കോഴിക്കോട് തളി മഹാദേവക്ഷേത്രം
കോഴിക്കോട് തളി ശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 11°14′51″N 75°47′14″E / 11.24750°N 75.78722°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോഴിക്കോട് ജില്ല |
പ്രദേശം: | കോഴിക്കോട് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ, ശ്രീകൃഷ്ണൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം (മേടമാസത്തിൽ) ശിവരാത്രി അഷ്ടമിരോഹിണി |
ക്ഷേത്രങ്ങൾ: | 2 |
ചരിത്രം | |
സൃഷ്ടാവ്: | പരശുരാമൻ |
ക്ഷേത്രഭരണസമിതി: | മലബാർ ദേവസ്വം ബോർഡ് വക സാമൂതിരിയുടെ ട്രസ്റ്റ് |
ഉത്തരകേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ മഹാക്ഷേത്രമാണ് തളി ശിവക്ഷേത്രം. തളിയമ്പലം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, പാർവ്വതീസമേതനായി ആനന്ദഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ, പ്രത്യേക ക്ഷേത്രത്തിൽ ശ്രീകൃഷ്ണനും കുടികൊള്ളുന്നുണ്ട്. ഇരു ഭഗവാന്മാർക്കും സ്വന്തമായി കൊടിമരങ്ങളുമുണ്ട്.[1] ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ഭഗവതി (മൂന്ന് പ്രതിഷ്ഠകൾ), നരസിംഹമൂർത്തി, ശാസ്താവ്, എരിഞ്ഞപുരാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ, സമീപം തന്നെ സുബ്രഹ്മണ്യൻ, ശ്രീരാമൻ, വേട്ടയ്ക്കൊരുമകൻ എന്നീ ദേവന്മാരുടെ ക്ഷേത്രങ്ങളുമുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ പരശുരാമൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നു. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രികക്രിയകളുടെ നിഷ്കർഷത കൊണ്ടും നിത്യനിദാനങ്ങളിൽ അന്യൂനമായ ചിട്ടകൾ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം.[2] പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ ക്ഷേത്രം[3]. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം ഏഴു ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി തിരുവാതിര നക്ഷത്രം വരെ നീണ്ടുനിൽക്കുന്ന ഒരു മഹോത്സവമായിരുന്നു ഒരുകാലത്ത് ഇത്. ഇപ്പോൾ ഇത് ഒരു പണ്ഡിതസദസ്സായി നടത്തിവരുന്നുണ്ട്. മേടമാസത്തിൽ വിഷുനാളിൽ കൊടിയേറി എട്ടാം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തോടുകൂടി സാമൂതിരിപ്പാട് മുഖ്യകാര്യദർശിയായി പ്രവർത്തിയ്ക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
ചരിത്രം
[തിരുത്തുക]പെരുമാക്കന്മാരുടെ രാജ്യഭരണത്തിലും തുടർന്ന് സാമൂതിരിരാജവംശത്തിന്റെ ഭരണത്തിലും ദേവൻ രാജാധിരാജനായി ആരാധിക്കപ്പെട്ടു. സാമൂതിരി രാജവംശത്തിന്റെ ഭരണം പ്രശസ്തിയുടെയും, പ്രതാപത്തിന്റെആയും ഉന്നതിയിലിരുന്ന കാലത്ത് (15-ം നൂറ്റാണ്ടിൽ) ഈ ക്ഷേത്രത്തിൽ നടത്തിപോന്നിരുന്ന രേവതീ പട്ടത്താനം എന്ന പണ്ഡിതസദസ്സും അതിൽ പ്രശോഭിച്ചിരുന്ന പതിനെട്ടരകവികൾ ഭാരത ചരിത്രത്തിലെ ഒരു സുപ്രധാന കണ്ണിയായി നിലകൊണ്ടിരുന്നു. ഇവിടെത്തെ പണ്ഡിത പരീക്ഷയും വളരെ പ്രസിദ്ധമായിരുന്നു.
ഈ പട്ടത്താനത്തിൽ നിന്നാണ് സാമൂതിരി കോവിലകത്തെയും ഈ ക്ഷേത്രത്തിന്റെയും തന്ത്രിയായ ചേന്നാസ് നമ്പൂതിരിയ്ക്ക് ഇന്നുള്ള തന്ത്രസമുച്ചയം എന്ന ഗ്രന്ഥം തയ്യാറാക്കാൻ സാധിച്ചത്. ഈ ഗ്രന്ഥം തളിമഹാദേവന്റെയും സാമൂതിരി രാജാവിന്റെയും, പട്ടത്താനത്തിന്റെയും മഹത്ത്വവും സംഭാവനയും ഏതുകാലത്തും എടുത്തു കാണിക്കുന്നു.
ടിപ്പു സുൽത്താൻ, ഹൈദരലി എന്നിവരുടെ ആക്രമണങ്ങളിൽ ഈ ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു. ഈ ആക്രമണങ്ങൾക്കു ശേഷം ക്ഷേത്രം 18-ആം നൂറ്റാണ്ടിൽ പുനരുദ്ധരിച്ചു. ഇന്നത്തെ ക്ഷേത്രത്തിന്റെ നിർമ്മിതി മാനവിക്രമൻ എന്ന സാമൂതിരിയുടെ കാലത്തേതാണ്.
രേവതി പട്ടത്താനം
[തിരുത്തുക]തളി ശിവക്ഷേത്രത്തിൽ പണ്ട് നടത്തപ്പെട്ടിരുന്ന ഒരു തർക്കസദസ്സാണ് രേവതി പട്ടത്താനം. മലയാള മാസം ആയ തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഠിതശ്രേഷ്ഠന്മാർക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നൽകിയിരുന്നു. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഈ ഉത്സവത്തിൽ സമ്മാനങ്ങൾക്കും ബഹുമതികൾക്കും പാത്രമായിട്ടുണ്ട്. തിരുനാവായയിൽ മാമാങ്കം ഉത്സവം നടത്തിയിരുന്ന സാമൂതിരിമാരായിരുന്നു രേവതി പട്ടത്താനവും നടത്തിയിരുന്നത്.
രേവതിപട്ടത്താനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഇപ്രകാരമാണ്. ക്ഷേത്രത്തിലെ മൂസ്സതുമാരുടെ സഹായത്തോടെ പന്തലായിനിക്കൊല്ലത്തെ കോലസ്വരൂപത്തിന്റെ ശാഖയിലെ ഒരു തമ്പുരാൻ ബ്രാഹ്മണവേഷത്തിൽ സാമൂതിരി കോവിലകത്ത് കടന്നുകൂടിയെന്നും കോവിലകത്തെ ഒരു തമ്പുരാട്ടി ഈ ബ്രാഹ്മണനെ കണ്ട് മോഹിച്ചുവെന്നും തിരുവിളയനാട്ടു കാവിലെ ഉത്സവത്തിരക്കിൽ രണ്ടുപേരും പന്തലായനി കൊല്ലത്തേക്ക് ഒളിച്ചോടിയെന്നും ഇതറിഞ്ഞ സാമൂതിരി ആ തമ്പുരാട്ടിയെ വംശത്തിൽ നിന്ന് പുറന്തള്ളിയെന്നും പറയപ്പെടുന്നു. സാമൂതിരിപ്പാട് കോലത്തുനാട് ആക്രമിക്കാൻ സൈന്യത്തെ അയച്ചപ്പോൾ കോലത്തിരി അനന്തരവന്റെ കുറ്റം സമ്മതിച്ച് സന്ധിക്ക് തയ്യാറായെന്നും സാമൂതിരി ആവശ്യപ്പെട്ട പ്രകാരം പന്തലായിനി ഉൾപ്പെട്ട നാടും തളിപ്പറമ്പു ക്ഷേത്രത്തിലെ കോയ്മ സ്ഥാനവും സാമൂതിരിക്ക് വിട്ടുകൊടുത്തു എന്നും തിരിച്ചുവന്ന സാമൂതിരി മൂസ്സതുമാർ ബ്രാഹ്മണരാണെങ്കിലും അവരെ ക്ഷേത്ര ഊരാണ്മ സ്ഥാനത്തു നിന്ന് ഒഴിവാക്കിയപ്പോൾ അവർ പട്ടിണിവ്രതം അനുഷ്ഠിച്ചു മരിച്ചുവെന്നും ഇത് ബ്രഹ്മഹത്യയായി ദേവപ്രശ്നക്കാർ വിധിച്ചതിനെത്തുടർന്ന് അതിന് പ്രായശ്ചിത്തമായി സാമൂതിരിപ്പാട് ബ്രാഹ്മണഭോജനവും വിദ്വത്സദസ്സും ആരംഭിച്ചുവെന്നും ആ സദസ്സാണ് രേവതി പട്ടത്താനം എന്നും കരുതപ്പെടുന്നു. ബാലഹത്യാദോഷം നീക്കാനാണ് പട്ടത്താനം ആരംഭിച്ചതെന്ന മറ്റൊരു വിശ്വാസവും നിലവിലുണ്ട്. തിരുന്നാവായ യോഗക്കാരുടെ നിർദ്ദേശമനുസരിച്ചാണ് പട്ടത്താനം തുടങ്ങിയതെന്ന് മൂന്നാമതൊരു അഭിപ്രായവുമുണ്ട്.
ഐതിഹ്യം
[തിരുത്തുക]പരശുരാമപ്രതിഷ്ഠിതമായ നാലു തളികളിൽ ഒന്നാമത്തെ തളിക്ഷേത്രമാണ് കോഴിക്കോട് തളിക്ഷേത്രം. പരശുരാമൻ തപശ്ശക്തിയാൽ പ്രത്യക്ഷപ്പെടുത്തിയ ഉമാമഹേശ്വരന്മാരെ (ശിവനും പാർവ്വതിയും) ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസ്സിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിസ്വരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ്സ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം ഈ പ്രദേശത്തിന്റെ ഭാവി ഭാഗ്യാനുഭവമാകുന്ന കല്പപകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്. പ്രകൃതിദത്തമായ ഉപചാരപൂജകളെക്കൊണ്ടും, സിദ്ധന്മാരുടെ ആരാധനകൾ കൊണ്ടുൻ പൂർണ്ണ സാന്നിദ്ധ്യത്തോടെ പരിലസിച്ച് പോന്നതാണ് ഈ ദേവചൈതന്യം. ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പാണ് രാജകീയ ആനുകൂല്യങ്ങളായ താന്ത്രിക ചടങ്ങുകളോടു കൂടിയ ഈ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടത്.
ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തു ഭ്രാന്തൻ ആണെന്നാണ് ഐതിഹ്യം. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന രേവതി പട്ടത്താനം എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. മലയാളം തുലാം മാസത്തിലായിരുന്നു ഈ മഹാമഹം നടന്നിരുന്നത്. പണ്ഡിതശ്രേഷ്ഠന്മാർക്ക് ഈ സമയത്ത് വിരുന്നുകളും സമ്മാനങ്ങളും നൽകിയിരുന്നു. നാരായണീയത്തിന്റെ രചയിതാവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഈ ഉത്സവത്തിൽ സമ്മാനങ്ങൾക്കും ബഹുമതികൾക്കും പാത്രമായിട്ടുണ്ട്.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]ക്ഷേത്രപരിസരം
[തിരുത്തുക]കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറം ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. തളി ദേവസ്വം ഓഫീസ്, സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ, പോസ്റ്റ് ഓഫീസ്, ബ്രാഹ്മണസമൂഹമഠം, വിവിധ കടകംബോളങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗങ്ങളിലുമായി കാണാവുന്നതാണ്. ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ് ഇവിടെയുള്ള കിഴക്കേ ഗോപുരം. ഏകദേശം അഞ്ഞൂറുവർഷത്തിലധികം പഴക്കമുള്ള കിഴക്കേ ഗോപുരം, ഇന്നും പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്നു. കിഴക്കേ ഗോപുരത്തിന് നേരെമുന്നിൽ ചെറിയൊരു പേരാലും അല്പം മാറി വലിയൊരു അരയാലും കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു എന്നാണ് സങ്കല്പം. അങ്ങനെ, ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായി ഹൈന്ദവർ അരയാലിനെ കണക്കാക്കുന്നു. ദിവസവും രാവിലെ അരയാലിന് ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. വടക്കുഭാഗത്താണ് അതിവിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണിത്. ശാന്തിക്കാരും ഭക്തരും ദർശനത്തിനെത്തുന്നത് ഈ കുളത്തിൽ കുളിച്ചശേഷമാണ്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. 2021-ൽ ഈ ഭാഗങ്ങളിൽ വൻ തോതിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയിരുന്നു. കുളം സൗന്ദര്യവത്കരിച്ചതിനൊപ്പം പൈതൃകസംരക്ഷണത്തിന്റെ ഭാഗമായി ധാരാളം ചിത്രങ്ങൾ വരച്ചുവയ്ക്കുകയുമുണ്ടായി. സാമൂതിരിയുടെ ചരിത്രം കാണിയ്ക്കുന്ന ചിത്രങ്ങളാണ് ഇവയിലധികവും. ഇന്ന് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിലൊന്നാണിവിടം. കുളത്തിന്റെ എതിർവശത്താണ് പ്രസിദ്ധമായ തളി മഹാഗണപതി-ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോഴിക്കോട്ട് ഏറ്റവുമധികം തമിഴ് ബ്രാഹ്മണർ താമസിയ്ക്കുന്ന സ്ഥലമാണ് തളി. അവരുടെ പ്രധാന ആരാധനാകേന്ദ്രമാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ നിർമ്മാണശൈലി പിന്തുടരുന്ന ഈ ക്ഷേത്രത്തിൽ പ്രധാന ദേവതകളായ ഗണപതിഭഗവാനെയും സുബ്രഹ്മണ്യസ്വാമിയെയും കൂടാതെ നവഗ്രഹങ്ങൾക്കും വിശേഷാൽ പ്രതിഷ്ഠയുണ്ട്. വിനായക ചതുർത്ഥി, സ്കന്ദഷഷ്ഠി, തൈപ്പൂയം തുടങ്ങിയവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇതുകൂടാതെ മറ്റൊരു ക്ഷേത്രവും ഇവിടെയുണ്ട്. സീതാസമേതനായ ശ്രീരാമനും ഹനുമാനുമാണ് ഇവിടെ പ്രതിഷ്ഠകൾ. കൂടാതെ ഗണപതി, ദുർഗ്ഗ, സാളഗ്രാമം, ശിവൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഇവിടെയുണ്ടായിരുന്ന വിഗ്രഹം ആദ്യം പൂജിച്ചിരുന്നത് ഇവിടെയുണ്ടായിരുന്ന ഒരു സ്വാമിയാരാണ്. അയോദ്ധ്യയിൽ നിന്നാണ് അദ്ദേഹത്തിന് ഈ വിഗ്രഹം ലഭിച്ചത്. ദീർഘകാലം ഇത് പൂജിച്ചിരുന്ന അദ്ദേഹം, പിന്നീട് കമ്മാരൻ നായർ എന്ന തഹസിൽദാർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. നോക്കിനടത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ വിഗ്രഹത്തിന് ഒരു ക്ഷേത്രം പണികഴിപ്പിയ്ക്കാൻ കമ്മാരൻ നായർ തീരുമാനിയ്ക്കുകയും അങ്ങനെ പണികഴിപ്പിയ്ക്കുകയും ചെയ്ത ക്ഷേത്രമാണിത്. ഇന്ന് ഇത് തളി ദേവസ്വത്തിന്റെ തന്നെ കീഴിലുള്ള ക്ഷേത്രമാണ്. ശ്രീരാമനവമിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. രാമായണമാസമായ കർക്കടകം മുഴുവൻ ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. മറ്റൊരു ക്ഷേത്രം, തളിക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ സ്ഥിതിചെയ്യുന്ന വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. ഹൈന്ദവവിശ്വാസപ്രകാരം കിരാതവേഷം ധരിച്ച ശിവപാർവ്വതിമാരുടെ പുത്രനായ വേട്ടയ്ക്കൊരുമകൻ, പ്രധാനമായും മലബാർ പ്രദേശത്തുള്ള നിരവധി കുടുംബക്കാരുടെ പരദേവതയാണ്. വളരെ ചെറിയൊരു ക്ഷേത്രമാണിവിടെയുള്ളത്. ഇടതുകയ്യിൽ വില്ലും വലതുകയ്യിൽ ചുരികയും ധരിച്ച, ഏകദേശം നാലടി ഉയരം വരുന്ന വേട്ടയ്ക്കൊരുമകന്റെ പൂർണ്ണകായവിഗ്രഹമാണിവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഇവിടെ ഉപദേവതകളില്ല. മകരമാസം ഒന്നാം തീയതി നടക്കുന്ന പാട്ടുത്സവമാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. ഇതിനോടനുബന്ധിച്ച് 12000 നാളികേരങ്ങൾ ഒറ്റയിരിപ്പിൽ എറിഞ്ഞുടയ്ക്കുന്ന അതിവിശേഷപ്പെട്ട ചടങ്ങുണ്ട്.
മതിലകം
[തിരുത്തുക]കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ നടപ്പുരയിലേയ്ക്കാണെത്തുക. അസാമാന്യ വലുപ്പമുള്ള ഈ ആനക്കൊട്ടിലിൽ ഏകദേശം ഏഴ് ആനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യമുണ്ട്. ഇതിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ഏകദേശം നൂറടി ഉയരം വരുന്ന ഈ കൊടിമരം 1962-ലാണ് ഇവിടെ പ്രതിഷ്ഠിച്ചത്. ഇപ്പോൾ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള ആലോചനകൾ നടന്നുവരുന്നുണ്ട്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് സ്ഥിതിചെയ്യുന്നു. ഇവിടെ ബലിക്കൽപ്പുര പണിതിട്ടില്ല. താരതമ്യേന ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെയുള്ളത്. അതിനാൽ, നടപ്പുരയിൽ നിന്നുനോക്കിയാൽത്തന്നെ ശിവലിംഗം കാണാവുന്നതാണ്. നടപ്പുരയുടെ തെക്കുഭാഗത്ത് പ്രത്യേകം മതിൽക്കെട്ടിലാണ് ക്ഷേത്രത്തിലെ പ്രധാന ഉപദേവതയായ നരസിംഹമൂർത്തിയുടെ പ്രതിഷ്ഠ. അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമായ ശ്രീകോവിലിൽ, യോഗനരസിംഹരൂപത്തിലാണ് പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. ഏകദേശം മൂന്നടി ഉയരം വരുന്ന വിഗ്രഹം പടിഞ്ഞാറോട്ട് ദർശനം നൽകുന്നു. പാനകം, പാൽപ്പായസം, തുളസിമാല തുടങ്ങിയവയാണ് നരസിംഹമൂർത്തിയുടെ പ്രധാന വഴിപാടുകൾ. രേവതി പട്ടത്താനം നടക്കുന്ന അവസരങ്ങളിൽ നരസിംഹമൂർത്തിയ്ക്കും വിശേഷാൽ പൂജകൾ നടത്താറുണ്ട്.
തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ ശാസ്താവിന്റെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ കാണാം. ഏകദേശം രണ്ടടി ഉയരം വരുന്ന ശാസ്താവിഗ്രഹം, പൂർണ്ണാ-പുഷ്കലാസമേതനായ ശാസ്താവിന്റെ രൂപത്തിലാണ്. മണ്ഡലകാലത്ത് ഇവിടെ 41 ദിവസവും ശാസ്താംപാട്ടും ആഴിപൂജയും പതിവാണ്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമൊക്കെ ഇവിടെ വച്ചാണ്. അയ്യപ്പന്റെ പ്രതിഷ്ഠയ്ക്ക് സമീപമാണ് തേവാരത്തിൽ ഭഗവതിയുടെ പ്രതിഷ്ഠ. ക്ഷേത്രം തന്ത്രിയായ ചേന്നാസ് നമ്പൂതിരിയുടെ കുടുംബത്തിലെ പൂർവ്വികർ പൂജിച്ചിരുന്ന ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയെയാണ് തേവാരത്തിൽ ഭഗവതിയായി ആരാധിച്ചുവരുന്നത്. വാൽക്കണ്ണാടിയുടെ രൂപത്തിലാണ് ഈ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറേമൂലയിലെത്തുമ്പോൾ അവിടെ ആൽമരച്ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയും കാണാം. നാഗരാജാവായി വാസുകി വാഴുന്ന ഈ കാവിൽ, കൂടെ നാഗയക്ഷി അടക്കമുള്ള പരിവാരങ്ങളുമുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും പതിവാണ്. ഇതിന് സമീപമായി മറ്റൊരു കുളം കാണാം. ഇത് 1917-ൽ പണികഴിപ്പിച്ചതാണ്. ദീർഘചതുരാകൃതിയിലുള്ള ഈ കുളം പണികഴിപ്പിച്ചത്, പ്രസിദ്ധമായ തളി സമരത്തോടനുബന്ധിച്ചാണ്. തളി ക്ഷേത്രത്തിന് സമീപമുള്ള വഴികളിലൂടെ അവർണ്ണസമുദായക്കാർക്ക് നടക്കാനുള്ള അവകാശം സാമൂതിരി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഞ്ചേരി രാമയ്യർ, സി.വി. നാരായണയ്യർ, സി. കൃഷ്ണൻ എന്നിവർ ചേർന്ന് ക്ഷേത്രപരിസരത്തുകൂടി യാത്ര ചെയ്ത സംഭവമായിരുന്നു, കേരളീയ നവോത്ഥാനപ്രസ്ഥാനത്തിലെ സുപ്രധാന ഏടുകളിലൊന്നായ തളി സമരം. തീയ സമുദായാംഗമായിരുന്ന സി. കൃഷ്ണൻ സമരത്തിൽ പങ്കെടുത്തതാണ് പ്രശ്നത്തിന് കാരണം. ഇതിന് പരിഹാരമായാണ് അകത്ത് കുളം കുഴിച്ചത്. നിലവിൽ ഇത് ആരും ഉപയോഗിയ്ക്കാറില്ല.
ശ്രീകൃഷ്ണക്ഷേത്രം
[തിരുത്തുക]തളി ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിലാണ് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. തളി ക്ഷേത്രമതിലകത്തുതന്നെയാണെങ്കിലും ഒരു പ്രത്യേക ക്ഷേത്രമായാണ് ഇതിനെ കണക്കാക്കിവരുന്നത്. ഇവിടെ പ്രത്യേകമായി കൊടിമരവും ബലിക്കല്ലുമുള്ളത് ഇതിന്റെ തെളിവാണ്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഇവിടെയുള്ള ചെമ്പുകൊടിമരത്തിന്, ശിവക്ഷേത്രത്തിന് മുന്നിലെ കൊടിമരത്തെക്കാൾ അല്പം കൂടി ഉയരം കുറവാണ്. നിലവിൽ ഇതും മാറ്റി സ്വർണ്ണക്കൊടിമരമാക്കാൻ ആലോചനകളുണ്ട്. ശ്രീകൃഷ്ണക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് ഒറ്റനിലയോടുകൂടിയ ചെറിയൊരു ചതുരശ്രീകോവിലാണുള്ളത്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. അകത്ത് മൂന്നുമുറികളാണുള്ളത്. മൂന്നടി ഉയരം വരുന്ന ചതുർബാഹു മഹാവിഷ്ണുവിഗ്രഹത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ശ്രീകൃഷ്ണഭഗവാനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മഹാവിഷ്ണുവിന്റെ വിഗ്രഹമാണെങ്കിലും, കുരുക്ഷേത്രയുദ്ധത്തിനിടയിൽ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ശ്രീകൃഷ്ണനായാണ് സങ്കല്പം. പാൽപ്പായസം, വെണ്ണ, കദളിപ്പഴവും പഞ്ചസാരയും, ത്രിമധുരം, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങി നിരവധി വഴിപാടുകൾ ശ്രീകൃഷ്ണന്നുണ്ട്. ഇതേ നാലമ്പലത്തിനകത്താണ് സാമൂതിരിയുടെ പരദേവതയായ തിരുവളയനാട് ഭഗവതിയുടെ പള്ളിവാൾ സൂക്ഷിച്ചുവച്ചിരിയ്ക്കുന്നതും. വളയനാട്ട് ഉത്സവം നടക്കുന്ന അവസരങ്ങളിൽ ഇവിടെനിന്നാണ് അത് എഴുന്നള്ളിച്ചുകൊണ്ടുവരിക. തുടർന്ന് ഭഗവതിയുടെ ചൈതന്യം വാളിലേയ്ക്ക് ആവാഹിയ്ക്കും. സാധാരണ അവസരങ്ങളിൽ ശാക്തേയബ്രാഹ്മണരായ മൂത്തതുമാർ പൂജ കഴിയ്ക്കുന്ന വളയനാട്ട്, ഉത്സവക്കാലത്തുമാത്രം നമ്പൂതിരിമാരുടെ പൂജയുണ്ടാകും. ഇത് തളിയിൽ നിന്നുള്ള ആവാഹനത്തിന്റെ തെളിവാണ്. തൊട്ടുപുറത്തുള്ള, മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ശിവസ്വരൂപനായ എരിഞ്ഞപുരാനെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. വലതുകയ്യിൽ ത്രിശൂലം പിടിച്ച്, ഇടതുകൈ അരയിൽ കുത്തിനിൽക്കുന്ന രൂപത്തിലാണ് എരിഞ്ഞപുരാന്റെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ സംരക്ഷകനായാണ് എരിഞ്ഞപുരാനെ കണ്ടുവരുന്നത്. വിശേഷദിവസങ്ങളിലൊഴികെ പൂജകളൊന്നും ഇവിടെയില്ല.
ശ്രീകോവിൽ
[തിരുത്തുക]സമചതുരാകൃതിയിൽ തീർത്ത, രണ്ടുനിലകളോടുകൂടിയ ശ്രീകോവിലാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. അകത്തേയ്ക്ക് കയറാനുള്ള പടികൾ (സോപാനപ്പടികൾ) നേരിട്ട് കയറുന്ന രീതിയിലാണ് പണിതിരിയ്ക്കുന്നത്. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി തളിയിലപ്പൻ കുടികൊള്ളുന്നു. പാർവ്വതി-ഗണപതി-സുബ്രഹ്മണ്യസമേതനായി രത്നപീഠത്തിലിരിയ്ക്കുന്ന സദാശിവനായാണ് ഇവിടെ പ്രതിഷ്ഠാസങ്കല്പം. തന്മൂലം ഇവിടെ ദർശനം നടത്തുന്നത് കുടുംബൈശ്വര്യങ്ങൾക്കും സദ്സന്താനലബ്ധിയ്ക്കും ഉത്തമമായി കണക്കാക്കപ്പെടുന്നു. സ്വയംഭൂലിംഗമായതിനാൽ ഇവിടെ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. നിത്യേന ഇതിൽ ചാർത്താൻ വെള്ളിയിലും സ്വർണ്ണത്തിലും തിരുമുഖങ്ങളും ചന്ദ്രക്കലകളുമുണ്ട്. അഭിഷേകമൊഴികെയുള്ള സമയത്തെല്ലാം അവ ചാർത്തിയാണ് കാണാൻ സാധിയ്ക്കുക. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തളിയിലപ്പൻ, കുടുംബസമേതനായി ശിവലിംഗരൂപത്തിൽ വിരാജിയ്ക്കുന്നു.
അതിമനോഹരമായ ചുമർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ് ഇവിടെയുള്ള ശ്രീകോവിൽ. ശിവന്റെ വിവിധ രൂപങ്ങൾ, ദശാവതാരങ്ങൾ, സരസ്വതി, ലക്ഷ്മി, ദുർഗ്ഗ തുടങ്ങിയ ദേവിമാർ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ഇവിടെ ശ്രീകോവിൽചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. 2021-ൽ ക്ഷേത്രത്തിൽ നടന്ന നവീകരണത്തിൽ അവയിൽ പുതിയ ചായം പൂശുകയുണ്ടായി. ഇവ കൂടാതെ മൃഗമാല, പക്ഷിമാല, ഭൂതമാല തുടങ്ങിയ സങ്കല്പങ്ങളും ഇവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്രീകോവിലിന്റെ മുകളിൽ കിഴക്കുഭാഗത്ത് ഇന്ദ്രൻ, തെക്കുഭാഗത്ത് ദക്ഷിണാമൂർത്തി, പടിഞ്ഞാറുഭാഗത്ത് നരസിംഹമൂർത്തി, വടക്കുഭാഗത്ത് ബ്രഹ്മാവ് എന്നീ ദേവന്മാരുടെ രൂപങ്ങൾ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. ശ്രീകോവിലിലേയ്ക്ക് കയറാനുള്ള വാതിലിന്റെ ഇരുവശവും പതിവുപോലെ ദ്വാരപാലകരൂപങ്ങൾ കാണാം. ചണ്ഡനും പ്രചണ്ഡനുമാണ് ഇവിടെ ദ്വാരപാലകരായി വാഴുന്നത്. ഇവരുടേ അനുവാദം വാങ്ങി, മണിയടിച്ചുവേണം ശ്രീകോവിലിനകത്തേയ്ക്ക് കടക്കാൻ എന്നാണ് ചിട്ട. വടക്കുവശത്ത് പതിവുപോലെ ഓവ് കാണാം. ഭഗവാന് അഭിഷേകം ചെയ്യുന്ന തീർത്ഥം ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
നാലമ്പലം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ പണിതീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. പത്തുനിലകളോടുകൂടിയ വിളക്കുമാടത്തിൽ ഏകദേശം ആയിരം വിളക്കുകൾ കാണാം. ദീപാരാധനാസമയത്ത് ഇവ കത്തിച്ചുവയ്ക്കുന്നു. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വലിയ വാതിൽമാടങ്ങൾ കാണാം. അതിവിശാലമായ ഈ വാതിൽമാടങ്ങൾ, ഒരുകാലത്ത് രേവതി പട്ടത്താനത്തിന്റെ വേദികളായിരുന്നു. വിശേഷപ്പെട്ട ഒരുപാട് പണ്ഡിതസദ്ദസ്സുകൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. അവയിൽ വടക്കുഭാഗത്തെ വാതിൽമാടത്തിലേയ്ക്ക് കയറാനായി ചെറിയൊരു കൽപ്പടി കെട്ടിയിട്ടുണ്ട്. ഇത് മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയ്ക്ക് കയറാനായി ഉണ്ടാക്കിയതാണെന്ന് വിശ്വസിച്ചുവരുന്നു. ഐതിഹ്യമാലയിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ആ കഥ ഇങ്ങനെ: ചെറുപ്പത്തിലേ അതിപണ്ഡിതനായിരുന്ന ഭട്ടതിരി, അതുവരെ പട്ടത്താനത്തിലെ വിജയിയായിരുന്ന ഉദ്ദണ്ഡശാസ്ത്രികളെ മലർത്തിയടിച്ചതിന്റെ സ്മരണ നിലനിർത്തുന്നതാണ് ഈ കൽപ്പടി. തെക്കേ വാതിൽമാടത്തിൽ അതിവിശേഷപ്പെട്ട ഒരു പ്രതിഷ്ഠയുണ്ട്. അങ്ങാടിപ്പുറത്തെ പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീഭദ്രകാളിയാണ് അത്. ഒരു വാൽക്കണ്ണാടിയുടെ രൂപത്തിലാണ് തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. സാമൂതിരിയുടെ മുഖ്യശത്രുക്കളിലൊരാളായിരുന്ന വള്ളുവക്കോനാതിരിയുടെ പരദേവത അദ്ദേഹത്തിന്റെ പ്രധാനക്ഷേത്രമായ തളിയിൽ വന്നതെന്നതിന് കാരണമായി പറയപ്പെടുന്ന കഥ ഇങ്ങനെയാണ്: മാമാങ്കകാലത്ത് സാമൂതിരി സ്ഥിരമായി പരാജയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിന്റെ കാരണമെന്താണെന്നറിയാൻ ഒരു സാമൂതിരി ചില ജ്യോത്സ്യന്മാരെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോൾ തിരുമാന്ധാംകുന്നിലമ്മയുടെ അനുഗ്രഹമാണെന്ന് കണ്ടെത്തുകയുണ്ടായി. തുടർന്ന് വേഷപ്രച്ഛന്നനായി തിരുമാന്ധാംകുന്നിലെത്തിയ സാമൂതിരി, ദേവിയെ പ്രത്യക്ഷപ്പെടുത്തുകയും തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ കൊണ്ടുവന്നതാണ് ഈ ദേവിയെ എന്നാണ് വിശ്വാസം. തിരുമാന്ധാംകുന്നിലമ്മയ്ക്ക് നിത്യേന പ്രത്യേകപൂജകളും മണ്ഡലകാലത്ത് കല്ലാറ്റുകുറുപ്പന്മാരുടെ കളമെഴുത്തും പാട്ടും പതിവാണ്.
നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്. നിവേദ്യവസ്തുക്കൾ ഇവിടെയാണ് പാചകം ചെയ്യുന്നത്. വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും പണികഴിപ്പിച്ചിട്ടുണ്ട്. ശ്രീകോവിലിന് മുന്നിലായി ദീർഘചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. ഇവിടെയും ധാരാളം ദാരുശില്പങ്ങൾ കാണാൻ സാധിയ്ക്കും. എട്ടുതൂണുകളുള്ള ഈ മണ്ഡപത്തിലെ ഓരോ തൂണിലും ദീപലക്ഷ്മീരൂപങ്ങളുണ്ട്. മണ്ഡപത്തിന്റെ മച്ചിലാണെങ്കിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങളാണ്. മണ്ഡപത്തിൽ പതിവുപോലെ നന്ദിപ്രതിഷ്ഠയുമുണ്ട്. എന്നാൽ, മഹാദേവന് നേരെയല്ല നന്ദിപ്രതിഷ്ഠ, മറിച്ച് അല്പം തെക്കോട്ടുമാറിയാണ്. ഇങ്ങനെ വന്നതിനുപിന്നിലും ഒരു ഐതിഹ്യമുണ്ട്. ഇതും കാക്കശ്ശേരി ഭട്ടതിരിയുമായി ബന്ധപ്പെട്ടതാണ്. അതിങ്ങനെ: പട്ടത്താനത്തിന്റെ ഭാഗമായി തളിക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ഭട്ടതിരിയ്ക്ക്, കുട്ടിയായിരുന്നതിനാൽ ഭഗവാനെ കാണാൻ സാധിച്ചില്ല. അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട ഭഗവാൻ, നന്ദിയോട് മാറാൻ പറയുകയായിരുന്നത്രേ! കഥ എന്തായാലും ഇന്നും നന്ദി ഇങ്ങനെയാണ് ഇരിയ്ക്കുന്നത്. ദിവസവും നന്ദിയ്ക്ക് വിളക്കുവയ്പുണ്ടെന്നല്ലാത വിശേഷദിവസങ്ങളോ നിവേദ്യങ്ങളോ ഇല്ല.
ഗണപതിപ്രതിഷ്ഠകൾ
[തിരുത്തുക]തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായി കന്നിമൂല ഗണപതിയുടെ പ്രതിഷ്ഠയുണ്ട്. തളി ഗണപതി എന്ന പേരിലാണ് ഈ ഗണപതി അറിയപ്പെടുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ അഞ്ചാമനായ നാറാണത്ത് ഭ്രാന്തനാണ് ഇവിടെ ഈ ഗണപതിയെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സാധാരണ രൂപത്തിലുള്ള ഒരു ഗണപതിവിഗ്രഹമാണ് ഇവിടെയുള്ളത്. ഏകദേശം മൂന്നടി ഉയരം വരും. നാലുകൈകളോടുകൂടിയ ഗണപതിഭഗവാന്റെ പുറകിലെ വലതുകയ്യിൽ മഴു, പുറകിലെ ഇടതുകയ്യിൽ കയർ, മുന്നിലെ ഇടതുകയ്യിൽ മോദകം എന്നിവ കാണാം. മുന്നിലെ വലതുകൈ വരദമുദ്രാങ്കിതമാണ്. അപ്പമാണ് ഇവിടെ പ്രധാന വഴിപാട്. അതിനായി അരിയിടിയ്ക്കുന്നത് ഈ ശ്രീകോവിലിന്റെ മുന്നിൽ വച്ചുതന്നെയാകണമെന്നാണ് നിയമം. തലേന്നുതന്നെ അരിയിടിച്ച് പൊടിയാക്കി, പിറ്റേന്ന് തിടപ്പള്ളിയിൽ കൊണ്ടുപോയി ശർക്കരയും കദളിപ്പഴവും നാളികേരവും ചേർത്തുണ്ടാക്കി, അതിൽ ആദ്യം പാകമാകുന്ന അപ്പം ഇവിടെ നേദിയ്ക്കുന്നതാണ് ചടങ്ങ്. കൂടാതെ ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയും അതിവിശേഷമായ വഴിപാടുകളാണ്.
നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ ഒരു മുറിയിൽ അതിവിശേഷമായ ഒരു പ്രതിഷ്ഠയുണ്ട്. പത്തുകൈകളോടുകൂടിയ, പത്നീസമേതനായ ഗണപതിഭഗവാന്റെ പ്രതിഷ്ഠയാണിത്. തേവാരത്തിൽ ഗണപതി എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. ക്ഷേത്രം തന്ത്രിയായിരുന്ന ചേന്നാസ് നമ്പൂതിരിപ്പാട്, സ്വന്തം ഇല്ലത്തെ തേവാരപ്പുരയിൽ വച്ചുപൂജിച്ചിരുന്ന വിഗ്രഹമാണിത്. അതുമൂലമാണ് ഇത് തേവാരത്തിൽ ഗണപതി എന്നറിയപ്പെടുന്നത്. ഏകദേശം നാലടി ഉയരം വരുന്ന വിഗ്രഹം, പഞ്ചലോഹനിർമ്മിതമാണ്. വലതുഭാഗത്തുള്ള അഞ്ചുകൈകളിൽ പുറകിൽ നിന്നുള്ള ക്രമത്തിൽ ചക്രം, മഴു, ത്രിശൂലം, ഗദ, താമര എന്നിവയും; ഇടതുഭാഗത്തെ അഞ്ചുകൈകളിൽ ഇതേ ക്രമത്തിൽ ശംഖ്, കയർ, വാൾ, അമ്പും വില്ലും, മോദകം എന്നിവയും ധരിച്ച ഗണപതിഭഗവാൻ, ഏറ്റവും മുന്നിലുള്ള ഇടതുകൈ പത്നിയുടെ മടിയിൽ ചേർത്താണ് ധരിച്ചിരിയ്ക്കുന്നത്. ഈ നടയിൽ വച്ചാണ് ക്ഷേത്രത്തിലെ ഗണപതിഹോമം നടക്കുന്നത്. ഇത് നിന്നുകൊണ്ടാണ് നിർവഹിയ്ക്കുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്.
അകത്തെ ബലിവട്ടം
[തിരുത്തുക]ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ എന്നിവർ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ശ്രീകൃഷ്ണക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് മേൽപ്പറഞ്ഞ ദേവതകളെക്കൂടാതെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പം കൂടിയുണ്ട്. സപ്തമാതൃക്കൾക്ക് ബദലായി വടക്കുഭാഗത്താണ് ഇവർക്ക് സ്ഥാനമൊരുക്കിയിരിയ്ക്കുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകരായി ഗണപതിയും വീരഭദ്രനുമുള്ളതുപോലെ ഇവർക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാരുമുണ്ട്. ഇവരെ ബലിക്കല്ലുകളുടെ രൂപത്തിൽ കാണിയ്ക്കാറില്ല. എങ്കിലും ശീവേലിസമയത്ത് ഇവർക്കും സങ്കല്പത്തിൽ ബലിതൂകും.
നിത്യപൂജാക്രമങ്ങൾ
[തിരുത്തുക]രാവിലെയുള്ള പൂജകൾ
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് കോഴിക്കോട് തളി മഹാദേവക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ഏഴുതവണയുള്ള ശംഖുവിളിയോടെ ഭഗവാന്മാരെ പള്ളിയുണർത്തിയശേഷം നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്നുചാർത്തിയ അലങ്കാരങ്ങളോടുകൂടി നിൽക്കുന്ന ഭഗവദ്വിഗ്രഹങ്ങൾ ദർശിച്ച് ഭക്തർ മുക്തിയടയുന്നു. അതിനുശേഷം അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. എള്ളെണ്ണ, ശംഖതീർത്ഥം, ഇഞ്ച, സുവർണകലശത്തിലെ ജലം എന്നിവ കൊണ്ട് ക്രമത്തിൽ നടന്നുപോരുന്ന അഭിഷേകങ്ങൾ കഴിഞ്ഞാൽ ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. ഇവ കഴിയുമ്പോഴേയ്ക്കും സമയം അഞ്ചുമണിയായിട്ടുണ്ടാകും. പിന്നീട് പുതിയ അലങ്കാരങ്ങൾ ചാർത്തുന്നു. അഞ്ചരയോടെ നടയടച്ച് ഉഷഃപൂജ. ആദ്യം ശിവന്റെ നടയിലും പിന്നീട് കൃഷ്ണന്റെ നടയിലും നടത്തുന്ന ഉഷഃപൂജ സൂര്യോദയത്തിനുമുമ്പ് അവസാനിയ്ക്കുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഈ സമയത്തുതന്നെയാണ് ക്ഷേത്രത്തിലെ ഉപദേവതകളായ രണ്ട് ഗണപതിമാർ, മൂന്ന് ഭഗവതിമാർ, ശാസ്താവ്, നരസിംഹമൂർത്തി എന്നിവർക്ക് പൂജയുള്ളത്. എതിരേറ്റുപൂജ കഴിഞ്ഞാൽ രാവിലെ ഏഴുമണിയോടെ ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് ശീവേലി. ആദ്യം ക്ഷേത്രത്തിനകത്തും പിന്നീട് പുറത്തുമുള്ള ബലിക്കല്ലുകളിലായി മൊത്തം അഞ്ചുപ്രദക്ഷിണമാണ് ശീവേലിയ്ക്കുള്ളത്. മഹാദേവനെക്കൂടാതെ ശ്രീകൃഷ്ണന്നും ശീവേലി പതിവാണ്. ശീവേലി കഴിഞ്ഞാൽ ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം തുടങ്ങും. ഓം ത്രയംബകം യജാമഹേ എന്നുതുടങ്ങുന്ന മൃത്യുഞ്ജയമന്ത്രം നൂറ്റെട്ട് ഉരുവച്ച് ജപിയ്ക്കുന്ന ചടങ്ങാണ് മൃത്യുഞ്ജയഹോമം. ദീർഘായുസ്സിന് ഉത്തമമായി ഇത് കണക്കാക്കപ്പെടുന്നു. ഇതേ സമയം തന്നെ ശ്രീകൃഷ്ണക്ഷേത്രത്തിൽ ലക്ഷ്മീനാരായണപൂജയും നടത്തുന്നു. ഇത് കുടുംബസൗഖ്യത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു. മൃത്യുഞ്ജയഹോമം കഴിഞ്ഞാൽ ശിവക്ഷേത്രത്തിൽ ധാരയും അതിനുശേഷം നവകാഭിഷേകവും നടത്തുന്നു. ഇതിനുശേഷമാണ് പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളം വരുമ്പോൾ നടക്കുന്ന പൂജ എന്നാണ് പന്തീരടിപൂജയുടെ അർത്ഥം. ഇതും ആദ്യം ശിവന്റെ നടയിലാണ് നടത്തുന്നത്. ഇതിനുശേഷം പത്തുമണിയ്ക്ക് ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ടുള്ള പൂജകൾ
[തിരുത്തുക]വൈകീട്ട് അഞ്ചുമണിയ്ക്ക് ക്ഷേത്രനട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ശ്രീലകത്ത് കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്നത് ഈ സമയത്താണ്. മഹാദേവനെയും ശ്രീകൃഷ്ണനെയും കൂടാതെ നരസിംഹമൂർത്തിയ്ക്കും ദീപാരാധന നടത്താറുണ്ട്. ഈ സമയത്ത് ക്ഷേത്രത്തിനകത്തും പുറത്തുമുള്ള വിളക്കുകളെല്ലാം കൊളുത്തിവച്ചിട്ടുണ്ടാകും. അതിമനോഹരമായ ഒരു കാഴ്ചയാണിത്. ദീപാരാധന കഴിഞ്ഞാൽ ശിവക്ഷേത്രത്തിൽ ഉമാമഹേശ്വരപൂജയും ഭഗവതിസേവയും നടത്തുന്നു. അതിനുശേഷം ഏഴരമണിയോടെ അത്താഴപ്പൂജ തുടങ്ങുന്നു. ഇതും ആദ്യം ശിവന്റെ നടയിലാണ് നടത്തുക. തുടർന്ന് എട്ടുമണിയോടെ അത്താഴശീവേലി നടത്തുന്നു. രാവിലെയും ഉച്ചയ്ക്കുമുള്ള ശീവേലികളിൽ നിന്ന് വ്യത്യസ്തമായി അത്താഴശീവേലിയ്ക്ക് ഇരുഭഗവാന്മാർക്കും ഒന്നിച്ചാണ് എഴുന്നള്ളത്ത്. തന്മൂലം, ഈ സമയത്തെ ദർശനം അതിവിശേഷമായി കണക്കാക്കിവരുന്നു. വിശേഷാൽ വാദ്യങ്ങളോടെയുള്ള ഈ എഴുന്നള്ളത്തിനുശേഷം എട്ടേ ഇരുപതോടെ തൃപ്പുക തുടങ്ങുകയായി. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീലകത്ത് അഷ്ടഗന്ധം പുകയ്ക്കുന്നതാണ് ഈ ചടങ്ങ്. ഭഗവാന്മാരെ ഉറക്കുന്ന സങ്കല്പത്തിലുള്ള ചടങ്ങാണിത്. തളിയിൽ തൃപ്പുക തൊഴുന്നത് അതിവിശേഷമായി കണക്കാക്കിവരുന്നു. ആദ്യം ശിവന്റെയും പിന്നീട് ശ്രീകൃഷ്ണന്റെയും നടകളിൽ തൃപ്പുക നടത്തിയശേഷം രാത്രി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നതോടെ ഒരു ദിവസത്തെ ചടങ്ങുകൾക്ക് പരിസമാപ്തിയാകുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, ശിവരാത്രി, തിരുവാതിര, അഷ്ടമിരോഹിണി, രേവതി പട്ടത്താനം) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിൽ ധാരാളം താന്ത്രികക്രിയകൾ നടക്കുന്നതിനാൽ സമയമാറ്റം സ്വാഭാവികമാണ്. കൊടിയേറ്റദിവസം ദീപാരാധനയ്ക്കുശേഷം മുളപൂജയും പിന്നീട് ആചാര്യവരണം എന്ന ചടങ്ങുമുണ്ടാകും. മൂന്നുനേരവും വിശേഷാൽ ശ്രീഭൂതബലി ഈ ദിവസങ്ങളിൽ പതിവാണ്. ഉത്സവബലി ദിവസം ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്കാകും നടയടയ്ക്കുക. പള്ളിവേട്ടയ്ക്കും ആറാട്ടിനും നടയടയ്ക്കുമ്പോൾ അർദ്ധരാത്രിയാകും. ശിവരാത്രിനാളിൽ ശിവക്ഷേത്രവും അഷ്ടമിരോഹിണിനാളിൽ ശ്രീകൃഷ്ണക്ഷേത്രവും രാത്രി അടയ്ക്കാറില്ല. ശിവരാത്രിയ്ക്ക് രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകുമ്പോൾ അഷ്ടമിരോഹിണിയ്ക്ക് അവതാരസമയം കണക്കിലെടുത്തുള്ള വിളക്കെഴുന്നള്ളിപ്പുണ്ടാകാറുണ്ട്. തിരുവാതിരനാളിൽ ശിവന്റെ നടയിൽ അഖണ്ഡമായ ഭസ്മാഭിഷേകം പതിവാണ്. രേവതി പട്ടത്താനത്തിന്റെ സമയത്ത് പണ്ഡിതന്മാർക്ക് പണക്കിഴി കൊടുക്കുന്ന ചടങ്ങുള്ളതിനാൽ അതുകഴിഞ്ഞേ പൂജകളുണ്ടാകാറുള്ളൂ.
തന്ത്രി, മേൽശാന്തി, കീഴ്ശാന്തി
[തിരുത്തുക]ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം അടക്കം സാമൂതിരിയുടെ കീഴിലുള്ള പല പ്രധാന ക്ഷേത്രങ്ങളിലെയും താന്ത്രികാവകാശം വഹിയ്ക്കുന്ന പൊന്നാനി പെരുമ്പടപ്പ് ചേന്നാസ് മനയ്ക്കാണ് തളി ക്ഷേത്രത്തിലെയും താന്ത്രികാവകാശം നൽകിയിരിയ്ക്കുന്നത്. ഈ കുടുംബത്തിലെ പൂർവ്വികനായിരുന്ന ചേന്നാസ് രവിനാരായണൻ നമ്പൂതിരിപ്പാടാണ് ഇന്ന് കേരളത്തിലെ ഒട്ടുമിയ്ക്ക ക്ഷേത്രങ്ങളിലെയും ആരാധനാക്രമങ്ങൾ വിവരിയ്ക്കുന്ന തന്ത്രസമുച്ചയം എന്ന കൃതി രചിച്ചത്. സാമൂതിരിയുടെ സദസ്സിലെ പതിനെട്ടരക്കവികളിൽ പ്രധാനിയായിരുന്ന ചേന്നാസിനെ, ചാക്യാർക്കൂത്തിനെഴുതിയ പ്രഹസനത്തിൽ തന്നെ വിമർശിച്ചെന്ന പേരിൽ അന്നത്തെ സാമൂതിരി തടവിൽ വയ്ക്കുകയും, ശിക്ഷയായി ഒരു വിശേഷാൽ താന്ത്രികഗ്രന്ഥം തയ്യാറാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്ന കഥയുണ്ട്. ശിവൻ, വിഷ്ണു, ശങ്കരനാരായണൻ, ദുർഗ്ഗ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ഏഴുദേവതകളുടെ ആരാധനാക്രമങ്ങളാണ് ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത്. തുടർന്ന്, തന്റെ സാമ്രാജ്യത്തിലുള്ള ക്ഷേത്രങ്ങളിൽ തന്ത്രസമുച്ചയം നിർബന്ധമാക്കിക്കൊണ്ട് സാമൂതിരി വിളംബരം പുറപ്പെടുവിച്ചു. പിന്നീട് രവിനാരായണൻ നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശങ്കരൻ നമ്പൂതിരിപ്പാട്, ഇതിന്റെ തുടർച്ചയായി ശേഷസമുച്ചയം എന്ന കൃതിയും രചിച്ചു. തന്ത്രസമുച്ചയത്തിൽ പറയാത്ത ചില ദേവീദേവന്മാരെയാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. വിശേഷദിവസങ്ങളിൽ മാത്രമേ ഇവിടെ തന്ത്രിപൂജ നടത്താറുള്ളൂ. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം വകയാണ്.
ഉത്സവങ്ങൾ
[തിരുത്തുക]കൊടിയേറ്റുത്സവം
[തിരുത്തുക]മേടമാസത്തിൽ വിഷുനാളിൽ കണികണ്ട് കൊടികയറി എട്ടാം ദിവസം ആറാട്ടോടെ സമാപിയ്ക്കുന്ന ഉത്സവമാണ് തളി ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. അങ്കുരാദിമുറയനുസരിച്ച് (മുളയിട്ടുതുടങ്ങുന്ന മുറ) നടക്കുന്ന ഈ ഉത്സവത്തോടനുബന്ധിച്ച് നിരവധി വിശേഷാൽ പൂജകളും കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകും. കോഴിക്കോട് നഗരത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ് തളിയിലെ ഉത്സവം.
ശിവരാത്രി
[തിരുത്തുക]അഷ്ടമിരോഹിണി
[തിരുത്തുക]വഴിപാടുകൾ
[തിരുത്തുക]ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.
എത്തിചേരാൻ,
[തിരുത്തുക]കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ലിങ്ക് റോഡ്, കണ്ടംകുളം റോഡ് വഴി ഒരു കിലോമീറ്റർ വടക്കുകിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൊഫ്യൂസൽ ബസ് സ്റ്റാന്റിൽ നിന്നും ചിന്താവളപ്പ് ജംഗ്ഷൻ വഴി ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാട്ട് വന്നാലും തളിമഹാക്ഷേത്രത്തിൽ എത്താം.
നവീകരണം
[തിരുത്തുക]കോഴിക്കോട് മിശ്കാൽ പള്ളിയുടെയും തളി ക്ഷേത്രത്തിന്റെയും നവീകരണം പൂർത്തിയായ പ്രഖ്യാപനം 11/11/11 ന് കോഴിക്കോട് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുക്കുന്ന സ്നേഹസംഗമം പരിപാടിയിൽ വെച്ച് നടത്തി.[4].
അവലംബം
[തിരുത്തുക]- ↑ "Thali temple, Calicut". calicut.net. calicut.net. Archived from the original on 2009-10-11. Retrieved 2009-10-19.
- ↑ "Thali Shiva temple". keralatourism.org. keralatourism.org. Archived from the original on 2011-09-29. Retrieved 2009-10-19.
- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-14. Retrieved 2011-11-11.