Jump to content

വർണ്ണതാപനില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർണ്ണതാപനില ആപേക്ഷിക ഡയഗ്രം. തമോവസ്തുവിന്റെ താപനില അടയാളപ്പെടുത്തിയിരിക്കുന്നതും കാണാം

ദൃശ്യപ്രകാശത്തിന്റെ ഒരു സ്വഭാവവിശേഷമാണ് വർണ്ണതാപനില. ഛായാഗ്രഹണം, പ്രസാധനം, ജ്യോതിർഭൗതികം മുതലായ മേഖലകളിൽ വർണ്ണതാപനിലക്കു പ്രധാനപ്പെട്ട ഉപയോഗങ്ങളുണ്ട്. ഒരു പ്രകാശസ്രോതസ്സിന്റെ വർണ്ണതാപനില എന്നത് അതിന്റെ പ്രകാശവർണ്ണത്തിനു തുല്യമായ പ്രകാശവർണ്ണം പ്രസരിപ്പിക്കുന്ന തമോവസ്തുവിന്റെ താപനിലക്കു തുല്യമാണ്. വർണ്ണതാപനില അളക്കുന്നതിനുള്ള ഏകകം കെൽവിൻ ആണ്. )

5000 കെൽവിനു മുകളിലുള്ള വർണ്ണതാപനിലയുള്ള നിറങ്ങൾ(നീലകലർന്ന വെള്ള) ശീതളവർണ്ണങ്ങൾ എന്നറിയപ്പെടുന്നു..[1] കുറഞ്ഞ വർണ്ണതാപനിലയുള്ള(2700-3000 കെൽവിൻ) നിറങ്ങൾ ഊഷ്മളവർണ്ണങ്ങൾ എന്നും അറിയപ്പെടുന്നു. മഞ്ഞകലർന്ന[1] വെള്ള മുതൽ ചുവപ്പ് വരെ ഊഷ്മളവർണ്ണങ്ങളാണ്.[1]

വർണ്ണതാപനിലയുടെ വർഗ്ഗീകരണം

[തിരുത്തുക]
താപനില പ്രകാശത്തിന്റെ ഉദ്ഭവം
1,700 K തീപ്പെട്ടിക്കൊള്ളിയുടെ നാളം
1,850 K മെഴുകുതിരി നാളം, സൂര്യോദയം/സൂര്യാസ്തമയം
2,700–3,300 K ബൾബ്
3,000 K ഫ്ലൂറസെന്റ് വിളക്ക്
3,200 K സ്റ്റുഡിയോ വിളക്ക്
3,350 K സ്റ്റുഡിയോ സിപി വിളക്ക്
4,100–4,150 K ചന്ദ്രപ്രഭ,[2] സിനോൺ ആർക് വിളക്ക്
5,000 K ചക്രവാള സൂര്യപ്രഭ
5,000 K സി.എഫ്.എൽ
5,500–6,000 K ഉച്ച നേരത്തെ സൂര്യപ്രകാശം, കാമറ ഫ്ലാഷ്
6,500 K സൂര്യപ്രകാശം മേഘാവൃതമായ ആകാശമുള്ളപ്പോൾ
6,500–9,300 K എൽസിഡി/സിആർടി സ്ക്രീൻ
15,000–27,000 K നീലാകാശം
ഈ താപനിലകൾ ആപേക്ഷികമാണ്. വ്യത്യാസം വരാവുന്നതാണ്.

ഒരു തമോവസ്തു പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക പ്രഭാവത്തിന്റെ വർണ്ണതാപനില ആ തമോവസ്തുവിന്റെ കെൽവിനിൽ ഉള്ള ഉപരിതല താപനിലയായിരിക്കും(മയേർഡ് അഥവാ മൈക്രോ-റെസിപ്രോക്കൽ കെൽവിൻ). ഇത് പ്രകാശസ്രോതസ്സുകളെ തുലനം ചെയ്യാൻ ഒരു പൊതു അടിസ്ഥാനം നൽകുന്നു.

ഒരു ഉപരിതലം ചൂടു പുറപ്പെടുവിക്കുകയും അത് ഒരു തമോവസ്തു അല്ലാതിരിക്കുകയും ചെയ്താൽ അതിന്റെ വർണ്ണതാപനില ഉപരിതലോഷ്മാവ് ആയിരിക്കണമെന്നില്ല. ബൾബ് പ്രകാശം നൽകുന്നത് താപോർജ്ജത്തിൽ നിന്നുമാത്രമാണ്. അതുകൊണ്ട് ബൾബിന്റെ വർണ്ണതാപനില ഏകദേശം അതിന്റെ ഫിലമെന്റിന്റെ താപനിലയായിരിക്കും. പക്ഷെ മറ്റുപല പ്രകാശസ്രോതസ്സുകളും താപോർജ്ജത്തിൽ നിന്നല്ലാതെ പ്രകാശം വമിപ്പിക്കുന്നു, ഉദാ:ഫ്ലൂറസെന്റ് വിളക്ക്. അതുമൂലം ഇവയുടെ വർണ്ണതാപനില തമോവസ്തുവിന്റെ വർണ്ണതാപനില പരിധികൾ പിന്തുടരുന്നില്ല. ഇങ്ങനത്തെ പ്രകാശസ്രോതസ്സുകൾക്ക് പരസ്പരബന്ധിത വർണ്ണതാപനില വിലകൾ നൽകിയിരിക്കുന്നു.

സൂര്യൻ

[തിരുത്തുക]

സൂര്യൻ തമോവസ്തുവിനോട് സ്വഭാവവിശേഷങ്ങളിൽ വളരെ അടുത്തു നിൽക്കുന്നു. ഒരു ചതുരശ്ര യൂണിറ്റ് പ്രതലത്തിലെ സൂര്യന്റെ താപനില ഏകദേശം 5780 കെൽവിൻ ആണ്.[3]. അന്തരീക്ഷത്തിനു പുറത്തെ സൂര്യപ്രകാശത്തിന്റെ വർണ്ണതാപനില 5900 കെൽവിൻ ആണ്.[4]

സൂര്യൻ ആകാശത്തിൽ എവിടെ നിൽക്കുന്നു എന്നതിനനുസരിച്ച് സൂര്യന്റെ പ്രകാശം ചുവപ്പ്, മഞ്ഞ, നീല മുതലായവയൊക്കെയായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കിലും അത് പ്രകാശം അന്തരീക്ഷത്തിൽ വെച്ച് ചിതറുന്നതുമൂലമാണ്.

800 കെൽവിനിൽ നിന്നും 12200 കെൽവിനുകളിൽ നിന്നും ഒരു രേഖീയ സ്കെയിലിൽ പുറപ്പെടുവിക്കുന്ന വർണം പ്ലാങ്ക് നിയമം

തമോവസ്തു സിദ്ധാന്തം അനുസരിച്ച് നീല വർണ്ണം ഉയർന്ന താപനിലകളിലും ചുവപ്പ് താഴ്ന്ന താപനിലകളിലുമാണ് ദൃശ്യമാവുക. സാധാരണയായി നാം ഉദ്ദേശിക്കുന്ന ചുവപ്പ് ചൂടിനും നീല തണുപ്പിനും എന്ന വസ്തുതക്കു വിപരീതമാണ് ഇത്.[5]

പ്രയോജനങ്ങൾ

[തിരുത്തുക]

ഛായാഗ്രഹണം

[തിരുത്തുക]

ഡിജിറ്റൽ ഛായാഗ്രഹണത്തിൽ വർണ്ണതാപനിലയെ പൊതുവെ വൈറ്റ് ബാലൻസ് സംവിധാനമാണ് പ്രതിനിധാനം ചെയ്യുന്നത്.അതിലൂടെ നമുക്ക് ചിത്രത്തിന്റെ വർണ്ണ വിലകൾ വ്യതിയാനം വരുത്തി വിവിധ വർണ്ണതാപനിലയിൽ ചിത്രീകരിക്കാൻ സാധിക്കുന്നു.
ഒട്ടുമിക്ക ഛായാഗ്രാഹികളും എഡിറ്റിങ്ങ് സോഫ്റ്റ്വെയറുകളും സാധാരണ ഉപയോഗം വരുന്ന വർണ്ണതാപനിലാ വിലകൾ ഉപയോഗിക്കാനുള്ള എളുപ്പത്തിനായി മുൻകൂട്ടി ഉറപ്പിച്ച് പേരു നൽകിയിരിക്കും (ഉദാ: ക്ലൗഡി, ബീച്ച്, ഫ്ലൂറസെന്റ് ലാമ്പ്). ചില ഛായാഗ്രാഹികളും എഡിറ്ററുകളും നേരിട്ട് കെൽവിൻ വിലകൾ നൽകാൻ അനുവദിക്കുന്നുമുണ്ട്. ഈ സംവിധാനം വർണ്ണത്തിന്റെ വിലകൾ നീല-മഞ്ഞ അച്ചുതണ്ടിൽ വ്യതിയാനം വരുത്തുന്നു. ചില സോഫ്റ്റ്വെയറുകൾ മജന്ത-പച്ച അച്ചുതണ്ടിൽ വർണ്ണവിലകൾ വ്യതിയാനം വരുത്താനുള്ള സംവിധാനവും നൽകുന്നു.[6] (ഉദാ: ഫോട്ടോഷോപ്പ് ലൈറ്റ്റൂം)

കെട്ടിടങ്ങളിലെ വെളിച്ചം

[തിരുത്തുക]
വിവിധ തരം വിളക്കുകളിലെ വർണ്ണതാപനില

കെട്ടിടങ്ങളിൽ വിളക്കുകൾ സ്ഥാപിക്കുമ്പോൾ വർണ്ണതാപനില കണക്കിലെടുക്കേണ്ടത് ആവശ്യമാവാറുണ്ട്. ഉദാഹരണമായി പൊതു ഉപയോഗത്തിനുള്ള സ്ഥലങ്ങളിൽ കൂടിയ വർണ്ണതാപനിലയുള്ള പ്രകാശം നൽകി ആളുകളിലെ സമ്മർദ്ദത്തിനു അയവു വരുത്തുന്നതിനും ജോലിസ്ഥലങ്ങളിൽ താഴ്ന്ന വർണ്ണതാപനില നൽകുന്നതു വഴി ജോലിക്കാർക്ക് കൂടുതൽ ഏകാഗ്രത പകരാനും കഴിയും[7]

മത്സ്യകൃഷി

[തിരുത്തുക]

മത്സ്യകൃഷിയുടെ വിവിധ ശാഖകളിൽ വർണ്ണതാപനിലക്ക് പ്രായോഗിക ഉപയോഗങ്ങൾ ഉണ്ട്.

  • ശുദ്ധജല അക്വേറിയങ്ങളിൽ വിവിധ വർണ്ണതാപനിലയുള്ള പ്രകാശങ്ങൾ നൽകി അക്വേറിയം കൂടുതൽ മിഴിവുറ്റതാക്കാനും അക്വേറിയത്തിലെ ജലസസ്യങ്ങളുടെ ശരിയായ വളർച്ചക്കും ഉപയോഗിക്കുന്നു.
  • കടൽ മത്സ്യങ്ങളേയും പവിഴപ്പുറ്റുകളേയും പരിപാലിക്കുമ്പോൾ വർണ്ണതാപനില കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പ്രകാശത്തിന്റെ തരംഗദൈർഘ്യം കുറയും തോറും കടൽ ജലത്തിൽ കൂടുതൽ ആഴത്തിൽ എത്താനുള്ള അതിന്റെ കഴിവ് വർധിക്കും.[8][9][10] ഇത് പവിഴപ്പുറ്റിനെ പരിപാലിക്കുന്ന ആൽഗകളുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. വർണ്ണതാപനില കൂടും തോറും തരംഗദൈർഘ്യം കുറയും.

ഡി.റ്റി.പി

[തിരുത്തുക]

കമ്പ്യൂട്ടർ ഉപയോഗിച്ച് പ്രസാധനം നടത്തുമ്പോൾ മോണിറ്ററിന്റെ വർണ്ണതാപനില അറിഞ്ഞിരിക്കുന്നത് ഉപയോഗപ്രദമാണ്. അതു മൂലം മോണിറ്റർ വർണ്ണ വിലകൾ അച്ചടി മാധ്യമത്തിനോടു പരമാവധി അടുപ്പിക്കാൻ സാധിക്കും.[11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.handprint.com/HP/WCL/color12.html
  2. Parrott, Steve. "Moonlighting: Landscape Lighting Design Imitates Nature". Archived from the original on 2012-07-30. Retrieved 2011-09-29.
  3. cite web |last=Williams |first=D. R. |year=2004 |title=Sun Fact Sheet |url=http://nssdc.gsfc.nasa.gov/planetary/factsheet/sunfact.html |publisher=NASA |accessdate=2010-09-27
  4. "Principles of Remote Sensing — CRISP". Retrieved 2012-06-18.
  5. Chris George (2008). Mastering Digital Flash Photography: The Complete Reference Guide. Sterling Publishing Company. p. 11. ISBN 978-1-60059-209-6.
  6. Kern, Chris. "Reality Check: Ambiguity and Ambivalence in Digital Color Photography". Retrieved 2011-03-11.
  7. Rüdiger Paschotta (2008). Encyclopedia of Laser Physics and Technology. Wiley-VCH. p. 219. ISBN 978-3-527-40828-3.[പ്രവർത്തിക്കാത്ത കണ്ണി]
  8. Chaplin, Martin. "Water Absorption Spectrum". Retrieved 2012-08-01.
  9. Pope R. M., Fry E. S. (1997). "Absorption spectrum (380–700 nm) of pure water. II. Integrating cavity measurements". Applied Optics. 36 (33). Optical Society of America: 8710–8723. doi:10.1364/AO.36.008710. Retrieved August 1, 2012.
  10. Jerlov N. G. (1976). Marine Optics. Elsevie Oceanography Series. Vol. 14. Amsterdam: Elsevier Scientific Publishing Company. pp. 128–129. ISBN 0-444-41490-8. Retrieved August 1, 2012.
  11. കാലിബറേഷൻ, മോണിറ്റർ. "ഡിടിപി". Retrieved 3 സെപ്റ്റംബർ 2012.
"https://ml.wikipedia.org/w/index.php?title=വർണ്ണതാപനില&oldid=3970822" എന്ന താളിൽനിന്ന് ശേഖരിച്ചത്