നോബൽ സമ്മാനം
നോബൽ സമ്മാനം | |
---|---|
അവാർഡ് | രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം , സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ |
രാജ്യം | |
നൽകുന്നത് |
|
ആദ്യം നൽകിയത് |
|
നിലവിലെ ജേതാവ് | 567 Prizes to 889 Laureates in 2014 |
ഔദ്യോഗിക വെബ്സൈറ്റ് | nobelprize |
രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ് നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു.
ആൽഫ്രഡ് ബെർൺഹാർഡ് നോബൽ
[തിരുത്തുക]നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ( diatomaceous earth) ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ് ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നോബൽ കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് ഡൈനാമൈറ്റ് എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു. 1895 നവംബർ 27-ന് അദ്ദേഹം തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു
'എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത് രാജ്യക്കാരനാണ് എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക് തന്നെ പുരസ്‌കാരം ലഭിക്കണം. അത് സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..'
സമ്മാനത്തുക സ്വീഡിഷ് ജനതക്ക് മാത്രം പരിമിതപ്പെടുത്താത്ത ഈ വരികൾ വലിയ വിമർശനങ്ങൾക്ക് ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവൻ എന്ന് വരെ വിമർശിക്കാനാളുകളുണ്ടായി. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ സമ്മാനത്തുകയെക്കുറിച്ച് പുറംലോകം അറിയുന്നത്.. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്റെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലവിളംബം നേരിട്ടു. 1901-ലാണ് ആദ്യമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
നോബൽ ഫൌണ്ടേഷൻ
[തിരുത്തുക]നോബൽ, തന്റെ വിൽപത്രത്തിന്റെ നടത്തിപ്പുകാരായി, തന്റെ ഗവേഷണശാലയിൽ ജോലി ചെയ്‌തിരുന്ന റഗ്‌നാർ സോൾമനേയും, റുഡോൾഫ് ലില്ജെഖ്വിസ്‌റ്റിനെയും ചുതലപ്പെടുത്തിയിരുന്നു. അവർ ആദ്യമായി ചെയ്‌തത്, നോബലിന്റെ സ്വീഡനു പുറത്തുള്ള മുഴുവൻ സ്വത്തുക്കളും സ്വീഡനിലേക്ക് മാറ്റുക എന്നതായിരുന്നു. നോബലിന്റെ മരണശേഷം അവ നഷ്‌ടപ്പെടരുത് എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ. പിന്നീട്, നോബലിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ റഗ്‌നർ സോൾമൻ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് നിർവഹിച്ചു. നോബൽ സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്നതിനു അദ്ദേഹം നോബൽ ഫൌണ്ടേഷൻ എന്ന പേരിൽ 1900 ജൂൺ 29 ന് ഒരു ട്രസ്‌റ്റ് രൂപവത്കരിച്ചു. നോബൽ അദ്ദേഹത്തിന്റെ വിൽപത്രത്തിൽ സൂചിപ്പിച്ച പ്രകാരമുള്ള അഞ്ച് അവാർഡിംഗ് സ്‌ഥാപനങ്ങളെയും, ഈ ഫൌണ്ടേഷനുമായി സഹകരിപ്പിക്കുന്നതിൽ റഗ്‌നാർ വിജയിച്ചു.
അവാർഡിംഗ് കമ്മിറ്റികൾ
[തിരുത്തുക]നോബൽ തന്റെ വിൽപത്രത്തിൽ അഞ്ച് വിഭാഗങ്ങളിലായി സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്പ്പിക്കണമെന്ന് കൂടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിപ്രകാരമാണ്.
- ഭൗതികശാസ്‌ത്രം, രസതന്ത്രം - റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ്
- ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി [1]
- സാഹിത്യം - സ്വീഡിഷ് അക്കാദമി
- സമാധാനശ്രമങ്ങൾക്കുള്ളത് - നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി.
മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ തന്നെയാണ് ഇന്നും അതത് മേഖലകളിലുള്ള സമ്മാനങ്ങൾക്കർഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതും. നോബൽ തന്റെ വിൽപത്രത്തിൽ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാർഷികവരുമാനത്തുകയാണ് നോബൽ സമ്മാനത്തുകയായി വീതിക്കുന്നത്. അത് കൊണ്ട് തന്നെ, ഓരോ വർഷവും നോബൽ സമ്മാനത്തുകയിൽ മാറ്റങ്ങൾ വരുന്നു.
സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽസമ്മാനം, നോബലിന്റെ വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. 1968-ൽ സ്വീഡിഷ് ബാങ്കായ സ്വെറിഗ്‌സ് റിൿസ്ബാങ്ക്, അവരുടെ 300-ആം വാർഷികത്തിൽ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം കൂടി ചേർത്തു. സാമ്പത്തികശാസ്‌ത്രത്തിലെ നോബൽ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം കൂടി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസിൽ നിക്ഷിപ്‌തമാണ്.
നിബന്ധനകൾ
[തിരുത്തുക]- നോബൽ കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അപ്പീലില്ല.
- നോബൽ സമ്മാനത്തിനു വേണ്ടി സ്വയം നാമനിർദ്ദേശം ചെയ്യുന്നത് അനുവദനീയമല്ല.
- പരേതരായവരെ പുരസ്കാരത്തിന് പരിഗണിക്കുന്നതല്ല.
ഒക്ടോബറിൽ പുരസ്കാര പ്രഖ്യാപനസമയത്ത് വ്യക്തി ജീവിച്ചിരിക്കണം എന്നത് 1974 മുതലുളള നിബന്ധനയാണ്. എന്നാൽ 2011-ൽ ഒരു ചെറിയ പ്രശ്നമുണ്ടായി.2011 ഒക്ടോബർ 3-ന് വൈദ്യശാസ്ത്രത്തിനുളള പുരസ്കാരം മൂന്നു പേർക്കായി പ്രഖ്യാപിക്കപ്പെട്ടു, പക്ഷെ മൂന്നു ദിവസങ്ങൾക്കു മുമ്പ് അതിലൊരാൾ, റാൽഫ് സ്റ്റൈൻമാൻ അന്തരിച്ച വിവരം കമ്മിറ്റിക്ക് അറിയുമായിരുന്നില്ല. ഒട്ടേറെ കൂടിയാലോചനകൾക്കു ശേഷം പുരസ്കാരം നല്കപ്പെട്ടു.[2]
സമ്മാനപ്രഖ്യാപനം
[തിരുത്തുക]ഒക്ടോബർ പത്തിനകം ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കപ്പെടും.
സമ്മാനദാനച്ചടങ്ങ്
[തിരുത്തുക]ആൽഫ്രഡ് നോബലിന്റെ ചരമദിനമായ ഡിസംബർ 10-നാണ് എല്ലാ വർഷവും നോബൽ സമ്മാനദാനച്ചടങ്ങ് നടക്കുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ൿഹോമിലെ പ്രധാനവേദിയിൽ വെച്ച് സമ്മാനജേതാക്കൾ, സമ്മാന മെഡലും, നോബൽ സമ്മാന ഡിപ്ലോമയും, നോബൽ സമ്മാനത്തുകയുടെ പത്രവും ഏറ്റുവാങ്ങുന്നു. സ്വീഡന്റെ കാർൾ ഗസ്‌റ്റാവ് രാജാവ് സമ്മാനത്തുക പരിശോധിച്ച് ഉറപ്പ് വരുത്തുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം മാത്രം, നോർവയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ച് നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽ നിന്നും നോർവേയുടെ ഹറാൾഡ് രാജാവിന്റെ സാന്നിദ്ധ്യത്തിൽ ജേതാക്കൾ പുരസ്കാരം ഏറ്റു വാങ്ങുന്നു. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ് സമ്മാനജേതാക്കളുടെ, വിഷയത്തിൻ മേലുള്ള പ്രബന്ധാവതരണം. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ് പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക് മുന്നേ തന്നെ ഇത് നടക്കുന്നു. 2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന പുരസ്‌കാരം വിവാദത്തെത്തുടർന്നു മാറ്റി വച്ചു[3].
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]മൊത്തം പുസ്കാരങ്ങൾ 2012 വരെ
[തിരുത്തുക]1901മുതൽ 2012 വരേയുളള കാലയളവിൽ 839 വ്യക്തികൾക്കും, 24 സ്ഥാപനങ്ങൾക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1940,1941, 1942 എന്നീ വർഷങ്ങളിൽ നോബൽ സമ്മാനം നിർത്തിവെക്കുകയുണ്ടായി.[4]
വിഷയം | പുരസ്കാരങ്ങൾ | ജേതാക്കൾ | ഏകജേതാവ് | രണ്ടു പേർ | മൂന്നു പേർ |
---|---|---|---|---|---|
ഭൌതികശാസ്ത്രം | 106 | 194 | 47 | 29 | 29 |
രസതന്ത്രം | 104 | 163 | 63 | 22 | 18 |
വൈദ്യശാസ്ത്രം | 103 | 201 | 38 | 31 | 33 |
സാഹിത്യം | 105 | 109 | 100 | 4 | - |
സമാധാനം | 93 | 101+(24) | 62 | 28 | 2 |
സാമ്പത്തികശാസ്ത്രം | 44 | 71 | 22 | 16 | 5 |
Total | 555 | 863 | 332 | 130 | 87 |
(24)സ്ഥാപനങ്ങൾ
- നോബൽ സമ്മാന ജേതാക്കളുടെ പട്ടിക
- നോബൽ സമ്മാനം 2016
- നോബൽ സമ്മാനം 2015
- നോബൽ സമ്മാനം 2014
- നോബൽ സമ്മാനം 2013
- നോബൽ സമ്മാനം 2012
- നോബൽ സമ്മാനം 2011
- നോബൽ സമ്മാനം 2010
- നോബൽ സമ്മാനം 2009
- നോബൽ സമ്മാനം 2008
- നോബൽ സമ്മാനം 2007
- നോബൽ സമ്മാനം 2006
- സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക.
- വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
നോബൽ സമ്മാനം നേടിയ വനിതകൾ
[തിരുത്തുക]1901-മുതൽ 2015 വരേയുളള കാലഘട്ടത്തിൽ 47 വനിതകൾ ഈ ബഹുമതിക്ക് അർഹരായിട്ടുണ്ട്.[5]
പേര് | വർഷം | വിഷയം |
---|---|---|
മേരി ക്യൂറി | 1903 | ഭൌതികശാസ്ത്രം |
ബർത്താ വോൺ സുട്ട്ണർ | 1905 | ശാന്തി |
സെല്മാ ലോഗേർലെവ് | 1909 | സാഹിത്യം |
മേരി ക്യൂറി | 1911 | രസതന്ത്രം |
ഗ്രേസിയ ദേലേദ | 1926 | സാഹിത്യം |
സിഗ്രിഡ് ഉൺസെറ്റ് | 1928 | സാഹിത്യം |
ജെയ്ൻ ആഡംസ് | 1931 | ശാന്തി |
ഇറേൻ ജോലിയോ ക്യൂറി | 1935 | രസതന്ത്രം |
പേൾ എസ്. ബക്ക് | 1938 | സാഹിത്യം |
ഗബ്രിയേലാ മിസ്ത്രെൽ | 1945 | സാഹിത്യം |
ഗെർട്ടി കോറി | 1947 | വൈദ്യശാസ്ത്രം |
മറിയ ഗെപ്പേർട്ട്-മയർ | 1963 | ഭൌതികശാസ്ത്രം |
ഡോറതി ഹോഡ്ജ്കിൻ | 1964 | രസതന്ത്രം |
നെല്ലി സാഷ് | 1966 | സാഹിത്യം |
ബെറ്റി വില്യംസ് | 1976 | ശാന്തി |
മയ്റീഡ് കോറിഗൻ | 1976 | ശാന്തി |
റോസ്ലിൻ യാലോ | 1977 | വൈദ്യശാസ്ത്രം |
മദർ തെരേസ | 1979 | ശാന്തി |
ആൽവാ മൈർഡൽ | 1982 | ശാന്തി |
ബാർബറാ മക്ലിന്ടോക് | 1983 | വൈദ്യശാസ്ത്രം |
റിത ലെവി -മൊണ്ടാൽസിനി | 1986 | വൈദ്യശാസ്ത്രം |
ഗെർട്രൂഡ് എലിയൺ | 1988 | വൈദ്യശാസ്ത്രം |
നദീൻ ഗോർഡിമർ | 1991 | സാഹിത്യം |
ഒംഗ് സാങ് സ്യൂകി | 1991 | ശാന്തി |
റിഗോബെർതാ മെൻചു തും | 1992 | ശാന്തി |
ടോണി മോറിസൺ | 1993 | സാഹിത്യം |
ക്രിസ്റ്റിയേൻ വോൽഹാഡ് | 1995 | വൈദ്യശാസ്ത്രം |
വിസ്ലാവ സിംബോർസ്ക | 1996 | സാഹിത്യം |
ജോഡി വില്യംസ് | 1997 | ശാന്തി |
ഷിറിൻ ഇബാദി | 2003 | ശാന്തി |
വങ്കാരി മാതായ് | 2004 | ശാന്തി |
ലിന്ഡാ ബി. ബക്ക് | 2004 | വൈദ്യശാസ്ത്രം |
എൽഫ്രീഡ യെലിനെക് | 2004 | സാഹിത്യം |
ഡോറിസ് ലെസ്സിംഗ് | 2007 | സാഹിത്യം |
ഫ്രാന്സ്വാസ് ബി. സിനൂസി | 2008 | വൈദ്യശാസ്ത്രം |
എലിനോർ ഓസ്ട്രം | 2009 | സാമ്പത്തികശാസ്ത്രം |
കാരൾ ഗ്രെയ്ഡർ | 2009 | വൈദ്യശാസ്ത്രം |
എലിസബെത് ബ്ലാക്ബേൺ | 2009 | വൈദ്യശാസ്ത്രം |
ആഡാ ഇ. യോനാത്ത് | 2009 | രസതന്ത്രം |
ഹെർത മുള്ളർ | 2009 | സാഹിത്യം |
തവക്കുൽ കർമാൻ | 2011 | ശാന്തി |
ലെയ്മാ ഗ്ബോവീ | 2011 | ശാന്തി |
എലൻ ജോൺസൺ സർലീഫ് | 2011 | ശാന്തി |
ആലിസ് മൺറോ | 2013 | സാഹിത്യം |
മേ-ബ്രിറ്റ് മോസർ | 2014 | ശരീര/വൈദ്യശാസ്ത്രം |
മലാല യൂസഫ്സായ് | 2014 | സമാധാനം |
സ്വെത്‌ലാന അലക്‌സ്യേവിച്ച്[6] | 2015 | സാഹിത്യം |
നോബൽ സമ്മാനം നേടിയ ഭാരതീയർ
[തിരുത്തുക]- 1913-ൽ സാഹിത്യത്തിനു സമ്മാനിതനായ രബീന്ദ്രനാഥ ടാഗോർ
- 1930-ൽ ഊർജ്ജതന്ത്രത്തിനു നോബൽ സമ്മാനം നേടിയ സി.വി. രാമൻ
- 1968-ൽ ശാസ്ത്രത്തിനു നോബൽ സമ്മാനം പങ്കിട്ട ഹർഗോവിന്ദ് ഖുറാന
- 1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മദർ തെരേസ (യുഗോസ്ലാവിയയിലാണ് ജനിച്ചതെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ചു)
- 1983-ൽ ഊർജ്ജതന്ത്രത്തിനു തന്നെയുള്ള നോബൽ സമ്മാനം പങ്കിട്ട സുബ്രഹ്മണ്യം ചന്ദ്രശേഖർ
- 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമർത്യ സെൻ
- 2009-ലെ രസതന്ത്രത്തിനുള്ള പുരസ്ക്കാരം പങ്കുവെച്ച വെങ്കടരാമൻ രാമകൃഷ്ണൻ
- 2014-ൽ സമാധാനത്തിനുളള പുരസ്കാരം പങ്കുവെച്ച കൈലാഷ് സത്യാർത്ഥി
- 2019-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കുവച്ച അഭിജിത് ബാനർജി
നോബൽ സമ്മാനം - കൗതുകവാർത്തകൾ
[തിരുത്തുക]പ്രായഭേദങ്ങൾ
[തിരുത്തുക]ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് സമാധാനത്തിനുളള പുരസ്കാരം നേടിയ പതിനേഴു വയസ്സുകാരിയായ മലാല യൂസുഫ്സായും, ഏറ്റവും പ്രായം കൂടിയ ജേതാവ് സാമ്പത്തികശാസ്ത്രത്തിനുളള പുരസ്കാരം നേടിയ തൊണ്ണൂറുകാരനായ ലിയോനിഡ് ഹർവിസുമാണ്.
ക്യൂറി കുടുംബം
[തിരുത്തുക]അഞ്ച് നോബൽ സമ്മാനങ്ങൾ നേടിയ കുടുംബമാണ് പ്രശസ്ത ഭൗതികശാസ്ത്രജ്ഞരായിരുന്ന പിയറി ക്യൂറിയുടേയും, മേരി ക്യൂറിയുടേയും കുടുംബം.ഇതിൽ മേരി ക്യൂറിക്ക് ആദ്യം ഭൌതികശാസ്ത്രത്തിലും പിന്നീട് രസതന്ത്രത്തിലും നോബൽ സമ്മാനം ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിക്ക് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. അവരുടെ പുത്രിയായ ഐറിനും മരുമകനായ ഫ്രെഡെറിക് ജോലിയറ്റ് ക്യൂറിക്കും രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇതു കൂടാതെ 1965-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യുനിസെഫിനു ലഭിച്ചപ്പോൾ ക്യൂറി ദമ്പതികളുടെ രണ്ടാമത്തെ പുത്രി ഈവിന്റെ ഭർത്താവായ ഹെന്രി ലാബോയ്സ് ആയിരുന്നു യൂനിസെഫിന്റെ ഡയറക്റ്റർ.
ദമ്പതികൾ
[തിരുത്തുക]ക്യൂറി കുടുംബത്തിലെ ദമ്പതിമാരെ കൂടാതെ വേറേയും ദമ്പതിമാർ ഈ സമ്മാനം നേടിയെടുത്തിട്ടുണ്ട്.
- കാൾ കോറി, ഗെർട്ടി കോറി : 1947-ലെ വൈദ്യശാസ്ത്രത്തിനുളള പുരസ്കാരമാണ് ഇവരിരുവരം നേടിയത്.
- ഗുന്നാർ മൈർദൽ, ആൽവാ മൈർദൽ : 1974-ലെ സാമ്പത്തികശാസ്ത്രത്തിനുളള സമ്മാനം ഗുന്നാർ മൈർഡലിനും 1982 -ലെ സമാധാനത്തിനുളള പുരസ്കാരം ആൽവാ മൈർഡലിനും ലഭിച്ചു.
- മേ-ബ്രിറ്റ് മോസർ, എഡ്വേഡ് മോസർ : 2014-ലെ ശരീര/വൈദ്യ ശാസ്ത്രത്തിനുളള സമ്മാനം ഈ ദമ്പതിമാർക്കാണ് ലഭിച്ചത്.
അച്ഛനും മകനും
[തിരുത്തുക]- ജെ.ജെ തോംപ്സൺ , ജി.പി. തോംപ്സൺ : ഇരുവരും ഫിസിക്സ് പുരസ്കാരം നേടിയെടുത്തു. പിതാവ് ജെ.ജെ തോംപ്സൺ 1906ലും പുത്രൻ ജി.പി. തോംപ്സൺ 1937ലും
- വില്യം ബ്രാഗ്, ലോറൻസ് ബ്രാഗ് : 1915- ലെ ഫിസിക്ശിനുളള സമ്മാനം ഇവ ഒരുമിച്ചു നേടിയെടുത്തു.
- നീൽസ് ബോർ, ഏഗ് ബോർ : 1922-ൽ നീൽസ് ബോറിനും 1975-ൽ ഏഗ് ബോറിനും ഫിസിക്സിനുളള നോബൽ ലഭിച്ചു.
- മാൻ സീബാൻ, കൈ സീബാൻ : രണ്ടു പേക്കും ഫിസിക്സിനുളള പുരസ്കാരമാണ് ലഭിച്ചത് 1924 പിതാവ് മാൻ സീബാൻ, 1981 പുത്രൻ കൈ സീബാൻ
- ഹാൻസ് വോൺ യുളർ ചെല്പി, ഉല്ഫ് വോൺ യൂളർ : 1929- രസതന്ത്രത്തിനുളള സമ്മാനം പിതാവ് ഹാൻസ് വോൺ യുളർ ചെല്പിൻ കരസ്ഥമാക്കി 1970-ലെ വൈദ്യശാസ്ത്രത്തിനുളള സമ്മാനം പുത്രൻ ഉല്ഫ് വോൺ യൂളറും
- ആർതർ കോൺബർഗ്, റോജർ കോൺബർഗ് : 1959ലെ വൈദ്യ,ശരീരശാസ്ത്രത്തിനുളള പുരസ്കാരം ആർതർ കോൺബർഗിനും , 2006ലെ - രസതന്ത്ര പുരസ്കാരം റോജർ കോൺബർഗിനും ലഭിച്ചു.
സഹോദരന്മാർ
[തിരുത്തുക]- യാൻ ടിന്ബെർഗൻ, നിക്കളസ് ടിൻബെർഗൻ
1969-ലെ സാമ്പത്തിക ശാസ്ത്രത്തിനുളള പുരസ്കാരം യാൻ ടിന്ബെർഗനും, 1973-ലെ വൈദ്യശാസ്ത്രത്തിനുളള സമ്മാനം സഹോദരൻ നിക്കളസ് ടിൻബെർഗനും ലഭിച്ചു
ഗുരു ശിഷ്യ കൂട്ടായ്മകൾ
[തിരുത്തുക]രണ്ടു തവണ നേടിയവർ
[തിരുത്തുക]- മേരി ക്യൂറി 1903(ഭൗതികശാസ്ത്രം), 1911(രസതന്ത്രം)
- ജോൺ ബാർഡീൻ 1956(ഭൗതികശാസ്ത്രം), 1972 (ഭൗതികശാസ്ത്രം)
- ലൈനസ് പോളിങ്
- ഫ്രഡെറിക് സാംഗർ 1958(രസതന്ത്രം), 1980 (രസതന്ത്രം)
ടഗോറിന്റെ നോബൽ മെഡൽ മോഷണം
[തിരുത്തുക]രബീന്ദ്രനാഥ ടാഗോറിന്റെ നോബൽ സുവർണ്ണ പതക്കം വിശ്വഭാരതിയിലെ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി.ഇതു വരെ കണ്ടെടുക്കാനായിട്ടില്ല. [7] . ഈ സംഭവത്തെ ആസ്പദമാക്കി 2012ൽ ഇറങ്ങിയ ബംഗാളി സിനിമയാണ് നോബേൽ ചോർ( নোবেল চোর)സംവിധായകൻ സുമൻ ഘോഷ്.
ഫ്രാൻസിസ് ക്രിക്കിന്റെ നോബൽ മെഡൽ വിൽപനക്ക്
[തിരുത്തുക]ഫ്രാൻസിസ് ക്രിക്കിന്റെ നോബൽ മെഡൽ ഈയിടെ ലേലത്തിന് വെക്കുകയുണ്ടായി. 2.3 മില്യൺ ഡോളറിന് (ഏതാണ്ട് 12 കോടി രൂപ)ഒരു ചെറുകിട ബയോടെക്നോളജി കമ്പനിയാണ് ഇത് ലേലത്തിൽ പിടിച്ചത്. വിറ്റു കിട്ടിയ തുകയുടെ 50 ശതമാനം സാന്ഡിയാഗോയിലെ സാൾക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനും, 20 ശതമാനം, 2015-ൽ ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്ന ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും, ലഭിക്കും . ഡി.എൻ.. എയുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് ഫ്രാൻസിസ് ക്രിക്കിനും, ജെയിംസ് വാട്സണും മോറിസ് വിൽക്കിൻസിനും 1962-ലാണ് വൈദ്യശാസ്ത്രത്തിനുളള നോബൽ പുരസ്കാരം ലഭിച്ചത് [8]
പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക]- നോബൽ സമ്മാനം - ഔദ്യോഗിക വെബ് Archived 2010-06-23 at the Wayback Machine.
ഇതും കാണുക
[തിരുത്തുക]
അവലംബങ്ങൾ
[തിരുത്തുക]- ↑ http://www.nobelprize.org/nobel_organizations/
- ↑ CBC News
- ↑ "ലൈംഗിക അഴിമതി; സാഹിത്യ നൊബേൽ റദ്ദാക്കി".
- ↑ സ്ഥിതിവിവരക്കണക്കുകൾ
- ↑ [ http://www.nobelprize.org/nobel_prizes/lists/women.html]
- ↑ http://www.nobelprize.org/nobel_prizes/literature/laureates/2015/press.html
- ↑ http://news.bbc.co.uk/2/hi/south_asia/3567535.stm
- ↑ Science., Vol340, p.254, 19 April 2013