ദൃശ്യത്തിന്റെ ആഴം
പ്രകാശശാസ്ത്രത്തിൽ പ്രത്യേകിച്ച് ഛായാഗ്രഹണത്തിൽ ദൃശ്യത്തിന്റെ ആഴം(ഡെപ്ത് ഓഫ് ഫീൽഡ്) എന്നത് ഒരു ദൃശ്യത്തിലെ ഏറ്റവും അടുത്ത വ്യക്തമായ വസ്തുവും ഏറ്റവും അകലെയുള്ള വ്യക്തമായ വസ്തുവും തമ്മിലുള്ള ദൂരത്തെ കുറിക്കുന്നു. ഒരു ലെൻസിന് ഒരു സമയം ഒരു നിശ്ചിത ദൂരത്തുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി പകർത്താനാവൂ എങ്കിലും പരമാവധി വ്യക്തത തരുന്ന ദൂരത്തിന്റെ അപ്പുറവും ഇപ്പുറവും പടിപടിയായാണ് വ്യക്തത് കുറയുന്നത് . അതുകൊണ്ട് നഗ്നനേത്രങ്ങൾക്ക് ദൃശ്യതലത്തിന്റെ ആഴപരിധിയിൽ വരുന്ന വസ്തുക്കളുടെ വ്യക്തതക്കുറവ് ദൃശ്യമാവുന്നില്ല.
ചില അവസരങ്ങളിൽ നമുക്ക് ദൃശ്യതലം മുഴുവനും വ്യക്തത നൽകേണ്ട ആവശ്യം വരുന്നു അതായത് കൂടിയ ദൃശ്യതലത്തിന്റെ ആഴം ആവശ്യം വരുന്നു.(ഉദാ:പ്രകൃതിദൃശ്യങ്ങളുടെ ഛായാഗ്രഹണം) മറ്റു ചിലപ്പോൾ കുറഞ്ഞ ആഴമുള്ള ദൃശ്യതലമായിരിക്കും അഭികാമ്യം. ദൃശ്യത്തിന്റെ ആഴം നിർണ്ണയിക്കുന്നത് ഛായാഗ്രാഹിയും വസ്തുവും തമ്മിലുള്ള ദൂരം, ലെൻസിന്റെ ഫോക്കസ് ദൂരം, തിരഞ്ഞെടുത്തിട്ടുള്ള എഫ് സംഖ്യ, ഛായാഗ്രഹണ മാധ്യമഘടന , ആശയക്കുഴപ്പത്തിന്റെ വൃത്തം എന്നീ ഘടകങ്ങളാണ്.[1]
ഫിലിം/സെൻസർ തലത്തിൽ വസ്തുവിനെ എത്ര വിസ്തൃതപ്പെടുത്തിയിരിക്കുന്നു(സൂം)എന്നതും ലെൻസിന്റെ അപ്പെർച്വർ വിലയും ഉപയോഗിച്ച് ദൃശ്യത്തിന്റെ ആഴം വ്യതിയാനം വരുത്താം. ഒരു നിശ്ചിത അപ്പെർച്വറിൽ നിന്നുകൊണ്ട് വസ്തുവിന്റെ അടുത്തേക്ക് ചെന്നോ ഫോക്കസ് ദൂരം കൂട്ടാവുന്ന ലെൻസ് ഉപയോഗിച്ചോ വസ്തുവിന്റെ വിസ്തൃതി ഛായാഗ്രഹണമാധ്യമത്തിൽ കൂട്ടിയാൾ ദൃശ്യത്തിന്റെ ആഴം കുറയുന്നു. വിസ്തൃതി കുറച്ചാൽ ദൃശ്യത്തിന്റെ ആഴം കൂടുന്നു. വിസ്തൃതി നിശ്ചിതപ്പെടുത്തി എഫ് സംഖ്യ കൂട്ടിയാൽ(അപ്പെർച്വർ വ്യാസം കുറച്ചാൽ) ദൃശ്യത്തിന്റെ ആഴം കൂടുന്നു. അതേപോലെ എഫ് സംഖ്യ കുറച്ചാൽ ദൃശ്യത്തിന്റെ ആഴം കുറയുന്നു.[1]
ഒരേ ദൃശ്യം വ്യത്യസ്ത മാധ്യമ ഘടനകളിൽ ഒരേ ഫോക്കസ് ദൂരവും ഒരേ എഫ് സംഖ്യയും ഉപയോഗിച്ച് ഒരേ ദൃഷ്ടികോൺ ഉള്ള ലെൻസ് ഉപയോഗിച്ച് ഒരേ വലിപ്പത്തിൽ ചിത്രീകരിച്ചാൽ ചെറിയ ഘടനക്കായിരിക്കും ദൃശ്യത്തിന്റെ ആഴം കൂടുതൽ.
അവശ്യ വ്യക്തത
[തിരുത്തുക]ഒരു നിശ്ചിത ദൂരത്തു മാത്രമേ കൃത്യമായ വ്യക്തതയുണ്ടാവൂ. ആ ദൂരത്തുള്ള ഒരു ബിന്ദു ബിന്ദുവായിത്തന്നെ ചിത്രീകരിക്കപ്പെടും. വേറെ ഏതു ദൂരത്തിലുള്ള ബിന്ദുവും അപ്പെർച്വറിന്റെ രൂപത്തിലുള്ള മങ്ങിയ പാട് ആയിട്ടാണ് പകർത്തപ്പെടുക. സൈദ്ധാന്തികമായി ഉപയോഗിക്കാനുള്ള എളുപ്പത്തിന് നമുക്ക് ഇത് വൃത്തമാണ് എന്നു പറയാം. ഈ വൃത്തം അവശ്യ വ്യക്തത കൈവരിക്കുമ്പോൾ അതിനെ ഒരു ബിന്ദുവിൽ നിന്നു വേർതിരിച്ചറിയാൻ സാധിക്കില്ല. കൃത്യ വ്യക്തത തരുന്ന ഫോക്കസ് ദൂരത്തു നിന്ന് അകന്നുപോകും തോറും വൃത്തത്തിന്റെ വ്യാസം കൂടി വരും. ബിന്ദുവിൽ നിന്നു വേർതിരിച്ചറിയാൻ പറ്റാത്ത ഏറ്റവും വലിയ വൃത്തത്തെ ആശയക്കുഴപ്പത്തിന്റെ വൃത്തം എന്നു പറയുന്നു.[1] ആശയക്കുഴപ്പത്തിന്റെ വൃത്തത്തിന്റെ വലുതാവൾ പടിപടിയായിട്ടുള്ളതായതുകൊണ്ട് ദൃശ്യത്തിന്റെ ആഴപരിധികൾ വ്യക്തതയുടെ ശക്തമായ അതിർത്തികൾ അല്ല. ചിത്രീകരിക്കപ്പെടുന്ന വസ്തുവിന്റെ ഘടന, ചലനം, വസ്തുവും ഛായാഗ്രാഹിയും തമ്മിലുള്ള ദൂരം എന്നിവ വ്യക്തതയിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങൾ ആണ്.[2]
അപ്പെർച്വറിന്റെ സ്വാധീനം
[തിരുത്തുക]ഒരു നിശ്ചിത സ്ഥാനത്തുറപ്പിച്ച ഛായാഗ്രാഹിയിലെ നിശ്ചിത ദൃശ്യതലത്തിലെ ആഴം എഫ് സംഖ്യയായി നൽകുന്ന അപ്പെർച്വർ വ്യാസമുപയോഗിച്ച് നിയന്ത്രിക്കാം. അപ്പെർച്വർ വ്യാസം കുറക്കുന്നതു വഴി അഥവാ എഫ് സംഖ്യ ഉയർത്തുന്നതു വഴി ദൃശ്യത്തിന്റെ ആഴം വർധിപ്പിക്കാം.[3] പക്ഷെ അത് ഛായാഗ്രഹണ മാധ്യമത്തിലെത്തുന്ന പ്രകാശത്തിന്റെ അളവിനെ കുറക്കുന്നു. ഡിഫ്രാക്ഷനും ഉയരുന്നു. ഇത് അപ്പെർച്വർ വഴി ദൃശ്യത്തിന്റെ ആഴം കൂട്ടുന്നതിന് പ്രായോഗിക പരിധി ഉണ്ടാക്കുന്നു.
-
f/22
-
f/8
-
f/4
-
f/2.8