വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എറണാകുളം ജില്ലയിൽ എറണാകുളം നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ വൈറ്റിലയിൽ, ദേശീയപാത 66-നും എറണാകുളം-ഏറ്റുമാനൂർ സംസ്ഥാനപാതയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രം. ഒരേ വളപ്പിൽ ശിവനും സുബ്രഹ്മണ്യനും പ്രധാനപ്രതിഷ്ഠകളായുള്ള രണ്ട് ക്ഷേത്രങ്ങളാണ് ഒറ്റ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രങ്ങളിലെ ശിവക്ഷേത്രം പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഉൾപ്പെടുന്നു. ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠ സ്വയംഭൂവാണ്. ഇരു ക്ഷേത്രങ്ങൾക്കും പ്രത്യേകമായി നാലമ്പലവും കൊടിമരവും ബലിക്കല്ലുമുണ്ടെന്നത് ഇരു പ്രതിഷ്ഠകൾക്കും തുല്യപ്രാധാന്യമാണെന്ന് സൂചിപ്പിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, വീരഭദ്രൻ, ഹിഡുംബൻ, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികൾ ഈ ക്ഷേത്രത്തിലുണ്ട്. കുംഭമാസത്തിൽ തിരുവാതിര നാളിൽ ആറാട്ടായി വരുന്ന ആറുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ, മകരമാസത്തിൽ തൈപ്പൂയം, അതേ മാസത്തിൽ ഭരണിവേല, കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര ആഘോഷം തുടങ്ങിയവയും അതിവിശേഷമാണ്. ഒരുകാലത്ത് തൃശ്ശൂരിലെ തെക്കേ മഠം വകയായിരുന്ന ഈ മഹാക്ഷേത്രത്തിന്റെ ഭരണം ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡാണ് നിർവ്വഹിയ്ക്കുന്നത്.