വിവേകാനന്ദ പ്രതിമ (കവടിയാർ)
തിരുവനന്തപുരത്ത് കവടിയാർ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന് മുന്നിലായി, തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള വിവേകാനന്ദ ഉദ്യാനത്തിനുള്ളിൽ വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നു. [1]
തുടക്കം
[തിരുത്തുക]വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഒരു പ്രതിമ സ്ഥാപിക്കുക എന്നതായിരുന്നു തുടക്കത്തിലെ ആശയം. ഒൻപത് ദിവസം വിവേകാനന്ദൻ തങ്ങിയ അനന്തപുരിയിൽ അദ്ദേഹത്തിന്റെ സമുചിതമായ പ്രതിമ വേണമെന്നത് ദീർഘനാളത്തെ ആവശ്യമായിരുന്നു. [2]
20 ലക്ഷത്തോളം രൂപയുടെ ചെലവ് പ്രതീക്ഷിച്ച് മുന്നോട്ടു പോയ പദ്ധതിക്ക് വൻ പിന്തുണ ലഭിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ ചെലവ് ഒരു കോടി രൂപയായി പുനർനിർണ്ണയിച്ചത്. വിവേകാനന്ദ പ്രതിമ എന്നതിലുപരി അനശ്വര സ്മാരകം എന്ന നിലയിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. [3]
നിർമ്മാണം
[തിരുത്തുക]കന്യാകുമാരി വിവേകാനന്ദ ശിലാസ്മാരകത്തിലെ പ്രതിമയുടെ തനിമാതൃകയിലാണ് പ്രതിമയുടെ നിർമ്മാണം. ശിൽപി ദക്ഷിണാമൂർത്തിയുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം. കന്യാകുമാരിയിലെ വിവേകാനന്ദ പ്രതിമ നിർമ്മിച്ചത് ദക്ഷിണാമൂർത്തിയുടെ പിതാവാണ്. കേരളത്തിന്റെ തനതായ വാസ്തുവിദ്യയും ശിൽപചാതുര്യവും സമന്യയിക്കുന്ന കൃഷ്ണശിലാ മണ്ഡപത്തിലാണ് പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. [4]
40 അടി ഉയരത്തിലുള്ളതാണ് മണ്ഡപം. തറനിരപ്പിൽ നിന്ന് അഞ്ച് അടി ഉയരത്തിൽ സോപാനം. 14 ചതുരശ്ര അടി വലിപ്പമുള്ള സോപാനത്തിൽ രണ്ടടി ഉയരത്തിലുള്ള പീഠത്തിലാണ് പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. കരിങ്കൽ തൂണുകൾക്ക് 20 അടി വീതമാണ് ഉയരം. മകുടത്തിന് മാത്രം രണ്ടടി ഉയരമുണ്ട്. സ്വാമി വിവേകാനന്ദന്റെ ഉപപീഠം, പത്മപാദുകം, സോപാനം, തൂണുകൾ എല്ലാം കൃഷ്ണശിലയിൽ പരമ്പരാഗത രീതീയിൽ കൊത്തിയെടുത്തതാണ്. [5]
തമിഴ്‌നാട്ടിലെ മെയിലാടിയിൽ നിന്ന് 100 ടൺ കൃഷ്ണശിലകളാണ് നിർമ്മാണത്തിന് കൊണ്ടുവന്നത്. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂരിലെ ആലയിലാണ് കൊത്തുപണികൾ പൂർത്തിയാക്കിയത്. മണ്ഡപത്തിന്റെ രണ്ട് തട്ടായുള്ള ഗോപുരം മുഴുവൻ ചെമ്പ് പാളികൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. രണ്ടു ടണ്ണിലധികം ചെമ്പാണ് ഇതിനായി ഉപയോഗിച്ചത്. ഒരു കോടി രൂപയിലധികമാണ് പ്രതിമയുടെ നിർമ്മാണ ചെലവ്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിർമ്മിച്ച പ്രതിമ റോഡ്മാർഗ്ഗമാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
ഉദ്ഘാടനം
[തിരുത്തുക]2013ൽ വിവേകാനന്ദ സ്വാമിയുടെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷിക തീയതി കൂടിയായ സെപ്റ്റംബർ 11ന് അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. ഹമീത് അൻസാരി ഒരു കോടിയിലതികം രൂപാ ചെലവിൽ നിർമ്മിച്ച വിവേകാനന്ദ പ്രതിമ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ പ്രസംഗിച്ച അതേദിവസം അതേസമയത്താണ് പ്രതിമ പാർക്കിൽ സ്ഥാപിച്ചത്. പാർക്കിന് 'വിവേകാനന്ദ ഉദ്യാനം' എന്ന് പുനർനാമകരണം ചെയ്തു. [6]
വിവേകാനന്ദ ഉദ്യാനം
[തിരുത്തുക]151-ാം വിവേകാനന്ദ ജയന്തി ദിനത്തിൽ തിരുവനന്തപുരം നഗരസഭ പാർക്കിന് വിവേകാനന്ദ ഉദ്യാനം എന്ന് പേര് നൽകി. ആദ്യകാലത്ത് പാർക്കിന്റെ സംരക്ഷണ ചുമതല ഹിന്ദുസ്ഥാന ലാറ്റക്സിനായിരുന്നു. ഇപ്പോൾ, പാർക്കിന്റെ സംരക്ഷണച്ചുമതല ഭാരതീയ വിചാര കേന്ദ്രവും കന്യാകുമാരിയിലുള്ള വിവേകാനന്ദ കേന്ദ്രവും ചേർന്നാണ് നടത്തുന്നത്. [7]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-30. Retrieved 2019-07-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-30. Retrieved 2019-07-30.
- ↑ http://www.newindianexpress.com/cities/thiruvananthapuram/2013/sep/06/Swami-Vivekanandas-statue-to-be-unveiled-on-September-11-514072.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-30. Retrieved 2019-07-30.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-30. Retrieved 2019-07-30.
- ↑ https://www.vrmvk.org/content/vice-president-unveil-swami-vivekananda-statue
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-30. Retrieved 2019-07-30.