മിന്നെരിയ ദേശീയോദ്യാനം
മിന്നെരിയ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | North Central province, ശ്രീലങ്ക |
Nearest city | പൊളന്നറുവ |
Coordinates | 7°58′44″N 80°50′56″E / 7.97889°N 80.84889°E |
Area | 8,889.4 ha |
Established | ആഗസ്റ്റ് 12, 1997 |
Governing body | Department of Wildlife Conservation |
മിന്നെരിയ ദേശീയോദ്യാനം ശ്രീലങ്കയിലെ വടക്കൻ മദ്ധ്യ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1997 ആഗസ്റ്റ് 12-ന് ഈ പ്രദേശത്തെ ഒരു ദേശീയോദ്യാനമായി നാമനിർദ്ദേശം ചെയ്തു. 1938-ൽ ഈ ഉദ്യാനം വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചു[1]. മിന്നെരിയ ടാങ്കിനെയും ഇവിടത്തെ വന്യമൃഗങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശത്തെ സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചത്. അബൻ നദിയിലെയും ഇലഹെര കനാലിലെയും ജലമാണ് മിന്നേര ടാങ്കിലെ പ്രധാന ജലശ്രോതസ്സ്. ഈ ടാങ്കിന് ചരിത്ര പ്രാധാന്യം ഉണ്ട്. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ അനുരാധപുര ഭരിച്ചിരുന്ന മഹാസേനൻ രാജാവാണ് (276–303) 4670 ഏക്കർ വിസ്തൃതിയുള്ള ഈ ടാങ്ക് നിർമ്മിച്ചത്. വരണ്ടകാലാവസ്ഥയിൽ മറ്റലെ, പൊളന്നറുവ, ട്രിങ്കോമലീ എന്നീ ജില്ലകളിലെ വനങ്ങളിൽ പാർക്കുന്ന ആനക്കൂട്ടങ്ങൾ ആഹാരം തേടി ഉദ്യാനത്തിലെത്താറുണ്ട്. 2009 ആഗസ്റ്റ് അവസാനിക്കുമ്പോൾ ഈ ഉദ്യാനത്തിലെ ആറുമാസത്തെ വരുമാനം 10.7 ദശലക്ഷം രുപയായിരുന്നു[2]. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (ഐ.യു.സി.എൻ) കാറ്റഗറി II ഉൾപ്പെട്ടതാണ് ഈ ഉദ്യാനം. ശ്രീലങ്കയിലെ കൗടുല്ല, ഗിരിത്തേൽ, മിന്നേരിയ എന്നീ പ്രദേശങ്ങൾ 70 ഇമ്പോർട്ടന്റ് ബേർഡ് ആൻഡ് ബയോഡൈവേഴ്സിറ്റി ഏരിയ (ഐ.ബി.എ.) ആകുന്നു. ലോ കനോപി മോൻടേൻ ഫോറസ്റ്റും, ഹൈ കനോപി സെക്കണ്ടറി ഫോറസ്റ്റും , അബാൻഡൻട് ചേന ലാൻഡും, കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളും, പുൽപ്രദേശങ്ങളും, പാറക്കൂട്ടങ്ങൾ നിറഞ്ഞപ്രദേശങ്ങളും, ഈർപ്പം നിറഞ്ഞ പ്രദേശങ്ങളും ഇവിടെ കാണപ്പെടുന്നു[3].
കാലാവസ്ഥ
[തിരുത്തുക]ശ്രീലങ്കയുടെ വരണ്ട പ്രദേശത്താണ് മിന്നെരിയ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വർഷപാതം ശരാശരി 1,500-2,000 മില്ലീമീറ്റർ വരെ യാണ് കണ്ടുവരുന്നത്. 20.6 °C മുതൽ 34.5 °Cവരെയാണ് താപനില. വടക്കുകിഴക്കൻ മൺസൂൺ ഒക്ടോംബർ മുതൽ ജനുവരി വരെയും വരണ്ടകാലാവസ്ഥ മേയ് മുതൽ സെപ്തംബർ വരെയുമാണ് കാണപ്പെടുന്നത്.
സസ്യജാലങ്ങൾ
[തിരുത്തുക]മിന്നെരിയ ദേശീയോദ്യാനത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന സസ്യജാലങ്ങളായ നീർമരുത് (Terminalia arjuna), പഴമൂൺപാല (Manilkara hexandra), വേപ്പ് (Azadirachta indica), അരയാൽ (Ficus religiosa), മലയത്തി (Bauhinia racemosa) തുടങ്ങിയവ മിന്നെരിയ ടാങ്കിന്റെ പരിസരപ്രദേശങ്ങളിൽ കാണപ്പെടുന്നു[4]. വരിമരം (Chloroxylon swietenia), മൈല (Vitex altissima, വീരമരം (Drypetes sepiaria) മുതലായ സസ്യജാലങ്ങളും ഇവിടെ ഉൾക്കൊള്ളുന്നു[5]. ഇല്ലി (Bambusa bambos), ഫീനിക്സ് പുസില (Phoenix pusilla), കോഗൺ ഗ്രാസ്സ് (Imperata cylindrica), ഗിനിപ്പുല്ല് (Megathyrsus maximus) മുതലായ പുല്ലുവർഗത്തിൽപ്പെട്ട ഏകബീജപത്ര സസ്യങ്ങളും മിന്നെരിയ ദേശീയോദ്യാനത്തിലുണ്ട്.
പക്ഷിജന്തുജാലങ്ങൾ
[തിരുത്തുക]ശ്രീലങ്കൻ ഹാങ്ങിങ് പാരറ്റ് (Loriculus beryllinus), ശ്രീലങ്കൻ ഗ്രേ ഹോൺബിൽ (Ocyceros gingalensis), ശ്രീലങ്കൻ കാട്ടുകോഴി (Gallus lafayettii), ബ്രൗൺ കാപ്ട് ബാബ്ലർ (Pellorneum fuscocapillus), ബ്ലാക്ക് ക്രസ്റ്റഡ് ബുൾബുൾ (Pycnonotus flaviventris), എന്നീ പക്ഷികൾ മിന്നെരിയ ദേശീയോദ്യാനത്തിൽ സൈര്വമായി വിഹരിക്കുന്നു. 11 വംശനാശഭീഷണി നേരിടുന്ന പക്ഷികൾ ഇവിടെയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. 2000ത്തിൽപ്പരം ചെറിയ നീർക്കാക്കകളുടെ (കാക്കത്താറാവ്) (Phalacrocorax niger) കൂട്ടത്തെയും ഇവിടെ കാണാം.
24 വർഗ്ഗത്തിൽപ്പെട്ട സസ്തനികളും, 9 വർഗ്ഗത്തിൽപ്പെട്ട ഉഭയജീവികളും, 25 വർഗ്ഗത്തിൽപ്പെട്ട ഉരഗങ്ങളും, 26 വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളും, 75 വർഗ്ഗത്തിൽപ്പെട്ട ചിത്രശലഭങ്ങളും ഇവിടത്തെ ജൈവവൈവിധ്യത്തിൽപ്പെടുന്നു. രണ്ട് വംശനാശം നേരിടുന്ന കുരങ്ങുകൾ ടോക്യൂ മകാക്യൂ (Macaca sinica), പർപ്പിൾ ഫേസെഡ് ലാൻഗുർ (Trachypithecus vetulus) എന്നിവയും ഈ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്നു. സസ്യഭുക്ക് സസ്തനികളായ ശ്രീലങ്കൻ സാമ്പർ മാൻ (Rusa unicolor unicolor), ശ്രീലങ്കൻ ആക്സിസ് മാൻ (Axis axis ceylonensis) എന്നിവയും ഈ ഉദ്യാനത്തിലുണ്ട്. വംശനാശഭീഷണി നേരിടുന്ന ശ്രീലങ്കൻ പുലിയും, ശ്രീലങ്കൻ സ്ലോത്ത് ബീയറും മിന്നെരിയൻ വനത്തിൽ കാണാം. കുട്ടിത്തേവാങ്ക് (Loris lyddekerianus) മിന്നെരിയൻ പ്രദേശങ്ങളിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാരം
[തിരുത്തുക]കൊളംബോയിൽ നിന്നും 182 കിലോമീറ്റർ അകലെയാണ് മിന്നെരിയ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനഘടകം ആനക്കൂട്ടത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ്[6].
ചിത്രശാല
[തിരുത്തുക]-
മിന്നെരിയ ദേശീയോദ്യാനത്തിലെ ഒരു ദൃശ്യം
-
ദേശീയോദ്യാനത്തിലെ സഫാരി വാഹനങ്ങൾ
-
മിന്നെരിയ ദേശീയോദ്യാനത്തിലെ ആനക്കൂട്ടം
-
ശ്രീലങ്കൻ ഗ്രേ ഹോൺബിൽ
-
ശ്രീലങ്കൻ ഹാങ്ങിങ് പക്ഷി
-
Macaca sinica
-
ശ്രീലങ്കൻ കാട്ടുകോഴി
-
ബ്ലാക്ക് ക്രസ്റ്റഡ് ബുൾബുൾ
അവലംബം
[തിരുത്തുക]- ↑ "Minneriya Reservoir". Sri Lanka Wetlands Information and Database. International Water Management Institute. Retrieved 22 December 2009.
- ↑ Sriyananda, Shanika (8 August 2009). "Wildlife picks up with end of war". Sunday Observer. Retrieved 22 December 2009.
- ↑ "IBAs in Sri Lanka". birdlife.org. BirdLife International. Retrieved 22 December 2009.
- ↑ "Minneriya Reservoir". Sri Lanka Wetlands Information and Database. International Water Management Institute. Retrieved 22 December 2009.
- ↑ Senaratna, P.M. (2004). "Minneriya". Sri Lankawe Vanodhyana (in Sinhala) (2nd ed.). Sarasavi Publishers. pp. 204–207. ISBN 955-573-346-5.
- ↑ Amaranayake, Vindya (15 July 2007). "Elephant-human rendezvous". The Nation. Retrieved 22 December 2009.