Jump to content

ഗൽ ഓയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൽ ഓയ ദേശീയോദ്യാനം
സേനാനായകെ സമുദ്രത്തിനടുത്തുള്ള ഗൽ ഓയ ദേശീയോദ്യാനം
Locationശ്രീലങ്കയിലെ തെക്കൻ പ്രോവിൻസിലും ഉവ പ്രോവിൻസിലും
Nearest cityഅമ്പര
Area25,900 ഹെക്ടർ
Establishedഫെബ്രുവരി 12, 1954
Governing bodyDepartment of Wildlife Conservation

ഗൽ ഓയ ദേശീയോദ്യാനം തെക്കുകിഴക്കൻ ശ്രീലങ്കയിലെ മോനെറഗല്ല ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദേശീയോദ്യാനം കൊളംബോയ്ക്കു സമീപം 384 കിലോമീറ്റർ അകലത്തിൽ 25,900 ഹെക്ടർ വിസ്തൃതിയിൽ അമ്പര ജില്ലയുടെ പടിഞ്ഞാറു ഭാഗത്തായി വ്യാപിച്ചു കിടക്കുന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ ജലസംഭരണിയായ സേനാനായകെ സമുദ്രയുടെയും ആ പ്രദേശത്തെ മറ്റു ജലസംഭരണികളുടെയും സംരക്ഷണത്തിനു വേണ്ടിയാണ് 1954-ൽ ഗൽ ഓയ ഡെവലപ്പ്മെന്റ് ബോർഡ് ഈ ദേശീയോദ്യാനം നിലവിൽ കൊണ്ടു വന്നത് എങ്കിലും 1965-ൽ ഈ പ്രദേശം വന്യമൃഗസംരക്ഷണവകുപ്പിന് കൈമാറി[1]. ഗ്രാമവാസികൾ തലവ പുൽപ്രദേശങ്ങളിൽ കരിച്ചു കൃഷിയിറക്കൽ (Slash-and-burn) മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തടയുന്നതിലേയ്ക്കായി ഈ ബോർഡ് പ്രവർത്തിക്കുന്നു. 1954-ൽ നിലവിൽ വന്ന ഈ സംരക്ഷിതപ്രദേശത്തിൽ ഗൽ ഓയ ദേശീയോദ്യാനം, സേനാനായകെ സമുദ്ര സാൻക്ച്യറി, ഗൽ ഓയ വാലി നോർത്ത്-ഈസ്റ്റ് സാൻക്ച്യറി, ഗൽ ഓയ വാലി സൗത്ത്-ഈസ്റ്റ് സാൻക്ച്യറി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നു. ഈ നാലു സംരക്ഷിതമേഖലകൾ കൂടിചേർന്ന് 63,000 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്നു[2]. ഈ നാലു സംരക്ഷിതമേഖലകളുടെ ഭരണസമിതികൾ ചേർന്ന് അവിടെയുള്ള മനുഷ്യർക്ക് ആനയിൽ നിന്ന് സംരക്ഷണവും സസ്യ ജന്തുജാലങ്ങൾക്ക് സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു. ഇങിനിയാഗല, മുള്ളെഗമ, നിൽഗല, ബടുലുവേല എന്നീ പ്രദേശങ്ങളിൽ വനപാലകരുടെ നാലുസ്റ്റേഷനുകൾ കാണപ്പെടുന്നു. ഇതുകൂടാതെ 1974-ൽ ബുദ്ധൻഗല സാൻക്ച്യറി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഒരു സന്ന്യാസി മഠമായ ബുദ്ധൻഗലയിലും മാൽവാട്ടൈ പ്രദേശത്തും നശിപ്പിക്കപ്പെട്ട സ്തൂപങ്ങളും കെട്ടിടങ്ങളും കാണപ്പെടുന്നു.

വർഷം മുഴുവനും വിനോദസഞ്ചാരികൾക്ക് ആനക്കൂട്ടങ്ങളെ കാണാൻ സാധിക്കുന്നതാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന സവിശേഷത. ഇക്കോ ടൂറിസത്തിന് പ്രസിദ്ധിയാർജ്ജിച്ച ഈ ദേശീയോദ്യാനം വിവിധതരം സസ്യ ജന്തുജാലങ്ങളെ കൊണ്ട് സമ്പുഷ്ടമാണ്. 45% നിത്യഹരിതവനങ്ങളും 33% സാവന്നപ്രദേശങ്ങളും നിറഞ്ഞ ഈ സംരക്ഷിതപ്രദേശത്ത് ശ്രീലങ്കയിലെ തദ്ദേശവാസികളായ 150 ഇനത്തിൽപ്പെട്ട പക്ഷികളെ കൂടാതെ 450 വർഗ്ഗത്തിൽപ്പെട്ട പക്ഷികളെയും കണ്ടുവരുന്നു.

പക്ഷിജാലങ്ങൾ

[തിരുത്തുക]

ധാരാളം തണ്ണീർത്തടങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ദേശീയോദ്യാനം പക്ഷികളുടെ പറുദീസയാണ്. വർണ്ണക്കൊക്ക് (പൂതക്കൊക്ക്) (Ibis leucocephalus), പെലിക്കനുകൾ, നീർക്കാക്കകൾ, എരണ്ടകൾ തുടങ്ങിയ ജലപക്ഷികളായ ദേശാടനപക്ഷികളുടെ പറ്റങ്ങളെ സേനാനായകെ സമുദ്രയുടെ തീരത്ത് ചേക്കേറുന്നത് കാണാം. പുള്ളിച്ചുണ്ടൻ കൊതുമ്പന്നം, ചേരക്കോഴി, കോഴിവേഴാമ്പൽ (Ocyceros griseus), നാട്ടുവേഴാമ്പൽ (Ocyceros birostris), മൗർണിങ് ഡോവ് (Zenaida macroura), റെഡ്-ഫേസെഡ് മൽക്കോഹ (Phaenicophaeus pyrrhocephalus), വെള്ളവയറൻ കടൽ‌പ്പരുന്ത്‌ (Haliaeetus leucogaster), മീൻപരുന്ത് (Ichthyophaga ichthyaetus) തുടങ്ങിയ നാടൻപക്ഷികളും ഇവിടെ കാണപ്പെടുന്നു[3].

ജന്തുജാലങ്ങൾ

[തിരുത്തുക]

ആനക്കൂട്ടങ്ങളെ കൂടാതെ ശ്രീലങ്കൻ ആക്സിസ് ഡീയർ (സിലോൺ സ്പോട്ടെഡ് ഡീയർ) (Axis axis ceylonensis), കേഴമാൻ, പോത്ത് (Bubalus bubalis), ശ്രീലങ്കൻ സാമ്പാർ ഡീയർ (Rusa unicolor unicolor), പുള്ളിപ്പുലി, ടോക്യൂ മകാക്യൂൂ (Macaca sinica), കാട്ടുപന്നി (Sus scrofa) തുടങ്ങിയ മൃഗങ്ങളും ഈ ഉദ്യാനത്തിൽ സ്വൈരവിഹാരം നടത്തുന്നു.

മുഗ്ഗർ ക്രൊക്കോഡൈൽ (Crocodylus palustris), നക്ഷത്ര ആമ (Geochelone elegans), അപൂർവ്വയിനമായ ബട്ടർഫ്ളൈ വർഗ്ഗത്തിൽപ്പെട്ട ചിന്നൻ ആൽബട്രോസ് (Appias wardii) തുടങ്ങിയവയും ജൈവവൈവിധ്യത്തിൽപ്പെടുന്നു.

സസ്യജാലങ്ങൾ

[തിരുത്തുക]

വനങ്ങൾ, കുറ്റിക്കാടുകൾ, പുൽപ്രദേശങ്ങൾ എന്നീ മൂന്നു തരം സസ്യജാലങ്ങളാണ് ഈ ഉദ്യാനത്തിൽ കണ്ടുവരുന്നത്. സാവന്നപുൽപ്രദേശങ്ങൾ സിംഹളരുടെ ഇടയിൽ തലവ എന്നും പർവ്വത പ്രദേശങ്ങളിലെ പുൽപ്രദേശങ്ങളെ പത്തന എന്നും അറിയപ്പെടുന്നു. പ്രധാനപ്പെട്ട ആയുർവേദ മരുന്നായ ത്രിഫലയിൽ ചേർക്കുന്ന മൂന്നു തരം സസ്യങ്ങൾ കടുക്ക (ടെർമിനാലിയ ചെബ്യുള), താന്നി (Terminalia bellirica), നെല്ലി (Emblica officinalis) എന്നിവ ഈ ദേശീയോദ്യാനത്തിലെ സസ്യജാലങ്ങളിലുൾപ്പെടുന്നു. തലവ പുൽപ്രദേശങ്ങളിൽ സിട്രോണില്ല ഗ്രാസ്സ്(മന) (Cymbopogon nardus), ഉഷ്ണ-മിതോഷ്ണമേഖലകളിൽ കണ്ടുവരുന്ന ഒരു പുല്ലിനമായ കോഗൺ ഗ്രാസ്സ് (ഇലുക്ക്) (Imperata cylindrica) നിറഞ്ഞ പുൽപ്രദേശങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. കത്തിച്ച തലവ പുൽപ്രദേശങ്ങളിൽ (ദമന പുൽപ്രദേശങ്ങൾ) ഗ്രാമീണർ കന്നുകാലികളെ മേയ്ക്കാനുപയോഗിക്കുന്നു.

ആയുർവേദ ഗുണമുള്ള അപൂർവ്വയിനങ്ങളായ വേങ്ങ (Pterocarpus marsupium), പേഴ് (Careya Arborea), കണിക്കൊന്ന (Cassia fistula) എന്നിവ ഈ ദേശീയോദ്യാനത്തിലെ സസ്യജാലങ്ങളിൽപ്പെടുന്നു. ട്രിൻകോമലീ വുഡ് (Berrya cordifolia), പൊരിപ്പുന്ന (Dimocarpus longan), ശ്രീലങ്കൻ കാട്ടുമാങ്ങ (Mangifera zeylanica), സിസിപസ്, ഡയസ്പൈറോസ്, മലോട്ടസ് പ്ലാന്റ് (Mallotus repandus) തുടങ്ങിയ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളും കാണപ്പെടുന്നു[4].

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. (in Sinhalese) Senarathna, P.M. (2004). "Gal Oya Jathika Vanodhyanaya". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. ISBN 955-573-346-5.
  2. "Galoya National Park". sltda.gov.lk. Sri Lanka Tourism Development Authority. Archived from the original on 2009-11-05. Retrieved 2009-07-20.
  3. "Senanayake Samudraya". iwmi.org. International Water Management Institute. Archived from the original on 2011-07-26. Retrieved 2009-07-20.
  4. (in Sinhalese) Senarathna, P.M. (2004). "Gal Oya Jathika Vanodhyanaya". Sri Lankawe Jathika Vanodhyana (2nd ed.). Sarasavi Publishers. ISBN 955-573-346-5.
"https://ml.wikipedia.org/w/index.php?title=ഗൽ_ഓയ_ദേശീയോദ്യാനം&oldid=3948971" എന്ന താളിൽനിന്ന് ശേഖരിച്ചത്