കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കൊച്ചുവേളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം നോർത്ത് തീവണ്ടി നിലയം. ഇത് തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയത്തിന് വടക്കുള്ള ടെർമിനൽ സംവിധാനമുള്ള ഒരു പ്രധാനപ്പെട്ട തീവണ്ടി നിലയമാണ്. നേരത്തെ സ്ഥല നാമമായ കൊച്ചുവേളിയുടെ പേരിൽ ആയിരുന്നു ഈ റെയിൽവേ സ്റ്റേഷൻ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ആ പേരിൽ ഒരു തീവണ്ടി നിലയം ഇല്ല. 2024 ഒക്ടോബറിൽ ഔദ്യോഗികമായി പുനർനാമകരണം ചെയ്യപ്പെട്ടത്തോടെ തിരുവനന്തപുരം നോർത്ത് എന്ന് ഈ ടെർമിനൽ റെയിൽവേ സ്റ്റേഷൻ അറിയപ്പെടുന്നു. 11 എക്സ്പ്രസ്സ് തീവണ്ടികളും ഒരു പാസഞ്ചർ തീവണ്ടിയും ഇവിടെ നിന്നും പുറപ്പെടുന്നു. ഇതിൽ മൈസൂർ (ബാംഗ്ലൂർ എക്സ്പ്രസ്സ്), നിലമ്പൂർ എന്നിവിടങ്ങളിലേക്കുള്ള രണ്ട് ദിവസേനയുള്ള എക്സ്പ്രസ്സുകൾ, നാഗർകോവിൽ പാസൻജർ, ഗരീബ് രഥ്, അന്ത്യോദയ, കേരള സമ്പർക്ക്ക്രാന്തി, ഹംസഫർ തുടങ്ങിയ പ്രധാനപെട്ട തീവണ്ടികളും ഉൾപ്പെടുന്നു.