Jump to content

കൊടകര ഷഷ്ഠി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടകര ഷഷ്ഠിയുടെ ഭാഗമായി കാവടി സെറ്റുകൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ

കൊടകരയുടെ ദേശീയോൽസവം എന്നറിയപ്പെടുന്ന കുന്നതൃക്കോവിൽ ഷഷ്ഠി, വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസം ആഘോഷിക്കുന്നു. കേരളത്തിലെ ആദ്യ ഷഷ്ഠി ആഘോഷം ഇതാണെന്ന് കരുതപ്പെടുന്നു [1]

ചടങ്ങുകൾ

[തിരുത്തുക]

ഷഷ്ഠിക്ക് 7 ദിവസം മുൻപേ ക്ഷേത്രം തന്ത്രികൾ സ്വാമിക്ക് കളഭം ആടി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു. ഷഷ്ഠിദിവസം രാവിലെ 4 മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരതിന്റെ അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു. പിന്നീട് ഭക്തജനങ്ങളുടേയും, കാവടി സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു.

ഒരോ വർഷത്തെയും ആതിഥേയ കാവടിസംഘം ഷഷ്ഠിദിവസം രാവിലെ 6.30ന് പൂനിലാർക്കാവിൽ നിന്ന് കുന്നത്തൃകോവിലിലേക്ക് അഭിഷേകക്കാവടിയും വൈകിട്ട് 7ന് ഭസ്മക്കാവടിയും എത്തിക്കും. രാത്രിയും കുന്നതൃകോവിലിൽ എഴുന്നള്ളിപ്പ് ഉണ്ടാവാറുണ്ട്.[2]

കുന്നതൃക്കോവിൽ മുരുകക്ഷേത്രത്തിലെ പ്രധാന വഴിപാട് പാൽ, ഇളനീർ, പനിനീർ, കളഭം എന്നിവകൊണ്ടുള്ള അഭിഷേകമാണ്‌. കർപ്പൂരം, ഭസ്മം ഇവകൊണ്ടുള്ള ആരാധനയും വിശേഷപ്പെട്ടതാണ്‌.

കല്പടവുകൾ കയറി കുന്നിൻ മുകളിൽ തൃക്കോവിലിൽ പ്രതിഷ്ഠിച്ച മുരുകദർശനം കഴിഞ്ഞിറങ്ങുന്ന ഭക്തർക്ക് പഴനിമലയുടെ ഒരു ചെറുപതിപ്പായി ഈ ക്ഷേത്ര ദർശനം അനുഭവപ്പെടുന്നു.

കലാരൂപങ്ങൾ

[തിരുത്തുക]
കൊടകര ഷഷ്ഠി- പൂക്കാവടി

ഷഷ്ഠിയാഘോഷങ്ങളുടെ ഭാഗമായി ഷഷ്ഠിദിവസം രാവിലെ കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രചാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കലാരൂപമായ ചെട്ടിക്കൊട്ടും, ശിവക്ഷേത്രത്തിൽ പുള്ളുവൻ പാട്ടും അരങ്ങേറാറുണ്ട്.

വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്‌. പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപദേവനും മുരുകസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി ഐതിഹ്യം.

കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു, നിലവിൽ 21 കാവടിസെറ്റുകൾ ആണ് ഷഷ്ഠി മഹോത്സവത്തിൽ പങ്കെടുക്കുന്നത്[2]. കാവടി, തകിൽ, നാദസ്വരം, ആന എഴുന്നെള്ളിപ്പ്, പഞ്ചവാദ്യം, ശിങ്കാരിമേളം, പെരുമ്പറ, ബാന്റ് വാദ്യം, മയിലാട്ടം, കരകാട്ടം, നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ്‌ വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്. ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ നാടകം, ഗാനമേള, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.

പങ്കെടുക്കുന്ന കാവടി സെറ്റുകൾ

[തിരുത്തുക]

(2024 പ്രകാരം)

(പൂനിലാർക്കാവ് ദേവീക്ഷേത്രത്തിലെ പന്തലിൽ കേറുന്ന സമയക്രമത്തിൽ)

ക്രമ നമ്പർ സെറ്റുകളുടെ പേര്
1 വിശ്വബ്രാഹ്മണസമാജം
2 മനക്കുളങ്ങര യുവജനസംഘം
3 മറ്റത്തൂർ കുന്ന
4 കാവുന്തറ കരയോഗം
5 കൊടകര പടിഞ്ഞാട്ടുമുറി, മനക്കുളങ്ങര
6 കെ. പി. എം. എസ്. കാവുന്തറ
7 മരത്തോമ്പിള്ളി പുലയർ സമുദായം
8 കുംഭാര സമുദായം
9 ഉളുമ്പത്തുകുന്ന്
10 ഗാന്ധിനഗർ
11 തെക്കുമുറി യുവജനസംഘം
12 പുലിപ്പാറക്കുന്ന യുവജനസംഘം
13 കൊടകര ടൗൺ
14 അഴകം യുവജനസംഘം
15 യുവസംഗമം, വഴിയമ്പലം
16 ഫ്രണ്ട്സ് കലാവേദി, വല്ലപ്പാടി
17 പുത്തുക്കാവ് യുവതരംഗം
18 അരുണോദയം യുവജനസംഘം, കാരൂർ
19 ഏകലവ്യ ഗാന്ധിനഗർ, കൊടകര
20 നവചേതന, വല്ലപ്പാടി
21 കാവിൽ പടിഞ്ഞാറേനട കൂട്ടായ്മ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-17.
  2. 2.0 2.1 "വർണവിസ്മയ നിറവിൽ കൊടകര ഷഷ്ഠി". Retrieved 2024-12-05.
"https://ml.wikipedia.org/w/index.php?title=കൊടകര_ഷഷ്ഠി&oldid=4142741" എന്ന താളിൽനിന്ന് ശേഖരിച്ചത്