Jump to content

വാളക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ കോട്ടക്കലിന് വടക്കു പടിഞ്ഞാറ് ഭാഗത്തായി തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ശാലീന സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് വാളക്കുളം. വിശാലമായ പാടശേഖരങ്ങൾ..പാടശേഖരങ്ങളുടെ മനോഹരിതം.. വശ്യമനോഹരിയായ കടലുണ്ടിപ്പുഴ... തെങ്ങും കവുങ്ങും പ്ലാവും മാവും മറ്റെല്ലാ വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന തോപ്പുകൾ... വിവിധ ജാതി മതവിഭാഗങ്ങളിൽ പെട്ടവർ ഒരുമയോടെ കഴിയുന്നു. അദ്ധ്വാനശീലരായ ജനങ്ങളാണ് ഈ ഗ്രാമത്തിന്റെ സമ്പത്ത്. ഈ പ്രദേശങ്ങളെല്ലാം തന്നെ പഴയ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്നു.

പച്ചപ്പരവതാനി വിരിച്ച വയലുകൾക്ക് അപ്പുറവും ഇപ്പുറവും നിലകൊള്ളുന്ന ഗ്രാമത്തിന്റെ പേരാണ് വാളക്കുളം. നിരവധി മൊട്ടക്കുന്നുകളും പാടങ്ങളും നിറഞ്ഞ അതിമനോഹര ഗ്രാമമായിരുന്നു ഇത്. നിരവധി വാള മത്സ്യങ്ങളെ ലഭിക്കുന്ന കുളങ്ങൾ പാടത്ത് വന്നതിനാലാണ് വാളക്കുളം എന്ന പേര് നിലവിൽ വന്നത് എന്ന് പഴമക്കാർ പറയുന്നു. ഇന്നത്തെ പുതുപ്പറമ്പ്, വെന്നിയൂർ, പൂക്കിപ്പറമ്പ്,കോഴിച്ചെന എന്നീ ഗ്രാമങ്ങൾക്കാണ് പഴയ കാലത്ത് വാളക്കുളം എന്ന ഒറ്റ പേരിൽ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് നിരവധി പോസ്റ്റോഫീസുകൾ നിലവിൽ വന്നതിനാൽ വാളക്കുളം പല പോസ്റ്റോഫീസുകളായി മാറി. വാളക്കുളത്ത് അക്കാലത്ത് ചന്തയുണ്ടായിരുന്നത് ഇന്നത്തെ പുതുപ്പറമ്പ് നിലകൊള്ളുന്ന സ്ഥലത്താണ്. വെന്നിയൂർ നിൽക്കുന്ന സ്ഥലത്തും ചെറിയ ചന്തകൾ ഉണ്ടായിരുന്നു. പഞ്ചായത്തുകൾ നിലവിൽ വന്നതോടെ പൂക്കിപ്പറമ്പും വെന്നിയൂരും തെന്നല ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി. പൂക്കിപ്പറമ്പിന്റെ സമീപ പ്രദേശമാണ് തെന്നല. തെന്നലയിലെ ചില പ്രദേശങ്ങളും വാളക്കുളത്തിന്റെ ഭാഗമായിരുന്നെന്ന് ചില രേഖകളിലുണ്ട്. വാളക്കുളം പോസ്റ്റോഫീസാണ് പ്രദേശത്തെ പ്രഥമ പോസ്റ്റോഫീസ്. വാളക്കുളത്തെ പുതിയ പോസ്റ്റോഫീസിന് പുതുപ്പറമ്പ് എന്ന പേര് നൽകിയത് മുതൽ വാളക്കുളം പുതുപ്പറമ്പ് എന്ന പേരിൽ സ്ഥലം അറിയപ്പെടാൻ തുടങ്ങി. 1970കൾ വരെ പുതുപ്പറമ്പിന്റെ ഭാഗമായിരുന്നു പൂക്കിപ്പറമ്പ്.എന്നാൽ പഴയകാലം മുതലേ ആർമട, അപ്ലിയത്ത് എന്നീ പേരുകളും ചെറുഗ്രാമങ്ങളായി അറിയപ്പെട്ടിരുന്നു. പുതുപ്പറമ്പ് എന്ന പേരിൽ നിന്നാണ് പൂക്കിപ്പറമ്പ് എന്ന പേര് ഉടലെടുത്തത് എന്ന് ചില ചരിത്രേര രേഖകളിൽ കാണാനുണ്ട്. പുതിയ റോഡുകളും ദേശീയ പാതയും പൂക്കിപ്പറമ്പിലൂടെ കടന്നുപോയതോടെ പൂക്കിപ്പറമ്പ് വലിയ പട്ടണമായി മാറ പഴയകാലത്ത് പാടങ്ങളെയും പുഴകളെയും തിരിച്ചാണ് ഗ്രാമങ്ങളെ അടിസ്ഥാനപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് റോഡുകളായി മാറിയതോടെ പല മാറ്റങ്ങളും സംഭവിച്ചു. പഴമക്കാർ നടന്നിരുന്ന ഇടവഴികളാണ് പിന്നീട് റോഡുകളായി മാറിയത്. ദേശീയപാതക്ക് ഇപ്പുറം വാളക്കുളവും അപ്പുറം തെന്നല പ്രദേശവുമായിരുന്നു. പഞ്ചായത്തിന്റെ രൂപീകരണത്തിൽ വാളക്കുളത്തെ പൂക്കിപ്പറമ്പ് തെന്നല പഞ്ചായത്തിൽ വന്നെങ്കിലും പ്രദേശത്തെ എല്ലാ സ്കൂളുകൾക്കും വാളക്കുളം എന്നപേരിലാണ് ഇന്നും അറിയപ്പെടുന്നത്. വാളക്കുളം ഗവ. ഹയർസെക്കന്ററി സ്കൂൾ (GHSS Puthupparamba), വാളക്കുളം എ. എം. എൽ. പി സ്കൂൾ (AMLP School Perumpuzha), കെ.എച്ച്. എം. എച്ച് എസ്സ് വാളക്കുളം (KHMSS Valakkulam Pookipparamba) തുടങ്ങിയ സ്കൂളുകൾ വാളക്കുളെ പ്രധാന സ്കൂളുകളാണ്. പണ്ഡിതനും മഹാനുമായിരുന്ന വാളക്കുളം അബ്ദുൽ ബാരി മൗലവിയാണ് വാളക്കുളത്ത് സ്കൂളുകൾ സ്ഥാപിച്ചത്.പഴയകാല കെട്ടിടങ്ങൾക്കും സ്കൂളുകൾക്കും ഇന്നും വാളക്കുളം എന്ന പേരിലാണ് അറിയപ്പെടുന്നത്. വാളക്കുളം എന്ന നാമത്തിൽ ഗ്രാമം വന്നതിന് പിന്നിൽ 200 വർഷത്തിലേറെ പഴക്കമുണ്ടെന്ന് ചരിത്രങ്ങളിൽ കാണാം. വാളക്കുളം ഏറ്റവും പഴക്കം ചെന്ന ജുമാ മസ്ജിദ് ഇന്ന് പുതുപ്പറമ്പിൽ ഉള്ള വാളക്കുളം പുതുപ്പറമ്പ് ജുമാ മസ്ജിദിന് 200 വർഷത്തിലേറെ പഴക്കമുണ്ടെന്ന് രേഖകളിൽ കാണാം. അതിന് തിരൂരങ്ങാടി പള്ളിയെയായിരുന്നു ഇവിടുത്തെ ജനം ആശ്രയിച്ചിരുന്നത്. 1925ലാണ് തെന്നല പഞ്ചായത്ത് ഉടലെടുക്കുന്നത്. ഈ പ്രദേശത്തെ വില്ലേജ് ഓഫീസ് തെന്നലയിലായതിനാൽ തന്നെ പുതുപ്പറമ്പും പൂക്കിപ്പറമ്പും വെന്നിയൂരുമെല്ലാം തെന്നല വില്ലേജ് ഓഫീസിന് കീഴിലായി. ഇന്ന് പോസ്റ്റോഫീസിൽ മാത്രമാണ് സർക്കാർ രേഖകളിൽ വാളക്കുളം എന്ന പേര് നിലവിലുള്ളത്. എന്നാൽ ഇന്നും വാളക്കുളം എന്ന പേര് നാമവശേഷമാവാതെ നിലകൊള്ളുന്നു എന്നത് എടുത്ത് പറയേണ്ടതാണ്.

ജനവാസം[തിരുത്തുക]

വാളക്കുളത്തെ ആദിമനിവാസികളെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകൾ ലഭ്യമായിട്ടില്ല. എന്നാലും പ്രദേശത്തിന്റെ ആദിമ ഉടമകൾ വെങ്ങാട്ടിൽ, പരപ്പിൽ, തട്ടാഞ്ചരി തുടങ്ങിയ കുടുംബങ്ങളായിരുന്നു. ജനങ്ങളുടെ ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. ഗതാഗതമാർഗ്ഗം പ്രധാനമായും പുഴയായിരുന്നു. അതുകൊണ്ടുതന്നെ പുഴയുടെ തീരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലങ്ങളിൽ ജനവാസം കൂടുതലും. ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റേയും കെടുതികൾ ഏറെ അനുഭവിച്ചവരായിരുന്നു ജനങ്ങൾ. കൊടിയ ദാരിദ്ര്യത്തിനു പുറമേ ഒരു പേമാരിപോലെ പടർന്നു പിടിച്ച പകർച്ചവ്യാധികളും ഒട്ടനവധിപേരുടെ ജീവനൊടുക്കിയിരുന്നു. ഒരു കുടുംബത്തിലെതന്നെ അഞ്ചും ആറും ആളുകൾപോലും പകർച്ചവ്യാധിയുടെവിളയാട്ടം കാരണം മരണപ്പെട്ടിരുന്നു.

പേരിൻറെ ഉത്ഭവം[തിരുത്തുക]

പുതുപ്പറമ്പ്, പൂക്കിപ്പറമ്പ്, വെന്നിയൂര്, കോഴിച്ചെന, പാലച്ചിറമാട്, അരീക്കൽ, പറപ്പൂരിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ പൊതുവായി വാളക്കുളം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആദ്യകാലങ്ങളിലും ഇപ്പൊഴും ധാരാളം വാള മത്സ്യം കിട്ടിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാണ് "വാളക്കുളം" എന്ന പേര് ലഭിച്ചത്. ഇന്നത്തെ പുതുപ്പറമ്പ് പ്രദേശമാണ് വാളക്കുളത്തിന്റെ യഥാർത്ഥ ഭാഗം.

വിദ്യാഭ്യാസ ചരിത്രം[തിരുത്തുക]

വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് മോല്യാർപ്പാപ്പയെന്ന് വിളിക്കപ്പെടുന്ന മൌലാന അബ്ദുൾബാരി മുസ്ലിയാരാണ്. ഇന്നത്തെ പുതുപ്പറമ്പ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവർണ ഏടുകൾ[തിരുത്തുക]

ഇന്ത്യയുടെ സ്വാതന്ത്യസമരചരിത്രത്തിൽ അവിസ്മരണീയമായ ഏടുകൾ തുന്നിചേർക്കാൻ ഈ പ്രദേശത്തിനായി. ബ്രീട്ടീഷുകാർക്കെതിരെ 1921 ൽ നടന്ന മലബാർ കലാപത്തിൽ സ്ഥലത്തെ പലരും പങ്കാളിയായതിന് രേഖകളുണ്ട്. മമ്പുറത്തെ പള്ളിപൊളിക്കാൻ ബ്രിട്ടീഷ് പട്ടാളം വന്ന സംഭവം എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ വരവറിഞ്ഞ് രാജ്യസ്നേഹിയും സമുദായസ്നേഹിയും ആയ ഇ. കെ. കമ്മുവിന്റെ നേതൃത്വത്തിൽ ഇരുനൂറിലധികം ആളുകൾപ്രദേശത്തുനിന്ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരുന്നു. ഇങ്ങനെ പോയവരിൽ ഇ.കെ.കമ്മു, പി.ടി.കുഞ്ഞാതപ്പു മുസലിയാർ, ഇ.കെ.മൊയ്തീൻ, കെ.കെ.വലിയ കുട്ടിഹസ്സൻ, പത്തൂർ അഹമ്മദ് കുട്ടി എന്നിവരെ പട്ടാളം പിടിച്ചുകൊണ്ടുപോയി. ഇവരിൽ ഇ.കെ.മൊയ്തീൻ കണ്ണൂർ ജയിലിൽവെച്ചാണ് അന്തരിച്ചത്. 1921-ന്റെ ഭാഗമായി നിരവധിപോരെ അന്തമാനിലേക്കും മറ്റ് നിരവധിപ്രദേശങ്ങളില്ക്കും നാടുകടത്തി. കെ.കെ.മുഹ്യുദ്ദീൻ കാക്ക, കെ.കെ.കുട്ടിഹസ്സൻ എന്നിവർ അവരിൽ ചിലരാണ്. 1921-ൽ നേരിട്ട പരാജയം തീർക്കാൻ ഈ പ്രദേശത്തെ നിരവധി വീടുകൾ ബ്രിട്ടീഷ് പട്ടാളക്കാർ അഗ്നിക്കിരയാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മലബാർ സമ്മേളനത്തിന്റെ ആദ്യസമ്മേളനം ഈ പ്രദേശത്തായിരുന്നു നടന്നത്.

കൃഷി[തിരുത്തുക]

പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവർക്ക്.

വയലുകളും പറമ്പുകളും കേന്ദ്രീകരിച്ച് രണ്ടു തരം കൃഷിയായിരുന്നു നിലവിലുണ്ടായിരുന്നത്. പുഞ്ചയും മോടനും. പ്രദേശത്തിന്റെ ആകെ കൃഷി ചെയ്യുന്ന സ്ഥലങ്ങളില് 75% സ്ഥലവും ഇഞ്ചി, കപ്പ, ചാമ, എള്ള് തുടങ്ങിയ കൃഷിയായിരുന്നു. ജനങ്ങല് വീട്ടുപറമ്പുകളിലും നല്ല രീതിയില് കൃഷി ചെയ്തിരുന്നു. കര്ഷകരുടെ വീടുകളില് നെല്ലറകലള് ഉണ്ടായിരുന്നു. അന്നത്തെ കാര്ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കരി നുകങ്ങള്, വിവിധ പറകള്, കലപ്പകള്, വല, തൊപ്പിക്കുട, പിച്ചാത്തി, അരിവാള്, പമ്പ്സെറ്റ് എന്നിവ എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ഓരോ വീട്ടിലും ഒരാള്ക്കെങ്കിലും കൃഷിപ്പണി അറിയാമായിരുന്നു. വെറ്റില, വഴക്കുല, കപ്പ, ഉണ്ട, ഇഞ്ചി, ചാമ എന്നിവ പുറം നാടുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല് വെറ്റില കൃഷി ചെയ്തിരുന്ന പ്രദേശങ്ങളില് ഒന്നാണിത്.

കൊയ്ത് പാട്ട്, കർഷകരുടെ തേവൽ, ഞാറ് നടൽ, കൊയ്യൽ, കറ്റ ഏറ്റൽ, മെതിക്കൽ, കാളപൂട്ട്, എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ഒരു പാട് മധുരിക്കുന്ന ഓർമ്മകൾ പഴയ കർഷകർ ഇന്നും അയവിറക്കുന്നു. ഇഞ്ചിപോലുള്ള വിളകൾ ഉണക്കി ചുക് കാക്കി കോഴിക്കോട് പോലുള്ള പ്രദേശങ്ങളിൽ കൊണ്ടുപോയി വിറ്റിരുന്നു. വെള്ളം കയറി കൃഷി ചീഞ്ഞും വെള്ളം കിട്ടാതെ കരിഞ്ഞും കൃഷി നശിച്ച ഒരുപാട് കഥകൾ പലർക്കും പറയാനുണ്ട്.

ഗൾഫിലേക്കുള്ള കൂട്ടത്തോടെയുള്ള പ്രവാസം കാർ‍ഷികമേഖലയിലെ ഫലഭൂയിഷ്ഠ മണ്ണിനെ ഒരു വലിയ അളവ് തരിശുഭൂമിയാക്കിമാറ്റി. പുതുതലമുറക്ക് കൃഷിയോടുള്ള മനോഭാവവും കൃഷി മുരടിപ്പിക്കുന്നു. എങ്കിലും വാളക്കുളം കെ എച്ച് എം എച് എസ് സ്കൂളിന്റെ കീഴിൽ വിദ്യാർത്ഥികൾ കൃഷി ഭൂമിയിൽ സജീവമാകാറുണ്ട്.

പ്രമുഖ വ്യക്തിത്വങ്ങൾ[തിരുത്തുക]

  1. ഖാജാ അഹ്മദ് എന്ന കോയാമുട്ടി മുസ്ലിയാർ - പൗര പ്രമുഖനും ജന്മിയും രിഫാഇയ്യ' ഖാദിരിയ്യ ' സൂഫി ത്വരീഖത്ത് ശൈഖും പ്രസിദ്ധ പണ്ഡിതനുമായിരുന്നു കോയാമുട്ടി മുസ്ലിയാർ
പൂർണ്ണനാമം: അശ്ശൈഖുൽ കബീർ ഖാജാ അഹ്മദ് കുട്ടി മുസ്ലിയാർ

ജനനം:1839 മരണം :1930 വിദ്യാഭ്യാസം :പൊന്നാനി ദർസ്

  1. വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ - ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതനും , ആധ്യാത്മിക ജ്ഞാനിയുമാണ് അബ്ദുൽ ഹഖ് മുഹമ്മദ് അബ്ദുൽ ബാരി. ഹിജ്റ 1298 ജമാദുൽ ആഖർ 22-നാണ് അബ്ദുൽ ബാരി മുസ്ലിയാരുടെ ജനനം. പൗര പ്രമുഖനും ജന്മിയും രിഫാഇയ്യ' ഖാദിരിയ്യ ' സൂഫി ത്വരീഖത്ത്ശൈഖും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ഖാജാ അഹ്മദ് എന്ന കോയാമുട്ടി മുസ്ലിയാർ ആണ് മുഹമ്മദ് അബ്ദുൽ ബാരിയുടെ പിതാവ് .
  2. സി. എച്ച് ഹൈദ്രോസ് മുസ്ലിയാർ.

പോസ്റ്റ് ഓഫീസ്[തിരുത്തുക]

വാളക്കുളം പോസ്റ്റ് ഓഫീസ് പിൻ 676 508

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാളക്കുളം&oldid=3754540" എന്ന താളിൽനിന്ന് ശേഖരിച്ചത്