ശീഷ് മഹൽ (ലാഹോർ കോട്ട)
ശീഷ് മഹൽ | |
---|---|
شیش محل | |
അടിസ്ഥാന വിവരങ്ങൾ | |
തരം | കൊട്ടാരം |
വാസ്തുശൈലി | മുഗൾ വാസ്തുവിദ്യ |
സ്ഥാനം | ലാഹോർ, പഞ്ചാബ് Pakistan |
നിർദ്ദേശാങ്കം | 31°35′23″N 74°18′47″E / 31.589827°N 74.313165°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1631 |
പദ്ധതി അവസാനിച്ച ദിവസം | 1632 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ആസിഫ് ഖാൻ |
പാകിസ്താനിലെ ലാഹോർ കോട്ടയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് ശീഷ് മഹൽ (ഉർദു: شیش محل). കോട്ടയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഷാബുർജ് ബ്ലോക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായി ആയിരക്കണക്കിനു ദർപ്പണങ്ങൾ പതിപ്പിച്ച മതിലുകളും മേൽക്കൂരയുമാണ് ഈ കൊട്ടാരത്തിലെ പ്രധാന ആകർഷണം. പിയത്ര ദുരെ ശൈലിയിൽ വിലപിടിപ്പേറിയ രത്നക്കല്ലുകളും വെളുത്ത മാർബിളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ കൊട്ടാരത്തെ 'സ്ഫടിക കൊട്ടാരം' (Palace of Mirrors) എന്നും വിളിക്കാറുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ 1631-32 കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. മുഗൾ ഭരണാധികാരികൾ ലാഹോർ കോട്ടയിൽ നിർമ്മിച്ച 21 നിർമ്മിതികളിൽ ഉൾപ്പെടുന്ന ഈ കൊട്ടാരത്തെ 'ലാഹോർ കോട്ടയുടെ കിരീടത്തിലെ രത്നം' എന്നുവിശേഷിപ്പിക്കാറുണ്ട്.[1] ലാഹോർ കോട്ടയിലെ ശീഷ് മഹൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങളെ 1981-ൽ യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
വാക്കിന്റെ ഉത്ഭവം
[തിരുത്തുക]'ശീഷ് മഹൽ' എന്ന വാക്കിന് ഉർദ്ദു ഭാഷയിൽ 'സ്ഫടികങ്ങളുടെ കൊട്ടാരം' എന്നാണർത്ഥം.[2] ദർപ്പണങ്ങളും വെളുത്ത മാർബിളുകളും നിറഞ്ഞ ഭിത്തിയും മേൽക്കൂരയും ഈ കെട്ടിടത്തെ ഒരു സ്ഫടിക കൊട്ടാരമാക്കിത്തീർക്കുന്നു.[3] ആഗ്ര കോട്ടയിലും ആംബർ കോട്ടയിലും ശീഷ് മഹൽ പോലുള്ള നിർമ്മിതികളുണ്ട്.
ചരിത്രം
[തിരുത്തുക]മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ 1556-ൽ ലാഹോർ കോട്ട പണികഴിപ്പിച്ചു.[4] അദ്ദഹത്തിനു ശേഷം വന്ന മുഗൾ ഭരണാധികാരികൾ ഇവിടെ കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചു. വിലപിടിപ്പേറിയ മാർബിളുകളും മറ്റും ഉപയോഗിച്ച് ലാഹോർ കോട്ടയെ സമ്പന്നമാക്കിയത് ഷാജഹാനായിരുന്നു.[5] അദ്ദേഹം ഇവിടെ ദിവാൻ-ഇ-ഖാസ്, മോത്തി മസ്ജിദ്, നൗലാഘാ പവിലിയൻ, ശീഷ് മഹൽ, വിശ്രമമുറികൾ എന്നിവ നിർമ്മിച്ചു. ജഹാംഗീറിന്റെ കാലത്തു നിർമ്മിക്കപ്പെട്ട ഷാ ബുർജ് ബ്ലോക്കാണ് ശീഷ് മഹൽ നിർമ്മിക്കുന്നതിനായി ഷാജഹാൻ തിരഞ്ഞെടുത്തത്. രാജാക്കന്മാരുടെ തന്ത്രപ്രധാനമായ യോഗങ്ങൾ നടന്നിരുന്ന ഈ കെട്ടിട സമുച്ചയത്തിൽ മന്ത്രിമാർ, രാജകുമാരന്മാർ എന്നിങ്ങനെ വളരെ കുറച്ചു പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.[6] 1628 മുതൽ 1634 വരെ ഷാജഹാൻ ലാഹോർ കോട്ടയിൽ ധാരാളം മന്ദിരങ്ങൾ നിർമ്മിച്ചു. വിലപിടിപ്പേറിയ വെളുത്ത മാർബിളുകൾ ഉപയോഗിച്ചുള്ള നിർമ്മിതികൾക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയിരുന്നത്. മുഗൾ ഭരണശേഷം അധികാരത്തിൽ വന്ന സിഖ് ഭരണാധികാരികളും ലാഹോർ കോട്ടയിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സിഖ് ഭരണാധികാരിയായിരുന്ന രാജാ രഞ്ജിത് സിങ്ങിന്റെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായിരുന്നു ശീഷ് മഹൽ. ഇതിനോടു ചേർന്ന് അന്തഃപുരത്തിലെ സ്ത്രീകൾക്കു താമസിക്കുന്നതിനായി ഒരു മുറി അദ്ദേഹം നിർമ്മിച്ചിരുന്നു.[4] പ്രശസ്തമായ കോഹിനൂർ രത്നം സൂക്ഷിച്ചിരുന്നതും ശീഷ് മഹലിലായിരുന്നു.[7]
ഘടന
[തിരുത്തുക]അർദ്ധ അഷ്ടഭുജാകൃതിയിലാണ് ശീഷ് മഹൽ നിർമ്മിച്ചിരിക്കുന്നത്. പ്രധാന ഭാഗത്ത് മാർബിൾ കൊണ്ടു നിർമ്മിച്ച അഞ്ചു കമാനങ്ങളുണ്ട്. ഇവ ഓരോന്നും രണ്ടു തുണുകളിലായി നിർത്തിയിരിക്കുന്നു. ദർപ്പണങ്ങളും രത്നക്കല്ലുകളും വെളുത്ത മാർബിളുകളും കൊണ്ട് കൊട്ടാരമാകെ അലങ്കരിച്ചിരിക്കുന്നു. തിളക്കമുള്ള വസ്തുക്കൾ പ്രത്യേക ജ്യാമിതീയ രൂപത്തിൽ അലങ്കരിച്ചിരുന്ന ഇന്തോ - പേർഷ്യൻ കലാരീതിയായ പിയത്ര ദുരെ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.[8][9] കോൺവെക്സ് ദർപ്പണം ഉൾപ്പെടെ ആയിരക്കണക്കിനു ദർപ്പണങ്ങളും മൊസൈക്ക് ശകലങ്ങളും പതിപ്പിച്ച ഭിത്തിയാണ് ഇവിടെയുള്ളത്. ദർപ്പണങ്ങളുടെയും മാർബിളുകളുടെയും സാന്നിദ്ധ്യം മൂലം കൊട്ടാരമാകെ പ്രകാശ പൂരിതമായി കാണപ്പെടുന്നു. ശീഷ് മഹലിന്റെ മേൽക്കൂരയിൽ ആദ്യകാലത്ത് ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. ഇവ പിന്നീട് മാറ്റുകയും വിവിധ വർണ്ണങ്ങളിലുള്ള മൊസൈക്ക് സ്ഥാപിക്കുകയും ചെയ്തു.[1]
സംരക്ഷണം
[തിരുത്തുക]മുഗളൻമാർക്കു ശേഷം സിഖുകാരും ബ്രിട്ടീഷുകാരും ശീഷ് മഹൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സംരക്ഷിച്ചുവന്നു. 1904-05 കാലഘട്ടത്തിൽ ഇവിടുത്തെ മേൽക്കൂരയുടെ ചില ഭാഗങ്ങൾ അടർന്നു വീണു. 1927-ൽ ബ്രിട്ടീഷ് പുരാവസ്തു വകുപ്പ് കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ചു. 1960-കളിലും കൊട്ടാരത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നു.[10] 1975-ൽ പാകിസ്താൻ ഭരണകൂടം ശീഷ് മഹലിനെ ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 1981-ൽ ശീഷ് മഹൽ ഉൾപ്പെടെ ലാഹോർ കോട്ടയിലെ എല്ലാ കെട്ടിടങ്ങളും യുനെസ്കോ ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തി. 2006-ലാണ് ഇവിടെ അവസാനമായി അറ്റകുറ്റപ്പണികൾ നടന്നത്.[11]
ചിത്രശാല
[തിരുത്തുക]-
A view of the Sheesh Mahal's façade
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Khan, Shehar Bano (2004) Wither heritage? Dawn. 11 July. Retrieved 22 April 2008
- ↑ Haider (1978)
- ↑ Shish Mahal, Lahore Archived 2012-12-04 at the Wayback Machine.. British Library. Asia, Pacific and Africa Collections. Retrieved 21 April 2008
- ↑ 4.0 4.1 Chaudhry (1998)
- ↑ Koch (1991), p. 114
- ↑ Koch (1997), p. 151
- ↑ Lal (1876)
- ↑ Lahore Fort Complex: Shish Mahal Archived 2010-12-14 at the Wayback Machine.. Retrieved 21 April 2008
- ↑ Dogar (1995)
- ↑ Khan (1997)
- ↑ Cultural week opens at Fort. Dawn. 16 August 2006. Retrieved 22 April 2008
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Asher, Catherine E G (1992) Architecture of Mughal India. Cambridge University Press. ISBN 0-521-26728-5
- Chaudhry, Nazir Ahmed (1998) Lahore: Glimpses of a Glorious Heritage. Sang-e-Meel Publications. ISBN 969-35-0944-7
- Dogar, Muhammad Aasim (1995) Splendour of Lahore Fort. Ilm Dost Publishers.
- Haider, Zulqarnain (1978) Pietra Dura Decorations of Naulakha at Lahore Fort. (Mujallah-e-Taḥqĭq, Kullīyah-e-ʻUlūm-e-Islāmiyah va Adabiyāt-e-Sharqiyah). Faculty of Islamic and Oriental Learning University of the Punjab.
- Khan, Ahmed Nabi (1997) Studies in Islamic Archaeology of Pakistan. Sang-e-Meel Publications
- Koch, Ebba (1991). Mughal Architecture: An Outline of Its History and Development, 1526-1858. Prestel. ISBN 3-7913-1070-4
- Koch, Ebba (1997) Mughal Palace Gardens from Babur to Shah Jahan (1526-1648). Muqarnas, Vol. 14, pp. 143–165.
- Lal, Kanhaiya (1876). Rai Bahadur. Zafar Nzmah-i-Ranjit Singh, Ranjit Namah. Mustafaee Press. Lahore
പുറംകണ്ണികൾ
[തിരുത്തുക]- Sheesh Mahal on Wikimapia
- Sheesh Mahal Archived 2010-12-14 at the Wayback Machine. at ArchNet
- Asian Historical Architecture: Lahore Fort