ആയാംകുടി
ആയാംകുടി | |
---|---|
ഗ്രാമം | |
![]() ആയാംകുടി ക്ഷേത്രം | |
![]() | |
Coordinates: 9°44′59″N 76°28′23″E / 9.74973°N 76.473°E | |
Country | ![]() |
State | കേരളം |
District | കോട്ടയം |
Loksabha | കോട്ടയം |
Vidhansabha | Kaduthuruthy |
ഗ്രാമം | മുട്ടുചിറ |
പഞ്ചായത്ത് | കടുത്തുരുത്തി |
വിസ്തീർണ്ണം | |
• ആകെ | 1.75 ച.കി.മീ. (0.68 ച മൈ) |
ഉയരം | 10−100 മീ (−320 അടി) |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Coastline | 0 കിലോമീറ്റർ (0 മൈ) |
Sex ratio | 1.017 ♂/♀ |
Literacy | 100.0% |
Climate | Am (Köppen) |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് ആയാംകുടി.
സ്ഥാനം
[തിരുത്തുക]ആയാംകുടി ഗ്രാമം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 9°45'N & 76°28'E ആണ്. റബ്ബർ തോട്ടങ്ങളും നെൽവയലുകളും തെങ്ങിൻ തോട്ടങ്ങളും ഇടതിങ്ങി വളരുന്ന പ്രദേശമാണിത്.
കോട്ടയം, എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയിൽ നിന്ന് ആയാംകുടിയിലേക്ക് പെട്ടെന്ന് എത്തിച്ചേരാവുന്നതാണ്. ആയാംകുടിയിലേക്ക് പോകാനുള്ള ഏറ്റവും നല്ല മാർഗം പബ്ലിക് ബസുകളാണ്. കോട്ടയത്തിനും വൈക്കത്തിനും ഇടയിൽ സർവീസ് നടത്തുന്ന ഏതാനും ബസുകളിൽ ചിലതിന് ആയാംകുടിയിൽ സ്റ്റോപ്പുണ്ട്. മറ്റ് നഗരങ്ങളുമായും പട്ടണങ്ങളുമായും നന്നായി ബന്ധപ്പെട്ടിരിക്കുന്ന അടുത്തുള്ള പട്ടണമായ കടുത്തുരുത്തിയിൽ നിന്ന് ഒരാൾക്ക് ഒരു ടാക്സി/ഓട്ടോ റിക്ഷ വാടകയ്‌ക്കെടുത്തും അനായാസമായി ഇവിടെയത്താവുന്നതാണ്. കോട്ടയവും എറണാകുളവുമാണ് ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള പ്രധാന തീവണ്ടിയാപ്പീസുകൾ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഗ്രാമത്തിനു സമീപത്തുള്ള വിമാനത്താവളം.
ജനസംഖ്യാശാസ്ത്രം
[തിരുത്തുക]സാമാന്യം ജനസാന്ദ്രതയുള്ള പ്രദേശമാണ് ആയാംകുടി. ആയാംകുടി ദേശത്തുള്ളവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. ഈഴവർ, പുലയർ, നായർ, ആശാരി, നമ്പൂതിരി എന്നീ വിവിധ ജാതിയിൽപ്പെട്ടവരാണ് ഗ്രാമീണർ.
സ്ഥാപനങ്ങൾ
[തിരുത്തുക]ഒരു ലോവർ പ്രൈമറി സ്കൂൾ, ഒരു ഹൈസ്കൂൾ, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെ ആയാംകുടിയിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടെ ഒരു പൊതു വായനശാലയും ഒരു പോസ്റ്റ് ഓഫീസും ഉണ്ട്. ഗ്രാമത്തിൽ പ്രസിദ്ധമായ ഒരു ശിവക്ഷേത്രവും (തിരുവയാംകുടി മഹാദേവ ക്ഷേത്രം) ഒരു ദേവീക്ഷേത്രവുമുണ്ട്. മലപ്പുറം സെന്റ് തെരേസാ പള്ളി, മധുരവേലി ഇൻഫന്റ് ജീസസ് പള്ളി, അൽഫോൻസപുരം പള്ളി എന്നിങ്ങനെ ഇവിടെ മൂന്ന് കത്തോലിക്കാ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നു.
ക്ഷേത്രത്തിൻ്റെ ചരിത്രം
[തിരുത്തുക]ക്ഷേത്രത്തിൻ്റെ ചരിത്രം എഡി 1000- വരെ പഴക്കമുള്ളതാണ്. ആയാംകുടിയിലെ ഒരു ബ്രാഹ്മണന്റെ ഭവനത്തിലെ ഹോമാഗ്നിയിൽനിന്ന് (പവിത്രമായ അഗ്നി) സ്വയം ഭൂവായി കരുതപ്പെടുന്ന ഒരു ശിവലിംഗമാണ് ഇവിടുത്തെ പ്രധാന വിഗ്രഹം. ഈ ബ്രാഹ്മണൻ (നമ്പൂതിരി) 15 കിലോമീറ്റർ (9.3 മൈൽ) അകലെയുള്ള വൈക്കത്തെ പ്രശസ്തമായ ക്ഷേത്രത്തിലെ പ്രധാന ദേവനായ വൈക്കത്തപ്പൻ്റെ (പരമശിവൻ) ഒരു കടുത്ത ഭക്തനായിരുന്നു. ഐതിഹ്യമനുസരിച്ച്, പ്രായാധിക്യം മൂലം അദ്ദേഹത്തിന് ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്താൻ കഴിഞ്ഞില്ല. അതിനാൽ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ (വൈക്കത്തപ്പൻ) അദ്ദേഹം ഉപാസന നടത്തുന്ന ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ടുവെന്നു പറയപ്പെടുന്നു. പിന്നീട് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇപ്പോൾ ഗ്രാമത്തിൻ്റെ പ്രധാന കേന്ദ്രമായി നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഏഴ് ഊരണ്മ കുടുംബങ്ങൾ (ഉടമകൾ) ഉണ്ടായിരുന്നതായി കേൾക്കുന്നുവെങ്കിലും നിലവിൽ അഞ്ചെണ്ണത്തിൽ മാത്രമേ ജീവിച്ചിരിക്കുന്ന അംഗങ്ങൾ ഉള്ളൂ. പട്ടമന ഇല്ലം, എട്ടിക്കട മന, ഋഷി ഇല്ലം, മരങ്ങാട്ട മന, നെയ്തശ്ശേരി മന എന്നിവ ഉൾപ്പെടുന്നതാണ് ഇപ്പോഴത്തെ ഒരാണ്മ കുടുംബങ്ങൾ.
ദൈവിക ശക്തി കുടികൊള്ളുന്ന ഒരു രഹസ്യ അറ ക്ഷേത്രത്തിലുണ്ട്. ഇത് വിഗ്രഹത്തിൻ്റെ ശക്തിയുടെ സംഭരണിയായി കണക്കാക്കപ്പെടുന്നു. ശിലാപാളികൾ കൊണ്ട് ഈ അറ നന്നായി സംരക്ഷിച്ചിരിക്കുന്നു. മറ്റ് പ്രധാന വിളക്കുകൾ കത്തിക്കുന്നതിന് മുമ്പ്, എല്ലാ ദിവസവും അതിന്റെ മുന്നിൽ ഒരു വിളക്ക് കത്തിക്കുന്നു. ഈ സ്ഥലം സംരക്ഷിക്കാൻ ഒരു സർപ്പം ഇതിന് മുന്നിൽ ഇരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.
തണുത്ത വെള്ളത്തിന്റെ വറ്റാത്ത നീരുറവയുള്ള ഒരു കിണറും ഇവിടെയുണ്ട്. പരമശിവന്റെ ദിവ്യശിരസ്സിൽ നിന്ന് ഉത്ഭവിച്ച ഗംഗയുമായി ഇതിന് ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഗ്രാമത്തിന്റെ ഏറ്റവും മുകൾ ഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നതെങ്കിലും, ഗ്രാമത്തിലെ മിക്ക കിണറുകളും വറ്റിവരണ്ടപ്പോഴും അതിലെ ജലനിരപ്പ് ഒരു പരിധിക്ക് താഴെ പോയിട്ടില്ല. ഋഗ്വേദ പഠനത്തിനുള്ള ഒരു കേന്ദ്രമായ ആയാംകുടി ഗ്രാമത്തിൽ നിരവധി പണ്ഡിതർ താമസിക്കുന്നു. ഏകദേശം ഏഴ് വർഷമെടുക്കുന്ന ഋഗ്വേദ വിദ്യാഭ്യാസത്തിനുള്ള പരിശീലനം എല്ലായ്പ്പോഴും ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അടുത്ത കാലം വരെ, ക്ഷേത്രം ഭൂസ്വത്തിന്റെ രൂപത്തിൽ സ്വത്തുക്കൾക്ക് പേരുകേട്ടതായിരുന്നുവെങ്കിലും സമീപകാലത്ത് സ്ഥിതി മാറി.
ഉത്സവം
[തിരുത്തുക]മഹാശിവരാത്രിയുമായി ബന്ധപ്പെട്ടാണ് ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഉത്സവം. മലയാള മാസമായ കുംഭത്തിലാണ് ഇത് ആഘോഷിക്കുന്നത്. കൊടിയേറ്റോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഈ മാസത്തിലെ അമാവാസി നാളിൽ നടത്തുന്ന ആറാട്ടോടെ (വിശുദ്ധ കുളി) ആറ് ദിവസത്തെ ഉത്സവം അവസാനിക്കുന്നു. ഇത് സാധാരണയായി മഹാശിവരാത്രിയുടെ അടുത്ത ദിവസമാണ്.
കളഭാഭിഷേകം, കൊടിയേറ്റ്, ഉത്സവബലി, ശ്രീഭൂതബലി, മുളപൂജ, ശിവരാത്രി പൂജ, പള്ളിവേട്ട, വിളക്കെഴുന്നെള്ളിപ്പ്, ആറാട്ട് എന്നിവയാണ് ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് പ്രധാന ചടങ്ങുകൾ. സെന്റ് തേരേസാസ് പള്ളിയിലെ ഒക്ടോബറിലെ ഉത്സവവും പ്രസിദ്ധമാണ്. ജാതി മതഭേദമന്യേ ധാരാളം ആളുകൾ അന്നേ ദിവസം പള്ളിയിൽ എത്തുന്നു.