Jump to content

അരക്കില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരക്കില്ലദഹനത്തിനുശേഷം കുന്തിയേയും, സഹോദരങ്ങളേയും എടുത്തുകൊണ്ടുള്ള ഭീമന്റെ യാത്ര-വാഴപ്പള്ളിക്ഷേത്രം ദാരുശില്പം

പാണ്ഡുവിന്റെ മരണശേഷം യുവരാജാവായ യുധിഷ്ഠിരനും സഹോദരന്മാർക്കും മാതാവായ കുന്തിയ്ക്കും വേണ്ടി ധൃതരാഷ്ട്രർ പഴയനഗരമായ വാരണാവതം എന്ന സ്ഥലത്ത് നിർമ്മിച്ച കൊട്ടാരമാണ് അരക്കില്ലം. പാണ്ഡവന്മാരെ ചതിച്ചു കൊല്ലാൻ ദുര്യോധനന്റെ നിർബന്ധത്താൽ ഉണ്ടാക്കിച്ചതാണ് ഈ കൊട്ടാരം. ഉത്തരാഞ്ചലിലെ ഋഷികേഷിനടുത്താണ് വാരണാവതം സ്ഥിതിചെയ്യുന്നത്. കുരുരാജാക്കന്മാരുടെ പുരാതനനഗരമായിരുന്നു വാരണാവതവും. തന്മൂലം പൂർവ്വികരുടെ രാജധാനിയാണന്നുള്ള കാരണത്താൽ ഭീഷ്മർക്കും, പാണ്ഡവരെ ഹസ്തിനപുരിയിൽ നിന്നും മാറ്റി താമസിപ്പിക്കുന്ന ധൃതരാഷ്ടരുടെ ഇംഗിതത്തെ എതിർക്കാൻ സാധിച്ചില്ല.

പേരിനുപിന്നിൽ

[തിരുത്തുക]

അരക്കില്ലം = അരക്ക് + ഇല്ലം
അരക്കുചേർത്ത (പെട്ടെന്ന് കത്താനും കത്തിതീരാനും സഹായകമാവുന്ന) പദാർഥങ്ങൾ കൊണ്ടു നിർമിച്ച വീട്‌.
വാരണാവതം = വാരണം (ആന) + വതം (പ്രദേശം)
ആനകൾ കൂടുതൽ വിഹരിക്കുന്ന പ്രദേശം.

നിർമ്മിതി

[തിരുത്തുക]

വാരണാവതത്തിലെ കൊട്ടാരം നിർമ്മിച്ചത് പുരോചനൻ എന്ന നിർമ്മാണ വിദഗ്ദ്ധനായിരുന്നു. പുരോചനൻ ദുര്യോധനന്റെ വിശ്വസ്ത സേവകനായതിനാൽ ദുര്യോധനന്റെ നിർദ്ദേശപ്രകാരമാണ് അവിടെ പാണ്ഡവർക്കായി കൊട്ടാരം നിർമ്മിച്ചത്. ദുര്യോധനനും, സഹോദരന്മാരും കൂടി പുരോചനനെ വശീകരിച്ച് തീയിട്ടാൽ പെട്ടെന്ന് നശിക്കുന്ന പ്രകാരം കൊട്ടാരം നിർമ്മിക്കാനുപദേശിക്കുന്നു. പുരോചനൻ കൊട്ടാര നിർമ്മാണത്തിൽ അരക്ക്, നെയ്യ് തുടങ്ങി വേഗത്തിൽ കത്തിപ്പിടിക്കുന്ന വസ്തുക്കളെ കൊണ്ടാണ് അരക്കില്ലം നിർമ്മിച്ചത്. ഈ നിർമ്മാണചതി മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകരീതിയിൽ മറക്കുകയും ചെയ്തു. സ്വഗൃഹത്തിൽ കിടന്നു പാണ്ഡവന്മാർ വെന്തുമരിച്ചാൽ അതിന്റെ പേരിൽ ആരും കൗരവന്മാരെ പഴിക്കയുമില്ല. ഇതായിരുന്നു ദുര്യോധനന്റെ പദ്ധതിയുടെ ഉള്ളടക്കം

ഇത് മനസ്സിലാക്കിയ വിദുരർ അദ്ദേഹത്തിന്റെ വിശ്വസ്ത ശില്പിയായ ഖനകന്റെ സഹായത്താൽ കൊട്ടാരത്തിനുള്ളിൽ നിന്നും പുറത്തു കടക്കാനായി ഒരു ചെറിയ ഗുഹ പണിതിർക്കുകയും ചെയ്തു. വിദുരുടെ ഈ നിർമ്മിതി പുരോചനനോ, ദുര്യോധനാദികളോ മനസ്സിലാക്കിയതുമില്ല.[1]

പാണ്ഡുവിന്റെ മരണശേഷം

[തിരുത്തുക]

പാണ്ഡുവിന്റെ മരണശേഷം കുന്തിയും അഞ്ചുപുത്രന്മാരുംകൂടി ഹസ്തിനപുരിയിൽ കൗരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായിരുന്നു. ഭീഷ്മരുടെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനെ യുവരാജാവായി വാഴിക്കുന്നു. അതിൽ അപ്രീതനായ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങുകയും, ധൃതരാഷ്ട്രർ പാണ്ഡവർക്കായി പുതിയ കൊട്ടാരം വാരണാവതത്തിൽ നിർമ്മിക്കുകയും ചെയ്തു.

ഹസ്തിനപുരിയിൽനിന്നും വാരണാവതത്തിലേക്ക്

[തിരുത്തുക]

വിദുരോപദേശം

[തിരുത്തുക]

അഞ്ചിനെ (ഇന്ദ്രിയങ്ങൾ) ജയിച്ച്, ആറിനെ (സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധീഭാവം, സമാശ്രയം) അറിഞ്ഞ്, ഏഴിനെ (സ്ത്രീ, ചൂത്, നായാട്ട്, മദ്യം, പരുഷവാക്ക്, കഠിനശിക്ഷ, അവിഹിതമായ ധനാർജ്ജനം) ഉപേക്ഷിച്ചു സുഖമായിരിക്കണം. വിഷം കുടിക്കുന്നവനെ മാത്രം കൊല്ലുന്നു. ശസ്ത്രം ലക്ഷ്യവുമായി വരുന്നവനെ മാത്രം വധിക്കുന്നു. ദുരുപദേശം രാഷ്ട്രത്തിനും രാജാവിനും ഒരേസമയം നാശമുണ്ടാക്കുന്നു. സ്വാദേറിയ ഭക്ഷണം തനിയേ ഭക്ഷിക്കരുത്. ഒരു പ്രധാന കാര്യത്തിലും തനിയേ തീരുമാനം എടുക്കരുത്. ഒറ്റയ്ക്ക് വഴി നടക്കരുത്. പലരും ഉറങ്ങുന്നിടത്ത് ഒറ്റയ്ക്ക് ഉണർന്നിരിക്കരുത്.

കടൽകടക്കാൻ നൗക എന്നതുപോലെ സ്വർഗ്ഗം പൂകാൻ സത്യമെന്ന സോപാനം മാത്രമേയുള്ളൂ. ക്ഷമാശീലരായ മനുഷ്യർക്കു ഒരു കുറ്റമേ മറ്റുള്ളവർ പറയൂ. കഴിവില്ലാത്തവനെന്നു പറയും. അതു സാരമാക്കാനില്ല. ക്ഷമ വലിയ ശക്തിയാണ്. കഴിവില്ലാത്തവനു ക്ഷമ ഗുണവും കരുത്തന് ഭൂഷണവുമാണ്. (ക്ഷമാ ബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമാ) വശീകരണശക്തിയുള്ള ക്ഷമകൊണ്ട് എന്തും നേടാനാവും. ശാന്തിയാകുന്ന ഖഡ്ഗം ധരിച്ചവന്റെ നേർക്ക് ദുഷ്ടന്മാർ എന്തുചെയ്യാനാണ്. ക്ഷമ മാത്രമാണ് ശാന്തിക്കുള്ള ഉപായം. സംതൃപ്തിയേകുന്നത് വിദ്യയും സുഖം നല്കുന്നത് അഹിംസയും മാത്രമാണ്. കൊള്ളിവാക്കു പറയാത്തവനും ദുർജ്ജനങ്ങളെ ആരാധിക്കാത്തവനും സജ്ജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കുന്നു.

മറ്റൊരു സ്ത്രീ കാമിക്കുന്ന പുരുഷനെ കാമിക്കുന്ന സ്ത്രീയും, അന്യർ ബഹുമാനിക്കുന്ന വ്യക്തിയെ അതുകണ്ട് ആരാധിക്കുന്ന മനുഷ്യനും മറ്റുള്ളവരെ ഏറെ വിശ്വസിക്കുന്നവരാണ്. വിലയേറിയ വസ്തുക്കൾ കൊതിക്കുന്ന ദരിദ്രനും ശേഷിയില്ലാതെ കോപിക്കുന്നവനും സ്വന്തം ശരീരത്തെ ക്ഷയിപ്പിക്കുന്നു. പ്രവൃത്തിനിരതനാകാത്ത ഗൃഹസ്ഥനും ലൗകിക വ്യാപാരങ്ങളിൽ മുഴുകുന്ന സന്ന്യാസിയും വിരുദ്ധപ്രവൃത്തികൾകൊണ്ട് ദുഷ്‌പേരു നേടുന്നു. കരുത്തനായ ക്ഷമാശീലനും ദാനശീലനായ ദരിദ്രനും സ്വർഗ്ഗത്തിനു മീതേയുള്ള സ്ഥാനം ലഭിക്കുന്നു. നീതിപൂർവം സമ്പാദിച്ച ധനത്തിന് രണ്ടുവിധത്തിൽ ദുരുപയോഗം സംഭവിക്കുന്നു. അനർഹനു നൽകലും അർഹനു നൽകാതിരിക്കലുമാണത്. ദാനം ചെയ്യാത്ത സമ്പന്നനെയും കഷ്ടപ്പാടു സഹിക്കാത്ത ദരിദ്രനെയും കഴുത്തിൽ കല്ലുകെട്ടി കയത്തിൽ തള്ളണം. യോഗയുക്തനായ സന്ന്യാസിയും പോർക്കളത്തിൽ പൊരുതി മരിക്കുന്ന പടയാളിയും സൂര്യമണ്ഡലം ഭേദിച്ച് ഊർദ്ധ്വലോകം പൂകുന്നു.

രാജാവേ, കാര്യസിദ്ധിക്കു മൂന്നു തരത്തിലുള്ള ഉപായങ്ങൾ ഉണ്ട്. ഉത്തമം, മധ്യമം, അധമം. മനുഷ്യരും മൂന്നു വിധത്തിലുണ്ട്. ഉത്തമൻ, മധ്യമൻ, അധമൻ. ഇവരെ യോഗ്യതയനുസരിച്ചുള്ള കർമ്മങ്ങളിൽ ഏർപ്പെടുത്തണം. സമ്പാദ്യത്തിന് അവകാശമില്ലാത്തവർ മൂവരുണ്ട്. സ്ത്രീ, പുത്രൻ, അടിമ. ഇവർ സമ്പാദിക്കുന്നത് നാഥനുവേണ്ടിയാണ്. പരദ്രവ്യഹരണം, പരസ്ത്രീസംഗമം, മിത്രത്യാഗം ഇവ മൂന്നും നാശഹേതുക്കളാണ്. കാമം, ക്രോധം ലോഭം ഇവ മൂന്നും ആത്മനാശകങ്ങളായ നരകദ്വാരങ്ങളാണ്. വരം നേടൽ, പുത്രലാഭം, രാജ്യലാഭം ഇവ മൂന്നും ശത്രുബാധയിൽ നിന്നു മോചനം നേടുന്നതിനു തുല്യമാണ്. ഭക്തൻ, സേവകൻ, ആത്മസമർപ്പണം ചെയ്യുന്ന അഭയാർത്ഥി ഈ മൂവരെയും ഏതു വിപത്സന്ധി നേരിട്ടാലും ഉപേക്ഷിക്കരുത്. അൽപബുദ്ധികളോടും എടുത്തുചാട്ടക്കാരോടും ദീർഘസൂത്രികളോടും സ്തുതിപാഠകന്മാരോടും രഹസ്യങ്ങൾ ചർച്ചചെയ്യരുത്. ശക്തനായ രാജാവ് ഇവരെയെല്ലാം ഉപേക്ഷിക്കണം. ഗൃഹസ്ഥാശ്രമി നാലുപേരെ സംരക്ഷിക്കണം. കുലവൃദ്ധൻ, ആപത്തിൽപ്പെട്ട അഭിജാതൻ, ദരിദ്രനായ മിത്രം, സന്താനമില്ലാത്ത സഹോദരി.

ശീഘ്രഫലപ്രദങ്ങളായ നാലു കാര്യങ്ങളുണ്ട് 1) ദൈവനിശ്ചയം 2) ബുദ്ധിമാന്റെ സ്വാധീനം 3)വിദ്വാന്റെ വിനയം 4) പാപികളുടെ നാശം. വേണ്ടവിധം അനുഷ്ഠിച്ചാൽ ഭയനാശകങ്ങളും മറിച്ചായാൽ ഭയഹേതുകങ്ങളുമായ നാലു കർമ്മങ്ങൾ ഉണ്ട്. 1) ആദരപൂർവകമായ അഗ്‌നിഹോത്രം 2) ആദരപൂർവകമായ മൗനവൃതം. 3) ആദരപൂർവകമായ സ്വാധ്യായം 4) ആദരപൂർവകമായ യജ്ഞവിധാനം.

ഭാരതാ, പിതാവ്, മാതാവ്, അഗ്‌നി, ആത്മാവ്, ഗുരു ഇവ അഞ്ചും അഗ്‌നികളാണ്. ഏതു വ്യക്തിയും ഇവ അഞ്ചിനെയും ആദരവോടെ സംരക്ഷിക്കണം. ദേവത, പിതൃക്കൾ, മനുഷ്യർ, സന്ന്യാസി, അതിഥി ഈ അഞ്ചുകൂട്ടരേയും പൂജിക്കുന്നവൻ ശുഭമായ കീർത്തി നേടുന്നു. രാജാവേ, അങ്ങ് എവിടെപ്പോയാലും മിത്രം, ശത്രു, ഉദാസീനൻ, ആശ്രയദാതാവ്, ആശ്രിതൻ എന്നീ അഞ്ചു പേരും അനുഗമിക്കുന്നുണ്ടാവും. അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലുമൊന്നു നഷ്ടപ്പെടുന്നതോടെ ബുദ്ധിയും ലോപിച്ചു പോകുന്നു.

നിദ്ര, തന്ദ്ര, ഭയം, ക്രോധം, ആലസ്യം, ദീർഘസൂത്രത്വം ഇവ ആറും ഉത്കർഷേച്ഛുവായ മനുഷ്യൻ ഉപേക്ഷിക്കണം. ഉപദേശം നൽകാത്ത ആചാര്യൻ, മന്ത്രം ഉച്ചരിക്കാത്ത ഹോതാവ്, രക്ഷിക്കാൻ കഴിയാത്ത രാജാവ്, കൊള്ളിവാക്കു പറയുന്ന സ്ത്രീ, ജനസ്ഥാനത്തു വസിക്കാനാഗ്രഹിക്കുന്ന ഇടയൻ, വനവാസം ഇച്ഛിക്കുന്ന ക്ഷുരകൻ ഈ ആറു കൂട്ടരെയും നിസ്സംശയം പരിത്യജിക്കണം. സത്യം, ദാനം, കർത്തവ്യനിഷ്ഠ, അസൂയയില്ലായ്മ, ക്ഷമ, ധൈര്യം ഈ ആറു ഗുണങ്ങളെ ഒരിക്കലും ഉപേക്ഷിക്കരുത്. ധനാഗമം, അരോഗത, അനുകൂലയും പ്രിയംവദയുമായ പത്‌നി, ആജ്ഞാനുവർത്തിയായ പുത്രൻ, ധനലാഭമുണ്ടാക്കുന്ന വിദ്യ ഇവയെല്ലാം സുഖപ്രദങ്ങളാണ്. കള്ളൻ ശ്രദ്ധയില്ലാത്ത മനുഷ്യരിൽ നിന്നും, വൈദ്യൻ രോഗിയിൽ നിന്നും, മദിരാക്ഷികൾ കാമുകരിൽ നിന്നും, പുരോഹിതന്മാർ യജ്ഞകർത്താക്കളിൽ നിന്നും, വിദ്വാൻ വിഡ്ഢിയിൽ നിന്നും ഉപജീവനം തേടുന്നു. ഗോക്കൾ, ശുശ്രൂഷ, കൃഷി, സ്ത്രീ, വിദ്യ, മൂഢസംസർഗ്ഗം ഇവയാറും അൽപകാലത്തെ അശ്രദ്ധകൊണ്ടു നഷ്ടമാകുന്നു.


വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനേയും വിവാഹിതനായ പുത്രൻ മാതാവിനെയും വികാരം ശമിച്ച പുരുഷൻ സ്ത്രീയെയും കാര്യം നേടിയവൻ സഹായിയേയും പുഴയ്ക്കക്കരെ എത്തിച്ചേർന്നവർ നൗകയെയൂം രോഗം ഭേദമായവൻ വൈദ്യനെയും തിരസ്‌കരിക്കുന്നു. ഈർഷ്യാലു, വെറുപ്പുള്ളവൻ, അസന്തൃപ്തൻ, കോപിഷ്ഠൻ, സംശയാലു, പരോപജീവി ഇവരെക്കെ നിത്യദുഃഖിതരാണ്. കാമാസക്തി, ചൃതൂകളി, നായാട്ട്, മദ്യപാനം, പരുഷഭാഷണം, കഠിനശിക്ഷ, പാഴ്‌ച്ചെലവ് ഇവ ഏഴും രാജാക്കന്മാർ ഉപേക്ഷിക്കേണ്ട ദോഷങ്ങളാണ്.


ഭാരതാ, സുഹൃത്സംഗമം, അധികധനലാഭം, മകനെ മാറോടണയ്ക്കൽ, മൈഥുനം, പ്രിയഭാഷണം, സ്വപക്ഷക്കാരുടെ ഉത്കർഷം, ഇഷ്ടവസ്തുലാഭം, സമൂഹത്തിൽ മാന്യത ഇവ എല്ലാം ലൗകികസുഖം നൽകുന്നവയാണ്.

ബുദ്ധി, ആഭിജാത്യം, ഇന്ദ്രിയനിഗ്രഹം, ശാസ്ത്രജ്ഞാനം, പരാക്രമം, മിതഭാഷണം, കഴിവനുസരിച്ചുള്ള ദാനം, കൃതജ്ഞത ഇവ എട്ടും കീർത്തിദായകങ്ങളായ ഗുണങ്ങളാണ്. നവദ്വാരങ്ങളും മൂന്നു തൂണുകളും (വാതം, പിത്തം, കഫം) അഞ്ച് (ഇന്ദ്രിയങ്ങൾ ) സാക്ഷകളുള്ളതും ആത്മാവിന്റെ വാസസ്ഥാനവുമായ ഈ ശരീരമാകുന്ന ഗൃഹത്തെ അറിയുന്നവൻ മഹാജ്ഞാനിയാകുന്നു.

മഹാരാജാവേ, മദ്യമത്തൻ, അശ്രദ്ധൻ, ഭ്രാന്തൻ, തളർന്നവൻ, കോപിഷ്ഠൻ, വിശന്നവൻ, എടുത്തുചാട്ടക്കാരൻ, ലോഭി, ഭീതൻ, കാമി എന്നിവർക്കു ധർമ്മബോധം ഉണ്ടാവുകയില്ല. ഇവരിൽ വിദ്വാന്മാർ താത്പര്യം കാട്ടരുത്. കാമക്രോധങ്ങൾ വെടിഞ്ഞു സത്പാത്രത്തിൽ ദാനം ചെയ്തു ശാസ്ത്രജ്ഞാനത്തോടെ കർത്തവ്യാനുഷ്ഠാനം ചെയ്യുന്ന രാജാവിനെ എല്ലാ ജനങ്ങളും മാതൃകയാക്കുന്നു.

അന്യരുടെ വിശ്വാസം നേടാനറിയാവുന്നവനും സ്പഷ്ടമായിത്തെളിഞ്ഞ കുറ്റങ്ങൾക്കു മാത്രം ശിക്ഷനൽകുന്നവനുമായ രാജാവിനു സകല സമ്പത്തുകളും കരഗതമാകുന്നു. അശക്തനെ അപമാനിക്കാതിരിക്കുകയും ശത്രുവിനോടു ശ്രദ്ധയോടെ ബുദ്ധിപൂർവം പെരുമാറുകയും കരുത്തനോട് പൊരുതാനൊരുങ്ങാതിരിക്കുകയും തക്കസമയത്തു പൗരുഷം പ്രകടിപ്പിക്കുകയും ചെയ്യുന്നവൻ ധീരനാണ്. ആപത്തുവരുമ്പോൾ ദുഃഖിക്കാതെ ശ്രദ്ധാപൂർവം കർത്തവ്യങ്ങളിൽ മുഴുകി ദുഃഖം സ്വയം സഹിക്കുന്നവന്റെ ശത്രുക്കൾ പരാജയപ്പെടുന്നു. വ്യർഥമായി വിദേശവാസം, ദുർജ്ജനസംസർഗ്ഗം, പരസ്ത്രീസംഗം, നാസ്തികത, കളവ്, ആത്മപ്രശംസ, മദ്യപാനം എന്നിവയിൽ മുഴുകാത്തവൻ എന്നും സുഖമനുഭവിക്കുന്നു.

ശാന്തമായിരിക്കുന്ന വിരോധത്തീയെ ആളിക്കത്തിക്കാതെ, സ്വന്തം ഹീനത വെളിപ്പെടുത്താതെ, അഹങ്കരിക്കാതെ, ആപത്തിൽപ്പെട്ടുപോയെന്ന വിചാരത്തിൽ അകർമ്മം ചെയ്യാതെ ശ്രേഷ്ഠമായ പ്രവൃത്തികളിൽ മുഴുകുന്നവനെ സർവോത്തമനെന്നു ജനങ്ങൾ പറയുന്നു. സ്വന്തം സുഖങ്ങളിൽ ആഹ്‌ളാദിക്കാതെയും അന്യരുടെ ദുഃഖം കണ്ട് ആനന്ദിക്കാതെയും ദാനം ചെയ്തിട്ടു പശ്ചാത്തപിക്കാതെയും കഴിയുന്ന വ്യക്തിയെ സജ്ജനങ്ങളിലെ സദാചാരിയെന്നു പറയുന്നു.

ലോകനീതികളും നാട്ടാചാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുന്നവൻ വിവേകശാലിയാകുന്നു. ദാനം, ഹോമം, ദേവപൂജ, പലതരത്തിലുള്ള ലൗകികാചാരങ്ങൾ എന്നിവയിൽ മുഴുകിക്കഴിയുന്നവനു ദേവന്മാർ എല്ലാവിധത്തിലുമുള്ള ഉത്കർഷം പ്രദാനം ചെയ്യുന്നു. മൈത്രിയും വിവാഹവും വ്യവഹാരവുമെല്ലാം സമനിലയിലുള്ളവരുമായി മാത്രം നടത്തുന്നവൻ ശ്രേഷ്ഠനാകുന്നു. സകല ജീവരാശികൾക്കും ഹിതം പ്രദാനം ചെയ്യുന്നതിൽ തത്പരനും സത്യനിഷ്ഠനും അന്യരെ ആദരിക്കുന്നവനും പരിശുദ്ധചിത്തനുമായ വ്യക്തി ഏറെ ഖ്യാതി നേടുന്നു.

ധൃതരാഷ്ട്രർ വിദുരരേ, ചിന്തകൾ എന്നെ വിട്ടകലുന്നില്ല. ഉറക്കം വരുന്നതേയില്ല. ഞാൻ എന്തുചെയ്യണമെന്നു പറയൂ. നല്ലവണ്ണം ചിന്തിച്ചു ശരിയായ ഉപദേശം തരൂ. വിദുരർ യാതൊരാളെ പരാജിതനായി കാണാനാഗ്രഹിക്കുന്നില്ലയോ അയാൾക്കുവേണ്ടി ചോദിച്ചില്ലങ്കിലും നല്ലതും ചീത്തയും വേർതിരിച്ചു പറഞ്ഞു കൊടുക്കണം. അതുകൊണ്ടു രാജാവേ, കൗരവർക്കെല്ലാം ഹിതകരമായ കാര്യം ഞാൻ പറയാം. തെറ്റായ മാർഗ്ഗത്തിലൂടെ കപടമായി ഉണ്ടാക്കിയ നേട്ടങ്ങളിൽ അങ്ങു മനസ്സു വയ്ക്കരുത്. നല്ല മാർഗ്ഗത്തിലൂടെ ശ്രദ്ധാപൂർവം ചെയ്യപ്പെടുന്ന കാര്യം വിഫലമായാൽപ്പോലും ദുഃഖിക്കേണ്ടതില്ല.

സോദ്ദേശ്യകരമായി ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഉദ്ദേശ്യം ആദ്യമേ ചിന്തിച്ചുറയ്ക്കണം. നല്ലവണ്ണം ചിന്തിച്ചിട്ടേ പ്രവർത്തിക്കാവൂ. തിടുക്കം കൂട്ടരുത്. ഏതെങ്കിലും പ്രവൃത്തി തുടങ്ങുന്നതിനു മുൻപുതന്നെ അതിന്റെ പ്രയോജനം എന്തെന്നും പരിണാമം എന്തായിരിക്കുമെന്നും തീർച്ചയാക്കണം. തത്കാലസ്ഥിതി, ലാഭം, നഷ്ടം, ഖജനാവിലെ സ്ഥിതി തുടങ്ങിയവയേപ്പറ്റി വ്യക്തമായ അറിവില്ലാത്ത രാജാവിന് ഏറെ നിലനിൽപുണ്ടാവുകയില്ല. രാജ്യം നേടിക്കഴിഞ്ഞു എന്നു കരുതി അന്യായമായി പെരുമാറരുത്. സൗന്ദര്യത്തെ വാർദ്ധക്യം എന്നപോലെ ഉദ്ദണ്ഡത്വം സമ്പത്തിനെ നശിപ്പിക്കുന്നു. ഭക്ഷിക്കാൻ കഴിയുന്നതും, ഭക്ഷിക്കപ്പെടാവുന്നതും ഭക്ഷിച്ചാൽ ദഹിപ്പിക്കാൻ കഴിയുന്നതും ദഹിച്ചു ചേർന്നാൽ ഹാനികരമല്ലാത്തതുമയ ഭക്ഷണം മാത്രമേ കഴിക്കാവൂ.

മരത്തിൽ നിന്നു പിഞ്ചുകായ്കൾ പറിച്ചെടുക്കുന്നവൻ വിത്തു നശിപ്പിക്കുന്നു. പഴത്തിന്റെ സ്വാദ് അറിയുന്നതുമില്ല. പുഷ്പത്തിനു ഹാനിയുണ്ടാകാതെ വണ്ടു തേൻ കുടിക്കുന്നതുപോലെ രാജാവും ജനങ്ങളെ കഷ്ടപ്പെടുത്താതെ ധനം സമ്പാദിക്കണം. തോട്ടക്കാരൻ ചെടികളുടെ വേരിനു കേടുപറ്റാതെ വിരിഞ്ഞ പൂക്കൾ മാത്രം ഇറുത്തെടുക്കുന്നതുപോലെ പ്രജകളെ സംരക്ഷിച്ചുകൊണ്ട് അവരിൽ നിന്നു കരംപിരിക്കണം. മരത്തെ മൂടോടെ നശിപ്പിച്ചു കരിയുണ്ടാക്കി വിൽക്കുന്നവനെപ്പോലെ രാജാവും പെരുമാറരുത്. ഓരോ പ്രവൃത്തിയും ചെയ്യുന്നതിനുമുൻപ്, ഇതു ചെയ്താൽ എനിക്കെന്തു നേട്ടം എന്നും, ചെയ്തില്ലെങ്കിൽ എന്തു കോട്ടം തട്ടുമെന്നും നല്ലവണ്ണം ചിന്തിച്ചുറയ്ക്കണം. കഴിവില്ലായ്മകൊണ്ടു ചെയ്യാനാകാത്ത പലകാര്യങ്ങളുമുണ്ട്.

അത്തരം കർമ്മങ്ങൾക്കു വേണ്ടി ചെലവഴിക്കപ്പെടുന്നതെന്തും വ്യർഥമാകുന്നു. പ്രസാദം കൊണ്ടു പ്രയോജനമില്ലാത്ത, ക്രോധംകൊണ്ട് ഒന്നും ചെയ്യാനാകാത്ത വ്യക്തിയെ, സ്ത്രീകൾ ഷണ്ഡനെ ഭർത്താവാക്കാത്തപോലെ, പ്രജകൾ രാജാവാക്കാൻ ഇഷ്ടപ്പെടുകയില്ല. ചെറിയ പ്രയത്‌നത്തിനു മഹത്തായ ഫലങ്ങൾ നൽകുന്ന കാര്യങ്ങൾ ബുദ്ധിമാന്മാർ വേഗം ആരംഭിക്കുന്നു. അതിൽ തടസ്സമുണ്ടാകാൻ അവർ ഇടനൽകുകയില്ല. പ്രജകളെ പ്രേമപൂർവം വീക്ഷിക്കുന്ന രാജാവിനെ ജനങ്ങൾ സ്‌നേഹപുർവം ആരാധിക്കുന്നു. നിറയെ പൂത്തിട്ടു കായ്ക്കാത്ത മരങ്ങളുണ്ട്. നിറയെ പഴങ്ങളുണ്ടെങ്കിലും കേറി പറിക്കാനാവാത്ത മുൾമരങ്ങളുമുണ്ട്.

രാജാവ് ആ വിധത്തിൽ ഉദാരനാകണം. പക്ഷേ ഏവർക്കും എപ്പോഴും കടന്നുവന്ന് യാചിക്കാൻ അവസരം കൊടുക്കാതിരിക്കണം. തന്റെ ബലഹീനത ഒരിക്കലും പ്രകടിപ്പിക്കരുത്. നോക്കും വാക്കും വിചാരവും പ്രവൃത്തിയും കൊണ്ടു ജനങ്ങളെ സന്തുഷ്ടരാക്കുന്ന രാജാവിനെ ഏതൊരാളും ഇഷ്ടപ്പെടുന്നു. വനവേടനെക്കണ്ട മാൻപേടയെപ്പോലെ രാജാവിനെ ജനങ്ങൾ പേടിക്കാൻ ഇടയാകരുത്. അന്യായിയായ രാജാവ് പൂർവികർ നേടിക്കൊടുത്ത രാജ്യത്തെ ഛിന്നഭിന്നമാക്കുന്നു. പാരമ്പര്യമായി സജ്ജനങ്ങൾ അനുഷ്ഠിച്ചുവന്ന ധർമ്മങ്ങൾ ആചരിക്കുന്ന രാജാവിന്റെ രാജ്യം ധനധാന്യസമ്പൂർണ്ണമായി അഭിവൃദ്ധിനേടുന്നു. അധർമ്മനിരതനാകുന്ന രാജാവിന്റെ രാജ്യം സങ്കുചിതമാകുന്നു. അയൽരാജ്യങ്ങളെ നശിപ്പിക്കാനായി ചെയ്യുന്ന പ്രയത്‌നം സ്വന്തം രാജ്യത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി മാത്രം ആയിത്തീരണം.

ധർമ്മാനുസൃതമായി രാജ്യം നേടണം. ധാർമികമായി ആ രാജ്യത്തെ പാലിക്കണം. ധാർമ്മികമായി കൈവരുന്ന രാജ്യലക്ഷ്മി രാജാവിനെയോ, രാജാവ് ആ രാജ്യലക്ഷ്മിെയയോ കൈവെടിയുന്നില്ല. നിരർഥകമായി സംസാരിക്കുന്നവരിൽ നിന്നും ഭ്രാന്തന്മാരിൽ നിന്നും ശിശുക്കളിൽ നിന്നു കൂടിയും കേൾക്കാനിടവരുന്ന നല്ല കാര്യങ്ങൾ ഗ്രഹിക്കണം. ഉഞ്ഛവൃത്തികൊണ്ടു ജീവിക്കുന്നവർ ചിതറിക്കിടക്കുന്ന ഓരോ ധാന്യമണിയും പെറുക്കിയെടുക്കുന്നതുപോലെ വിലയേറിയ തത്ത്വങ്ങളും പ്രവൃത്തികളും എവിടെക്കണ്ടാലും ബുദ്ധിമാൻ സ്വാംശീകരിക്കണം. എളുപ്പം പാൽതരാത്ത പശുവിനെ ആളുകൾ കഷ്ടപ്പെടുത്തുന്നു. ചുടാക്കാതെ വളയുന്ന ലോഹത്തെ ആരും തീയിലിട്ടു പഴുപ്പിക്കുന്നില്ല. കുനിഞ്ഞു നില്ക്കുന്ന മരത്തെ പഴം പറിക്കാനായി ആരും പിടിച്ചു കുനിക്കുന്നില്ല.

അതുകൊണ്ട് ബുദ്ധിമാൻ കരുത്തന്റെ മുമ്പിൽ വിനയം കാട്ടണം. സ്ത്രീക്ക് ഭർത്താവും ബ്രാഹ്മണനു വേദങ്ങളും ബന്ധുവാകുന്നു. സത്യം ധർമ്മത്തേയും യോഗം വിദ്യയെയും ശുചിത്വം സുന്ദരമായ ശരീരത്തെയും രക്ഷിക്കുന്നു. സദാചാരമാണു വംശത്തെ രക്ഷിക്കുന്നത്. തൂക്കം കൊണ്ടു ധാന്യവും തഴുകൽ കൊണ്ടു കുതിരയും ഇടക്കിടെയുള്ള മേൽനോട്ടം കൊണ്ട് പശുക്കളും വസ്ത്രങ്ങൾ കൊണ്ടു സ്ത്രീകളും സംരക്ഷിക്കപ്പെടുന്നു. സദാചാരവിഹീനനായ പുരുഷൻ ആഭിജാത്യം കൊണ്ടു മാന്യനാകുന്നില്ല. നീചകുലജതനായാലും സദാചാര നിഷ്ഠയുണ്ടെങ്കിൽ മാന്യത നേടാം. അന്യരുടെ സമ്പത്ത്, സൗന്ദര്യം, പരാക്രമം, ആഭിജാത്യം, സുഖസൗഭാഗ്യങ്ങൾ, ബഹുമതികൾ തുടങ്ങിയവ കൊണ്ടുണ്ടാകുന്ന അസൂയ ഭേദമാക്കാനാകാത്ത രോഗമാണ്.

അരുതാത്തതു ചെയ്യുമ്പോഴും കർത്തവ്യത്തിൽ പിഴവു പറ്റുമ്പോഴും രഹസ്യം പരസ്യമാകുമ്പോഴും പേടിക്കണം. ലഹരിപാനീയങ്ങൾ കുടിക്കരുത്. വിദ്യയും ധനവും ആഭിജാത്യവും മദമുണ്ടാക്കുന്നവയാണ്. പക്ഷേ സജ്ജനങ്ങൾ ഇവയെല്ലാം ദമത്തിനുള്ള ഉപായങ്ങളാക്കുന്നു. നല്ല വസ്ത്രം ധരിച്ചവർ സഭയെ ജയിച്ചടക്കുന്നു. പശുക്കളുള്ളവർ മധുരമായ പാൽ കുടിക്കാനുള്ള ആഗ്രഹത്തെ ജയിക്കുന്നു. വാഹനത്തിൽ പോകുന്നവൻ മാർഗ്ഗക്ലേശത്തെ ആതിജീവിക്കുന്നു. സദാചാരനിരതൻ സകലരെയും ജയിക്കുന്നു.

അരക്കില്ലദഹനം

[തിരുത്തുക]

ഏകദേശം ഒരു വർഷക്കാലം പാണ്ഡവരും കുന്തിയും അരക്കില്ലത്തിൽ സുഖമായി താമസിച്ചു. ഒരു കൃഷ്ണ ചതുർദ്ദശി ദിവസമാണ് ദുര്യോധനൻ പുരോചനനെ അരക്കില്ലം കത്തിക്കാൻ ഏർപ്പാടാക്കിയത്. അതു മുൻകൂട്ടി മനസ്സിലാക്കിയ പാണ്ഡവർ, അന്നേദിവസം വരണാവതത്തിലെ ബ്രാഹ്മണരെ ഏവരേയും ക്ഷണിച്ചു വരുത്തി അവർക്ക് ഇഷ്ട ഭോജനവും ധനവും വസ്ത്രങ്ങളും നൽകി അവരുടെ അനുഗ്രഹം വാങ്ങി. കുന്തിദേവിയായിരുന്നു ഇതിനു നേതൃത്വം നൽകിയത്. അന്ന് അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി എത്തിച്ചേരുകയും ആഹാരത്തിനും ദക്ഷിണക്കും ശേഷം അവർ അവിടെത്തന്നെ അന്നു അന്തിയുറങ്ങി.

കൃഷ്ണചതുർദ്ദശിയായതിനാൽ അന്നു രാത്രി ഇരുട്ടിൽ പുരോചനൻ കൊട്ടാരത്തിനു തീവെക്കുന്നതിനു പദ്ധതിയിട്ടെങ്കിലും, ദുരോധനൻറെയും പുരോചനൻറെയും ചതി മനസ്സിലാക്കിയ ഭീമൻ, പുരോചനൻ കത്തിക്കുന്നത് കാത്തു നിൽക്കാതെ അരക്കില്ലത്തിനെ അഗ്നിക്കിരയാക്കി. പാണ്ഡവരും കുന്തീദേവിയും അവിടെ നിന്നും ഖനികന്റെ സഹായത്താൽ വീടിനടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു. പുരോചനനും, രാക്ഷസിയും, അവരുടെ അഞ്ചു മക്കളും അഗ്നിയിൽ വെന്തുമരിച്ചു. പാണ്ഡവർ രക്ഷപ്പെട്ടു എന്ന് വിദുരൻ, ഖനികൻ മുഖേന അറിഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല. പാണ്ഡവന്മാർ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്താൽ ദുര്യോധനപ്രഭൃതികൾ അവർക്ക് ശേഷക്രിയ നടത്തി. [2]

വനവാസം

[തിരുത്തുക]

അരക്കില്ലം വെന്തുരുകിയപ്പോൾ ഖനികൻ നിർമ്മിച്ച ഗുഹയിലൂടെ രക്ഷപെട്ട പാണ്ഡവർ ഗംഗാതീരത്തെത്തി ചേർന്നു. തീയേറ്റുള്ള രാത്രിയിലെ യാത്രയിൽ തളർന്നുവീണ സഹോദരങ്ങളെയും, അമ്മയെയും ഭീമൻ തോളിലേറ്റിക്കൊണ്ടാണ് പിന്നീട് മുന്നോട്ടുനീങ്ങിയത്.

അവലംബം

[തിരുത്തുക]
  1. സംഭവ പർവ്വം, മഹാഭാരതം; മലയാള വിവർത്തനം -- ഡോ.പിഎസ്.വാര്യർ -- വിദ്യാരംഭം പബ്ലിഷേസ്
  2. മഹാഭാരതം -- ഡോ.പി.എസ്.വാര്യർ -- വിദ്യാരംഭം പബ്ലീഷേസ്
"https://ml.wikipedia.org/w/index.php?title=അരക്കില്ലം&oldid=4399349" എന്ന താളിൽനിന്ന് ശേഖരിച്ചത്