ജെയിംസ് ഡ്യൂവെർ
ജെയിംസ് ഡ്യൂവെർ | |
---|---|
![]() സർ ജെയിംസ് ഡ്യൂവെർ എഫ്.ആർ.എസ്. | |
ജനനം | കിൻകാർഡീൻ-ഓൺ-ഫോർട്ട്, സ്കോട്ട്ലൻഡ് | 20 സെപ്റ്റംബർ 1842
മരണം | 27 മാർച്ച് 1923 ലണ്ടൺ, ഇംഗ്ലണ്ട് | (പ്രായം 80)
ദേശീയത | സ്കോട്ടിഷ് |
കലാലയം | എഡിൻബറോ സർവ്വകലാശാല |
അറിയപ്പെടുന്നത് | ദ്രവ ഓക്സിജൻ ദ്രവ ഹൈഡ്രജൻ |
അവാർഡുകൾ | ഹോഡ്ജ്കിൻസ് സ്വർണ്ണമെഡൽ (സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ) ലവോയിസിയർ മെഡൽ (ഫ്രഞ്ച് അക്കാഡമി ഓഫ് സയൻസസ്) ആൽബെർട്ട് മെഡൽ (റോയൽ സൊസൈറ്റി ഓഫ് ആർട്ട്സ്) ഫ്രാങ്ക്ലിൻ മെഡൽ (1919) |
Scientific career | |
Fields | ഭൗതികശാസ്ത്രം രസതന്ത്രം |
Institutions | റോയൽ ഇൻസ്റ്റിറ്റ്യൂഷൻ കേംബ്രിഡ്ജ് സർവ്വകലാശാല |
Doctoral advisor | ലോർഡ് പ്ലേഫെയർ |
ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്നു ജെയിംസ് ഡ്യൂവെർ. നിമ്നതാപ ഗവേഷണങ്ങളുടേയും ഉച്ചനിർവാത പരീക്ഷണങ്ങളുടേയും പ്രണേതാക്കളിൽ ഒരാളായ ഡ്യൂവെറാണ് തെർമോസ്ഫ്ലാസ്ക് കണ്ടുപിടിച്ചത്.
വിദ്യാഭ്യാസവും ജോലിയും
[തിരുത്തുക]1842 സെപ്റ്റംബർ 20-ന് സ്കോട്ട്‌ലൻഡിലെ കിൻകാർഡൈനിൽ ജനിച്ചു. 1858-ൽ എഡിൻബറോ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം അവിടെയും തുടർന്ന് റോയൽ വെറ്റിനറി കോളജിലും അധ്യാപനം നടത്തി. 1875-ൽ കേംബ്രിജിൽ ജാക്സോണിയൻ പ്രൊഫസർ ആയി നിയമനം ലഭിച്ചു. 1877-ൽ ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂഷനിൽ ഫുള്ളേറിയൻ പ്രൊഫസർ ആയി നിയുക്തനായി.
പ്രബന്ധാവതരണം
[തിരുത്തുക]ബെൻസീനിന്റെ സംരചനാ ഫോർമുല നിർദ്ദേശിക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണ് ഡ്യൂവെർ ആദ്യമായി (1867) പ്രസിദ്ധീകരിച്ചത്. 1872-ൽ പല പദാർഥങ്ങളുടേയും ആപേക്ഷിക താപം താഴ് ന്ന ഊഷ്മാവിൽ അളക്കാൻ ശ്രമിച്ചപ്പോഴാണ് അന്തരീക്ഷവുമായി സമ്പർക്കമുണ്ടാകാത്ത വിധത്തിൽ പദാർഥങ്ങളെ കവചിതമാക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹത്തിനു ബോധ്യമായത്. ഒരു നിർവാതജാക്കറ്റിനുള്ളിൽവച്ച് പരീക്ഷണം നടത്തിയാൽ പ്രേഷണം (conduction) വഴിയോ സംവഹനം (convection) വഴിയോ ഉണ്ടാകാവുന്ന താപ വിനിമയങ്ങൾ തടയാൻ സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. ഇരുപതു വർഷത്തിനുശേഷം ഇതേ തത്ത്വം ഉപയോഗിച്ച് ദ്രവവാതകങ്ങൾ താഴ്ന്ന ഊഷ്മാവിൽ ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന ഫ്ലാസ്കിന് ഇദ്ദേഹം രൂപകല്പന ചെയ്തു. ഡ്യൂവെർ ഫ്ലാസ്കിന്റെ ഈ മാതൃകയിലാണ് ഗൃഹോപയോഗത്തിനുള്ള തെർമോസ് (വാക്വം) ഫ്ലാസ്ക് പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടത്.
നിമ്നതാപ ഗവേഷണങ്ങൾ
[തിരുത്തുക]1874-ൽ ഇദ്ദേഹം നിമ്നതാപ ഗവേഷണങ്ങൾ ആരംഭിച്ചു. ഉച്ചനിർവാതത്തിൽ നിന്ന് വാതകത്തിന്റെ അവസാന കണികകളും നീക്കം ചെയ്യാൻ കരി പര്യാപ്തമാണെന്ന് ഡ്യൂവെർ മനസ്സിലാക്കി. നിർവാത പരീക്ഷണങ്ങളെക്കുറിച്ചും ദ്രവവാതകങ്ങളുടെ ലീന താപത്തെക്കുറിച്ചും ഇദ്ദേഹം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1884-ൽ ശുദ്ധമായ ദ്രവ ഓക്സിജനും പിന്നീട് ഖര ഓക്സിജനും നിർമ്മിക്കുന്നതിൽ ഡ്യൂവെർ വിജയിച്ചു. തുടർന്ന് ഫ്ലൂറിൻ വാതകത്തെ ദ്രവമാക്കാനും ഖരമാക്കാനും ഡ്യൂവെറിനു സാധിച്ചു. 1898-ൽ ദ്രവ ഹൈഡ്രജൻ നിർമ്മിക്കുന്നതിൽ വിജയിച്ചുവെങ്കിലും ഹീലിയം ദ്രവീകരിക്കുവാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല.
പദവികൾ
[തിരുത്തുക]നല്ല പ്രഭാഷകൻ, അതി പ്രഗൽഭനായ ഗവേഷകൻ, പക്ഷേ മോശപ്പെട്ട അധ്യാപകൻ എന്നാണ് ഡ്യൂവെറിനെ വിശേഷിപ്പിച്ചിരുന്നത്. 1877-ൽ റോയൽ സൊസൈറ്റി അംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1894-ൽ സൊസൈറ്റിയുടെ റംഫോർഡ് മെഡലിന് അർഹനായി. 1897-ൽ കെമിക്കൽ സൊസൈറ്റിയുടേയും 1902-ൽ ബ്രിട്ടിഷ് അസോസിയേഷന്റേയും പ്രസിഡന്റ് പദവി വഹിക്കാൻ അവസരം ലഭിച്ചു. 1904-ൽ നൈറ്റ് പദവി നൽകി ബ്രിട്ടിഷ് സർക്കാർ ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1923 മാർച്ച് 27-ന് ലണ്ടനിൽ ഡ്യൂവെർ മരണമടഞ്ഞു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.nndb.com/people/094/000099794/
- http://inventors.about.com/library/inventors/blthermos.htm
- http://www.britannica.com/EBchecked/topic/160428/Sir-James-Dewar
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്യൂവെർ, ജെയിംസ് (1842 - 1923) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |