സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ | |
---|---|
ജനനം | അയ്യപ്പൻ ഓഗസ്റ്റ് 21, 1889 |
മരണം | 6 മാർച്ച് 1968 | (പ്രായം 77)
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | അയ്യപ്പൻ മാസ്റ്റർ പുലയനയ്യപ്പൻ |
തൊഴിൽ | സാമൂഹ്യപരിഷ്കർത്താവ്, രാഷ്ട്രീയപ്രവർത്തകൻ, നിയമസഭാസാമാജികൻ,അദ്ധ്യാപകൻ |
അറിയപ്പെടുന്നത് | സാമൂഹികപരിഷ്കർത്താവ്, യുക്തിവാദി, സയൻസ് പ്രചാരകൻ |
ജീവിതപങ്കാളി(കൾ) | ഇ.എ.പാർവ്വതി |
കുട്ടികൾ | ഐഷ സുഗതൻ |
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ.എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി 1889 ഓഗസ്റ്റ് 22-ന് അയ്യപ്പൻ ജനിച്ചു.[3]"ഒരു ജാതി ഒരു മതം മനുഷ്യന്" എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.[4] ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു.[5] ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി.[6][7] കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു.[8] കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ മിശ്രഭോജനം എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന റഷ്യൻവിപ്ലവത്തിന്റെ ആദ്യഘട്ടവും ഒരു കാരണമായിരിക്കാം.[9] 1920കൾ മുതൽ ദേശീയമായി പടർന്നു പന്തലിച്ച അംബേദ്കർ പ്രസ്ഥാനത്തോട് ഐക്യപ്പെട്ട കേരളീയനാണ് സഹോദരൻ അയ്യപ്പൻ[അവലംബം ആവശ്യമാണ്]. അതുപോലെ ബുദ്ധമത ചിന്തയെ കേരളത്തിൽ നവീകരിച്ചു കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകയ്യെടുത്തു.
ആദ്യകാലജീവിതം
[തിരുത്തുക]എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി 1889 ഓഗസ്റ്റ് 22-ന് അയ്യപ്പൻ ജനിച്ചു.[3][10] കൊച്ചാവു-ഉണ്ണൂലി ദമ്പതികളുടെ ഒമ്പതു മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു അയ്യപ്പൻ.[11] അയ്യപ്പന് രണ്ടുവയസ്സുള്ളപ്പോൾത്തന്നെ പിതാവ് അകാലചരമമടഞ്ഞു. പിന്നീട് അയ്യപ്പൻ, ജ്യേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ് വളർന്നത്. പ്രചോദനമായിരുന്ന ജ്യേഷ്ഠൻ അയ്യപ്പന്റെ വളർച്ചയിൽ വളരെ വലിയ പങ്കു വഹിച്ചു.[12] അനുസരണശീലവും കൃത്യനിഷ്ഠയും ആ പ്രകൃതത്തിൽ കലർന്നിരുന്നു. അതുകൊണ്ടു എല്ലാവർക്കും ആ ബാലനെ വളരെയധികം ഇഷ്ടമായിരുന്നു. ചെറായിയിൽ കണ്ണുആശാന്റെ കളരിയിൽ ആദ്യം ചേർന്നു. അവിടെ വെച്ച് നിലത്തെഴുത്ത് പഠിച്ചുതീർത്തതിനുശേഷം ചെറായിയിൽ തന്നെയുള്ള കൊച്ചുപിള്ള ആശാന്റെ കളരിയിൽ ചേർന്ന് ഔഷധിവർഗവും അമരകോശവും പഠിച്ചു.[13]
വിദ്യാഭ്യാസം
[തിരുത്തുക]ചെറായിയിൽ അച്യുതൻ വൈദ്യരുടെ ഉത്സാഹത്തിൽ തുടങ്ങിയ വിദ്യാലയത്തിൽ ഒരു വർഷത്തെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ ഇംഗ്ലീഷ് ഹൈസ്കൂളിൽ അയ്യപ്പന്റെ താൽപര്യപ്രകാരം ഇംഗ്ലീഷ് പഠിക്കാനായി ചേർന്നു. ഹൈസ്കൂളിൽ ചരിത്രവും സംസ്കൃതവുമാണ് ഐഛികമായി എടുത്തു പഠിച്ചത്. പറവൂരിലെ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജാതിചിന്തയുടെ നീച ലക്ഷണങ്ങൾ അയ്യപ്പൻ കണ്ടു തുടങ്ങിയിരുന്നു. പറവൂരിലേക്കു പോകുന്നവഴി നായന്മാർക്ക് അയ്യപ്പനും മറ്റു താഴ്ന്ന ജാതിയിലെക്കുട്ടികളും വഴി മാറിക്കൊടുക്കേണ്ടിവന്നിരുന്നു.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. തർക്കശാസ്ത്രം, സംസ്കൃതം, മലയാളം എന്നീ വിഷയങ്ങളാണ് ഐഛികമായി തിരഞ്ഞെടുത്തത്. കോളേജിനു തന്നെ അടുത്തുള്ള ഒരു വീട്ടിലാണ് അയ്യപ്പൻ താമസിച്ചിരുന്നത്. ഈ സമയത്താണ് അയ്യപ്പനിൽ പുസ്തകപാരായണശീലം വളർച്ച പ്രാപിക്കുന്നത്.[14] കോഴിക്കോട്ടെ പഠനത്തിനുശേഷം മദ്രാസിൽ മെഡിക്കൽ കോളേജിൽ ചേരണമെന്നതായിരുന്നു അയ്യപ്പന്റെ ആഗ്രഹമെങ്കിലും അതിനുവേണ്ടി വരുന്ന കനത്തതുക സമാഹരിക്കാൻ യാതൊരു വഴിയും കാണാത്തതുകൊണ്ട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ തത്ത്വശാസ്ത്രം ഐഛികമായി എടുത്ത് ബിരുദപഠനത്തിനു ചേരുകയായിരുന്നു. ഇവിടെ കൃത്യസമയത്ത് ഫീസ് നൽകാനാവാഞ്ഞതുകൊണ്ട് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പഠനം പൂർത്തിയാക്കാതെ തിരികെ സ്വദേശത്തേക്കു മടങ്ങി. കോളേജിൽ വെച്ചാണ് അയ്യപ്പൻ ശ്രീനാരായണഗുരുവിനെ ആദ്യമായി കാണുന്നത്, എന്നാൽ അദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കാൻ അയ്യപ്പനു കഴിഞ്ഞിരുന്നില്ല.[15]
ചെറായിയിൽ വെച്ച് ശ്രീനാരായണഗുരുവുമായി സംസാരിക്കുകയും, അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ആലുവ അദ്വൈതാശ്രമത്തിൽ ചെന്ന് ഗുരുവിനെ നേരിട്ടു കാണുകയും ചെയ്തു. പിന്നീട് ഗുരുവിന്റെ പ്രേരണയും സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത് ബി.എ.ക്ക് ചേർന്നു. തിരുവനന്തപുരത്തെ പഠനജീവിതത്തിനിടയിലാണ് കുമാരനാശാനുമായി അടുക്കുന്നത്. ഇവർ തമ്മിൽ ഒരു സൗഹൃദത്തിനുപരിയായ ബന്ധം രൂപപ്പെട്ടു വന്നു.
അദ്ധ്യാപകൻ
[തിരുത്തുക]ബി.എ. ബിരുദം പാസ്സായശേഷം നാട്ടിലെത്തിയ അയ്യപ്പന് ചെറായിയിൽ തന്നെയുള്ള യൂണിയൻ സ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. മാസം നാൽപതു രൂപയായിരുന്നു ശമ്പളം. വളരെ മികച്ചൊരു അദ്ധ്യാപകനായിരുന്നു അയ്യപ്പൻ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇക്കാലത്ത് നാട്ടുകാർ അദ്ദേഹത്തെ അയ്യപ്പൻ മാസ്റ്റർ എന്നു വിളിച്ചുപോന്നു, അദ്ധ്യാപനത്തിലെന്നപോലെ പൊതുകാര്യങ്ങളിലും അദ്ദേഹം സജീവമായി ഇടപെടാൻ തുടങ്ങി.[16]
പിന്നീട് ഒരു തവണകൂടി അദ്ദേഹം അദ്ധ്യാപകവേഷം അണിഞ്ഞിട്ടുണ്ട്. വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് നിയമപഠനം നടത്തണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി. പഠനചിലവിനായി എന്തെങ്കിലും ജോലി അന്വേഷിക്കേണ്ടതായി വന്നു.[17] തിരുവനന്തപുരത്ത് വിദ്യാഭ്യാസവകുപ്പിൽ അദ്ധ്യാപകജോലിക്കായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. അവസാനം കുമാരനാശാന്റെ ശുപാർശയിൽ തിരുവിതാംകൂർ ദിവാനായിരുന്ന എം. കൃഷ്ണൻനായർ അയ്യപ്പന് ചാല സ്കൂളിൽ അദ്ധ്യാപകനായി ജോലി നിയമനം നൽകി. 60 രൂപയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റ മാസശമ്പളം. ജോലിയോടൊപ്പം പഠനവും തുടർന്നുകൊണ്ടുപോയെങ്കിലും, അദ്ധ്യാപകവൃത്തിയോടുള്ള ആത്മാർത്ഥതകാരണം പഠനം തൃപ്തികരമായി മുന്നോട്ടുകൊണ്ടു പോകാൻ കഴിഞ്ഞില്ല.[18]
സാമൂഹികപ്രവർത്തനങ്ങൾ
[തിരുത്തുക]തിരുവനന്തപുരത്ത് പഠിക്കുമ്പോൾ തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രസംഗം, ലേഖനങ്ങൾ, എസ്.എൻ.ഡി.പി. യോഗപ്രവർത്തനം എന്നിവയായിരുന്നു പ്രധാനം. ഇതിനിടയ്ക്ക് കുറേ കവിതകൾ എഴുതി. ഇക്കാലത്താണ് മഹാകവി കുമാരനാശാനുമായി സഹവാസമുണ്ടായത്. സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കി കവിതകൾ രചിക്കാൻ അയ്യപ്പന് കുമാരനാശാൻ ശക്തമായി പ്രേരണ നൽകി. ബി.എ പാസ്സായ ശേഷം ‘അയ്യപ്പൻ ബി.എ’ എന്ന് പരക്കെ അറിയപ്പെട്ടു.
മിശ്രഭോജനം
[തിരുത്തുക]സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം പ്രവർത്തനരംഗത്തിറങ്ങി. സമൂഹത്തിൽ അർബുദം പോലെ പടർന്നിരിക്കുന്ന ജാതിവിവേചനം ഉൻമൂലനം ചെയ്യുന്നതിനെക്കുറിച്ച് അയ്യപ്പൻ ഗാഢമായി ചിന്തിച്ചിരുന്നു. ഇതേ ചോദ്യം അദ്ദേഹം ശ്രീനാരായണഗുരുവിനോടും ചോദിക്കുകയുണ്ടായി. ജാതിക്കെതിരായി പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ, മറിച്ച് നമ്മുടെ അനുയായികളുടെ മനസ്സിൽ നിന്നു തന്നെ അതു നീക്കം ചെയ്യാൻ വേണ്ടതു പ്രവർത്തിക്കേണ്ടതുണ്ടെന്ന ശ്രീനാരായണഗുരുവിന്റെ ഉപദേശം അയ്യപ്പന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.[19]
ചെറായിയിൽ 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്താൻ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ചു. സ്നേഹിതനായ കെ.കെ. അച്യുതൻ മാസ്റ്റർക്കു പരിചയമുള്ള വള്ളോൻ, ചാത്തൻ എന്നീ അധഃകൃതവിദ്യാർത്ഥികളെ മിശ്രഭോജനത്തിൽ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു സമ്മേളനം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചു.[20] മിശ്രഭോജനം, ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു കാരണമായി. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.[21][22][23][24]
പ്രതീക്ഷിച്ചതിനേക്കാളും ഭയങ്കരമായിരുന്നു പ്രതികരണം. അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാനം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ ചെറായിയിലെ ഈഴവരുടെ സംഘടനയായ വിജ്ഞാനവർദ്ധിനിസഭയിൽ നിന്ന് പുറത്താക്കി. അവർക്ക് സമുദായഭ്രഷ്ട് കല്പിച്ചു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ പല വീട്ടിലും കയറ്റാതായി.[25] വിജ്ഞാനവർദ്ധിനി സഭയുടെ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗനമപരമായ കാര്യങ്ങളെ പിന്തുണക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്, കൂടാതെ തന്നെ ബോധിപ്പിക്കാനുള്ള കാര്യങ്ങൾ അയ്യപ്പൻ മുഖാന്തരം അറിയിച്ചാൽ മതിയെന്നും ഉത്തരവിട്ടു.[26]
ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തി തീർക്കാനായി യാഥാസ്ഥിതികരായ ചിലർ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ സംശയനിവർത്തിക്കായി ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വലിയൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയിൽ എഴുതി നൽകുകയും ചെയ്തു ( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല”).[27][28] ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ ചെറായിലും പരിസരപ്രദേശത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.
സഹോദരസംഘം
[തിരുത്തുക]1917-ൽ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു.[29] മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ‘സഹോദര പ്രസ്ഥാനം’ വഴി അയ്യപ്പൻ കേരളത്തിൽ പരിവർത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരനയ്യപ്പൻ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. ചെറായി രാമവർമ്മ സ്കൂളിൽ കുറേ നാൾ അദ്ധ്യാപകനായിരുന്നു. കിട്ടുന്ന ശമ്പളം പൊതുപ്രവർത്തനത്തിനുപയോഗിച്ചു.
വളരെപെട്ടെന്നു തന്നെ സഹോദരസംഘത്തിന്റെ ശാഖകൾ രാജ്യത്തിന്റെ പലഭാഗത്തും തുടങ്ങുകയുണ്ടായി. എല്ലായിടത്തും, മിശ്രഭോജനവും, ജാതിവിരുദ്ധപ്രസംഗങ്ങളും സംഘടിപ്പിക്കുന്നതിനായി അയ്യപ്പൻ ഓടി നടന്നു.[30] അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ എല്ലായിടത്തും വൻജനക്കൂട്ടം തന്നെ തടിച്ചുകൂടുമായിരുന്നു. മിക്കയിടങ്ങളിലും, സവർണ്ണപ്രമാണികളിൽ നിന്നും എതിർപ്പുകളും, മർദ്ദനങ്ങൾ തന്നെയും നേരിടേണ്ടി വന്നു. തന്നെ എതിർക്കുന്നവരെ കാര്യം പറഞ്ഞു മനസ്സിലാക്കി അനുയായിയാക്കുന്ന ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
സഹോദരൻ പത്രം
[തിരുത്തുക]1919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം. കേൾക്കുന്ന സമയത്തുമാത്രമേ പ്രസംഗങ്ങൾക്ക് ആളുകളുടെ ഇടയിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളുവെന്നും സാവധാനത്തിൽ അത് കെട്ടടങ്ങുമെന്നും അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ചത്.[31][32] സാമ്പത്തികമായി കഠിനയാതനകൾ സഹിച്ചുകൊണ്ടാണ് ‘സഹോദരൻ’ പത്രം ഓരോ ആഴ്ച്ചയും പ്രസിദ്ധീകരിച്ചത്.
1917-ൽ (1093 കന്നിമാസത്തിൽ) മാസിക എന്ന നിലയിൽ സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങി. അയ്യപ്പൻ തന്നെയായിരുന്നു പത്രാധിപർ. പറവൂർ എസ്.പി. പ്രസ്സിൽ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് ഈ മാസികയുടെ പ്രഥമ ലക്കങ്ങൾ പ്രസിദ്ധീകൃതമായത്.[33] ഈ രാജ്യത്തെ സാമൂഹിക ജീവിതത്തിലും ചിന്താമണ്ഡലത്തിലും ഈ പത്രം നൽകിയ സംഭാവന അമൂല്യമാണ്. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരൻ അയ്യപ്പൻ പ്രവർത്തിച്ചിരുന്നു. മാർക്സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങൾ ആദ്യം മനസ്സിലാക്കുന്നത് സഹോദരൻ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്.[34] കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളിൽ പ്രധാനിയും അദ്ദേഹമായിരുന്നു. 1928-ൽ ആരംഭിച്ച[35] യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു. ധാരാളം എഴുത്തുകാരെ, തന്റെ പത്രത്തിലൂടെ അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവർ എഴുതിത്തുടങ്ങുന്നത്, 'സഹോദരൻ" പത്രത്തിലൂടെയാണ്.[36]
ആദിവൈപ്പിൻ തൊഴിലാളിസംഘം
[തിരുത്തുക]ഒരു തൊഴിലാളി സംഘടനയ്ക്കും അയ്യപ്പൻ രൂപം കൊടുത്തിരുന്നു; '' ആദിവൈപ്പിൻ തൊഴിലാളിസംഘം" എന്നായിരുന്നു അതിന്റെ പേര്. ഈ സംഘത്തിന്റെ നാവായിരുന്നു, ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രസിദ്ധപ്പെടുത്തുന്ന ''വേലക്കാരൻ" എന്ന പത്രം; ചെറായി, കരുത്തലത്തോടിനു സമീപമായിരുന്നു പത്രത്തിന്റെ ഓഫീസ്. അധികം ആയുസുണ്ടായിരുന്നില്ല ആ പത്രത്തിന്.[37]
അസവർണ്ണർക്ക് നല്ലത് ഇസ്ലാം
[തിരുത്തുക]1936-ൽ പ്രസിദ്ധീകരിച്ച അസവർണ്ണർക്ക് നല്ലത് ഇസ്ലാം എന്ന ഗ്രന്ഥത്തിന്റെ രചനയിൽ കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർക്കൊപ്പം പങ്കാളിയായി. കേരള തിയ്യ യൂത്ത് ലീഗ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്[35][38] [39][40][41][42]
ശ്രീനാരായണ സേവികാ സമാജം
[തിരുത്തുക]മന്ത്രിസ്ഥാനത്തു നിന്നും ഒഴിഞ്ഞതിനുശേഷം, ശ്രീനാരായണ ധർമ്മത്തിനു വ്യാപ്തി നൽകാനായി അദ്ദേഹം ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചു. ആസൂത്രണശേഷിയും, ആദർശസ്നേഹവും ഉള്ള ഉദ്യോഗത്തിൽ നിന്നു വിരമിച്ച തന്റെ സഹധർമ്മിണിയെ ആണ് ഇതിന്റെ ചുമതലകൾ അദ്ദേഹം ഏൽപ്പിച്ചത്.[43] ആലുവായ്ക്കടുത്ത് തോട്ടുംമുഖത്തുള്ള വാല്മീകിക്കുന്നാണ് സമാജത്തിന്റെ ആസ്ഥാനമായി അദ്ദേഹം തിരഞ്ഞെടുത്തത്. ശാന്തിമന്ദിരം എന്ന പേരിൽ അശരണരും, അംഗഭംഗം സംഭവിച്ചവരുമായ വനിതകൾക്കുള്ള അഭയകേന്ദ്രവും, അനാഥകുട്ടികളെ ആശ്രയം നൽകി വളർത്താൻ ആനന്ദഭവനവും ഇവിടെ ഉണ്ടായിരുന്നു. ശ്രീനാരായണസേവികാസമാജം 1964 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1965-ൽ സമാജം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.[44]
നിയമസഭാസാമാജികൻ
[തിരുത്തുക]രാഷ്ട്രീയജീവിതത്തിലും അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയിൽ ഉത്തരവാദിത്തഭരണവും പ്രായപൂർത്തി വോട്ടവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിക്കുന്നതിനു വേണ്ടി അക്ഷീണയത്നം ചെയ്ത നേതാക്കന്മാരിലൊരാളാണ് അദ്ദേഹം. ആദ്യ തിരഞ്ഞെടുപ്പിൽ ഈഴവമണ്ഡലങ്ങളിൽ നിന്നു മാറി പൊതുനിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. വിജയം ഉറപ്പായിരുന്ന ഈഴവമണ്ഡലങ്ങളിൽ നിൽക്കാതെ, തന്റെ ആശയങ്ങൾ പൊതുജനങ്ങൾക്ക് എത്രത്തോളം സ്വീകാര്യമായിട്ടുണ്ട് എന്ന് നേരിട്ടറിയാൻ പൊതുനിയോജകമണ്ഡലത്തിൽ നിന്നു മത്സരിക്കാനാണ് അയ്യപ്പൻ തീരുമാനിച്ചത്. പക്ഷെ പരാജയപ്പെടുകയാണുണ്ടായത്.[45]
1928-ൽ നടന്ന തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് അയ്യപ്പൻ മത്സരിച്ചത്.[46] അദ്ദേഹത്തെ എതിർക്കാൻ ആരുംതന്നെ മുന്നോട്ടുവന്നില്ല. അത്രയ്ക്ക് ജനപ്രീതി അദ്ദേഹം സമ്പാദിച്ചിരുന്നു. 1931-ലെ തിരഞ്ഞെടുപ്പിലും അതേ മണ്ഡലത്തിൽ നിന്നു തന്നെയാണ് മത്സരിച്ചു വിജയിച്ചത്, അത്തവണയും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.[47] കൊച്ചി നിയമസഭയിൽ ഏറെക്കാലം അദ്ദേഹം അംഗമായിരുന്നു. എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കു വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തിയിട്ടുണ്ട്. കൊച്ചി നിയമസഭയിലെ ഡെപ്യൂട്ടി പ്രസിഡന്റായും കൊച്ചിയിൽ ഉത്തരവാദിത്തഭരണം വന്ന ശേഷം ജനകീയ മന്ത്രിസഭയിൽ 2 പ്രാവശ്യം അംഗമായും അദ്ദേഹം തന്റെ വ്യക്തിപ്രഭാവം പ്രകടമാക്കി. തിരു-കൊച്ചിയിലെ ആദ്യ മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. ഇടയ്ക്കു വച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജി വച്ചു. 1940 ലെ നിയമസഭാ കാലത്ത് അയ്യപ്പൻ ഡെപ്യൂട്ടി പ്രസിഡണ്ടായി, അക്കാലത്തിനടുത്ത് കൊച്ചി മഹാരാജാവ് അയ്യപ്പന് വീരശൃംഖല നൽകി ബഹുമാനിച്ചു. ഇത് 1962-ൽ ചൈനീസ് ആക്രമണമുണ്ടായ ഘട്ടത്തിൽ സർക്കാരിന്റെ യുദ്ധഫണ്ടിലേക്ക് സംഭാവനചെയ്തു.
നിയമസഭാംഗമായിരുന്ന കാലത്ത് അദ്ദേഹം അവതരിപ്പിച്ച മൂന്നു ബില്ലുകൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നവയായിരുന്നു. മരുമക്കത്തായം തീയ്യബിൽ, മക്കത്തായം തീയ്യബിൽ, സിവിൽ മാര്യേജ് ബിൽ എന്നിവയായിരുന്നു ആ പ്രധാന നിയമശുപാർശകൾ. കൊച്ചിയിലും തിരുവിതാംകൂറിലും തീയ്യന്മാർക്കിടയിൽ മരുമക്കത്തായ സമ്പ്രദായം ആണ് നിലവിലിരുന്നത്. എന്നാൽ അതു മാറി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ സ്വത്തവകാശം അനുവദിക്കുന്നതിനവേണ്ടിയായിരുന്നു അയ്യപ്പൻ മരുമക്കത്തായം തീയ്യബിൽ അവതരിപ്പിച്ചത്. ബിൽ ഉടനടി തൻ നിയമമാവുകയായിരുന്നു.[48]
ആദർശങ്ങൾ
[തിരുത്തുക]അയ്യപ്പൻ പൊതുപ്രവർത്തനം തുടങ്ങുന്ന കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധി ഒരു അനിഷേധ്യ നേതാവായി മാറിക്കഴിഞ്ഞിരുന്നു. ഗാന്ധിജിയുടെ നിലപാടുകൾ ബ്രാഹ്മണരുടെ യജമാനത്തത്തേയും, സവർണരുടെ മേൽക്കോയ്മയേയും കൂടുതൽ ഉറപ്പിക്കുമെന്ന് അയ്യപ്പൻ കരുതിയിരുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ അയ്യപ്പനും ബഹുമാനം തോന്നുകയും ചെയ്തു. ഗാന്ധിസത്തേയും, ഗാന്ധിയേയും രണ്ടായി കാണാനാണ് അയ്യപ്പൻ ശ്രമിച്ചത്. ചുരുക്കത്തിൽ അയ്യപ്പൻ ഗാന്ധിസത്തെ എതിർക്കുകയും, ഗാന്ധിയെ ബഹുമാനിക്കുകയും ചെയ്തു.[49]
റഷ്യൻ വിപ്ലവത്തിന്റെ ആദ്യഘട്ടത്തിനു ഏതാനും മാസങ്ങൾക്കു ശേഷമാണ് അയ്യപ്പൻ ചെറായിയിൽ മിശ്രഭോജനം നടത്തുന്നത്. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ഒരു വ്യക്തിയായിരുന്നു അയ്യപ്പൻ. താൻ ജീവിക്കുന്ന സമൂഹം ജീർണ്ണിച്ചതാണെന്നും, അതിനെ അടിമുടി ഉടച്ചുവാർക്കേണ്ടതുണ്ടെന്നും ഉള്ള ഒരു ചിന്ത അയ്യപ്പന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു.[50] അക്കാലത്ത് അയ്യപ്പൻ എഴുതിയ ഈഴവോൽബോധനം എന്ന കവിതയിൽ റഷ്യൻവിപ്ലവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടായിരുന്നു. റഷ്യൻ ജനത രചിച്ച ചരിത്രത്തെക്കുറിച്ച് തന്റെ പ്രസംഗങ്ങളിൽ അയ്യപ്പൻ ആവേശപൂർവ്വം എടുത്തുപറയുമായിരുന്നു, ലെനിൻ ആയിരുന്നു അക്കാലത്ത് അയ്യപ്പന്റെ വീരപുരുഷൻ. കേരളത്തിലെ ജനങ്ങൾ റഷ്യയെക്കുറിച്ചും,ലെനിനെക്കുറിച്ചും, റഷ്യൻവിപ്ലവത്തെപ്പറ്റിയുമെല്ലാം ആദ്യമായി അറിയുന്നത് അയ്യപ്പന്റെ സഹോദരൻ എന്ന പത്രത്തിലൂടെയായിരുന്നു.[51]
കുടുംബജീവിതം
[തിരുത്തുക]പൊതുജീവിതം പോലെ തന്നെ ആദർശസുരഭിലമായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. ഇ.കെ.അയ്യാക്കുട്ടി ജഡ്ജിയുടെ മകൾ പാർവ്വതി ആയിരുന്നു അദ്ദേഹത്തിന്റെ പത്നി. 1930-ൽ അവർ വിവാഹിതരായി. ഐഷയും സുഗതനുമാണ് അദ്ദേഹത്തിന്റെ മക്കൾ. അയ്യപ്പൻ പച്ചക്കറി കൃഷിയിൽ അതീവ തല്പരനായിരുന്നു.[52]
ഒടുവിലത്തെ 15 വർഷത്തോളം സജീവമായ പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച് വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’ എന്ന പംക്തിയിൽ കുറിപ്പുകളെഴുതിയിരുന്നു. 1968 മാർച്ച് 6-ന് ഹൃദ്രോഗബാധിതനായി അദ്ദേഹം അന്തരിച്ചു.
സ്മാരകം
[തിരുത്തുക]സഹോദരൻ ജനിച്ച വീട്, മൂന്ന് നില ലൈബ്രറി മന്ദിരം, ഒരു പുരാതനമഠം എന്നിവ ഉൾപ്പെട്ട സഹോദരൻ അയ്യപ്പൻ സ്മാരകം ചെറായിയിൽ സ്ഥിതിചെയ്യുന്നു. സഹോദരൻ അയ്യപ്പനോടുള്ള ആദരസൂചകമായി എറണാകുളം വൈറ്റില ജംഗ്ഷൻ മുതൽ എം.ജി. റോഡ് വരെയുള്ള പാതയ്ക്ക് സഹോദരൻ അയ്യപ്പൻ റോഡ് (എസ്.എ. റോഡ്) എന്ന നാമമാണ് നൽകിയിരിക്കുന്നത്.
ജീവിതരേഖ ചുരുക്കത്തിൽ
[തിരുത്തുക]- 1889 ജനനം
- 1917 സഹോദര സംഘവും 'സഹോദരൻ' മാസികയും തുടങ്ങി; മിശ്രഭോജനം സംഘടിപ്പിച്ചു
- 1919-ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘ പത്രം ആരംഭിച്ചു
- 1921 എസ്.എൻ.ഡി.പി സഹകാര്യദർശി
- 1925 തെരഞ്ഞെടുപ്പിൽ തോറ്റു
- 1928 കൊച്ചി നിയമസഭാംഗം
- 1929 'യുക്തിവാദി' തുടങ്ങി
- 1930 വിവാഹം
- 1931 നിയമസഭാംഗം
- 1938 എസ്.എൻ.ഡി.പി അധ്യക്ഷൻ; നിയമസഭാംഗമായി
- 1948 നിയമസഭാംഗം
- 1949 തിരു-കൊച്ചി മന്ത്രിസഭാംഗമായി; രാജിവച്ചു
- 1956 'സഹോദരൻ' പ്രസിദ്ധീകരണം നിർത്തി
- 1968 മരണം
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- കൗമുദി സഹോദരൻ സപ്തതി പതിപ്പ്, 1960.
- വിവേകോദയം സഹോദരൻ സപ്ലിമെന്റ് , 1968.
- സഹോദരൻ അയ്യപ്പൻ - ജീവചരിത്രം - എം.കെ.സാനു.
- കെ.അയ്യപ്പൻ.ബി.എ (1942) - വടയാർ വാസു വൈദ്യർ രചിച്ച ജീവചരിത്രം
- സഹോദരസപ്തതി (1960)
- സഹോദരനയ്യപ്പൻ (1973) - എ.സുബ്രഹ്മണ്യം
അവലംബങ്ങൾ
[തിരുത്തുക]- എം.കെ., സാനു (1989). സഹോദരൻ അയ്യപ്പൻ. ഡി.സി.ബുക്സ്.
- ↑ ജോർജ്ജ്, മാത്യു (1989). കമ്യൂണൽ റോഡ് ടു സെക്യുലാർ കേരള. കൺസപ്ട് പബ്ലിഷിങ് കമ്പനി. p. 110. ISBN 81-7022-282-6.
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 328
- ↑ 3.0 3.1 മഹച്ചരിതമാല - സഹോദരൻ അയ്യപ്പൻ, പേജ് - 592, ISBN 81-264-1066-3
- ↑ രാജേഷ്.കെ., എരുമേലി (2013-03-06). "നവോത്ഥാന നായകനായ, യുക്തിവാദിയായ വിപ്ലവകാരി". ജനയുഗം ഓൺലൈൻ. Archived from the original on 2014-01-04. Retrieved 2022-10-06.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ ഓഗസ്റ്റിൽ പിറന്ന നവശിൽപികൾ
- ↑ "സഹോദരൻ അയ്യപ്പൻ". Keralaculture forum. Archived from the original on 2019-08-05. Retrieved 2020-02-14.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "സഹോദരൻ അയ്യപ്പന്റെ 'സയൻസ് ദശക'ത്തിന് ഒരു നൂറ്റാണ്ട്". ദേശാഭിമാനി. Archived from the original on 2019-08-03. Retrieved 2020-02-14.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 352
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 352
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 23
- ↑ എൻ, സദാശിവൻ (2000). എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. എ.പി.എച്ച്. p. 528. ISBN 978-8176481700.
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 25
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 31
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 35
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ - 45-46
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ 59-60
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 103
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 104
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 60
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ 64-65
- ↑ രാജേഷ്.കെ., എരുമേലി (2013-03-06). "നവോത്ഥാന നായകനായ വിപ്ലവകാരി". ജനയുഗം ഓൺലൈൻ. Archived from the original on 2014-01-04. Retrieved 2022-10-06.
പുലയനയ്യപ്പൻ എന്ന വിശേഷണം
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 67
- ↑ "പന്തിഭോജനത്തിനു 100 വയസ്സ്". ദേശാഭിമാനി ഓൺലൈൻ. 2017-08-10. Archived from the original on 2017-08-10. Retrieved 2020-02-14.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "ജാതിയെ ദഹിപ്പിച്ച സഹോദരൻ". മാതൃഭൂമി. Retrieved 2020-02-14.
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 66
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 103
- ↑ ശ്രീനാരായണഗുരുദേവൻ, ടി.ഭാസ്കരൻ
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ 70-71
- ↑ "സ്വാതന്ത്ര്യത്തിന്റെ കേരളയാത്ര". മാധ്യമം ഓൺലൈൻ. Archived from the original on 2014-01-04. Retrieved 2014-01-04.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ 80-81
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 81
- ↑ രാഘവൻ, പുതുപ്പള്ളി (2001). കേരള പത്രപ്രവർത്തനചരിത്രം. കോട്ടയം: ഡി.സി. ബുക്സ്. p. 163. ISBN 81-264-0278-4.
- ↑ സുബ്രഹ്മണ്യം, കെ.എ. (1973). സഹോദരൻ അയ്യപ്പൻ. കൊച്ചി. pp. 84–85.
{{cite book}}
: CS1 maint: location missing publisher (link) - ↑ അമരേഷ്, ദത്ത. എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ ലിറ്ററേച്ചർ. p. 313.
- ↑ 35.0 35.1 Prabodhanam, Weekly. "ജാതിവിരുദ്ധ മുന്നേറ്റങ്ങളെ തളർത്തിയ യുക്തിവാദ പ്രസ്ഥാനങ്ങൾ". പ്രബോധനം വാരിക. Archived from the original on 2019-12-20. Retrieved 12 ജൂൺ 2019.
- ↑ Daily, Keralakaumudi. "സഹോദരൻ അയ്യപ്പനെന്ന ധീരമാതൃക" (in ഇംഗ്ലീഷ്). Retrieved 2023-03-10.
- ↑ Daily, Keralakaumudi. "സഹോദരൻ അയ്യപ്പനെന്ന ധീരമാതൃക" (in ഇംഗ്ലീഷ്). Retrieved 2023-03-10.
- ↑ മാതൃഭൂമി ഓൺലൈൻ ആഗസ്റ്റ് 18,2010
- ↑ അസവർണർക്ക് നല്ലത് ഇസ്ലാം-Google Docs
- ↑ ഉത്തരകാലം, 2013-12-26
- ↑ തോറ്റവർക്കും ചരിത്രമുണ്ട്, സുപ്രഭാതം 2018-04-08
- ↑ അസവർണരും 'ഒരു സുകുമാരനും' -ഡോ. എം.എസ്. ജയപ്രകാശ്, മാധ്യമം ഓൺലൈൻ ഓഗസ്റ്റ് 19 ,2010[പ്രവർത്തിക്കാത്ത കണ്ണി](Dead link)
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ. സാനു - 1989 പുറം 301
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 308
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 141
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 142
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 145
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 147
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറങ്ങൾ 350-352
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 368
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 369
- ↑ സഹോദരൻ അയ്യപ്പൻ - എം.കെ.സാനു - 1989 പുറം 246
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- CS1 maint: location missing publisher
- Articles with dead external links from സെപ്റ്റംബർ 2021
- Pages using infobox person with unknown empty parameters
- 1968-ൽ മരിച്ചവർ
- മാർച്ച് 6-ന് മരിച്ചവർ
- കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻമാർ
- മലയാളകവികൾ
- എറണാകുളം ജില്ലയിൽ ജനിച്ചവർ
- 1889-ൽ ജനിച്ചവർ