ദേശീയപാത 44 (ഇന്ത്യ)
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയാണ് എൻ.എച്ച്-44. ഇന്ത്യയുടെ വടക്കേയറ്റത്തെയും തെക്കേയറ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേയാണ്. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും ആരംഭിക്കുന്ന ഈ ഹൈവേ ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ അവസാനിക്കുന്നു. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങി മൊത്തത്തിൽ 11 സംസ്ഥാനങ്ങളിലൂടെ ഈ ഹൈവേ കടന്നു പോകുന്നുണ്ട്.
ഏഴു നാഷണൽ ഹൈവേകൾ (ചിലത് മുഴുവനായും, ചിലത് ഭാഗികമായും) ഒന്നിച്ചു ചേർത്തുകൊണ്ടാണ് ഏറ്റവും നീളം കൂടിയ ഈ നാഷണൽ ഹൈവേ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. NH 1A, NH 1, NH 2, NH 3, NH 75, NH 26, NH 7 തുടങ്ങിയവയാണ് അവ. ഇന്ത്യയുടെ വടക്ക് – തെക്ക് ഇടനാഴികളെ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ 44-നു മൊത്തത്തിൽ 3745 കിലോമീറ്റർ നീളമുണ്ട്. കർണാടകയെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ബെംഗളൂരു – ഹൊസൂർ റോഡ്, നാഷണൽ ഹൈവേ 44 ന്റെ ഭാഗമാണ്. പുൽവാമ ഭീകരാക്രമണം നടന്നത് നാഷണൽ ഹൈവേ 44-ൽ വെച്ചായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കപാതയായ ചെനാനി–നഷ്റി തുരങ്കം ഈ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്.
തമിഴ്നാട്ടിലൂടെയാണ് നാഷണൽ ഹൈവേ 44 കൂടുതൽ ദൂരം കടന്നുപോകുന്നത് (627 കി.മീ). ഏറ്റവും കുറവ് ദൂരം കടന്നുപോകുന്നത് കർണാടക സംസ്ഥാനത്തിലൂടെയും (125 കി.മീ) ആണ്. സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് (CPWD) ആണ് ഈ ഹൈവേ പൂർത്തിയാക്കിയതും പരിപാലിക്കുന്നതുമെല്ലാം. ഏഷ്യ, യൂറോപ്പ്, ഐക്യരാഷ്ട്ര സംഘടന എകണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫിക് (ESCAP) എന്നിവയിൽ പെടുന്ന രാജ്യങ്ങൾ തമ്മിൽ സഹകരിച്ച് രൂപം നൽകിയിരിക്കുന്ന ഒരു പദ്ധതിയായ ഏഷ്യൻ ഹൈവേ (AH) യുടെ ഇന്ത്യയിലെ പ്രധാന ഭാഗമാണ് നാഷണൽ ഹൈവേ 44.[1]
പാത കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, പാനിപ്പത്ത്, ഡൽഹി, ഫരീദാബാദ്, മഥുര (ഉത്തർപ്രദേശ്), ആഗ്ര, ഗ്വാളിയോർ, നാഗ്‌പൂർ, ഹൈദരാബാദ്, കുർണൂൽ, അനന്ത്പൂർ, ബെംഗളൂരു, സേലം, നാമക്കൽ, കാരൂർ, ഡിണ്ടിഗൽ, മധുര, തിരുനെൽവേലി, കന്യാകുമാരി എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ ഈ ദേശീയ പാത കടന്നുപോകുന്നു.
അവലംബം
[തിരുത്തുക]- ↑ "ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ". techtraveleat.com.