കേളീപാത്രം
കേരളത്തിലെ കോലത്തുനാട്ടിൽ മുൻകാലങ്ങളിൽ നിലവിലിരുന്ന ഒരു അനുഷ്ഠാനകലയാണ് കേളീപാത്രം. ബ്രഹ്മാവിന്റെ തലയോടാണെന്ന സങ്കല്പത്തിൽ കയ്യിൽ ഭിക്ഷാപാത്രവും പുഷ്പമാലയും ഭസ്മവും അണിഞ്ഞ് സന്യാസിവേഷത്തിൽ വീടുകൾ സന്ദർശിക്കുന്ന ചടങ്ങാണിത്. ചോയി ഗുരിക്കൾ അല്ലെങ്കിൽ യോഗി സമുദായത്തിൽ പെട്ടവരാണ് കേളിപാത്രം വേഷം അണിയാറുള്ളത്.[1] കേളീപാത്രം കേളിയാത്രം എന്നും പ്രാദേശികമായി അറിയപ്പെടാറുണ്ട്. ഇത് ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കേളീപാത്രം ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ ഭിക്ഷ നടത്തുകയും പതിവാണ്. ഊർവരാധനയുമായി ബന്ധപ്പെട്ട ഒരു കലയായ ഇത് ഇന്ന് നാശോന്മുഖമാണ്.
ഐതിഹ്യം
[തിരുത്തുക]കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തിൽ നിന്നും മുക്തി നേടാനായി ശിവൻ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവൻ കപാലം ‘യോഗി’യെ ഏൽപ്പിച്ചുവെന്നുമാണ് വിശ്വാസം.
അനുഷ്ഠാനം
[തിരുത്തുക]അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തിൽ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേൽ ചുവന്ന പട്ടുടുക്കും. തലയിൽ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യിൽ ഭിക്ഷാപാത്രവും വടിയും, മറ്റേക്കൈയ്യിൽ കൈമണിയും ഉണ്ടാകും. വേഷമണിഞ്ഞു കഴിഞ്ഞാൽ മൗനിയായി മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാൽ ആളുകൾ വഴിമാറി കൊടുക്കും. വീടുകളിലെത്തിയാൽ നാലു ദിക്കും നോക്കി, 3 പ്രദക്ഷിണം വെക്കും. ഒരോ പ്രദക്ഷിണത്തിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തിൽ അരിയിടും. തുടർന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. വെയിൽ മൂക്കുന്നതിനു മുൻപു തന്നെ ഭിക്ഷാടനം നിർത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. സാധാരണ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളും ഭിക്ഷാടനം നടത്തി തീർക്കാൻ ഒരാഴ്ചയോളം എടുക്കാറുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ പണ്ട് പണ്ട് പാപ്പിനിശ്ശേരി-പ്രാദേശിക ചരിത്രം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്2008 പേജ് നമ്പർ111 .