Jump to content

എ.എസ്. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അത്തിപ്പറ്റ ശിവരാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അത്തിപ്പറ്റ ശിവരാമൻ നായർ
എ.എസ്.
ജനനം1936
മരണം1988
മാതൃഭൂമി ആപ്പീസ്, കോഴിക്കോട്
വിദ്യാഭ്യാസംഎസ്.എസ്.എൽ.സി., മദിരാശി സ്കൂൾ ഓഫ് ആർട്സ്
തൊഴിൽരേഖാചിത്രകാരൻ
ജീവിതപങ്കാളി(കൾ)തങ്കം
പ്രമാണം:A.S Drawing for khask.jpg
ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു വേണ്ടി ഏ.എസ്സ് വരച്ച ചിത്രം

കേരളത്തിലെ ഒരു രേഖാചിത്രകാരനായിരുന്നു (ഇലസ്റ്റ്‌റേറ്റർ) അത്തിപ്പറ്റ ശിവരാമൻ നായർ എന്ന എ.എസ്. നായർ

ലഘുജീവചരിത്രം[തിരുത്തുക]

1936ൽ മേയ് മാസത്തിൽ പാലക്കാട് ജില്ലയിലെ കാറൽമണ്ണയിലെ അത്തിപ്പറ്റ വീട്ടിൽ അദ്ദേഹം ജനിച്ചു. കാറൽമണ്ണ യു.പി. സ്കൂളിൽപ്രാഥമിക പഠനം. ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി കഴിഞ്ഞു. ദാരിദ്ര്യം നിമിത്തം തൃക്കിടീരി മനയെ ആശ്രയിച്ചായിരുന്നു ജീവിതം. തൃക്കിടീരി മനയിലെ വാസുദേവൻ നമ്പൂതിരി, ശിവരാമനെ മദിരാശി സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ പറഞ്ഞയച്ചത് എ.എസ്സിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ശ്രീ കെ.സി.എസ് പണിക്കരായിരുന്നു ചിത്രകലയിൽ എ.എസിന്റെ ഗുരു. മദിരാശിയിൽ മറ്റുവരുമാനങ്ങളില്ലാത്ത എ.എസ്, ചെർപ്പുളശ്ശേരി അടുത്ത് ചളവറ സ്വദേശിയായ ആർ. കൃഷ്ണൻ നായർ നടത്തുന്ന ഹോട്ടലിൽ ജോലിക്കാരനായി. അവിടെ തന്നെ താമസിച്ചു. തുടർന്ന് കൃഷ്ണൻ നായരുടെ ബധിരയും മൂകയുമായ മകളെ (തങ്കം എന്ന് പേർ) 1964ൽ വിവാഹം ചെയ്തു. അതിൽ ഒരു മകളുണ്ട്. മകളുടെ പേര് സുധ.

സംഭാവനകൾ[തിരുത്തുക]

കാറൽമണ്ണ പൊതുജന വായനശാല നടത്തിയിരുന്ന “കൈരളി” കൈയെഴുത്തുമാസികയിലൂടെ ആണ് എ.എസിന്റെ ആദ്യകാല രേഖാചിത്രങ്ങൾ പുറത്തുവന്നത്. മദിരാശിയിൽ പഠിക്കുന്ന കാലത്ത് മാതൃഭൂമി വാരാന്ത്യപ്പതിപ്പിലും “ജയകേരളം” മാസികയിലും വരച്ചിരുന്നു. ചിത്രകല പഠനത്തിനുശേഴം “പേശും‌പടം” എന്ന തമിഴ് സിനിമാമാസികയുടെ പത്രാധിപസമിതിയിൽ കുറച്ചുകാലം ജോലി നോക്കി. 1961ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ചിത്രകാരനായി ജോലിക്ക് ചേർന്നു. എം.വി. ദേവൻ മാതൃഭൂമിയിൽനിന്നും പോയ ഒഴിവിലേക്കാണ് എ.എസ് എത്തിചേർന്നത്. ദേവൻ തന്നെആയിരുനു എ.എസ്സിന്റെ പേർ മാതൃഭൂമി മാനേജ്മെന്റിനോട് നിർദ്ദേശിച്ചത്. മൂന്നു പതിറ്റാണ്ടോളം ആഴ്ച്ചപ്പതിപ്പിലൂടെ മലയാളത്തിലേയും ഇതര ഭാഷകളിലേയും ഒട്ടനവധി കഥാപാത്രങ്ങൾക്ക് രേഖാചിത്രങ്ങളിലൂടെ ദൃശ്യാവിഷ്കാരം നടത്തി. അദ്ദേഹം മികച്ചൊരു കാർട്ടൂണിസ്റ്റുകൂടെ ആയിരുന്നു. നാടകത്തിലും കേരളീയ അനുഷ്ഠാനകലകളിലും ഏറെ തൽ‌പ്പരനായിരുന്നു. മരണം എന്ന പേരിൽ ഒരു നാടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറാഠനോവലിസ്റ്റ് വി.എസ് ഖാണ്ഡേക്കറുടെ യയാതി എന്നനോവൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി മാതൃഭൂമിയിൽ ഖണ്ഡശ:പ്രസിദ്ധീകരിച്ചപ്പോൾ ഇലസ്റ്റ്‌റേഷൻ ചെയ്തത് എ.എസ്. ആയിരുന്നു. കൂടാതെ മലയാളത്തിലെ പല എഴുത്തുകാരുടേയും കൃതികൾക്ക് അദ്ദേഹം ഇലസ്ട്രേഷൻ നിർവ്വഹിച്ചിട്ടുണ്ട്. മാതൃഭൂമി ചീഫ് ആർട്ടിസ്റ്റായി ജോലിയിലിരിക്കെ 1988 ജൂൺ 30-ന് അൻപത്തിരണ്ടാം വയസ്സിൽ എ.എസ്. അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=എ.എസ്._നായർ&oldid=2890952" എന്ന താളിൽനിന്ന് ശേഖരിച്ചത്