മാള അരവിന്ദൻ
മാള അരവിന്ദൻ | |
---|---|
ജനനം | |
മരണം | ജനുവരി 28, 2015 | (പ്രായം 75)
തൊഴിൽ(s) | ചലച്ചിത്ര അഭിനേതാവ്, നാടക നടൻ, തബലിസ്റ്റ് |
ജീവിതപങ്കാളി | ഗീത (അന്ന) |
കുട്ടികൾ | കിഷോർ (മുത്തു), കല |
മലയാള സിനിമ - നാടക അഭിനേതാവായിരുന്നു മാള അരവിന്ദൻ(ജനുവരി 15, 1940 - ജനുവരി 28, 2015). പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിൽ വടവുകോട് എന്ന സ്ഥലത്ത് എക്‌സൈസ് ഉദ്യോഗസ്ഥനായ താനാട്ട് അയ്യപ്പന്റേയും സ്കൂൾ അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. ചെറുപ്പകാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയിരുന്നു [1]. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിലെ വടമയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു. [2]
അഭിനയവേദി
[തിരുത്തുക]കാട്ടൂർ ബാലന്റെ താളവട്ടം എന്ന നാടകത്തിൽ പകരക്കാരാനായാണ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ആദ്യം ചെറിയ നാടകങ്ങളിൽ അഭിനയിച്ച അരവിന്ദൻ പിന്നീട് പ്രൊഫഷണൽ നാടകവേദികളിൽ അഭിനയിക്കാൻ തുടങ്ങി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണൽ തിയേറ്റേഴ്സ്, പെരുമ്പാവൂർ നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിൽ ഒട്ടേറെ പ്രത്യക്ഷപ്പെട്ടു. നാടകത്തിന് കേരള സർക്കാർ ആദ്യമായി അവാർഡ് ഏർപ്പെടുത്തിയപ്പോൾ എസ്.എൽ. പുരം സദാനന്ദൻ നേതൃത്വം നൽകുന്ന സൂര്യസോമയുടെ നിധിയിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അവാർഡും ലഭിച്ചു.[3] 15 വർഷം നടകത്തിൽ പ്രവർത്തിച്ചു.
രസന എന്ന നാടകത്തിൽ ചെല്ലപ്പൻ എന്ന മന്ദബുദ്ധിയായി അഭിനയിക്കുന്നതിൽ ശ്രദ്ധിക്കപ്പെട്ടതാണ് സിനിമ രംഗത്തേക്ക് പ്രവേശനം ലഭിച്ചത്. 1967-ൽ അഭിനയിച്ച തളിരുകളാണ് ആദ്യ സിനിമയെങ്ങിലും ആദ്യമായി തിയറ്ററുകളിലെത്തിയത് 1968 ൽ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രമാണ്.[4] പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസ്സിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് മാള അരവിന്ദൻ പ്രസിദ്ധനായി. എന്റെ ഗ്രാമം, തറവാട്, അധികാരം, ആളൊരുങ്ങി അരങ്ങൊരുങ്ങി, തടവറ, മീശമാധവൻ എന്നിവ പ്രധാനചിത്രങ്ങളാണ്. പപ്പു മാള ജഗതി എന്ന ഒരു സിനിമ തന്നെ ഇറങ്ങിയിരുന്നു. 40 വർഷത്തെ സിനിമ ജീവിതത്തിൽ 650 ലേറെ സിനിമകളിൽ അഭിനയിച്ചു.[5] ലാൽ ബഹാദൂർ ശാസ്ത്രി(2014)യാണ് അവസാനം റിലീസ് ചെയ്തത്
ഓസ്‌കാർ മിമിക്‌സ് എന്ന പേരിൽ മിമിക്രി ട്രൂപ്പും നടത്തിയിരുന്നു. മോഹൻ ലാലിനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിൽ "നീയറിഞ്ഞോ മേലേ മാനത്ത്" എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- തളിരുകൾ (1967)
- സിന്ദൂരം (1968)
- ആവേശം (1979)
- അറിയപ്പെടാത്ത രഹസ്യം(1981)
- ആരതി(1981)
- സ്ഫോടനം(1981)
- പൂവിരിയും പുലരി(1982)
- ബെൽറ്റ് മത്തായി(1983)
- തത്തമ്മേ പൂച്ച പൂച്ച(1984)
- കൂട്ടിന്നിളം കിളി(1984)
- കളിയിൽ അല്പം കാര്യം(1984)
- വെള്ളരിക്ക പട്ടണം(1985)
- പ്രേമലേഖനം(1985)
- കൂടും തേടി(1985)
- അക്കരെ നിന്നൊരു മാരൻ(1985)
- മകൻ എന്റെ മകൻ(1985)
- ഒരു നോക്കു കാണാൻ(1985)
- കണ്ടു കണ്ടറിഞ്ഞു(1985)
- രേവതിക്കൊരു പാവക്കുട്ടി(1986)
- ഒപ്പം ഒപ്പത്തിനൊപ്പം(1986)
- കുഞ്ഞാറ്റക്കിളികൾ(1986)
- ക്ഷമിച്ചു എന്നൊരു വാക്ക്(1986)
- അടുക്കാൻ എന്തെളുപ്പം(1986)
- മഞ്ഞ മന്ദാരങ്ങൾ(1987)
- പട്ടണപ്രവേശം(1988)
- മൂന്നാം മുറ(1988)
- ലൂസ് ലൂസ് അരപ്പിരി ലൂസ്(1988)
- ജന്മാന്തരം(1988)
- പുതിയ കരുക്കൾ(1989)
- മഹായാനം(1989)
- സന്ദേശം(1991)
- മിമിക്സ് പരേഡ്(1991)
- ഗാനമേള(1991)
- ഉത്സവമേളം(1992)
- മാന്ത്രികച്ചെപ്പ്(1992)
- പൊന്നുച്ചാമി(1993)
- കസ്റ്റംസ് ഡയറി(1993)
- ആഗ്നേയം(1993)
- വധു ഡോക്ടറാണ്(1994)
- പിൻഗാമി(1994)
- പുതുക്കോട്ടയിലെ പുതുമണവാളൻ(1995)
- മഴവിൽക്കൂടാരം(1995)
- കൊക്കരക്കോ(1995)
- അഗ്നിദേവൻ(1995)
- ഒരു അഭിഭാഷകന്റെ കേസ് ഡയറി(1995)
- സാമൂഹ്യപാഠം(1996)
- എക്സ്ക്യൂസ് മി ഏതു കോളേജിലാ(1996)
- കല്യാണ ഉണ്ണികൾ(1997)
- കളിയൂഞ്ഞാൽ(1997)
- ഹിറ്റ്ലർ ബ്രതേഴ്സ്(1997)
- ഗജരാജ മന്ത്രം(1997)
- ഇക്കരയെന്റെ മാനസം(1997)
- മജീഷ്യൻ മഹേന്ദ്രലാൽ ഫ്രം ഡെൽഹി(1998)
- കന്മദം(1998)
- ആയിരം മേനി(1999)
- വർണ്ണ കാഴ്ചകൾ(2000)
- കൊച്ചു കൊച്ചു സന്തോഷങ്ങൾ(2000)
- ജോക്കർ(2000)
- ആന്ദോളനം(2001)
- വാൽക്കണ്ണാടി(2002)
- ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ(2002)
- ജഗതി ജഗതീഷ് ഇൻ ടൌൺ(2002)
- മീശമാധവൻ(2002)
- മുല്ലവള്ളിയും തേന്മാവും(2003)
- പട്ടാളം(2003)
- വരും വരുന്നു വരുന്നു(2003)
- ഞാൻ സൽപ്പേര് രാമൻ കുട്ടി(2004)
- പെരുമഴക്കാലം(2004)
- രസികൻ(2004)
- ഫിംഗർ പ്രിന്റ്(2005)
- ഗോഡ് ഫോർ സെയിൽ (2013)
- കാർണിവൽ
- കേളി
- കിഴക്കുണരും പക്ഷി
- ചമ്പക്കുളം തച്ചൻ
- കോട്ടയം കുഞ്ഞച്ചൻ
- ആളൊരുങ്ങി അരങ്ങൊരുങ്ങി
- പൂച്ചക്കൊരു മുക്കുത്തി
- വെങ്കലം
- അങ്കിൾ ബൺ
- ഉപ്പുകണ്ടം ബ്രദേഴ്‌സ്
- ട്വീറ്റ് ഫോർ ടാറ്റ്
- ഭൂതക്കണ്ണാടി
- കൊച്ചു കൊച്ചു സന്തോഷങ്ങൾ
- മധുര നൊമ്പരക്കാറ്റ്
- വധു ഡോക്ടറാണ്
- സേതുരാമയ്യർ സി.ബി.ഐ.
- പുണ്യാളൻ അഗർബത്തീസ്
- ലാൽ ബഹാദൂർ ശാസ്ത്രി (2014)
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടനുള്ള സംസ്ഥാന അവാർഡ് (സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന്)
- താറാവ് എന്ന സിനിമയിലെ അഭിനയത്തിനു സഹനടനുള്ള സംസ്‌ഥാനപുരസ്‌കാരം ലഭിച്ചിട്ടുണ്ട് [6]
- ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.
കുടുംബം
[തിരുത്തുക]എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന താനാട്ട് അയ്യപ്പന്റെയും അധ്യാപികയായിരുന്ന പൊന്നമ്മയുടെയും നാലുമക്കളിൽ മൂത്തവനായിരുന്നു അരവിന്ദൻ. സൗദാമിനി, പരേതനായ രാമനാഥൻ (2004-ൽ അന്തരിച്ചു), പ്രകാശൻ എന്നിവരായിരുന്നു സഹോദരങ്ങൾ. ഗീതയാണ് ഭാര്യ. 1971-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനുമുമ്പ് ക്രിസ്തുമതവിശ്വാസിയായിരുന്ന ഗീതയുടെ യഥാർത്ഥ പേര് അന്നയെന്നായിരുന്നു. ഇവർക്ക് കല, കിഷോർ (മുത്തു) എന്നീ രണ്ട് മക്കളുണ്ട്.
മരണം
[തിരുത്തുക]2015 ജനുവരി 28-ന് രാവിലെ ആറുമണിയോടെ കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആശുപത്രിയിൽ വച്ച് മാള അരവിന്ദൻ അന്തരിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. [7] ഏറെക്കാലമായി പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാരണം ബുദ്ധിമുട്ടിയിരുന്ന അദ്ദേഹത്തെ വടക്കാഞ്ചേരിയിൽ ഒരു സിനിമാ ഷൂട്ടിംഗിനിടയിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് സമീപത്തെ ആശുപത്രിയിലാക്കിയതായിരുന്നു. തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി കോയമ്പത്തൂരിലെത്തിച്ച അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് ആരോഗ്യനിലയിൽ ആദ്യം നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യനില വഷളാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മാളയിലെ വീട്ടിലെത്തിച്ച് അവിടെ പൊതുദർശനത്തിന് വച്ചശേഷം പൂർണ ഔദ്യോഗികബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിരവധി പ്രമുഖരാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടിയത്.
അവലംബം
[തിരുത്തുക]- ↑ "മലയാളമനോരമയിലെ ലേഖനം". Archived from the original on 2009-02-21. Retrieved 2008-09-04.
- ↑ "മലയാളമനോരമയിലെ വാർത്ത". Archived from the original on 2015-01-31. Retrieved 2015-01-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-29. Retrieved 2015-01-28.
- ↑ http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=18306554&programId=6722777&BV_ID=@@@&tabId=15
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-29. Retrieved 2015-01-28.
- ↑ http://www.mangalam.com/print-edition/keralam/277140
- ↑ "മലയാളമനോരമയിലെ വാർത്ത". Archived from the original on 2015-01-31. Retrieved 2015-01-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മാള അരവിന്ദനെ കുറിച്ച് ഐഎംഡിബിയിൽ
- വെബ്ലോകം അഭിമുഖം Archived 2005-11-28 at the Wayback Machine