Jump to content

വള്ളസദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറന്മുള ക്ഷേത്രം

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ ചടങ്ങാണ് വള്ളസദ്യ. [1] കർക്കടകം 15 മുതൽ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കു നടത്തുന്ന വഴിപാടാണ്.

പാണ്ഡവരിൽ മദ്ധ്യമനായ അർജ്ജുനൻ ഭഗവാൻ കൃഷ്ണനു സമർപ്പിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രം ഏറ്റവും പുരാതനവും പ്രസിദ്ധവുമാണ്.[2] അന്നദാനപ്രഭുവായ ആറന്മുളേശന്റെ മുമ്പിൽ ഭക്തൻ സമർപ്പിക്കുന്ന ഏറ്റവും വലിയ വഴിപാട് കൂടിയാണിത്.

ഐതിഹ്യം

[തിരുത്തുക]

വള്ള സദ്യയിലെ ചടങ്ങുകൾ

[തിരുത്തുക]
വള്ളസദ്യയിലെ വിഭവങ്ങൾ; ചോറും, തൊടുകറികളും, പായസങ്ങളും വിളമ്പിയിട്ടില്ല

വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടകരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേദിവസം രാവിലെ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.

നിറപറ

രണ്ട് പറകളാണ് നിറയ്ക്കുന്നത്. ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ക്ഷേത്ര ശ്രീകോവലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പുകയിലയുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ യാത്രയാക്കുന്നു.കരനാഥന്മാർക്ക് വെറ്റില, പുകയില എന്നിവ കൊടുത്ത് വഴിപാടു നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം.[3] ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള വഞ്ചിപ്പാട്ടുകൾ പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.

ആറന്മുള തേവരുടെ മുമ്പിൽ അലങ്കരിച്ച നിറപറ

രാമപുരത്ത് വാര്യരുടെ കുചേലവൃത്തം, ഭീഷ്മപർവ്വം, രാമായണം, ഭഗവദ്ദൂത്, നളചരിതം, സന്താനഗോപാലം, വെച്ചുപാട്ട് തുടങ്ങിയ വഞ്ചിപ്പാട്ടുകളാണ് ആറന്മുളയിൽ ഉപയോഗിക്കുക. കടവിലടുക്കുന്ന വള്ളത്തിനെ അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട, നാദസ്വര മേളത്തോടുകൂടി സ്വീകരിയ്ക്കുന്നു.

ഇങ്ങനെ സ്വീകരിയ്ക്കണമെന്ന് വള്ളപ്പാട്ടിൽ കൂടി ആവശ്യപ്പെടും;
വായ്ക്കുരവ നാദസ്വര മേളത്തോടെ സ്വീകരിച്ച്, പള്ളി കൊള്ളും ഭഗവാൻറ ചാരത്തെത്തിയ്ക്കു..

ആറന്മുള ക്ഷേത്രകടവിൽ എത്തുന്ന കരക്കാരെ ക്ഷേത്ര അധികാരികളോ വഴിപാടുകാരനോ വെറ്റിലയും, പുകയിലയും നൽകി അഷ്ടമംഗല്യത്തോടെ, മുത്തുക്കുടകളോടും, വാദ്യമേളങ്ങളോടും,എതിരേറ്റ് സ്വീകരിക്കുന്നു. ഇങ്ങനെ സ്വീകരിച്ച് വള്ളത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ചു കൊണ്ടുവരുന്നു. അപ്പോഴും പാട്ടുകാർ‍ വള്ളപ്പാട്ടു പാടിക്കൊണ്ടേയിരിയ്ക്കും. കൊടിമരച്ചുവട്ടിൽ പറയിട്ടിരിയ്ക്കുന്ന സ്ഥലത്ത് എത്തി, വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ചു് വായുവിലാടുന്ന കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഇങ്ങനെ കുറച്ചു നേരം തുടർന്നതിനുശേഷം, മുത്തുക്കുട മടക്കി കൊടിമരചുവട്ടിൽ നിറപറയുടെ അടുത്തു വെയ്ക്കുന്നു. കുടെ വള്ളം തുഴയുന്ന ഒരു നയമ്പും (തുഴയും) ആറന്മുളതേവർക്ക് നടയ്ക്കൽ വെക്കുന്നു.

പിന്നീട് വള്ളപ്പാട്ടും പാടി ക്കൊണ്ട് വള്ളസദ്യ ഉണ്ണാൻ‍ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരുപ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിയ്ക്കുന്നത്. അതിനുശേഷമേ വീട്ടുകാര് ഊണു കഴിയ്കാറുള്ളു. വള്ളപ്പാട്ടിൽ കൂടി ചോദിയ്ക്കുന്ന വിഭവങ്ങൾ ഉടനടി സദ്യയിൽ വിളമ്പും. ഇങ്ങനെ ഉണ്ടു കഴിയുന്നതുവരെ വളരെ ശ്രദ്ധയോടുകൂടി വിളമ്പിക്കൊണ്ടേയിരിയ്ക്കണം. അതാണ് വള്ളസദ്യയുടെ ഏറ്റവും ആകർഷണവും. ചോദിയ്ക്കുന്നതൊന്നും ഇല്ലയെന്നു പറയാൻ പാടില്ലത്രേ.

ഇങ്ങനെ വള്ളപ്പാട്ടിൽക്കൂടി വിഭവങ്ങൾ ചോദിയ്ക്കും.
ചേനപ്പാടി ചേകവൻറ പാളത്തൈര് കൊണ്ടുവന്ന്, പാരിലേഴും ഭഗവാന് കൊണ്ടുവിളമ്പ്.....

ഇന്നും വള്ളസദ്യയ്ക്കാവശ്യമായ പാളത്തൈര് ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും ആണ് എത്തിക്കുന്നത്. സദ്യ കഴിഞ്ഞ് വീണ്ടും കൊടിമരച്ചുവട്ടിൽ വന്ന് ഭഗവാനെ നമസ്കരിക്കും. അവിടെ നിറച്ചു വച്ചിരിക്കുന്ന പറ മറിയ്ക്കും. ഇതിനെ പറ തളിക്കുക എന്നാണ് പറയുന്നത്. പള്ളിയോട കരക്കാർ ദക്ഷിണവാങ്ങി, വഴിപാടുകാരെ അനുഗ്രഹിക്കും.

നാളിൽ നാളിൽ സുഖിച്ചദിമോദത്തോടെ വസിച്ചാലും

നാളികലോചനൻ തന്റെ നാമമാഹാത്മ്യത്താൽ[3]

പിന്നെ വള്ളപ്പാട്ടു തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിയ്ക്കുന്നു. വഞ്ചിപ്പാട്ടുപാടി കരക്കാർ എല്ലാവരും വന്ന വള്ളത്തിൽ തന്നെ കയറി വന്നതു പോലെ തിരികെ വള്ളപ്പാട്ടും പാടി തിരിച്ചു പോകുന്നു. വള്ളക്കാരെ യാത്രയാക്കി കഴിഞ്ഞാണ് വള്ളസദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിയ്ക്കുന്നത്. അതോടുകൂടി വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുന്നു.

സദ്യയിലെ വിഭവങ്ങൾ

[തിരുത്തുക]

അറുപത്തിമൂന്ന്[3] ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണ് ആറന്മുള വള്ളസദ്യയിൽ വിളമുന്നത്. പരമ്പരാഗത പാചകകലയുടെ നിദർശനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈ കറികളിൽ പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, വിവിധയിനം മെഴുക്കുപുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, പപ്പടം വലിയതും ചെറുതും, പഴം എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഉണ്ടാവും.

അച്ചാർ ഉപ്പേരി കൂട്ടുകറി തൊടുകറി മെഴുക്കുപുരട്ടി ഒഴിച്ചുകറി പായസം കൂടാതെ
കടുമാങ്ങ
ഉപ്പുമാങ്ങ
നാരങ്ങ
അമ്പഴങ്ങ
ഇഞ്ചി
നെല്ലിക്ക
പുളിയിഞ്ചി
കായ വറുത്തത്
ചക്കഉപ്പേരി
ശർക്കര വരട്ടി
ഉഴുന്നുവട
എള്ളുണ്ട
ഉണ്ണിയപ്പം
അവിയൽ
ഓലൻ
പച്ചഎരിശേരി]
വറുത്ത എരിശ്ശേരി
മാമ്പഴ പച്ചടി
കൂട്ടുകറി
ഇഞ്ചിതൈര്
കിച്ചടി
ചമ്മന്തിപ്പൊടി
തകരതോരൻ
ചീരത്തോരൻ
ചക്കതോരൻ
കൂർക്കമെഴുക്കുപുരട്ടി
കോവയ്ക്കമെഴുക്കുപുരട്ടി
ചേനമെഴുക്കുപുരട്ടി
പയർമെഴുക്കുപുരട്ടി
നെയ്യ്
പരിപ്പ്
സാമ്പാർ
കാളൻ
പുളിശ്ശേരി
പാളത്തൈര്
രസം
മോര്
അമ്പലപ്പുഴ പാൽപ്പായസം
പാലട
കടലപായസം
ശർക്കരപായസം
അറുനാഴിപായസം
പുത്തരി ചോറ്
പപ്പടം വലിയത്
പപ്പടം ചെറിയത്
പൂവൻപഴം
അട
ഉപ്പ്
ഉണ്ടശർക്കര
കൽക്കണ്ടം/പഞ്ചസാര
മലർ
മുന്തിരിങ്ങ
കരിമ്പ്
തേൻ

സദ്യയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ പറതളിച്ച് കരക്കാർ ഭക്തനെ അനുഗ്രഹിക്കുന്നു. തുടർന്ന് മടക്കയാത്രയോട് കൂടിയാണ് ചടങ്ങുകൾ അവസാനിക്കുന്നത്.

ഉത്തൃട്ടാതി ജലമേള

[തിരുത്തുക]

ഇപ്രകാരം കാട്ടൂർ ഭട്ടതിരിക്കുവേണ്ടി തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാൻ കൂടുതൽ കരക്കാർ ചുണ്ടൻവള്ളങ്ങൾ ഉണ്ടാക്കി രംഗത്തു വരികയും ചെയ്തു. ആദ്യകാലത്തു പമ്പാനദിയുടെ ഇരുകരകളിലുമായി 48 ചുണ്ടൻവള്ളങ്ങൾ ഉണ്ടായിരുന്നു. ഓരോ ചുണ്ടൻ വള്ളത്തിലും ഭഗവാൻ കൃഷ്ണന്റെ അദൃശ്യസാന്നിധ്യം ഉണ്ടെന്നാണു വിശ്വാസം. കാട്ടൂരിൽ നിന്നും ഉത്രാടരാത്രിയിൽ പുറപ്പെട്ട് തിരുവോണപ്പുലർച്ചെ ആറന്മുളയിൽ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതൽ പേർക്കു കാണാൻ സാദിക്കാതെ വന്നു, ഇതിനാലാണത്രെ തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങൾ ആറന്മുളയിൽ എത്താൻ തീരുമാനിച്ചത്. അതു പാർഥസാരഥിവിഗ്രഹ പ്രതിഷ്ഠാദിനമായ ഉത്തൃട്ടാതിനാളിലെന്നു നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നു കരുതുന്നു.

ചിത്രശാല

[തിരുത്തുക]

ഇതുംകാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഐതിഹ്യമാല/ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും -- കൊട്ടാരത്തിൽ ശങ്കുണ്ണി -- കറന്റ് ബുക്സ്
  2. ഐതിഹ്യമാല/ആറന്മുളമാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി
  3. 3.0 3.1 3.2 ഗൃഹലക്ഷ്മി , സെപ്തംബർ 2012 ലക്കം, പേജ്68
"https://ml.wikipedia.org/w/index.php?title=വള്ളസദ്യ&oldid=3957218" എന്ന താളിൽനിന്ന് ശേഖരിച്ചത്