Jump to content

അടുക്കള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kitchen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ആധുനിക പാശ്ചാത്യ അടുക്കള

ഭക്ഷണം പാചകം ചെയ്യുന്നതിനുവേണ്ടിയുള്ള മുറിയാണ് അടുക്കള. ആഹാരം പാചകം ചെയ്യുവാനും കഴിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, സാധനസാമഗ്രികളും ആഹാരപദാർഥങ്ങളും സൂക്ഷിക്കുവാനുള്ള സൗകര്യം എന്നിവ അടുക്കളയിൽ സംവിധാനിക്കാറുണ്ട്. ഉദാഹരണത്തിന് അടുപ്പ്, വിറക് അല്ലെങ്കിൽ പാചക വാതകം സൂക്ഷിക്കുവാനുള്ള ഇടം, പാത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ, പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും കഴുകുവാൻ ആവശ്യമായ ജലവിതരണം, അഴുക്കുകൾ ഒഴുക്കിവിടുവാൻ ആവശ്യമായ ഓവുകൾ, ദീർഘകാലം ആഹാരം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ, അരയ്ക്കുവാനും പൊടിക്കുവാനും മുറിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ, തുടങ്ങിവ. വീടുകളും ജോലിസ്ഥലങ്ങളിലും ആവശ്യാനുസരണം അടുക്കള സജ്ജീകരിക്കാറുണ്ട്.

നിരുക്തം

[തിരുത്തുക]

വേവിക്കുക, പാകംചെയ്യുക, കുടിക്കുക, കഴിക്കുക എന്നൊക്കെ അർത്ഥമുള്ള അടുകുക എന്ന പദത്തിൽനിന്നാണ് അടുക്കള ഉണ്ടായിട്ടുള്ളത്.

സംവിധാനം

[തിരുത്തുക]
A modern (2007), fully-equipped, compact fitted kitchen in London. It demonstrates how a large number of appliances can be fitted into a small space while still being entirely usable. The original kitchen design is by Steinbeck-Reeves Design.

ഗൃഹജോലികളിൽവച്ച് ഏറ്റവും അധികം സമയം അപഹരിക്കുന്ന ഒന്നാണു പാചകം. അരിയുക, മുറിക്കുക, പാകംചെയ്യുക, വിളമ്പിവയ്ക്കുക എന്നീ ജോലികൾ അടുക്കളയിലാണു നിർവഹിക്കാറ്. ആയതിനാൽ ഇവ ഏറ്റവും കുറച്ചു സമയവും ഊർജവും ഉപയോഗിച്ച് നിർവഹിക്കത്തക്കരീതിയിലാണ് അടുക്കള സംവിധാനം ചെയ്യാറ്. അടുക്കളയുടെ സ്ഥാനം, വലിപ്പം, ആകൃതി, ജനാലകളുടെയും കതകുകളുടെയും സ്ഥാനം, അടുക്കള ഉപകരണങ്ങളുടെ സംവിധാനം ഇവയെല്ലാംതന്നെ ജോലിയുടെ ഫലപ്രദമായ നിർവഹണത്തെ സ്പർശിക്കുന്ന ഘടകങ്ങളാണു. ആവശ്യാനുസരണം വിവിധ ആകൃതിയിലും വലിപ്പത്തിലും അടുക്കള നിർമ്മിക്കാറുണ്ട്. ഉപകരണങ്ങൾ, പാചകത്തിനുവേണ്ട മറ്റു സാമഗ്രികൾ എന്നിവ സൂക്ഷിക്കുന്നതിന് ഭിത്തിഅലമാരകളും അടുക്കളയിൽ സൗകര്യപ്പെടുത്തിയിരിക്കും. കുനിയുക, നിവരുക, ശരീരം ആയാസപ്പെട്ട് സാധനങ്ങൾ എത്തി എടുക്കുക മുതലായ അദ്ധ്വാനങ്ങൾ പരമാവധി കുറക്കുക്കുന്ന രീതിയിലാണ് അടുക്കള നിർമ്മിക്കാറ്. പഴയ സമ്പ്രദായവും ആധുനികസംവിധാനവും തമ്മിൽ താരതമ്യപ്പെടുത്തി നോക്കിയാൽ ആഹാരം പാകംചെയ്യുന്നതിനുവേണ്ടി ഒരാൾ ചെലവഴിക്കുന്ന ഊർജ്ജം ആധുനിക സംവിധാനത്തിൽ ക്രമീകരിച്ച അടുക്കളയിൽ വളരെ കുറഞ്ഞതാണ്.

ഊണുമുറി, കലവറ എന്നിവയോട് ഏറ്റവും അടുത്തായിട്ടാണ് മിക്ക അടുക്കളുടെയും സ്ഥാനം. ചൂടും പുകയും മറ്റും ഏല്ക്കുന്നതുകൊണ്ട് വളരെവേഗം പൊട്ടലുകളും വിള്ളലുകളും അടുക്കളയിൽ ഉണ്ടാകാം. ഇതു തടയുന്നതിന് അഗ്നിരോധകസാമഗ്രികളും വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന കണ്ണാടിപ്രതലങ്ങളും, ശബ്ദം പുറത്തുകടക്കാത്ത തരത്തിൽ സംവിധാനം ചെയ്ത ഭിത്തികളും മറ്റുമുള്ള അടുക്കളകൾ നിലവിലുണ്ട്. ഹൃദ്രോഗികൾക്കുപോലും ആയാസരഹിതമായി പാചകജോലി നിർവഹിക്കുവാൻ സാധിക്കുന്നതരത്തിലുള്ള പ്രത്യേക അടുക്കളകൾ പ്രചാരത്തിലുണ്ട്. വൈദ്യുതോപകരണങ്ങൾ ഇന്നത്തെ അടുക്കളയിലെ ഏറ്റവും പ്രധാന ഘടകമാണ്. ആധുനിക അടുക്കള ആഹാരം പാകം ചെയ്യാനുള്ള സ്ഥലം മാത്രമല്ല കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ഒരു വേദി കൂടിയാണ്. തുറന്ന അടുക്കള, മോഡുലർ അടുക്കള തുടങ്ങിയ രീതികൾ അടുക്കളയെക്കുറിച്ചുള്ള സങ്കൽപങ്ങളിൽ വന്ന മാറ്റങ്ങൾക്കുദാഹരണമാണ്.

പഴഞ്ചൊല്ലുകളിലും ശൈലികളിലും മറ്റും അടുക്കള എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. അടുക്കളക്കാരി, അടുക്കളക്കുറ്റം, അടുക്കളമിടുക്ക്, അടുക്കളസേവ, അടുക്കളക്കാണം ഇവ ചില ഉദാഹരണങ്ങളാണ്. ചൈനാക്കാർക്ക് ഒരു അടുക്കളദേവൻ തന്നെയുണ്ട്. ഈ ദേവനെ അടുപ്പിന്റെ മുകളിലാണ് പ്രതിഷ്ഠിക്കുക. വീട്ടുകാര്യങ്ങൾ മുട്ടുകൂടാതെ പോകുന്നതിന് ഭക്ഷണസാധനങ്ങൾ നിവേദിച്ച് അടുക്കളദേവനെ പ്രീതിപ്പെടുത്തുന്നു.

തുറന്ന അടുക്കള

[തിരുത്തുക]

അടുക്കളയും ഊണുമുറിയും വേർതിരിക്കുന്ന ഭിത്തി ഇല്ലാതായതാണ് തുറന്ന അടുക്കളയുടെ പ്രത്യേകത.

മോഡുലർ അടുക്കള

[തിരുത്തുക]

പ്രത്യേകം രൂപകൽപന ചെയ്ത് തയ്യാറാക്കിയ അടുക്കളകൾ ഓരോ കുടുംബത്തിന്റെയും ആവശ്യാനുസരണം നിശ്ചിത വിലയ്ക്ക് വാങ്ങി സ്ഥാപിക്കുവാൻ കഴിയുന്ന സംവിധാനമാണ് മോഡുലർ അടുക്കള.

കേരളത്തിൽ

[തിരുത്തുക]

പ്രാചീനകേരളത്തിലെ സമ്പന്നരുടെ ഗൃഹങ്ങളിലെ അടുക്കളകൾ പാചകത്തിന് ഏറ്റവും സൗകര്യമായ രീതിയിൽ സംവിധാനം ചെയ്യപ്പെട്ടവയായിരുന്നു. അടുക്കളയിൽ നിന്നുകൊണ്ടുതന്നെ വെള്ളം കോരിയെടുക്കത്തക്കവിധം കിണർ അടുക്കളഭിത്തിയോടു ചേർന്നാണ് നിർമിച്ചിരുന്നത്. വെള്ളംകോരി നിറയ്ക്കുന്നതിനുവേണ്ടി ചെറിയ കൽത്തൊട്ടികളും വെള്ളം ഒഴുകിപ്പോകുന്നതിനുവേണ്ടി ഓവുചാലുകളും മറ്റും അന്നത്തെ അടുക്കളയിൽ സൗകര്യപ്പെടുത്തിയിരുന്നു. അടുക്കളജോലിയുടെ ഭാഗമായി നെല്ലുകുത്തുന്നതിനും അരയ്ക്കുന്നതിനും പ്രത്യേകം മുറികൾ, പലപ്പോഴും പുരകൾ തന്നെയും, ഉണ്ടായിരുന്നു. പാത്രങ്ങൾ കഴുകുന്നതിന് അടുക്കളയോടനുബന്ധിച്ച് കുളവും, കുളമില്ലെങ്കിൽ തളവും നിർമ്മിക്കാറുണ്ടായിരുന്നു. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനമാണ് ഉയർത്തിക്കെട്ടിയ തിണ്ണ നിർമ്മിക്കുന്നതിന് മലയാളികളെ പ്രേരിപ്പിച്ചത്. അതുവരെ അടുപ്പുകൾ അടുക്കളയുടെ തറനിരപ്പിൽ തന്നെയാണ് നിർമിച്ചിരുന്നത്. ആധുനികകാലത്ത് ഇടത്തരം കുടുംബങ്ങളിലെല്ലാംതന്നെ ഉയർത്തിക്കെട്ടിയ തിണ്ണയാണ് അടുക്കളയിലുള്ളത്. ഇങ്ങനെ ഉയർന്ന തിണ്ണയുടെ അടിയിലുള്ള ഒഴിഞ്ഞ സ്ഥലത്തോ, അടുപ്പിന്റെ മുകളിൽ ഉത്തരത്തിന്റെ അടിയിലായി ഉണ്ടാക്കിയ ചേരിലോ (പരണ് /അട്ടം) ആണ് വിറകു സൂക്ഷിക്കുന്നതിന് സൌകര്യപ്പെടുത്തുക. അടുപ്പിൽനിന്നും ചൂടുതട്ടി വിറക് ഉണങ്ങുന്നതിന് ഈ രീതി സഹായിക്കുന്നു. വിറകിന്റെ ഉപയോഗം ചുരുങ്ങിവന്നതോടെ ഈ രീതിയിലുള്ള സംവിധാനം ആവശ്യമില്ലാതായി തീർന്നിട്ടുണ്ട്.

അടുക്കള ഉപകരണങ്ങൾ

[തിരുത്തുക]

പുരാതനകാലത്തു ചുട്ടെടുക്കുക എന്ന ഒരേ ഒരു രീതിയിൽ പാചകം ഒതുങ്ങി നിന്നിരുന്നു. അതിന് പാത്രങ്ങളുടെയോ മറ്റുപകരണങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. ചുടുക, വെള്ളത്തിൽ വേവിക്കുക, ആവിയിൽ പുഴുങ്ങുക, പൊരിക്കുക, വറക്കുക എന്നിങ്ങനെ പാചകരീതി വിവിധവും സങ്കീർണവും ആയതോടെയാണ് പലതരം ഉപകരണങ്ങളും പാത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. എസ്കിമോകൾ‍, വടക്കെ അമേരിക്കയിലെ അമേരിന്ത്യർ മുതലായവർ പാകംചെയ്യുന്നതിനുള്ള പാത്രമായി ചില മൃഗങ്ങളുടെ കട്ടിയുള്ള ആമാശയം ഉപയോഗിച്ചിരുന്നു. ഇന്തോനേഷ്യയിലും ഏഷ്യയുടെ തെക്ക്-കിഴക്കൻ പ്രദേശങ്ങളിലും മുളംകുഴലുകളാണ് ഇക്കാര്യത്തിന് ഉപയോഗിച്ചിരുന്നത്. അസ്ഥിരമായ നാടോടി ജീവിതക്രമത്തിൽ നിന്നും സുസ്ഥിരമായ കാർഷികജീവിതത്തിലേക്കു മനുഷ്യവർഗം പുരോഗമിച്ച ആദ്യകാലഘട്ടങ്ങളിൽതന്നെ കല്ലുകൊണ്ടുള്ള പലതരം ഉപകരണങ്ങൾ കണ്ടുപിടിക്കപ്പെട്ടു. അരകല്ല്, തിരികല്ല്, ഉരൽ തുടങ്ങിയവയുടെ ആവിർഭാവം ഇങ്ങനെയാണ്. ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പുരാതനകാലത്തെ അടുക്കള-ഉപകരണങ്ങളുടെ ഒട്ടേറെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയിൽനിന്നെല്ലാം അന്ന് മനുഷ്യൻ ഉപയോഗിച്ചിരുന്ന അടുക്കള-ഉപകരണങ്ങളുടെ രൂപത്തെയും സ്വഭാവത്തെയും പറ്റി വളരെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പൊംപേയ്, ഹെർക്കുലേനിയം എന്നിവിടങ്ങളിൽനിന്നും 2000 വർഷം മുമ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കരി ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്, ഉറിപോലെയുള്ള പിച്ചളപ്പാത്രങ്ങൾ, അടപലക എന്നിവ ഇതിൽപ്പെടുന്നു. ഗ്രീക്കുകാരും റോമാക്കാരും വളരെയധികം വൈവിധ്യമുള്ള അടുക്കള-ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. വാർപ്പിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങൾ‍, സോസ്പാൻ‍, പൊരിക്കുന്നതിനുള്ള പാത്രങ്ങൾ, തിളപ്പിക്കുന്നതിനുള്ളവ, മണ്ണുകൊണ്ടു നിർമിച്ച സൂപ്പുപാത്രങ്ങൾ, ബേസിനുകൾ, വിളമ്പിക്കൊടുക്കുന്നതിനുള്ള വലിയ ഭരണികൾ എന്നിവയെല്ലാം ഇങ്ങനെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അസീറിയാക്കാരും പേഴ്സ്യാക്കാരും ഊണുമേശ ആകർഷകമാക്കുന്നതിൽ വളരെ ശ്രദ്ധിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകൾ പുരാവസ്തുഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. 17-ാം ശതകത്തോടുകൂടി ഇന്നത്തെ പ്രഷർകുക്കറിനോടു സാദൃശ്യമുള്ള ഇരുമ്പ് സോസ്പാൻ, മുള്ള്, പലതരം പാത്രങ്ങൾ എന്നിവ കണ്ടുപിടിക്കപ്പെട്ടു. 18-ാം ശതകത്തിലാണ് പാകം ചെയ്യാൻ കണ്ണാടിപ്പാത്രങ്ങളും ഇനാമൽ പൂശിയ പാത്രങ്ങളും ഉപയോഗിച്ചുതുടങ്ങിയത്. 19-ാം ശതകം മുതൽ അടുക്കളയുടെ സംവിധാനത്തിലും ഉപകരണങ്ങളുടെ നിർമ്മാണത്തിലും ശീഘ്രഗതിയിലുള്ള പുരോഗതിയുണ്ടായി. അടുപ്പിൽ തീകത്തിച്ച് പാകംചെയ്യുന്നരീതി മാറി ഗ്യാസ് അടുപ്പുകൾ, വൈദ്യുത-അടുപ്പുകൾ എന്നിവ കണ്ടുപിടിക്കപ്പെട്ടു. പഴയ ഉപകരണങ്ങൾ പരിഷ്കരിക്കുകയും പുതിയവ കണ്ടുപിടിക്കുകയും ചെയ്തു. തകരം, ചെമ്പ് എന്നിവകൊണ്ടു നിർമിച്ച ഉപകരണങ്ങൾക്കുപകരം, അലൂമിനിയം, സ്റ്റീൽ എന്നിവകൊണ്ടു നിർമിച്ച ഉപകരണങ്ങൾ ധാരാളം ഉപയോഗിക്കപ്പെട്ടു. ചൂടുതട്ടിയാൽ കേടുവരാത്ത കണ്ണാടിഉപകരണങ്ങൾ, മൺപാത്രങ്ങൾ എന്നിവ കണ്ടുപിടിക്കപ്പെട്ടതോടെ പാകംചെയ്യലും വിളമ്പിക്കൊടുക്കലും ഒരേപാത്രത്തിൽ തന്നെയാകാമെന്നുവരെ വന്നു.

ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ, സ്ഫടികംകൊണ്ടോ നിർമിച്ച ഉപകരണങ്ങളാണ് അടുക്കളയിൽ ഉപയോഗിക്കാറ്. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

ലോഹത്തിൽ നിർമ്മിക്കുന്നവ

[തിരുത്തുക]

ചെമ്പുകലങ്ങള്‍, ഓടുകൊണ്ടുണ്ടാക്കിയ തവികള്‍, ചട്ടുകം, ഉരുളി, കരണ്ടി, മൊന്ത, ചീനച്ചട്ടി, ദോശക്കല്ല്, റൊട്ടി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പുതവ, അപ്പക്കാര, ചിപ്പിലി, കോരിക, സേവനാഴി, തേങ്കുഴൽ, ഇഡ്ഡലിപ്പാത്രം, അരിവാൾ‍, കറിക്കത്തി, വെട്ടുകത്തി, പർപ്പടകസൂചി, അപ്പക്കോല്‍, അരിപ്പ എന്നിവ.

തടിയിൽ നിർമ്മിക്കുന്നവ

[തിരുത്തുക]
ചിരട്ട,സ്റ്റീൽ തവി
അടപലക

മത്ത്, ചിരവ, അടപലക, കലം, മരപ്ലാവില, തവി, പല വലിപ്പത്തിലുള്ള മരവികൾ, ചപ്പാത്തി ഉണ്ടാക്കുന്ന പലക, അതിനുള്ള ഉരുളൻതടി മുതലായവ.

മണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്നവ

[തിരുത്തുക]

കുടം, കലം, ചട്ടി, ഭരണി, കൽച്ചട്ടി, വിളമ്പിക്കൊടുക്കുന്നതിനുള്ള പാത്രങ്ങൾ, അടപ്പുചട്ടി എന്നിവ ഇതിൽപ്പെടുന്നു.

സ്ഫടികത്തിൽ നിർമ്മിക്കുന്നവ

[തിരുത്തുക]

ഗ്ലാസ്സ്, കോപ്പ, പിഞ്ഞാണം, തുടങ്ങിവ

മറ്റുള്ളവ

[തിരുത്തുക]

കയർ, ഓല എന്നിവകൊണ്ടു നിർമ്മിക്കുന്ന ഉറി, തിരിക, എന്നിവയും, മുള, ഈറ തുടങ്ങിയവകൊണ്ടു നിർമ്മിക്കുന്ന കുട്ട, വട്ടി, മുറം എന്നിവയും അടുക്കള-ഉപകരണങ്ങളിൽ പെടുന്നു.

ആധുനികോപകരണങ്ങൾ

[തിരുത്തുക]

ഭക്ഷ്യസാധനങ്ങളിലും പാചകരീതിയിലും വൈവിധ്യമുണ്ടായതോടെ നൂതനങ്ങളായ അനവധി അടുക്കള-ഉപകരണങ്ങൾ സംവിധാനം ചെയ്യപ്പെട്ടു. സമയം ലാഭിക്കുക, അപകടങ്ങൾ ഒഴിവാക്കുക, ജോലി ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് പല ഉപയോഗങ്ങൾ ഒരേ ഉപകരണംകൊണ്ടു സാധിക്കുന്നതും യന്ത്രസഹായത്താൽ പ്രവർത്തിക്കുന്നതുമായ അനവധി അടുക്കള-ഉപകരണങ്ങൾ സംവിധാനം ചെയ്യപ്പെട്ടു. ഇവ പ്രധാനമായി വൈദ്യുതികൊണ്ടു പ്രവർത്തിപ്പിക്കുന്നവയാണ്. കുഴയ്ക്കുന്നതിനും പതപ്പിക്കുന്നതിനും മറ്റുമുള്ള മിക്സറുകൾ, അരയ്ക്കാനും പൊടിയ്ക്കാനും ഉതകുന്ന മിക്സർ ഗ്രൈൻഡർ, പച്ചക്കറികൾ, മാംസം, മത്സ്യം മുതലായവ മുറിക്കാനുപയോഗിക്കുന്ന സ്ളൈസർ, ഗ്രേറ്റർ, മാവുകുഴക്കാനും പച്ചക്കറികളും മറ്റും അരിയാനും അരയ്ക്കാനും ഉപയോഗിക്കുന്ന ഫുഡ്പ്രോസസർ, പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും എടുക്കുന്ന ജ്യൂസറുകള്‍, അവൻ, ബ്രഡ് ടോസ്റ്റർ, ചപ്പാത്തി മേക്കർ, ഗ്രില്ലർ, കോഫി മേക്കർ, ടീ മേക്കർ, ആഹാരപദാർഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനും ഐസ്ക്രീം, പുഡ്ഡിംഗ് മുതലായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന റെഫ്രിജറേറ്റർ, ഭക്ഷണപദാർഥങ്ങൾ വേഗത്തിൽ പാകംചെയ്യാൻ സഹായിക്കുന്ന പ്രഷർകുക്കർ, മൈക്രോവേവ് അവനുകൾ, വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുള്ള ബോയിലറുകൾ, ആഹാരപദാർഥങ്ങൾ ചൂടുമാറാതെ സൂക്ഷിക്കുന്നതിനുള്ള കാസറോളുകൾ, തെർമോസ്ഫ്ളാസ്ക്, പാത്രംകഴുകുന്നതിനുള്ള ഡിഷ് വാഷർ ആധുനിക അടുക്കള ഉപകരണങ്ങളാണ്. ആഹാരം വിളമ്പിവയ്ക്കുന്നതിന് പ്രാചീനകാലംതൊട്ടേ ചീനക്കളിമണ്ണുകൊണ്ടു നിർമിച്ചിട്ടുള്ള പലതരം പ്ളേറ്റുകൾ, കപ്പുകൾ, സാസറുകൾ, ഭരണികൾ, കുടുവൻപിഞ്ഞാണങ്ങൾ എന്നിവയും, സ്ഫടികനിർമിതമായ കുപ്പികൾ, ഭരണികൾ, പ്ളേറ്റുകൾ, കപ്പുകൾ, കോപ്പകൾ, ടംബ്ളറുകൾ, സാസറുകൾ എന്നിവയും, ഇരുമ്പിൽ നിർമിച്ച് ഇനാമൽപൂശിയ പാത്രങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കിൽ നിർമിതമായ ഈവക സാധനങ്ങളും ഉപയോഗത്തിലുണ്ട്. അതുപോലെ അലൂമിനിയം, നിക്കൽ, വൈറ്റ്മെറ്റൽ തുടങ്ങിയ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട പാത്രങ്ങളും ഉപയോഗത്തിലുണ്ട്. താത്കാലികമായ ഉപയോഗം മാത്രം കരുതി കടലാസു പൾപ്പുകൊണ്ടു നിർമിതമായ പ്ളേറ്റുകളും കപ്പുകളും സാസറുകളും ഉപയോഗിച്ചുവരുന്നുണ്ട്.

അടുക്കള ഉപകരണങ്ങൾ ഭാരതത്തിൽ

[തിരുത്തുക]

പ്രാചീന ഭാരതത്തിൽ കുടുംബത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും കണക്കിലെടുത്ത് അടുക്കള-ഉപകരണങ്ങളുടെ എണ്ണവും തരവും പാചകവിദഗ്ദ്ധർ പ്രത്യേകം ചിട്ടപ്പെടുത്തിയിരുന്നു. ഉപകരണങ്ങൾ അവ നിർമ്മിക്കാനുപയോഗിച്ച വസ്തുക്കളുടെ ഗുണദോഷങ്ങൾ അറിഞ്ഞശേഷമേ ഉപയോഗിക്കാൻ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൈരു കടയുന്നതിനുള്ള മത്ത് കറിവേപ്പിന്റെയോ നാരകത്തിന്റെയോ തടി ഉപയോഗിച്ചും, കലം വയണയുടെ തടികൊണ്ടും ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടാണ്. അതുപോലെ ഓരോ ലോഹത്തിനും അതിന്റേതായ ഗുണങ്ങൾ ഉണ്ടെന്നും പലതരം ലോഹങ്ങൾ മനുഷ്യശരീരത്തെ ഏതുവിധത്തിൽ ബാധിക്കുന്നുവെന്നും വാഗ്ഭടാചാര്യർ അഷ്ടാംഗഹൃദയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യത്തിന് ഏറ്റവും നല്ല ലോഹം സ്വർണ്ണമാണ്. ഇത് ശരീരത്തിന് മാർദവവും ശക്തിയും പുഷ്ടിയും നല്കുന്നു. വിഷാംശത്തെ നശിപ്പിക്കുകയും ചെയ്യും.

അടുക്കള ഉപകരണങ്ങൾ കേരളത്തിൽ

[തിരുത്തുക]
പുകയടുപ്പുള്ള ഒരടുക്കളക്കാഴ്ച

കേരളത്തിൽ കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതരീതി, പാചകരീതി, ധനസ്ഥിതി എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് നിത്യോപയോഗസാധനങ്ങളിലും വൈവിധ്യം കാണുന്നുണ്ട്. വരുമാനം കുറഞ്ഞവർ മൺപാത്രങ്ങൾ, അലൂമിനിയംപാത്രങ്ങൾ, തടികൊണ്ടുതീർത്ത ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ, ഇടത്തരം കുടുംബങ്ങളിൽ പിച്ചള, ചെമ്പ്, ഓട്, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾകൊണ്ടുതീർത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. റെഫ്രിജറേറ്റർ, വൈദ്യുത-അടുപ്പുകൾ, വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന മറ്റുപകരണങ്ങൾ എന്നിവ ധനികകുടുംബങ്ങളിൽ മാത്രമേ ഉപയോഗിക്കാറുള്ളു. ഭക്ഷണം കഴിക്കുന്നതിന് വാഴയില, പ്ലാവില, എന്നിവയായിരുന്നു അടുത്തകാലംവരെ ഉപയോഗിച്ചിരുന്നത്. ഇന്നും സദ്യകൾ വാഴയിലയിൽതന്നെയാണ് വിളമ്പുന്നത്. നിലത്ത് പായോ തടുക്കോ വിരിച്ച് അതിൽ ഇരുന്നോ, കുരണ്ടിയിട്ട് അതിൽ ഇരുന്നോ ഉണ്ണുന്നസമ്പ്രദായമാണ് പണ്ടുമുതൽ കേരളത്തിൽ നിലവിലിരുന്നത്. ബഞ്ച്, നാല്കാലി, കസേര തുടങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് മേശപ്പുറത്ത് പാത്രങ്ങളിൽ വിളമ്പിവച്ച് ഭക്ഷിക്കുന്ന സമ്പ്രദായം ഇന്ന് സർവസാധാരണമായിട്ടുണ്ട്.

ഇവകൂടി കാണുക

[തിരുത്തുക]
  അടുക്കള (പാചകശാല ) 
   ആഹാര പാചക ആവശയത്ത്നായി അടുപ്പിലേക്ക് പകരുന്ന തീ ഉണ്ടാക്കുന്ന പുകയും മണവും മറ്റു    ഭാഗങ്ങളിലേക്ക്  പകരാതിരിക്കുന്ന  ഭാഗത്താവണം അടുക്കള . വായു പ്രവാഹം ഇതര മുറികളിൽ കയറിയിറങ്ങി  അവസാനം മാത്രം അടുപ്പിരിക്കുന്ന ഭാഗത്ത് വന്നു പുറത്ത് ഗമിക്കുന്ന ദിസയിലയിരിക്കണം . വടക്ക് പടിഞ്ഞാറ് , 
വടക്ക് കിഴക്ക് , കിഴക്ക് തെക്ക് ഭാഗങ്ങൾ ഇതിനനുയോജ്യമാണ്.  പാചകത്തിന് ദിവസം മുഴുവൻ സമയവും      ആവശയാ  മില്ലത്ത്തതും അടുക്കളയിൽ ഉണ്ടാവാൻ സാധ്യത ഉള്ള അനാവശ്യ  അണുക്കളെ ഒരു പരിധിവരെ  ഇല്ലാതാക്കാനും കുഉടുതൽ പ്രകാശം ലഭിക്കുന്നതുമായ തെക്ക് കിഴക്ക് ഭാഗം -  അഗ്നി മൂല - ആകുന്നു ഉത്തമം  . അടുപ്പ് തെക്കേ മൂലയിലയിരിക്കണം . കിഴക്കോട്ടു അഭിമുഘമായി നിന്ന്  അടുപ്പ് കത്തിക്കുന്ന ആളിന്റെ മറ മൂലം പടിഞ്ഞരുനിന്നുള്ള വായുപ്രവഹത്തൽ തീ നാളം കെടാതെ ഉയരുന്ന  പുക ചിമ്മിനിയിലൂടെ കിഴക്ക് ഭാഗത്തുകൂടി പുരത്റെക്ക് തളുന്നതിനും കിഴക്ക് അതിരിലെക്ക് കൂടുതൽ വിസത്താരം  വരുന്നതിനാൽ അപ്പുറം ഉള്ള കട്ടിടങ്ങളിലേക്ക് ബാധിക്കാതെ ഇരിക്കുന്നതിനും ഈ ഭാഗമാനുത്തമം.    
- മനുഷ്യാലയ ചന്ദ്രിക -

അധികവായനക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അടുക്കള&oldid=4133316" എന്ന താളിൽനിന്ന് ശേഖരിച്ചത്