Jump to content

പെറോ ഡ കോവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pêro da Covilhã
Effigy of Pêro da Covilhã in the Monument of the Discoveries, in Lisbon, Portugal
ജനനംc. 1460
മരണംAfter 1526
ദേശീയതPortuguese
തൊഴിൽ(s)Explorer, spy, diplomat
അറിയപ്പെടുന്നത്Explorations in the Near East and the adjoining regions of Asia and Africa.

വാസ്കോ ഡ ഗാമക്കും മുമ്പ് കേരളത്തിലെത്തിയ പോർത്തുഗീസ് നയതന്ത്രജ്ഞനൂം ഭാഷാപണ്ഡിതനുമാണ്‌ പെറോ എന്നറിയപ്പെടുന്ന പെഡ്രോ ഡ കോവിള(പോർച്ചുഗീസ് ഉച്ചാരണം:(Portuguese pronunciation: [ˈpeɾu dɐ kuviˈʎɐ̃]c. 1460 –മ:1526നു ശേഷം).. ജലമാർഗ്ഗം ഭാരതത്തിലെത്തുന്ന ആദ്യത്തെ യൂറോപ്പുകാരൻ എന്ന ബഹുമതി വാസ്കോ ഡ ഗാമ ക്കാണെങ്കിലും അതിനുള്ള വഴിതുറന്നത് കോവിളയും ഡയസുമാണ്‌. ഭാരതത്തേയും കേരളത്തേയും കുറിച്ചുള്ള കോവിളയുടെ വിവരണങ്ങൾ ആണ്‌ പിന്നീടുള്ള നാവികശ്രമങ്ങൾക്ക് ആക്കം കൂട്ടിയത് കുരുമുളക് വ്യാപാരത്തിന്റെ കുത്തക പിടിച്ചടക്കാനായി നിയോഗിക്കപ്പെട്ട നിരവധി കപ്പൽ സഞ്ചാരികളുടെ ചരിത്രമാണ്‌ പിന്നീട് നമുക്ക് ലഭിക്കുന്നത്. 1487 മേയ് 7 നാണ് പൈവയും, കോവീല്യയും യാത്രപുറപ്പെടുന്നത്.

പശ്ചാത്തലം

[തിരുത്തുക]
പോർത്തുഗലിലെ കുവിൾഹാ എന്ന സ്ഥലം — ഇവിടെയാണ്‌ പെറോ ജനിച്ചത്

യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. സമ്പദ് വ്യ്വസ്ഥതന്നെ അതിനെ ആശ്രയിച്ചായിരുന്നു വികസിച്ചുകൊണ്ടിരുന്നത്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം, മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് പേർഷ്യയിലേയും തുർക്കിയിലേയും അറബി വ്യാപാരികളിൽ നിന്നായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു. ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോർച്ചുഗലിലെ അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. [1] ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും മതപരിവർത്തനത്തിനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം.

കപ്പലോട്ടക്കാരനായ ഹെൻറി രാജകുമാരൻ എന്നപേരിൽ ലോകപ്രസിദ്ധനായ ഡ്യൂക്ക് ഡോം ഹെൻറിയുടെ സാഹസിക ജീവിതം ആ നാട്ടിലെ നാവികസഞ്ചാരങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും അടങ്ങാത്ത പ്രചോദനം നൽകി. ലിസ്ബൺ നഗരത്തിൽ അദ്ദേഹം നാവിക പരിശീലനകേന്ദ്രം സ്ഥാപിച്ചു. അതുവഴി നാവികവി പോർത്തുഗലിൽ സ്വീകാര്യമാക്കി.

പ്രെസ്റ്റർ ജോൺ

[തിരുത്തുക]
ഐതിഹ്യങ്ങളിലെ പ്രെസ്റ്റർ ജോൺ എന്ന പൗരസ്ത്യ രാജാവിന്റെ ചിത്രം

നാവിക പ്രവർത്തനങ്ങൾക്കു പിന്നിൽ മതപരമായ ഒരു ഘടകംകൂടി ഉണ്ടായിരുന്നു. പ്രെസ്റ്റർ ജോൺ എന്നപേരിൽ ശക്തനായ ഒരു ക്രീസ്തീയ രാജാവ് ഇന്ത്യ] യിലോ ചൈന യിലോ അബീസീനിയയിലോ ഉണ്ടെന്നോ എന്നുള്ള ശക്തമായ വിശ്വാസം പോർത്തുഗീസുകാരിൽ വേരുറച്ചിരുന്നു. ഈ വിശ്വസം അന്വേഷണങ്ങൾക്ക് ത്വരിതമേകി. മദ്ധ്യപൌരസ്ത്യദേശങ്ങൾ ഇസ്ലാമിന്റെ വരുതിയിൽ വന്നതിൽ പരിഭവപ്പെട്ടിരുന്ന യൂറോപ്യൻ രാജാക്കന്മാർക്ക് പ്രെസ്റ്റർ ജോൺ എന്ന രാജാവിനെക്കുറിച്ചുള്ള വാർത്തകൾ സന്തോഷഭരിതമായിരുന്നു. കരമാർഗ്ഗം പ്രെസ്റ്റർ ജോണിന്റെ രാജ്യം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ എന്നിരുന്നാലും പരാജയത്തിൽ കലാശിച്ചുകൊണ്ടിരുന്നു. ഇത് കപ്പൽ മാർഗ്ഗം കൂടുതൽ സ്വീകാര്യമാക്കിത്തീർത്തു.

ജീവചരിത്രം

[തിരുത്തുക]

ക്രി.വ. 1460 ല് പോർത്തുഗലിലെ ബൈയ്റ എന്ന സ്ഥലത്തെ കോവിള എന്ന പ്രവിശ്യയിൽ ജനിച്ചു. ചെറുപ്പം മുതലേ വിവിധ ഭാഷകളിൽ പ്രാവീണ്യം നേടി. വിജ്ഞാന കുതുകിയും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. ആദ്യകലാത്ത് അയൽ രാജ്യമായ കാസ്റ്റൈലിലെ സെവില്ലേയിലെ പ്രഭുവിൻറെ കീഴിൽ ജോലി നോക്കിയിരുന്നു. എന്നാൽ പിന്നീട് പോർത്തുഗലും കാസ്റ്റൈലും തമ്മിൽ യുദ്ധമുണ്ടായപ്പോൾ അദ്ദേഹം മാതൃരാജ്യത്തേക്ക് തിരിച്ചു വന്നു. ആദ്യം പോർട്ടുഗൽ രാജാവായ ജോൺ രണ്ടാമൻറെ അനന്തരഗാമിയായ അ‍ഫോൺസോ അഞ്ചാമൻറെ പരിചാരകനായും പിന്നീട് അംഗരക്ഷകനായും സ്ഥാനം നേടി.

ആയിടക്കാണ് ഡോം ഹെൻ‌റിയുടെ പര്യടനത്തിലെ അംഗങ്ങൾക്ക് അറബി പരിജ്ഞാനത്തിൻറെ പേരിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ജോൺ രണ്ടാമന് മനസ്സിലായത്. ഡോം ഹെൻ‌റി ഇതിനിടക്ക് മരണപ്പെടുകയും ചെയ്തു. അറബി അറിയാവുന്നവർക്കായുള്ള അന്വേഷണം കോവിളയിലും അഫോൺസോ ഡ പൈവയിലും എത്തി നിന്നു. പിന്നീട് അധികം താമസമുണ്ടാവാതെ രണ്ടു പേരേയും ജോൺ II തന്റെ അടുത്ത ദൗത്യത്തിനായി തിരഞ്ഞെടുത്തു.

ആദ്യയാത്ര

[തിരുത്തുക]
കോവിളയും പൈവയും കരയില്ലൂടെ വന്ന മാർഗ്ഗം; വാസ്കോ ഡ ഗാമ ഇന്ത്യയിലെത്താൻ ആദ്യം സ്വീകരിച്ച സമുദ്രമാർഗ്ഗമാണ്‌ മറ്റേത്

1487 മേയ് 7 ന്‌ കോവിളയും പൈവയും ലിസ്ബണിലെ സന്താരേമിൽ നിന്ന് പുറപ്പെട്ടു. വിപുലമായ സജ്ജീകരണങ്ങളോടു കൂടി ഖജനാവിൽ നിന്ന് വളരെയധികം പണവുമായായിരുന്നു യാത്ര. മുൻ‌ഗാമികളായ ഏതാനും കപ്പൽ യാത്രികരുടേയും സഞ്ചാരികളുടേയും നിർമ്മിതിയായ ഭൂപടമായിരുന്നു സഹായത്തിന്‌. കുതിരപ്പുറത്ത് ആദ്യം ബാർസലോണയിലേക്കും പിന്നീട് നേപ്പിൾസിലേക്കും യാത്രചെയ്തു. നേപ്പിൾസിൽ നിന്ന് ഒരു കച്ചവടക്കപ്പലിൽ കയറി അലക്സാണ്ഡ്രിയയിൽ എത്തിച്ചേർന്നു. അവിടെ ഏതാനും മാസം താമസിച്ച് വ്യാപാരികളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ പനി ബധിച്ചതുമൂലം ഏതാനും ആഴ്ചകൾ അവർക്ക് നഷ്ടമായി. അറബികളുടെ വേഷം സ്വീകരിച്ച് അലക്സാണ്ഡ്രിയയിൽ നിന്നും ചരക്കുകളും വാങ്ങി അവർ കെയ്റോ ലക്ഷ്യമാക്കി പുറപ്പെട്ടു. കെയ്റോ അന്ന് പാശ്ചാത്യപൗരസ്ത്യവ്യാപാരത്തിന്റെ കേന്ദ്ര സമ്മേളന വേദിയായിരുന്നു. അറബികൾ കിഴക്കുനിന്ന് വാങ്ങീയിരുന്ന ചരക്കുകൾ യൂറോപ്യൻ വിപണിയിലെത്തിക്കാനായി വെനീഷ്യന്മാർക്ക് വിറ്റിരുന്നത് ഇവിടെ വച്ചാണ്‌.

കിഴക്കൻ രാജ്യങ്ങളിലേക്ക് ചരക്കുമായി പോയിക്കൊണ്ടിരുന്ന ഒരു വ്യാപരസംഘത്തിനൊപ്പം ഇരുവരും തന്ത്രപൂർ‌വ്വം ചേർന്ന് യാത്ര തിരിച്ചു. ഏഡനിലേക്ക് പോവുയായിരുന്ന സംഘത്തിനൊപ്പം അവര് ചെങ്കടലിനടുത്തുള്ള ടാർ എന്ന സ്ഥലം വരെ യാത്ര ചെയ്തു. അവിടെ വച്ച് കോഴിക്കോട് നിന്നുള്ള വ്യാപരികളെ കണ്ടു മുട്ടിയതാണ് കാരണം. ഭാരതത്തില്ലെ പ്രമുഖമായ തുറമുഖമായ കോഴിക്കോടിനെ കുറിച്ചും മലബാറിന്റെ സമ്പദ് സമൃദ്ധിയെക്കുറിച്ചുമുള്ള വിവരണങ്ങൾ അവരുടെ മനസ്സ് കുളിർപ്പിച്ചു. ഇവിടെ വച്ച് പൈവ പ്രെസ്റ്റർ ജോണിനെത്തേടി എത്യോപിയയിലേക്കും കുവിള കുരുമുളകിനായി ഇന്ത്യയിലേക്കും തിരിച്ചു. മടക്ക യാത്രയിൽ കെയ്റോയിൽ വച്ച് സന്ധിക്കാമെന്നായിരുന്നു അവരുടെ തീരുമാനം.

കണ്ണൂരിൽ

[തിരുത്തുക]

അരബികളുടെ വേഷവും ഭാഷയും ആചാരങ്ങളും കൈമുതല്ലാക്കിയ കുവിളക്ക് അവരുമായി നല്ലപോലെ ഇഴുകിച്ചേരുവാനും നല്ല പെരുമാറ്റത്തിലൂടെ അവരുടെയെല്ലാം ആദരവ് പിടിച്ചുപറ്റാനും സാധിച്ചു. അറബികൾക്ക് അദ്ദേഹം ആരാണ്‌ എന്ന യാഥാർത്ഥ്യം തിരിച്ചറിയാനായതേ ഇല്ല. മലബാറിലേക്കുള്ള കപ്പലുകളിലൊന്നിൽ അദ്ദേഹം സ്ഥാനം പിടിച്ചു. താമസിയാതെ കപ്പലുകൾ മലബാർ തീരത്ത് എത്തിച്ചേർന്നു. വാസ്കോ ഡ ഗാമക്ക് ഏകദേശം ഒരു ദശാബ്ദം മുന്ന് 1488 ൽ അദ്ദേഹം കേരളത്തിലെ കണ്ണൂരിൽ എത്തിച്ചേർന്നു.

കേരളത്തിലെ ഫലപുഷ്ടിയും കേരളീയ തുറമുഖങ്ങളിലെ വ്യാപാര സാധ്യതയും അദ്ദേഹത്തെ ആശ്ചര്യം കൊള്ളിച്ചു. സംഭരണശാലകളിലെ ചാക്കുകണക്കിന്‌ കുരുമുളക് കണ്ട് അദ്ദേഹം അത്ഭുതം കൊണ്ടു. കുറച്ചുകാലം കണ്ണൂരിൽ താമസിച്ച് പരിതഃസ്ഥിതിയേയും വ്യാപാരത്തേയും കുറിച്ച് പഠിച്ച ശേഷം അദ്ദേഹം കോഴിക്കോട് എത്തിച്ചേർന്നു.

കോഴിക്കോട്

[തിരുത്തുക]

അദ്ദേഹം കോഴിക്കോട് ചുറ്റിനടന്ന് കാണുകയും പുതുമയുളവാക്കുന്നവ രേഖപ്പെടുത്തുകയും ചെയ്തു. ഓലമേഞ്ഞ വീടുകളും കടൽക്കരയിലെ തെങ്ങും അദ്ദേഹത്തിൽ അത്ഭുതം വളർത്തി. ആൺ പെൺ ഭേദമില്ലാതെ ജനങ്ങൾ അർദ്ധനഗ്നരായ വേഷം ധരിക്കുന്നതും അദ്ദേഹത്തിൽ ജിജ്ഞാസ ഉണർത്തി. കോഴിക്കോട് നഗരത്തെ അദ്ദേഹം വർണ്ണിച്ചത് ഇങ്ങനെയാണ്‌

ആവശ്യമഅയ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി ലക്ഷ്യം നിറവേറ്റിയ ശേഷം അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു. ഗോവയിലേക്ക് പോവുകയും അവിടെ നിന്ന് ഓർമുസ്സിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഓർമുസ്സിൽ നിന്ന് അദ്ദേഹം ആഫ്രിക്കയുടെ കിഴക്കേ തിരത്തുള്ള സെയിലാ തുറമുഖത്തെത്തി. അവിടെ കുറേനാൾ ചുറ്റി സഞ്ചരിച്ച് വിവരങ്ങൾ ശേഖരിച്ചു.

മടക്കയാത്ര

[തിരുത്തുക]

കുവിള പറഞ്ഞുറപ്പിച്ച തിയ്യതിക്കു തന്നെ കെയ്റോവിൽ തിരിച്ചെത്തി. അതിനുള്ളിൽ അദ്ദേഹം യൂറോപ്യന്മാരെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ കണ്ടുപിടിത്തം നടത്തിക്കഴിഞ്ഞിരുന്നു. ആഫ്രിക്കൻ വൻ‌കരയെചചുറ്റി ഇന്ത്യയിലേത്താമെന്നും അതുവഴി ഇടനിലക്കാരായ വെനീഷ്യന്മാരെയും അറബികളേയുമൊഴിവാക്കാമെന്നുമായിരുന്നു ആ കണ്ടുപിടിത്തം. കെയ്റോവിലെത്തിയ കോവിളക്ക് പ്രെസ്റ്റർ ജോണിനെ അന്വേഷിച്ച് പോയ പൈവയെ കണ്ടെത്താനായില്ല. കുറേ നാൾ അവിടെ താമസിച്ച അദ്ദേഹത്തിന്‌ പേർഷ്യയിലേക്ക് പോവുകയായിരുന്ന ഒരു സംഘം വ്യാപരികൾ പറഞ്ഞ് പൈവയുടെ ചരമ വിവരം അറിയാനായി. എന്നാൽ വാർത്ത കേട്ട ശേഷം പോർത്തുഗലലേക്ക് മടങ്ങാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല. മറിച്ച് തൻറെ സഹയാത്രികൻറെ ദൗത്യം നിറവേറ്റാനായി എത്യോപിയയിലേക്ക് പോവാനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്. അതനുസരിച്ച് അദ്ദേഹം എത്യോപ്യയിലേക്ക് പോയി.

കോവിളയുടെ ഡയറിക്കുറിപ്പുകൾ

[തിരുത്തുക]

അന്നുവരെ കണ്ടതും അറിഞ്ഞതുമായ സകല വിവരങ്ങളും അദ്ദേഹം കുറിപ്പുകളായി സൂക്ഷിച്ചിരുന്നു. ആഫ്രിക്കയുടെ കിഴക്കേ തീരത്ത് നിന്ന് കോഴിക്കോട്ട് വരെ എത്താനുള്ള വിശദമായ വിവരങ്ങൾ അതിലടങ്ങിയിരുന്നു. എത്യോപിയയിൽ വച്ച് അദ്ദേഹം തങ്ങൾക്കായി ജോൺ രണ്ടാമൻ അയച്ച ദൂതരായ റാബ്ബി, ജോസഫ് എന്നിവരെ കാണുകയും അവർ വഴി തന്റെ കുറിപ്പുകളും നിർദ്ദേശങ്ങളും കെയ്റോവിൽ നിന്ന് ജോസഫ് വഴി പോർത്തുഗലിലേക്കയക്കുകയും ചെയ്തു. ഇതിനിടക്ക് ബർത്തലോമിയോ ഡയസ് എന്ന നാവികൻ പ്രത്യാശാ മുനമ്പ് കണ്ടെത്തി പോർത്തുലിൽ തിരിച്ചെത്തിയിരുന്നു. ഡയറിക്കുറിപ്പുകൾ കൂടി കൈവന്നതോടെ ജോൺ രണ്ടാമനന്റെ അഹ്ലാദം അളവറ്റതായിരുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുകൂടെ സഞ്ചരിച്ചാൽ ഒരു മുനമ്പ് കാണാനാകുമെന്നും അവിടെ നിന്ന് ചന്ദ്രന്റെ തുരുത്തിലെയാൽ (മഡഗാസ്കർ)കുരുമുളകിന്റെ നാട്ടിലേക്കുള്ള സഞ്ചാരികളെ കണ്ടെത്താമെന്നു അദ്ദേഹം വിശദമായി പ്രതിപാദിച്ചിരുന്നു. ഈ ഡയറിക്കുറിപ്പുകളും ബർത്തലോമിയോയുടെ നാവിക പര്യടനത്തിൽ നിന്നു ലഭിച്ച അനുഭവവും പുതിയ ഒരു നാവിക വ്യൂഹത്തെ ഇന്ത്യയിലേക്ക് കപ്പൽ മാർഗ്ഗം അയക്കുവാൻ പോർത്തുഗൽ രാജാവിന്‌ പ്രചോദനമാവുകയും ചെയ്തു.

എത്യോപിയയിൽ

[തിരുത്തുക]

ജോസഫിനെ പോർത്തുഗലിലേക്കയച്ച ശേഷം കോവിള റബ്ബിയോടൊപ്പം വീണ്ടും ഏഡൻ ഹോർമുസ് എന്നിവിടങ്ങളിലേക്ക് പോയി. പ്രെസ്റ്റർ ജോൺ രാജാവിനെ കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹോർമുസിൽ വച്ച് റബ്ബിയും അദ്ദേഹത്തെ വിട്ടു പിരിഞ്ഞു. കോവിള പിന്നീട് ജിദ്ദ, വഴി മെക്ക മദീന എന്നിവടങ്ങളിലെത്തുകയും അവിടെ നിന്ന് സിനായ് മലനിരകൾ വഴി ടോർ, ചെങ്കടൽ എന്നീ സ്ഥലങ്ങളിലൂടെ അബിസീനിയയിലെത്തി പ്രെസ്റ്റർ ജോൺ എന്ന് അവർ വിശ്വസിച്ചിരുന്ന രാജാവിനെ ക്ണ്ടെത്തുകയും ചെയ്തു. അത് എത്യോപിയയിലെ എസ്കന്ദർ ചക്രവർത്തിയായിരുന്നു. യൂറൊപ്യന്മാർ കരുതിയിരുന്ന പ്രെസ്റ്റർ ജോൺ എന്ന രാജാവ് അദ്ദേഹം തന്നെയാണ്‌ എന്ന് കോവിള വിശ്വസിച്ചു. എസ്കന്ദർ ചക്രവർത്തി യുറോപ്പിൽ നിന്നെത്തിയ കോവിളയെ വളരെ ആർഭാഗപൂര്‌വാം സ്വീകരിച്ച് എല്ലാ അതിഥിസത്കാരങ്ങളും സൗകര്യങ്ങളും നൽകി. കോവിള പോർട്ടുഗീസ് രാജാവിന്റെ അധികാരപത്രം ചക്രവർത്തിക്ക് കൈമാറി. ബഹുഭാഷാപണ്ഡിതനും ധീരനും നയതന്ത്രപ്രതിഭയുമായ കോവിളക്ക് തിരിച്ച് പോകാനുള്ള അനുമതി എസ്കന്ദർ നൽകിയില്ല. ഉന്നത സ്ഥാനമാനങ്ങൾ നൽകി അദ്ദേഹത്തെ രാജ്യത്തടവുകാരനാക്കിത്തീർത്തു. പിന്നീട് 1520 ൽ പോർത്തുഗീസ് നയതന്ത്രപ്രതിനിധികൾ റൊഡ്രിഗോ ഡ ലിമായുടെ നേതൃത്വത്തിൽ എത്യോപ്യയിലെത്തിയപ്പോൾ കോവിള സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു എന്നാണ്‌ ആ സംഘത്തിലുണ്ടായ ഫാ. അൽ‌വാരസ് രേഖപ്പെടുത്തിയിരിക്കുന്നത്. പോർത്തുഗൽ വിട്ടിട്ട് ഏകദേശം നാല്പതു വർഷവും എത്യോപ്യയിൽ 30 വർഷവും അദ്ദേഹം പിന്നിട്ടിരുന്നു. അന്നുവരെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പൗരസ്ത്യരും ഉപയോഗിച്ചിരുന്ന എല്ലാ ഭാഷകളും അദ്ദേഹം വശത്താക്കിയതഅയും അൽ‌വാരസ് വിവരിക്കുന്നുണ്ട്. ഡ ലിമായുടെ പോർത്തുഗീസ് നയതന്ത്രകാര്യാലയത്തിൽ പിന്നീട് ഒരു ദ്വിഭാഷിയായി അദ്ദേഹം മരിക്കുന്നതുവരെ എത്യോപിയയിൽ കഴിച്ചു കൂട്ടി.

അവസാനകാലം

[തിരുത്തുക]

1527ൽ തന്റെ 77 ആമത്തെ വയസ്സിൽ കുവിള അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 90,91; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Covilham, Pero". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 7 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 344–345. {{cite encyclopedia}}: Invalid |ref=harv (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Francisco Alvarez, "Chapter CIV: How Pero de Covilham, a Portuguese, is in the country of the Prester, and how came here, and why he was sent", The Prester John of the Indies (Cambridge, Hakluyt Society, 1961), pp. 369–376.
  • സഞ്ചാരികൾ കണ്ട കേരളം എന്ന ഗ്രന്ഥം ; വേലായുധൻ പണിക്കശ്ശേരി. കറൻറ് ബുക്സ്. കോട്ടയം 2001

കുറിപ്പുകൾ

[തിരുത്തുക]



കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ


"https://ml.wikipedia.org/w/index.php?title=പെറോ_ഡ_കോവിള&oldid=3940814" എന്ന താളിൽനിന്ന് ശേഖരിച്ചത്