ഛായാഗ്രാഹി
![](http://upload.wikimedia.org/wikipedia/commons/a/ac/Large_format_camera_lens.jpg)
ചിത്രങ്ങൾ പകർത്താനുപയോഗിക്കുന്ന യന്ത്രത്തെയാണ് ക്യാമറ അഥവാ ഛായാഗ്രാഹി എന്നു പറയുന്നത്. രംഗത്തിന്റെ ഒരു യഥാർത്ഥചിത്രം ക്യാമറയിലെ ലെൻസ് അതിനു പുറകിലുള്ള ഒരു പ്രകാശസംവേദനശേഷിയുള്ള പദാർത്ഥത്തിൽ പതിപ്പിക്കുന്നു. അങ്ങനെ ഈ ചിത്രം ആ പദാർത്ഥത്തിൽ ശേഖരിക്കപ്പെടുന്നു.
ഫിലിം ഉപയോഗിക്കുന്ന തരം നിശ്ചലഛായാഗ്രാഹിയിൽ ഈ പ്രകാശസംവേദനപദാർത്ഥം ഒരു ഛായാഗ്രഹണഫിലിം ആയിരിക്കും. ഒരു ചലച്ചിത്രഛായാഗ്രാഹിയിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഛായാഗ്രഹണഫിലിം നാടയായിരിക്കും ഈ സ്ഥാനത്തുണ്ടായിരിക്കുക. ഈ നാടയിൽ ഒരു ചെറിയ ഇടവേളയിൽത്തന്നെ ചിത്രങ്ങൾ ഒന്നിനു പുറകേ ഒന്നായി തുടർച്ചയായി ആലേഖനം ചെയ്യപ്പെടുന്നു.
എന്നാൽ ഒരു ടെലിവിഷൻ ക്യാമറ അഥവാ വീഡിയോ ക്യാമറയിൽ പ്രകാശസംവേദനക്ഷമതയുള്ള വൈദ്യുതോപകരണത്തിലാണ് ലെൻസിൽ നിന്നുള്ള ചിത്രം പതിക്കുന്നത്. ഈ ഉപകരണം ചിത്രത്തെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുന്നു. ഡിജിറ്റൽ ഛായാഗ്രാഹിയിലും ഇത്തരം സെൻസറുകളാണ് ഫിലിമിന് പകരമായി ഉപയോഗിക്കുന്നത്.
ചരിത്രം
[തിരുത്തുക]വിവിധ തരം ക്യാമറകൾ
[തിരുത്തുക]ഛായാഗ്രാഹികളെ 35 മി.മീ. ഫോർമാറ്റ് കാമറകൾ, മദ്ധ്യമ ഫോർമാറ്റ് കാമറകൾ, വലിയ ഫോർമാറ്റ് കാമറകൾ, പ്രത്യേകതരം കാമറകൾ എന്നിങ്ങനെ സാമാന്യമായി തരം തിരിക്കാം.
35 മി.മീ. കാമറകൾ
[തിരുത്തുക]ഇതിൽ തന്നെ ഫിലിം കാമറയും ഡിജിറ്റൽ കാമറയും ഉണ്ട്. പ്രധാനമായും
- കോംപാക്റ്റ് കാമറകൾ (ഒതുക്കമുള്ളവ)
- മാനുവൽ എസ്.എൽ.ആർ.
- ആട്ടോമാറ്റിക്ക് എസ്.എൽ.ആർ
ഡിജിറ്റൽ 35 മി.മീ. കാമറകൾ
[തിരുത്തുക]- അൾട്രാ കോംപാക്റ്റ് കാമറകൾ
- കോംപാക്റ്റ് കാമറകൾ
- പ്രോസൂമർ കാമറകൾ
- ബിഡ്ജ് എസ്.എൽ.ആർ. കാമറകൾ
- എസ്.എൽ.ആർ. കാമറകൾ
മദ്ധ്യ തല കാമറകൾ
[തിരുത്തുക]വലിയ പലക പോലുള്ള ഫിലിമുകൾ ഉപയോഗിച്ചുള്ള വലിയ കാമറകൾക്കും 35 മി.മി. കാമറകൾക്കും ഇടക്കാണിവ വരുന്നത്. ഇവ തന്നെ പലവിധമുണ്ട്
- 6 x 4.5 സെ.മീ കാമറ
- 6 x 6 സെ.മീ കാമറ
- ഡയറക്റ്റ് വിഷൻ കാമറ
- 6 x 7 സെ.മീ കാമറ
- 6 x 9 സെ.മീ കാമറ
- ട്വിൻ റിഫ്ലെക്സ് കാമറ
പ്രത്യേക കാമറകൾ
[തിരുത്തുക]- തൽക്ഷണ കാമറകൾ ഉദാ: പോളറോയ്ഡ്
- ജലപ്രതിരോധ കാമറകൾ (വാട്ടർ പ്രൂഫ്)
- സമുദ്രോപയോഗ കാമറകൾ
- വിശാലക്കാഴ്ച കാമറകൾ (വൈഡ് വ്യൂ)
- വിസ്താരമാ കാമറകൾ (പാനറോമിക് വ്യൂ)
- ബൃഹദ് തല കാമറകൾ (ലാർജ് ഫോർമാറ്റ്)
ക്യാമറയുടെ ഭാഗങ്ങൾ
[തിരുത്തുക]കണ്ണിന്റെ പ്രവർത്തനം തന്നെയാണ് ക്യാമറയുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനവും. ക്യാമറയുടെ പ്രധാനഭാഗങ്ങൾ താഴെപ്പറയുന്നു.
അപെർച്വർ
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/d/d7/Apertures.jpg/200px-Apertures.jpg)
കാമറയിലേക്ക് കടക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതിനായി വ്യാസം വ്യത്യാസപ്പെടുത്താൻ സാധിക്കുന്നതരത്തിലുള്ള ദ്വാരമാണ് അപ്പെർച്വർ. കാമറയുടെ ലെൻസിനു പുറകിൽ കണ്ണിലെ ഐറിസിനു സമാനമായ പ്രവർത്തനമാണ് അപ്പെർച്വർ ചെയ്യുന്നത്.
അപെർച്വറിന്റെ വലിപ്പം വ്യത്യാസപ്പെടുത്തുന്നതിനനുസരിച്ച് ചിത്രത്തിന്റെ തെളിച്ചത്തിലും മാറ്റം വരുന്നു. രംഗം ഇരുണ്ടതാണെങ്കിൽ അപെർച്വർ വ്യാസം വർദ്ധിപ്പിക്കേണ്ടതുണ്ട്. രംഗം തെളിച്ചമുള്ളതാണെങ്കിൽ അപ്പെർച്വർ വ്യാസം കുറക്കുകയും വേണം.
അപ്പെർച്വറിന്റെ വലിപ്പത്തെ സ്റ്റോപ്പ് എന്നാണ് പറയുന്നത്. എഫ് സംഖ്യ ഉപയോഗിച്ചാണ് അപ്പെർച്വർ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് എഫ്-22 ഒരു കുറഞ്ഞ അപ്പെർച്വർ വ്യാസത്തേയും എഫ്-2 എന്നത് കൂടിയ അപ്പെർച്വർ വ്യാസത്തേയും സൂചിപ്പിക്കുന്നു.
എഫ് നമ്പർ എന്നത് ലെൻസിന്റെ ഫോക്കസ് ദൂരത്തിന്റേയും അപ്പെർച്വർ വ്യാസത്തിന്റേയും അനുപാതമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/7/77/Shutter_speed_waterfall.gif/200px-Shutter_speed_waterfall.gif)
ഷട്ടർ
[തിരുത്തുക]ക്യാമറയിലേക്ക് കടക്കുന്ന പ്രകാശത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണിത്. ചിത്രം എടുക്കുന്നതിനായി ഷട്ടർ റിലീസ് ബട്ടണിൽ അമർത്തുമ്പോൾ ഷട്ടർ തുറക്കുകയും ലെൻസിൽ നിന്നും പ്രകാശം ക്യാമറക്കകത്തേക്ക് കടക്കുകയും ഫിലിമിൽ ചിത്രം പതിയുകയും ചെയ്യുന്നു. ഷട്ടർ തുറന്നതിനു ശേഷം അത് അടഞ്ഞ് പൂർവ്വസ്ഥിതി കൈക്കൊള്ളുന്നു.
നല്ല വെളിച്ചമുള്ളപ്പോൾ ഒരു സെക്കന്റിന്റെ ഒരു ചെറിയ അംശം സമയം മാത്രമേ ഷട്ടർ തുറക്കേണ്ട ആവശ്യമുള്ളൂ. ഷട്ടർ വേഗത കൂടിയാൽ ചലിക്കുന്ന വസ്തുക്കളുളെ ചിത്രത്തിൽ നിശ്ചലമായി ചിത്രീകരിക്കാം. എന്നാൽ വെളിച്ചം കുറവുള്ള സമയത്ത് ആവശ്യത്തിന് പ്രകാശം ഇല്ലാതെ വരുമ്പോൾ ഷട്ടർ കൂടുല് സമയം തുറന്നിരിക്കേണ്ടതായി വരുന്നു. രാത്രി ഫ്ലാഷ് ഇല്ലാതെ ചിത്രങ്ങൾ എടുക്കാൻ ഷട്ടർ വേഗത കുറക്കേണ്ടി വരും. ഇങ്ങനെയുള്ള പടങ്ങൾക്ക് കാമറ നിശ്ചലമായി വക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി മുക്കാലി(ട്രൈപ്പോഡ്) ഒറ്റക്കാലി (മൊണോ പോഡ്) തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്. അല്ലാത്ത പക്ഷം കാമറ പിടിച്ചിരിക്കുന്ന കൈ അനങ്ങുന്നത് ചിത്രത്തിന്റെ വ്യക്തതയെ പ്രതികൂലമഅയി ബാധിക്കും .
ഫ്ലാഷ്
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/3/32/Flash_photo_shower_faucet_Watr200.jpg/220px-Flash_photo_shower_faucet_Watr200.jpg)
ഇരുണ്ട സ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിലും ഛായാഗ്രഹണം നടത്തുന്നതിന് ക്യാമറയോടൊപ്പമുള്ള മിന്നൽവിളക്ക് സഹായിക്കുന്നു. രംഗത്തിന് വെളിച്ചം നൽകുക എന്നതു കൂടാതെ അതിവേഗത്തിൽ നീങ്ങുന്ന വസ്തുക്കളുടെ നിശ്ചലചിത്രം എടുക്കുക, പ്രകൃത്യാലുള്ള പ്രകാശത്തിൽ നിന്നും വ്യത്യസ്തമായ പ്രകാശത്തിൽ ചിത്രമെടുക്കുക തുടങ്ങിയ ഉപയോഗങ്ങൾക്കും ഫ്ലാഷ് ഉപയോഗിക്കുന്നു. വേഗത്തിൽ തീ പിടിക്കുന്ന ചില പൊടികൾ കത്തിച്ച് പ്രകാശം ഉണ്ടാക്കുന്ന രീതിയീയിരുന്നു ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. 1880കളിൽ പ്രകാശം ഉണ്ടാക്കുാൻ ഉപയോഗിച്ചിരിക്കുന്നത് പൊട്ടാസ്യത്തിന്റെയും, മഗ്നീഷ്യത്തിന്റെയും മിശ്രിതമായിരുന്നു. പിന്നീട് കാലങ്ങൾക്ക് ശേഷം ഫ്ലാഷ് ബൾബുകൾ ഉപയോഗിച്ചു തുടങ്ങി.
രംഗത്തിനാവശ്യമായ മുഴുവൻ പ്രകാശമോ ഇരുണ്ട സ്ഥലങ്ങളിൽ അധികം പ്രകാശമോ ഫ്ലാഷ് നൽകുന്നു. മിക്ക ക്യാമറകൾക്കും കൂടെ ഘടിപ്പിച്ച രീതിയിൽ ഇലക്ട്രോണിക് ഫ്ലാഷ് ഉണ്ടായിരിക്കും. ഡിസ്ചാർജ് വിളക്ക് ഉപയോഗിക്കുന്ന ഇത്തരം ഫ്ലാഷിൽ ഒരു ചെറിയ സ്ഫടികക്കുഴലിൽ പ്രത്യേക വാതകം നിറച്ചിരിക്കും. ഇവയാണ് ഇലക്ട്രോണിക് ഫ്ലാഷ് ട്യൂബുകൾ. ഇതിന്റെ പ്രധാന ഭാഗം സിനോൺ ഗ്യാസ് നിറച്ച ഒരു ഡിസ്ചാർജ് ഗ്യാസ് ട്യൂബാണ്. കുഴലിനിരുവശത്തും ഉന്നത വോൾട്ടതയിൽ വൈദ്യുതി ചെലുത്തുമ്പോൾ വാതകത്തിലൂടെ ഡിസ്ചാർജ് നടക്കുകയും നിമിഷനേരത്തെക്ക് തെളിഞ്ഞ മിന്നൽ ഉണ്ടാകുകയും ചെയ്യും. മൊബൈൽ ഫോണുകളിലേയും മറ്റും ഫ്ലാഷ് യൂണിറ്റുകളിൽ എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുന്നു. സിനോൺ ഫ്ലാഷ് ബൾബുകളേക്കാൾ വളരെ കുറഞ്ഞ വോൾട്ടേജ് മാത്രം ഉപയോഗിക്കുന്നവയാണ് എൽ ഇ ഡി ബൾബുകൾ.
![](http://upload.wikimedia.org/wikipedia/commons/thumb/a/a3/Digital_ambient_light_meter.jpg/70px-Digital_ambient_light_meter.jpg)
പ്രകാശമാപിനി
[തിരുത്തുക]ചിത്രം എടുക്കുന്ന രംഗത്ത് എത്ര പ്രകാശം ലഭ്യമാണ് എന്നളക്കുന്ന ഉപകരണമാണ് പ്രകാശമാപിനി അഥവാ ലൈറ്റ് മീറ്റർ. ഇതിനെ എക്സ്പോഷർ മീറ്റർ എന്നും പറയുന്നു.
മിക്ക ക്യാമറകൾക്കും അതിനോടു കൂടെത്തന്നെ ലൈറ്റ് മീറ്റർ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ക്യാമറയിൽ ഘടിപ്പിക്കാത്ത തരത്തിലുള്ള പ്രകാശമാപിനികളും ഉപയോഗത്തിലുണ്ട്. രംഗത്തു നിന്നും വരുന്ന പ്രകാശത്തിന്റെ തീവ്രത ഈ ഉപകരണം അളക്കുന്നു. പ്രകാശം അളക്കുന്നതിന് ഒരു ഫോട്ടോസെൽ ആണ് ഇതിൽ ഉപയോഗിക്കുന്നത്. പ്രകാശത്തെ വൈദ്യുതിയായി മാറ്റുന്ന ഉപകരണമാണ് ഫോട്ടോസെൽ. ചില ക്യാമറകളിൽ ഈ അളവ് ഛായാഗ്രാഹകനെ അറിയിക്കുകയും പ്രകാശത്തിന്റെ അളവിനനുസരിച്ച് അയാൾ അപ്പെർച്വർ ക്രമീകരിക്കുകയും ചെയ്യും.
എന്നാൽ ഓട്ടോമാറ്റിക് ക്യാമറകളിൽ ഫോട്ടോസെല്ലിൽ നിന്നും വരുന്ന വൈദ്യുതതരംഗത്തിനനുസരിച്ച് ക്യാമറയുടെ അപ്പെർച്വറും, ഷട്ടർ തുറക്കേണ്ട ഇടവേളയും തനിയേ ക്രമീകരിക്കപ്പെടുന്നു. ഇങ്ങനെ ഒരു നല്ല ചിത്രത്തിനാവശ്യമായ രീതിയിൽ കൃത്യമായ അളവിൽ പ്രകാശം ഫിലിമിൽ പതിക്കാനനുവദിക്കുന്നു.
ലെൻസ്
[തിരുത്തുക]ചിത്രീകരിക്കേണ്ട രംഗത്തിനനുസരിച്ച് ക്യാമറകളിൽ വിവിധതരം ലെൻസുകൾ ഉപയോഗിക്കുന്നു.
വിശാലവീക്ഷണ ലെൻസ്
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/c/ce/Canon_17-40_f4_L_lens.jpg/150px-Canon_17-40_f4_L_lens.jpg)
രംഗത്തിന്റെ ഒരു വിശാലവീക്ഷണം ലഭ്യമാക്കുന്നതിനായുപയോഗിക്കുന്ന ലെൻസുകളാണ് വൈഡ് അംഗിൾ ലെൻസ്. ഇത്തരം ലെൻസുകളുടെ ഫോക്കസ് ദൂരം കുറവായിരിക്കും. വലിയ ഒരു വീക്ഷണകോണിലുള്ള രംഗത്തെ പകർത്താൻ ഈ ലെൻസുകളുപയോഗിച്ച് സാധിക്കുന്നു.
![](http://upload.wikimedia.org/wikipedia/commons/thumb/d/d8/500mm_telephoto_lens_01.jpg/300px-500mm_telephoto_lens_01.jpg)
ടെലിഫോട്ടോ ലെൻസ്
[തിരുത്തുക]വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണ് ടെലിഫോട്ടോ ലെൻസ്. അതായത് ഇതിന് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാൻ സാധിക്കൂ. ഇത്തരം ലെൻസുകൾക്ക് ഫോക്കസ് ദൂരം കൂടുതലായിരിക്കും. ഈ ഫോക്കസ് ദൂരത്തിനനുസരിച്ച് ഫിലിം ക്രമീകരിക്കേണ്ടതുകൊണ്ട് ഈ ലെൻസ് ക്യാമറക്കു മുന്നിൽ നീണ്ടിരിക്കുന്ന കുഴലിനു മുന്നിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നത്.
സൂം ലെൻസ്
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/b/ba/Lens_Nikkor_18-70mm.jpg/150px-Lens_Nikkor_18-70mm.jpg)
ലെൻസിന്റെ ഫോക്കസ് ദൂരം ക്രമീകരിച്ച് ഒരു വൈഡ് ആംഗിൾ ലെൻസായും ടെലിഫോട്ടോ ലെൻസായും മാറാൻ കഴിവുള്ളതരം ലെൻസുകളാണ് സൂം ലെൻസുകൾ. ഇത്തരം ലെൻസുകളുപയോഗിച്ച് ആവശ്യത്തിനനുസരിച്ച് വീക്ഷണകോണിൽ ഒരു പരിധി വരെ മാറ്റം വരുത്താം.
ഫോക്കസ്
[തിരുത്തുക]വിവിധ ദൂരങ്ങളിലുള്ള വസ്തുക്കളുടേ വ്യക്തമായ ചിത്രം ക്യാമറയിൽ പതിയുന്നതിന് ലെൻസിന്റെ ഫോക്കസ് ദൂരം ക്രമീകരിക്കേണ്ടതുണ്ട്. ക്യാമറയുടെ ലെൻസിനു ചുറ്റും കാണുന്ന വളയങ്ങൾ തിരിച്ചാണ് ഫോക്കസ് ദൂരം അല്പ്പാല്പ്പമായി ക്രമീകരിക്കുന്നത്.
ഓട്ടോഫോക്കസ്
[തിരുത്തുക]വ്യക്തമായ ചിത്രം എടുക്കുന്നതിനായി ക്യാമറയുടെ ഫോക്കസ് ദൂരം തനിയേ ക്രമീകരിക്കുന്ന സംവിധാനമാണ് ഓട്ടോഫോക്കസ്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് എടുക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ വ്യക്തത പരിശോധിക്കുകയും അതിനനുസരിച്ച് ചിത്രം വ്യക്തമാകുന്നതുവരെ ലെൻസ് ക്രമീകരിക്കുകയും ചെയ്യുക എന്നതാണ് ഈ സംവിധാനത്തിൽ ചെയ്യുന്നത്. ചില ക്യാമറകളിൽ പകർത്താനുദ്ദേശിക്കുന്ന വസ്തുവിന്റെ ദൂരം അളക്കുന്നതിന് ഇൻഫ്രാറെഡ് കിരണം ഉപയോഗപ്പെടുത്തുന്നു. ഈ കിരണത്തിന്റെ പ്രതിഫലനം അളന്ന് വസ്തുവിന്റെ ദൂരം മനസ്സിലാക്കി ലെൻസ് ക്രമീകരിക്കുന്നു.
വ്യൂ ഫൈൻഡർ
[തിരുത്തുക]എടുക്കാനുദ്ദേശിക്കുന്ന ചിത്രം എങ്ങനെയിരിക്കും എന്ന് ഛായാഗ്രാഹകന് കാണിച്ചുകൊടുക്കുന്നതിനുള്ള ക്യാമറയുടെ ഭാഗമാണ് വ്യൂ ഫൈൻഡർ. ക്യാമറയുടെ പ്രധാന ലെൻസ് ഉപയോഗിച്ചുണ്ടാകുന്നതുപോലൊരു ചിത്രം വ്യൂ ഫൈൻഡർ മറ്റൊരു ലെൻസിലൂടെ ഛായാഗ്രാഹകന് കാണിച്ചു കൊടുക്കുന്നു. എസ്.എൽ.ആർ. ക്യാമറകളിൽ പ്രധാന ലെൻസ് തന്നെയാണ് വ്യൂ ഫൈൻഡറിനു വേണ്ടിയും ഉപയോഗിക്കുന്നത്.
എസ്.എൽ.ആർ. (സിങ്കിൾ-ലെൻസ് റിഫ്ലെക്സ്) ക്യാമറ
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/a/a0/SLR_cross_section.svg/360px-SLR_cross_section.svg.png)
1 - 4-എലമെന്റ് ലെൻസ്
2 - റിഫ്ലക്സ് മിറർ
3 - ഫോക്കൽ പ്ലേൻ ഷട്ടർ
4 - സെൻസർ
5 - Matte focusing screen
6 - Condenser lens
7 - Pentaprism
8 - Eyepiece
ചിത്രം എടുക്കുന്നതിനും വ്യൂ ഫൈൻഡറിനും ഒരേ ലെൻസ് ഉപയോഗിക്കുന്ന തരം ക്യാമറകളാണ് എസ്.എൽ.ആർ. സാധാരണ ക്യാമറകളിൽ വ്യൂ ഫൈൻഡറിനായി ക്യാമറയുടെ പ്രധാന ലെൻസ് ഉപയോഗിക്കുന്നില്ല.
എസ്.എൽ.ആർ. ക്യാമറകളിൽ ഒരു വിജാഗിരിയിൽ പിടിപ്പിച്ചിട്ടുള്ള ഒരു കണ്ണാടി ഫിലിമിനു മുൻപിലായി വച്ചിരിക്കും. ചിത്രം എടുക്കുന്നതുവരെ ലെൻസിൽ നിന്നുള്ള പ്രതിരൂപം ഈ കണ്ണാടിയിലൂടെ വ്യൂ ഫൈൻഡറിലെത്തി ഛായാഗ്രാഹകന് കാണാൻ സാധിക്കുന്നു. ചിത്രം എടുക്കുന്ന സമയത്ത് ഈ കണ്ണാടി ഉയരുകയും ചിത്രം ഫിലിമിൽ പതിയുകയും ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]അവലംബം
[തിരുത്തുക]- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി