Jump to content

സുരേഷ് ഗോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുരേഷ്‌ ഗോപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുരേഷ് ഗോപി
2024-ലെ ഫോട്ടോ
കേന്ദ്ര പ്രകൃതി വാതകം,പെട്രോളിയം,ടൂറിസം വകുപ്പ് സഹമന്ത്രി (സംസ്ഥാന ചുമതല)
ഓഫീസിൽ
2024 ജൂൺ 9 - തുടരുന്നു
പ്രധാനമന്ത്രിനരേന്ദ്ര മോദി
ലോക്സഭാംഗം
ഓഫീസിൽ
2024-തുടരുന്നു
മുൻഗാമിടി.എൻ.പ്രതാപൻ
മണ്ഡലംതൃശൂർ
രാജ്യസഭാംഗം
ഓഫീസിൽ
2016-2022
മണ്ഡലംകേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-06-26) 26 ജൂൺ 1958  (66 വയസ്സ്)
കൊല്ലം ജില്ല
രാഷ്ട്രീയ കക്ഷി
പങ്കാളിരാധിക
കുട്ടികൾപരേതയായ ലക്ഷ്മി, ഭവാനി, ഭാഗ്യ, ഗോകുൽ, മാധവ്
ജോലിതെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവ്
As of ജൂൺ 14, 2024
ഉറവിടം: വൺ ഇന്ത്യ

2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയായി തുടരുന്ന തൃശൂരിൽ നിന്നുള്ള ലോക്സഭാംഗവും കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗവും 2016 മുതൽ 2021 വരെ രാഷ്ട്രപതിയുടെ നിർദേശപ്രകാരം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് സുരേഷ് ഗോപി.(ജനനം: 26 ജൂൺ 1958) 1965-ലെ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994-ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർ താര പദവിയിലെത്തി.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം. സുഭാഷ്, സുനിൽ, സനൽ എന്നിവർ സഹോദരങ്ങൾ. അച്ഛൻ ഗോപിനാഥൻപിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി.

1984-ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ച് സിനിമരംഗത്തേക്ക് പ്രവേശിച്ചു. 1985-ൽ വേഷം എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986-ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി.

1980-കളുടെ അവസാനത്തിൽ ജനുവരി ഒരു ഓർമ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കൻമാർ, അനുരാഗി, ആലിലക്കുരുവികൾ, മൂന്നാം മുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപ-നായകനായും വേഷമിട്ടു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി.

1990-കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം 1992-ൽ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നീ സിനിമകൾ ഈ കൂട്ടുകെട്ടിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആ വിശേഷണം ലഭിക്കുന്ന മൂന്നാമത്തെ താരമായി സുരേഷ് ഗോപി മാറി.

പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ അഭിനയിച്ചു. 2016-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷം സിനിമയിൽ നിന്ന് ഒഴിവായി നിന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം 2021-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന സിനിമയിലൂടെ മലയാളസിനിമയിൽ തിരിച്ചെത്തി. 2022-ൽ രാജ്യസഭ കാലാവധി പൂർത്തിയായതോടെ വീണ്ടും സിനിമകളിൽ സജീവമായി.

നല്ലൊരു ഗായകൻ കൂടിയായ സുരേഷ് ഗോപി ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

സുരേഷ് ഗോപി ആലപിച്ച ഗാനങ്ങൾ

  • ഒരു കുലപ്പൂ പോലെ...

പ്രണയവർണ്ണങ്ങൾ 1998

  • ദൂരെ പൂപ്പമ്പരം...

പൈലറ്റ്സ് 2000

  • അമ്പിളിപ്പൂപ്പെണ്ണിനും...

സത്യമേവ ജയതെ 2000

  • ഷാബി ബേബി.. ഷാരോൺ ബേബി...

തില്ലാന തില്ലാന 2003

  • ചിലമ്പൊലിയുടെ കലാപം നീളെ...

കന്യാകുമാരി എക്സ്പ്രെസ് 2010 [5]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
Gopi assuming charge as the Minister of State for Tourism.

2014-ൽ ബി.ജെ.പിയിൽ ചേർന്നതോടെയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2011 മുതൽ രാഷ്ട്രീയ രംഗത്ത് ഉണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്നില്ല. ഒരു കാലത്ത് കോൺഗ്രസ് നേതാവായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ആനുഭാവിയായിരുന്നു.

2016-ൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായി രാഷ്ട്രപതി നാമ നിർദേശം ചെയ്തതിനെ തുടർന്ന് ആദ്യമായി പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി ടിക്കറ്റിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച ഭൂരിപക്ഷം നേടി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[6] കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്‌സഭാംഗം കൂടിയാണ് സുരേഷ് ഗോപി.

2024 ജൂൺ 9ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ മന്ത്രിയാണ് നിലവിൽ സുരേഷ് ഗോപി.[7]

തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് തീയതി കേരളം : 2024 ഏപ്രിൽ 26 റിസൾട്ട് : 2024 ജൂൺ 4

  • ആകെ വോട്ട് : 14,83,055
  • പോൾ ചെയ്തത് : 10,81,125(72.90 %)
  • വിജയി : സുരേഷ് ഗോപി
  • ഭൂരിപക്ഷം : 74,686 വോട്ട്
  • സുരേഷ് ഗോപി(ബി.ജെ.പി) 4,12,338 (37.8 %)
  • വി.എസ്.സുനിൽകുമാർ(സി.പി.ഐ) 3,37,652 (31 %)
  • കെ.മുരളീധരൻ(കോൺഗ്രസ്) 3,28,124 (30.1 %)

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

മലയാളം

[തിരുത്തുക]

തെലുങ്ക്

[തിരുത്തുക]
  • അന്തിമ തീർപ്പ്
  • ആ ഒക്കഡു

അവലംബം

[തിരുത്തുക]
  1. https://www.manoramaonline.com/movies/movie-news/2022/11/08/suresh-gopi-about-his-son-madhav.html
  2. https://www.manoramaonline.com/movies/movie-news/2022/11/05/suresh-gopis-youngest-son-steps-into-movie-world.html
  3. https://www.manoramaonline.com/district-news/kannur/2022/09/17/kannur-actor-suresh-gopi.html
  4. https://www.manoramaonline.com/movies/movie-news/2022/09/05/suresh-gopi-change-his-name-spelling-in-social-media-pages.html
  5. https://m3db.com/suresh-gopi
  6. https://www.thefourthnews.in/news/lok-sabha-election-2024/lok-sabha-polls-bjp-opens-account-in-kerala-as-suresh-gopi-wins-in-thrissur-vote-share-here
  7. https://www.manoramaonline.com/news/latest-news/2024/06/10/narendra-modis-first-cabinet-meeting-updates.html
  8. https://m3db.com/films-acted/1202
  9. https://www.filmibeat.com/celebs/suresh-gopi/filmography.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുരേഷ്_ഗോപി&oldid=4091854" എന്ന താളിൽനിന്ന് ശേഖരിച്ചത്