Jump to content

മഹാദേവ് ദേശായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മഹാദേവ ദേശായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാദേവ് ദേശായ്
ഗാന്ധിജിയോടൊപ്പം മഹാദേവ് ദേശായ്. 1939 ലെ ചിത്രം.
ജനനം(1892-01-01)ജനുവരി 1, 1892
മരണം(1942-08-15)ഓഗസ്റ്റ് 15, 1942
അന്ത്യ വിശ്രമംആഗാ ഖാൻ കൊട്ടാരം, പൂനെ
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യസമരം
ജീവിതപങ്കാളി(കൾ)ദുർഗാബഹൻ
കുട്ടികൾനാരായൺ ദേശായ്
മാതാപിതാക്ക(ൾ)ഹരിഭായ് ദേശായ്, ജമുനബഹൻ

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനുമാണ് മഹാദേവ് ദേശായ്. ഇദ്ദേഹം പ്രസിദ്ധനായത് മഹാത്മാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി എന്ന നിലയ്‌ക്കാണ്. ഗാന്ധിജിയുടെ ആദ്യ നാല് അനുയായികളിലൊരാളാണ് മഹാദേവ് ദേശായ്. നരഹരി പരീഖ്, മോഹൻലാൽ പാണ്ഡ്യ, രവിശങ്കർ വ്യാസ് എന്നിവരാണ് മറ്റുള്ളവർ.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

1892 ജനുവരി 1നു ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ സരസ് എന്ന ഗ്രാമത്തിലാണ് മഹാദേവ് ദേശായ് ജനിച്ചത്. സരസിലെ പ്രൈമറിസ്കൂൾ അദ്ധ്യാപകൻ ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ ഹരിഭായ് ദേശായ്. ദേശായ് കുടുംബത്തിന്റെ പൂർവികരുടെ ഗ്രാമമായ ധീഹൻ ഗ്രാമമാണ് അദ്ദേഹത്തിന്റെ മാതാവ് ജമുനാബഹന്റെത്. അദ്ദേഹത്തിനു 7 വയസ്സുള്ളപ്പോൾ ജമുനബഹൻ അന്തരിച്ചു, 1899ൽ ആയിരുന്നു ഇത്.

1905ൽ മഹാദേവ് ദേശായും ദുർഗാബഹനുമായുള്ള വിവാഹം കഴിഞ്ഞു. മഹാദേവിനു പതിമൂന്നും ദുർഗക്ക് പന്ത്രണ്ടും വയസ്സായിരുന്നു അപ്പോൾ. തൊട്ടടുത്ത വർഷം സൂറത്ത് ഹൈസ്കൂളിൽനിന്ന് അദ്ദേഹം മെട്രിക്കുലേഷൻ പാസ്സായി. എൽഫിൻസ്റ്റോൺ കോളേജിൽ ചേർന്ന മഹാദേവ് ദേശായ് ഗോകുൽദാസ് തേജ്പാൽ ബോർഡിങ്ങ് ഹൗസിലെ സൗജന്യ നിവാസിയായിട്ടാണ് പഠനം നടത്തിയിരുന്നത്.

1910ൽ ബി.എ. പാസ്സായ മഹാദേവ് ദേശായ് നിയമബിരുദം നേടാൻ എൽ.എൽ.ബി ക്കു ചേർന്നു. ഓറിയന്റൽ ട്രാൻസ്ലേറ്ററുടെ ഓഫീസിൽ ഒഴിവുസമയ ജോലി ചെയ്താണ് അദ്ദേഹം പഠനച്ചെലവുകൾ വഹിച്ചിരുന്നത്. ഈ സമയത്ത് ഗുജറാത്ത് ഫോർബ്സ് സൊസൈറ്റി ലോർഡ് മോർലിയുടെ ഒരു കൃതിയുടെ ഗുജറാത്തി പരിഭാഷയ്ക്ക് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു വിജയിയാവുകയും ചെയ്തു. ആയിരം രൂപ ആയിരുന്നു സമ്മാനം.

നിയമബിരുദം 1913ൽ നേടിയ മഹാദേവ് അതിനു ശേഷം അഹമ്മദാബാദിലേക്ക് താമസം മാറ്റി. അദ്ദേഹത്തിന്റെ പിതാവ് ആ സമയത്ത് അഹമ്മദാബാദിൽ വുമൺസ് ട്രെയിനിങ്ങ് കോളേജിന്റെ പ്രധാനാദ്ധ്യാപകനായിരുന്നു. പിതാവ് വിരമിച്ചതിനു ശേഷം മഹാദേവ് സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ബോംബെയിൽ ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു.

ഗാന്ധിജിയുമായുള്ള കണ്ടുമുട്ടൽ

[തിരുത്തുക]

ഗാന്ധിജി 1915 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ച് ഭാരതത്തിലെത്തി. മെയ് മാസത്തോടു കൂടി അദ്ദേഹം അഹമ്മദാബാദിനടുത്തുള്ള കൊച്‌രാബിൽ വാടകക്കെട്ടിടത്തിൽ ആശ്രമം ആരംഭിച്ചു. അതിനു ശേഷം ഗാന്ധിജി തന്റെ ആശ്രമത്തിന്റെ ലക്ഷ്യങ്ങളുടെയും നിയമങ്ങളുടെയും കരടുരേഖ പ്രസിദ്ധീകരിക്കുകയും രാജ്യമെമ്പാടുമുള്ള സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും അഭിപ്രായങ്ങളും നിരൂപണങ്ങളും അറിയിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. മഹാദേവും നരഹരി പരീഖും ഒന്നിച്ച് നിരൂപണം തയ്യാറാക്കി ഗാന്ധിജിക്കയച്ചു. കുറച്ചു നാളുകൾക്കു ശേഷം ഗാന്ധിജി പ്രേമാഭായ് ഹാളിൽ പൊതുയോഗത്തിനു വരികയും മഹാദേവും ഹരഹരിയും ഗാന്ധിജിയെ കണ്ടുമുട്ടുകയും ചെയ്തു. അവർ അയച്ച കത്ത് തനിക്കു ലഭിച്ചു എന്നു പറഞ്ഞ ഗാന്ധിജി അവരെ ആശ്രമത്തിലേക്കു കൂട്ടിക്കൊണ്ടു പോകുകയും തന്റെ ലക്ഷ്യങ്ങളും ദർശനവും അവർക്ക് വിവരിച്ചു കൊടുക്കുകയും ചെയ്തു.

ഗാന്ധിജിയും മഹാദേവ് ദേശായിയും

ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും നൽകിയ പ്രോത്സാഹനത്തിലൂടെ നരഹരി ഏപ്രിൽ 1917ൽ ആശ്രമത്തിലെ അന്തേവാസിയായി. എന്നാൽ മഹാദേവ് അപ്പോളും തീരുമാനമൊന്നും എടുത്തിരുന്നില്ല. ആശ്രമമായി എന്നാൽ സ്ഥിരബന്ധവും അദ്ദേഹം പുലർത്തിയിരുന്നു. അങ്ങനെ ഒരവസരത്തിൽ ഗാന്ധിജി മഹാദേവിനോട് തന്റെ അനുയായിയായി തന്നോടൊപ്പം താമസിക്കാൻ ക്ഷണിച്ചു. മഹാദേവിനെ പോലൊരു മനുഷ്യന്റെ നല്ല ഗുണങ്ങൾക്ക് തനിക്ക് പല ഉപയോഗങ്ങളും ഉണ്ടെന്നും ഗാന്ധിജി അറിയിച്ചു. അതിനു ശേഷം 1917 നവംബർ 3 നു ഗോദ്ധ്രയിൽ ആദ്യ ഗുജറാത്ത് പൊളിറ്റിക്കൽ കോൺഫറൻസിനു വന്ന ഗാന്ധിജി അവിടെ വച്ച് മഹാദേവിനെ കണ്ടു. തന്റെ കൂടെ ബീഹാറിലേക്കു വരാനും അതിനു ശേഷം ആശ്രമത്തിൽ ചേരുന്നതു തീരുമാനിക്കാനും ഗാന്ധിജി പറഞ്ഞതനുസരിച്ച് മഹാദേവും ദുർഗയും ഗാന്ധിജിയെ ചമ്പാരനിലേക്ക് അനുഗമിച്ചു.

ചമ്പാരൻ യാത്ര കഴിഞ്ഞ് ധീഹനിലെത്തി പിതാവിന്റെ അനുഗ്രഹവും അനുവാദവും നേടി മഹാദേവ് ദേശായ് ഗാന്ധിജിയുടെ അടുത്ത് തിരിച്ചെത്തി ആശ്രമത്തിൽ അംഗമായി. അദ്ദേഹത്തിന്റെ മരണം വരെ തുടർന്ന ബന്ധത്തിന്റെ നാന്ദികുറിക്കലായിരുന്നു അത്. 13 നവംബർ 1917ൽ തന്റെ ജീവിതത്തെയും ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും കുറിച്ച് ഡയറിക്കുറിപ്പുകൾ രചിക്കാനാരംഭിച്ച മഹാദേവ് ദേശായ് അദ്ദേഹത്തിന്റെ മരണത്തിനെ തലേനാളായ 14 ഓഗസ്റ്റ് 1942 വരെ ഈ പ്രവൃത്തി തുടർന്നു.

ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ

[തിരുത്തുക]

1918ൽ മിൽ തൊഴിലാളി സമരം ആരംഭിച്ചപ്പോൾ മഹാദേവ് ദേശായ് ഗാന്ധിജിയൊടൊത്ത് അഹമ്മദാബാദിലുണ്ടായിരുന്നു. 1919ൽ നിരോധനാജ്ഞ ലംഘിച്ച് പഞ്ചാബിൽ കടന്നതിനു ആദ്യമായി ഗാന്ധിജി അറസ്റ്റിലായി. അന്ന് തന്റെ പിൻഗാമിയായി ഗാന്ധിജി തിരഞ്ഞെടുത്തത് മഹാദേവിനെയാണ്. പക്ഷേ നേതൃനിരയിലേക്കു വരാതെ ഗാന്ധിജിയെ അനുഗമിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. 1920ൽ പ്രധാന നേതാക്കളായ ചിത്തരഞ്ജൻ ദാസ്, മോത്തിലാൽ നെഹ്രു, രബീന്ദ്രനാഥ ടാഗോർ എന്നിവരുമായി അദ്ദേഹം പരിചയപ്പെട്ടു.

മോത്തിലാൽ നെഹ്രുവിന്റെ പത്രമായ ദി ഇൻഡിപ്പെൻഡന്റ് നോക്കി നടത്താൻ ഗാന്ധിജി 1921ൽ മഹാദേവ് ദേശായിയെ അലഹാബാദിലേക്കയച്ചു. കുറച്ചു നാളുകൾക്ക് ശേഷം മോത്തിലാലും ജവാഹർലാലും അറസ്റ്റിലായി. എന്നിട്ടും പത്രം മുന്നോട്ട് കൊണ്ടുപോകാൻ മഹാദേവിനു കഴിഞ്ഞു. അധികം വൈകാതെ അദ്ദേഹവും അറസ്റ്റിലായി. ഒരു വർഷത്തേക്ക് ജയിൽ ശിക്ഷകിട്ടിയ അദ്ദേഹം അത് നൈനി, ആഗ്ര, ലക്നൗ ജയിലുകളിൽ അനുഭവിച്ചു.

1923ൽ മഹാദേവ് ജയിൽ മോചിതനായി. അതേ വർഷം തന്നെ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു. 1924ൽ നവജീവൻ പ്രത്രത്തിന്റെ പത്രാധിപനായി അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. അതേ വർഷം തന്നെ മഹാദേവിനു പുത്രൻ ജനിക്കുകയും ചെയ്തു. 1925 മുതൽ ഗാന്ധിജിയുടെ ആത്മകഥ മഹാദേവ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി യംഗ് ഇന്ത്യ മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കാൻ തുടങ്ങി.

യർവാദാ സെൻട്രൽ ജയിൽ

1926ൽ സത്യാഗ്രഹ ആശ്രമത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തിയ അദ്ദേഹം സർദാർ വല്ലഭായ് പട്ടേലിനൊപ്പം ബർഡോലി സത്യാഗ്രഹത്തിൽ പങ്കെടുത്തു. 1928ലായിരുന്നു ഇത്. ഗാന്ധിജിയോടൊത്ത് 1929ൽ ബർമ്മ സന്ദർശിച്ച മഹാദേവ് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് 1930ൽ അറസ്റ്റു വരിച്ചു. ജയിൽമോചിതനായ ശേഷം ഗാന്ധിജിയെ വട്ടമേശ സമ്മേളനത്തിൽ അനുഗമിച്ച മഹാദേവ് ഗാന്ധിജി ജോർജ് അഞ്ചാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയപ്പോളും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

1932ൽ ഗാന്ധിജിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും കൂടെ മഹാദേവ് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. യർവാദ സെൻട്രൽ ജയിലിലായിരുന്നു ഈ തടവുകാലം. 1933ൽ ജയിൽ മോചിതനായെങ്കിലും വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട് ബെൽഗാം ജയിലിലടയ്ക്കപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനം മഹാദേവ് കേട്ടെഴുതുന്നത്. ഇതു അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്.

1939ൽ മൈസൂരിലും രാജ്കോട്ടിലും പ്രക്ഷോഭങ്ങളിൽ പ്രധാന പങ്കുവഹിച്ച മഹാദേവ്, 1940ൽ ബംഗാളിലും പഞ്ചാബിലും രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിച്ചു. 1941ൽ അഹമ്മദാബാദിൽ പൊട്ടിപ്പുറപ്പെട്ട വർഗീയകലാപത്തെ ശാന്തമാക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

അന്ത്യം

[തിരുത്തുക]
മഹാദേവ് ദേശായിയുടെ സമാധി, അടുത്തുള്ളത് കസ്തൂർബാ ഗാന്ധിയുടെ സമാധിസ്ഥലമാണ്. ആഗാഖാൻ പാലസ്, പൂനെ

ക്വിറ്റിന്ത്യാ സമര പ്രഖ്യാപനത്തിനു പ്രതികരണമായി 1942 ഓഗസ്റ്റ് ഒൻപതിനു ഗാന്ധിജി, സരോജിനി നായിഡു, മീരാബഹൻ എന്നിവരോടൊപ്പം മഹാദേവ് ദേശായിയേയും അറസ്റ്റു ചെയ്ത് പൂനയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി. അവിടെ വച്ചു തന്നെ 1942 ഓഗസ്റ്റ് 15നു അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്തതും അവിടെത്തന്നെയാണ്. അതിനടുത്തു തന്നെയാണ് ഗാന്ധിജിയുടെ പത്നി കസ്തൂർബയേയും അടക്കം ചെയ്തിരിക്കുന്നത്.

മഹാദേവ് ദേശായിയുടെ മകൻ നാരായൺ ദേശായ് അറിയപ്പെടുന്ന അഹിംസാവാദിയും എഴുത്തുകാരനുമാണ്.

മഹാദേവ് ദേശായിയുടെ മരണക്കുറിപ്പുമായിറങ്ങിയ ഹരിജൻ പത്രം

മഹാദേവ് ദേശായ് എഴുതിയ ഗാന്ധിജിയുടെ അനുയായിയായിരുന്ന സമയത്തെ ഡയറിക്കുറിപ്പുകൾ ഡേ-ടു-ഡേ വിത്ത് ഗാന്ധി എന്ന പേരിൽ ഒൻപത് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ചില രചനകൾ താഴെ കൊടുത്തിരിക്കുന്നു.

  • എ റൈറ്റിയസ് സ്ട്രഗ്ഗിൾ
  • എന്റെ സത്യാന്വേഷണ പരീക്ഷണ കഥ(ഇംഗ്ലീഷ് പരിഭാഷ)
  • വിത് ഗാന്ധി ഇൻ സിലോൺ
  • ദ സ്റ്റോറി ഓഫ് ബർഡോളി
  • സ്വദേശി - ട്രൂ ആന്റ് ഫാൾസ്
  • അൺവർത്തി ഓഫ് വാർധ
  • എക്ലിപ്സ് ഓഫ് ഫെയ്ത്ത്
  • ദ നാഷൻസ് വോയ്സ്
  • റ്റു സർവന്റ്സ് ഓഫ് ഗോഡ്(മഹാത്മാഗാന്ധിയുടെ ആമുഖം)
  • ദ എപിക് ഓഫ് ട്രാവൻകൂർ
  • ഗാന്ധി സേവ സൻ

അവലംബം

[തിരുത്തുക]


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=മഹാദേവ്_ദേശായ്&oldid=3905729" എന്ന താളിൽനിന്ന് ശേഖരിച്ചത്