഴിപാടുകാരന്റെ/കാരിയുടെ വീട്ടുകാരടക്കം നിരവധി ആളുകളാണ് കൃഷ്ണനാട്ടം കാണാൻ രാത്രി ഉറക്കമിളച്ച് ക്ഷേത്രത്തിൽ കഴിച്ചുകൂട്ടുന്നത്. നേരം പുലരുവോളം കളിയുണ്ടാകും.

കൃഷ്ണനാട്ടത്തിന്റെ വളർച്ചയ്ക്കായി ഗുരുവായൂർ ദേവസ്വം വളരെയധികം പരിശ്രമങ്ങൾ നടത്തിവരുന്നുണ്ട്. കൃഷ്ണനാട്ടത്തിനായി ഒരു പ്രത്യേക പഠനകേന്ദ്രം ദേവസ്വം നടത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ, മേല്പുത്തൂർ ഓഡിറ്റോറിയത്തിന്റെ പുറകിലായി, പഴയ ദേവസ്വം ഓഫീസിന്റെ തെക്കുഭാഗത്താണ് കൃഷ്ണനാട്ടം പഠനകേന്ദ്രം. നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിയ്ക്കുന്നുണ്ട്. ചിട്ടയനുസരിച്ച് ആറുവയസ്സ് മുതലുള്ള കുട്ടികളെയാണ് കൃഷ്ണനാട്ടത്തിനായി തിരഞ്ഞെടുക്കുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം അത്യാവശ്യമാണ്. പുലർച്ചെ എഴുന്നേറ്റ് കുളിച്ചുവന്ന് നാലുമണിയ്ക്ക് കണ്ണുസാധകവും മെയ്സാധകവും നടത്തുന്നതോടെയാണ് കൃഷ്ണനാട്ടത്തിന്റെ അഭ്യാസം തുടങ്ങുന്നത്. അതിനുശേഷം ഒന്നര മണിക്കൂർ ചുവടുസാധകം. പ്രഭാതഭക്ഷണത്തിനുശേഷം രാവിലെ എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസവും, പിന്നീട് വീണ്ടും കണ്ണുസാധകവും താളവും വായ്ത്താരിയും തുടങ്ങുന്നു. ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് മൂന്നുമണിമുതൽ സന്ധ്യയ്ക്കുള്ള ദീപാരാധന വരെ ചൊല്ലിയാട്ടം. ദീപാരാധനയ്ക്ക് ക്ഷേത്രത്തിൽ പോയി നാമജപത്തോടെ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷം വീണ്ടും പഠനകേന്ദ്രത്തിൽ പോയി ഉറക്കം വരെ അഭ്യസനം. ഇതാണ് ചിട്ട. പഠനം കഴിഞ്ഞാൽ ജൂൺ മുതൽ ഒക്ടോബർ വരെ പരിശീലനകാലമാണ്. കർക്കടകത്തിൽ ഉഴിച്ചിൽ നിർബന്ധമാണ്. വിദ്യാരംഭദിവസമായ വിജയദശമിനാളിൽ രാത്രി പുതിയ വിദ്യാർത്ഥികൾ അരങ്ങേറ്റം കുറിയ്ക്കുന്നു.

ആദ്യകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലും സാമൂതിരിയുടെ നാട്ടിലെ സവർണ്ണകുടുംബങ്ങളിലും മാത്രം ഒതുങ്ങിനിന്ന കൃഷ്ണനാട്ടം, ഇപ്പോൾ കേരളത്തിന്റെ അതിരുകളും കടന്ന് കടലിനപ്പുറത്തുപോലും സ്ഥാനം പിടിച്ചിട്ടുണ്ട്. 2010-ൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വച്ചുനടന്ന കലാരൂപങ്ങളുടെ ഒരു സെമിനാറിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അരങ്ങേറിയിരുന്നു. ഇത് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. രാജ്യത്തെ പലയിടങ്ങളിലും ഉത്സവത്തിന്റെ ഭാഗമായി കൃഷ്ണനാട്ടം അരങ്ങേറിയിട്ടുണ്ട്. ഈ പരിപാടികളെല്ലാം നടത്തിയത് ഗുരുവായൂർ ദേവസ്വം തന്നെയാണ്.

തുലാഭാരം

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്റെ/കാരിയുടെ ഭാരത്തിന് തുല്യമായി ഏതെങ്കിലും ദ്രവ്യം സമർപ്പിയ്ക്കുന്നതാണ് ഈ വഴിപാടിന്റെ രീതി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ വഴിപാടുണ്ടെങ്കിലും ഗുരുവായൂരിലാണ് ഏറ്റവും വിശേഷം. കേരളത്തിൽ ഏറ്റവും കൂടുതൽ തുലാഭാരം നടക്കുന്നത് ഗുരുവായൂരിലാണ്. ഒരുദിവസം നൂറിനടുത്ത് തുലാഭാരങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. കേരളീയ ഹൈന്ദവർ വിവിധ ആവശ്യങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ തുലാഭാരം നേരാറുണ്ട്. തുലാഭാരത്തിനായി രണ്ട് പ്രത്യേകം കൗണ്ടറുകൾ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ഇരുവശങ്ങളിലുമായി കാണാം. കദളിപ്പഴം, പഞ്ചസാര, ശർക്കര, അരി, ഗോതമ്പ്, എള്ള്, കയർ തുടങ്ങി സ്വർണവും വെള്ളിയും വരെ നീളുന്നു തുലാഭാരത്തിന് ഉപയോഗിയ്ക്കുന്ന വസ്തുക്കളുടെ നിര. കൂടാതെ നോട്ടുകെട്ടുകൾ കൊണ്ടും താമര കൊണ്ടുമെല്ലാം തുലാഭാരം നേർന്നവരുണ്ട്. രാവിലെ അഞ്ചുമണി മുതൽ ഉച്ചയ്ക്ക് നടയടയ്ക്കും വരെയും, വൈകീട്ട് അഞ്ചുമണി മുതൽ രാത്രി നടയടയ്ക്കും വരെയും തുലാഭാരം നടന്നുകൊണ്ടിരിയ്ക്കും. അഹിന്ദുക്കൾക്കായി ക്ഷേത്രത്തിന് പുറത്തുവച്ചും തുലാഭാരം നടത്താറുണ്ട്.

ഉപദേവതകളും വഴിപാടുകളും

[തിരുത്തുക]

ക്ഷേത്രനാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ, നാലമ്പലത്തിന്റെ മേൽക്കൂരയോട് മുട്ടിനിൽക്കുന്ന ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നവിനാശകനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ഒരടി മാത്രം ഉയരമുള്ള ഒരു ചെറുവിഗ്രഹമാണ് ഇവിടെയുള്ളത്. വലത്തോട്ട് തുമ്പിക്കൈ നീട്ടുന്ന ഭഗവാൻ, മൂന്നുകൈകളിൽ മഴു, കയർ, മോദകം എന്നിവ ധരിച്ച് നാലാമത്തെ കൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. ആദ്യകാലത്ത് ഇവിടെ പ്രദക്ഷിണം വയ്ക്കാനുള്ള സൗകര്യമില്ലായിരുന്നു. 1970-ലെ തീപ്പിടുത്തത്തിനു ശേഷമാണ് ഇവിടെ അതിനുള്ള സൗകര്യമുണ്ടായത്. ഗണപതിഹോമം, കറുകമാല, ഒറ്റയപ്പം എന്നിവയാണ് ഗണപതിയുടെ പ്രധാന വഴിപാടുകൾ.

കാര്യാലയ ഗണപതി

[തിരുത്തുക]

ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ, ദേവസ്വം മ്യൂസിയം വളപ്പിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. കാര്യാലയ ഗണപതി എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് മൂന്നടിയോളം ഉയരമുള്ള ഗണപതിവിഗ്രഹം പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. ഇടത്തോട്ട് തുമ്പിക്കൈ നീട്ടുന്ന അപൂർവ്വ ഗണപതിപ്രതിഷ്ഠയാണിത്. മുമ്പുകാലത്ത് ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന അഗ്രഹാരത്തിൽ താമസിച്ചിരുന്ന തമിഴ് ബ്രാഹ്മണർ പൂജിച്ചിരുന്ന ഗണപതി, പിൽക്കാലത്ത് പഴയ ദേവസ്വം ഓഫീസും ഇപ്പോഴത്തെ മ്യൂസിയവുമായ നാലുകെട്ടിലെത്തുകയായിരുന്നു. നാലുകെട്ട് പുതുക്കിപ്പണിതപ്പോൾ അതിന്റെ കന്നിമൂലയിൽ ഈ ഗണപതിയ്ക്ക് സ്ഥാനമുണ്ടാക്കുകയായിരുന്നു. ആദ്യകാലത്ത് കർക്കടകമാസത്തിൽ മാത്രമുണ്ടായിരുന്ന പൂജ, ഇപ്പോൾ എല്ലാ ദിവസവും നടന്നുവരുന്നുണ്ട്. ഗുരുവായൂരിലെത്തുന്ന ഭക്തർ, ഈ ഗണപതിയെ തൊഴുതിട്ടാണ് ഭഗവദ്ദർശനത്തിന് ചെല്ലുന്നത്. പ്രത്യക്ഷ മഹാഗണപതിഹോമമാണ് ഈ ഗണപതിയുടെ പ്രധാന വഴിപാട്. ഇത് എല്ലാ മുപ്പെട്ട് വെള്ളിയാഴ്ചയും നടത്തിവരുന്ന വഴിപാടാണ്. ഒരു ആനയെ ഗണപതിയായി സങ്കല്പിച്ച് നടത്തുന്ന ഹോമമാണിത്. കൂടാതെ, നാളികേരമുടയ്ക്കുന്നതും അതിവിശേഷമാണ്. വിനായക ചതുർത്ഥിദിവസം ഇവിടെ പ്രത്യേകപൂജകൾ നടത്തിവരുന്നുണ്ട്.

അയ്യപ്പൻ

[തിരുത്തുക]

ക്ഷേത്രനാലമ്പലത്തിന് പുറത്തും പ്രദക്ഷിണവഴിയ്ക്കകത്തുമായി തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായാണ് താരകബ്രഹ്മസ്വരൂപവും ഹരിഹരപുത്രനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹത്തിന് ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുണ്ട്. നാലമ്പലത്തിനുപുറത്തുള്ള ഏക ഉപദേവതാപ്രതിഷ്ഠ അയ്യപ്പനാണ്. നാളികേരമുടയ്ക്കുന്നതാണ് പ്രധാന വഴിപാട്. ഇതിനായി ഒരു കല്ല് ശ്രീകോവിലിന് മുന്നിൽ വച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എള്ളുതിരി വഴിപാടുണ്ടായിരുന്നെങ്കിലും 2007-ലെ ദേവപ്രശ്നത്തിൽ ദേവന് ഹിതകരമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവച്ചിരുന്നു. അയ്യപ്പന്റെ ശ്രീകോവിലിനും ഇപ്പോൾ ചുറ്റുവിളക്കുണ്ട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഈ അയ്യപ്പന്റെ മുന്നിലാണ്.

ഇടത്തരികത്തുകാവിൽ ഭഗവതി

[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഗുരുവായൂരപ്പന് തുല്യപ്രാധാന്യം നേടിയ സന്നിധിയാണ് ഇടത്തരികത്തുകാവിൽ ഭഗവതിയുടേത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽ ദൈവമാണ് ഭഗവതി എന്ന്‌ വിശ്വാസം. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ, അകത്തോ പുറത്തോ എന്ന് സംശയം തോന്നുന്ന സ്ഥലത്താണ് ആദിപരാശക്തിയായ ഭഗവതിയുടെ ശ്രീകോവിലും മണ്ഡപവും. ഭഗവാന്റെ ഇടതുഭാഗത്തുള്ള പ്രതിഷ്ഠയായതുകൊണ്ടാണ് ഇടത്തരികത്തുകാവ് ഭഗവതി എന്ന് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. വനദുർഗ്ഗാചൈതന്യത്തോടുകൂടിയ ഭദ്രകാളിയായാണ് സങ്കല്പം. അമ്പാടിയിൽ യാശോധയ്ക്ക് പിറന്ന കൃഷ്ണസഹോദരിയായ ഭഗവതിയാണിതെന്ന് സങ്കല്പം. ഈ പരാശക്തിയാണ് കാളിയുടെ രൂപത്തിൽ കംസനെ കൃഷ്ണജനനത്തെ പറ്റി അറിയിച്ചത് എന്ന്‌ ഭാഗവതം പറയുന്നു. വനദുർഗ്ഗാ സങ്കല്പമുള്ളതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല. പടിഞ്ഞാറോട്ടാണ് ദർശനം. സ്വയംഭൂവായ ഒരു കണ്ണാടിവിഗ്രഹമാണ് ഇവിടെ കാണപ്പെടുന്നത്. ഏകദേശം ഒരടി ഉയരം വരും. ഈ ഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നു എന്നാണ് സങ്കല്പം. തന്മൂലമാണ് ഭഗവതിയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചത്. കാളീഭാവത്തിലാണ് ആരാധനയെങ്കിലും ലക്ഷ്മി, സരസ്വതി, പാർവതി, ദുർഗ്ഗ എന്നീ ഭാവങ്ങളിലും സങ്കല്പമുണ്ട്. ആദ്യമുണ്ടായ പ്രതിഷ്ഠ എന്ന സങ്കല്പത്തിൽ, ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ, ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കില്ല. ഭഗവതിയ്ക്ക് സ്ഥിരം വെളിച്ചപ്പാടുണ്ട്. അഴൽ എന്ന് പേരുള്ള ഒരു വിശേഷവഴിപാടാണ് ഭഗവതിയുടെ പ്രധാന വഴിപാട്. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടിൽ തുണി ചുറ്റി എണ്ണയിൽ നനച്ച്‌ കത്തിച്ച്‌ ദേവിയ്ക്ക് അഗ്നി നേദിയ്ക്കുന്ന ചടങ്ങാണിത്. പ്രധാനക്ഷേത്രത്തിന്റെ നടയടച്ചശേഷമാണ് ഈ വഴിപാട് നടത്തുന്നത്. മണ്ഡലകാലത്ത് ഭഗവതിയ്ക്ക് കളമെഴുത്തും പാട്ടും പതിവുണ്ട്. ദാരിക വധം പാട്ടാണ് പാടുന്നത്. ധനുമാസത്തിൽ പിള്ളേർ താലപ്പൊലി എന്ന പേരിൽ നാട്ടുകാരുടെ വകയായും മകരമാസത്തിൽ ദേവസ്വം വകയായും രണ്ട് താലപ്പൊലികൾ ഭഗവതിയ്ക്ക് നടത്തിവരുന്നുണ്ട്. ഈയവസരങ്ങളിൽ പ്രധാന ക്ഷേത്രം നേരത്തേ അടയ്ക്കുന്നു. സഹോദരിയുടെ വിശേഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ പുറപ്പെടുന്നു എന്നാണ് സങ്കല്പം. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടത്തുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്. നവരാത്രിയും തൃക്കാർത്തികയും ദേവിയ്ക്ക് വിശേഷമാണ്.

മറ്റുള്ള സങ്കല്പങ്ങൾ

[തിരുത്തുക]

മേൽപ്പറഞ്ഞ മൂന്ന് ഉപപ്രതിഷ്ഠകൾ കൂടാതെ ചിലയിടങ്ങിൽ വിശേഷാൽ ആരാധന നടക്കുന്നുമുണ്ട്. അവയിൽ ചിലത് സ്വയമേവ ശ്രദ്ധേയമാണ്.

സരസ്വതി അറ

[തിരുത്തുക]

ഗണപതിയുടെ ശ്രീകോവിലിന് നേരെമുന്നിലുള്ള ഒരു ചെറിയ മുറിയിൽ സരസ്വതീസാന്നിദ്ധ്യം സങ്കല്പിച്ച് ആരാധിയ്ക്കുന്നുണ്ട്. തന്മൂലം ഈ മുറി സരസ്വതി അറ എന്നറിയപ്പെടുന്നു. നവരാത്രിക്കാലത്ത് പൂജവയ്പ്പ് നടത്തിയിരുന്നത് ഈ മുറിയിലാണ്. ഇപ്പോൾ അസൗകര്യം നിമിത്തം ക്ഷേത്രം കൂത്തമ്പലത്തിലേയ്ക്ക് മാറ്റി. ഗണപതിശ്രീകോവിലിനുമുന്നിൽ സ്ഥലം വളരെക്കുറവാണ് എന്നതിനാൽ ഭക്തർ തിക്കിത്തിരക്കുന്നത് പതിവാണ്. എന്നാൽ, 2017-ൽ നടന്ന ദേവപ്രശ്നത്തിൽ സരസ്വതി അറയ്ക്ക് ദിവ്യത്വമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇത് പൊളിയ്ക്കരുതെന്ന് വിധി വന്നു. തന്മൂലം, സരസ്വതീസാന്നിദ്ധ്യം ഇവിടെ സ്ഥിരമായി. സരസ്വതീദേവിയുടെ ഒരു ഛായാചിത്രമാണ് നിലവിൽ ഈ അറയിലുള്ളത്. സരസ്വതി അറയിൽ വന്ദിയ്ക്കുന്നത് വിദ്യാഭിവൃദ്ധിയ്ക്കും ബുദ്ധിവർദ്ധനയ്ക്കും ഉത്തമാമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

നാലമ്പലത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ശ്രീകോവിലിന്റെ തൊട്ടുപുറകിലായി ഭീമാകാരമായ ഒരു കരിങ്കൽശില്പം കാണാം. അനന്തശയനരൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ് ഈ ശില്പം. തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പരിവാരസമേതം ആവിഷ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അനന്തനുമേൽ ശയിയ്ക്കുന്ന മഹാവിഷ്ണുഭഗവാൻ, ഭഗവദ്പാദങ്ങൾ തഴുകുന്ന ലക്ഷ്മീദേവി, നാഭീകമലത്തിലെ ബ്രഹ്മാവ്, വലതുകൈയ്ക്ക് താഴെയുള്ള ശിവലിംഗം, ഭഗവാനെ തൊഴുന്ന ഭക്തോത്തമന്മാരും മഹർഷിമാരും - ഇങ്ങനെ പലരും ഉൾപ്പെട്ടതാണ് ഈ ശില്പം. നിത്യവും ഈ ശില്പത്തിന് വിളക്കുവയ്പുണ്ട്. മുമ്പ് ഇവിടെ ഒരു ചിത്രമാണുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുലാക്കാട്ട് രാമൻ നായർ എന്ന ചുവർച്ചിത്രകാരൻ വരച്ചതായിരുന്നു ചിത്രം. ഗുരുവായൂർ ശ്രീവൈകുണ്ഠം എന്നറിയപ്പെട്ടിരുന്ന ഈ ചിത്രം, 1970-ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചുപോയി. തുടർന്നുണ്ടായ പുനരുദ്ധാരണത്തെത്തുടർന്നാണ് ഇന്നത്തെ ശില്പം പണിതത്. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം നിർമ്മിച്ച് ശ്രദ്ധേയനായിരുന്ന സ്വാമിനാഥൻ കറുപ്പയ്യ ആചാരിയാണ് അനന്തശയനവിഗ്രഹം നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ഇന്ന് ഇതിന് നിത്യവും വിളക്കുവയ്പുണ്ട്. ഗുരുവായൂരപ്പന് നൽകുന്ന അതേ പ്രാധാന്യമാണ് ഭക്തർ ഈ രൂപത്തിനും നൽകുന്നത്.

നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിലെ കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ചതുർബാഹുവായ സുബ്രഹ്മണ്യനാണ് ഇവിടെയുള്ളത്. വിഗ്രഹം ഭസ്മം വിതറിയ നിലയിലാണ് കാണപ്പെടുന്നതെങ്കിലും മുഖവും കൈകളും വ്യക്തമാണ്. വലതുചുമലിൽ ഭഗവാന്റെ ആയുധമായ വേൽ കാണാം. പൂജയില്ലെങ്കിലും ക്ഷേത്രനാലമ്പലത്തിനകത്തെത്തുന്ന ഭക്തർ ഈ സുബ്രഹ്മണ്യനെയും വന്ദിയ്ക്കാറുണ്ട്. വടക്കുഭാഗത്തെ വാതിലിൽ നിന്ന് അല്പം മാറി ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. വീരഹനുമാന്റെ രൂപത്തിലാണ് ഈ വിഗ്രഹം. വലതുകയ്യിൽ മരുത്വാമലയും ഇടതുകയ്യിൽ ഗദയും ധരിച്ചുനിൽക്കുന്ന ഹനുമാന്റെ വിഗ്രഹം സിന്ദൂരം വിതറിയ രൂപത്തിലാണ് കാണപ്പെടുന്നത്. വിഗ്രഹത്തിൽ വെറ്റിലമാലയും രാമനാമം രചിച്ച കടലാസുകൾ കൊണ്ടുള്ള മാലയും ചാർത്തിയിട്ടുണ്ട്. ഈ ഹനുമാനെ വന്ദിച്ച് അഭീഷ്ടസിദ്ധി നേടിയ അനുഭവങ്ങൾ നിരവധിയാണ്. ഇതുകൂടാതെ ദശാവതാരരൂപങ്ങളും ശ്രീകൃഷ്ണലീലകളും ശിവനും ദേവിമാരുമടക്കമുള്ള മൂർത്തികളുമെല്ലാം തൂണുകളിൽ നിറയുന്നു.

ശിവസാന്നിദ്ധ്യം

[തിരുത്തുക]

ക്ഷേത്രത്തിൽ ശിവന് പ്രതിഷ്ഠയില്ലെങ്കിലും ഭഗവാൻ അദൃശ്യസാന്നിദ്ധ്യമായി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ബൃഹസ്പതിയും വായുദേവനും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവൻ പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായി സ്വയംഭൂവായി മമ്മിയൂരിൽ അവതരിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് (വടക്കുപടിഞ്ഞാറ്) നോക്കി ശിവനെ വന്ദിയ്ക്കുന്നു. ക്ഷേത്രക്കുളമായ രുദ്രതീർത്ഥവും ക്ഷേത്രത്തിലെ മണിക്കിണറും ശിവനുമായി ഐതിഹ്യപരമായിത്തന്നെ ബന്ധപ്പെട്ടുകിടക്കുന്നു. രുദ്രതീർത്ഥം പണ്ട് വലിയൊരു തടാകമായിരുന്നെന്നും ക്ഷേത്രത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന താമരയൂർ വരെ അത് നീണ്ടുകിടന്നിരുന്നെന്നും വിശ്വസിയ്ക്കപ്പെടുന്നു. ഈ തടാകത്തിൽ നിറയെ താമരകൾ വിരിഞ്ഞിരുന്നെന്നും അവയിലെ ഒരു താമരയിലിരുന്നാണ് ശ്രീരുദ്രനായ ശിവൻ, പ്രചേതസ്സുകൾക്ക് രുദ്രഗീതം ഉപദേശിച്ചുകൊടുത്തതെന്നും ഐതിഹ്യകഥ പറയുന്നു. അങ്ങനെ രുദ്രൻ വസിച്ച തീർത്ഥം, രുദ്രതീർത്ഥം എന്നറിയപ്പെട്ടു. ഇന്നും ഈ കുളത്തിൽ ശിവസാന്നിധ്യമുള്ളതായി പറയപ്പെടുന്നു. ഇതിലെ സ്നാനം സർവ്വപാപഹരമാണെന്ന് വിശ്വസിച്ചുവരുന്നു. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ദർശനത്തിനെത്തുന്നത്. ഈ കുളത്തിലാണ് ഉത്സവാവസാനം ഭഗവാൻ ആറാടുന്നതും. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള മണിക്കിണറിന്, രുദ്രകൂപം എന്നും പേരുണ്ട്. ഇതിലെ ജലം ഉപയോഗിച്ചാണത്രേ പ്രതിഷ്ഠാസമയത്ത് ശിവഭഗവാൻ ഗുരുവായൂരപ്പന് കലശമാടിയത്! അതാണ് രുദ്രകൂപം എന്ന പേരിനുപിന്നിലെന്നും പറയപ്പെടുന്നു. ഗുരുവായൂർ പരിസരത്തെവിടെയും ഇത്രയും ശുദ്ധമായ ജലമില്ലെന്നും ഇത് കുടിച്ചുകഴിഞ്ഞാൽ എല്ലാ അസുഖങ്ങളും മാറുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. സാളഗ്രാമം അടക്കമുള്ള നിരവധി വിശേഷവസ്തുക്കൾ ഈ കിണറ്റിലുണ്ടെന്ന് കാലാകാലമായി വിശ്വസിച്ചുവരുന്നു. 1985-ൽ ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ നഷ്ടപ്പെട്ടുപോയ ആഭരണങ്ങൾ 2014 ഏപ്രിൽ 25-ന് തിരിച്ചുകിട്ടിയത് ഈ കിണറ്റിൽ നിന്നാണ്. കൂടാതെ, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ഒരു പറമ്പിൽ ഒരു കൂവളവൃക്ഷം കാണാം. ഇതും ശൈവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്നു. ഗുരുവായൂരപ്പന്റെ ഓതിയ്ക്കൻ കുടുംബമായ മുന്നൂലത്ത് മനയുടെ മുന്നിൽ നിന്നിരുന്ന ഈ കൂവളവൃക്ഷം, 2007-ലാണ് ഇങ്ങോട്ട് പറിച്ചുനട്ടത്. ഇവിടെ നിത്യവും വിളക്കുവയ്പുണ്ട്.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുമ്പ് ദേവസ്വം വക സത്രം സ്ഥിതിചെയ്തിരുന്ന പറമ്പിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി അനന്തൻ കുടികൊള്ളുന്ന ഈ കാവിൽ, കൂടെ നാഗയക്ഷിയും ചിത്രകൂടവുമുണ്ട്. നിരവധി വൃക്ഷങ്ങൾ തഴച്ചുവളരുന്ന കാവ് വൃത്തിയായി സൂക്ഷിച്ചുവരുന്നുണ്ട്. നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, സർപ്പം പാട്ട് തുടങ്ങിയവയാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ ആയില്യപൂജയും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും പതിവുണ്ട്. സർപ്പപ്രീതിയ്ക്ക് പ്രസിദ്ധമായ ചെർപ്പുളശ്ശേരിയിലെ പാതിരിക്കുന്നത്ത് മനയിലെ നമ്പൂതിരിയാണ് സർപ്പബലി നടത്തുന്നത്. ഇതിനോടനുബന്ധിച്ച് ധാരാളം കലാപരിപാടികളുമുണ്ടാകും. നാഗപ്രതിഷ്ഠയ്ക്കടുത്തുതന്നെ രക്ഷസ്സ്, കൊടുംകാളി സങ്കല്പങ്ങളുമുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ടാകും.

ഗുരുവായൂരപ്പന്റെ വിശേഷദിവസങ്ങൾ

[തിരുത്തുക]

കൊടിയേറ്റുത്സവവും സഹസ്രകലശവും

[തിരുത്തുക]

കുംഭമാസത്തിലെ പൂയം നക്ഷത്രദിവസം കൊടിയേറി പത്താം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. പൂയം നക്ഷത്രം രാത്രി വരുന്ന ദിവസമാണ് കൊടിയേറ്റം. അങ്കുരാദി, ധ്വജാദി, പടഹാദി എന്നിങ്ങനെ മൂന്നുതരത്തിൽ ഉത്സവങ്ങൾ കേരളീയക്ഷേത്രങ്ങളിൽ പതിവാണ്. ഇവയിൽ ആദ്യത്തേത് മുളയിടലോടെയും രണ്ടാമത്തേത് കൊടിയേറ്റത്തോടെയും മൂന്നാമത്തേത് വാദ്യമേളങ്ങളോടെയും തുടങ്ങുന്നു. ഗുരുവായൂരിലേത് അങ്കുരാദി ഉത്സവമാണ്. ഉത്സവത്തിൽ കൊടിയേറ്റത്തിന് മുന്നോടിയായി മുളയിടലും ശുദ്ധിക്രിയകളും നടക്കുന്നതുകൊണ്ടാണ് ഗുരുവായൂരിലെ ഉത്സവം അങ്കുരാദിയായി കണക്കാക്കപ്പെടുന്നത്. എങ്കിലും ഉത്സവത്തിന്റെ ഔദ്യോഗികമായ ആരംഭം കൊടിയേറ്റത്തോടെയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും പ്രഭാഷണങ്ങളുമെല്ലാമുണ്ടാകും. സാധാരണ ദിവസങ്ങളിൽ തന്നെ ഉത്സവപ്രതീതിയുണ്ടാകുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ, വൻ ഭക്തജനത്തിരക്കാണ് ഈ ദിവസങ്ങളിലുണ്ടാകാറുള്ളത്.

സഹസ്രകലശം

[തിരുത്തുക]

കൊടിയേറ്റത്തിന് ഒരാഴ്ച മുമ്പാണ് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള കലശച്ചടങ്ങുകൾ തുടങ്ങുന്നത്. ആദ്യദിവസം ദീപാരാധനയ്ക്കുശേഷം ക്ഷേത്രനാലമ്പലത്തിനകത്തുള്ള വടക്കേ വാതിൽമാടത്തിൽ വച്ച് ആചാര്യവരണം നടത്തുന്നു. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി, തന്ത്രി പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടിന് ഉത്സവത്തിനുള്ള കൊടിക്കൂറയും പവിത്രവും കൈമാറുന്ന ചടങ്ങാണ് ആചാര്യവരണം.[11] ശുദ്ധമായ പട്ടിൽ നിർമ്മിച്ചുകൊണ്ടുവരുന്ന, ഏഴുനിറങ്ങൾ തുന്നിച്ചേർത്ത കൊടിക്കൂറയുടെ നീളം പത്തേമുക്കാൽ അടിയും വീതി പതിനഞ്ച് ഇഞ്ചുമാണ്; ഇത് കെട്ടാനുള്ള കയറിന്റെ നീളം 165 അടിയും. എറണാകുളം ജില്ലയിലെ പനങ്ങാട്ടുള്ള മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നാണ് ഇത് കൊണ്ടുവരുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഭഗവദ്വാഹനായ ഗരുഡന്റെയും മറുവശത്ത് ആയുധമായ സുദർശനചക്രത്തിന്റെയും രൂപങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാകും. തുടർന്ന് നാലമ്പലത്തിനകത്ത് വടക്കുകിഴക്കുഭാഗത്തുള്ള മുളയറ എന്നറിയപ്പെടുന്ന മുറിയിൽ വച്ച് മുളയിടൽ ചടങ്ങ് നടത്തുന്നു. മുളയിടൽ ചടങ്ങ് നടത്തുന്ന മുറിയായതുകൊണ്ടാണ് ഈ സ്ഥലത്തിന് മുളയറ എന്ന പേരുവന്നതുതന്നെ. മുറി ശുദ്ധിയാക്കി അലങ്കരിച്ചശേഷം അവിടെ പത്മമിട്ട് നവരനെല്ല്, യവം, തിന, വൻപയർ, ഉഴുന്ന്, എള്ള്, തുവര, കടുക്, ചാമ, മുതിര, ചെറുപയർ, അമര എന്നിവയുടെ വിത്തുകൾ നനച്ച് 16 പാലികകളിളാക്കി പൂജിച്ചശേഷം സോമനെ ആവാഹിച്ച് മുളയറയിൽ വയ്ക്കുന്നതാണ് മുളയിടൽ. തുടർന്നുള്ള എല്ലാദിവസവും മുളപൂജയുണ്ടാകും. ആറാട്ട് സമയമാകുമ്പോഴേയ്ക്കും മേല്പറഞ്ഞ ധാന്യങ്ങളുടെ വിത്തുകൾ മുളച്ചുകഴിഞ്ഞിട്ടുണ്ടാകും.[11] കലശത്തിന്റെ രണ്ടാം ദിവസം ദീപാരാധനയ്ക്കുശേഷം പ്രാസാദശുദ്ധി നടത്തുന്നു. ക്ഷേത്രത്തിലും പരിസരത്തും അറിഞ്ഞോ അറിയാതെയോ എല്ലാ അശുദ്ധികളും നീക്കം ചെയ്യുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്.[12] ഇതുകൂടാതെ അസ്ത്രകലശപൂജ, വാസ്തുഹോമം, വാസ്തുകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുബലി, വാസ്തുകലശാഭിഷേകം എന്നിവയും നടത്തപ്പെടുന്നു. മൂന്നാം ദിവസം ബിംബശുദ്ധിയും ചതുഃശുദ്ധിയും ധാരയും പഞ്ചഗവ്യ - പഞ്ചക കലശാഭിഷേകങ്ങളും മഹാകുംഭകലശാധിവാസവും നാലാം ദിവസം മഹാകുംഭകലശാഭിഷേകവും പ്രായശ്ചിത്തഹോമവും അതിനോട് അനുബന്ധിച്ചുള്ള കലശാഭിഷേകവും അഞ്ചാം ദിവസം ശാന്തിഹോമവും അത്ഭുതശാന്തിഹോമവും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും ആറാം ദിവസം ന്യായശാന്തി - ചോരശാന്തി ഹോമങ്ങളും അവയോടനുബന്ധിച്ചുള്ള കലശാഭിഷേകങ്ങളും നടത്തുന്നു. ശ്രീകോവിലിനുമുന്നിലെ നമസ്കാരമണ്ഡപത്തിൽ വച്ച് തന്ത്രിയുടെ നേതൃത്വത്തിലാണ് മേല്പറഞ്ഞ ഹോമങ്ങളും പൂജകളുമെല്ലാം നടക്കുന്നത്. ഓതിയ്ക്കന്മാർ സഹകാർമ്മികരാകും.

ഏഴാം ദിവസം നടത്തുന്ന തത്ത്വകലശാഭിഷേകവും എട്ടാം ദിവസം നടത്തുന്ന ബ്രഹ്മകലശത്തോടുകൂടിയ സഹസ്രകലശാഭിഷേകവും അതിവിശേഷമാണ്. ക്ഷേത്രചൈതന്യവർദ്ധനവിന് നടത്തപ്പെടുന്ന അതിബൃഹത്തായ താന്ത്രികക്രിയകളാണ് രണ്ടും. സാധാരണ മഹാക്ഷേത്രങ്ങളിൽ പോലും പന്ത്രണ്ടുവർഷം കൂടുമ്പോഴോ നടത്തപ്പെടുന്ന സഹസ്രകലശം 1971 മുതൽ എല്ലാ വർഷവും ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 25 തത്ത്വങ്ങളെ പ്രതിനിധീകരിയ്ക്കുന്ന 25 കലശങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭിഷേകച്ചടങ്ങാണ് തത്ത്വകലശം എന്നറിയപ്പെടുന്നത്. തത്ത്വകലശാഭിഷേകത്തിന് തൊട്ടുമുമ്പ് തത്ത്വഹോമം നടത്തുന്നു. അതിനുശേഷം മരപ്പാണി കൊട്ടി എഴുന്നള്ളിച്ചുകൊണ്ടുവരുന്ന കലശങ്ങൾ തന്ത്രി ഓരോന്നായി അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം സഹസ്രകലശപൂജ. തലേദിവസം കൂത്തമ്പലത്തിൽ പത്മമിട്ട് നിരത്തിവച്ച 975 വെള്ളിക്കുടങ്ങളും 26 സ്വർണ്ണക്കുടങ്ങളും വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നശേഷമാണ് പൂജ നടത്തുന്നത്. 1001 കുടങ്ങളും പ്രത്യേകമായ രീതിയിൽ നിരത്തിവച്ചശേഷം ഇവയിൽ ഓരോന്നിലും സ്വർണ്ണക്കുടം നടുക്കുവരുന്ന രീതിയിലാണ് പൂജ. തുടർന്ന് രുദ്രതീർത്ഥത്തിലെയും രുദ്രകൂപത്തിലെയും വിശുദ്ധജലം കൊണ്ട് ഇവ നിറച്ചുവയ്ക്കും. പിറ്റേന്ന് രാവിലെ സഹസ്രകലശച്ചടങ്ങുകൾ തുടങ്ങുന്നു. ഇതിനോടനുബന്ധിച്ച് നിറച്ചുവച്ച ഓരോ കലശവും ക്രമത്തിൽ തന്ത്രി അഭിഷേകം ചെയ്യുന്നു. വിശദമായ താന്ത്രികക്രിയകളാണ് ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഏറ്റവും അവസാനം അതിവിശേഷമായ ബ്രഹ്മകലശം അഭിഷേകം ചെയ്യുന്നു. ഇതിനുശേഷം ഉച്ചപ്പൂജയും കഴിഞ്ഞ് നടയടയ്ക്കുന്നു. അപ്പോഴേയ്ക്കും രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഇതോടെ കലശച്ചടങ്ങുകൾ പരിസമാപ്തിയിലെത്തുന്നു.

ഉത്സവച്ചടങ്ങുകൾ

[തിരുത്തുക]

കൊടിയേറ്റദിവസമായ പൂയം നാളിൽ രാവിലെ ആനയില്ലാതെ ശീവേലി നടത്തുന്നു. ഗുരുവായൂരപ്പന് സ്വന്തമായി ആനയില്ലാതിരുന്ന കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ചടങ്ങാണ് ആനയില്ലാശീവേലി. അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കാണ് പ്രസിദ്ധമായ ആനയോട്ടം. ഗുരുവായൂരപ്പന് സ്ഥിരമായി ആനകളെ അയച്ചിരുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാമതിലകം ശിവക്ഷേത്രം ഒരു വർഷത്തിലെ ഉത്സവത്തിന് അയയ്ക്കില്ലെന്ന് പറയുകയും അന്നേദിവസം ഉച്ചതിരിഞ്ഞ് ആനകൾ കൂട്ടമായി ഗുരുവായൂരിലേയ്ക്ക് ഓടിയെത്തുകയും ചെയ്തതിന്റെ സ്മരണയ്ക്കാണ് ആനയോട്ടം നടത്തുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മഞ്ജുളാലിൽ നിന്ന് ക്ഷേത്രഗോപുരം വരെയാണ് ആനയോട്ടം നടത്തുന്നത്. ഇതിനായി ചില ആനകളെ പ്രത്യേകമായി തിരഞ്ഞെടുത്തുവച്ചിട്ടുണ്ടാകും. ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചുകഴിഞ്ഞാൽ ആനയോട്ടം തുടങ്ങും. ആനകളോടൊപ്പം പാപ്പാന്മാരും ഓടും. ഏറ്റവും ആദ്യം ഓടിയെത്തി കൊടിമരത്തിൽ തൊടുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിയ്ക്കുക. ഈ ആന പിന്നീട് ഉത്സവം കഴിയും വരെ ക്ഷേത്രത്തിൽ തന്നെ കഴിയും. ഉത്സവത്തിന് തിടമ്പേറ്റാനുള്ള അർഹതയും ഈ ആനയ്ക്കാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രണ്ടാമത്തെ ആചാര്യവരണം നടക്കും. ക്ഷേത്രത്തിൽ വയ്ക്കാനുള്ള ദിക്കുകൊടികളാണ് ഈയവസരത്തിൽ വാങ്ങുന്നത്. ഇതിനുശേഷം സപ്തവർണ്ണക്കൊടി ഭക്തിപുരസ്സരം എഴുന്നള്ളിച്ചുകൊണ്ടുവന്ന് പൂജിയ്ക്കുകയും വിശദമായ താന്ത്രികക്രിയകൾക്കൊടുവിൽ വാദ്യമേളങ്ങളുടെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന നാരായണനാമജപത്തിന്റെയും അകമ്പടിയോടെ കൊടിക്കയറിൽ കെട്ടി കൊടിമരത്തിൽ കൊടിയേറ്റുകയും ചെയ്യുന്നു. കൊടിയേറ്റം കഴിഞ്ഞുനടക്കുന്ന വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നാണ് പേര്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ശ്രീഭൂതബലി, മൂന്നുനേരം കാഴ്ചശീവേലികൾ, സ്വർണ്ണത്തിൽ തീർത്ത പഴുക്കാമണ്ഡപത്തിലുള്ള ദീപാരാധന, തുടങ്ങിയ വിശേഷങ്ങളുണ്ടാകും. ഈ ദിവസങ്ങളിലെ എഴുന്നള്ളത്തുകൾക്ക് കൊടി, തഴ, സൂര്യമറ, മുത്തുക്കുട, പട്ടുക്കുട, കുത്തുവിളക്കുകൾ, വെൺചാമരം, ആലവട്ടം തുടങ്ങിയ വിശേഷാൽ അലങ്കാരങ്ങളുമുണ്ടാകും. അങ്ങനെ ഗുരുവായൂരും കേരളം മുഴുവനും ആഘോഷലഹരിയിലമരും.

രണ്ടാം ദിവസം രാവിലെ ശ്രീഭൂതബലിയ്ക്കുശേഷം ക്ഷേത്രത്തിൽ പത്തുദിക്കുകളിലായി ദിക്കുകൊടികൾ സ്ഥാപിയ്ക്കും. ഉത്സവം നടത്തിപ്പിന്റെ ജോലി ഭഗവാൻ പാർഷദന്മാരെ ഏല്പിയ്ക്കുന്നു എന്ന സങ്കല്പത്തിലാണ് ദിക്കുകൊടികൾ സ്ഥാപിയ്ക്കുന്നത്. ഭഗവാന്റെ പാർഷദന്മാരായ കുമുദൻ (കിഴക്ക്), കുമുദാക്ഷൻ (തെക്കുകിഴക്ക്), പുണ്ഡരീകൻ (തെക്ക്), വാമനൻ (തെക്കുപടിഞ്ഞാറ്), ശങ്കുകർണ്ണൻ (പടിഞ്ഞാറ്), സർവ്വനേത്രൻ (വടക്കുപടിഞ്ഞാറ്), സുമുഖൻ (വടക്ക്), സുപ്രതിഷ്ഠൻ (വടക്കുകിഴക്ക്) എന്നിവരെ അതത് ദിക്കുകളിൽ കുടിയിരുത്തന്നതുകൂടാതെ അയ്യപ്പക്ഷേത്രത്തിനുമുന്നിൽ അയ്യപ്പനെയും തെക്കുഭാഗത്ത് ഭദ്രകാളിയെയും പ്രതിനിധീകരിച്ചും കൊടികൾ നാട്ടുന്നുണ്ട്. പ്രധാന കൊടിയിൽ നിന്ന് വ്യത്യസ്തമായി സാധാരണ തുണിയിൽ നിർമ്മിച്ചവയാണ് ദിക്കുകൊടികൾ. ഇവയ്ക്ക് 65 ഇഞ്ച് നീളവും 13 ഇഞ്ച് വീതിയുമാണുള്ളത്. കറുപ്പ്, വെളുപ്പ്, ചുവപ്പ് എന്നീ നിറങ്ങളാണ് ഇവയിൽ ഉപയോഗിച്ചിരിയ്ക്കുന്നത്. ദിക്കുകൊടികളുടെ സ്ഥാപനവും കഴിഞ്ഞാൽ ഗുരുവായൂരിൽ ഉത്സവം പൂർണ്ണതോതിലാകും. പഞ്ചാരി- പാണ്ടി മേളങ്ങളും തായമ്പകയും നാദസ്വരവും വിശേഷാൽ കാഴ്ചശീവേലികളും മതിലകത്ത് തെക്കുകിഴക്കേമൂലയിലുള്ള കൂത്തമ്പലത്തിൽ നടക്കുന്ന ചാക്യാർകൂത്തും പ്രദക്ഷിണവഴിയിലെ പാഠകവും ക്ഷേത്രത്തിന് പുറത്തുള്ള മേല്പുത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത-നൃത്ത പരിപാടികളും ഈ ദിവസങ്ങളെ മുഖരിതമാക്കും. പ്രഗദ്ഭരായ നിരവധി കലാകാരന്മാരും കലാകാരിമാരും ഈയവസരത്തിൽ ഗുരുവായൂരിലെത്തി പരിപാടികൾ നടത്താറുണ്ട്. ഇവകൂടാതെ, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ഉത്സവക്കഞ്ഞിയും പുഴുക്കും വിതരണം ചെയ്യുന്നതും പതിവാണ്. ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും ഇതിനായി വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടാറുണ്ട്.

ഉത്സവബലി

[തിരുത്തുക]

ഉത്സവത്തിന്റെ എട്ടാം ദിവസമാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളിലൊന്നായ ഉത്സവബലി ദർശനം. നിത്യേന ക്ഷേത്രത്തിൽ നടക്കുന്ന ശീവേലിയുടെയും ഉത്സവക്കാലത്ത് മറ്റുദിവസങ്ങളിലുള്ള ശ്രീഭൂതബലിയുടെയും വിശദമായ രൂപമാണ് ഉത്സവബലി. ഈയവസരത്തിൽ സാധാരണയായി ബലിതൂകാത്ത സ്ഥലങ്ങളിലും ബലിതൂകാറുണ്ട്. രാവിലെ പന്തീരടിപൂജ കഴിഞ്ഞാണ് ബലിതൂകൽ നടക്കാറുള്ളത്. ഇതിനോടനുബന്ധിച്ച് തന്ത്രി, ശാന്തിക്കാർ, വാദ്യക്കാർ, കഴകക്കാർ തുടങ്ങിയവർക്ക് ദക്ഷിണ നൽകുന്നത് പതിവാണ്. ഇതിനുശേഷം ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും. ഇവയ്ക്കെല്ലാം ശേഷമാണ് ബലിതൂകുന്നത്. മൂന്ന് ഘട്ടങ്ങളായിട്ടാണ് ബലിതൂകൽ. ആദ്യഘട്ടത്തിൽ ശ്രീകോവിലിലെ ദ്വാരപാലകർ, ദേവവാഹനം (ഇവിടെ ഗരുഡൻ), അഷ്ടദിക്പാലകർ, ബ്രഹ്മാവ്, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ വിഷ്വക്സേനൻ) എന്നിവർക്ക് ഓരോരുത്തർക്കായി ബലിതൂകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ സപ്തമാതൃക്കൾക്കും ഗണപതിയ്ക്കും വീരഭദ്രന്നും വിശേഷാൽ ബലിതൂകുന്നു. ഈ സമയത്താണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് പ്രവേശനമനുവദിയ്ക്കുന്നത്. അപ്പോഴത്തെ ദർശനം അതിവിശേഷമാണ്. വളരെ സമയമെടുത്താണ് സപ്തമാതൃക്കളുടെ ബലി നടത്തുന്നത്. ഇതിനുശേഷം നാലമ്പലത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് അവിടെ ബലിതൂകാൻ തുടങ്ങുന്നു. ഈ സമയം ഭഗവാനെ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുകൊണ്ടുവന്നിരുത്തുന്നു. ഇതിനുശേഷം പുറത്തുള്ള ഓരോ ബലിക്കല്ലിലും ബലിതൂകാൻ തുടങ്ങുന്നു. എഴുന്നള്ളിപ്പ് വടക്കുഭാഗത്തെത്തുമ്പോൾ അവിടെ ഒരു ബലിക്കല്ലായി വാഴുന്ന ക്ഷേത്രപാലന് പാത്രത്തോടുകൂടി ബലിതൂകുന്ന ചടങ്ങുമുണ്ടാകും. ഇതിനെല്ലാം ശേഷം ക്ഷേത്രത്തിൽ കൊടിമരത്തിന് മുന്നിലുള്ള വലിയ ബലിക്കല്ലിലും ബലിതൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം രണ്ടുമണി കഴിഞ്ഞിട്ടുണ്ടാകും. ഉത്സവബലി നാളിൽ ഗുരുവായൂരിൽ ഒരു ജീവി പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ വരുന്ന പക്ഷിമൃഗാദികൾക്കുപോലും ഭക്ഷണം കൊടുക്കുന്ന പതിവുണ്ട്.

പള്ളിവേട്ട

[തിരുത്തുക]

ഒമ്പതാം ദിവസം രാത്രിയിലാണ് ഭഗവാന്റെ മറ്റൊരു വിശേഷമായ പള്ളിവേട്ട. തന്റെ അതിർത്തിയിലുള്ള സകല തിന്മകളെയും ഭഗവാൻ കീഴടക്കുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് പള്ളിവേട്ട. പള്ളിവേട്ടയ്ക്ക് മുന്നോടിയായി ഭഗവാൻ നഗരപ്രദക്ഷിണം നടത്തുന്നുണ്ട്. ഭഗവാൻ ഉത്സവത്തിനിടയ്ക്ക് ആദ്യമായി മതിൽക്കെട്ടിന് പുറത്തേയ്ക്ക് എഴുന്നള്ളുന്നത് നഗരപ്രദക്ഷിണത്തിനാണ്. ഉത്സവക്കാലത്ത് എല്ലാ കേരളീയ ക്ഷേത്രങ്ങളിലും നടന്നുവരുന്ന ചടങ്ങാണ് പള്ളിവേട്ടയെങ്കിലും ഗുരുവായൂരിലെ പള്ളിവേട്ടയ്ക്ക് സവിശേഷതയുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ പുറത്തുള്ള പറമ്പിലോ അതുപോലുള്ള ഏതെങ്കിലും സ്ഥലത്തോ പോയി അവിടെ അലങ്കരിച്ചുവച്ചിരിയ്ക്കുന്ന ഏതെങ്കിലും വന്യമൃഗത്തിന്റെ (പ്രധാനമായും പന്നിയുടെ) രൂപത്തിൽ അമ്പെയ്യുന്നതാണ് ചടങ്ങെങ്കിൽ ഗുരുവായൂരിൽ ഭക്തർ തന്നെ വന്യമൃഗങ്ങളുടെ വേഷം കെട്ടിവരുന്നതാണ് ചടങ്ങ്. സന്ധ്യയ്ക്ക് പഴുക്കാമണ്ഡപത്തിലെ ദീപാരാധന കഴിഞ്ഞാണ് ഗ്രാമപ്രദക്ഷിണം തുടങ്ങുന്നത്. ദീപാരാധന കഴിഞ്ഞാൽ ഉത്സവത്തിടമ്പ് സ്വർണ്ണക്കോലത്തോട് കെട്ടിവച്ചശേഷം ആനപ്പുറത്ത് കയറ്റുന്നു. പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും കാണിച്ച് സ്വീകരിയ്ക്കുന്നു. തുടർന്ന് ആനപ്പുറത്ത് സ്വർണ്ണക്കോലമേന്തി നഗരപ്രദക്ഷിണം തുടങ്ങുന്നു. വാളും പരിചയുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാർ വിശേഷാൽ ചുവടുകളോടെ എഴുന്നള്ളത്തിന് അകമ്പടി സേവിയ്ക്കും. ഈ സമയത്ത് പാണ്ടിമേളമാണ് കൊട്ടുന്നത്. ഒപ്പം നാദസ്വരവും ഭക്തരുടെ ഭജനകളും കൂടിയാകുമ്പോൾ നഗരപ്രദക്ഷിണം പൂർണ്ണമാകും. ഗുരുവായൂർ പരിസരം മുഴുവൻ ചുറ്റി, അടുത്തുള്ള ക്ഷേത്രങ്ങളിലെയും വീടുകളിലെയും വരവേല്പുകളെല്ലാം കഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലെത്തുമ്പോഴേയ്ക്കും രാത്രി ഒമ്പതുമണി കഴിഞ്ഞിട്ടുണ്ടാകും. ക്ഷേത്രമതിലകത്തുകൂടിയുള്ള പ്രദക്ഷിണം കഴിഞ്ഞ് നഗരപ്രദക്ഷിണം പൂർത്തിയാക്കുന്നതോടുകൂടി പള്ളിവേട്ടയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ക്ഷേത്രത്തിലെ കഴകക്കാരനായ പുതിയേടത്ത് പിഷാരടി പന്നിമാനുഷങ്ങളുണ്ടോ?...... എന്ന് മൂന്നുപ്രാവശ്യം ഉറക്കെ ചോദിയ്ക്കും. ഉണ്ടെന്ന് അറിയിപ്പ് കിട്ടിക്കഴിഞ്ഞാലുടനെ മൃഗവേഷധാരികളായ ഭക്തരെല്ലാവരും കൂടി ആർപ്പുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിയ്ക്കും. തുടർന്ന് ആനപ്പുറത്ത് ഭഗവാൻ എഴുന്നള്ളി അവരെ പിൻതുടരും. ഒമ്പത് പ്രദക്ഷിണമാണ് പള്ളിവേട്ടയ്ക്ക് ഉണ്ടാകാറുള്ളത്. വാദ്യമേളങ്ങളൊന്നുമില്ലാതെയാണ് പള്ളിവേട്ടയ്ക്ക് പുറത്ത്. അവസാന പ്രദക്ഷിണത്തിൽ ഭഗവദ്പ്രതിനിധിയായ കീഴ്ശാന്തി 'പന്നി'യെ അമ്പെയ്ത് വീഴ്ത്തുന്നു. 'ചത്ത' 'പന്നി'യെ കമ്പിൽ കെട്ടി കൊണ്ടുപോകുന്നതോടെ പള്ളിവേട്ട സമാപിയ്ക്കുന്നു. ഇതിനുശേഷം വാദ്യമേളങ്ങളോടുകൂടി എഴുന്നള്ളുന്ന ഭഗവാനെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന് കിടത്തുന്നു. ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും കഴിഞ്ഞ് അവശനായ ഭഗവാൻ മണ്ഡപത്തിൽ കിടന്നുറങ്ങുന്നു എന്നാണ് സങ്കല്പം. ഈ സമയം ക്ഷേത്രപരിസരത്തുള്ള എല്ലാ ബഹളങ്ങളും താത്കാലികമായി അവസാനിയ്ക്കുന്നു. ഭഗവാന്റെ ഉറക്കത്തിന് ഒരുതരത്തിലും ഭംഗമുണ്ടാകരുതെന്നാണ് ഭക്തവിശ്വാസം. ക്ഷേത്രത്തിൽ നിത്യേന അടിയ്ക്കുന്ന നാഴികമണി പോലും ഈ സമയം കെട്ടിവയ്ക്കും. അബദ്ധത്തിൽ പോലും അത് ശബ്ദിയ്ക്കാൻ പാടില്ലത്രേ! ഈ സമയം തന്നെ ക്ഷേത്രം ശാന്തിക്കാർ, പിറ്റേന്ന് ഭഗവാന് കണികാണുന്നതിനുള്ള വസ്തുക്കൾ ഒരുക്കുന്ന തിരക്കിലായിരിയ്ക്കും. ഇക്കൂട്ടത്തിൽ, ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഒരു പശുവുമുണ്ടാകും.

ആറാട്ട്

[തിരുത്തുക]

പിറ്റേന്ന് രാവിലെ ആറുമണിയ്ക്കാണ് ഭഗവാന്റെ പള്ളിയുണർത്തൽ. നടയ്ക്കിരുത്തിയ പശുവിന്റെ കരച്ചിൽ കേട്ടുകൊണ് ഭഗവാൻ പള്ളിയുണരുന്നത്. തുടർന്ന് കണിക്കോപ്പുകൾ കൂടി കണികണ്ട ശേഷം ക്ഷേത്രച്ചടങ്ങുകൾ തുടങ്ങുന്നു. അന്ന് രാത്രിയാണ് ഉത്സവസമാപനമായ ആറാട്ട് നടക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള രുദ്രതീർത്ഥക്കുളത്തിൽ തന്നെയാണ് ആറാട്ട്. ഉഷഃപൂജയും എതിരേറ്റുപൂജയുമൊഴികെയുള്ള എല്ലാ ചടങ്ങുകളും അന്നേദിവസമുണ്ടാകാറുണ്ട്. ഗുരുവായൂരപ്പന്റെ പഞ്ചലോഹവിഗ്രഹമാണ് അന്ന് എഴുന്നള്ളിയ്ക്കുന്നത്. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്നത്. ഉച്ചവരെ സാധാരണ പോലുള്ള ചടങ്ങുകൾ നടക്കുന്നു. വൈകീട്ട് ദീപാരാധന കഴിഞ്ഞ് ഭഗവാൻ നഗരപ്രദക്ഷിണത്തിന് ഇറങ്ങുന്നു. തലേന്നത്തെ പ്രദക്ഷിണത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ധാരാളം നിശ്ചലദൃശ്യങ്ങളും ഇവയോടൊപ്പം അകമ്പടി സേവിയ്ക്കാറുണ്ട്. പുരാണങ്ങളിലെ വിവിധ സംഭവങ്ങൾ ഇവിടെ നിശ്ചലദൃശ്യങ്ങളായി പുനർജനിയ്ക്കുന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ആറാട്ടുനാളിലെ നഗരപ്രദക്ഷിണം നടത്തുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം ഉപയോഗിയ്ക്കുന്ന ഏക അവസരം ഇതാണ്. ക്ഷേത്രങ്ങളും വീടുകളും മുഴുവൻ കയറിയിറങ്ങി സ്വീകരണം മുഴുവൻ ഏറ്റുവാങ്ങിയശേഷം പ്രദക്ഷിണം രുദ്രതീർത്ഥക്കുളത്തിന്റെ വടക്കേക്കരയിലെ അത്താണിക്കല്ലിനടുത്തെത്തുമ്പോൾ പെട്ടെന്ന് വാദ്യമേളങ്ങൾ നിർത്തും. പണ്ടൊരു ആറാട്ടുനാളിൽ അത്താണിക്കല്ല് നിൽക്കുന്ന ഭാഗത്തുവച്ച് അതിക്രൂരമായി കൊലചെയ്യപ്പെട്ട, തന്റെ വിശ്വസ്തഭക്തനും കഴകക്കാരനുമായിരുന്ന കണ്ടിയൂർ പട്ടത്തെ നമ്പീശന്റെ സ്മരണ ഭഗവാൻ പുതുക്കുന്നു എന്നാണ് സങ്കല്പം. ഈ സമയം നമ്പീശന്റെ അനന്തരാവകാശികളിൽ ചിലർ അവിടെയെത്തുകയും തങ്ങൾക്ക് സങ്കടമില്ലെന്ന് അറിയിയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം പാണ്ടിമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തുടരും. തുടർന്ന് ഭഗവതിക്ഷേത്രത്തിനടുത്തുള്ള വാതിലിലൂടെ വിഗ്രഹം ആറാട്ടുകടവിലെത്തിയ്ക്കുന്നു. ഈ സമയമാകുമ്പോഴേയ്ക്കും നിരവധി ഭക്തർ ആറാട്ടുമുങ്ങാനായി കടവുകളിൽ തടിച്ചുകൂടിയിട്ടുണ്ടാകും. ആറാട്ടുകടവിൽ പ്രത്യേകം ഒരുക്കിവച്ച പീഠത്തിൽ വിഗ്രഹം എഴുന്നള്ളിയ്ക്കുന്ന തന്ത്രി, തുടർന്ന് ഗംഗ, യമുന, സരസ്വതി തുടങ്ങിയ സകല തീർത്ഥങ്ങളെയും രുദ്രതീർത്ഥത്തിലേയ്ക്ക് ആവാഹിയ്ക്കുന്ന ചടങ്ങ് നടത്തുന്നു. തുടർന്ന് തമ്പ്രാൻപടിയ്ക്കൽ കിട്ടയുടെ പിന്മുറക്കാർ കൊണ്ടുവന്ന ഇളനീരും മഞ്ഞൾപ്പൊടിയും കൊണ്ട് വിഗ്രഹത്തിൽ അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി തന്ത്രിയും ഓതിയ്ക്കന്മാരും മേൽശാന്തിയും കീഴ്ശാന്തിമാരും മൂന്നുവട്ടം മുങ്ങുന്നു. ഭഗവദ്സാന്നിദ്ധ്യം കൊണ്ട് പവിത്രമായ ജലത്തിൽ ഭക്തരും മുങ്ങിനിവർന്ന് പുണ്യം നേടുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. അതിനുശേഷം ഭഗവതിക്ഷേത്രത്തിലെ മണ്ഡപത്തിൽ ഭഗവാന് ഉച്ചപ്പൂജ. വർഷത്തിലൊരിയ്ക്കൽ തന്റെ സഹോദരിയായ ഇടത്തരികത്തുകാവിലമ്മയെ കാണാമെന്ന് ഗുരുവായൂരപ്പൻ വാക്കുകൊടുത്തിട്ടുണ്ടെന്നും അതിന്റെ സ്മരണയ്ക്കാണ് ഭഗവതിക്ഷേത്രത്തിൽ ഭഗവാന് പൂജ നടത്തുന്നതെന്നും പറയപ്പെടുന്നു. ശ്രീലകത്തിന് പുറത്ത് ഭഗവാന് ഉച്ചപ്പൂജ നടത്തുന്ന ഏക അവസരം ഇതാണ്. അതിനുശേഷം ക്ഷേത്രത്തിനുചുറ്റും പതിനൊന്ന് പ്രാവശ്യം ഓട്ടപ്രദക്ഷിണം. അവസാനം കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നതോടെ ഉത്സവം പരിസമാപ്തിയിലെത്തുന്നു.

നിയന്ത്രണങ്ങൾ

[തിരുത്തുക]

കലശം തുടങ്ങിക്കഴിഞ്ഞാൽ ആറാട്ട് കഴിയുന്നതുവരെയുള്ള പതിനെട്ടുദിവസം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നാലമ്പലത്തിനകത്ത് പ്രവേശനമില്ല. ഉത്സവത്തോടനുബന്ധിച്ച് വലിയ താന്ത്രികച്ചടങ്ങുകളും കലാപരിപാടികളുമെല്ലാമുണ്ടാകാറുണ്ടെങ്കിലും വെടിക്കെട്ടുണ്ടാകാറില്ല എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഒരു കതിനവെടി പോലും ക്ഷേത്രപരിസരത്തെങ്ങും കാണാനാകില്ല. കുട്ടികളെ ഏറെ സ്നേഹിയ്ക്കുന്ന, സ്വയം കുട്ടിയായ ഗുരുവായൂരപ്പന് അവരെ ഭയപ്പെടുത്തുന്ന ഒന്നും ക്ഷേത്രപരിസരത്തുണ്ടാകരുതെന്നാണ് പഴമക്കാരുടെ വിശ്വാസം. എന്നാൽ കൊടിയേറ്റം, കാഴ്ചശീവേലി, ഗ്രാമപ്രദക്ഷിണം, പള്ളിവേട്ട, ആറാട്ട് തുടങ്ങിയ അവസരങ്ങളിൽ ചില്ലറ കരിമരുന്നുപ്രയോഗങ്ങളുണ്ടാകാറുമുണ്ട്. ഇവയാണെങ്കിൽ യാതൊരു കുറവും കൂടാതെയാണ് ഉത്സവത്തിന് നടത്തിപ്പോരുന്നതും. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളിൽ ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ഗാനമേള, കഥകളി, തുള്ളൽ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം. സിനിമാറ്റിക് ഡാൻസോ അടിപൊളി ഗാനങ്ങളോ ഉത്സവത്തിന് പാടില്ലെന്ന് വിലക്കുണ്ട്. മേല്പുത്തൂർ ഓഡിറ്റോറിയം കൂടാതെ സത്രം വളപ്പിലെ പൂന്താനം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ നടന്നുവരുന്നുണ്ട്.

ഗുരുവായൂർ ഏകാദശി/ഗീതാദിനം

[തിരുത്തുക]

വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിദിവസമാണ് ഗുരുവായൂർ ഏകാദശിയായി ആഘോഷിച്ചുവരുന്നത്. ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമാണ് ഈ ദിവസമെന്ന് വിശ്വസിച്ചുവരുന്നു. ഇതുകൂടാതെ കുരുക്ഷേത്രയുദ്ധത്തിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ടു തളർന്നുപോയ അർജ്ജുനനെ സമാധാനിപ്പിയ്ക്കാൻ ശ്രീകൃഷ്ണഭഗവാൻ ഗീതോപദേശം നടത്തിയ ദിവസമാണെന്നും വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ദിവസം ഗീതാദിനം എന്ന പേരിലും ആചരിച്ചുവരുന്നു. ഇതുകൂടാതെ വേറെയും നിരവധി പ്രത്യേകതകൾ ഈ ദിവസത്തിനുള്ളതായി പറയപ്പെടുന്നു. ഗോകുലത്തിൽ വച്ച് ശ്രീകൃഷ്ണഭഗവാന് ഗോവിന്ദപട്ടാഭിഷേകം നടത്തിയ ദിവസം, ആദിശങ്കരാചാര്യർ, മേല്പുത്തൂർ, പൂന്താനം, വില്വമംഗലം സ്വാമിയാർ, കുറൂരമ്മ തുടങ്ങി നിരവധി ഭക്തർക്ക് ഭഗവദ്ദർശനം ലഭിച്ച ദിവസം, ഇവയെല്ലാം കൂടാതെ നാലുമാസത്തെ യോഗനിദ്രയിൽ നിന്ന് വിഷ്ണുഭഗവാൻ ഉണരുന്ന ദിവസം (ഉത്ഥാന ഏകാദശി) തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. ഗുരുവായൂരപ്പന്റെ ചൈതന്യം പൂർണ്ണമായി അനുഭവപ്പെടുന്ന ദിവസമായി ഗുരുവായൂർ ഏകാദശി കണക്കാക്കപ്പെടുന്നു. അന്നേദിവസം ക്ഷേത്രത്തിലെ വിഗ്രഹം യഥാരൂപത്തിൽ (മഹാവിഷ്ണുസ്വരൂപത്തിൽ) അലങ്കരിയ്ക്കുന്നു. അപ്പോൾ ദർശനത്തിനെത്തുന്ന ഭക്തരെല്ലാവരും വിഷ്ണുസ്വരൂപങ്ങളായി മാറുന്നുവെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തിനുമുമ്പും എല്ലാവർക്കും ജാതിഭേദമെന്യേ ദർശനം അനുവദിച്ചിരുന്ന ദിവസമായിരുന്നു ഗുരുവായൂർ ഏകാദശി.

ചുറ്റുവിളക്ക് ആരംഭം

[തിരുത്തുക]

ഏകാദശിയ്ക്ക് ഒരുമാസം മുമ്പ് (തുലാമാസത്തിലെ വെളുത്ത ഏകാദശിനാളിൽ) ക്ഷേത്രത്തിൽ ചുറ്റുവിളക്കുകൾ ആരംഭിയ്ക്കുന്നു. ആദ്യത്തെ ചുറ്റുവിളക്ക് നടത്തുന്നത് പാലക്കാട് ജില്ലയിലെ അലനല്ലൂരിലുള്ള പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ്. ഇവരെക്കൂടാതെ വിവിധ വ്യക്തികളും സംഘടനകളും ഇതിനോടനുബന്ധിച്ച് വിളക്കുകൾ നടത്തിവരുന്നുണ്ട്. അവയ്ക്ക് ഓരോന്നിന്നും നടത്തിപ്പുക്കാരുടെ പേരനുസരിച്ച് വിശേഷാൽ പേരുകളും പറയപ്പെടുന്നു. കേരള ഹൈക്കോടതിയിലെ അഭിഭാഷകർ നടത്തുന്ന കോടതി വിളക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് എസ്.ബി.ഐ. വിളക്ക്[i], കേരള പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന വിളക്കിന് പോലീസ് വിളക്ക്, അയ്യപ്പസേവാസംഘം നടത്തുന്ന വിളക്കിന് അതുമായി ബന്ധപ്പെട്ട പേര്, ക്ഷേത്രം പാരമ്പര്യാവകാശികളായ പത്തുകാരുടെ വിളക്കിന് അതുമായി ബന്ധപ്പെട്ട പേര് - അങ്ങനെ നീണ്ടുപോകുന്നു പേരുകളുടെ നിര. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളമായി ഭക്തർ ദർശനത്തിനെത്തുന്നു. ഈ സമയം ശബരിമല തീർത്ഥാടനകാലം കൂടിയായതിനാൽ ഭക്തജനത്തിരക്ക് പതിന്മടങ്ങാകും.

പാരമ്പര്യവിളക്കുകൾ

[തിരുത്തുക]

ഏകാദശിയ്ക്ക് ഒരാഴ്ച മുമ്പുവരുന്ന പഞ്ചമി മുതൽ നവമി വരെയുള്ള വിളക്കുകൾ പാരമ്പര്യവിളക്കുകൾ എന്ന് അറിയപ്പെടുന്നു. മറ്റുള്ള വിളക്കുകൾ നടത്തുന്നത് പ്രത്യേകം ദിവസങ്ങളിലാണെങ്കിൽ ഈ വിളക്കുകൾ കൃത്യം ഒരേ ദിവസം തന്നെയാണ് നടത്തുന്നത്. ഇവ നടത്തുന്നത് ഓരോ കുടുംബക്കാരായതുകൊണ്ടാണ് പാരമ്പര്യവിളക്കുകൾ എന്ന പേര് ഈ വിളക്കുകൾക്ക് വന്നത്. പഞ്ചമിവിളക്ക് നടത്തുന്നത് കാപ്രാട്ട് കുടുംബക്കാരാണ്; ഷഷ്ഠിവിളക്ക് നടത്തുന്നത് മാണിക്കത്ത് കുടുംബക്കാരും. മാണിക്കത്ത് കുടുംബത്തിലെ കാരണവരായിരുന്ന ചന്ദ്രശേഖരമേനോന്റെ പേരിലാണ് ഷഷ്ഠിവിളക്ക് നടത്തുന്നത്. സപ്തമിനാളിലെ വിളക്ക് നടത്തുന്നത് ഗുരുവായൂരിലെ പ്രസിദ്ധ ബ്രാഹ്മണകുടുംബമായ നെന്മിനി മനക്കാരാണ്. ഈ വിളക്കിന് സവിശേഷപ്രാധാന്യമുണ്ട്. സാധാരണ വിളക്കുകൾക്ക് നെയ്യോ നല്ലെണ്ണയോ ആണ് ഉപയോഗിയ്ക്കാറുള്ളതെങ്കിൽ ഇതിന് ഉപയോഗിയ്ക്കുന്നത് വെളിച്ചെണ്ണയാണ്. നെന്മിനി മനപ്പറമ്പിലെ തെങ്ങിൽ നിന്നെടുക്കുന്ന വെളിച്ചെണ്ണകൊണ്ടാണ് വിളക്കുകൾ തെളിയിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് വിളക്കുകൾ കത്തിയ്ക്കുന്നത് കൂടുതൽ ശോഭയുണ്ടാക്കുമെന്ന് വിശ്വസിച്ചുവരുന്നു. അങ്ങനെ ക്ഷേത്രം മുഴുവൻ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കാഴ്ച മനോഹരമാണ്. അഷ്ടമിവിളക്ക് നടത്തുന്നത് പുലിക്കീഴ് വാര്യക്കാരും നവമിവിളക്ക് നടത്തുന്നത് കൊളാടി വീട്ടുകാരുമാണ്. ദശമിദിനത്തിലെ വിളക്ക് നടത്തുന്നത് ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റ് എന്ന സംഘടനയാണ്. ഭാഗവതാചാര്യനും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ആഞ്ഞം മാധവൻ നമ്പൂതിരി തുടങ്ങിവച്ച ഈ സംഘടന 1970-ലാണ് ദശമിവിളക്കിന്റെ ചുമതലയേറ്റെടുത്തത്. മുമ്പ് ഈ വിളക്ക് നടത്തിവന്നിരുന്ന കുടുംബം അന്യം നിന്നുപോയതിനെത്തുടർന്നായിരുന്നു ഇത്. അഷ്ടമി മുതലുള്ള വിളക്കുകൾക്ക് ഭഗവാന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കും. ഈ വിളക്കുകൾക്കെല്ലാം അകമ്പടിയായി പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരം എന്നിവയോടുകൂടിയ വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. ദശമിനാളിൽ രാവിലെ നടതുറന്നുകഴിഞ്ഞാൽ ഏകാദശി കഴിഞ്ഞുവരുന്ന ദ്വാദശിനാളിൽ രാവിലെ ഒമ്പതുമണി വരെ പൂജകൾക്കും ദീപാരാധനയ്ക്കുമല്ലാതെ നടയടയ്ക്കില്ല.

ഏകാദശിനാളിലെ പരിപാടികൾ

[തിരുത്തുക]

ഏകാദശിനാളിലെ നിർമ്മാല്യദർശനം അതിവിശേഷകരമായി കണക്കാക്കപ്പെടുന്നു. അന്നേദിവസത്തെ ചുറ്റുവിളക്കും ഉദയാസ്തമനപൂജയും ദേവസ്വം വകയാണ്. മുമ്പ് കുന്നംകുളത്തിനടുത്തുള്ള ചിറളയം കോവിലകം വകയായിരുന്നു ചുറ്റുവിളക്കും ഉദയാസ്തമനപൂജയും. 1972-ലാണ് ഇവ ദേവസ്വം ഏറ്റെടുത്തത്. രാവിലെ ഏഴുമണിമുതൽ ക്ഷേത്രം കൂത്തമ്പലത്തിൽ ഗീതാപാരായണമുണ്ടാകും. ഏകാദശീവ്രതം നോൽക്കുന്ന ഭക്തർ ആഹാരമേ കഴിയ്ക്കരുതെന്നാണ് ചിട്ടയെങ്കിലും ശാരീരികസ്ഥിതി അനുകൂലമല്ലാത്തവർ അരിയാഹാരം മാത്രമേ ഒഴിവാക്കാറുള്ളൂ. എന്നാൽ ഗുരുവായൂരപ്പന് അന്നും നിവേദ്യങ്ങൾ സാധാരണപോലെത്തന്നെയാണ്. ഏകാദശിനാളിൽ ഗുരുവായൂരിലെത്തുന്ന ഭക്തർക്കായി വിശേഷാൽ പ്രസാദ ഊട്ടുണ്ടാകാറുണ്ട്. ഗോതമ്പുചോറ്, കാളൻ, ഗോതമ്പുപായസം എന്നിവയാണ് ഏകാദശി ഊട്ടിനുള്ള വിഭവങ്ങൾ. രാവിലത്തെ കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്.

ദ്വാദശിപ്പണം സമർപ്പണവും ത്രയോദശി ഊട്ടും

[തിരുത്തുക]

ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) ദ്വാദശിപ്പണം സമർപ്പിയ്ക്കൽ എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം (ത്രയോദശി നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിയ്ക്കുന്നു.

ചെമ്പൈ സംഗീതോത്സവം

[തിരുത്തുക]

കർണാടക സംഗീതചക്രവർത്തിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ പേരിൽ എല്ലാ വർഷവും ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു വിശേഷാൽ സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. തന്റെ ജീവിതകാലത്ത് എല്ലാവർഷവും ഏകാദശിനാളിൽ കച്ചേരി നടത്തിവന്നിരുന്ന അദ്ദേഹത്തിന്റെ അന്ത്യത്തെത്തുടർന്ന് 1974-ലെ ഏകാദശിയോടനുബന്ധിച്ചാണ് ഈ പരിപാടി ആരംഭിച്ചത്. ആദ്യം ഒരുദിവസം മാത്രമായിരുന്ന ഈ പരിപാടി, പിന്നീട് മൂന്നും അതിനുശേഷം അഞ്ചും ഏഴും പത്തും പതിമൂന്നും ഒടുവിൽ പതിനഞ്ചും ദിവസങ്ങളായി ഉയർത്തി. പ്രഗല്ഭരും അപ്രഗല്ഭരുമായ നിരവധി കലാകാരന്മാരും കലാകാരികളും ഈയവസരത്തിൽ തങ്ങളുടെ സിദ്ധികൾ പ്രകടിപ്പിയ്ക്കാനായി ഗുരുവായൂരിൽ വരാറുണ്ട്. ഹിന്ദുക്കൾക്ക് മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ അവകാശമുള്ളൂ. ആദ്യദിവസങ്ങളിൽ രാത്രിയാണ് പ്രഗല്ഭരുടെ സംഗീതപരിപാടികൾ നടത്തിവരുന്നതെങ്കിൽ അവസാനമാകുമ്പോഴേയ്ക്കും ദിവസം മുഴുവൻ പ്രഗല്ഭരുടെ പരിപാടികളാകും. ദശമിനാളിൽ നടത്തപ്പെടുന്ന പഞ്ചരത്നകീർത്തനാലാപനമാണ് സംഗീതോത്സവത്തിലെ പ്രധാന പരിപാടി. കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിലൊരാളായ ത്യാഗരാജ സ്വാമികൾ ചിട്ടപ്പെടുത്തിയ പഞ്ചരത്നകീർത്തനങ്ങളും അവയോടനുബന്ധിച്ചുള്ള ഗണപതിസ്തുതിയും പ്രശസ്തരായ കർണാടക സംഗീതജ്ഞർ ഒന്നിച്ച് ആലപിയ്ക്കുന്നതാണ് ചടങ്ങ്. അകമ്പടിയായി വയലിൻ, വീണ, പുല്ലാങ്കുഴൽ, മൃദംഗം, ഘടം, ഗഞ്ചിറ, മുഖർശംഖ് തുടങ്ങിയ വാദ്യങ്ങളുമുണ്ടാകും. ഏകാദശിനാളിൽ രാത്രി ചെമ്പൈയുടെ ശിഷ്യരും ഉപശിഷ്യരുമായ ഗായകർ ഒരുമിച്ച് ചെമ്പൈയുടെ ഇഷ്ടകീർത്തനങ്ങൾ ആലപിച്ച് മധ്യമാവതി രാഗത്തിൽ മംഗളം പാടി അവസാനിപ്പിയ്ക്കുന്നതോടെ സംഗീതോത്സവം സമാപിയ്ക്കുന്നു.

ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം

[തിരുത്തുക]

കേരളത്തിലെ ഏറ്റവും പേരുകേട്ട ഗജവീരന്മാരിലൊരാളായിരുന്ന ഗുരുവായൂർ കേശവൻ ചരിഞ്ഞത് 1976-ലെ ഗുരുവായൂർ ഏകാദശിനാളിൽ (ഡിസംബർ 2) പുലർച്ചെ മൂന്നുമണിയ്ക്കാണ്. തുടർന്നുവന്ന എല്ലാ വർഷവും ഏകാദശിയുടെ തലേദിവസമായ ദശമിനാളിൽ, ഗുരുവായൂർ ദേവസ്വം വകയായുള്ള എല്ലാ ആനകളും ചേർന്ന് കേശവന് പ്രണാമമർപ്പിയ്ക്കുന്ന ഒരു ചടങ്ങ് നടത്തിവരുന്നുണ്ട്. മറ്റൊരിടത്തും കാണാത്ത ഈ വിശേഷച്ചടങ്ങ് തുടങ്ങുന്നത് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള തിരുവെങ്കടാചലപതിക്ഷേത്രത്തിൽ നിന്നാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ നടത്തുന്ന ഈ യാത്രയിൽ ക്ഷേത്രത്തിലെ ഏറ്റവും മുതിർന്ന ആന കേശവന്റെയും രണ്ടാമത്തെ മുതിർന്ന ആന ഗുരുവായൂരപ്പന്റെയും ചിത്രങ്ങൾ വഹിയ്ക്കും. റെയിൽവേ ഗേറ്റ് മുറിച്ചുകടന്ന് പാർത്ഥസാരഥിക്ഷേത്രത്തിലെ സ്വീകരണവും പിന്നിട്ടാണ് ആനകൾ തെക്കേ നടയിൽ ശ്രീവത്സം റസ്റ്റ് ഹൗസിനുമുന്നിലുള്ള കേശവന്റെ പൂർണ്ണകായ പ്രതിമയ്ക്കുമുന്നിലെത്തുന്നത്. തുടർന്ന് മുതിർന്ന ആന കേശവന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. മറ്റുള്ള ആനകൾ അതിനനുസരിച്ചുള്ള പ്രണാമമർപ്പിയ്ക്കുന്നു. വളരെ വികാരനിർഭരമായ ഈ ചടങ്ങ് കാണാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്.

അഷ്ടമിരോഹിണി

[തിരുത്തുക]

ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണിയായി ആഘോഷിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഈ ദിവസം അതിവിശേഷമായി ആചരിച്ചുവരുന്നു. അവതാരകൃഷ്ണസങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ഗുരുവായൂർ ക്ഷേത്രത്തിലും അഷ്ടമിരോഹിണി വിശേഷമാണ്. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കാഴ്ചശീവേലിയും അവതാരസമയമായ അർദ്ധരാത്രിയിൽ വിളക്കെഴുന്നള്ളിപ്പുമുണ്ടാകും. അഷ്ടമിരോഹിണിനാളിലെ പ്രസാദ ഊട്ട് ഭഗവാന്റെ പിറന്നാൾ സദ്യയായി അറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അപ്പം വഴിപാട് വളരെ വിശേഷമാണ്.

അഷ്ടമിരോഹിണിനാളിൽ പുലർച്ചെ മൂന്നുമണിയ്ക്ക് ക്ഷേത്രനട തുറക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്ച നടത്തുന്നു. ആദ്യഘട്ടത്തിൽ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനായും പിന്നീട് ഇരുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന വെണ്ണക്കണ്ണനായും ഭഗവാനെ അലങ്കരിയ്ക്കുന്നു. രാവിലെ ഏഴുമണിയോടെ സ്വർണ്ണക്കോലത്തോടുകൂടിയ കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടത്തുന്നു. ഉത്സവക്കാലവും ഏകാദശിയുമല്ലാതെ ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം എഴുന്നള്ളിയ്ക്കുന്നത് അഷ്ടമിരോഹിണിയ്ക്ക് മാത്രമാണ്. പഞ്ചാരിമേളത്തോടുകൂടിയ കാഴ്ചശീവേലി അതിവിശേഷാൽ ചടങ്ങാണ്. രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം ഊട്ടുപുരയിലും പുറത്തുള്ള അന്നലക്ഷ്മി ഹാളിലും പിറന്നാൾ സദ്യ തുടങ്ങും. വിഭവസമൃദ്ധമായ പിറന്നാൾ സദ്യ കഴിയ്ക്കാൻ നിരവധി ഭക്തരാണ് ഗുരുവായൂരിലെത്തുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണി വരെ സദ്യ തുടരും.

മൂന്നുമണിയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ കാഴ്ചശീവേലി. രാവിലത്തെ കാഴ്ചശീവേലിയ്ക്കുള്ള അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. വൈകീട്ട് അടുത്തുള്ള നെന്മിനി ക്ഷേത്രത്തിൽ നിന്ന് ബലരാമന്റെ എഴുന്നള്ളത്തുമുണ്ട്. തന്റെ അനുജനായ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പങ്കെടുക്കാനാണ് ബലരാമന്റെ എഴുന്നള്ളത്ത് എന്നാണ് സങ്കല്പം. അത്താഴപ്പൂജയ്ക്ക് വിശേഷാൽ അപ്പം വഴിപാട് നടത്തും. ഒരു ലക്ഷത്തിനടുത്ത് അപ്പങ്ങളാണ് അഷ്ടമിരോഹിണിനാളിൽ ഭഗവാന് നേദിയ്ക്കുന്നത്. ഇവ കൂടാതെ ഏകദേശം അഞ്ഞൂറുലിറ്റർ പാൽപ്പായസവും നേദിയ്ക്കുന്നുണ്ടാകും. രാത്രി പത്തുമണിയോടെ വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. ശ്രീകൃഷ്ണഭഗവാന്റെ അവതാരത്തോടനുബന്ധിച്ച് നടത്തുന്നതാണ് വിളക്കെഴുന്നള്ളിപ്പ്. അഞ്ചു പ്രദക്ഷിണങ്ങളാണ് വിളക്കെഴുന്നള്ളിപ്പിനുണ്ടാകുക. ആദ്യത്തെ രണ്ടിനും സാധാരണ വാദ്യോപകരണങ്ങളും മൂന്നാമത്തെ പ്രദക്ഷിണത്തിന് പഞ്ചവാദ്യവും നാലാമത്തേതിന് ഇടയ്ക്കയും നാദസ്വരവും അഞ്ചാമത്തേതിന് പഞ്ചാരിമേളവുമാണ് അകമ്പടിയുണ്ടാകുക. അഷ്ടമിരോഹിണിനാളിൽ രാത്രി ക്ഷേത്രനട അടയ്ക്കില്ല.

ഭാഗവതസപ്താഹം, അവതാരം കളി, ശോഭായാത്ര

[തിരുത്തുക]

അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വിശേഷാൽ ഭാഗവതസപ്താഹം നടത്തിവരുന്നുണ്ട്. ഭാഗവതത്തിലെ കൃഷ്ണാവതരഭാഗം അഷ്ടമിരോഹിണിദിവസം വരുന്ന രീതിയിലാണ് ഇത് നടത്തിവരുന്നത്. സപ്താഹത്തിന്റെ മൂന്നാം ദിവസമാണ് അഷ്ടമിരോഹിണി വരുന്നത്. അഷ്ടമിരോഹിണിനാളിൽ രാവിലെ എട്ടുമണിയോടെയാണ് കൃഷ്ണാവതാരപാരായണം നടത്തുന്നത്. പ്രഗല്ഭരായ എല്ലാ ഭാഗവതാചാര്യന്മാരും ഈ പരിപാടി അവതരിപ്പിച്ചുവരുന്നുണ്ട്. രാത്രി പതിനൊന്നുമണിയ്ക്ക് കൃഷ്ണനാട്ടത്തിലെ അവതാരം കളിയുമുണ്ടാകും. പുതിയ കലാകാരന്മാരും കലാകാരിമാരും പരിശീലനത്തിലായതിനാൽ പഴയ കലാകാരന്മാരും കലാകാരിമാരുമാണ് കൃഷ്ണനാട്ടം നടത്തുന്നത്. ഗുരുവായൂരിലെ വിവിധ സംഘടനകളും ഈ ദിവസം പരിപാടികൾ അവതരിപ്പിയ്ക്കാറുണ്ട്. ഗുരുവായൂർ നായർ സമാജം നടത്തുന്ന ഉറിയടിയും ബാലഗോകുലം നടത്തുന്ന ശോഭായാത്രയുമാണ് അവയിൽ വിശേഷം. രാവിലെ ഒമ്പതുമണിയ്ക്ക് മമ്മിയൂർ ക്ഷേത്രത്തിൽ നിന്നാണ് നായർ സമാജം നടത്തുന്ന കലാപരിപാടികൾ തുടങ്ങുന്നത്. വിവിധ നൃത്തകലാകാരിമാർ പങ്കെടുക്കുന്ന ഗോപികാനൃത്തവും താലപ്പൊലിയോടെയുള്ള ജീവത എഴുന്നള്ളിപ്പുമെല്ലാം ഇതിന് അകമ്പടിയായി ഉണ്ടാകാറുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ വച്ചാണ് ഉറിയടി മത്സരം നടക്കുന്നത്. വൈകീട്ട് ബാലഗോകുലം നടത്തുന്ന ശോഭായാത്ര മമ്മിയൂർ, തിരുവെങ്കടം, പെരുന്തട്ട ക്ഷേത്രങ്ങളിൽ നിന്നായി വീതിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശ്രീകൃഷ്ണനായും രാധയായും കുചേലനായും വേഷം കെട്ടിയ നിരവധി കുട്ടികൾ ഒത്തുചേർന്ന് ഗുരുവായൂരിനെ അമ്പാടിയാക്കുന്ന കാഴ്ച മനോഹരമാണ്. ഇതിനോടനുബന്ധിച്ച് വിവിധ പുരാണദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫ്ലോട്ടുകളും ശ്രീകൃഷ്ണരഥവും പഞ്ചവാദ്യവുമെല്ലാമുണ്ടാകും. ക്ഷേത്രത്തിന് കിഴക്കുള്ള മഞ്ജുളാൽത്തറയിൽ വച്ച് ഇവ മൂന്നും കൂടിച്ചേർന്ന ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നത്. തുടർന്നുനടത്തുന്ന ഘോഷയാത്ര ഏറ്റവും മനോഹരമായ കാഴ്ചയാണ്. രാത്രി ഏറെ വൈകുവോളം ഇത്തരം പരിപാടികൾ തുടരും. ഇതുകാണാൻ നിരവധി പേർ ഉറക്കമൊഴിച്ച് എത്താറുണ്ട്.

മേടമാസം ഒന്നാം തീയതിയാണ് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പുതുവർഷദിനമായ വിഷു. പണ്ടുകാലത്ത് മലയാളികളുടെ വിളവിറക്കൽ ഉത്സവമായിരുന്ന വിഷു, ഇപ്പോൾ കാലമേറെ കഴിഞ്ഞിട്ടും വലിയൊരു ആഘോഷമായിത്തുടരുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ കണി കണ്ടും പടക്കം പൊട്ടിച്ചും വിഷുദിനം ആഘോഷമാക്കുന്നു. പകലും രാത്രിയും തുല്യമായി വരുന്ന ദിവസമായ ഈ ദിനത്തിൽ സൂര്യൻ നേരെ കിഴക്കുഭാഗത്ത് ഉദിയ്ക്കുന്നു. ഇങ്ങനെ ഉദിച്ചുവരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ ഭഗവാന്റെ പാദങ്ങളിൽ പതിയ്ക്കുന്ന രീതിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളതുതന്നെ. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു വളരെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ്. അന്നേ ദിവസം ഭഗവാനെ കണികാണുന്നത് അതിവിശേഷമായ ചടങ്ങായി കണക്കാക്കിവരുന്നു. നിരവധി ഭക്തരാണ് ഇതിനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയിട്ടുണ്ടാകുക.

എല്ലാദിവസവും പുലർച്ചെ മൂന്നുമണിയ്ക്ക് തുറക്കുന്ന നട, ഈ ദിവസം രണ്ടരയ്ക്കുതന്നെ തുറക്കും. അതിനുമുന്നോടിയായി തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിക്കാരും ഉണർന്ന് രുദ്രതീർത്ഥത്തിൽ കുളിച്ചുവന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. [13] നമസ്കാരമണ്ഡപത്തിൽ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തായാണ് കണിയൊരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേൽ ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എഴുന്നള്ളിച്ചുകൊണ്ടുവന്നുവയ്ക്കുന്നു. അതിനുമുന്നിലായി ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. ഉരുളിയിൽ അക്ഷതം (ഉണങ്ങലരിയും നെല്ലും ചേർന്നുള്ള ഒരു മിശ്രിതം) വിതറി, അതിനുമുന്നിൽ അലക്കിയ മുണ്ട് (കോടിവസ്ത്രം), ഗ്രന്ഥം, വാൽക്കണ്ണാടി, കണ്ണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടുമുറി നാളികേരത്തിൽ നെയ്യ് ചേർത്തത് എന്നിവ ഒരുക്കിയിട്ടുണ്ടാകും. ഇതിനുശേഷം മേൽശാന്തിയും കീഴ്ശാന്തിമാരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകൾ കൊളുത്തിവയ്ക്കും. തുടർന്ന് രണ്ടര മണിയോടെ നടതുറന്ന് മേൽശാന്തി ആദ്യം ഭഗവാനെ കണികാണിയ്ക്കും. തുടർന്നാണ് ഭക്തർക്ക് കണിദർശനം. കണ്ണടച്ചും കണ്ണുകെട്ടിയുമിരിയ്ക്കുന്ന ഭക്തർ ശ്രീകോവിലിനകത്തേയ്ക്ക് ചെല്ലുകയും ശ്രീകോവിലിന് മുന്നിൽ വച്ച് കണ്ണുതുറന്ന് കണികാണുകയും ചെയ്യുന്നു. തുടർന്ന് കുളിച്ചുവന്ന് നാലമ്പലത്തിനകത്ത് തിരിച്ചുകടന്ന് ഗണപതിയെയും സുബ്രഹ്മണ്യനെയും ഹനുമാനെയും തൊഴുത് ആദ്യം ശ്രീകോവിലിന് മുന്നിലെത്തുന്ന ഭക്തർക്ക് മേൽശാന്തിയിൽ നിന്ന് വിഷുക്കൈനീട്ടം കിട്ടും. അതിനുശേഷം പുറത്തുകടന്ന് ഭഗവതിയെയും ശിവനെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടക്കുന്നതോടെ കണിദർശനം പൂർത്തിയാകും.[13]

മറ്റുദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുരുവായൂരിൽ വിഷുത്തലേന്ന് ഭക്തർക്ക് ക്ഷേത്രമതിലകത്ത് വിരിവയ്ക്കാനുള്ള അവകാശമുണ്ട്. പിറ്റേന്ന് കണികാണേണ്ടതുകൊണ്ടാണ് ഈ സൗകര്യം ഒരുക്കുന്നത്. ഗുരുവായൂരിലെ വിഷുക്കണി ദർശനവും മേൽശാന്തിയിൽ നിന്ന് വാങ്ങുന്ന വിഷുക്കൈനീട്ടവും ഭക്തർ അതിവിശേഷമായി കരുതുന്നു. വിഷുദിവസം ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ വിഭവസമൃദ്ധമായ വിഷുസദ്യയുമുണ്ട്.

കേരളത്തിന്റെ ദേശീയോത്സവമാണ് ചിങ്ങമാസത്തിലെ ഓണം. കൃഷി നിറഞ്ഞുനിന്നിരുന്ന കാലത്ത് കേരളത്തിലെ വിളവെടുപ്പുത്സവമായിരുന്നു ഓണം. ഇന്നും മലയാളിമനസ്സുകളിൽ ഗൃഹാതുരത നിറയുന്ന ഒരു അവസരമാണ് ഓണം. വിവിധ കലാപരിപാടികളോടുകൂടി ഓണം ഇന്നും ആഘോഷിച്ചുവരുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമായ വാമനനുമായി ബന്ധപ്പെട്ട് ഓണത്തിനുള്ള ഐതിഹ്യം അതിപ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രവും ദ്വാദശിതിഥിയും കൂടിയ ദിവസമാണ് വാമനാവതാരം നടന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യപ്രകാരം അസുരചക്രവർത്തിയായ മഹാബലിയുടെ ദുർമ്മദമടക്കാൻ അവതരിച്ച വാമനൻ, ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളക്കുകയും മൂന്നാമത്തെ അടി വയ്ക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ മഹാബലി സ്വന്തം ശിരസ്സ് കാട്ടിക്കൊടുക്കുകയും വാമനൻ അദ്ദേഹത്തെ അനുഗ്രഹിച്ച് സുതലം എന്ന ലോകത്തേയ്ക്ക് അയയ്ക്കുകയും ചെയ്തശേഷം എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണത്തിന് തന്റെ പ്രജകളെ കാണാൻ അദ്ദേഹത്തിന് അനുവാദം കൊടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ തൃക്കാക്കര എന്ന സ്ഥലത്തായിരുന്നു മഹാബലിയുടെ രാജധാനിയെന്നും വാമനമൂർത്തിയായ ഭഗവാന്റെ കാൽ വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ആ പേരു വന്നതെന്നും കഥയുണ്ട്. തൃക്കാക്കരയിലെ പ്രസിദ്ധമായ വാമനമൂർത്തിക്ഷേത്രത്തിൽ ഓണാഘോഷം ഭംഗിയായി നടന്നുവരുന്നു. അത്രയൊന്നുമില്ലെങ്കിലും ഗുരുവായൂരിലും ഓണം പ്രധാനമാണ്. ഓണാഘോഷങ്ങളുടെ ആരംഭദിനമായ അത്തം മുതൽ പത്തുദിവസവും ക്ഷേത്രനടയിൽ പൂക്കളങ്ങളിടും. ഓരോ ദിവസവും വ്യത്യസ്ത രൂപങ്ങളിലാണ് പൂക്കളം. ഇവയിൽ വിവിധ ദേവതാരൂപങ്ങൾ വരച്ചുണ്ടാക്കിയിട്ടുണ്ടാകും. ഇതിനുള്ള പൂക്കളെല്ലാം ക്ഷേത്രപരിസരത്തെ പൂക്കടകളിൽ നിന്നാണ് ലഭിയ്ക്കുന്നത്.

ഓണത്തിന്റെ അവസാനദിവസങ്ങളായ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഓണസദ്യയുണ്ടാകും. ഇതിനായി നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. എന്നാൽ ഉത്രാടദിനത്തിലെ പ്രധാന ചടങ്ങ് കാഴ്ചക്കുല സമർപ്പണമാണ്. മേൽശാന്തിയും ദേവസ്വം പ്രതിനിധികളും ഭക്തരും മൂത്തുവിളഞ്ഞ പഴക്കുലകൾ ഭഗവാന് സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ആദ്യകാലത്ത് ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവർ മാത്രം നടത്തിയിരുന്ന ഈ ചടങ്ങ് പാട്ടവക നിർത്തിയതോടെയാണ് ഭക്തരുടെ വകയായത്. കൊടിമരച്ചവട്ടിലാണ് കാഴ്ചക്കുലകൾ സമർപ്പിയ്ക്കുന്നത്. സമർപ്പണത്തിനു മുന്നോടിയായി കൊടിമരച്ചുവട്ടിലെ തറയിൽ അരിമാവുകൊണ്ട് കോലം വരച്ചശേഷം അതിനുമുകളിൽ നാക്കില വച്ചശേഷം സമീപത്ത് നിലവിളക്ക് കൊളുത്തി ഗണപതിയ്ക്ക് വയ്ക്കുന്നു. തുടർന്ന് മേൽശാന്തി ആദ്യത്തെ കാഴ്ചക്കുല സമർപ്പിയ്ക്കുന്നു. പിന്നീട് ദേവസ്വം ചെയർമാൻ, അഡ്മിനിസ്ട്രേറ്റർ, അംഗങ്ങൾ തുടങ്ങിയവർ ഓരോരുത്തരായി സമർപ്പിച്ചുപോരുന്നു. അവസാനമാണ് ഭക്തരുടെ സമർപ്പണം. ഭക്തർ ഓരോരുത്തരായി സമർപ്പിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രിയാകും. അത്രയധികം കുലകളാണ് സമർപ്പിച്ചുപോരുന്നത്.

തിരുവോണം നാളിൽ ഭഗവാനെ വാമനമൂർത്തിയായി അലങ്കരിയ്ക്കുന്നു. മഹാബലിയുടെ ശിരസ്സിൽ പാദം വയ്ക്കുന്ന ത്രിവിക്രമന്റെ രൂപത്തിലാണ് വാമനാലങ്കാരം. അന്നത്തെ പ്രധാന ചടങ്ങുകൾ ഓണപ്പുടവ സമർപ്പണവും നമസ്കാരസദ്യയുമാണ്. പുലർച്ചെ നടതുറക്കുമ്പോൾ തന്നെ ഭഗവാന് ഓണപ്പുടവ സമർപ്പിയ്ക്കാൻ ഭക്തജനങ്ങളുടെ ഒരു നീണ്ട നിരതന്നെ വന്നിട്ടുണ്ടാകും. ക്ഷേത്രം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരി തന്നെ ആദ്യത്തെ ഓണപ്പുടവ സമർപ്പിയ്ക്കും. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തർ ഓരോരുത്തരുമായി സമർപ്പിയ്ക്കുന്നു. രാത്രിയാകുവോളം ഓണപ്പുടവ സമർപ്പണം നടന്നുവരും. ഉച്ചയ്ക്കാണ് ദേവസ്വം വക ഓണസദ്യ വിളമ്പുന്നത്. ഇതിൽ പങ്കെടുക്കാനും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നു. ചോറ്, സാമ്പാർ, അവിയൽ, കാളൻ, ഓലൻ, പപ്പടം, നാലുതരം പായസങ്ങൾ തുടങ്ങിവയാണ് സദ്യയ്ക്ക് വിളമ്പുന്നത്. ക്ഷേത്രം ഊട്ടുപുരയിലും തെക്കേ നടയിലെ പ്രത്യേകം പന്തലിലും പടിഞ്ഞാറേ നടയിലെ അന്നലക്ഷ്മി ഹാളിലുമായാണ് സദ്യ നടത്തപ്പെടുന്നത്. അന്ന് മൂന്നുനേരവും ഭഗവാന് പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിശേഷാൽ കാഴ്ചശീവേലികളുണ്ടാകും. അന്നത്തെ ചുറ്റുവിളക്ക് തിരുവോണവിളക്ക് എന്നറിയപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിന് ഭഗവാന്റെ സ്വർണ്ണക്കോലം ഉപയോഗിയ്ക്കുന്നു. ഇവയെല്ലാം തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായിരിയ്ക്കും.

മേടമാസത്തിലെ അമാവാസി മുതലുള്ള ഒരുമാസക്കാലമാണ് വൈശാഖമാസം എന്നറിയപ്പെടുന്നത്. രാജ്യമൊട്ടുക്കും ആചരിച്ചുവരുന്ന ചാന്ദ്രകലണ്ടറിലെ രണ്ടാമത്തെ മാസമാണിത്. മഹാവിഷ്ണുഭജനത്തിനും ഭാഗവതപാരായണത്തിനും ഉത്തമമായി ഈ മാസം കണക്കാക്കപ്പെടുന്നതിനാൽ മാധവമാസം എന്നും ഈ മാസം അറിയപ്പെടുന്നു. കേരളീയ ക്ഷേത്രങ്ങളിൽ ഭാഗവതസപ്താഹങ്ങളും മറ്റും നടക്കുന്ന സമയമാണിത്. ഗുരുവായൂർ ക്ഷേത്രത്തിലും ഈ സമയം അതിവിശേഷമാണ്. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിലൊന്നാണ് വൈശാഖപുണ്യകാലം. ഈ ദിവസങ്ങളിൽ മുഴുവൻ ക്ഷേത്രത്തിൽ ഭാഗവതപാരായണമുണ്ടാകും. 29 ദിവസം നീണ്ടുനിൽക്കുന്ന വൈശാഖമാസക്കാലത്തെ നാല് സപ്താഹങ്ങളാക്കി തിരിച്ചാണ് ഭാഗവതപാരായണം നടക്കുന്നത്. പ്രഗല്ഭരായ നിരവധി ഭാഗവതാചാര്യന്മാർ ഈ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ക്ഷേത്രം വക അദ്ധ്യാത്മിക ഹാളിലാണ് സപ്താഹം മുഴുവൻ നടക്കുന്നത്.

അക്ഷയതൃതീയ

[തിരുത്തുക]

വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ ദിവസമാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. ഹൈന്ദവവിശ്വാസപ്രകാരം ഏറ്റവും പുണ്യം നിറഞ്ഞ ദിവസങ്ങളിലൊന്നാണിത്. ഈ ദിലസം ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിയ്ക്കില്ലെന്നാണ് വിശ്വാസം.'അക്ഷയതൃതീയ' എന്ന പേരുതന്നെ ഈ വിശ്വാസത്തിന് ഉപോദ്ബലകമാണ്. ചതുർയുഗങ്ങളിൽ ആദ്യത്തേതായ സത്യയുഗം (കൃതയുഗം) തുടങ്ങിയത് അക്ഷയതൃതീയനാളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ യുധിഷ്ഠിരന്ന് സൂര്യഭഗവാൻ അക്ഷയപാത്രം നൽകിയ ദിവസമായും ഭഗീരഥന്റെ തപസ്സിൽ സംപ്രീതയായി ഗംഗാനദി ഭൂമിയിലേയ്ക്ക് ഒഴുകിവന്ന ദിവസമായും ഉപനയനത്തോടനുബന്ധിച്ച് ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തിൽ ഭിക്ഷ യാചിയ്ക്കാൻ ചെന്ന ശങ്കരാചാര്യർ അവിടത്തെ അന്തർജനത്തിന്റെ നന്മയ്ക്കായി കനകധാരാ സ്തോത്രം ചൊല്ലിയ ദിവസമായുമെല്ലാം ഈ ദിവസം അറിയപ്പെടുന്നു. സൂര്യചന്ദ്രന്മാർ ജ്യോതിഷപ്രകാരം ഉച്ചത്തിലെത്തുന്ന ഈ ദിവസം തന്നെയാണ് ബലരാമജയന്തിയായും ആചരിച്ചുവരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ അക്ഷയതൃതീയ വൻ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാവിലെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രി കഴക്കാരുടെ വക വിശേഷാൽ ചുറ്റുവിളക്കുമുണ്ടാകും. അന്നേദിവസം ക്ഷേത്രത്തിൽ പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകളുടെ വിതരണമുണ്ടാകും. ഇവ വാങ്ങാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലുണ്ടാകാറുള്ളത്. ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും ഈ ദിവസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിയ്ക്കപ്പെടുന്നു. ബലരാമജയന്തി എന്ന സങ്കല്പത്തിലാണ് അവിടെയും ആഘോഷം. അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന അതേ ചടങ്ങുകളാണ് അക്ഷയതൃതീയനാളിൽ നെന്മിനി ക്ഷേത്രത്തിലും നടക്കുന്നത്. അന്നത്തെ പ്രസാദ ഊട്ടിന് പിറനാൾ സദ്യയാണ് വിളമ്പുന്നത്. അന്നേദിവസം വൈകീട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടി ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പുമുണ്ടാകും. ജ്യേഷ്ഠനായ ബലരാമന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാൻ എഴുന്നള്ളുന്നു എന്നാണ് സങ്കല്പം. അന്ന് രാത്രി വരെ വിശേഷാൽ പൂജകൾ ക്ഷേത്രത്തിലുണ്ടാകും.

മറ്റുള്ള വിശേഷങ്ങൾ

[തിരുത്തുക]

വൈശാഖമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർദ്ദശി നരസിംഹജയന്തിയായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിൽ അന്ന് വിശേഷാൽ പൂജകളൊന്നുമുണ്ടാകാറില്ലെങ്കിലും ഭാഗവതത്തിലെ നരസിംഹാവതാരഭാഗം വായിയ്ക്കുന്നത് വിശേഷമാണ്. വൈശാഖപുണ്യകാലത്തുതന്നെയാണ് ശങ്കരാചാര്യജയന്തിയും ബുദ്ധപൂർണ്ണിമയുമെല്ലാം വരുന്നത്. ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിൽ ശങ്കരാചാര്യജയന്തി വിശേഷമായി ആചരിച്ചുവരുന്നു. ഇടവമാസത്തിലെ അമാവാസിനാളിലാണ് വൈശാഖമാസം സമാപിയ്ക്കുന്നത്.

മണ്ഡലകാലം

[തിരുത്തുക]

വൃശ്ചികമാസം ഒന്നാം തീയതി തുടങ്ങി ധനുമാസം പതിനൊന്നാം തീയതി വരെ നീണ്ടുനിൽക്കുന്ന 41 ദിവസങ്ങളാണ് മണ്ഡലകാലം എന്നറിയപ്പെടുന്നത്. ശബരിമല തീർത്ഥാടനകാലം കൂടിയായ ഈ കാലത്ത് കേരളീയ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കായിരിയ്ക്കും. ഭദ്രകാളിക്ഷേത്രങ്ങളിൽ കളമെഴുത്തും പാട്ടും നടക്കുന്നതും ഈ കാലത്താണ്. ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാലത്ത് വിപുലമായ ചടങ്ങുകളാണ് നടത്തിവരുന്നത്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. നിരവധി ശബരിമല തീർത്ഥാടകരാണ് മണ്ഡലകാലത്ത് ഗുരുവായൂരിലെത്തുന്നത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനുമെല്ലാം വിപുലമായ സൗകര്യങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ക്ഷേത്രമതിലകത്തുള്ള അയ്യപ്പന്റെ ശ്രീകോവിലിനുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഗുരുവായൂരപ്പസന്നിധിയിലെ കെട്ടുനിറ അതിവിശേഷമായി കണക്കാക്കപ്പെടുന്നു. മണ്ഡലകാലം തുടങ്ങുന്നതിനുമുന്നോടിയായി തുലാം 29, 30 ദിവസങ്ങളിൽ ക്ഷേത്രത്തിൽ മണ്ഡലശുദ്ധി പതിവുണ്ട്. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള ശുദ്ധിക്രിയയാണിത്. ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളിലൊന്നായ ഗുരുവായൂർ ഏകാദശി വരുന്നതും മണ്ഡലകാലത്താണ്. മണ്ഡലകാലത്ത് മൂന്നുനേരവും വിശേഷാൽ കാഴ്ചശീവേലികളും ചുറ്റുവിളക്കുകളും പതിവാണ്. അഞ്ച് ആനകളാണ് ഇത്തരം അവസരങ്ങളിൽ എഴുന്നള്ളുന്നത്. സാധാരണ ദിവസങ്ങളിലെ ശീവേലികൾക്കുള്ള വാദ്യങ്ങൾക്കൊപ്പം ഇടുതുടി, വീരാണം തുടങ്ങിയ വിശേഷവാദ്യങ്ങളും ഈ ദിവസങ്ങളിലെ ശീവേലികൾക്കുണ്ടാകും. ഇവയിൽ ഇടുതുടി കാഴ്ചയിൽ തബലയോടും വീരാണം മൃദംഗത്തോടും സാമ്യമുള്ള വാദ്യങ്ങളാണ്.

മണ്ഡലകാലം ഗുരുവായൂരപ്പന്നും വിശേഷപ്പെട്ടതാണ്. ഈ ദിവസങ്ങളിലാണ് ഭഗവാന് വേദമന്ത്രധാരയും പഞ്ചഗവ്യാഭിഷേകവും നടത്തുന്നത്. ഉഷഃശീവേലിയ്ക്കും പന്തീരടിപൂജയ്ക്കുമിടയിലാണ് ഋഗ്വേദമന്ത്രധാര നടത്തുന്നത്. ക്ഷേത്രക്കിണറ്റിൽ നിന്നെടുക്കുന്ന ജലം കൊണ്ടാണ് അഭിഷേകം. ശിവക്ഷേത്രങ്ങളിൽ ശിവലിംഗത്തിൽ ധാര നടത്തുമ്പോൾ ഉപയോഗിയ്ക്കുന്നതുപോലൊരു വെള്ളിപ്പാത്രത്തിൽ ദർഭപ്പുല്ല് സൂക്ഷിച്ചശേഷം അതിൽ വെള്ളം നിറച്ച് വിഗ്രഹത്തിൽ വെള്ളം തുള്ളിയായി വീഴ്ത്തുന്നതാണ് ഈ ചടങ്ങ്. ഈ സമയത്ത് ക്ഷേത്രം ഓതിയ്ക്കന്മാർ കൂട്ടംകൂടിയിരുന്ന് വേദമന്ത്രങ്ങൾ ചൊല്ലും. മണ്ഡലകാലത്ത് ഇതിനുശേഷമേ നവകാഭിഷേകം പതിവുള്ളൂ. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. പാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ നിശ്ചിത അളവിൽ കൂട്ടിച്ചേർത്തുണ്ടാക്കുന്ന ഒരു മിശ്രിതമാണ് പഞ്ചഗവ്യം. ഗോവിൽ (പശു) നിന്നെടുക്കുന്ന അഞ്ച് വസ്തുക്കൾ എന്നാണ് പഞ്ചഗവ്യം എന്ന വാക്കിന്റെ അർത്ഥം. ഉച്ചപ്പൂജയ്ക്കുമുമ്പാണ് പഞ്ചഗവ്യാഭിഷേകം നടത്തുന്നത്. ഔഷധവീര്യം കൂടിയ ശിലയിൽ തീർത്ത വിഗ്രഹത്തിൽ ഔഷധവീര്യമുള്ള ദർഭപ്പുല്ലിലൂടെ ഒഴുകിയെത്തുന്ന തീർത്ഥജലവും പഞ്ചഗവ്യവും സർവ്വരോഗനിവാരകമാണെന്ന് വിശ്വസിച്ചുവരുന്നു. 40 ദിവസം നീണ്ടുനിൽക്കുന്ന പഞ്ചഗവ്യാഭിഷേകത്തിനൊടുവിൽ മണ്ഡലകാലാവസാനദിവസമായ ധനു പതിനൊന്നിന് ഉച്ചപ്പൂജയോടനുബന്ധിച്ച് ഭഗവാന് വിശേഷാൽ കളഭാഭിഷേകം നടത്തുന്നു. ക്ഷേത്രത്തിൽ നിത്യേന ഭഗവാന് കളഭം ചാർത്താറുണ്ടെങ്കിലും കളഭം അഭിഷേകം ചെയ്യുന്നത് ധനു പതിന്നൊന്നിന് മാത്രമാണ്. കോഴിക്കോട് സാമൂതിരിയുടെ വകയാണ് കളഭാഭിഷേകം. മറ്റുദിവസങ്ങളിലെ കളഭച്ചാർത്തിന് ഉപയോഗിയ്ക്കുന്ന കശ്മീർ കുങ്കുമപ്പൂവ്, മൈസൂർ ചന്ദനം, പച്ചക്കർപ്പൂരം എന്നിവ സാധാരണയിലും ഇരട്ടി അളവിൽ ചേർത്താണ് അഭിഷേകത്തിനുള്ള കളഭം തയ്യാറാക്കുന്നത്. കീഴ്ശാന്തിമാർ തയ്യാറാക്കുന്ന കളഭം, തുടർന്ന് ഒരു സ്വർണ്ണക്കലശത്തിലേയ്ക്ക് പകർന്നശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിച്ചുകൊണ്ടുവരികയും തന്ത്രി ഏറ്റുവാങ്ങുകയും അതിൽ വിശേഷാൽ പൂജകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് തന്ത്രി കലശം ശ്രീകോവിലിലേയ്ക്ക് കൊണ്ടുപോകുകയും മന്ത്രപുരഃസരം വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയും ചെയ്യുന്നു. കളഭത്തിൽ മുങ്ങിനിൽക്കുന്ന ഭഗവാനെ തൊഴുത് ഭക്തർ മുക്തിയടയുന്നു. എന്തെങ്കിലും അശുദ്ധി സംഭവിച്ചില്ലെങ്കിൽ പിറ്റേന്നുള്ള നിർമ്മാല്യദർശനം വരെ ഭഗവാൻ കളഭത്തിൽ മുങ്ങിനിൽക്കും.

ഇടത്തരികത്തുകാവ് താലപ്പൊലികൾ

[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ പ്രധാന ആണ്ടുവിശേഷമാണ് ധനു, മകരം എന്നീ മാസങ്ങളിൽ ആഘോഷിയ്ക്കപ്പെടുന്ന രണ്ട് താലപ്പൊലികൾ. അവയിൽ ആദ്യത്തേത് പിള്ളേര് താലപ്പൊലി എന്നും രണ്ടാമത്തേത് ദേവസ്വം താലപ്പൊലി എന്നും അറിയപ്പെടുന്നു. ഇവ യഥാക്രമം ഗുരുവായൂർ ദേശത്തെ ഭക്തരും ദേവസ്വവും നടത്തിപ്പോരുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേരുകൾ വന്നുചേർന്നത്. ഗുരുവായൂർ ദേശം സാമൂതിരിയുടെ അധീനതയിലായിരുന്ന കാലത്തുതന്നെ ഇവ നടന്നുവന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രപരിസരത്ത് വെടിക്കെട്ട് നടക്കുന്നത് ഈ ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും ഉച്ചയ്ക്ക് പറയെടുപ്പും നടക്കുന്നു. നിരവധി ഭക്തരാണ് ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. പറയെടുപ്പുസമയത്ത് വെളിച്ചപ്പാട് പുറത്തുവന്ന് മഞ്ഞളിൽ ആറാടി പറകൾ സ്വീകരിയ്ക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. രാവിലെ വിശേഷാൽ കാഴ്ചശീവേലിയും ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടുകൂടിയ പുറത്തേയ്ക്കെഴുന്നള്ളിപ്പും ഭഗവതിയ്ക്കുണ്ടാകും. ഈ ചടങ്ങുകളിൽ ഭഗവതിയ്ക്കൊപ്പം ഭഗവാനും പങ്കെടുക്കും. തന്റെ സഹോദരിയായ ഭഗവതിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഭഗവാനും കൂടെ വരുന്നു എന്നാണ് സങ്കല്പം. തന്മൂലം ക്ഷേത്രനട പതിവിലും ഒരു മണിക്കൂർ നേരത്തേ (പതിനൊന്നരയ്ക്ക്) അടയ്ക്കുന്നു. പഞ്ചവാദ്യത്തോടുകൂടി പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവതി തിരിച്ചെഴുന്നുള്ളുന്നത് ചെണ്ടമേളത്തോടെയാണ്. പുറപ്പെടുന്ന സമയത്തെല്ലാം നിർത്താതെ കതിനവെടിയുണ്ടാകും. ഈ ചടങ്ങിനുശേഷമാണ് പറവെപ്പ് തുടങ്ങുന്നത്. നെല്ല്, അരി, അവിൽ, മലർ, ശർക്കര, പഴം, പൂക്കൾ, മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തരുടെ വഴിപാടായി 1001 പറകളിലായി നിറച്ചുവച്ചിട്ടുണ്ടാകും. ഈ പറകൾ സ്വീകരിയ്ക്കാനായി വെളിച്ചപ്പാട് വാളും ചിലമ്പുമേന്തി പുറത്തുവരും. തുടർന്ന് അവയിലുള്ള ദ്രവ്യങ്ങൾ മുഴുവൻ വാരിവിതറി പൂക്കൾ മുഴുവൻ ദേഹത്തണിഞ്ഞുവന്ന് വെളിച്ചപ്പാട് ഭക്തരെ അനുഗ്രഹിയ്ക്കും. അതിനുശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണവും അർദ്ധരാത്രി കളമെഴുത്തും പാട്ടും നടക്കുന്നതോടെ താലപ്പൊലി പൂർത്തിയാകും.

നവരാത്രി

[തിരുത്തുക]

ഭഗവതിയുടെ തന്നെ മറ്റൊരു ആണ്ടുവിശേഷമാണ് നവരാത്രി. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ (അമാവാസിയുടെ പിറ്റേദിവസം) മുതലുള്ള ഒമ്പതുദിവസമാണ് നവരാത്രിയായി ആചരിച്ചുവരുന്നത്. രാജ്യമെമ്പാടുമുള്ള എല്ലാ ദേവീസന്നിധികളിലും ഈ ദിവസങ്ങൾ അതിവിശേഷമായി ആചരിച്ചുവരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ നവരാത്രിനാളുകളിൽ ഭഗവതിയ്ക്ക് വിശേഷാൽ പൂജകളും വഴിപാടുകളും നടക്കാറുണ്ട്. ഒമ്പതുദിവസങ്ങളിലും വിശേഷാൽ അലങ്കാരം ദേവിയ്ക്കുണ്ടാകും. ഓരോന്നും ഭക്തരുടെ വഴിപാടായാണ് നടത്തിപ്പോരുന്നത്. ദുർഗ്ഗാഷ്ടമിദിവസം സന്ധ്യയ്ക്ക് പൂജവെപ്പ്. ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ നെറ്റിപ്പട്ടം, ആലവട്ടം, വെൺചാമരം തുടങ്ങിയവയും ഗുരുവായൂരപ്പന്റെയും സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങളും പീഠത്തിൽ ഒരുക്കിവച്ചശേഷം അവയ്ക്കുമുമ്പിൽ പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും മറ്റും പൂജയ്ക്കുവയ്ക്കുന്നു. ആദ്യകാലത്ത് ഗണപതിനടയ്ക്കുമുമ്പിലെ സരസ്വതി അറയിലാണ് പൂജവെപ്പ് നടത്തിയിരുന്നത്. പിന്നീട് സ്ഥലപരിമിതി കാരണം കൂത്തമ്പലത്തിലേയ്ക്ക് മാറ്റുകയായിരുന്നു. മഹാനവമിദിവസം മുഴുവൻ അടച്ചുപൂജ. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് പുസ്തകങ്ങളും സംഗീതോപകരണങ്ങളും ആയുധങ്ങളും തിരിച്ചുകൊടുക്കുന്നു. അന്നേദിവസം ആയിരക്കണക്കിന് കുരുന്നുകൾ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിയ്ക്കുന്നു. ക്ഷേത്രം കീഴ്ശാന്തിമാരാണ് വിദ്യാരംഭത്തിന് കാർമ്മികത്വം വഹിയ്ക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിനുശേഷം പുതിയ കൃഷ്ണനാട്ടം കലാകാരന്മാർ അരങ്ങേറ്റം കുറിയ്ക്കുന്നതും അന്നേദിവസം തന്നെയാണ്.

ഉപദേവതകളുടെ കലശം

[തിരുത്തുക]

ക്ഷേത്രത്തിലെ മറ്റൊരു ആണ്ടുവിശേഷമാണ് മിഥുനമാസത്തിൽ നടത്തിവരുന്ന ഉപദേവതകളുടെ കലശം. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് ഉത്സവക്കാലത്ത് കലശം നടത്താറില്ല. അതിനുപകരമാണ് മിഥുനമാസത്തിലെ കലശം. ഉത്സവക്കാലത്ത് സാധാരണയായി നടത്തിവരുന്ന കലശത്തിനുള്ള എല്ലാ ചടങ്ങുകളും ഇതിനും ഉണ്ടാകാറുണ്ട്. ആദ്യദിവസങ്ങളിൽ അയ്യപ്പന്നും, പിന്നീട് ഗണപതിയ്ക്കും, അവസാനം ഭഗവതിയ്ക്കുമാണ് കലശം നടത്തിവരുന്നത്.

നാരായണീയദിനം

[തിരുത്തുക]

മേല്പുത്തൂർ നാരായണഭട്ടതിരി നാരായണീയസ്തോത്രം രചിച്ച് ഭഗവാനുമുന്നിൽ സമർപ്പിച്ചത് കൊല്ലവർഷം 763 വൃശ്ചികം 28-നാണ്. അതിന്റെ സ്മരണയ്ക്കാണ് ഗുരുവായൂർ ദേവസ്വം നാരായണീയദിനം ആചരിച്ചുവരുന്നത്. നാരായണീയദിനത്തോടനുബന്ധിച്ച് ഏഴുദിവസം നാരായണീയസപ്താഹം നടത്തിവരുന്നു. ഭാഗവതസപ്താഹത്തിന്റെ അതേ മാതൃകയിലാണ് ഇതും നടത്തിവരുന്നത്. ക്ഷേത്രം അദ്ധ്യാത്മിക ഹാളിൽ വച്ചാണ് ഈ പരിപാടി നടത്തുന്നത്. ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന നാരായണീയ പണ്ഡിതന്മാർ ഈ ദിവസങ്ങളിൽ പരിപാടി അവതരിപ്പിച്ചുവരാറുണ്ട്.

പൂന്താനദിനം

[തിരുത്തുക]

ഭക്തകവിയായിരുന്ന പൂന്താനം നമ്പൂതിരിയുടെ ജന്മദിനമാണ് ഗുരുവായൂർ ദേവസ്വം പൂന്താനദിനമായി ആചരിച്ചുവരുന്നത്. കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം. കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും.. എന്നുതുടങ്ങുന്ന ജ്ഞാനപ്പാനയിലെ വരികളാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ മൂലഹേതു. അന്നേദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളില്ലെങ്കിലും ധാരാളം കലാപരിപാടികൾ നടത്തിവരാറുണ്ട്. ഈ ദിവസമാണ് ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകുന്നത്. ആത്മീയരംഗത്തെ പ്രമുഖ വ്യക്തികൾക്കാണ് സാധാരണയായി ഈ പുരസ്കാരം നൽകിവരാറുള്ളത്. എന്നാൽ, ഇതിന് വിപരീതമായും സംഭവിച്ചിട്ടുണ്ട്. മലപ്പുറം കീഴാറ്റൂരിലുള്ള പൂന്താനത്തിന്റെ ജന്മഗൃഹത്തിലും ഇതിനോടനുബന്ധിച്ച് പരിപാടികൾ നടക്കാറുണ്ട്.

കൃഷ്ണഗീതിദിനം

[തിരുത്തുക]

കോഴിക്കോട് സാമൂതിരിയും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന മാനവേദൻ രാജ, തന്റെ മഹാകാവ്യമായ കൃഷ്ണഗീതി ഭഗവാനുമുന്നിൽ സമർപ്പിച്ച തുലാം 30 ആണ് കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നത്.[14] ഇതിനോടനുബന്ധിച്ച് ഒരാഴ്ച്ച കൃഷ്ണഗീതി പാരായണം നടത്തിവരുന്നു.

ഗുരുവായൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങൾ

[തിരുത്തുക]

മമ്മിയൂർ മഹാദേവക്ഷേത്രം

[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രമാണ് ഗുരുവായൂരിനടുത്തുള്ള മമ്മിയൂരിൽ സ്ഥിതിചെയ്യുന്ന മമ്മിയൂർ മഹാദേവക്ഷേത്രം. പുരാതന കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കോഴിക്കോട്/പൊന്നാനി റൂട്ടിലാണ്. പാർവ്വതീസമേതനായ പരമശിവനാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. കൂടാതെ, തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവനാണ് ഇപ്പോൾ ഗുരുവായൂർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥാനത്ത് കുടികൊണ്ടിരുന്നത്. ബൃഹസ്പതിയ്ക്കും വായുദേവന്നും വിഷ്ണുപ്രതിഷ്ഠ നടത്താനായി ഭഗവാൻ തന്റെ വാസസ്ഥാനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും പ്രതിഷ്ഠാമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചശേഷം ഇപ്പോഴുള്ള ക്ഷേത്രത്തിൽ ശക്തിപഞ്ചാക്ഷരീധ്യാനത്തോടെ സ്വയംഭൂവായി അവതരിയ്ക്കുകയായിരുന്നുവെന്നുമാണ് ബാക്കി കഥ. അതിനാൽ, ഗുരുവായൂർ ദർശനം നടത്തുന്നവരെല്ലാവരും ഈ ക്ഷേത്രത്തിലും ദർശനം നടത്തണമെന്നും എന്നാലേ ഗുരുവായൂർ ദർശനം പൂർത്തിയാകൂ എന്നുമാണ് ചിട്ട. എന്നാൽ, അതിന് കഴിയാത്തവർ ഗുരുവായൂരിലെ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ ശ്രീകോവിലിന് വടക്കുകിഴക്കുഭാഗത്തെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതാലും മതി എന്നും പറയാറുണ്ട്. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, മൂന്നടിയോളം ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പാർവ്വതീദേവിയെ തന്റെ ഇടത്തേ തുടയിലിരുത്തി ദർശനം നൽകുന്ന മഹാദേവനായാണ് സങ്കല്പം. ദേവിയ്ക്ക് ഇവിടെ പ്രത്യേകം പ്രതിഷ്ഠയില്ല. എന്നാൽ, ഭഗവാന്റെ ശ്രീകോവിലിന് പുറകിൽത്തന്നെ ചുവർച്ചിത്രരൂപത്തിൽ ദേവിയ്ക്ക് സാന്നിദ്ധ്യം നൽകിയിട്ടുണ്ട്. മഹാവിഷ്ണുവിന്റെ ശ്രീകോവിൽ ശിവന്റെ ശ്രീകോവിലിന്റെ വടക്കുഭാഗത്താണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ സന്നിധികളുണ്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിദിവസം ആഘോഷിയ്ക്കുന്ന ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുകളും നടക്കും. ധനുമാസത്തിൽ തിരുവാതിരയും പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു. വിഷ്ണുസാന്നിദ്ധ്യമുള്ളതിനാൽ അഷ്ടമിരോഹിണിയും ക്ഷേത്രത്തിൽ വിശേഷമാണ്. നിത്യേന മൂന്നുപൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

[തിരുത്തുക]

കേരളത്തിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ ക്ഷേത്രം, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ വടക്ക്, തെക്ക് ഗ്രാമപഞ്ചായത്തുകളുടെ നടുക്കായി സ്ഥിതിചെയ്യുന്നു. തെക്കൻ കേരളത്തിലെ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാൻ, ഗോശാലകൃഷ്ണനായും പാർത്ഥസാരഥിയായും സങ്കല്പിയ്ക്കപ്പെടുന്നു. ഏകദേശം അറുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശമായിരുന്ന ചെമ്പകശ്ശേരി രാജവംശത്തിന്റെ പരദേവതാക്ഷേത്രമായിരുന്ന അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉദ്ഭവം, പ്രസ്തുത രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ, വില്വമംഗലം സ്വാമിയാരും ചെമ്പകശ്ശേരി രാജാവായിരുന്ന പൂരാടം തിരുനാൾ ദേവനാരായണനും കൂടി ഇപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലൂടെ തോണിയിൽ പോകുമ്പോൾ എവിടെനിന്നോ കർണ്ണാനന്ദകരമായ വേണുനാദം അവർക്ക് കേൾക്കാനിടയാകുകയും, അത് ഭഗവാന്റേതാണെന്ന് മനസ്സിലാക്കിയ ഇരുവരും ശബ്ദം കേട്ട ഭാഗത്തേയ്ക്ക് യാത്രചെയ്യുകയും ഒരു ആൽമരച്ചുവട്ടിൽ വച്ച് ഭഗവാനെ കാണാനിടയാകുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. ഈ ആൽമരം ഇപ്പോഴുമുണ്ട്. അതിന് വളരെയധികം മഹത്വം കല്പിച്ചുവരുന്നു. മേല്പുത്തൂർ നാരായണഭട്ടതിരിയും കുഞ്ചൻ നമ്പ്യാരുമടക്കം നിരവധി മഹാത്മാക്കൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നവരാണ്. കേരളത്തിന്റെ ക്ലാസിക് കലകളിലൊന്നായ തുള്ളലിന്റെ ഉദ്ഭവസ്ഥാനം എന്ന നിലയിലും ഈ ക്ഷേത്രം പ്രസിദ്ധമാണ്. ചെമ്പകശ്ശേരി രാജവംശം തിരുവിതാംകൂർ കീഴടക്കിയപ്പോൾ ക്ഷേത്രം തിരുവിതാംകൂറിലായി. ഗുരുവായൂരപ്പന് അഭയം നൽകിയ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പു സുൽത്താന്റെ മലബാർ ആക്രമണകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും, ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചെമ്പകശ്ശേരി രാജാവിന്റെ കൊട്ടാരത്തിൽ പ്രത്യേകം ശ്രീകോവിൽ പണിത് അവിടെ കുടിയിരുത്തുകയും ചെയ്തു. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാം കാണാം. ഈ ക്ഷേത്രത്തിലെ പാൽപ്പായസം ലോകപ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും പേരുകേട്ട ക്ഷേത്രനിവേദ്യമായ അമ്പലപ്പുഴ പാൽപ്പായസം ഇവിടെ ഉച്ചപ്പൂജയ്ക്കാണ് നേദിയ്ക്കുന്നത്. ഒരു ചെമ്പകശ്ശേരി രാജാവ്, ഇപ്പോൾ ആലപ്പുഴ ജില്ലയിൽ തന്നെയുള്ള തലവടി സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനിൽ നിന്നു കടം വാങ്ങിയ കാശ് തിരിച്ചടയ്ക്കാതെ വന്നതിനെത്തുടർന്ന് അതിനുപകരമായി തുടങ്ങിവച്ചതാണ് ഈ പാൽപ്പായസം എന്നാണ് കഥ. ആറുമണിക്കൂർ നീണ്ടുനിൽക്കുന്ന അതിവിദഗ്ധമായ നിർമ്മാണപ്രക്രിയയാണ് ഈ പാൽപ്പായസത്തിന്. ശുദ്ധമായ പശുവിൻപാലും മണിക്കിണറ്റിൽ നിന്നെടുക്കുന്ന വെള്ളവും കുട്ടനാടൻ പുഞ്ചനെല്ലിൽ നിന്നെടുക്കുന്ന അരിയും പഞ്ചസാരയും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന് പൊൻനിറമാണെന്നതും ഒരു പ്രത്യേകതയാണ്. പാൽപ്പായസത്തിനായി പ്രത്യേകം തിടപ്പള്ളി ക്ഷേത്രത്തിൽ പണിതിട്ടുണ്ട്. പാൽപ്പായസം എഴുന്നള്ളിയ്ക്കുന്ന സമയത്ത് വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്ന കാഴ്ച കാണാം. ഇത് ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമാണെന്ന് വിശ്വസിച്ചുവരുന്നു. അമ്പലപ്പുഴയിലെ പ്രധാനമൂർത്തിയായ ശ്രീകൃഷ്ണൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം ശിലാനിർമ്മിതമാണ്. ഒരുകയ്യിൽ ചാട്ടയും മറുകയ്യിൽ ശംഖും കാണാം. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ഭദ്രകാളി എന്നിവർക്കും സന്നിധികളുണ്ട്. മീനമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിൽ കൊണ്ടാടുന്നത്. അതിൽ തന്നെ, ഉത്രാടം നാളിൽ നടക്കുന്ന ഒമ്പതാമുത്സവവും അന്നത്തെ നാടകശാലസദ്യയുമാണ് ഏറ്റവും വിശേഷം. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാർ പുതുമന, കടിയക്കോൽ നമ്പൂതിരിമാരാണ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

എറണാകുളം ജില്ലയിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിൽ ചിറ്റൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂരപ്പൻ തന്നെയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐതിഹ്യമനുസരിച്ച്, എല്ലാ മാസവും മുടങ്ങാതെ ഗുരുവായൂരിൽ പോയിവന്നിരുന്ന, പരമഭക്തനായിരുന്ന ചേരാനല്ലൂർ രാമൻ കർത്താവിന് പ്രായാധിക്യം മൂലം ഗുരുവായൂർ ദർശനം അസാധ്യമായപ്പോൾ ഭഗവാൻ തന്നെ അദ്ദേഹത്തോടൊപ്പം വരികയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിനടുത്ത് കുടികൊള്ളുകയും ചെയ്യുകയായിരുന്നു. തെക്കൻ ഗുരുവായൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ യഥാർത്ഥത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവാണെങ്കിലും ശ്രീകൃഷ്ണനായാണ് സങ്കല്പം. ഗുരുവായൂരിലേതുപോലെ അഞ്ജനശിലയിലാണ് ഇവിടെയും വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂരിലെ വിഗ്രഹത്തിന്റെ തനിപ്പകർപ്പായ, ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതേ സമയം, ഗുരുവായൂരപ്പൻ തന്നെയാണെങ്കിലും കംസവധം കഴിഞ്ഞ് രൗദ്രഭാവത്തിൽ നിൽക്കുന്ന കൃഷ്ണഭഗവാനാണ് പ്രതിഷ്ഠ എന്നും സങ്കല്പമുള്ളതിനാൽ ഇവിടെ ഉത്സവത്തിന് ആനകളെ ഉപയോഗിയ്ക്കാറില്ല. ഗരുഡവാഹനത്തിലാണ് എഴുന്നള്ളത്ത്. ഗുരുവായൂരിലേതുപോലെ ഇവിടെയും വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശിവൻ, ഗണപതി, അയ്യപ്പൻ, കണ്ടങ്കുളങ്ങര ഭഗവതി, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. മേടമാസത്തിൽ തിരുവോണം നാളിൽ ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. ഈ പത്തുദിവസങ്ങളും വിശേഷാൽ ചടങ്ങുകളോടെ ആചരിച്ചുവരുന്നു. അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും എന്നിവയും ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളാണ്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിയും പുഴക്കര ചേന്നാസ് നമ്പൂതിരിപ്പാടാണ്. ചേരാനല്ലൂർ കർത്താക്കന്മാരുടെ കുടുംബക്ഷേത്രമായ ഈ ക്ഷേത്രം, പക്ഷേ ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

കേരളത്തിന് പുറത്തുള്ള ഗുരുവായൂരപ്പസന്നിധികൾ

[തിരുത്തുക]

മലയാളിഹിന്ദുക്കൾ കേരളത്തിനും ഭാരതത്തിനും പുറത്തേയ്ക്ക് വ്യാപകമായി കുടിയേറിപ്പാർത്തപ്പോൾ തങ്ങളുടെ ഇഷ്ടദേവതകളായ ഗുരുവായൂരപ്പനെയും അയ്യപ്പനെയും അവർ കൂടെ കൊണ്ടുവന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുവായൂരപ്പ-അയ്യപ്പ സന്നിധികൾ കാണാം. ഇവയെല്ലാം പണികഴിപ്പിച്ചത് തദ്ദേശത്തെ മലയാളിസംഘടനകളാണ്. ഈ ക്ഷേത്രങ്ങൾ മുഴുവൻ ഉണ്ടാകുന്നത് വെറും 50 വർഷത്തിൽ കുറഞ്ഞ കാലയളവിലാണെങ്കിലും വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇവ മലയാളികൾക്കൊപ്പം തദ്ദേശീയരുടെയും ശ്രദ്ധയാകർഷിച്ചുകഴിഞ്ഞിട്ടുണ്ട്. ഇവയിലെ ഗുരുവായൂരപ്പസന്നിധികളെല്ലാം ഗുരുവായൂർ ക്ഷേത്രത്തിലെ പൂജാവിധികൾ തന്നെ പിന്തുടരുന്നവയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡെൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, ലണ്ടൻ, ന്യൂയോർക്ക് ,ഹൂസ്റ്റൺ ,ഡാലസ്‌ , ദുബായ് തുടങ്ങി നിരവധി നഗരങ്ങളിൽ ഗുരുവായൂരപ്പക്ഷേത്രങ്ങൾ കാണാം. ഇവയെല്ലാം ശക്തമായ ദേവചൈതന്യം വിളയുന്ന സന്നിധികളാണ്.

ഭാരതത്തിന്റെ തലസ്ഥാനമായ ഡൽഹി നഗരത്തിന്റെ കിഴക്കേ അതിരായ മയൂർ വിഹാറിൽ, യമുനാനദിയുടെ കരയിൽ നിന്ന് അല്പം കിഴക്കുമാറി, പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്തരദിക്കിൽ (വടക്കുഭാഗത്ത്) സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. ഡൽഹി മലയാളികളുടെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം 1989-ലാണ് നിലവിൽ വന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ പണികഴിപ്പിച്ചതും ഗുരുവായൂരിലെ അതേ പൂജാവിധികൾ പിന്തുടരുന്നതുമായ ഈ ക്ഷേത്രത്തിൽ, പക്ഷേ ഭഗവാൻ പടിഞ്ഞാറോട്ടാണ് ദർശനം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, ചോറ്റാനിക്കര അമ്മ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. ഇടവമാസത്തിലാണ് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവം നടക്കുന്നത്. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, വിശേഷാൽ ചടങ്ങുകളോടെ നടത്തിപ്പോരുന്നു. കൂടാതെ അഷ്ടമിരോഹിണി, ഗുരുവായൂർ ഏകാദശി, ചോറ്റാനിക്കര മകം, ശിവരാത്രി, വിനായക ചതുർത്ഥി എന്നിവയും പ്രധാന ആണ്ടുവിശേഷങ്ങളാണ്. ആർഷ ധർമ്മ പരിഷദ് എന്നു പേരുള്ള ഒരു സംഘടനയാണ് ഈ ക്ഷേത്രം നടത്തിപ്പോരുന്നത്. നിരവധി ആദ്ധ്യാത്മിക-സാമൂഹിക പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിവരുന്നുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ഓഡിറ്റോറിയവും ആശുപത്രിയും മറ്റ് സൗകര്യങ്ങളുമെല്ലാമുണ്ട്.

ചെന്നൈ മഹാലിംഗപുരം അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം

[തിരുത്തുക]

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ നുങ്കമ്പാക്കത്തിനടുത്ത് മഹാലിംഗപുരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് അയ്യപ്പൻ-ഗുരുവായൂരപ്പൻ ക്ഷേത്രം. കേരളത്തിനുപുറത്ത് ആദ്യമായി പണികഴിപ്പിയ്ക്കപ്പെട്ട കേരളീയക്ഷേത്രമാണിത്. ചെന്നൈ മലയാളികളുടെ പ്രധാന ആരാധനാകേന്ദ്രമായ ഈ ക്ഷേത്രം 1974-ലാണ് നിലവിൽ വന്നത്. എല്ലാ വർഷവും ശബരിമല ദർശനം നടത്തിപ്പോന്നിരുന്ന ചില മലയാളികൾക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യമായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണം. കേരളീയ വാസ്തുകലയുടെ കുലപതിയായിരുന്ന കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് തയ്യാറാക്കിയ രൂപകല്പനയനുസരിച്ചാണ് ക്ഷേത്രം പണിതത്. ആദ്യം അയ്യപ്പക്ഷേത്രം മാത്രമുണ്ടായിരുന്ന ഇവിടെ 1989-ലാണ് ഗുരുവായൂരപ്പനെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ ഇരുമൂർത്തികൾക്കും തുല്യപ്രാധാന്യമുണ്ട്. പ്രധാനമൂർത്തികളായ അയ്യപ്പനും ഗുരുവായൂരപ്പനും ഒരേ മതിലകത്ത് പ്രത്യേകം ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഇരുവരുടെ നടകളിലേയ്ക്കും പ്രത്യേകം പ്രവേശനകവാടങ്ങളുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, മാളികപ്പുറത്തമ്മ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ഗരുഡൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ അയ്യപ്പന്റെയും ഇടവമാസത്തിൽ ഗുരുവായൂരപ്പന്റെയും നടകളിൽ നടക്കുന്ന കൊടിയേറ്റുത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. ഇവകൂടാതെ മണ്ഡലകാലം, ഗുരുവായൂർ ഏകാദശി, പങ്കുനി ഉത്രം, അഷ്ടമിരോഹിണി, വിഷു, തിരുവോണം, ശിവരാത്രി, തൈപ്പൂയം, വിനായക ചതുർത്ഥി, നവരാത്രി, ആയില്യപൂജ എന്നിവയും വിശേഷദിവസങ്ങളാണ്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ ധാരാളമായി ദർശനം നടത്തുന്ന ക്ഷേത്രമാണിത്. അവർക്ക് മാലയിടാനും കെട്ടുനിറയ്ക്കാനും വലിയ സൗകര്യങ്ങൾ ക്ഷേത്രത്തിലുണ്ടാകാറുണ്ട്. മഹാലിംഗപുരം അയ്യപ്പഭക്തസഭ എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്. നിരവധി ആദ്ധ്യാത്മിക-സാമൂഹിക പ്രവർത്തനങ്ങൾ ഈ സംഘടന നടത്തിവരുന്നുണ്ട്. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ഓഡിറ്റോറിയവും ആശുപത്രിയും മറ്റ് സൗകര്യങ്ങളുമെല്ലാമുണ്ട്.

മുംബൈ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം

[തിരുത്തുക]

ഭാരതത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ മട്ടുംഗ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ കൊച്ചുഗുരുവായൂരപ്പൻ ക്ഷേത്രം.

ബെംഗളൂരു നെട്ടിഗേരെ ഗുരുവായൂരപ്പൻ ക്ഷേത്രം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. 2017-ലെ ബാങ്ക് ലയനത്തിനുമുമ്പ് ഈ വിളക്ക് നടത്തിയിരുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിലെ ഉദ്യോഗസ്ഥരാണ്. അന്ന് ഇതിന്റെ പേര് എസ്.ബി.ടി. വിളക്ക് എന്നായിരുന്നു.
  1. അക്കാലത്ത് വൈകീട്ടത്തെ ശീവേലിയ്ക്ക് ആനയെഴുന്നള്ളിപ്പുണ്ടായിരുന്നില്ല.

അവലംബം

[തിരുത്തുക]
  1. A. C. Bhaktivedanta Swami Prabhupāda. Krsna. Taylor & Francis. p. 30. Retrieved 24 June 2013.
  2. Swami Venkatesananda (1989). The Concise Śrīmad Bhāgavataṁ. SUNY Press. p. 238. ISBN 1438422830. Retrieved 24 June 2013.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-25. Retrieved 2018-07-09.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-28. Retrieved 2018-06-22.
  5. "Rendered with devotion". March 13, 2009.
  6. "To lovers of Krishna, in Tamil". The Hindu. July 19, 2012. Archived from the original on 2012-07-23. Retrieved 2019-12-06.
  7. "ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി - വിക്കിഗ്രന്ഥശാല". Ml.wikisource.org. 2016-12-06. Retrieved 2016-12-20.
  8. Ramachandran P.V. (2009-12-06). "Guruvayoor Maraprabhu". Guruvayoormaraprabhu.blogspot.in. Retrieved 2016-12-20.
  9. "ഗുരുവായൂർ മരപ്രഭു ചെറുപതിപ്പുകളുടെ നിർമ്മാണം ആരംഭിച്ചു | mangalam.com". Origin.mangalam.com. 2015-04-17. Archived from the original on 2016-12-20. Retrieved 2016-12-20.
  10. [1] Archived 2018-10-29 at the Wayback Machine..
  11. 11.0 11.1 ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്
  12. ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്
  13. 13.0 13.1 ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.
  14. "ഗുരുവായൂരിൽ കൃഷ്‌ണഗീതി പാരായണം തുടങ്ങി" (in ഇംഗ്ലീഷ്). Archived from the original on 2021-09-25. Retrieved 2021-01-03.
"https://ml.wikipedia.org/w/index.php?title=ഗുരുവായൂരപ്പൻ&oldid=4275512" എന്ന താളിൽനിന്ന് ശേഖരിച്ചത്