Jump to content

ദ്വിബീജപത്രസസ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്വിബീജപത്ര സസ്യങ്ങൾ
Magnolia flower
Magnolia flower
Scientific classification
കിങ്ഡം: Plantae
Phylum: Magnoliophyta
Class: Magnoliopsida*
Brongniart
Groups included
Cladistically included but traditionally excluded taxa

ആവൃതബീജി സസ്യങ്ങളുടെ ഒരു വിഭാഗമാണ് ദ്വിബീജപത്ര സസ്യങ്ങൾ. ഈ വിഭാഗത്തിൽ പ്പെടുന്ന സസ്യങ്ങളുടെ വിത്തിനുള്ളിലെ ഭ്രൂണത്തിൽ രണ്ട് ബീജ പത്രങ്ങളുണ്ടായിരിക്കും. ആവൃതബീജി സസ്യങ്ങളിലെ മറ്റൊരു വിഭാഗമായ ഏകബീജപത്രികൾ ഒരു ബീജപത്രം മാത്രമേ കാണപ്പെടുന്നുള്ളൂ. ദ്വിബീജപത്രികളിൽ 1,65,000-ൽ അധികം സ്പീഷീസുണ്ട്. ഇവയെ 265-ഓളം കുടുംബങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.

ഇതിൽ ഉൾപ്പെട്ട സസ്യങ്ങൾ

[തിരുത്തുക]

തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു.

ഓഷധികളും ദുർബലസസ്യങ്ങളും ആരോഹികളും കുറ്റിച്ചെടികളും മരങ്ങളും പരാദസസ്യങ്ങളും ജലസസ്യങ്ങളും മരുസസ്യങ്ങളും ഈ വിഭാഗത്തിലുൾപ്പെടുന്നു. വിത്ത് മുളയ്ക്കുമ്പോൾ മുതൽ സസ്യത്തിന്റെ ആയുഷ്കാലത്തോളം വളരുന്ന പ്രാഥമിക മൂലവും ആഗിരണത്തെ സഹായിക്കുന്ന മൂലലോമങ്ങളും ഈ സസ്യവിഭാഗത്തിന്റെ സവിശേഷതയാണ്. ദ്വിബീജപത്രികൾക്കെല്ലാംതന്നെ ശാഖോപശാഖകളോടുകൂടിയ വേരുപടലമാണുള്ളത്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി തുടങ്ങിയ ഭൂകാണ്ഡങ്ങൾ ദ്വിബീജപത്രികളിൽപ്പെടുന്ന പച്ചക്കറിവിളകളാണ്. ദ്വിബീജപത്ര സസ്യങ്ങളുടെ ഇളം വേരുകളിലെ അധിചർമവും കോർട്ടെക്സും ഏകബീജി പത്രികളിലേതുപോലെ തന്നെയാണ്. സംവഹന നാളികൾക്ക് ഒരേപോലെയുള്ള അരീയ വിന്യാസമായിരിക്കും. മൃദു-ഖര വ്യൂഹങ്ങൾ എണ്ണത്തിൽ കുറവായിരിക്കും. ഖരവ്യൂഹങ്ങൾ തമ്മിൽ യോജിച്ചാണിരിക്കുക. പിത്ത് ഒട്ടും തന്നെ കാണപ്പെടുന്നില്ല. പുതിയ മെരിസ്റ്റമിക കലയായ കേമ്പിയം രൂപംകൊണ്ടതിനുശേഷമേ ദ്വിബീജപത്രികളുടെ വേരുകൾക്ക് വണ്ണം കൂടാറുള്ളൂ. കേമ്പിയത്തിന്റെ കോശവിഭജനംമൂലം ദ്വിതീയ കലകളുണ്ടാകുന്നു. ഖര-മൃദു വ്യൂഹങ്ങളുടെ എണ്ണത്തിലുള്ള കുറവും വിസ്താരമേറിയ പിത്തിന്റെ അഭാവവും ദ്വിബീജപത്രികളുടെ വേരുകളെ ഏകബീജപത്രികളുടേതിൽനിന്ന് വ്യത്യസ്തമാക്കുന്നു.

ഏകബീജ ദ്വിബീജ ഘടനാവ്യത്യാസം

[തിരുത്തുക]

കാണ്ഡത്തിന്റെ ഘടന

[തിരുത്തുക]

ദ്വിബീജപത്രികളുടെ കാണ്ഡത്തിന്റെ ഘടനയും ഏകബീജപത്രികളുടേതിൽനിന്ന് വ്യത്യസ്തമാണ്. അധിചർമത്തെ ത്തുടർന്ന് കോർട്ടെക്സും കേന്ദ്രഭാഗത്തായി വൃത്താകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന സംവഹനവ്യൂഹങ്ങളും ഇതിലുണ്ട്. ഏകബീജ പത്രികളിലാകട്ടെ സംവഹനവ്യൂഹങ്ങൾ കോർട്ടെക്സിൽ ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെടുന്നത്. ഖരവ്യൂഹത്തിനും മൃദുവ്യൂഹത്തിനുമിടയ്ക്കുള്ള മെരിസ്റ്റമിക കോശങ്ങളായ കേമ്പിയം കാണ്ഡത്തിന്റെ ദ്വിതീയ വൃദ്ധിക്കും തുടർന്നുള്ള വണ്ണംവയ്ക്കലിനും കാരണമായിത്തീരുന്നു. കാണ്ഡത്തിന്റെ മധ്യഭാഗത്ത് കനം കുറഞ്ഞ പാരൻകൈമ കോശങ്ങളുള്ള പിത്ത് കാണപ്പെടുന്നു.

ദുർബലസസ്യങ്ങൾ

[തിരുത്തുക]

കനംകുറഞ്ഞ തണ്ടോടുകൂടിയ ദുർബലസസ്യങ്ങൾക്ക് നിവർന്നു വളരാൻ ബലമില്ലാത്തപ്പോൾ മരങ്ങളിലോ കുറ്റിച്ചെടികളിലോ താങ്ങുകളിലോ കയറി പടർന്നു വളരുന്നു. ഇതിന് പ്രധാനമായും സസ്യങ്ങളെ സഹായിക്കുന്നത് പ്രതാനങ്ങളാണ്. പ്രകന്ദം, ധാവരൂഹം, കന്ന്, ശൽക്കകന്ദം, ഫില്ലോക്ലാഡ് എന്നിങ്ങനെ വിവിധ രൂപങ്ങളായി കാണ്ഡം രൂപാന്തരപ്പെട്ടിരിക്കുന്ന അവസ്ഥകളുമുണ്ട്.

ദ്വിബീജപത്രസസ്യങ്ങളുടെ ഇലയ്ക്ക് ജാലിക സിരാവിന്യാസവും ഏകബീജപത്രികളിൽ സമാന്തര സിരാവിന്യാസവുമാണുള്ളത്. ഇലകളുടെ ഉപരിതലത്തിലും അടിഭാഗത്തുമുള്ള അധിചർമപാളികൾക്കിടയിലായിട്ടാണ് മീസോഫിൽ കല കാണപ്പെടുന്നത്. അധിചർമത്തിലുള്ള രന്ധ്രങ്ങൾ വഴിയാണ് വാതക വിനിമയം സാധ്യമാകുന്നത്. പ്രാണികളെയും ഷഡ്പദങ്ങളെയും മറ്റും പിടിച്ചു ഭക്ഷിക്കുന്ന, മാംസഭോജനത്തിനായി രൂപാന്തരം പ്രാപിച്ച ഇലകളോടുകൂടിയ സസ്യങ്ങളും ദ്വിബീജ പത്ര വിഭാഗത്തിലുൾ പ്പെടുന്നു. ഉദാ. നെപ്പൻതസ്, യൂട്രിക്കുലേറിയ. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇലകളുള്ള വിക്ടോറിയ റിജിയയും ഇതിലുൾ പ്പെടുന്നു.

പുഷ്പങ്ങൾ

[തിരുത്തുക]

ഇവയിൽ ഒറ്റയായോ ധാരാളം പുഷ്പങ്ങളുള്ള പുഷ്പമഞ്ജരിയായോ പുഷ്പങ്ങളുണ്ടാകുന്നു. വർഗീകരണ ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ പുഷ്പം നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഘടനയിലും ഇനങ്ങൾതോറും വ്യത്യസ്തത പുലർത്തുന്നതായി കാണാം. പുഷ്പഘടകങ്ങളധികവും അഞ്ചോ അതിന്റെ ഗുണിതങ്ങളായോ ആയിരിക്കും. പയറുവർഗങ്ങളുൾ പ്പെടുന്ന ഫാബേസീ (Fabaceae)[1] കുടുംബത്തിലെ പുഷ്പങ്ങളുടെ പിൻഭാഗത്ത് വലിയ ഒറ്റദളമായി നിലകൊള്ളുന്ന പതാകദളവും പാർശ്വദളങ്ങളായ പക്ഷദളങ്ങളും പക്ഷദളങ്ങൾക്കു കീഴെയായി വീതികുറഞ്ഞ രണ്ട് കീൽ ദളങ്ങളും കാണപ്പെടുന്നു. കേസരങ്ങൾ രണ്ടുമുതൽ അനേകഎണ്ണം വരെ കാണപ്പെടാറുണ്ട്. ദ്വിബീജപത്രികളിൽപ്പെടുന്ന ചില ആദിമകുടുംബങ്ങളിലൊഴികെ, മിക്കവാറും സസ്യങ്ങളുടെയെല്ലാം പരാഗത്തിന് മൂന്ന് രന്ധ്രങ്ങളുണ്ടായിരിക്കും; ഏകബീജികളിൽ ഇത് ഒറ്റയായിരിക്കും.

കുടുംബം

[തിരുത്തുക]

950-ലധികം ജീനസ്സുകളും ഇരുപതിനായിരത്തിലധികം സ്പീഷീസും ഉള്ള കമ്പോസിറ്റെ (Compositae)[2] കുടുംബമാണ് ഏറ്റവും വലിയ കുടുംബമായി കണക്കാക്കപ്പെടുന്നത്. ഈ കുടുംബത്തിലെ അധിക ഇനങ്ങളും ഓഷധികളാണ്; മൈക്കാനിയ സ്ക്കാൻഡൻസ് ( Mikania scandens )[3] എന്ന ആരോഹിയും അപൂർവം കുറ്റിച്ചെടികളും മരങ്ങളും ഈ കുടുംബത്തിലുണ്ട്. പയറുവർഗങ്ങളെല്ലാം ഉൾ പ്പെടുന്ന ഫാബേസീ കുടുംബമാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ 13,000-ത്തിലധികം സ്പീഷീസ് ഉണ്ട്. ഏതാനും അലങ്കാരച്ചെടികളും ഇതിൽ പ്പെടുന്നു. ഇത്തരം സസ്യങ്ങളുടെ വേരിലെ മൂലാർബുദങ്ങളിലുള്ള ബാക്റ്റീരിയ നൈട്രജൻ യൗഗികങ്ങൾ നിർമിച്ച് മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. അതിനാൽ ഈ കുടുംബത്തിലെ സസ്യങ്ങളെ വിളപരിക്രമത്തിന് കർഷകർ ഉപയോഗപ്പെടുത്തുന്നു. യുഫോർബിയേസീയിൽ 7500 സ്പീഷീസും റൂബിയേസീയിൽ 6500-ഉം ലാമിയേസീയിൽ 3200-ഉം അംബെല്ലിഫെറെയിൽ 3000-ഉം റോസേസീയിൽ 3000-ഉം ബ്രസീക്കേസീയിൽ 3000-ഉം സ്പീഷീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വർഗീകരണം

[തിരുത്തുക]

വർഗീകരണ ശാസ്ത്രകാരന്മാർ അഗ്രഗത സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ഏകബീജപത്രികൾക്കും ദ്വിബീജപത്രികൾക്കും സ്ഥാനം നൽകിയത്. ആദ്യമായി സപുഷ്പികളെ ഏകബീജപത്രികളെന്നും ദ്വിബീജപത്രികളെന്നും വിഭജിച്ചത് ജോസഫ് ദെ ജെസ്സ്യു ആയിരുന്നു. ബെസ്സിയും ഹച്ചിൻസണും ദ്വിബീജപത്രികൾക്കുശേഷമാണ് ഏകബീജപത്രികൾക്കു സ്ഥാനം നൽകിയത്. ഏകബീജികൾ കൂടുതൽ അഗ്രഗത സ്വഭാവങ്ങളുള്ളതാണെന്നു കരുതിയതാണ് ഇതിനു കാരണം. ബെസ്സിയുടെ വർഗീകരണത്തിൽ 24 ഗോത്രങ്ങളിലായി 255 കുടുംബങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു. ഹച്ചിൻസൺ ദ്വിബീജപത്രികളിലെ 76 ഗോത്രങ്ങളിലായി 264 കുടുംബങ്ങളെ വർഗീകരിച്ചിരിക്കുന്നു (1926).

ദെ ജെസ്സ്യുവിന്റെ വർഗീകരണത്തിനുശേഷം ദെ കാൻഡോൾ ആവിഷ്കരിച്ച വർഗീകരണപദ്ധതിയാണ് ബെൻതാം-ഹുക്കർ അടിസ്ഥാനമായി സ്വീകരിച്ചത്. ദെ കാൻഡോൾ ദ്വിബീജപത്രസസ്യങ്ങളെ ഡിപ്ലോക്ലാമിഡ്യേ, മോണോക്ലാ‌മിഡ്യേ എന്ന് രണ്ടായി തിരിച്ചു. ബെൻതാം-ഹുക്കർ ദ്വിബീജികളെ തുല്യപദവിയുള്ള മൂന്ന് ഭാഗങ്ങളായിട്ടാണ് തിരിച്ചത്: പോളിപെറ്റാലെ, ഗാമോപെറ്റാലെ, മോണോ ക്ലാമിഡിയേ. ദെ കാൻഡോളിന്റെ വർഗീകരണത്തിലെ തലാമിഫ്ലോറയ്ക്കും കാലിസിഫ്ലോറയ്ക്കും ഇടയിലായി ഡിസ്ക്കിഫ്ലോറ എന്നൊരു സീരീസും കൂടി ഉൾ പ്പെടുത്തിയിട്ടുണ്ട്. ബെൻതാം-ഹുക്കർ അനാവൃതബീജിസസ്യങ്ങളെ ദ്വിബീജിപത്രികളുടെയും ഏകബീജപത്രികളുടെയും മധ്യത്തിലുൾ പ്പെടുത്തിയിരിക്കുന്നു. അനാവൃതബീജികൾ ആവൃതബീജികളിൽനിന്ന് ഒട്ടേറെ വ്യത്യാസങ്ങൾ ഉള്ളവയായതിനാൽ ദ്വിബീജികൾക്കും ഏകബീജികൾക്കുമിടയിൽ പ്പെടുത്തിയത് ഉചിതമായില്ല എന്ന് അഭിപ്രായമുണ്ട്. ബെൻതാം-ഹുക്കർ വർഗീകരണ പദ്ധതിയിൽ ആവൃതബീജികളുടെ ഉത്പത്തിയെപ്പറ്റി പരാമർശിച്ചിട്ടുമില്ല. ചില ദ്വിബീജപത്ര സസ്യങ്ങളുടെ പുഷ്പങ്ങൾ അലങ്കാരത്തിന് ഉപയോഗപ്പെടുത്തി വരുന്നു. റോസ്, മുല്ല, കൈതപ്പൂ എന്നിവയിൽനിന്നുള്ള സുഗന്ധദ്രവ്യങ്ങൾ മെച്ചമേറിയതാണ്. മുരിങ്ങ, പയർ തകര തുടങ്ങിയവയുടെ പുഷ്പങ്ങൾ കറിവയ്ക്കാനുപയോഗിക്കുന്നു. ഗ്രാമ്പു ഔഷധമായും മസാലയായും ഉപയോഗപ്പെടുത്തിവരുന്നു. കോളിഫ്ലവർ പച്ചക്കറിയായുപയോഗിക്കുന്നു. പുഷ്പത്തിന്റെ വർത്തികയിൽ നിന്നും വർത്തികാഗ്രത്തിൽ നിന്നും ലഭിക്കുന്ന കുങ്കുമം (കാർത്താമസ് ടിങ്റ്റോറിയസ്) ഔഷധമായും പായസങ്ങളിലും മറ്റും ചേർക്കാനും ഉപയോഗിക്കാറുണ്ട്.

ഇതുംകൂടികാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://plants.usda.gov/java/ClassificationServlet?source=display&classid=Fabaceae Classification for Kingdom Plantae Down to Family Fabaceae
  2. http://www.theplantlist.org/browse/A/Compositae/ The family Compositae is in the major group Angiosperms (Flowering plants).
  3. http://www.hear.org/starr/images/species/?q=mikania+scandens&o=plants Mikania scandens (climbing hempvine)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദ്വിബീജപത്ര സസ്യങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദ്വിബീജപത്രസസ്യങ്ങൾ&oldid=3634842" എന്ന താളിൽനിന്ന് ശേഖരിച്ചത്