Jump to content

തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശുദ്ധജലതടാകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തടാകം
ബ്ലോഡൗൺ തടാകം
ആംബർ കോട്ടയുടെ തൊട്ടുകിഴക്കുവശത്തുള്ള മഹോത തടാകം

നാലുപാടും കരയാൽ ചുറ്റപ്പെട്ട വലിയ വ്യാപ്തിയുള്ള ജലാശയത്തിനാണ് തടാകം എന്നു പറയുക. ഭൂമിയിലെ മിക്കവാറും എല്ലാ തടാകങ്ങളും ശുദ്ധജല തടാകങ്ങളാണ്. മിക്ക തടാകങ്ങളും ഉത്തരാർദ്ധത്തിൽ ഉയർന്ന അക്ഷാംശത്തിലാണ് കിടക്കുന്നത്. വലിയ തടാകങ്ങളെ ചിലപ്പോൾ ഉൾക്കടലുകൾ എന്നും വിളിക്കാറുണ്ട്.

പ്രകൃതിദത്തമായ തടാകങ്ങൾക്കു പുറമേ മനുഷ്യനിർമ്മിത തടാകങ്ങളും ഉണ്ട്. ഇവ ജലവൈദ്യുതപദ്ധതികൾക്കും വിനോദത്തിനും വാണിജ്യ, കാർഷിക ആവശ്യങ്ങൾക്കും ജലസേചനത്തിനും ഉപയോഗിക്കുന്നു.

അപവാഹ ശ്രേണിയിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണികളാണ് തടാകങ്ങൾ. തടാകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ലേക്എന്ന പദം ഗർത്തം, പൊയ്കഎന്നിങ്ങനെ അർഥങ്ങളുള്ള ലാകോസ് (Lakkos)എന്ന ഗ്രീക്കുപദത്തിൽ നിന്ന് നിഷ്പന്നമായിട്ടുള്ളതാണ്. ഭൌമോപരിതലത്തിലെ മിക്ക പ്രദേശങ്ങളിലും ഉച്ചാ വചങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നുണ്ട്.

തടാകങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രീയ പഠനം തടാക വിജ്ഞാനീയം (limnology)[1] എന്നറിയപ്പെടുന്നു. തടാകങ്ങളിലെ, പ്രത്യേകിച്ചും ശുദ്ധജലതടാകങ്ങളിലേയും ചെറു ജലാശയങ്ങളി ലേയും രാസ-ഭൗതിക-ജൈവ-കാലാവസ്ഥാ സവിശേഷതകളാണ് പ്രധാനമായും തടാകവിജ്ഞാനീയം പഠനവിധേയമാക്കുന്നത്.

വിശാലാർഥത്തിൽ ഭൗമോപരിതലത്തിലെ വിവിധയിനം ജലാശയങ്ങളെ സൂചിപ്പിക്കുവാൻ പൊതുവേ തടാകം എന്ന പദമുപയോഗിക്കാറുണ്ട്. വീതിയേറിയ നദീഭാഗങ്ങൾ, തീരപ്രദേശത്തോടടുത്തു സ്ഥിതിചെയ്യുന്ന ജലാശയങ്ങൾ, കൃത്രിമ ജലാശയങ്ങൾ എന്നിവയെയും തടാകങ്ങളുടെ നിർവചന പരിധിയിൽ ഉൾപ്പെടുത്തി കാണുന്നു. എന്നാൽ ആഴവും വ്യാപ്തിയും കൂടിയ ചില തടാകങ്ങളെ കടൽ എന്നാണ് വിശേഷിപ്പിക്കുന്നത്. കാസ്പിയൻ കടൽ, ചാവുകടൽ, ഗലീലി കടൽ എന്നിവ ഉദാഹരണം. സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിലും നന്നേ താഴെയും തടാകങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. ടിറ്റിക്കാക്ക തടാകം സമുദ്രനിരപ്പിൽ നിന്ന് സു. 3,800 മീ. ഉയരത്തിൽ സ്ഥിതിചെയ്യുമ്പോൾ ചാവുകടൽ സു. 394 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്.

ഉദ്ഭവം

[തിരുത്തുക]

ഉദ്ഭവത്തെ അടിസ്ഥാനമാക്കി തടാകങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു;

  1. അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊണ്ടവ,
  2. നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടവ,
  3. ഭൂചലന-അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടവ.

അപരദന പ്രക്രിയ

[തിരുത്തുക]
ഓസ്ചിൻ തടാകം

ഹിമാനികളുടെ അപരദനപ്രക്രിയയാണ് മിക്കവാറും വൻതടാകങ്ങളുടെ രൂപീകരണത്തിനു നിദാനം. ഭൂമുഖത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത് മുമ്പ് ഹിമാനികളാൽ ആവൃതമായ പ്രദേശങ്ങളിലാണ്. വടക്കേ ഏഷ്യ, വടക്കു പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒട്ടുമിക്ക തടാകങ്ങളും ഹിമാനീയ പ്രക്രിയമൂലം രൂപംകൊണ്ടവയാണ്. പഞ്ച മഹാതടാകങ്ങൾ (സുപീരിയർ, മിഷിഗൺ, ഹൂറൺ, ഈറി, ഒൺടറീയോ), കാനഡയിലെ ഗ്രേറ്റ് ബെയർ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഹിമാനീയ അപരദനത്തിലൂടെ രൂപംകൊള്ളുന്ന ഇടുങ്ങിയതും ചെങ്കുത്തായതുമായ കൊല്ലികളിൽ മഞ്ഞുരുകിയുണ്ടാകുന്ന ജലം നിറയുന്നതിന്റെ ഫലമായാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ഇവയെ കെറ്റിൽ തടാകങ്ങൾ (Kettle lakes)[2] എന്നു വിളിക്കുന്നു. പൊതുവേ ആഴമേറിയ ജലാശയങ്ങളാണ് ഇവ.

നിക്ഷേപണ പ്രക്രിയ

[തിരുത്തുക]
ടാഹോ തടാകം
കസ്പിയൻ കടൽ

ചുണ്ണാമ്പുകൽ പ്രദേശങ്ങളിൽ മഴവെള്ളത്തിന്റെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന നതമധ്യതടങ്ങളുടെ (Depressions/Sink)[3] അടിത്തട്ടിൽ കളിമണ്ണടിയുകയും കാലക്രമേണ ഇവയിൽ ജലം കെട്ടിനില്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി തടാകങ്ങൾ രൂപംകൊള്ളാം. യുഗോസ്ലോവിയയിലെ കാർസ്റ്റ് (Karst)[4] ഭൂപ്രദേശത്തെ പല തടാകങ്ങളും ഇങ്ങനെ രൂപം കൊണ്ടവയാണ്. കാറ്റിന്റെ അപരദനം മൂലവും ചിലപ്പോൾ തടാകങ്ങൾ രൂപം കൊള്ളാറുണ്ട്. മരുപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റ് ഉപരിതല മണ്ണ് ചൂഴ്ന്നെടുക്കുന്നതിലൂടെ രൂപം പ്രാപിക്കുന്ന ഗർത്തങ്ങൾ ആ പ്രദേശത്തെ ജലപീഠിക(Water table)യുമായി[5] സന്ധിക്കുമ്പോഴാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ഇവ മിക്കപ്പോഴും ആഴം കുറഞ്ഞ ലവണ തടാകങ്ങളോ ചതുപ്പു നിലങ്ങളോ ആയാണ് കാണപ്പെടുന്നത്. ഈജിപ്തിലെ ഖ്വത്തറ (Quattara) [6]നതമധ്യതടത്തിൽ ഇത്തരം തടാകങ്ങൾ ധാരാളമുണ്ട്.

കാറ്റ്, ഒഴുകുന്ന ജലം, ഹിമാനി തുടങ്ങിയവയുടെ നിക്ഷേപണ പ്രവർത്തന ഫലമായി ജന്മം കൊള്ളുന്ന തടാകങ്ങൾ പൊതുവേ രോധികാ തടാകങ്ങൾ (Barrier lakes)[7] എന്ന പേരിൽ അറിയപ്പെടുന്നു. നദികളുടെ അപരദന-നിക്ഷേപണ പ്രവർത്തനങ്ങളുടെ പ്രത്യേക ഘട്ടങ്ങളിൽ വീതിയേറിയ നദീഭാഗങ്ങൾ തടാകങ്ങളായി രൂപാന്തരപ്പെടാം; അയർലണ്ടിലെ ഷാനൽ നദിയിലെ ഡെർഗ് തടാകം ഉദാഹരണം. നദികൾക്ക് ദിശമാറ്റം സംഭവിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന വിസർപ്പ(meander)ങ്ങൾ[8] പില്ക്കാലത്ത് വേർ പിരിയുന്നതിലൂടെ രൂപംകൊള്ളുന്നവയാണ് ഓക്സ്ബോ തടാകങ്ങൾ (ox-bow lakes).[9] ഇവയിൽ മിക്കവയും കാലാന്തരത്തിൽ അവസാദ നിക്ഷേപത്താൽ മൂടപ്പെടുന്നു. തിരമാലകളുടേയും സമുദ്ര ജലപ്രവാഹങ്ങളുടേയും പ്രവർത്തനംമൂലം തീരപ്രദേശത്ത് മണലും ചരലും കലർന്ന അവസാദത്തിട്ടുകൾ നിക്ഷേപിക്കപ്പെടു ന്നതിന്റെ ഫലമായി തീരപ്രദേശത്തോടു ചേർന്ന് രൂപംകൊള്ളുന്ന തടാകങ്ങൾ പൊതുവേ ലഗൂണുകൾ എന്നറിയപ്പെടുന്നു. ഉരുൾ പൊട്ടൽ, ഹിമാനീ നിപാതം (avalanche)[10] എന്നിവ നദീ താഴ്വരകളിൽ സൃഷ്ടിക്കുന്ന തടസ്സങ്ങളും ചിലപ്പോൾ താത്കാലിക തടാകങ്ങൾക്കു ജന്മം നൽകിയേക്കാം. കാലിഫോർണിയയിലെ മിറർ തടാകം ഇതിനുദാഹരണമാണ്. നിക്ഷേപിക്കപ്പെടുന്ന പദാർഥങ്ങളുടെ ഉറപ്പ്, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളാണ് ഇത്തരത്തിൽ രൂപംകൊള്ളുന്ന തടാകങ്ങളുടെ ആയുസ്സ് നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പലപ്പോഴും തടാകത്തിൽ ജലനിരപ്പുയരുമ്പോൾ ഈ പ്രതിരോധം തകർന്ന് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം സൃഷ്ടിക്കാറുണ്ട്. സമീപകാലത്ത് തിബത്തിലെ പരീചു (Pareechu) നദിയിൽ[11] ഹിമാലയൻ മലനിരകളിലെ ഉരുൾപൊട്ടൽമൂലം രൂപംകൊണ്ട താത്കാലിക തടാകം ഹിമാചൽപ്രദേശ് സംസ്ഥാനത്തെ സത്ലജ് നദീ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയ സംഭവം ഉദാഹരണമാണ്. ഹിമാനീകൃത അവസാദങ്ങളടിഞ്ഞു കൂടിയതിന്റെ പരിണതഫലമാണ് ജർമനിയിലെ മക്ലീൻ ബർഗ് പ്രദേശത്തെ തടാകങ്ങൾ. ഗ്രീൻലൻഡിലെ ഹിമപാളികളുടെ അരികുകളിൽ ഉപസ്ഥിതമായിട്ടുള്ള ജലാശയങ്ങൾ ഹിമാനികളാൽ രോധിക്കപ്പെട്ട് രൂപംകൊള്ളുന്ന റിബൺ (ribbon) ഗണത്തിൽ ഉൾപ്പെടുന്നു;[12] തെ.അലാസ്കയിലെ തീരപ്രദേശത്തു കാണുന്ന തടാകങ്ങളും റിബൺ തടാകങ്ങൾക്ക് ഉദാഹരണങ്ങളാണ്. മന്ദഗതിയിലൊഴുകുന്ന നദികളുടെ അഴിമുഖത്ത് കണ്ടലുകൾ വളർന്ന് തടസ്സം സൃഷ്ടിക്കുന്നതുമൂലവും ചിലപ്പോൾ തടാകങ്ങൾ രൂപംകൊള്ളാം. തെക്കൻനെതർലൻഡ്സിലും വടക്കുകിഴക്കൻ ബെൽജിയത്തിലും ഇത്തരം തടാകങ്ങൾ കാണപ്പെടുന്നു. യൂഗോസ്ലോവിയയിലെ കാർസ്റ്റ് പ്രദേശത്ത് കാൽസിയമയ നിക്ഷേപങ്ങളടിഞ്ഞും ചില ജലാശയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഉദാ. പ്ലീറ്റ് വീസ് (Plitvice) തടാകം.[13] ഭൂവിജ്ഞാനീയ കാലഘട്ടത്തിന്റെ ആരംഭത്തിലെ ആഴംകുറഞ്ഞ സമുദ്രങ്ങളുടെ ഭാഗങ്ങൾ പില്ക്കാലത്ത് തടാകങ്ങളായി അവശേഷിച്ചിട്ടുള്ളതായി ഭൂവിജ്ഞാനികൾ അനുമാനിക്കുന്നു. കാസ്പിയൻ കടൽ ടെഥിസ് സമുദ്രത്തിന്റെ ശേഷിപ്പാണെന്നാണ് അനുമാനം.

ഭൂചലന-അഗ്നിപർവത പ്രക്രിയ

[തിരുത്തുക]
സാൾട്ട് ലേക്ക്

ഭൂചലനങ്ങൾ‍, അഗ്നിപർവതനം എന്നിവയും ചിലപ്പോൾ തടാകങ്ങളുടെ രൂപീകരണത്തിനു നിദാനമാകാറുണ്ട്. ഭ്രംശതാഴ്വര കളിലാണ് ഇവയിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ആഴം കൂടിയ ബേക്കൽ തടാകം, പൂർവ-ആഫ്രിക്കൻ ഭ്രംശ താഴ്വരയിലെ തങ്കനീക്കാ, ന്യാസ, ഈ ഭ്രംശരേഖയുടെ തുടർച്ചയിലുള്ള ചാവുകടൽ തുടങ്ങിയവ ഭൂചലനങ്ങളുടെ ഫല മായി രൂപംകൊണ്ട തടാകങ്ങളാണ്. നിർജീവമോ ദീർഘസുഷുപ്തിയിലാണ്ടതോ ആയ അഗ്നിപർവതമുഖങ്ങളും (crater)[14] ചില പ്പോൾ തടാകങ്ങളായി രൂപാന്തരപ്പെടാം. ഓറിഗോണിലെ ക്രേറ്റർ തടാകം ഇത്തരത്തിൽ രൂപംകൊണ്ടവയ്ക്ക് ഉദാഹരണമാണ്. ഭൗമോപരിതലത്തിൽ ഉല്ക്കാ നിപാതത്തിലൂടെ രൂപംകൊള്ളുന്ന ഗർത്തങ്ങളും തടാകങ്ങളുടെ രൂപീകരണത്തിന് നിദാനമായിട്ടുണ്ട്. ഉദാ. ഘാനയിലെ ബോസുംത്വി (Bosumtuvi). വരണ്ട പ്രദേശങ്ങളിലെ താത്കാലിക തടാകങ്ങൾ പ്ലാ‌യ എന്നറിയപ്പെടുന്നു.[15] പൊതുവേ വരണ്ടുകിടക്കുന്ന ഇവയിൽ അപൂർവമായി മാത്രമേ വെള്ളം നിറയാറുള്ളൂ. ആസ്ടേലിയയിലെ ഐർ (Eyre), ഫ്രോം (Frome), ടോറൻസ് എന്നിവ പ്ളായ തടാകങ്ങളാണ്.

നദീഗതിക്ക് പ്രതിബന്ധം സൃഷ്ടിച്ചാണ് പൊതുവേ കൃത്രിമ തടാകങ്ങൾ നിർമ്മിക്കുന്നത്.[16] ജലസേചനം, കുടിവെള്ളസംഭരണം, ഊർജ്ജോത്പാദനം തുടങ്ങിയവയാണ് ഇത്തരം തടാകങ്ങളുടെ മുഖ്യലക്ഷ്യങ്ങൾ. ഭൂമുഖത്തെ മിക്കവാറും എല്ലാ പ്രധാന നദികളിലും കൃത്രിമ ജലസംഭരണികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

വർഗീകരണം

[തിരുത്തുക]

തടാകങ്ങളെ പൊതുവേ രണ്ടായി വിഭജിക്കാം:

  1. ശുദ്ധജല തടാകങ്ങൾ
  2. ലവണ ജലതടാകങ്ങൾ

ശുദ്ധജല തടാകങ്ങൾ

[തിരുത്തുക]
അരിസോണ കൃത്രിമതടാകം
ക്രേറ്റർ തടാകം

ഏകദേശം 8,25,000 ച.കി.മീ. വിസ്തൃതിയിലുള്ള ശുദ്ധജലതടാകങ്ങളുടെ മൊത്തം വ്യാപ്തം 1,25,000 ഘന കി.മീ. ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഭൗമോപരിതലത്തിലെ മൊത്തം ശുദ്ധജലത്തിന്റെ 70 ശ.മാ.ഉം ഈ തടാകങ്ങളാണ് ഉൾക്കൊള്ളുന്നത്. മഴ വെള്ളം, നീർച്ചാലുകൾ, തോടുകൾ, നദികൾ എന്നിവയാണ് ഇവയുടെ പ്രധാന ജലസ്രോതസ്സുകൾ. ബാഷ്പീകരണം, പുറത്തേ ക്കുള്ള നീരൊഴുക്ക് എന്നിവയിലൂടെ നഷ്ടമാകുന്ന ജലപരിമാണത്തിന് തുല്യമോ അതിൽ കൂടുതലോ അളവിൽ ശുദ്ധജലം ഈ ജലസ്രോതസ്സുകൾ മുഖേന തടാകത്തിലെത്തുന്നു. നന്നേ കുറഞ്ഞ ലവണാംശമാണ് ശുദ്ധജല തടാകങ്ങളുടെ മുഖ്യ സവിശേഷത.

ലവണ ജലതടാകങ്ങൾ

[തിരുത്തുക]

ലവണജലതടാകങ്ങൾക്ക് മൊത്തം 7,00,000 ച.കി.മീ. വിസ്തൃ തിയും 1,05,000 ഘന കി.മീ. വ്യാപ്തവും ഉള്ളതായി കണക്കാക്കപ്പെടുന്നു. ലവണ തടാകങ്ങളിലെ ജലത്തിന്റെ 75 ശ.മാ.-ഉം ഏറ്റവും വലിയ തടാകമായ കാസ്പിയൻ കടലാണ് ഉൾക്കൊള്ളുന്നത്. ലവണ തടാകങ്ങൾ പൊതുവേ വരണ്ട കാലാവസ്ഥാ പ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ബാഷ്പീകരണംമൂലം ജലത്തിന്റെ നല്ലൊരു ശ.മാ. നഷ്ടപ്പെടുന്നതിനാൽ മിക്കവാറും എല്ലാ ലവണ ജലതടാകങ്ങളുടേയും വലിപ്പം കാലക്രമേണ കുറയുന്നതായാണ് കാണുന്നത്. കടലിൽനിന്നു വേറിട്ട് തടാകങ്ങളായി രൂപാന്തരപ്പെട്ടതോ മുമ്പുണ്ടായിരുന്ന ശുദ്ധജല തടാകങ്ങളുടെ ഭാഗമോ ആയിരിക്കും ഇന്നത്തെ ലവണജല തടാകങ്ങൾ എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ലോകത്തിലെ പ്രധാന തടാകങ്ങൾ

[തിരുത്തുക]
ശാസ്താംകോട്ട കയൽ

തെ.കി.യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന കാസ്പിയൻ കടലാണ് ഭൂമുഖത്തെ ഏറ്റവും വലിയ തടാകം. സുമാർ 4,38,000 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് സുമാർ 26 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്. റഷ്യൻ ഫെഡറേഷനിൽ ഉൾപ്പെട്ട തെക്കൻ സൈബീരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബേക്കൽ ആണ് ഏറ്റവും ആഴമേറിയ തടാകം. സു. 1,620 മീ. പരമാവധി ആഴം ഇതിനുണ്ട്. പെറുവിനും പടിഞ്ഞാറൻ ബൊളീവിയയ്ക്കും മധ്യേ സമുദ്രനിരപ്പിൽ നിന്ന് സുമാർ 3,800 മീ. ഉയരത്തിൽ രൂപംകൊണ്ടിട്ടുള്ള ടിറ്റിക്കാക്ക ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ്.[17] സമുദ്രനിരപ്പിൽ നിന്ന് സു. 394 മീ. താഴെ സ്ഥിതിചെയ്യുന്ന ചാവുകടലാണ് ഭൂമുഖത്ത് ഏറ്റവും താഴെയായി രൂപംകൊണ്ടിട്ടുള്ള തടാകം. ഗലീലി കടൽ, വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങൾ, റഷ്യയിലെ ആറാൾ കടൽ, ആഫ്രിക്കയിലെ വിക്റ്റോറിയ, തങ്കനീക്കാ, മാലാവി, ഛാഡ്, ആസ്റ്റ്രേലിയയിലെ ഐർ എന്നിവ ലോകത്തിലെ ചില പ്രധാന തടാകങ്ങളിൽപ്പെടുന്നു. കാശ്മീരിലെ ദാൽ (ഡാൽ),[18] വൂളാർ തുടങ്ങിയ തടാകങ്ങൾ, കുമായൂൺ കുന്നുകളിലെ നൈനിതാൽ,[19] ഭീംതാൽ, സിക്കിമിലെ യാംദ്രോക്സൊ, ചാംതെദോങ് എന്നി വയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ താരതമ്യേന വലിപ്പമേറിയ തടാകങ്ങൾ. പുരാണ പ്രാധാന്യമുള്ള മാനസസരസ് ദക്ഷിണ- പശ്ചിമ തിബത്തിൽ സമുദ്രനിരപ്പിൽ നിന്ന് 4,500 മീ. ഉയരത്തി ലാണ് സ്ഥിതിചെയ്യുന്നത്. സത്ലജ്, ബഹ്മപുത്ര എന്നീ പ്രധാന നദികളുടെ ഉദ്ഭവസ്ഥാനം കൂടിയായ ഈ തടാകത്തിന് സു. 520 ച.കി.മീ. വിസ്തൃതിയുണ്ട്. രാജസ്ഥാനിലെ സാംഭാർ, ഒറീസ്സയിലെ ചിൽകാ, നെല്ലൂരിലെ പുലിക്കാട്, ഡെക്കാൺ പ്രദേശത്തെ ലോണാർ എന്നിവയേയും പ്രധാന തടാകങ്ങളുടെ കൂട്ടത്തിൽ പ്പെടുത്താം. ദക്ഷിണേന്ത്യയിൽ പൊതുവേ തടാകങ്ങളുടെ എണ്ണം വളരെ കുറവാണ്. കേരളത്തിന്റെ തീരമേഖലയിലെ വിസ്തൃത ജലാശയങ്ങളെ പൊതുവേ കായലുകളെന്നാണ് വിളിക്കുന്നതെങ്കിലും ചിലപ്പോൾ ഇവയെ തടാകങ്ങളെന്നും വിശേഷിപ്പിക്കാറുണ്ട്. ശാസ്താംകോട്ട കായൽ,[20] വെള്ളായണി കായൽ, പൂക്കോട്ട് കായൽ എന്നിവ കേരളത്തിലെ ശുദ്ധജലതടാകങ്ങളാണ്.

തടാകങ്ങളുടെ പ്രാധാന്യം

[തിരുത്തുക]
കേറ്റിൽ തടാകം
ബാഡ്‌വാട്ടർ തടാകം
മാപുരിക തടാകം ന്യൂസിലൻഡ്

പ്രധാന പ്രകൃതി സമ്പത്തുകളിലൊന്നാണ് തടാകങ്ങൾ. മനുഷ്യനും മറ്റു ജീവജാലങ്ങളും ഇവയെ പലവിധത്തിൽ ആശ്രയിക്കുന്നു. വൻ തടാകങ്ങൾ അവയ്ക്കു ചുറ്റും വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയെ നിർണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. വൈവിധ്യമാർന്ന ജൈവസമ്പത്തിന്റെ കലവറയാണ് തടാകങ്ങൾ. വിവിധയിനം ജല സസ്യങ്ങളുടേയും മത്സ്യങ്ങളുടേയും ആവാസകേന്ദ്രമായ തടാക പരിസ്ഥിതിയിൽ താറാവ്, വാത്ത, അരയന്നം, ഫ്ളമിങ്ഗോ, കൊറ്റി തുടങ്ങിയ പക്ഷികളുടെ ബാഹുല്യം കാണാം. തടാകപ്രദേശത്തെ കാലാവസ്ഥയെ നിർണയിക്കുന്നതിലും തടാകങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. കരയെ അപേക്ഷിച്ച് തടാകജലം സാവധാനം ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിനാൽ വൻ തടാകങ്ങളുടെ സമീപ പ്രദേശങ്ങളിൽ വേനലിൽ ഉഷ്ണം കുറഞ്ഞും ശൈത്യകാലത്ത് തണപ്പു കുറഞ്ഞും അനുഭവപ്പെടുന്നു. പഞ്ചമഹാതടാകങ്ങൾ പോലുള്ള വലിയ തടാകങ്ങളുടെ തടപ്രദേശങ്ങളിലാണ് ഇത് വ്യക്തമായി അനുഭവപ്പെടുന്നത്.

ഭൂമിശാസ്ത്രപരമായ സ്ഥാനം, ആഴം എന്നിവ തടാകജലത്തിന്റെ താപനില നിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തടാകങ്ങളെ അപേക്ഷിച്ച് ശീതോഷ്ണ കാലാവസ്ഥാമേഖലകളിലെ തടാകങ്ങളിലാണ് ഋതുഭേദങ്ങൾക്കനുസൃതമായ താപവ്യതിയാനം പ്രകടമാകുന്നത്.

ഏറ്റവും ചെലവു കുറഞ്ഞ ജലഗതാഗത മാർഗങ്ങൾ കൂടിയാണ് തടാകങ്ങൾ. ലോകത്തെ പ്രധാന ജലപാതകളെല്ലാംതന്നെ തടാകങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുമ്പ് യു.എസ്. പര്യവേക്ഷകർ നദികളേയും തടാകങ്ങളേയും വാണിജ്യപാതകളായി ഉപയോഗിച്ചിരുന്നു. ഇന്നും ജല ഗതാഗതമേഖലയിൽ വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങൾക്ക് പ്രധാന സ്ഥാനമാണുള്ളത്. ശുദ്ധജലത്തിന്റെ പ്രധാന ഉറവിടങ്ങളാണ് ശുദ്ധജല തടാകങ്ങൾ. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിലും തടാകങ്ങൾക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. ജലസേചനാവശ്യങ്ങൾക്ക് തടാകജലം ഉപയുക്തമാക്കുന്നതിലൂടെയാണിത്. തടാകത്തിലെ മത്സ്യബന്ധനം തടാകതീരത്തും സമീപത്തും വസിക്കുന്നവരുടെ മുഖ്യ ഉപജീവനമാർഗ്ഗമാണ്. വാണിജ്യപ്രാധാന്യമുള്ള പല ധാതുക്കളുടേയും കലവറകളെന്നും തടാകങ്ങളെ വിശേഷിപ്പിക്കാം. ലോകത്തിലെ പല തടാകങ്ങളിലും വൻ ഊർജ്ജോത്പാദന പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. ഒഴിവുകാല-വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന നിലയിലും തടാകങ്ങൾ പ്രാധാന്യമർഹിക്കുന്നു. നൌകായാത്രകൾ, നീന്തൽ, വാട്ടർ സ്കീയിങ്, ഐസ് സ്കേറ്റിങ് തുടങ്ങിയ പല കായിക-വിനോദങ്ങളും തടാകങ്ങളിൽ സംഘടിപ്പിക്കാറുണ്ട്.

തടാകങ്ങളുടെ തിരോധാനം

[തിരുത്തുക]
ടെലിട്സ്കോയ് തടാകം സൈബീരിയ

ഭൂവിജ്ഞാനീയ സമയ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ മിക്ക തടാകങ്ങളുടെയും നിലനില്പ് കുറഞ്ഞ കാലയളവിലേക്കു മാത്രമാ ണെന്ന് അനുമാനിക്കേണ്ടിവരുന്നു. തടാകങ്ങളുടെ സംഭരണശേഷി, ജലത്തിന്റെ നിർഗമന-ബഹിർഗമന തോത് എന്നിവയാണ് ഇവയുടെ ആയുസ്സിനെ നിർണയിക്കുന്ന മുഖ്യഘടകങ്ങൾ. കാലം ചെല്ലുന്തോറും വലിപ്പം കുറയുക എന്നത് മിക്ക തടാകങ്ങളുടേ യും സവിശേഷതയാണ്. ഇപ്പോഴുള്ള പല തടാകങ്ങളും ഭാവിയിൽ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായെന്നുവരാം. ചില തടാകങ്ങളുടെ വലിപ്പം ഋതുഭേദങ്ങൾക്കനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട്. മരുപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന തടാകങ്ങളിലാണ് പ്രകടമായി ഈ വലിപ്പ വ്യത്യാസം കാണപ്പെടുന്നത്. ഉദാ. ഛാഡ് തടാകം.

അപരദനംമൂലം ജലാഗമനമാർഗങ്ങൾ അടഞ്ഞുണ്ടാകുന്ന തടനിമജ്ജനം, നിക്ഷേപിത അവസാദങ്ങളുടെ ആധിക്യം, വർധിച്ച തോതിലുള്ള ബാഷ്പീകരണം തുടങ്ങിയവ തടാകങ്ങൾ വറ്റിപ്പോകുന്നതിനുള്ള മുഖ്യകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലപീഠിക താഴ്ന്നുപോകുന്നതാണ് തടാകങ്ങൾ അപ്രത്യ ക്ഷമാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ബാഹ്യസ്രോതസ്സുക ളിൽ നിന്നുള്ള കളിമണ്ണ്, എക്കൽ എന്നിവയുടെ നിക്ഷേപം, തടാക ജലത്തിന്റെ അവസാദ-നിക്ഷേപണ പ്രക്രിയകൾ എന്നിവയും തടാകങ്ങളുടെ തിരോധാനത്തിനു വഴിതെളിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനം, തടാകങ്ങളിലേക്കൊഴുകുന്ന നദികളുടെ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം, അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പം തുടങ്ങിയ ഭൗമപ്രക്രിയകളും തടാകങ്ങളുടെ തിരോധാനത്തിനു കാരണമാകാറുണ്ട്.

കേരളത്തിലെ തടാകങ്ങൾ

[തിരുത്തുക]

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം.

അവലംബം

[തിരുത്തുക]
  1. തടാക വിജ്ഞാനീയം
  2. കെറ്റിൽ തടാകങ്ങൾ
  3. നതമധ്യതടാകം
  4. കാർസ്റ്റ്
  5. "ജലപീഠിക" (PDF). Archived from the original (PDF) on 2010-08-14. Retrieved 2011-01-12.
  6. "ഈജിപ്റ്റിലെ ഖ്വത്തറ". Archived from the original on 2011-02-01. Retrieved 2011-01-12.
  7. രോധികാ തടാകങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
  8. വിസർപ്പങ്ങൾ
  9. "ഓക്സ്ബോ തടകങ്ങൾ". Archived from the original on 2009-05-07. Retrieved 2011-01-12.
  10. "ഹിമാനീ നിപാതം". Archived from the original on 2007-03-17. Retrieved 2011-01-12.
  11. "പരിചു നദി". Archived from the original on 2010-05-16. Retrieved 2011-01-12.
  12. റിബൺ തടാകം
  13. പ്ലീറ്റ് വീസ് തടാകം
  14. "ക്രേറ്റർ തടാകം". Archived from the original on 2012-03-22. Retrieved 2011-01-12.
  15. പ്ലായ തടാകം
  16. കൃത്രിമ തടാകങ്ങൾ
  17. "ടിറ്റിക്കാക്ക തടാകം". Archived from the original on 2011-01-04. Retrieved 2011-01-12.
  18. "കാഷ്മീരിലെ ഡാൽ ലേക്ക്". Archived from the original on 2010-06-12. Retrieved 2011-01-12.
  19. [http://www.euttaranchal.com/tourism/nainital.php നൈനിറ്റാൾ
  20. ശാസ്താംകോട്ട കായൽ

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തടാകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തടാകം&oldid=3810349" എന്ന താളിൽനിന്ന് ശേഖരിച്ചത്