പള്ളിക്കൽ പുഴ
കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിൽകൂടി ഏകദേശം 42 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന നദികളിൽ ഒന്നാണ് പള്ളിക്കലാർ. ഈ നദിയുടെ ഉത്ഭവം കൊടുമണിലെ കളരിത്തറക്കുന്ന് എന്ന പ്രദേശത്താണെന്നു കരുതപ്പെടുന്നു. കരുനാഗപ്പള്ളി താലൂക്കിലെ കായംകുളം കായലും ടി.എസ്. കനാലും ഒന്നിക്കുന്ന വട്ടക്കായലിൽ അവസാനിക്കുന്നു. ജലസേചനത്തിനും മീൻപിടുത്തവുമായി നിരവധി പേർ ഈ നദിയെ ആശ്രയിക്കുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്ത്, അടൂർ മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ ശൂരനാട്, മൈനാഗപ്പള്ളി, തൊടിയൂർ, പന്മന പഞ്ചായത്തുകൾ എന്നിവയാണ് പള്ളിക്കലാർ കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ. നിരവധി മത്സ്യങ്ങൾ ദേശാടനക്കിളികൾ എന്നിവയുടെ ആവാസ മേഖലകൂടിയാണ്
കൊടുമൺ പ്ലാന്റെഷൻ പ്രദേശത്തുള്ള കുട്ടിവനം എന്നറിയപ്പെടുന്ന നിത്യ ഹരിത വനത്തിന്റെ അവശേഷിപ്പുകൾ ആണ് നദിയുടെ ഉത്ഭവം ആയി കണക്കാക്കിയിരുന്നത്. പക്ഷെ, അടുത്ത കാലത്ത് കേരള ശാസ്ത്ര സാഹിത്ത്യ പരീക്ഷത്ത് നടത്തിയ പഠനത്തിൽ കുട്ടിവനം പൂർണമായും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 42 കിലോമീറ്റർ നീളം ഉള്ള ഈ നദിയുടെ കൂടുതൽ ഭാഗവും ഒഴുകുന്നത് പത്തനം തിട്ട, കൊല്ലം എന്നീ ജില്ലകളിൽ ആയി വ്യാപിച്ചു കിടക്കുന്ന പുഞ്ചകളിൽ (വയൽ) കൂടിയാണ്. അതുകൊണ്ട് തന്നെ ചതുപ്പുകളിൽ നിന്ന് ഉത്ഭവിക്കുന്ന കേരളത്തിലെ പ്രധാന നദികളിൽ ഒന്ന് പള്ളിക്കൽ ആറു തന്നെ.
ആകെയുള്ള നദീതടം 220 ചതുരശ്ര കിലോമീറ്റർ. അടൂർ, അടൂർ സീഡ് ഫാം, നെല്ലിമുകൾ, തെങ്ങമം, രണ്ടുകണ്ണിക്കൽ, ആനയടി, ശൂരനാട്, തൊടിയൂർ, കരുനാഗപ്പള്ളി, കന്നേറ്റി എന്നിവിടങ്ങളിൽ കൂടി ഒഴുകി കരുനാഗപ്പള്ളി വട്ടക്കായലിൽ പതിക്കുന്ന പള്ളിക്കൽ ആറിന്റെ തെക്കു കല്ലടയും വടക്ക് അച്ചങ്കോവിൽ ആറുമാണ്. വട്ടക്കായൽ വഴി കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയിൽ ചേരുന്ന പള്ളിക്കലാർ ആ പ്രദേശത്തെ ജലഗതാഗതത്തിലും ജലസേചനത്തിലും മുഖ്യപങ്ക് വഹിക്കുന്നു. വട്ടക്കായലിന്റെയും പള്ളിക്കലാറിന്റെയും വിനോദസഞ്ചാര സാധ്യതകൾ അനന്തമാണ്. പള്ളിക്കൽ ആറിനേപ്പറ്റി കേരള ജൈവ വൈവിദ്ധ്യ ബോർഡ് പഠനം നടത്തിയിട്ടുണ്ട്. ആറ്റിലെ ജലം പ്രധാനമായും കൃഷിക്കും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.