Jump to content

കണ്ടൽക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mangrove എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ടൽക്കാട്

അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ്‌ കണ്ടൽക്കാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ്‌ സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു.[1] ഇന്ത്യയിൽ 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത്‌ ഇവ കാണപ്പെടുന്നുണ്ടെന്നാണ്‌ കണക്ക്‌. അധികവും ആന്തമാൻ നിക്കോബാർ ദീപുകളുടെ കിഴക്കൻതീരങ്ങളിലാണ്‌. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ.[2] ഉഷ്ണ മേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി കാർബൺ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടൽക്കാടുകൾക്കുണ്ട്. അതുവഴി അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അതോടൊപ്പം ഇവ ധാരാളം ഓക്‌സിജനും പുറത്ത് വിടുന്നു. വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും, പക്ഷികൾക്ക് കൂടുകൂട്ടാനും ഈ പ്രദേശങ്ങളാണ് അഭികാമ്യം. മാത്രമല്ല, പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനും ഇവക്ക് അത്ഭുതകരമായ ശേഷിയുണ്ട്. ജലാശയങ്ങൾക്ക് സമീപം കണ്ടൽ ചെടികൾ നട്ടു വളർത്തുക, കണ്ടൽക്കാടുകൾ സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിന് ഫലപ്രദമായ ഒരു മാർഗം. കേരളത്തിൽ കല്ലേൻ പൊക്കുടൻ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച ഒരു പരിസ്ഥിതി പ്രവർത്തകനാണ്. ഇത്തരം കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കി മാറ്റിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് പശ്ചിമബംഗാൾ. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്‌.[അവലംബം ആവശ്യമാണ്]

മുള വന്ന പ്രാന്തൻ കണ്ടൽ വിത്തുകൾ

വിതരണം

[തിരുത്തുക]
2000 -ൽ ലോകത്തെ കണ്ടൽവനങ്ങളുടെ വിതരണം കാണിക്കുന്ന മാപ്പ്

80 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ഷം ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഭൂമിശാസ്ത്രപരമായി കണ്ടൽക്കാടുകൾ രണ്ട് മേഖലകളിലായാണ്‌ കാണപ്പെടുന്നത്. ഇന്ത്യയുൾപ്പടെയുള്ള ഇന്തോ പസിഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറൻ ആഫ്രിക്കൻ തീരങ്ങൾ ഉൾപ്പെടുന്ന ആഫ്രോ അമേരിക്കൻ മേഖലയും.[1] ഇന്ത്യയിൽ ഏതാണ്ട് 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഇതിൽ 88 ശതമാനവും ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെയുള്ള കിഴക്കൻ തീരപ്രദേശത്താണ്‌. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ. പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലർന്ന വെള്ളത്തിൽ വളരുന്ന ഇത്തരം ചെടികൾ ഓരുവെള്ളത്തിൽ വളരാനാവശ്യമായ പ്രത്യേകതകൾ ഉള്ളവയാണ്‌. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതാമായും ഇവ കാണപ്പെടുന്നു. വലിയ തിരമാലകളില്ലാത്ത ഇവിടങ്ങളിൽ നദികളിൽ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലിൽ നിന്നും വേലിയേറ്റത്തിൽ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു. എല്ലാ നീർക്കെട്ടുകളിലും കണ്ടലുകൾ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിൻറെ അംശം ഉള്ളതുമായ ജലത്തിലാണ്‌ സാധാരണ കാണപ്പെടുന്നത്‌. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങൾ മറ്റൊരനുകൂല ഘടകമാണ്.[3]

ശ്വസന വേരുകൾ

അവയിൽ ചിലയിനങ്ങളുടെ പ്രത്യേകത ശിഖരങ്ങളിൽ നിന്നും താഴേക്കു വളർന്ന് മണ്ണിൽ താണിറങ്ങുന്ന താങ്ങുവേരുകൾ ആണ്‌. . വേലിയേറ്റ-ഇറക്കങ്ങളിൽ മണ്ണിൽ പിടിച്ചുനിൽക്കാൻ താങ്ങുവേരുകൾ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാൻ കണ്ടൽകാടുകൾക്ക്‌ കഴിവുണ്ട്‌. സുനാമിയെ നേരിടാനും കണ്ടൽമരങ്ങൾ പ്രാപ്തരാണ്.[4] കണ്ടൽമരങ്ങൾ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നിൽക്കുന്നതിനാൽ വേരുകൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. അതിനാൽ മണ്ണിനടിയിലെ വേരുകളിൽ നിന്നും സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുത്തുപയോഗിക്കാൻ പര്യാപ്തമാണ്. സൂചിവേരുകളിൽ ധാരാളം വായു അറകളുണ്ട്. അറകൾ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകൾക്ക് തങ്ങൾക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും.

വിവരണം

[തിരുത്തുക]

പ്രത്യുത്പാദനം

[തിരുത്തുക]

മാതൃസസ്യങ്ങളിലായിരിക്കുമ്പോൾ തന്നെ വിത്തുകൾ മുളക്കുന്നു. താഴോട്ടു വളരുന്നതിനാൽ കുഞ്ഞു സസ്യങ്ങളുടെ ഭാരം വർദ്ധിക്കുകയും ഭൂഗുരുത്വം മൂലം തനിയേ വേർപെട്ട് ചെളിയിലും മറ്റും വീണുറക്കുകയും സ്വതന്ത്രമായ് വളരാൻ തുടങ്ങുകയും ചെയ്യുന്നു.

കണ്ടൽ സസ്യങ്ങളുടെ വർഗീകരണം

[തിരുത്തുക]

പ്രധാന ഇനങ്ങൾ അഥവ ശുദ്ധ കണ്ടലുകൾ (True mangroves)

[തിരുത്തുക]
True mangroves (major components or strict mangroves)
Following Tomlinson, 2016, the following 35 species are the true mangroves, contained in 5 families and 9 genera[5]:29–30
Included on green backgrounds are annotations about the genera made by Tomlinson
Family Genus Mangrove species Common name
Arecaceae Monotypic subfamily within the family
Nypa Nypa fruticans Mangrove palm
Avicenniaceae
(disputed)
Old monogeneric family, now subsumed in Acanthaceae, but clearly isolated
Avicennia Avicennia alba
Avicennia balanophora
Avicennia bicolor
Avicennia integra
ചെറിയ ഉപ്പട്ടി grey mangrove
(subspecies: australasica,
eucalyptifolia, rumphiana)
ഉപ്പട്ടി Indian mangrove
Avicennia germinans black mangrove
Avicennia schaueriana
Avicennia tonduzii
Combretaceae Tribe Lagunculariae (including Macropteranthes = non-mangrove)
Laguncularia Laguncularia racemosa white mangrove
Lumnitzera കടക്കണ്ടൽ white-flowered black mangrove
Lumnitzera littorea
Rhizophoraceae Rhizophoraceae collectively form the tribe Rhizophorae, a monotypic group, within the otherwise terrestrial family
Bruguiera കുറ്റിക്കണ്ടൽ
Bruguiera exaristata rib-fruited mangrove
സുന്ദരിക്കണ്ടൽ oriental mangrove
Bruguiera hainesii
Bruguiera parviflora
സ്വർണ്ണക്കണ്ടൽ upriver orange mangrove
Ceriops Ceriops australis yellow mangrove
മഞ്ഞക്കണ്ടൽ spurred mangrove
Kandelia എഴുത്താണിക്കണ്ടൽ
Kandelia obovata
Rhizophora വള്ളിക്കണ്ടൽ
Rhizophora harrisonii
Rhizophora mangle red mangrove
ഭ്രാന്തൻ കണ്ടൽ Asiatic mangrove
Rhizophora racemosa
Rhizophora samoensis Samoan mangrove
Rhizophora stylosa spotted mangrove,
Rhizophora x lamarckii
Lythraceae Sonneratia നക്ഷത്രക്കണ്ടൽ
Sonneratia apetala
ചക്കരക്കണ്ടൽ
Sonneratia ovata
Sonneratia griffithii

ഉപ വർഗങ്ങൾ (Minor components)

[തിരുത്തുക]
Minor components
Tomlinson, 2016, lists about 19 species as minor mangrove components, contained in 10 families and 11 genera[5]:29–30
Included on green backgrounds are annotations about the genera made by Tomlinson
Family Genus Species Common name
Euphorbiaceae This genus includes about 35 non-mangrove taxa
Excoecaria കടപ്പാല milky mangrove, blind-your-eye mangrove and river poison tree
Lythraceae Genus distinct in the family
Pemphis Pemphis acidula bantigue or mentigi
Malvaceae Formerly in Bombacaceae, now an isolated genus in subfamily Bombacoideeae
Camptostemon Camptostemon schultzii kapok mangrove
Camptostemon philippinense
Meliaceae Genus of 3 species, one non-mangrove, forms tribe Xylocarpaeae with Carapa, a non–mangrove
Xylocarpus Xylocarpus granatum
Xylocarpus moluccensis
Myrtaceae An isolated genus in the family
Osbornia Osbornia octodonta mangrove myrtle
Pellicieraceae Monotypic genus and family of uncertain phylogenetic position
Pelliciera Pelliciera rhizophorae, tea mangrove
Plumbaginaceae Isolated genus, at times segregated as family Aegialitidaceae
Aegialitis Aegialitis annulata club mangrove
Aegialitis rotundifolia
Primulaceae Formerly an isolated genus in Myrsinaceae
Aegiceras പൂക്കണ്ടൽ black mangrove, river mangrove or khalsi
Aegiceras floridum
Pteridaceae A fern somewhat isolated in its family
Acrostichum മച്ചിത്തോൽ golden leather fern, swamp fern or mangrove fern
Acrostichum speciosum mangrove fern
Rubiaceae A genus isolated in the family
Scyphiphora Scyphiphora hydrophylacea nilad

കണ്ടലിതര ജൈവജാലങ്ങൾ

[തിരുത്തുക]

കണ്ടൽ വനങ്ങൾ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടൽ കാടുകളിൽ പ്രധാനമായും 3 സസ്യങ്ങളേയും കാണാം. ചൂരൽ (Calamus rotang), പൂക്കൈത ( Pandanus canaranus), ഒതളം (Cerbera Manghas[6]/odollum) എന്നിവയാണവ. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയൻ ചെടികളും ഈ കാടിനുള്ളിൽ സാധാരണമാണ്. നീർനായ്ക്കളും, വിവിധയിനം ഉരഗങ്ങളും കണ്ടൽകാടുകളിൽ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവർഗ്ഗത്തിൽ പെടുന്ന പക്ഷികളിൽ മിക്കതും പ്രജനനത്തിനായി കണ്ടൽവനങ്ങളെ തിരഞ്ഞെടുക്കുന്നു. നീർപക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പൻ, കണ്ടിയപ്പൻ കൊക്ക്, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടൽക്കാടുകളിൽ സ്ഥിരമായി കാണാം. നീർക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് എന്നിവ കണ്ടൽക്കാടുകളിലാണ് കൂട്ടമായ് ചേക്കയേറുന്നതും, കൂടുകെട്ടി അടയിരിക്കുന്നതും.

കണ്ടൽകാടുകളുടെ വേരുകൾക്കിടയിൽ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. കണ്ടൽമരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടൺ) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടൽമരങ്ങളുടെ വേരുകൾ ഒഴുക്കിൽനിന്നും മറ്റുജീവികളുടെ ആക്രമണങ്ങളിൽ നിന്നും ചെറുജീവികളെ കാത്തുസൂക്ഷിക്കുന്നു.

ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ. മറ്റൊന്ന്‌ ഉഷ്ണമേഖലാ മഴക്കാടുകളാണ്‌. ജീവോൽപാദനത്തിന്‌ ഇവ രണ്ടും മുഖ്യപങ്കുവഹിക്കുന്നുണ്ട്‌. കണ്ടൽവനങ്ങളിലൂടെയുള്ള ചെളിപ്പരപ്പുകളിലൂടെ ഒരോ ചതുരശ്ര മീറ്ററിന്‌ 20ഗ്രാം നൈട്രജൻ ലഭിക്കും. അതായത്‌ ഹെക്ടർ ഒന്നിന്‌ 1250 കി.ഗ്രാം മാംസ്യം ഈ സൂക്ഷ്മസസ്യതലത്തിലൂടെ ശേഖരിക്കുന്നു. മാത്രമല്ല, ഈ ഊർജ്ജപ്രവാഹം സമീപസ്ഥ തീരക്കടലിലേക്ക്‌ എത്തിക്കുവാനും കാരണമാകുന്നു. അന്തർദേശീയ സമുദ്രോൽപാദന വിപണിയിൽ ഇഷ്ടപ്പെട്ട ഇനമായ പിനയിഡ്‌ വർഗ്ഗത്തിൽപെടുന്ന ചെമ്മീനുകളുടെ വിളനിലമാണ്‌ കേരളത്തിലെ തീരദേശം. ഇവ മുട്ടയിടുന്നത്‌ സമുദ്രത്തിലാണെങ്കിലും വേലിയേറ്റത്തിന്റെ ഫലമായി മുട്ടവിരിഞ്ഞശേഷം കുഞ്ഞുങ്ങൾ കണ്ടൽക്കാടുകളുടെ അഴിമുഖത്തും കായൽപരപ്പിലും വന്നെത്തുന്നു. അവിടത്തെ പരിസ്ഥിതി ഇവക്കനുകൂലമായതിനാൽ യൗവനാരംഭം വരെ അവ അവിടെ കഴിയുകയും പ്രജനനത്തിനായി വീണ്ടും കടലിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു.[2]

ഇന്ത്യയിലെ കണ്ടൽകാടുകൾ

[തിരുത്തുക]
കുറ്റിക്കണ്ടലിന്റെ പൂവും കായയും

ഇന്ത്യയിൽ അടുത്തകാലത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ഏതാണ്ട് 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്നാണ്‌ കണക്കാക്കിയത്. ഇതിൽ കൂടുതലും ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ്‌. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ.[7] ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.[7] ആന്തമാൻ നിക്കോബാർ ദ്വീപുകൾ,‌ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടൽകാടുകൾ ധാരാളമായി കാണുന്നു.[8] 59 ഇനങ്ങളിലുള്ള കണ്ടലുകൾ ഇന്ത്യയിൽ കാണപ്പെടുന്നു. കേരളത്തിൽ 18 ഓളം വിവിധ ഇനങ്ങൾ ഉണ്ട്. സുനാമി കേരളത്തിലും തമിഴ് നാട്ടിലും കടൽത്തീരങ്ങളിൽ ആഞ്ഞടിച്ചപ്പോൾ തമിഴ്‌നാട്ടിലെ പിച്ചാവാരത്ത്‌ അതിനെ തടഞ്ഞുനിർത്തിയത്‌ കണ്ടൽ വൃക്ഷങ്ങളായിരുന്നുവെന്നത്‌ കണ്ടലിന്റെ പ്രാധാന്യം ലോകം അറിയാനിടയാക്കി.

കേരളത്തിലെ കണ്ടൽകാടുകൾ

[തിരുത്തുക]

40 വർഷം മുൻപ് വരെ കേരളത്തിൽ 700 ചത്രരശ്ര കിലോമീറ്ററിൽ കുറയാത്തത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു, എങ്കിലും ഇന്ന് ഏകദേശം 17 ച.കി.മീറ്ററിൽ താഴെയേ കണ്ടലുകൾ കാണപ്പെടുന്നുള്ളൂ എന്ന് കേരള വനം വകുപ്പ് പറയുന്നു. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം[9]

. 17-)ം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിലെ കണ്ടലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കാണുന്നത്‌. സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത്[10]. എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകളിലാണ്‌ കണ്ടൽകാടുകൾ കാണപ്പെടുന്നത്‌. കേരളത്തിൽ പതിനെട്ടിനം കണ്ടൽച്ചെടികൾ കണ്ടെത്തിയിട്ടുണ്ട്‌.

ഇന്ത്യയിൽ കണ്ടുവരുന്ന 59 ജാതി കണ്ടൽച്ചെടികളിൽ 14 എണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 ഓളം വരും.

ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങൾ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടൽകാടുകൾ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തിൽ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ്‌ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്.

ഹരിത തീരം

[തിരുത്തുക]

സുനാമിപോലെയുള്ളകടൽ ക്ഷോഭങ്ങളിൽ നിന്നും കടൽത്തീരത്തെ രക്ഷിക്കുവാൻ കണ്ടൽച്ചെടികളൂം കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരള വനം വകുപ്പിന്റെ പദ്ധതിയാണ്‌ ഹരിതതീരം.

ഓരോ ജില്ലയിലും കണ്ടൽ‌വനങ്ങളുടെ വിസ്തീർണ്ണം

[തിരുത്തുക]
ജില്ല വിസ്തീർണ്ണം
(ഹെക്റ്റർ)
തിരുവനന്തപുരം 23
കൊല്ലം 58
ആലപ്പുഴ 90
കോട്ടയം 80
എറണാകുളം 260
തൃശൂർ 21
മലപ്പുറം 12
കോഴിക്കോട് 293
കണ്ണൂർ 755
കാസർകോഡ് 79

മറ്റു രാജ്യങ്ങളിൽ

[തിരുത്തുക]

ഖത്തറിലെ കാലാവസ്ഥാ വ്യതിയാനം ഗണ്യമായി കുറക്കുന്നതിൽ കണ്ടൽക്കാടുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2006 ലെ അമീറിന്റെ ഉത്തരവ് പ്രകാരം രാജ്യത്തെ എട്ട് കണ്ടൽ കാടുകൾ സംരക്ഷിത പ്രദേശങ്ങളാണ്. എന്നാൽ ഇവിടെയെത്തുന്ന സന്ദർശകർ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ഇവയുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയ സാഹചര്യത്തിൽ ഖത്തറിലെ അൽഖോറിലും ദഖീറയിലുമുള്ള കണ്ടൽ കാടുകൾ സംരക്ഷിക്കാനായി ഒരു ദിവസം തന്നെ നൂറുകണക്കിന് വളണ്ടിയർമാർ മണ്ണിലിറങ്ങി. ഐ ലവ് ഖത്തർ എന്ന സന്നദ്ധ സംഘടനയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വാഹനങ്ങളുടെ ടയറുകളടക്കം ടൺ കണക്കിന് മാലിന്യങ്ങൾ കണ്ടലുകൾക്കിടയിൽ നിന്ന് നീക്കിയത്. ശുചീകരണ പ്രവൃത്തികളിൽ സ്വദേശികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും പങ്കാളികളായി. ശ്രീലങ്ക, അമേരിക്ക, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, കാമറൂൺ, ഇന്ത്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പെർ പങ്കെടുത്തു.

ഉപയോഗങ്ങൾ

[തിരുത്തുക]
ഉപ്പട്ടി കണ്ടലിന്റെ ഇലകളിൽകൂടി പുറത്തുവരുന്ന ഉപ്പുപരലുകൾ

നിരവധി ഉപയോഗങ്ങൾ കണ്ടൽക്കാടുകൾക്ക് ഉണ്ട്. അതിൽ പ്രധാനമായവ ജലശുദ്ധീകരണവും പാരിസ്ഥിതിക സംരക്ഷണവുമാണ്. കാറ്റിൽ നിന്നും വൻ തിരമാലകളിൽ നിന്നും കടൽ തീരങ്ങളെ രക്ഷിക്കാൻ ഇവക്ക് കഴിയും. മരു മരങങളേക്കാൾ കാർബ്ബൺ ഡൈ ഓക്സൈഡിന്റെ ശുദ്ധീകരണം 5 മടങ്ങു വരെ വരും. ചതുപ്പു നിലങ്ങളിലുള്ള വെള്ളത്തിൽ നിന്ന് ലവണവും വിഷാംശങ്ങളായ കാഡ്മിയം ഈയം എന്നിവ മാറ്റാനും ഇവക്ക് കഴിയും. ഒരു മികച്ച ആവാസ വ്യവസ്ഥയുണ്ടാക്കാൻ ഇവക്കു കഴിയുന്ന്നു. നിരവധി ഇഴജന്തുക്കളൂടേയും ചെറുമീനുകളൂടേയും ചെമ്മീനിന്റേയും വളർച്ചയെ ഇവ സഹായിക്കുന്നു.

മരുന്നിനായി വിവിധ രാജ്യങ്ങളിൽ കണ്ടലുകളെ ഉപയൊഗപ്പെടുഹ്ത്തുന്നു. ഇന്ത്യയിൽ ആയുർവേദഗ്രന്ഥങ്ങളിൽ കണ്ടൽ സസ്യങ്ങളെ ഉപയോഗപ്പെടുത്തിയതു വിവരിക്കുന്നു.

വിറകിനായും കണ്ടൽ സസ്യങ്ങളെ ഉപയോഗിക്കുന്നുൻട്. ചിലതരം നാരുകൾ ഉണ്ടാക്കാനും കരകൗശല വസ്തുക്കൾ, പലക എന്നിവ ഉണ്ടാക്കാനും ഇവ ഉപയോഗ്യമാണ്.

കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനം.

[തിരുത്തുക]

ജൂലൈ 26 ന് അന്താരാഷ്ട്ര കണ്ടൽ ആവാസവ്യവസ്ഥ സംരക്ഷണദിനമായി യുനെസ്കൊ (UNESCO) ആചരിക്കുന്നു. ഈ ദിനാചരണത്തിലൂടെ, കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ "അതുല്യവും സവിശേഷവും ദുർബലവുമായ ആവാസവ്യവസ്ഥ" എന്ന നിലയിലുള്ള അവബോധം വളർത്താനും അവയുടെ സുസ്ഥിരമായ പരിപാലനത്തിനും സംരക്ഷണത്തിനുമുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കാനും യുനെസ്കൊ ലക്ഷ്യമിടുന്നു.[11]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 ജാഫർ പാലോട്ട്; കണ്ടൽക്കാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ: പൊക്കുടന്റെ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന ഗ്രന്ഥത്തിൽ നിന്ന്. ഡി.സി. ബുക്സ്. കോട്ടയം.
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-16. Retrieved 2017-03-16.
  3. http://www.sirajlive.com/2015/07/14/188563.html
  4. Dr. Glen Barry (30 ഡിസംബർ 2004). "Mangrove Forests Reduce Impacts of Tsunamis" (in ഇംഗ്ലീഷ്). Forests.org. Archived from the original on 2010-11-05. Retrieved 2 ഫെബ്രുവരി 2009.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tomlinson2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. https://www.youtube.com/watch?v=lu1_sVjBZ5w
  7. 7.0 7.1 "The Sundarbans" (in ഇംഗ്ലീഷ്). Banglapedia. Archived from the original on 2019-01-06. Retrieved 01-01-2010. {{cite web}}: Check date values in: |accessdate= (help)
  8. www.mangroveindia.org
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-23. Retrieved 2017-03-16.
  10. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. Retrieved 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)
  11. "International Day for the Conservation of the Mangrove Ecosystem".
"https://ml.wikipedia.org/w/index.php?title=കണ്ടൽക്കാട്&oldid=4112534" എന്ന താളിൽനിന്ന് ശേഖരിച്ചത്