Jump to content

ഇലക്ട്രോറെറ്റിനോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Electroretinography
Maximal response ERG waveform from a dark adapted eye.
ICD-9-CM95.21
MeSHD004596

ഫോട്ടോറിസപ്‌റ്റർ കോശങ്ങൾ (റോഡുകളും കോണുകളും), ഇന്നർ റെറ്റിനൽ കോശങ്ങൾ (ബൈപോളാർ, അമക്രൈൻ കോശങ്ങൾ), ഗാംഗ്ലിയോൺ കോശങ്ങൾ എന്നിവ ഉൾപ്പടെ റെറ്റിനയിലെ വിവിധ കോശങ്ങളുടെ വൈദ്യുത പ്രതികരണങ്ങൾ അളക്കുന്ന ഒരു പരിശോധനയാണ് ഇലക്ട്രോറെറ്റിനോഗ്രഫി. റെറ്റിന പ്രതികരണങ്ങൾ അളക്കുന്നതിന് കോർണിയയുടെ ഉപരിതലത്തിൽ (ഡിടിഎൽ സിൽവർ / നൈലോൺ ഫൈബർ സ്ട്രിംഗ് അല്ലെങ്കിൽ ഇആർജി ജെറ്റ്) അല്ലെങ്കിൽ കണ്ണിന് താഴെയുള്ള ചർമ്മത്തിൽ (സെൻസർ സ്ട്രിപ്പുകൾ) ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നു. റെറ്റിനയിലെ പിഗ്മെന്റ് എപിതീലിയം പ്രതികരണങ്ങൾ കാന്തിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്കിൻ-കോൺടാക്റ്റ് ഇലക്ട്രോഡുകൾ ഉപയോഗിച്ച് ഇഒജി പരിശോധനയിലൂടെ അളക്കുന്നു. ഒരു റെക്കോർഡിംഗിനിടെ, രോഗിയുടെ കണ്ണുകൾ‌ സ്റ്റാൻ‌ഡേർ‌ഡൈസ്ഡ് ഉത്തേജനങ്ങൾ‌ക്ക് വിധേയമാക്കുകയും തത്ഫലമായുണ്ടാകുന്ന സിഗ്നൽ, സിഗ്നൽ ആംപ്ലിറ്റ്യൂഡിന്റെ (വോൾട്ടേജ്) സമയ ഗതി കാണിക്കുകയും ചെയ്യുന്നു. സിഗ്നലുകൾ‌ മൈക്രോ വോൾട്ടുകളിലോ നാനോവോൾട്ടുകളിലോ അളക്കുന്നത്ര ചെറുതാണ്. റെറ്റിനയിലെ വിവിധ സെൽ തരങ്ങൾ സംഭാവന ചെയ്യുന്ന വൈദ്യുത പൊട്ടെൻഷ്യലുകളാണ് ഇആർ‌ജിയിൽ ഉള്ളത്, കൂടാതെ ഉത്തേജക അവസ്ഥകൾക്ക് (ഫ്ലാഷ് അല്ലെങ്കിൽ പാറ്റേൺ ഉത്തേജനം, ഒരു പശ്ചാത്തല വെളിച്ചം, ഉത്തേജകത്തിന്റെയും പശ്ചാത്തലത്തിന്റെയും നിറങ്ങൾ) ചില ഘടകങ്ങളിൽ നിന്ന് ശക്തമായ പ്രതികരണം നേടാൻ കഴിയും.

ഇരുട്ടിനോട് പൊരുത്തപ്പെട്ട (ഡാർക്ക് അഡാപ്റ്റഡ്) കണ്ണിൽ ഡിം ഫ്ലാഷ് ഇആർജി നടത്തുകയാണെങ്കിൽ, പ്രതികരണം പ്രാഥമികമായി റോഡ് സിസ്റ്റത്തിൽ നിന്നായിരിക്കും. ലൈറ്റ് അഡാപ്റ്റഡ് കണ്ണിലെ ഫ്ലാഷ് ഇആർജികൾ കോൺ സിസ്റ്റത്തിന്റെ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കും. വേണ്ടത്ര തെളിച്ചമുള്ള ഫ്ലാഷുകൾ ആദ്യം എ-വേവ് (പ്രാരംഭ നെഗറ്റീവ് ഡിഫെക്ഷൻ) അതിനുശേഷം ബി-വേവ് (പോസിറ്റീവ് ഡിഫെക്ഷൻ) എന്ന രീതിയിൽ ഇആർജി കാണിക്കും. എ-തരംഗത്തിന്റെ മുൻ‌വശം ഫോട്ടോറിസെപ്റ്ററുകളാണ് നിർമ്മിക്കുന്നത്, ബാക്കി തരംഗദൈർഘ്യം ഫോട്ടോറിസെപ്റ്ററുകൾ, ബൈപോളാർ, അമക്രൈൻ, മുള്ളർ സെല്ലുകൾ അല്ലെങ്കിൽ മുള്ളർ ഗ്ലിയ എന്നിവയുൾപ്പെടെയുള്ള കോശങ്ങളുടെ മിശ്രിതമാണ് നിർമ്മിക്കുന്നത്.[1] ഇതര ചെക്ക്ബോഡ് ഉത്തേജനം മൂലമുണ്ടാകുന്ന പാറ്റേൺ ഇആർജി പ്രാഥമികമായി റെറ്റിന ഗാംഗ്ലിയൻ സെല്ലുകളുടെ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു.

ഡയഗ്നോസ്റ്റിക്സ്

[തിരുത്തുക]
ഒരു ഇലക്ട്രോറെറ്റിനോഗ്രാം (ഇആർജി) പരിശോധന (2014).
ഇലക്ട്രോറെറ്റിനോഗ്രാമിന് വിധേയനായ ഒരു രോഗിയുടെ പഴയകാല ഫോട്ടോ.

വിവിധ റെറ്റിന രോഗങ്ങൾ നിർണ്ണയിക്കാൻ ഇലക്ട്രോറെറ്റിനോഗ്രാം (ഇആർജി) നേത്രരോഗവിദഗ്ദ്ധരും ഒപ്റ്റോമെട്രിസ്റ്റുകളും ക്ലിനിക്കലായി ഉപയോഗിക്കുന്നു.[2]

ഇആർജി ഉപയോഗപ്രദമാകുന്ന പാരമ്പര്യ റെറ്റിന ഡീജനറേഷനുകളിൽ ഇവ ഉൾപ്പെടുന്നു:

  • റെറ്റിനൈറ്റിസ് പിഗ്മെന്റോസയും അനുബന്ധ പാരമ്പര്യ അപചയങ്ങളും
  • റെറ്റിനൈറ്റിസ് പൻ‌ക്റ്റാറ്റ ആൽ‌ബെസെൻസ്
  • ലെബർസ് കൺജനിറ്റൽ അമ്യൂറോസിസ്
  • കോറോയിഡെറെമിയ
  • റെറ്റിനയുടെയും കോറോയിഡിന്റെയും ഗൈറേറ്റ് അട്രോഫി
  • ഗോൾഡ്മാൻ-ഫാവ്രെ സിൻഡ്രോം
  • കൺജനിറ്റൽ സ്റ്റേഷണറി നൈറ്റ് ബ്ലൈൻഡ്നസ് - നോർമൽ എ-വേവ് സാധാരണ ഫോട്ടോറിസെപ്റ്ററുകളെ സൂചിപ്പിക്കുന്നു; ബി-വേവ് ഇല്ലാതിരിക്കുന്നത് ബൈപോളാർ സെൽ മേഖലയിലെ അസാധാരണതയെ സൂചിപ്പിക്കുന്നു.
  • എക്സ്-ലിങ്ക്ഡ് ജുവനൈൽ റെറ്റിനോസ്കിസിസ്
  • അക്രോമാറ്റോപ്സിയ
  • കോൺ ഡിസ്ട്രോഫി
  • റെറ്റിനൈറ്റിസ് പിഗ്മെന്റോസയെ അനുകരിക്കുന്ന തകരാറുകൾ
  • അഷർ സിൻഡ്രോം

സ്റ്റാൻഡേർഡ് ഇആർജി ഉപയോഗപ്രദമാകുന്ന മറ്റ് ഒക്കുലാർ ഡിസോർഡേഴ്സ്:

  • ഡയബറ്റിക് റെറ്റിനോപ്പതി[3][4][5]
  • സെൻട്രൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ (CRVO),[6] ബ്രാഞ്ച് റെറ്റിനൽ വെയിൻ ഒക്ലൂഷൻ (BRVO), സിക്കിൾ സെൽ റെറ്റിനോപ്പതി എന്നിവയുൾപ്പെടെയുള്ള മറ്റ് ഇസ്കെമിക് റെറ്റിനോപ്പതികൾ
  • പ്ലാക്കെനിൽ, വിഗാബാട്രിൻ എന്നിവയുൾപ്പെടെയുള്ളവ ഉണ്ടാക്കുന്ന ടോക്സിക് റെറ്റിനോപ്പതികൾ. പല മരുന്ന് പരീക്ഷണങ്ങളിലും റെറ്റിനൽ ടോക്സിസിറ്റി നിരീക്ഷിക്കുന്നതിനും ഇആർജി ഉപയോഗിക്കുന്നു.
  • ഓട്ടോ ഇമ്മ്യൂൺ റെറ്റിനോപ്പതികളായ കാൻസർ അസോസിയേറ്റഡ് റെറ്റിനോപ്പതി (CAR), മെലനോമ അസോസിയേറ്റഡ് റെറ്റിനോപ്പതി (MAR), അക്യൂട്ട് സോണൽ ഒക്കൾട്ട് ഔട്ടർ റെറ്റിനോപ്പതി (AZOOR)
  • റെറ്റിനൽ ഡിറ്റാച്ച്മെന്റ്
  • ആഘാതത്തിനുശേഷം റെറ്റിനയുടെ പ്രവർത്തനം വിലയിരുത്തൽ, പ്രത്യേകിച്ച് വിട്രിയസ് ഹെമറേജ്, ഫണ്ടസ് കാഴ്ച മറയ്ക്കുന്ന തിമിരം, ഫണ്ടസ് ദൃശ്യവൽക്കരിക്കാൻ കഴിയാത്ത മറ്റ് അവസ്ഥകൾ എന്നിവയിൽ.

റെറ്റിനയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള മറ്റ്രീതിയിൽ ലഭ്യമല്ലാത്ത വിവരങ്ങൾ കണ്ടെത്താൻ നേത്ര ഗവേഷണത്തിലും ഇആർജി വ്യാപകമായി ഉപയോഗിക്കുന്നു.

ഗ്ലോക്കോമ പോലുള്ള രോഗങ്ങളിൽ റെറ്റിന ഗാംഗ്ലിയോൺ സെൽ പ്രവർത്തനം വിലയിരുത്തുന്നതിന് ഫോട്ടോപിക് നെഗറ്റീവ് റെസ്പോൺസ് (പിഎച്ച്എൻആർ), പാറ്റേൺ ഇആർജി (പിഇആർജി) പോലുള്ള മറ്റ് ഇആർജി പരിശോധനകൾ ഉപയോഗപ്രദമാകും.

വ്യത്യസ്ത റെറ്റിന ലൊക്കേഷനുകളുടെ പ്രതികരണങ്ങൾ പ്രത്യേകം രേഖപ്പെടുത്താൻ മൾട്ടിഫോക്കൽ ഇആർജി ഉപയോഗിക്കുന്നു.

ERG, EOG, VEP എന്നിവയുടെ ക്ലിനിക്കൽ ഉപയോഗവും മാനദണ്ഡീകരണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബോഡി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഇലക്ട്രോഫിസിയോളജി ഓഫ് വിഷൻ (ISCEV) ആണ്.[7]

മറ്റ് ഉപയോഗങ്ങൾ

[തിരുത്തുക]

ക്ലിനിക്കൽ ഡയഗ്നോസ്റ്റിക് ഉദ്ദേശ്യത്തിനുപുറമെ, മരുന്ന് ഗവേഷണത്തിലും പുതിയ അല്ലെങ്കിൽ നിലവിലുള്ള മരുന്നുകളുടെയും ചികിത്സാ രീതികളുടെയും കണ്ണുമായി ബന്ധപ്പെട്ട സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിനായും ഇആർ‌ജി ഉപയോഗിക്കാം.[8]

നാസറും സഹപ്രവർത്തകരും നടത്തിയ 2013 ലെ പഠനം[9] ഒരു ബ്രൌണി കഴിക്കുമ്പോഴുള്ള റെറ്റിന ഡോപാമെർ‌ജിക് പ്രതികരണം 20 മില്ലിഗ്രാം ഡോസ് മെഥൈൽഫെനിഡേറ്റിന്റെ പ്രതികരണത്തിന് തുല്യമാണെന്ന് കണ്ടെത്തി, ഇത് റെറ്റിനയിലെ ഡോപാമൈൻ ന്യൂറോണുകളുടെ പ്രവർത്തനം മസ്തിഷ്ക ഡോപാമിനേർജിക് പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. കൂടുതൽ ഗവേഷണങ്ങളിലൂടെ പരിശോധിച്ചുറപ്പിച്ചാൽ, "പി‌ആർ‌ടിയുടെ ന്യൂറോ ട്രാൻസ്മിറ്റർ സവിശേഷത വളരെ കുറഞ്ഞ ചെലവിൽ സാധ്യമാക്കാൻ ഇആർ‌ജിക്ക് കഴിയും" എന്നാണ് നിഗമനം ചെയ്തത്.

സ്കീസോഫ്രീനിയ ഉള്ളവരിൽ ഇആർജി വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ [10] ഇത് സ്കീസോഫ്രീനിയയെയും ബൈപോളാർ ഡിസോർഡറിനെയും വേർതിരിച്ചറിയാനും സഹായിക്കുന്നു.[11]

ചരിത്രം

[തിരുത്തുക]

രേഖപ്പെടുത്തിയ ആദ്യകാല ജൈവശാസ്ത്ര പൊട്ടൻശ്യലുകളീൽ ഒന്നാണ് ഇആർജി. സ്വീഡിഷ് ഫിസിയോളജിസ്റ്റ് അലറിക് ഫ്രിതിയോഫ് ഹോൾഗ്രെൻ, 1865 ൽ ആംഫിബിയൻ റെറ്റിനയിൽ രേഖപ്പെടുത്തിയ ഇആർജി ആണ് അറിയപ്പെടുന്ന ആദ്യ ഇആർജി.[12] എന്നിരുന്നാലും തന്റെ കണ്ടെത്തലുകൾ കൃത്യമായി മനസ്സിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. താൻ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ റെറ്റിനക്ക് പകരം ഒപ്റ്റിക് നെർവിൽ നിന്നുള്ളതാണെന്നായിരുന്നു അദ്ദേഹം കരുതിയത്.[13] സ്കോട്ടിഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ സർ ജെയിംസ് ഡ്യൂവെർ 1877 ൽ മനുഷ്യരിൽ ആദ്യമായി ഇആർജി രേഖപ്പെടുത്തി.[12] പ്രതികരണങ്ങൾ റെറ്റിനയിൽ നിന്നാണെന്ന് ജെയിംസ് ഡ്യൂവറും ജോൺ ഗ്രേ മക്കെൻഡ്രിക്കും സ്വതന്ത്രമായി അഭിപ്രായപ്പെട്ടു.[13] 1908 ൽ ഐൻ‌തോവനും ജോളിയും ഇആർ‌ജിയുടെ പ്രതികരണത്തെ എ-വേവ്, ബി-വേവ്, സി-വേവ് എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വിഭജിച്ചു.[12] 1941 ൽ അമേരിക്കൻ സൈക്കോളജിസ്റ്റ് ലോറിൻ റിഗ്സ് ഇആർജി റെക്കോർഡിംഗിനായി ഒരു കോൺടാക്റ്റ്-ലെൻസ് ഇലക്ട്രോഡ് അവതരിപ്പിക്കുന്നതുവരെ ഇആർജിയുടെ വ്യാപകമായ ഉപയോഗം ഉണ്ടായിരുന്നില്ല.[12] ഇആർ‌ജിയെക്കുറിച്ചുള്ള ധാരണയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന പല നിരീക്ഷണങ്ങളും നടത്തിയത് റാഗ്നർ ഗ്രാനിറ്റ് ആണ്, ഇതിന്റെ പേരിൽ അദ്ദേഹത്തിന് 1967 ൽ ഫിസിയോളജി, മെഡിസിൻ എന്നിവയ്ക്കുള്ള നോബൽ സമ്മാനം ലഭിച്ചു.[12]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Perlman, Ido. "The Electroretinogram: ERG by Ido Perlman". Webvision at University of Utah. Archived from the original on 2015-12-28.
  2. Electroretinography, U.S. National Library of Medicine, 11 April 2005 (accessed 19 January 2007)
  3. Maa; et al. (2015). "A novel device for accurate and efficient testing for vision-threatening diabetic retinopathy". Journal of Diabetes and Its Complications. 30 (3): 524–32. doi:10.1016/j.jdiacomp.2015.12.005. PMC 4853922. PMID 26803474.
  4. Zeng, Yunkao; Cao, Dan; Yang, Dawei; Zhuang, Xuenan; Yu, Honghua; Hu, Yunyan; Zhang, Yan; Yang, Cheng; He, Miao (2019-11-12). "Screening for diabetic retinopathy in diabetic patients with a mydriasis-free, full-field flicker electroretinogram recording device". Documenta Ophthalmologica (in ഇംഗ്ലീഷ്). doi:10.1007/s10633-019-09734-2. ISSN 1573-2622. PMID 31720980.
  5. Brigell, Mitchell G.; Chiang, Bryce; Maa, April Yauguang; Davis, C. Quentin (3 August 2020). "Enhancing Risk Assessment in Patients with Diabetic Retinopathy by Combining Measures of Retinal Function and Structure". Translational Vision Science & Technology. 9 (9): 40–40. doi:10.1167/tvst.9.9.40.
  6. Miyata, Ryohei; Kondo, Mineo; Kato, Kumiko; Sugimoto, Masahiko; Matsubara, Hisashi; Ikesugi, Kengo; Ueno, Shinji; Yasuda, Shunsuke; Terasaki, Hiroko (2018-12-14). "Supernormal Flicker ERGs in Eyes With Central Retinal Vein Occlusion: Clinical Characteristics, Prognosis, and Effects of Anti-VEGF Agent". Investigative Ophthalmology & Visual Science (in ഇംഗ്ലീഷ്). 59 (15): 5854–5861. doi:10.1167/iovs.18-25087. ISSN 1552-5783. PMID 30550616.
  7. ISCEV Website
  8. Brigell; et al. (2005). "An overview of drug development with special emphasis on the role of visual electrophysiological testing". Doc. Ophthalmol. 110 (1): 3–13. doi:10.1007/s10633-005-7338-9. PMID 16249953.
  9. Nasser, J.a.; Parigi, A. Del; Merhige, K.; Wolper, C.; Geliebter, A.; Hashim, S.a. (2013-05-01). "Electroretinographic detection of human brain dopamine response to oral food stimulation". Obesity (in ഇംഗ്ലീഷ്). 21 (5): 976–980. doi:10.1002/oby.20101. ISSN 1930-739X. PMC 4964968. PMID 23784899.
  10. Demmin, Docia L.; Davis, Quentin; Roché, Matthew; Silverstein, Steven M. (2018). "Electroretinographic anomalies in schizophrenia". Journal of Abnormal Psychology (in ഇംഗ്ലീഷ്). 127 (4): 417–428. doi:10.1037/abn0000347. ISSN 1939-1846.
  11. Hébert, Marc; Mérette, Chantal; Gagné, Anne-Marie; Paccalet, Thomas; Moreau, Isabel; Lavoie, Joëlle; Maziade, Michel (2020-02-01). "The Electroretinogram May Differentiate Schizophrenia From Bipolar Disorder". Biological Psychiatry (in English). 87 (3): 263–270. doi:10.1016/j.biopsych.2019.06.014. ISSN 0006-3223. PMID 31443935.{{cite journal}}: CS1 maint: unrecognized language (link)
  12. 12.0 12.1 12.2 12.3 12.4 "Electroretinogram - EyeWiki". eyewiki.aao.org.
  13. 13.0 13.1 Dowling, John E. (1987). The Retina: An Approachable Part of the Brain (in ഇംഗ്ലീഷ്). Harvard University Press. p. 164. ISBN 978-0-674-76680-8.
"https://ml.wikipedia.org/w/index.php?title=ഇലക്ട്രോറെറ്റിനോഗ്രഫി&oldid=3779842" എന്ന താളിൽനിന്ന് ശേഖരിച്ചത്