Jump to content

മൈസൂർ ദസറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ ദസറ
Mysore Dasara procession
ഇതരനാമംJamboo Savāri
തരം Cultural, Religious (Hindu)
പ്രാധാന്യംMarking the victory of good over evil
ആഘോഷങ്ങൾlighting Mysuru Palace, Ramayana theatre, mela (fairs), processions and parades
ആരംഭംSeptember/October per Hindu calendar
അവസാനം10 days later
ആവൃത്തിAnnual
First timeOctober 1610
ബന്ധമുള്ളത്Devi (goddess Shakti or Durga), The Ramayana, the Vijayanagara Empire, the Kingdom of Mysore, the Wadiyar Dynasty


മൈസൂർ ദസറ

തെക്കേ ഇന്ത്യൻ സംസ്ഥാനമായ കർണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂർ ദസറ (നടഹബ്ബ). മൈസൂരിലാണ് പ്രസിദ്ധമായ ഈ ഉത്സവം നടക്കുന്നത്. മലയാളികൾ ഉൾപ്പെടെ ധാരാളം സഞ്ചാരികൾ ഈ ദിവസങ്ങളിൽ മൈസൂരിൽ എത്തിച്ചേരാറുണ്ട്. ഇതിനെ നവരാത്രി (ഒൻപത് രാത്രികൾ) എന്നും വിളിക്കുന്നു. ഇതിൻറെ അവസാന ദിവസം ദസറയുടെ ഏറ്റവും വിശിഷ്ട ദിവസമായ വിജയദശമിയാണ്. സാധാരണയായി സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലാണ് ദസറ വരുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിൻറെ പ്രധാന ആകർഷണം. 100,000 ബൾബുകൾ ഉപയോഗിച്ചു ദിവസവും വൈകീട്ട് 7 മണി മുതൽ 10 മണി വരെ പ്രകാശിക്കുന്ന മൈസൂർ പാലസാണ്. ഇതിന്റെ പണികൾക്ക് മാത്രമായി എല്ലാ വർഷവും 10 മില്യൺ രൂപ ചിലവഴിക്കുന്നു. [1] പ്രകാശപൂരിതമായ പാലസിനു മുന്നിൽ കർണാടക സംസ്ഥാനത്തിൻറെ സാംസ്കാരികതയും മതപരമായതുമായ വിവിധ നൃത്ത, സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. ഗംഭീരമായ ഘോഷയാത്രകൾ, മേളകൾ, പ്രദർശനങ്ങൾ എന്നിവയാൽ മൈസൂരു ദസറ ആനന്ദിപ്പിക്കുന്ന ഒന്നാണ്. മൈസൂർ ദസറയുടെ പത്ത് ദിവസങ്ങളിൽ, പ്രദേശത്തുടനീളം നടക്കുന്ന നിരവധി പരിപാടികളും ആഘോഷങ്ങളും നിങ്ങൾക്ക് കാണാം. ആന, കുതിര പരേഡുകളും കായിക മത്സരങ്ങളും ചലച്ചിത്രമേളകളും മുതൽ പൈതൃക ടൂറുകൾ, യോഗ, ഗുസ്തി എന്നിവ വരെ ഇവിടെ ഈ സമയങ്ങളിൽ ഉണ്ടാകാറുണ്ട്.

ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മൈസൂർ കൊട്ടാരം. പ്രതിവർഷം 27 ലക്ഷത്തോളം സഞ്ചാരികൾ ഈ കൊട്ടാരം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊട്ടാരത്തിനകത്ത് ചിത്രീകരണം അനുവദിച്ചിട്ടില്ല. ഇന്ത്യൻ സഞ്ചാരികളിൽനിന്ന് 40 രൂപ പ്രവേശന തുകയായ് ഈടക്കുമ്പോൾ വിദേശീയരിൽനിന്ന് 200 രൂപയാണ് ഈടാക്കുന്നത്. കൊട്ടാരത്തിനകത്ത് പാദരക്ഷകളും അനുവദിച്ചിട്ടില്ല. 2010-ൽ ദസറ ആഘോഷങ്ങളുടെ 400-ആമത് വാർഷികമായിരുന്നു.

ജംബു സവാരി​

[തിരുത്തുക]

​ദസറ ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ജംബു സവാരി എന്ന ഘോഷയാത്ര. വർണ്ണാഭമായ അലങ്കാരങ്ങളാൽ ഒരുക്കിയ 12-ഓളം ആനകളാണ് ഈ ഘോഷയാത്രയുടെ മുഖ്യ ആകർഷണം. കൂട്ടത്തിലെ പ്രധാന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ രൂപമുണ്ടാകും. മൈസൂർ കൊട്ടാരത്തിൽ നിന്ന് ബന്നിമണ്ടപ്പിലേക്കാണ് ഘോഷയാത്ര. ഘോഷയാത്രയിലുടനീളം പരമ്പരാഗത നൃത്തങ്ങൾ, സംഗീത പരിപാടികൾ, ആയുധ പ്രകടനങ്ങൾ എന്നിവയുണ്ടാകും. ആഘോഷങ്ങളുടെ മറ്റൊരു അവിഭാജ്യ ഘടകമാണ് പീരങ്കി വെടിക്കെട്ട്. പീരങ്കി വെടിയുടെ ശബ്ദത്തിനിടയിലാണ് സംഗീതവാദ്യ കലകളുടെയും നൃത്തനൃത്ത്യങ്ങളുടെയും അകമ്പടിയോടെ ജംബു സഫാരി നടക്കുന്നത്. കൂടാതെ 21 ഗൺ സല്യൂട്ടുകളും നടത്തുന്നുണ്ട്. ദേശീയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ സിറ്റി ആംഡ് റിസർവ് പോലീസ് ഉദ്യോഗസ്ഥരാണ് ഈ സല്യൂട്ട് നടത്തുന്നത്.

​ജംബു സവാരിക്ക് മുമ്പ് മൈസൂർ കൊട്ടാരത്തിൽ രാജദമ്പതികളുടെ നേതൃത്വത്തിൽ ചാമുണ്ഡേശ്വരിയെ ആരാധിക്കുന്നു. ജംബു സവാരി ഘോഷയാത്ര വിശാലമായ ബന്നിമണ്ടപ്പ് മൈതാനത്തേക്ക് കടന്ന് കഴിഞ്ഞാൽ ഇവിടുത്തെ ടോർച്ച് ലൈറ്റ് പരേഡോടെ അവസാനിക്കുന്നത്. ഈ മിന്നുന്ന തിളങ്ങി നിൽക്കുന്ന ദീപാലങ്കാര ഘോഷയാത്രയിൽ കർണാടക സംസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഒരു നേർക്കാഴ്ച നൽകുന്നു. മനോഹരമായ വർണ്ണപടക്കങ്ങൾ, ബൈക്ക് ഷോകൾ, സാംസ്‌കാരിക പരിപാടികൾ, ലേസർ ഷോകൾ എന്നിവ ഉണ്ടാകും. പത്ത് ദിവസത്തെ മൈസൂർ ദസറ ആഘോഷത്തിന് തിരശ്ശീല വീഴ്ത്തുന്ന ഉത്സവത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമാണ് ഇത്.

എക്സിബിഷനുകൾ

[തിരുത്തുക]

​​​​ദസറ സമയങ്ങളിൽ ദൊഡ്ഡകെരെ മൈതാനിയിൽ ആകർഷകമായ എക്‌സിബിഷനുകൾ നടക്കുന്നു. ഇത് മൈസൂർ ദസറയിൽ സമയത്താണ് ആരംഭിക്കുന്നതെങ്കിലും ഈ പ്രദർശനങ്ങൾ ഡിസംബർ വരെ കാണാൻ അവസരമുണ്ടാകും. ഈ എക്‌സിബിഷനുകളിൽ സാംസ്‌കാരികവും മതപരവുമായ പൈതൃകത്തെ ഏറ്റവും മനോഹരമായി പ്രദർശിപ്പിക്കുന്നു. വസ്ത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ ഇങ്ങനെ പലതരത്തിലുള്ള ഷോപ്പിംഗ് അവസരങ്ങളുമുണ്ട്. ഫെറിസ് വീലും മറ്റ് റൈഡുകളും പോലെ വിനോദത്തിനും ധാരാളം ഓപ്ഷനുകൾ ഉണ്ട്. രുചികരമായ പലഹാരങ്ങളും സവിശേഷമായ ഭക്ഷണങ്ങളും ലഭ്യമാണ്.

ദസറ ഗുസ്തി​

[തിരുത്തുക]

പരമ്പരാഗത ദസറ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് ഗുസ്തി. പുരാതന കലയായ ഗുസ്തിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിപാടി നട കുസ്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്തുടനീളമുള്ള ഗുസ്തിക്കാർ മൈസുരു ദസറ ഗുസ്തിയിൽ പങ്കെടുക്കാൻ എത്താറുണ്ട്.


പുഷ്പമേള

[തിരുത്തുക]

ഈ സമയത്ത് സന്ദർശകരെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് മൈസൂരു ദസറ പുഷ്പമേള. ഇത് സാധാരണയായി നിഷാദ് ഭാഗിലോ കുപ്പണ്ണ പാർക്കിലോ ആണ് നടക്കുന്നത്. വിസ്മയകരമായ കാഴ്ചകൾ ഒരുക്കുന്ന പുഷ്പങ്ങളുടെ അതി വിപുലമായ ശേഖരം ഈ മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

പുരാണം, ഐതീഹ്യം

[തിരുത്തുക]

ഹൈന്ദവ വിശ്വാസം അനുസരിച്ചു തിന്മയ്ക്കു മുകളിൽ സത്യത്തിന്റെ വിജയമാണ് വിജയദശമി സൂചിപ്പിക്കുന്നത്. ആ ദിവസമാണ് ശക്തിസ്വരൂപിണിയായ ഭഗവതി കുന്നിന് മുകളിൽ വച്ചു മഹിഷാസുരനെ വധിച്ചത്. മൈസൂർ ദസറ ആഘോഷം മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരിയുടെ വിജയത്തെ അടയാളപ്പെടുത്തുന്നു. ദുർഗ്ഗാദേവിയുടെ രൗദ്രഭാവത്തിലുള്ള കാളീരൂപമായ ചാമുണ്ഡേശ്വരിയെ ആരാധിക്കുകയും ഒപ്പം രാക്ഷസ നിഗ്രഹത്തിൽ സന്തോഷവരായ ജനങ്ങളുടെ ആഹ്ലാദത്തെയും കാണിക്കുന്നതിനാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. മഹിഷന്റെ ഊരാണ് മഹിഷൂരു എന്നറിയപ്പെട്ടിരുന്നത് എന്ന് ഐതിഹ്യം. ബ്രിട്ടീഷുകാർ മൈസൂർ എന്ന നാമകരണം ചെയ്ത നഗരം മൈസൂരു എന്ന് കർണാടക സർക്കാർ പുനർ നാമകരണം ചെയ്തു. [2]

മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം

[തിരുത്തുക]

മൈസൂർ കൊട്ടാരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെ ചാമുണ്ഡി ഹിൽസിലാണ് പ്രസിദ്ധമായ ചാമുണ്ഡേശ്വരി ക്ഷേത്രം നിലകൊള്ളുന്നത്. ശക്തി പീഠങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലാണ് ആദിപരാശക്തിയായ ഭഗവതിയുടെ പ്രതിഷ്ഠ ഉള്ളത്. മൈസൂർ ദസറയിൽ ഈ ഭഗവതിയാണ് ആരാധിക്കപ്പെടുന്നത്. ദസറ സമയത്ത് വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദസറയുടെ ഏഴാം ദിവസം മൈസൂർ കൊട്ടാരത്തിൽ നിന്നും കൊണ്ടുവരുന്ന പ്രത്യേക ആഭരണങ്ങൾ അണിയിച്ചു ഭഗവതിയെ കാലരാത്രി അഥവാ മഹാകാളി ഭാവത്തിൽ ആരാധിക്കുന്നു.

ചരിത്രം

[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ട് മുതൽ തന്നെ വിജയനഗർ രാജാക്കന്മാർ ദസറ ഉത്സവങ്ങൾ ആരംഭിച്ചിരുന്നു. [3]

തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം. വിജയനഗരം എന്നത് തലസ്ഥാന നഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നു കിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണ്). ശിലാലിഖിതങ്ങൾ, ഡൊമിംഗോ പയസ്, ഫെർണോ നുനെസ് നിക്കൊളോ ഡ കോണ്ടി, അബ്ദുർ റസ്സാക്, ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും, ഫരിഷ്തയുടെ ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിൻറെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

മൈസൂർ ദസറയോടനുബന്ധിച്ചു ബാംഗ്ലൂർ ജെ.സി. നഗറിലെ ഉത്സവം ""ഊരു ഹബ്ബ"" എന്നറിയപ്പെടുന്നു. 1914 ൽ ലോകമഹായുദ്ധം തുടങിയപ്പോൾ അന്നത്തെ മൈസൂർ മഹാരാജാവായിരുന്ന കൃഷ്ണരാജ വാഡിയാർ ബ്രിട്ടീഷുകാരുടെ സഹായത്തിനായി തന്റെ സൈന്യത്തെയും കുതിരകളേയും കാളകളേയും അയക്കുവാൻ തീരുമാനിക്കുന്നു. അന്നത്തെ ഒരു ധനികന്റെ പേരിലറിയപ്പെട്ടിരുന്ന മുനിറെഡ്ഡിപല്യ എന്ന ഗ്രാമത്തിലെ ഗുൻഡുമുനീശ്വര എന്ന ക്ഷേത്രത്തിലായിരുന്നു മഹാരാജാവു പ്രാർത്തന നടത്തിയതു. കൃഷ്ണരാജ വാഡിയാർ ക്ഷേത്രത്തിൽ പോയി ബ്രിട്ടീഷുകാരുടെ വിജയത്തിനുവേണ്ടി പ്രാർത്തിക്കുകയും വിജയിക്കുകയാണെങ്കിൽ തന്റെ സൈന്യവും പ്രജകളും മൂർത്തിയെ തോളിലേറ്റി നടക്കാമെന്നു പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. ആ യുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിക്കുകയും രാജാവു പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നു. അന്നുമുതൽ എല്ലാ വർഷവും ഊരു ഹബ്ബ വാർഷിക ഉത്സവത്തിലൂടെ ഈ ദിനം സ്മരിക്കപ്പെടുന്നു.

ജയചാമരാജേന്ധ്ര വാഡിയാർ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ദസറ ഉത്സവത്തിനു തുടക്കം കുറിക്കുകയും എല്ലാ വർഷവും പതിവായി നടത്തുവാനുള്ള അനുമതി കൊടുക്കുകയുംചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Mysore Dasara, Nadahabba, Mysore Royal Festival, Karnataka State Festival". mysoredasara.org. Archived from the original on 2012-08-29. Retrieved 08 Dec 2016. {{cite web}}: Check date values in: |accessdate= (help)
  2. "400th Mysore Dasara begins today". The Times Of India. 08 Dec 2016. Archived from the original on 2011-11-06. Retrieved 2016-12-08. {{cite news}}: Check date values in: |date= (help)
  3. "A.V. Narasimha Murthy, "Dasara 500 years ago", ourkarnataka.com". Archived from the original on 2012-10-04. Retrieved 2016-12-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈസൂർ_ദസറ&oldid=4286617" എന്ന താളിൽനിന്ന് ശേഖരിച്ചത്