Jump to content

മുണ്ടുപറമ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ മുനിസിപ്പാലിറ്റികളിലൊന്നായ മലപ്പുറം മുനിസിപ്പാലിറ്റിയിൽപ്പെട്ട ഒരു പ്രദേശമാണ് മുണ്ടുപറമ്പ്. ജില്ലാ തലസ്ഥാനമായ മലപ്പുറത്തുനിന്ന് മഞ്ചേരി റോഡിൽ 'മലയാള മനോരമ'സ്ഥിതി ചെയ്യുന്നിടം മുതൽ മലപ്പുറം ഗവ:കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം വരെയുള്ള പ്രദേശമാണ് മുണ്ടുപറമ്പ്.വരമക്കൽ മുണ്ടുപറമ്പിലെ ഒരു പ്രധാന പ്രദേശമാണ്. വരമക്കൽ തച്ചഞ്ചേരി ഒരു പ്രധാന കുടുംബവും.ഈ കുടുംബത്തിലായിരുന്നു വരമക്കൽ തച്ചഞ്ചേരി ഗോപിനാഥ്. നക്ഷത്ര റസിഡൻസ് അസോസിയേഷൻ ഇവിടുത്തെ പ്രാദേശിക കൂട്ടായ്മയാണ്.മുണ്ടുപറമ്പ് എന്ന പേര് ഈ സ്ഥലത്തിന് എങ്ങനെ വന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. തുണി നെയ്ത്തു കുടുംബങ്ങൾ (ചെട്ട്യാന്മാർ) മുണ്ടുപറമ്പിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നു. അവർ മുണ്ട് വിൽക്കാൻ വച്ചിരുന്ന പറമ്പ് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നതെന്ന് സംശയിക്കാവുന്നതാണ്.

ജനങ്ങൾ

[തിരുത്തുക]

മുണ്ടുപറമ്പിലെ ജനസംഖ്യയിൽ കൂടുതലും മുസ്ലീങ്ങളാണ്. ജാതി-ജന്മി വാഴ്ചക്കാലത്ത് മേൽജാതിക്കാരുടെ പീഡനം സഹിക്കവയ്യാതെ അവർണ വിഭാങ്ങളിൽ നിന്നു 'മതം മാറി' വന്നവരാണ് മുസ്ലീങ്ങൾ. മുസ്ലീങ്ങൾ കഴിഞ്ഞാൽ ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്നത് തിയ്യരാണ്. പിന്നെയുള്ളത് പട്ടികജാതിയിൽപ്പെട്ട കണക്കൻ സമുദായക്കാരും നായന്മാരുമാണ്. നമ്പൂതിരി കുടുംബങ്ങൾ മുണ്ടുപറമ്പിലില്ല. മറ്റു സവർണ വിഭാഗങ്ങളുമില്ല. തുണിനെയ്ത്തുകാരായ ചെട്ട്യാന്മാർ, ആശാരി, മൂശാരി, തട്ടാൻ തുടങ്ങിയ സമുദായക്കാരും കുറച്ചുണ്ട്.

സ്ഥലങ്ങളും സ്ഥാപനങ്ങളും

[തിരുത്തുക]

മലപ്പുറം ഗവ:കോളേജ്, 110 കെ.വി.സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നത് മുണ്ടുപറമ്പിലാണ്. ഇപ്പോൾ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സിവിൽ സ്റ്റേഷൻ. പിന്നീടിത് മലപ്പുറം കുന്നുമ്മലിലേക്ക് മാറ്റി. ഗവ:കോളേജ് സ്ഥിതി ചെയ്യുന്ന പറമ്പ് 'പുലാടിപ്പറമ്പ്'എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കോളേജ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ 'പാറെട്ടിത്താത്തേ്യാടം-പാറവെട്ടി താഴ്ത്തിയ ഇടം'എന്നാണ് വിളിച്ചിരുന്നത്. കെ.വി.സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 'ഒയലേങ്ങൽ'എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുണ്ടുപറമ്പ് എം.എം.യു.പി.സ്‌കൂളാണ് മുണ്ടുപറമ്പിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകിയത്. മുണ്ടുപറമ്പിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഒരു സ്ഥാപനമാണിത്. ജില്ലാ ഹോമിയോ ആശുപത്രി, സർക്കാർ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് എന്നിവ മുണ്ടുപറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. 'മലയാള മനോരമ'സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് 'ഡിലൈറ്റ്'എന്ന പേരിലുള്ള സിനിമാ ടാക്കീസുണ്ടായിരുന്നു; മലപ്പുറത്തെ രണ്ടാമത്തെ സിനിമാ ടാക്കീസ്. ആ ഭാഗത്ത് റോഡ് 'റ'പോലെ വളഞ്ഞാണ് കിടക്കുന്നത്. അവിടെ ഒരു ചോലയുമുണ്ടായിരുന്നു. ഇതുകാരണം ഈ പ്രദേശത്തെ 'വളവിൽച്ചോല' എന്നാണ് വിളിച്ചു വന്നിരുന്നത്. മുണ്ടുപറമ്പിന്റെ തെക്കു-കിഴക്കെ ഭാഗത്തുകൂടി കടലുണ്ടിപ്പുഴ ഒഴുകുന്നു. പടഞ്ഞാറു ഭാഗം കോട്ടച്ചെരിച്ചിയും (കോട്ടക്കുന്നിന്റെ ചെരിഞ്ഞ ഭാഗം) ചെറാട്ടുകുഴിയും മേൽമുറിയുമാണ്. വടക്കേ അതിർത്തിയിൽ മൂന്നാംപടിയും (ഇതു കോട്ടക്കുന്നിന്റെ ഒരു പടിയാണ്) തെക്കേ അതിർത്തിയിൽ കാട്ടുങ്ങലുമാണ്.

മുണ്ടുപറമ്പിന്റെ ജൈന-ബൗദ്ധ സംസ്‌കാരം

[തിരുത്തുക]

മുണ്ടുപറമ്പിലും ബുദ്ധമതാനുയായികൾ ധാരാളമുണ്ടായിരുന്നു. ശ്രീബുദ്ധന് ശാസ്താവ് എന്നു പര്യായപദമുണ്ട്. ശാസ്താവാണ് ചാത്തനായി ലോപിച്ചത്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെയും നായന്മാരുടെയും പൂർവ്വീകരായിരുന്നു ഈ ബുദ്ധമതാനുയായികൾ. ചാത്തൻ, ചാപ്പൻ, ചാത്തു, ചാത്തുക്കുട്ടി(നായർ) തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നവരും ഉപയോഗിച്ചിരുന്നവരും ഈ വിഭാഗക്കാരാണല്ലോ. ഗവ:കോളേജിന്റെ വടക്കു ഭാഗം 'കണക്കൻ ചാത്തൻകുണ്ട്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'ചാത്തൻചിറ'എന്ന വീട്ടുപേരുള്ള കുടുംബങ്ങൾ മുണ്ടുപറമ്പിലുണ്ട്. കൂടാതെ ഒരു 'ചാത്തൻ കുളവു'മുണ്ട്. ഇതെല്ലാം മുണ്ടുപറമ്പിന്റെ ബൗദ്ധ പാരമ്പര്യത്തിന്റെ അടയാളങ്ങളാണ്. മുണ്ടുപറമ്പിൽ ഒരു 'കണ്ണകി'യുമുണ്ട്. 'വളവിൽച്ചോല'സ്ഥിതി ചെയ്യുന്ന സ്ഥലത്തുകൂടി രാത്രി സഞ്ചരിക്കാൻ പലർക്കും ഭയമായിരുന്നു. അവിടെ 'ഒറ്റമുലച്ചി'യുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്. ഈ 'ഒറ്റമുലച്ചി' ചിലപ്പതികാരത്തിലെ നായികയായ 'കണ്ണകി'യാണെന്നാണ് ചരിത്ര പഠിതാവുകൂടിയായ ഹോമിയോ ചികിത്സകനായ തോരപ്പ മുഹമ്മദ് (തോരപ്പ ബാപ്പുക്ക) അഭിപ്രായപ്പെടുന്നത്. ബുദ്ധ-ജൈന സംസ്‌കാരങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രാചീന സംസ്‌കാരം മുണ്ടുപറമ്പിലും നിലനിന്നിരുന്നുവെന്നതിനും തെളിവുകളുണ്ട്. മുണ്ടുപറമ്പിൽ നിന്നു നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്. ബി.സി. 12-ാം നൂറ്റാണ്ടിനു ശേഷമാണ് ഇരുമ്പിന്റെ ഉപയോഗം തുടങ്ങുന്നത്. നന്നങ്ങാടികളിൽ നിന്നു ഇരുമ്പുകൊണ്ടുണ്ടാക്കിയ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് മുണ്ടുപറമ്പിന്റെ മഹാശിലാ സ്മാരക കാലഘട്ട സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്.

മുണ്ടുപറമ്പിന്റെ കലാ-സാംസ്‌കാരിക-കായിക പാരമ്പര്യം

[തിരുത്തുക]

മലപ്പുറത്തിന്റെ ഫുട്‌ബോൾ ജ്വരം മുണ്ടുപറമ്പിനെയും ബാധിച്ചിട്ടുണ്ട്. ഫുട്‌ബോൾ കളിയിലേക്ക് ഒട്ടേറെ കളിക്കാരെ മുണ്ടുപറമ്പ് സംഭാവന ചെയ്തിട്ടുണ്ട്. ആദ്യ കാല താരങ്ങളായ പലരും മൺമറഞ്ഞു. മുണ്ടുപറമ്പിലെ മുനിസിപ്പൽ കൗൺസിലർകൂടിയായിരുന്ന സി.എച്ച്.അബു, അകാലത്ത് മൺമറഞ്ഞ ഒതുക്കുപാറ മൊയ്തീൻ എന്നിവർ ഇക്കൂട്ടത്തിൽപ്പെടും. നാടകക്കമ്പക്കാർ ഏറെയുണ്ടായിരുന്നു മുണ്ടുപറമ്പിൽ. മുണ്ടുപറമ്പ് യുവകലാ സമിതി മുണ്ടുപറമ്പിലെ പ്രധാനപ്പെട്ട കലാ-സാംസ്‌കാരിക സംഘടനയായിരുന്നു. യുവകലാ സമിതി മുണ്ടുപറമ്പിലും മറ്റു പ്രദേശങ്ങളിലുമായി ഒട്ടേറെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പി.കെ.കുഞ്ഞാലൻ ഹാജി, കാരത്തൊടി രവി,എൻ.വി.മുഹമ്മദാലി, കപ്പൂര് ലത്തീഫ്, പി.കൃഷ്ണൻ, മച്ചിങ്ങൽ അലവിക്കുട്ടി, പി.ഭാസ്‌കരൻ, ശങ്കരനാരായണൻ മലപ്പുറം തുടങ്ങി ഒട്ടേറെ നാടക നടന്മാർക്ക് മുണ്ടുപറമ്പ് ജന്മം നൽകിയിട്ടുണ്ട്. ഇതിൽ പി.കെ.കുഞ്ഞാലൻ ഹാജി മൺമറഞ്ഞു. എൻ.വി.മുഹമ്മദലി, കപ്പൂര് ലത്തീഫ് എന്നിവർ നാടക സംവിധായകരുമായിരുന്നു. നടിമാർ ഇല്ലായിരുന്നു. മലപ്പുറത്തെ സരോജിനിയായിരുന്നു യുവകലാ സമിതിയുടെ സ്ഥിരം നടി. ഈ നടി പിന്നീട് നാടക നടനായ പി.കൃഷ്ണന്റെ ഭാര്യയായി. പാട്ടുകാർ വട്ടത്തിലിരുന്ന് കോളാമ്പിയിൽ വിശറികൊണ്ട് താളത്തിൽ കൊട്ടിയുള്ള 'കോളാമ്പിപ്പാട്ട്'കലാകാരന്മാർ മുണ്ടുപറമ്പിൽ ധാരാളമുണ്ടായിരുന്നു. മാപ്പിളമാരുടെ കല്യാണ വീടുകളിലാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. ഈ കലാരൂപം ഇപ്പോൾ മൺമറഞ്ഞു. ജില്ലയുടെ ചില ഭാഗങ്ങളിൽ ഇതിനെ പുന:രുജ്ജീവിപ്പിച്ചു വരുന്നുണ്ട്. ഇപ്പോൾ ജീവിച്ചിരിക്കുന്ന കോളാമ്പിപ്പാട്ടു കലാകാരനായ കൂത്രാടൻ ഹംസ ഹാജിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഈ കലാരൂപത്തെക്കുറിച്ച് ശങ്കരനാരായണൻ മലപ്പുറം 2005 മാർച്ച് ലക്കം 'പച്ചക്കുതിര' മാസികയിൽ ലേഖനമെഴുതിയിരുന്നു. അര നൂറ്റാണ്ടുമുമ്പത്തെ കളികളിൽ പലതുമിന്ന് രംഗമൊഴിഞ്ഞു. ലാണ്ടും ചില്ലും (കുറ്റിയും കോലും) കളിയായിരുന്നു ആൺകുട്ടികളുടെ പ്രധാനപ്പെട്ട കളികൾ. ഇന്നത്തെ ക്രിക്കറ്റുമായി നേരിയ ബന്ധമുണ്ട് ഈ കളിക്ക്. കശുവണ്ടിയുടെ കാലം വന്നാൽ അണ്ടിക്കളി, കോട്ടി(ഗോലി)കൊണ്ടുള്ള കളി എന്നിവയും തുണികൊണ്ടുകെട്ടിയുണ്ടാക്കിയ പന്തുകൊണ്ടുള്ള കളിയും ആൺകുട്ടികൾ കളിക്കുമായിരുന്നു. പെൺകുട്ടികൾ കളിച്ചിരുന്നത് കൊത്തക്കല്ലുകളി, നിലത്ത് കള്ളിവരച്ചുള്ള 'എട്ടുകള്ളിക്കളി'തുടങ്ങിയ കളികളായിരുന്നു. ഓണക്കാലത്ത് തുമ്പിതുള്ളലും 'പെണ്ണിനെത്തരുമോ' കളിയും കളിച്ചിരുന്നു. തിരുവാതിരക്കാലമായാൽ സ്ത്രീകൾ കൂട്ടമായി പുഴവക്കത്തിരുന്ന് തിരുവാതിരപ്പാട്ടും അതു കഴിഞ്ഞ് തിരുവാതിരക്കുളിയും നടത്തും. വെള്ളത്തിൽ കൈകൊണ്ട് പ്രത്യേക രീതിയിൽ അടിച്ച് വലിയ ശബ്ദമുണ്ടാക്കുന്നതും തിരുവാതിരക്കുളിയിലെ ഒരിനമാണ്.

"https://ml.wikipedia.org/w/index.php?title=മുണ്ടുപറമ്പ്‌&oldid=4286809" എന്ന താളിൽനിന്ന് ശേഖരിച്ചത്