മുതുവാൻ
Regions with significant populations | |
---|---|
Languages | |
[ തമിഴ് - മലയാളം] | |
Religion | |
ഹിന്ദുമതം, | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
ദ്രാവിഡ ജനവിഭാഗങ്ങൾ |
കേരളത്തിലെ ഒരു ആദിവാസിഗോത്രമാണ് മുതുവാൻ അഥവാ മുതുവാന്മാർ. [2] ഇവരുടെ മുൻഗാമികൾ, മധുരരാജാവിന്റെ ആശ്രിതരായിരുന്നു എന്നും ശ്രീരാമന്റേയും സീതയുടേയും തോഴന്മാരായിരുന്നു എന്നും ഇവർ വിശ്വസിക്കുന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന സമൂഹമാണ് മുതുവാൻ. ഏറെ നേരത്തെ നിരീക്ഷണങ്ങൾക്കു ശേഷമേ മുതുവാന്മാർ പുറത്തുനിന്നുള്ളവരുമായി അടുക്കുകയുള്ളൂ. 2001-ലെ കനേഷുമാരി പ്രകാരം ഇവരുടെ ജനസംഖ്യ 21,000 നും 32,000നും ഇടക്കു വരും. [3]
പേരിനു പിന്നിൽ
[തിരുത്തുക]തമിഴ്/മലയാളത്തിലുള്ള മുതുക് (പുറം) എന്ന പദത്തിൽ നിന്നാണ് മുതുവാൻ ഉണ്ടായത്. ഇവർ തങ്ങളുടെ കുഞ്ഞുങ്ങളെ തങ്ങളുടെ മുതുകത്ത് തുണിയിൽ കെട്ടി കൊണ്ടുനടക്കുന്നതിനാലാണ് മുതുവാൻ എന്ന പേരു വന്നതെന്ന് ചിലർ കരുതുന്നു. അധിവാസകാലത്ത് മലകയറിയത് കുഞ്ഞുങ്ങളെയും വിലപ്പെട്ട സാധനങ്ങളും മുതുകിലേന്തിയായിരുന്നു. ആ ശീലം ഇന്നും തുടരുന്നു. [4] ഇഷ്ടദേവതയായ മധുരമീനാക്ഷിയുടെ വിഗ്രഹം മുതുകിലേറ്റിയാണ് അവർ കാടുകയറിയതെന്ന ഐതിഹ്യവും പേരിനു പിന്നിലുണ്ട്. [5]
ആവാസകേന്ദ്രങ്ങൾ
[തിരുത്തുക]ഇടുക്കി ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ ആനമുടിയോട് ചേർന്നുള്ള ഗിരിനിരകളിലാണ് മുതുവാന്മാർ താമസിക്കുന്നത്. [6]കോത്തഗിരി, വയനാട്, കുണ്ടള, ഇരുപ്പുകല്ല്, മീങ്കുത്തി, ലക്കം, വെള്ളിയാമ്പാറ, വാരിയംകുടി, സൂര്യനെല്ലി, തലമാലി തുടങ്ങി മുതുവാന്മാരുടെ അറുപതോളം ആവാസകേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഇരവികുളം ദേശീയോദ്യാനത്തോടു ചേർന്നും ഇവരുടെ ആവാസകേന്ദ്രങ്ങളുണ്ട്[7].
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ അതിരപ്പിള്ളി പഞ്ചായത്തിൽ അടിച്ചിൽതോട്ടി,കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ചോലാർമല, ഓടണ്ടപ്പാറ എന്നീ സ്ഥലങ്ങളിൽ കൂടി മുതുവാൻമാർ ജീവിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]
കുലവും ഗോത്രവും
[തിരുത്തുക]ഒരു കുലത്തിൽ സാധാരണയായി ഒന്നിലധികം സമൂഹങ്ങൾ അല്ലെങ്കിൽ ഗോത്രങ്ങൾ ഉണ്ടായിരിക്കും. മുതുവന്മാർക്കിടയിൽ മേലാക്കൂട്ടം, കാനക്കൂട്ടം, പൂതാനിക്കൂട്ടം, കനയാതുക്കൂട്ടം, എല്ലിക്കൂട്ടം എന്നിങ്ങനെയുള്ള ഗോത്രങ്ങളാണുള്ളത്. ഇതിലേറ്റവും പ്രധാനമായ ഗോത്രം മേലാക്കൂട്ടമാണ്. മേലാക്കൂട്ടത്തിലെ തലവന്മാരാണ് മുതുവന്മാരുടെ പൊതുവിലുള്ള തലവന്മാർ. [5] കേരളത്തിലെ ആദിവാസിഗോത്രസമുദായങ്ങളിൽ സ്ത്രീ-പുരുഷ അനുപാതം ദേശീയശരാശരിയേക്കാൾ കുറവുള്ള ഏക വർഗ്ഗക്കാർ ഇവരാണ്. [8]
ആചാരങ്ങൾ
[തിരുത്തുക]മുതുവാന്മാർ സ്വസമുദായത്തിൽ നിന്നു മാത്രമേ വിവാഹം കഴിക്കാറുള്ളൂ. ഈ നിയമം ലംഘിക്കുന്നവരെ സമുദായത്തിൽ നിന്ന് പുറന്തള്ളുന്നു. പ്രായപൂർത്തിയായ സ്ത്രീയെ പുരുഷൻ സ്പർശിക്കരുതെന്നാണ് നിയമം. തൊട്ടാൽ അയാൾ വിവാഹം കഴിക്കാൻ നിർബന്ധിതനായിത്തീരുന്നു. സ്ത്രീകൾ കുട ചൂടരുതെന്നും കോഴിമുട്ട തിന്നരുതെന്നും വിലക്കുകൾ ഉണ്ട്. വിലക്കപ്പെട്ട സ്ത്രീകളെ സമുദായത്തിൽനിന്ന് പുറന്തള്ളുന്നു. ഇതു മൂലം പല സ്ത്രീകളും ആത്മഹത്യ ചെയ്യുകയോ വേശ്യാവൃത്തിയിലകപ്പെടുകയോ ചെയ്യുന്നു[9]. ബാല്യദശ കഴിഞ്ഞാൽ ആൺകുട്ടികളും പെൺകുട്ടികളും തന്താങ്ങൾക്കായി തീർത്ത ചാവടികളിൽ വേണം അന്തിയുറങ്ങാൻ. ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ്. മറ്റുള്ളവരെ ശിക്ഷിക്കാനും ശാസിക്കാനും ഇയാൾക്ക് അധികാരമുണ്ട്. വിവാഹത്തോടെ ചാവടിജീവിതം അവസാനിക്കുന്നു. വിവാഹത്തലേന്ന് ചാവടിയോട് ഗാനരൂപത്തിലാണ് വിടചൊല്ലേണ്ടത്.
രണ്ട് മുറിയുള്ളതും ഏകദേശം ഒരേ വലിപ്പമുള്ളതുമായ വീടുകളാണ് മുതുവാന്മാർ പണിയുന്നത്. കാറ്റടിച്ച് വീടുതകരാതിരിക്കാൻ കാറ്റുപട്ട എന്ന പേരിൽ മറച്ചുകെട്ടൽ എല്ലാ വീടുകൾക്കുമുണ്ടാകും. പത്തുമുപ്പതു വീടുകൾ ചേർന്ന പ്രദേശത്തിനു കുടി എന്നു പറയും. ഇങ്ങനെ പല കുടികൾ ചേർന്നതാണ് അവരുടെ ആവാസകേന്ദ്രങ്ങൾ. [5]
മുതുവാന്മാർ മലദൈവങ്ങളെയാണ് ആരാധിക്കുന്നത്. മധുരമീനാക്ഷിയെയും മരിച്ചുപോയവരുടെ ആത്മാക്കളേയും ആരാധിക്കുന്നു. മാരിയമ്മൻ പൂജയും ഇവർക്കിടയിൽ പ്രധാനമാണ്. എല്ലാ കുടികളിലും ഒരോ കോവിൽ ഉണ്ടായിരിക്കും. വിശേഷദിവസങ്ങളിൽ അവിടെ പൂജയും ഒരുക്കും. പൊങ്കൽ, കോഴിക്കുരുതി, വഴിപാടുകൾ എന്നിവ ഉൾപ്പെടുന്ന ചാമിയൂട്ട് എന്ന ഉൽസവമാണ് ഏറ്റവും വിശേഷപ്പെട്ട ആഘോഷം. ഈ ഉൽസവം ഒരാഴ്ചയോളം നീണ്ടുനിൽക്കും. അടുത്തകാലത്തായി ശിവരാത്രിയും ആഘോഷിക്കുന്നുണ്ട്.[5]
ഭാഷ
[തിരുത്തുക]തമിഴും പ്രാകൃതവും കലർന്ന ഭാഷയാണ് മുതുവാന്മാർ സംസാരിക്കുന്നത്. ഇതിന് ലിപിയില്ല.
കൃഷി, പരമ്പരാഗത തൊഴിൽ
[തിരുത്തുക]കൃഷിയും വനവിഭവങ്ങളുടെ ശേഖരണവുമാണ് മുതുവാന്മാരുടെ പ്രധാന തൊഴിൽ. തേൻ, തെള്ളി, കാട്ടു നെല്ലിക്ക, ചൂരൽ, എന്നിവയാണ് പ്രധാനമായും കാട്ടിൽ നിന്ന് ശേഖരിക്കുക.
റാഗി, ചാമ, തിന, നെല്ല്, ഏലം, കാപ്പി എന്നിവയും കുരുമുളകും തൈലപ്പുല്ലും[10] കൃഷിചെയ്യുന്നു. കാലങ്ങൾക്കു മുൻപ് ഇവർ പുനം കൃഷി ചെയ്തിരുന്നു.[11] എന്നാൽ മാറിമാറി കൃഷി ചെയ്യാൻ സ്ഥലമില്ലാതായതിനാൽ ആ രീതി അവസാനിപ്പിച്ചു.
പുരുഷന്മാർ തേയിലത്തോട്ടങ്ങളിലും വനം വകുപ്പിലും ജോലിക്കുപോകുന്നുണ്ട്. വിറകുശേഖരണവും ഈറ്റവേലയും ഗൃഹഭരണവുമാണ് മുതുവാൻസ്ത്രീകളുടെ ജോലികൾ.
വേട്ടയാടലും മീൻപിടുത്തവും ഇവർ നടത്താറുണ്ട്. ഇതിനായി അമ്പും വില്ലും, തെറ്റാലി, കെണി എന്നിവ ഇവർ ഉപയോഗിക്കുന്നു. പുരുഷന്മാരും സ്ത്രീകളും മിക്കവാറും സമയങ്ങളിൽ മുതുകിൽ മാറാപ്പും കയ്യിൽ വാക്കത്തിയുമേന്തിയാണ് സഞ്ചാരം. മാറാപ്പിലാണ് കൊച്ചുകുട്ടികളെ സൂക്ഷിക്കുന്നതും.
മറ്റുള്ള ഗോത്രവർഗ്ഗക്കാരെ അപേക്ഷിച്ച് കൂടുതൽ കായികശേഷിയുള്ളവരാണ് മുതുവാന്മാർ. കാട്ടിലുടെയുള്ള തേടലിൽ ഇവർ വിദഗ്ദ്ധരായതിനാൽ വനം വകുപ്പ് ഇവരെ വന്യജീവിവേട്ടക്കാരെ കണ്ടുപിടിക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട്. [11]
ഭക്ഷണം
[തിരുത്തുക]നല്ലപോലെ ആഹാരം കഴിക്കുന്ന ശീലമുള്ളവരാണിവർ. അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത്. റാഗി വേവിച്ച് കട്ടി എന്ന പേരിലുള്ള ആഹാരവും ഉണ്ടാക്കുന്നു. കാട്ടിൽനിന്ന് ലഭിക്കുന്ന പ്രത്യേക കിഴങ്ങുകളും തേനും ഇവർക്ക് ഇഷ്ടഭോജ്യമാണ്. കൂവ, നൂറാൻ തുടങ്ങിയ കിഴങ്ങുകൾ ഇവർക്ക് പഥ്യമാണ്. ലഹരി വസ്തുക്കളും കഞ്ചാവും കൂന്തപ്പനയുടെ കള്ളും ഉപയോഗിക്കുന്നു. ചുട്ടുപഴുപ്പിച്ച പാറപ്പുറത്തുവച്ച് ഭക്ഷണസാധനങ്ങൾ വേവിച്ചു തിന്നുന്ന രീതിയും ഇവർക്കുണ്ടായിരുന്നു. കാള, പോത്ത് എന്നിവയുടെ മാംസം ഇവർ ഭക്ഷിക്കാറില്ല[5].
ഭരണക്രമങ്ങൾ
[തിരുത്തുക]കുടികളിലെ പ്രവർത്തനങ്ങൾക്ക് മുട്ടുകാണിയെന്ന മൂപ്പനാണ് നേതൃത്വം. കാണിക്കാരൻ, കാണിയപ്പൻ എന്നും ഇയാൾ അറിയപ്പെടുന്നു. കുടിയിലെ സർവ്വ അധികാരവും ഇയാൾക്കായിരിക്കും. കുടിയിലെ മുതിർന്നവരുമായി കൂടിയാലോചിച്ചേ ഇയാൾ നിയമങ്ങൾ നടപ്പിലാക്കൂ. കാണിയുടെ തീരുമാനങ്ങൾ അനുസരിക്കാത്തവരെ ശിക്ഷിക്കാനും കാണിക്ക് അധികാരമുണ്ട്. കാണി കഴിഞ്ഞാൽ പൂജാരിക്കും മന്ത്രവാദിക്കുമാണ് സമൂഹത്തിൽ പിന്നീടുള്ള സ്ഥാനങ്ങൾ. മന്ത്രവാദിതന്നെ സാധാരണ വൈദ്യനായും പ്രവർത്തിക്കുന്നു.
വിശേഷാവസരങ്ങൾ
[തിരുത്തുക]കൗമാരം പിന്നിടുന്നതോടെ, ഏകദേശം പതിനേഴുവയസ്സാകുമ്പോൾ ഒരു ആൺകുട്ടിയുടെ തലയിൽ അമ്മാവന്റെ ആണ്മക്കൾവന്ന് എണ്ണപുരട്ടി അരരൂപാനാണയം വച്ച് തൂവാല കെട്ടിക്കൊടുക്കുന്നു. ഒരു വർഷം കഴിയുമ്പോൾ അവർതന്നെ വന്ന് തുവാലയിൽ കാൽരൂപാ നാണയം വച്ച് എതിർവശത്തേക്ക് കെട്ടിക്കൊടുക്കുന്നു. ഉറുമാൽകെട്ടൽ എന്നുപറയുന്ന ഈ ചടങ്ങോടെ ആൺകുട്ടി വിവാഹപ്രായമെത്തി എന്നറിയിക്കുകയാണ്. അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരംചെയ്യുന്നു. [5]
ഇതേ പോലെയുള്ള ചടങ്ങ് പ്രായപൂർത്തിയായ പെൺകുട്ടിയ്ക്കുമുണ്ട്. പെൺകുട്ടി ഋതുമതിയാകുന്നതോടെ അമ്മാവന്റെ പെണ്മക്കൾ വന്ന് വിവരം കുടിയിലെ എല്ലാവരെയും അറിയിക്കുന്നു. അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും. ഏഴാമത്തെ ദിവസം വരെ അവൾക്ക് കുടിയിൽനിന്ന് ഒന്നും ലഭിക്കുകയില്ല. ഏഴാം ദിവസം കുടിയിലെ എല്ലാ പെണ്ണുങ്ങളും ചേർന്ന് പുഴയിൽക്കൊണ്ടുപോയി കുളിപ്പിക്കും. അതിനുശേഷം മഞ്ഞൾ കലക്കിയ വെള്ളം പൂശുന്നു, ഇതിനെ മഞ്ഞൾ നീരാട്ട് എന്നാണുപറയുക, തുടർന്ന് കുടിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു. ഗർഭിണികൾ പ്രസവിക്കുന്നതും ഇതേ വാലായപ്പുരയിലാണ്. [12]
വിവാഹം
[തിരുത്തുക]അമ്മാവന്റെ മക്കളെയാണ് സാധാരണ മുതുവന്മാർ വിവാഹംചെയ്യുക. വിവാഹപ്രായമായാൽ രണ്ടുപേരുടേയും വീട്ടുകാർ കൂടിയിരുന്നാണ് വിവാഹ നിശ്ചയം. അന്നുതന്നെ ദിവസവും നിശ്ചയിക്കും. അതിനുശേഷം ചെറുക്കനും തോൾമക്കാരും (കൂട്ടുകാർ) ചേർന്ന് പെണ്ണിന്റെ വീട്ടിൽച്ചെന്ന് അനുവാദം ചോദിക്കുന്ന ചടങ്ങുണ്ട്. അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും. ചെറുക്കനും കൂട്ടുകാരും ചേർന്ന് ഇവരെ തേടിക്കണ്ടുപിടിക്കണം. തേടിക്കണ്ടുപിടിക്കുന്നതോടെ ഇവർ കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഒരുമിക്കുന്നു. തുടർന്ന് വീട്ടിലെത്തി പെണ്ണിനെ മാലയണിയിക്കുകയും വെറ്റില കൈമാറുകയും ചെയ്യും. വരൻ സ്വയം ഉണ്ടാക്കിയ ഒരു ചീപ്പ് അവളുടെ മുടിക്കെട്ടിൽ തിരുകി വെക്കുന്നതോടെ വിവാഹം പൂർത്തിയാകുന്നു. ഈ ചീപ്പിന്റെ നിർമ്മാണഭംഗി വരന്റെ സാമർഥ്യം കാണിക്കുന്നു. മരണംവരെ ഈ ചീപ്പ് ഭാര്യ മുടിയിൽ ചൂടണമെന്നാണ് നിയമം. [5]
ജ്യേഷ്ഠന്റെ വിധവയെ വിവാഹം ചെയ്യൽ മുതുവാൻ സമുദായക്കാരിൽ ഈ അടുത്ത കാലം വരെ അനുവർത്തിച്ചിരുന്ന ഒരു സമ്പ്രദായമാണ്. ജ്യേഷ്ഠൻ കുട്ടികളില്ലാതെ മരിക്കുകയും, അനുജൻ അവിവാഹിതനുമാണെങ്കിൽ, ജ്യേഷ്ഠന്റെ വിധവയെ വിവാഹം കഴിക്കുക എന്നത് ഒരു നിയമമെന്നോണം അനുഷ്ഠിച്ചിരുന്നു.
പ്രസവം
[തിരുത്തുക]സ്ത്രീകൾ ഗർഭിണിയായാൽ പിന്നെ പ്രസവംവരെ ലൈംഗികബന്ധത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കണം. പേറുവീട് പ്രത്യേകമായിട്ടുണ്ട്. അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു. ഋതുവാകുമ്പോഴും ഇതേ വീട്ടിൽത്തന്നെയാണ് കഴിയേണ്ടത്. പേറുവീട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന കല്ലിൽക്കിടന്നാണ് പ്രസവം (കുഞ്ചിടൽ). പേറുനടക്കുന്ന സമയത്ത് പുരുഷന്മാരെ കാണാൻ പാടില്ല. ദർശിച്ചാൽ വാൾ എന്ന അസുഖം വരുമെന്ന് വിശ്വസിക്കുന്നു. കുടിയിലുള്ള എല്ലാ സ്ത്രീകളും പ്രസവം കണ്ടിരിക്കണമെന്നു നിയമമുണ്ട്. സഹായത്തിനായി പ്രത്യേകം പണ്ടിക്കാരികൾ ഉണ്ടായിരിക്കും.[5]
മരണം
[തിരുത്തുക]മരണവുമായി ബന്ധപ്പെട്ട് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണുള്ളത്. കാണി നിശ്ചയിക്കുന്ന ദണ്ഡക്കാരനാണ് കുടിയിൽ ആരെങ്കിലും മരിച്ചാൽ വിവരം എല്ലാവരേയും അറിയിക്കേണ്ടത്. മരിച്ചയാളുടെ വീടിനുമുന്നിൽ വെള്ളത്തുണി കെട്ടിനിർത്തുന്നു. വ്യക്തിയുടെ അപദാനങ്ങൾ മരിച്ചയാൾക്കു ചുറ്റുമിരുന്ന് കരയുന്ന സ്ത്രീകൾ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കും. ഈ സ്ത്രീകളെ ഒപ്പാർ എന്നാണു വിളിക്കുക. ശവം കുളിപ്പിച്ച് കുത്തുകട്ടിൽ എന്നു വിളിക്കുന്ന മഞ്ചലിൽ കിടത്തി വായിൽ അരിയിട്ട് ശവപ്പറമ്പിലേക്ക് കൊണ്ടുപോകുന്നു. മൂത്തമകനാണ് മഞ്ചലിന്റെ മുന്നിൽ പിടിക്കുക. ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യാം. ദഹിപ്പിച്ചാൽ ചാരം അടുത്തുള്ള പുഴയിലൊഴുക്കും, മറിച്ചാണെങ്കിൽ മരിച്ചയാളുടെ നിത്യോപയോഗസാധനങ്ങളും തൂമ്പ, വാക്കത്തി, അരിവാൾ തുടങ്ങിയ പണിയായുധങ്ങളും ശവത്തോടൊപ്പം മറവു ചെയ്യുന്നു. കുട്ടികളാണെങ്കിൽ കളിപ്പാട്ടങ്ങളും മറ്റും കുഴിച്ചിടും. ഈ സാധനങ്ങൾക്കായി അവർ വീണ്ടും കുടിയിലെത്തെരുതെന്ന സങ്കല്പമാണിതിനു പിന്നിൽ. മഹാശിലായുഗ സംസ്കാരത്തിന്റെ പിന്തുടർച്ചയാണിതു സൂചിപ്പിക്കുന്നത്.[5]
ഉത്സവങ്ങൾ
[തിരുത്തുക]ഉത്സവങ്ങൾ നടത്തുന്നത് ചിത്തിര, കാർത്തിക, തൈ മാസങ്ങളിലാണ്. ചിത്തിരമാസത്തിൽ ആണ്ടുപൂജ നടത്തുന്നു. കോവിലിന്റെ മുറ്റത്ത് പൊങ്കാലയിട്ട് ദേവിക്കു സമർപ്പിക്കുന്നു. കൂത്തും കുമ്മിയടിയും നടക്കുന്നു. കാർത്തികമാസത്തിൽ വിഷ്ണു, മുരുകൻ, പാർവ്വതി എന്നിവരെ പൂജ ചെയ്യുന്ന ആഘോഷങ്ങൾ ഉണ്ട്. തൈമാസത്തിലെ ആഘോഷത്തിനു പുരുഷന്മാർ 7 ദിവസം വ്രതം എടുത്തശേഷം എട്ടാം നാളിൽ ദൂരെയുള്ള വനദേവതമാരെ പൂജ ചെയ്യാനായി പോകുന്നു. മധുരമീനാക്ഷി ക്ഷേത്രത്തിലെ ആഘോഷങ്ങളിലും മുതുവാന്മാർ പങ്കെടുക്കാറുണ്ട്.[5]
കലാരൂപങ്ങൾ
[തിരുത്തുക]കൂത്താണ് മുതുവാന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട കലാരൂപം. കൂത്ത് നിശ്ചയിച്ചു കഴിഞ്ഞാൽ വേദിയുണ്ടാക്കും. കൂത്തുസമയത്ത് ആണും പെണ്ണും ഒരുമിച്ച് കളിക്കാറില്ല. രണ്ടുപേരും വേദിയില് രണ്ടു സ്ഥലത്തായി നിന്നു കളിക്കും. വേദിയുടെ ഒരു ഭാഗത്തായി ആഴി കൂട്ടിയിരിക്കും. വാദ്യോപകരണങ്ങൾ ഇവർ സ്വയം നിർമ്മിയ്ക്കുകയാണ് പതിവ്. ചെണ്ട, പീക്കി, ഉരുമി, കുഴല് എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. ഇവയുടെ താളത്തിനൊത്ത് ചുവടുവച്ചാടുകയാണ് കൂത്തിൽ ചെയ്യുന്നത്. മുതുവാക്കൂത്തിൽ പാട്ട് പാടാറില്ല. താളമേ ഉണ്ടാകൂ. ഇന്ന് പലരും പാടിക്കൂത്ത് നടത്താറുണ്ട്. [5]
കുമ്മിയടി, രോരോരോ പാട്ട്, എന്നിവയാണ് മറ്റു കലാരൂപങ്ങൾ. സ്ത്രീകളാണ് കുമ്മിയടി നടത്തിവരുന്നത്. എത്ര പേർക്കും പങ്കെടുക്കാവുന്നതാണ്. തുറസ്സായ സ്ഥലത്ത് പാട്ടുപാടി വട്ടത്തിൽ ചുവടുവച്ചു കൈകൊട്ടി താളാത്മകമായി നടത്തുന്ന ഒരു കലാരൂപമാണ് ഇത്. കാണികളായി ആരും ഉണ്ടാവാറില്ല, എല്ലാവരും കളിക്കാരായിരിക്കും .
ശൃംഗാരവും ലൈംഗികതയും കലർന്ന കൊച്ചുകൊച്ചുപാട്ടുകളാണ് ആശൈപ്പാട്ടുകൾ. ചോദ്യോത്തരരൂപത്തിലും കളിയാക്കുന്ന തരത്തിലുമാണ് പാട്ടുകൾ അവതരിപ്പിക്കുന്നത്. വിവാഹദിവസമാണ് ഈ പാട്ടുകൾ പാടുന്നത്. കെന്നഞ്ചിയാട്ടമെന്ന മറ്റൊരു കലാരൂപവും ഇവർക്കിടയില് പ്രചാരമുണ്ട്. വട്ടത്തിൽ നിന്ന് ഒരു തുണി കയ്യില് പിടിച്ച് ചുവടുവച്ചാടുന്ന നൃത്തമാണിത്. ഇതിലും പാട്ടുണ്ടാകാറില്ല. മയിലാട്ടം എന്ന പേരിൽ മയിലിന്റെ രൂപം ഉണ്ടാക്കി അതിന്റെ മധ്യഭാഗം അരക്കെട്ടിനോട് ചേർത്ത് കെട്ടുന്ന വിനോദകലാരൂപവും മുതുവാന്മാർക്കിടയിൽ പ്രചാരമുണ്ട്. ഇത് കാണികൾക്കായാണ് ചെയ്യുന്നത്. [5]
ചികിത്സയും ആരോഗ്യവും
[തിരുത്തുക]മുതുവാന്മാർ പൊതുവെ ആശുപത്രിയിൽ പോവാറില്ല. പരമ്പരാഗതമായ വൈദ്യത്തിലാണവർ വിശ്വസിക്കുന്നത്. പരമ്പരാഗത മരുന്നുകൾ അവർക്ക് വളരെ ഫലപ്രദമാണ്. ഈ മരുന്നുകൾ തലമുറകളിലേക്ക് വായ്മൊഴിയായി പകർന്നു കൊടുക്കുന്നു. കുടുംബാസൂത്രണത്തിനു വരെ അവർക്ക് അവരുടേതായ മരുന്നുണ്ട്. [4]
വിദ്യാഭ്യാസം
[തിരുത്തുക]പ്രാഥമിക വിദ്യാഭ്യാസത്തിനായി നാലാംതരം വരെ അവർക്ക് വിദ്യാലയമുണ്ട്. അതിൽ ഒരദ്ധ്യാപകനേ ഉള്ളൂ. നാലാം തരത്തിനു മുകളിൽ പഠനത്തിനായി അവരെ ട്രൈബൽ ഹോസ്റ്റലുകളിലേക്കയക്കുന്നു. കൂടുതൽ വിദ്യാർത്ഥികളും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരായതിനാൽ ഒരിക്കൽ ഹോസ്റ്റലുകളിലേക്ക് പോയി തിരിച്ചു വന്നശേഷം വീണ്ടും ഹോസ്റ്റലിലേക്കായി പഠനത്തിനു പോകുന്നത് വിരളമാണ്. [4] ഇക്കാരണത്താൽ 4-)ം തരത്തിനു മേലെ പഠിച്ചവർ ഇവർക്കിടയിൽ കുറവാണ്.
അവലംബം
[തിരുത്തുക]- ↑ http://censusindia.gov.in/Tables_Published/SCST/dh_st_kerala.pdf
- ↑ http://www.kerala.gov.in/kpsc/st.pdf Archived 2009-11-28 at the Wayback Machine കേരള സർക്കാരിന്റെ പട്ടിക
- ↑ http://censusindia.gov.in/Tables_Published/SCST/dh_st_kerala.pdf 2001 ലെ കനേഷുമാരി -കേരളത്തിലെ ആദിവാസി ഗോത്രവർഗ്ഗങ്ങളുടെ
- ↑ 4.0 4.1 4.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2005-11-10. Retrieved 2009-05-01.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 സീലിയ, തോമസ് പെരുമ്പനാനി (2008) [2005]. കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും (രണ്ടാം പതിപ്പ് ed.). കേരളം: കറൻറ് ബുക്സ്. ISBN 81-240-1520-1.
{{cite book}}
: Cite has empty unknown parameters:|accessmonth=
,|month=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|accessyear=
ignored (|access-date=
suggested) (help); Unknown parameter|origmonth=
ignored (help) - ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2009-07-31. Retrieved 2009-07-31.
- ↑ "ഇരവികുളം ദേശീയോദ്യാനത്തെപ്പറ്റി". Archived from the original on 2008-11-21. Retrieved 2009-04-28.
- ↑ http://censusindia.gov.in/Tables_Published/SCST/dh_st_kerala.pdf
- ↑ "ഹിന്ദുവിൽ വന്ന വാർത്ത". Archived from the original on 2008-04-01. Retrieved 2010-08-08.
- ↑ http://www.hindu.com/2008/10/14/stories/2008101451250300.htm Archived 2008-10-24 at the Wayback Machine തൈലപ്പുല്ല്- കാന്തല്ലൂർ ഭാഗത്ത് കൃഷി ചെയ്യുന്നതിനെ പറ്റി ഹിന്ദുവിൽ വന്ന വാർത്ത
- ↑ 11.0 11.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-02. Retrieved 2009-04-28.
- ↑ ആരോഗ്യകേരളത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് [പ്രവർത്തിക്കാത്ത കണ്ണി]
കേരളത്തിലെ ആദിവാസികൾ |
---|
• അടിയർ • അരണാടർ • ആളാർ • എരവള്ളർ • ഇരുളർ • കാടർ • കനലാടി • കാണിക്കാർ • കരവഴി • കരിംപാലൻ • കാട്ടുനായ്ക്കർ • കൊച്ചുവേലൻ • കൊറഗർ • കുണ്ടുവടിയർ • കുറിച്യർ • കുറുമർ • ചിങ്ങത്താൻ • ചെറവർ • മലയരയൻ • മലക്കാരൻ • മലകുറവൻ • മലമലസർ • മലപ്പണ്ടാരം • മലപണിക്കർ • മലപ്പുലയർ • മലസർ • മലവേടർ • മലവേട്ടുവർ • മലയടിയർ • മലയാളർ • മലയർ • മണ്ണാൻ • മറാട്ടി • മാവിലർ • മുഡുഗർ • മുള്ളക്കുറുമർ • മുള്ളുവക്കുറുമൻ • മുതുവാൻ • നായാടി • പളിയർ • പണിയർ • പതിയർ • ഉരിഡവർ • ഊരാളിക്കുറുമർ • ഉള്ളാടർ • തച്ചനാടൻ മൂപ്പൻ • വിഴവർ • ചോലനായ്ക്കർ |